2017 ജൂലൈ 1 അർദ്ധരാത്രി നടന്ന നാടകീയമായ ചടങ്ങിൽവച്ച് ചരക്ക് സേവനനികുതിയുടെ പ്രഖ്യാപനം നടന്നു. നികുതി സമ്പ്രദായമാകെ ഉടച്ചുവാർക്കുന്നു എന്ന അവകാശവാദവുമായി നടപ്പിലാക്കുന്ന ഈ പദ്ധതിയെ ‘സത്യസന്ധതയുടെ ആഘോഷം’ എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ”നികുതി പരിഷ്ക്കരണമെന്നതിനപ്പുറത്തേയ്ക്ക് ഇതിന്റെ സാദ്ധ്യത വിപുലപ്പെടുത്തിക്കൊണ്ട്, അഴിമതിക്കും ദാരിദ്ര്യത്തിനുമെതിരായ സംഘടിത പ്രവർത്തനത്തിന്റെ ഉപാധിയാക്കും” ജിഎസ്ടിയെ എന്നാണ് ഗവൺമെന്റ് പറയുന്നത്. ഇന്ത്യയെ ഒരൊറ്റ കമ്പോളമാക്കി മാറ്റും, നികുതിക്കുമേലുള്ള നികുതി തടയും, ചരക്കുകളുടെയും സേവനങ്ങളുടെയും വിലകുറയും, ബിസിനസ്സ് വർദ്ധിപ്പിക്കും, രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോൽപ്പാദനം കുതിച്ചുയരും എന്നൊക്കെയാണ് ഇതേക്കുറിച്ച് കേന്ദ്ര ധനകാര്യമന്ത്രി പറഞ്ഞത് എന്നോർക്കുമല്ലോ.
ഈ പതിവ് പല്ലവികളും മധുരംപൊതിഞ്ഞ വാക്കുകളും സാരോപദേശങ്ങളുമൊക്കെ വിശ്വസിച്ച്, ജനജീവതം ദുസ്സഹമാക്കുന്ന മുതലാളിത്ത വ്യവസ്ഥയിൽനിന്ന് അടർത്തിമാറ്റി കാര്യങ്ങളെ വീക്ഷിക്കുകയാണെങ്കിൽ, ജീർണ്ണിച്ച ആ വ്യവസ്ഥയുടെ സംരക്ഷകരുടെ യഥാർത്ഥ ഉദ്ദേശമെന്തെന്ന് ഒരിക്കലും മനസ്സിലാകുകയില്ല. സാമ്പത്തിക ഉദാരവൽക്കരണം, മൂല്യവർദ്ധിതനികുതി, നോട്ട് പിൻവലിക്കൽ, ചരക്ക്-സേവനനികുതി തുടങ്ങിയ സാമ്പത്തികാക്രമങ്ങളുടെ മൂടുപടം മാറ്റി, പിന്നിലുള്ള ഹീന ലക്ഷ്യങ്ങൾ കണ്ടെത്തുക എന്നതാണ് ചെയ്യേണ്ടത്. അത് കണ്ടെത്താനായാൽ, എന്തുകൊണ്ടാണ് ബൂർഷ്വാഭരണാധികാരികളും അവരുടെ ചെരുപ്പുനക്കികളും ഇവയൊക്കെ നടപ്പിലാക്കിയെടുക്കാൻ ഇത്ര വ്യഗ്രത കാണിക്കുന്നത് എന്ന് വ്യക്തമാകും. ജനങ്ങളുടെ അജ്ഞതയും ധാരണക്കുറവുമൊക്കെ മുതലെടുത്ത് അവർ ജനങ്ങളെ കബളിപ്പിച്ച്, ആട്ടിത്തെളിയിച്ച് കൊണ്ടുപോകുകയാണ്.
