ഇന്ത്യയിലെ കർഷക ജനസാമാന്യത്തെ അടിക്കടി ജീവിതപ്രതിസന്ധി സൃഷ്ടിച്ച് ആത്മഹത്യതിലേക്ക് തള്ളിവിട്ടുകൊണ്ടും, എതിർക്കുന്നവർക്കുനേരെ നിറയൊഴിച്ചുകൊണ്ടും കൊന്നൊടുക്കുന്ന ഭരണവർഗ്ഗ നയങ്ങൾക്കെതിരെ സങ്കുചിത കക്ഷിരാഷ്ട്രീയ-ജാതി-മത പരിഗണനകൾക്ക് അതീതമായി ശക്തമായ കർഷക പ്രതിരോധം കെട്ടിപ്പടുക്കണമെന്ന ആഹ്വാനവുമായി സംസ്ഥാന കർഷക സമ്മേളനം ഒക്‌ടോബർ 30ന് തൊടുപുഴയിൽ നടന്നു. വൻകിട കുത്തകകൾക്കുവേണ്ടി കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി നടപ്പാക്കുന്ന സാമ്പത്തികനയങ്ങളുടെ വക്താക്കളായ പാർലമെന്ററിപാർട്ടികളും അവരുടെ കർഷക സംഘടനകളും പ്രതിപക്ഷത്തായിരിക്കുമ്പോൾ കർഷകപ്രേമം കാട്ടുകയും ഭരണത്തിലേറുമ്പോൾ കർഷകരെ വിസ്മരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കർഷകരുടെ യഥാർത്ഥ സമരസംഘടനയ്ക്ക് രൂപം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം വിളിച്ചു ചേർത്തത്.
തൊടുപുഴ അർബൻ ബാങ്ക് ആഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞ കർഷക പങ്കാളിത്തത്തോടെ നടന്ന ആവേശകരമായ സമ്മേളനം, കർണ്ണാടകയിലെ പ്രമുഖ കർഷക നേതാവും സ്വതന്ത്ര എം.എൽ.എ യുമായ കെ.എസ്.പുട്ടണ്ണയ്യ ഉദ്ഘാടനം ചെയ്തു. നരേന്ദ്രമോദിസർക്കാർ സൈനികർക്ക് മധുരം നൽകി ദീപാവലി ആഘോഷിക്കുമ്പോൾ കർഷകർക്ക് വെടിയുണ്ടയാണ് നൽകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജയ് ജവാൻ ജയ് കിസാൻ എന്ന മുദ്രാവാക്യത്തിൽ നിന്നു മാത്രമല്ല രാജ്യത്തുനിന്നു തന്നെ കിസാനെ ഉന്മൂലനം ചെയ്യുന്ന സമീപനമാണ് കേന്ദ്രസർക്കാർ കൈക്കൊള്ളുന്നത്. ഈ സമീപനമാണ് ഓരോ 13 മിനിറ്റിലും ഒരു കർഷകൻ ആത്മഹത്യ ചെയ്യുന്ന സ്ഥിതി രാജ്യത്തു സൃഷ്ടിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെ കർഷകരോടൊപ്പം നിന്നു പോരാടാൻ കർണ്ണാടകത്തിലെയും രാജ്യത്തെയും കർഷകരുണ്ടാകുമെന്നും തന്റെ ആവേശകരമായ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. കെ.എസ്സ്.പുട്ടണ്ണയ്യ നയിക്കുന്ന കർഷക പ്രസ്ഥാനമായ കർണ്ണാടക രാജ്യ റായ്ത്ത സംഘത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.നാഗേന്ദ്രയും സമ്മേളനത്തിൽ പ്രസംഗിച്ചു. ജോർജ്ജ് മാത്യു കൊടുമൺ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ രാഷ്ട്രീയ പ്രമേയം വയനാട് ജില്ലാ കർഷക പ്രതിരോധ സമിതി സെക്രട്ടറി വി.കെ.സദാനന്ദനും സംഘടനാ പ്രമേയം എസ്.രാജീവനും അവതരിപ്പിച്ചു. തുടർന്ന് വയനാട് ജില്ലാ കർഷക പ്രതിരോധ സമിതി പ്രസിഡണ്ട് ഡോ.ഡി.സുരേന്ദ്രനാഥ്, അഡ്വ.അബ്ദു റഹ്മാൻ, പ്രൊഫ. ജോയ് മൈക്കിൾ, അഡ്വ ഷൈജൻ ജോസഫ്, അബ്ദുൾ അസീസ്, ഫ്രാൻസിസ് കളത്തുങ്കൽ, പ്രേംരാജ് ചെറുകര, വി.കെ.ഹംസമാസ്റ്റർ, സണ്ണി ചെറിയാൻ, ജയ്‌സൺ ജോസഫ്, പി.ആർ.സതീശൻ, എൻ.വിനോദ്കുമാർ. ദേവസ്യ പുറ്റനാൽ, സിബി സി. മാത്യു എന്നിവരും പ്രസംഗിച്ചു. സമ്മേളനം അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിൽ രാജ്യത്തെ കർഷകർ അഭിമുഖീകരിക്കുന്ന അടിസ്ഥാനപ്രശ്‌നങ്ങളെ സംബന്ധിച്ച് താഴെപ്പറയുംവിധം വിലയിരുത്തുകയുണ്ടായി.
