വഞ്ചനാപരമായ ദേശീയ വിദ്യാഭ്യാസ നയം പൂർണമായും തള്ളിക്കളയുക : പ്രൊഫ. സച്ചിദാനന്ദ സിൻഹ

SEC-Raj-March-Kureeppuzha.jpeg
Share

ദേശീയ വിദ്യാഭ്യാസ നയത്തിന് എതിരായ പ്രക്ഷോഭത്തിന് പുതിയ മാനം കൈവന്ന ദിനമായിരുന്നു സെപ്റ്റംബർ 26. സേവ് എഡ്യൂക്കേഷൻ കമ്മിറ്റിയുടെ ആഹ്വാനം ഏറ്റെടുത്തുകൊണ്ട് അധ്യാപക സംഘടനകളും വിദ്യാർത്ഥി സംഘടനകളും സാംസ്‌കാരിക വ്യക്തിത്വങ്ങളും ഒന്നിച്ചണിനിരന്ന രാജ്ഭവൻ മാർച്ച് അന്നായിരുന്നു നടന്നത്. ഭാഷാദ്ധ്യാപക സംഘടനകളും ഗവേഷക മേഖലയിലെ വിദ്യാർത്ഥികളും സമരത്തിന്റെ ഭാഗമായി. ഭാരത നവോത്ഥാന പ്രസ്ഥാനത്തിന്റെ അഗ്രഗാമി ഈശ്വരചന്ദ്രവിദ്യാ സാഗർ ജന്മ വാർഷികദിനത്തിലാണ് വിദ്യാഭ്യാസത്തെ രക്ഷിക്കാൻ ആവശ്യപ്പെട്ട് ബഹുജനങ്ങൾതെരുവിൽ ഇറങ്ങിയത് എന്നതും ശ്രദ്ധേയമായി.
രാജ്ഭവൻ മാർച്ച്‌ പ്രമുഖ വിദ്യാഭ്യാസ ചിന്തകൻ പ്രൊഫ.സച്ചിദാനന്ദ സിൻഹ ഓഡിയോ സന്ദേശം വഴി ഉദ് ഘാടനം ചെയ്തു. പുതിയ ദേശീയവിദ്യാഭ്യാസ നയം വിപൽക്കരമാണെന്ന് പ്രൊഫ.സച്ചിദാനദ സിൻഹ പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ നല്ല വശങ്ങൾ മാത്രം തെരഞ്ഞെടുത്ത് നടപ്പിലാക്കാമെന്ന സംസ്ഥാന സർക്കാരുകളുടെ വാദം വഞ്ചനാപരമാണെന്നും സിൻഹ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസത്തെ സമ്പൂർണ്ണമായും ഇല്ലാതാക്കുന്നതിനുള്ള സമഗ്രമായ പദ്ധതിയാണ് എൻഇപി 2020. മധുരത്തിൽ പൊതിഞ്ഞ അപകടകരമായ ആശയങ്ങളാണ് എൻഇപി രേഖയിലുളളത്. ഈ നയം പൂർണമായും നിരാകരിക്കുകയെന്നതാണ് ഇന്നത്തെ ആവശ്യകത പ്രൊഫ. സച്ചിദാനന്ദ സിൻഹ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യപ്രസംഗം നടത്തി. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരായ വികാരമാണ് കേരളത്തിനുളളതെന്ന് കേരള ഗവർണർ കേന്ദ്ര സർക്കാരിനെ അറിയിക്കണമെന്ന് കുരീപ്പുഴ ശ്രീകുമാർ ആവശ്യപ്പെട്ടു. മിത്തും പുരാണങ്ങളും ചരിത്രവും ശാസ്ത്രവുമെന്ന പേരിൽ ഏറ്റെടുക്കാൻ കേരളം തയ്യാറല്ല. കേരളത്തിന്റെ വിദ്യാഭ്യാസ സംരക്ഷണ പോരാട്ടങ്ങളെ പ്രതിനിധീകരിച്ചു കൊണ്ട് രചിച്ച “സ്കൂൾ ബാർ” എന്ന കവിത അദ്ദേഹം ആലപിച്ചു.
ഡിസാസ്റ്റർ മാനേജ്മെന്റ് വിദഗ്ധ ഡോ. കെ.ജി.താര, പ്രൊഫ. വിശ്വമംഗലം സുന്ദരേശൻ, പ്രൊഫ. വിൻസന്റ് മാളിയേക്കൽ, ഡോ.ഡി.സുരേന്ദ്രനാഥ്, സേവ് എജുക്കേഷൻ കമ്മിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ഷാജർഖാൻ, ജി.നാരായണൻ, കെപിഎസ്‌ടിഎ മുൻ സംസ്ഥാന പ്രസിഡന്റ് സലാഹുദ്ദീൻ, കേരള അറബിക് മുൻഷി അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി തമീമുദ്ദീൻ, കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി സലാഹുദ്ദീൻ മാസ്റ്റർ, മുൻ കോളേജ് എജുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ.എം. ജ്യോതിരാജ്, കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ, എഐഡിഎസ്ഒ സംസ്ഥാന പ്രസിഡന്റ് ഡോ.എസ്.അലീന, കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി വൈസ് പ്രസിഡന്റ് എ.ജെയിംസ്, ഡിആർഎസ്ഒ അഖിലേന്ത്യ പ്രസിഡന്റ് അഖിൽ മുരളി, പാരലൽ കോളേജ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അശോക് കുമാർ, കേരള യുക്തിവാദി സംഘം ആലപ്പുഴ ജില്ലാ സെക്രട്ടറി എസ്.അഭിലാഷ്, എഐഡിവൈഒ സംസ്ഥാന പ്രസിഡന്റ് ഇ.വി.പ്രകാശ്, ടീച്ചേഴ്സ് യൂണിറ്റി സെന്റർ സംസ്ഥാന കൺവീനർ എം. എ.പുഷ്പ തുടങ്ങിയവർ പ്രസംഗിച്ചു. ഓൾ ഇന്ത്യാ സേവ് എജ്യുക്കേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ജോർജ്ജ് ജോസഫ് അധ്യക്ഷത വഹിച്ചു, സംസ്ഥാന സെക്രട്ടറി അഡ്വ.ഇ.എൻ.ശാന്തിരാജ് സ്വാഗതവും തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ സംരക്ഷണ സമിതി കൺവീനർ ഗോവിന്ദ് ശശി നന്ദിയും പറഞ്ഞു.

Share this post

scroll to top