സാമ്പത്തിക നയങ്ങൾ
നിലനിൽക്കുന്ന മുതലാളിത്ത വ്യവസ്ഥയിൽനിന്നുവേറിട്ടതല്ല
ജിഎസ്ടിക്ക് പിന്നിലുള്ള ഹീനപദ്ധതികൾ തുറന്നുകാട്ടിക്കൊണ്ട് 2016 ആഗസ്റ്റ് 1 ലക്കം ‘പ്രോലിറ്റേറിയൻ ഇറ’ യിൽ ഞങ്ങൾ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഒരു മുതലാളിത്ത വ്യവസ്ഥയിൽ, ഏത് രാജ്യത്തും, ഏതൊരു ബൂർഷ്വാഗവൺമെന്റും ആവിഷ്ക്കരിക്കുന്ന സാമ്പത്തിക പരിഷ്ക്കാരങ്ങൾ മുതലാളിവർഗ്ഗത്തിന്റെ ആകമാനതാൽപ്പര്യം സംരക്ഷിക്കുന്നതും ജനതാൽപ്പര്യത്തിന് എതിരായിട്ടുള്ളതുമായിരിക്കുമെന്ന് ആ ലേഖനത്തിൽ അവ്യക്തതയേതുമില്ലാതെ ഞങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. അവശ്യംവേണ്ട ഈ രാഷ്ട്രീയ വീക്ഷണമില്ലാതെ ഒരു സാമ്പത്തിക നയം വിശകലനം ചെയ്താൽ സത്യം കണ്ടെത്താനാകില്ല. ലോകമെമ്പാടും മുതലാളിത്ത വ്യവസ്ഥ സഹജവും അപരിഹാര്യവുമായ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ്. രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ പ്രതിസന്ധിയിൽനിന്ന് കരകയറാനായി മുതലാളിത്ത ഭരണം ആവിഷ്ക്കരിക്കുന്ന നയങ്ങളും ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളും കൈക്കൊള്ളുന്ന പരിഷ്ക്കാരങ്ങളുമൊക്കെ, ആഭ്യന്തര-വിദേശ കുത്തകകളുടെയും കോർപ്പറേറ്റുകളുടെയുമൊക്കെ സ്ഥാപിത താൽപ്പര്യങ്ങൾ സംരക്ഷിക്കാനുതകുന്നതുമാത്രമായിരിക്കും. അതോടൊപ്പം, മുതലാളിത്ത ഭരണകൂടത്തിൽ പരമാവധി സാമ്പത്തികാധികാരങ്ങൾ കേന്ദ്രീകരിക്കുകയും ഉറപ്പിച്ചെടുക്കുകയും ചെയ്യുക എന്ന പദ്ധതിയും അതിന്റെ പിന്നിലുണ്ടാകും. ഈ ഹീനലക്ഷ്യം മറച്ചുവയ്ക്കാനാണ് ഭരണകക്ഷി നേതാക്കളും മന്ത്രിമാരുമൊക്കെ പൊള്ളയായ വാഗ്ദാനങ്ങളും ഉറപ്പുകളുമൊക്കെ നൽകുന്നതും പുരോഗമന നാട്യം സ്വീകരിക്കുന്നതും. അവരുടെ മികച്ച പ്രചരണോപാധികളും ദാസ്യത്തിലുള്ള മാദ്ധ്യമങ്ങളും വിലക്കെടുത്ത സാമ്പത്തിക വിശാരദന്മാരും വക്താക്കളുമൊക്കെ ഈ നടപടികളെ സംബന്ധിച്ച് ജനങ്ങളിൽ വ്യാമോഹം പടർത്താൻ ഇറങ്ങിത്തിരിക്കുകയും ചെയ്യും.