ജീവിതപ്രതിസന്ധികൊണ്ട് ആത്മഹത്യ ചെയ്യുന്ന കർഷകരുടെ എണ്ണം ഏവരെയും ഞെട്ടിപ്പിക്കുംവിധം പെരുകുകയാണ്. മോദി സർക്കാറിന്റെ ആദ്യ രണ്ട് വർഷത്തിനിടയിൽതന്നെ കർഷക ആത്മഹത്യാനിരക്ക് 26% വർധിച്ചു. ആത്മഹത്യ ചെയ്ത കർഷകരെ ആത്മഹത്യാഹേതു മറ്റു പലതാണെന്ന് പറഞ്ഞ് മന്ത്രിമാർ അപമാനിക്കുകയാണ.് കടങ്ങൾ എഴുതിത്തള്ളണമെന്ന കർഷകരുടെ ആവശ്യത്തെ, രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി അപകടത്തിലാക്കുമെന്നും മോശം വായ്പാ സംസ്‌ക്കാരം വളർത്തുമെന്നും പറഞ്ഞാണ് ബി.ജെ.പി ധനകാര്യമന്ത്രി അരുൺ ജയ്റ്റ്‌ലി നിരാകരിച്ചത്. അതേസമയം, രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടമായ (ചജഅ) 6.8 ലക്ഷം കോടി രൂപയുടെ 70% വും അംബാനി-അദാനി-മല്യിയമാരായ കോർപ്പറേറ്റുകളുടേതാണെന്നും കർഷകരുടേത് 1% മാത്രമാണെന്നും പാർലമെന്റ് പബ്ലിക്ക് അക്കൗണ്ട് കമ്മിറ്റിയുടെ കണക്കുകളിൽ പറയുന്നു. മോദി സർക്കാരിന്റെ 3 സാമ്പത്തിക വർഷംകൊണ്ട് 1.91 ലക്ഷം കോടി രൂപയുടെ കോർപ്പറേറ്റ് കടങ്ങളാണ് എഴുതിത്തള്ളിയത്. ആരാണ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്നതെന്നും, ആരാണ് മോശം വായ്പാസംസ്‌ക്കാരം വളർത്തുന്നതെന്നും ഇതിൽനിന്നും വ്യക്തമാണ്.
കർഷകോല്പന്നങ്ങൾക്ക് ഉല്പാദനച്ചെലവിന്റെ പത്തിലൊന്നുപോലും വിലകിട്ടാത്ത അവസ്ഥയുണ്ടാകുന്നു. വിത്ത്, വളം, കീടനാശിനി, വൈദ്യുതി, ഉല്പാദനോപകരണങ്ങൾ തുടങ്ങിയവക്കെല്ലാം വില കുത്തനെ കയറുകയും ചെയ്യുന്നു. കോർപ്പറേറ്റ് ഫാമിംഗും കോൺട്രാക്റ്റ് ഫാമിംഗും പോലുള്ള കോർപ്പറേറ്റ് കൊള്ളയ്ക്ക് കർഷകർ വിധേയരാകുന്നു. ജീവിക്കാൻ ഗതിയില്ലാതായ കർഷകർ സ്വന്തം ഭൂമിയിൽ കൂത്തകകളുടെ കൂലിപ്പണിക്കാരായി ജോലി ചെയ്യേണ്ടി വരുന്നു. ലക്ഷക്കണക്കിന് കർഷകരാണ് കടുംബം പോറ്റാൻ മറ്റു സംസ്ഥാനങ്ങളിലേക്കും നഗരങ്ങളിലേക്കും കുടിയേറുന്നത്. നോട്ട് നിരോധനമെന്ന കാർപ്പറ്റ് ബോംബിംഗും ജി.എസ്.ടി യെന്ന നികുതിക്കുരുക്കും നടപ്പാക്കിയതോടെ രാജ്യത്തെ കർഷകരുടെയും കർഷകതൊഴിലാളികളുടെയും ജീവിതം എരിപിരി കൊള്ളുകയാണ്. രാഷ്ട്രീ പ്രമേയം ചൂണ്ടിക്കാട്ടി.
