കരിമണൽ ഖനനത്തിന് പിന്നിലെ അഴിമതി അന്വേഷിക്കുക, ഖനനം നിർത്തിവയ്ക്കുക, കുറ്റവാളികളെ തുറുങ്കിലടയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജനകീയ പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി ഐഎംഎ ഹാളിൽ ചേർന്ന ജനകീയ കൺവൻഷൻ ജോസഫ് സി. മാത്യു ഉദ്ഘാടനം ചെയ്തു.
വികസനത്തിന്റെ മറവിൽ നടക്കുന്ന കരിമണൽ കൊള്ളയുടെ ദുരന്തഫലങ്ങൾ തലമുറകളായി അനുഭവിക്കുന്ന ജനങ്ങളോട് അങ്ങേയറ്റം വഞ്ചനാപരമായ നിലപാടാണ് അധികാരികൾ സ്വീകരിക്കുന്നതെന്നും പരിമിതമായ പ്രകൃതി വിഭവങ്ങൾ ഒരു നിയന്ത്രണവും കൂടാതെ കൊള്ളയടിക്കുന്ന ഇന്നത്തെ വികസന രീതി ചോദ്യം ചെയ്യപ്പെടേണ്ട ഒന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കരിമണൽ കൊള്ളക്കാരിൽനിന്നും മാസപ്പടിയും ആനുകൂല്യങ്ങളും കൈപ്പറ്റുന്ന നേതാക്കൾ തീരദേശ ജനതയെ ഇല്ലാതാക്കുന്നതിനുള്ള ചോരപ്പണമാണ് കൈപ്പറ്റുന്നതെന്ന് കൺവൻഷനിൽ വിഷയാവതരണം നടത്തിയ തീരദേശ സംരക്ഷണസമിതിയുടെയും സേവ് ആലപ്പാട് പ്രക്ഷോഭത്തിന്റെയും നേതാവ് കാർത്തിക് ശശി അഭിപ്രായപ്പെട്ടു.
ജനകീയ പ്രതിരോധ സമിതി കൊല്ലം ജില്ലാ പ്രസിഡന്റ് എ. ജെയിംസ് അധ്യക്ഷനായ കൺവൻഷനിൽ തീരദേശ സംരക്ഷണ സമിതി പ്രസിഡന്റ് കെ.സി.ശ്രീകുമാർ, കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി ആലപ്പുഴ വൈസ് ചെയർമാൻ ബി.ഭദ്രൻ, ഖനന വിരുദ്ധ സമിതി അയണിവേലികുളങ്ങര വൈസ് ചെയർമാൻ ജി.സന്തോഷ്കുമാർ, കെ റെയിൽ വിരുദ്ധ സമരസഹായ സമിതി കൊല്ലം ജില്ലാ ചെയർമാൻ രാമാനുജൻ തമ്പി, മത്സ്യത്തൊഴിലാളി പെൻഷനേഴ്സ് ഫോ റം പ്രസിഡന്റ് ചന്ദ്രദാസ്, ജനകീയ പ്രതിരോധ സമിതി ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് ബി.ദിലീപൻ, ആർ.അർജുനൻ, ട്വിങ്കിൾ പ്രഭാകരൻ, പി.പി.പ്രശാന്ത് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ബി. വിനോദ് സ്വാഗതവും ആർ. ജയകൃഷ്ണൻ നന്ദിയും പറഞ്ഞു.