പരിഷ്ക്കരണത്തിന്റെ പേരിലുള്ള
ജനവഞ്ചന
1969-ൽ, അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി കൈക്കൊണ്ട, ബാങ്ക് ദേശസാൽക്കരണവും പ്രിവിപഴ്സ് നിർത്തലാക്കലും പോലുള്ള നടപടികൾ ഒന്ന് ഓർത്തുനോക്കൂ. അത് സോഷ്യലിസത്തിലേയ്ക്കുള്ള ഒരു ചുവടുവയ്പ്പാണെന്നോ, പുരോഗമനനടപടിയാണെന്നോ ഒക്കെ, മാർക്സിസ്റ്റുകൾ എന്നവകാശപ്പെടുന്നവരടക്കം പലരും പുകഴ്ത്തുകയുണ്ടായി. ‘ഏഷ്യയുടെ വിമോചനത്തിന്റെ പതാകവാഹക’യായി ഇന്ദിരാഗാന്ധി വാഴ്ത്തപ്പെട്ടു. ശ്രീമതി ഗാന്ധിയുടെ ‘ഗരീബി ഹഠാവോ’ (ദാരിദ്ര്യം തുടച്ചുനീക്കുക) മുദ്രാവാക്യവും ദാരിദ്ര്യനിർമ്മാർജ്ജനത്തിനായി അവതരിപ്പിച്ച 20 ഇന പരിപാടിയുമൊക്കെ ഇതേപോലെതന്നെ തട്ടിപ്പുപരിപാടികളായിരുന്നു. ഈ പരിപാടികളുടെ ഫലമെന്തായിരുന്നു? സമ്പന്നർ കൂടുതൽ കൂടുതൽ സമ്പന്നരും ദരിദ്രർ കൂടുതൽ കൂടുതൽ ദരിദ്രരുമായി. ഒരു പിടി വ്യവസായികളുടെയും ബിസിനസ്സ് പ്രമാണിമാരുടെയും സമ്പത്ത് കുമിഞ്ഞുകൂടിയപ്പോൾ, ദരിദ്രരുടെ ദുരിതങ്ങൾ പെരുകി ജീവിതം ദുഃസഹമായിത്തീർന്നു. ”ഒരു മുതലാളിത്ത വ്യവസ്ഥയിൽ ദേശസാൽക്കരണം, മുതലാളിവർഗ്ഗത്തിന്റെ ആകമാനതാൽപ്പര്യാർത്ഥം കുത്തകകളും ഭരണകൂടവും തമ്മിൽ കൂടുതൽ ഐക്യപ്പെട്ട്, ഭരണകൂടത്തെ കുത്തകകളുടെ താൽപ്പര്യത്തിന് ദാസ്യപ്പെടുത്തുകയും അതുവഴി ഫാസിസത്തിന്റെ അടിത്തറ ഉറപ്പിച്ചെടുക്കുകയുമാണ് സംഭവിക്കുന്നത്” എന്ന് മാർക്സിസ്റ്റ് പ്രയോഗപദ്ധതിയുടെയും വിശകലനത്തിന്റെയുമടിസ്ഥാനത്തിൽ നമ്മുടെ പാർട്ടി അന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. (ബാങ്ക് ദേശസാൽക്കരണം സംബന്ധിച്ച് 1969 ആഗസ്റ്റ് 30 ന്, പാർട്ടി കേന്ദ്രകമ്മിറ്റി കൈക്കൊണ്ട പ്രമേയത്തിൽനിന്ന്).
ഇനി 1991 ജൂലൈ 24 ലേയ്ക്ക് പോകാം. ആഗോളീകരണമെന്ന മാരകപദ്ധതിയുടെ കുറിപ്പടിപ്രകാരം, അന്നത്തെ കോൺഗ്രസ്സ് ഗവൺമെന്റ് വാദ്യഘോഷങ്ങളൊടെ ആരംഭിച്ചതാണ് സാമ്പത്തിക ഉദാരവൽക്കരണ പരിപാടികൾ. സമ്പദ്ഘടനയുടെ ഉദാരവൽക്കരണം ”സമ്പത്ത് സൃഷ്ടിക്കുകയും ദാരിദ്ര്യത്തിന്റെയും ദുരിതങ്ങളുടെയും അസമത്വത്തിന്റെയും കളങ്കം മായിച്ച് കളയുകയും ചെയ്യു”മെന്നായിരുന്നു അന്നത്തെ അവകാശവാദം. ”പാശ്ചാത്യരാജ്യങ്ങളിലെ സമ്പന്ന സമൂഹങ്ങളിൽ നിന്ന് നമ്മൾ കടംകൊണ്ട ഉപഭോക്തൃ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കാനല്ല ഈ പരിഷ്ക്കാരം. കുടിവെള്ളത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ആരോഗ്യപരിപാലനത്തിന്റെയും പാർപ്പിടത്തിന്റെയും മറ്റ് അടിസ്ഥാന ആവശ്യങ്ങളുടെയും അപര്യാപ്തത നേരിടുന്ന ഒരു സമൂഹത്തിൽ, നമ്മുടെ വിഭവങ്ങൾ പ്രധാനമായും ഒരു ചെറിയ വിഭാഗത്തിന്റെ ആവശ്യങ്ങളുടെ പൂർത്തീകരണത്തിനുവേണ്ടിയാണ് വിനിയോഗിക്കുന്നതെങ്കിൽ അത് പരിതാപകരമായിരിക്കും”. (24.07.1991-ൽ ധനകാര്യമന്ത്രിയായിരുന്ന മൻമോഹൻസിംഗ് നടത്തിയ ബജറ്റ് പ്രസംഗം).