സ്വതന്ത്ര ഭാരതത്തിലെ കർഷകർ നേരിട്ട അതീവ ഗുരുതരമായ പ്രതിസന്ധിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ കർഷകർ പോരാട്ടത്തിന്റെ പാതയിലാണ്. വെടിയുണ്ടകളെ നേരിട്ടുകൊണ്ടും കർഷകർ രാപ്പകൽ തെരുവിൽതന്നെ നിന്ന് പൊരുതുകയാണ്. ദേശീയതലത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങളോട് ഐക്യപ്പെട്ടുകൊണ്ട് കേരളത്തിൽ കർഷക മുന്നറ്റം സംഘടിപ്പിക്കുക എന്ന ലക്ഷ്യം നിറവേറ്റാനായി കർഷക പ്രതിരോധ സമിതി എന്ന സംഘടന രൂപീകരിക്കാൻ സമ്മേളനം അംഗീകരിച്ച സംഘടനാപ്രമേയം കർഷകരോട് ആഹ്വാനം ചെയ്തു. കർഷകപക്ഷത്തുനിന്ന് നുറ് ശതമാനം ആത്മാർത്ഥമായും കൃത്യമായ ദിശാബോധത്തോടെയും പ്രവർത്തിക്കുന്ന ഒന്നായി കർഷക പ്രതിരോധ സമിതിയെ സംഘടിപ്പിക്കാൻ സമ്മേളനം ഏകകണ്ഠമായി തീരമാനിച്ചു. കർഷകമുന്നേറ്റങ്ങൾക്ക് പുതിയ തിരികൊളുത്തിയ തീരുമാനത്തെ പ്രതിനിധികൾ ആവേശപൂർവ്വം സ്വീകരിച്ചു.
കർഷക പ്രതിരോധ സമിതിയുടെ രക്ഷാധികാരികളായി ഡോ. ഡി. സുരേന്ദ്രനാഥ്, അഡ്വ. അബ്ദുറഹ്മാൻ, ജയ്‌സൺ ജോസഫ്, വി. കെ. ഹംസ മാസ്റ്റർ, അഡ്വ. ഷൈജൻ ജോസഫ്, സി. എ. ഫെലിക്‌സ് എന്നിവരെയും സംസ്ഥാന പ്രസിഡണ്ടായി ജോർജ്ജ് മാത്യു കൊടുമണ്ണിനെയും വൈസ് പ്രസിഡണ്ടുമാരായി സണ്ണി ചെറിയാൻ, എസ്. രാജീവൻ, വി. കെ. സദാനന്ദൻ, ടോമി വടക്കുഞ്ചേരി എന്നിവരെയും സംസ്ഥാന സെക്രട്ടറിയായി എൻ. വിനോദ്കുമാറിനെയും സമ്മേളനം തെരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറിമാരായി പ്രേംരാജ് ചെറുകര, ദേവസ്യാ പുറ്റനാൽ, പി. ആർ. സതീശൻ, കെ.പി.വിജയൻ എന്നിവരെയും ട്രഷററായി പി.എം.ദിനേശനെയും തെരഞ്ഞെടുത്തു. ഇതര സംസ്ഥാന കമ്മിറ്റി അംഗങ്ങൾ: അനൂപ് ജോൺ(കണ്ണൂർ), എ.ശേഖർ(കോഴിക്കോട്), ബി.ഇമാമുദ്ദീൻ (വയനാട്), അബ്ദുൾ അസീസ് (പാലക്കാട്), ഫ്രാൻസിസ് കളത്തുങ്കൽ, പി.സി.ജോളി (എറണാകുളം), മാത്യു തോമസ്, സെബാസ്റ്റ്യൻ എബ്രഹാം, ജോസഫ് പി.എം, രാജു കൊന്നാനാൽ, സിബി സി.മാത്യു (ഇടുക്കി), കെ.എം.പൊന്നപ്പൻ(ആലപ്പുഴ), എ.ജി.അജയകുമാർ(കോട്ടയം), ജി,ധ്രുവകുമാർ(കൊല്ലം).