ഒരു സാമ്പത്തിക വിദഗ്ധന്റെ കുപ്പായമണിഞ്ഞ മൻമോഹൻസിംഗ് അന്ന് പറഞ്ഞത്, വരുമാനത്തിന്റെയും സ്വത്തിന്റെയും കാര്യത്തിൽ നിലനിൽക്കുന്ന വൻതോതിലുള്ള നികുതിവെട്ടിപ്പ് അപ്രത്യക്ഷമാകുമെന്നും വരുന്ന ഏതാനും മാസങ്ങളിൽ നികുതി അടവിന്റെ കാര്യത്തിൽ വലിയ പുരോഗതിയുണ്ടാകുമെന്നുമാണ്. മൻമോഹൻസിംഗ് ഒരു ‘മുള്ളൻപന്നിയെപ്പോലെ നമ്മുടെ നികുതിവ്യവസ്ഥയ്ക്ക് പ്രതിരോധം തീർത്തിരിക്കുകയാണെന്നും ”അദ്ദേഹത്തിന്റെ ബജറ്റ് ചരിത്രത്തിൽ ഇടംപിടിച്ചിരിക്കുന്നു”വെന്നുമാണ് മന്ത്രിസഭാംഗങ്ങൾ വാഴ്ത്തിപ്പാടിയത്. ഇതൊരു വൻതട്ടിപ്പാണെന്നും ഉദാരവൽക്കരണത്തിനുവേണ്ടിയുള്ള മുറവിളി ചൂഷണത്തിന്റെ പല്ലും നഖവും ആഴ്ത്തിയിറക്കാനുള്ള മുതലാളിവർഗ്ഗ ഗൂഢാലോചനയാണെന്നും അന്നും നമ്മുടെ പാർട്ടി വിശദമാക്കിയിരുന്നു. ”കുത്തകകളുടെ താൽപ്പര്യം സംരക്ഷിക്കാനും ഇന്ത്യൻ മുതലാളിത്ത വ്യവസ്ഥയെ പ്രതിസന്ധിയിൽനിന്ന് കരകയറ്റാനുമായി, രാജ്യത്തെ ചൂഷിതരായ ജനങ്ങളുടെ മേൽ കോൺഗ്രസ്സ് ഗവൺമെന്റ് അടിച്ചേൽപ്പിക്കുന്ന ഏറ്റവും ക്രൂരമായ ആക്രമണമാണിതെ”ന്നും നമ്മുടെ പാർട്ടി കൃത്യമായി പറഞ്ഞു(പ്രോലിറ്റേറിയൻ ഇറ, 14.10.1991). നമ്മുടെ പാർട്ടിയുടെ ഈ വിശകലനം തികച്ചും ശരിയായിരുന്നുവെന്നല്ലേ ചരിത്രം തെളിയിച്ചത്? വിലക്കയറ്റം, തൊഴിലില്ലായ്മ, തൊഴിൽനഷ്ടം, വരുമാനത്തിലെ ഇടിവ്, ഗ്രാമീണ ജനതയുടെ പാപ്പരീകരണം, കരിഞ്ചന്തയിലും പൂഴ്ത്തിവയ്പ്പിലുമുള്ള വർദ്ധന, സമ്പത്തും സ്വാധീനവുമുള്ളവർ നടത്തുന്ന നികുതിവെട്ടിപ്പ്, സർവ്വവ്യാപിയായ അഴിമതി തുടങ്ങി സർവ്വരംഗങ്ങളിലും സാധാരണക്കാരുടെ ദുരിതങ്ങൾ പെരുക്കുകയാണ് ആഗോളീകരണനയങ്ങൾ ചെയ്തതെന്നും തെളിയിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ വിഭവങ്ങൾ വിനിയോഗിക്കപ്പെട്ടത് കുടിവെള്ളം, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, പാർപ്പിടം തുടങ്ങിയ സാധാരണക്കാരന്റെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ വേണ്ടിയായിരുന്നോ? അതോ കോടിക്കണക്കിന് സാധാരണജനങ്ങൾ അവഗണിക്കപ്പെട്ടോ? ആഗോളീകരണത്തിന്റെ വക്താക്കൾ വാചകമടിക്കുന്നതല്ലാതെ ഈ പതനത്തെക്കുറിച്ച് ഒന്നും ഉരിയാടുന്നില്ല.
2005 ഏപ്രിലിൽ അവതരിപ്പിച്ച മൂല്യവർദ്ധിത നികുതി എന്ന നികുതി പരിഷ്ക്കരണമായിരുന്നു ‘സാമ്പത്തിക നവീകരണ’ പദ്ധതിയിലെ അടുത്ത ഇനം. ഇത് നടപ്പിലാക്കാനായി സംസ്ഥാനങ്ങളിലെ ധനകാര്യമന്ത്രിമാരെ ഉൾപ്പെടുത്തി ഒരു ഉന്നതാധികാര സമിതി ഉണ്ടാക്കി. 2005 ജനുവരി 17 ന് ഈ കമ്മിറ്റി ഒരു ധവളപത്രം പുറപ്പെടുവിച്ചു. അതിന്റെ ആമുഖത്തിൽ സമിതിയുടെ കൺവീനറും പശ്ചിമബംഗാളിലെ സിപിഐ(എം) ധനകാര്യമന്ത്രിയുമായ അസിംദാസ്ഗുപ്ത അവകാശപ്പെടുന്നതിങ്ങനെ: ”വാറ്റ് ഇൻപുട്ട് ടാക്സ് അഥവാ മുൻവാങ്ങലുകളിൽ ചുമത്തിയ നികുതി, പൂർണ്ണമായും തട്ടിക്കിഴിക്കുമെന്നുമാത്രമല്ല നിലവിലുള്ള പല നികുതികളുടെയും ഭാരം ഒഴിവാക്കുകയും ചെയ്യും. ടേൺ ഓവർ ടാക്സ്, സെയിൽസ് ടാക്സിനുമേലുള്ള സർചാർജ്, അഡീഷണൽ സർചാർജ്, സ്പെഷ്യൽ അഡീഷണൽ ടാക്സ് തുടങ്ങിയവയൊക്കെ ഇതിൽപെടും…. നികുതിക്ക് വിധേയരാകുന്നവരുടെ എണ്ണം വർദ്ധിപ്പിക്കാനും വാറ്റ് ഇടയാക്കും. .. റവന്യൂവരുമാനം വർദ്ധിപ്പിക്കും.. അങ്ങനെ സാധാരണജനങ്ങൾക്കും വ്യാപാരികൾക്കും വ്യവസായികൾക്കും ഗവൺമെന്റിനും ഇത് ഗുണകരമായിരിക്കും”. ആമുഖം തുടരുന്നു: ”സ്വന്തമായി നടത്തുന്ന മൂല്യനിർണയം ശരിയാണോയെന്ന് പരിശോധിക്കാൻ ഡിപ്പാർട്ട്മെന്റ് ആഡിറ്റ് ഉണ്ടാകും.. ഇവ്വിധമുള്ള വിശദമായ പരിശോധന നികുതിവെട്ടിപ്പ് തടയാൻ സഹായകമാകുമെന്നുമാത്രമല്ല നികുതിവരുമാനം വൻതോതിൽ വർദ്ധിക്കുവാനുമിടയാക്കും… നികുതി വെട്ടിപ്പുകാരെ കണ്ടെത്തുന്നതിനും നികുതിയടയ്ക്കുന്നവരുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനുമുള്ള സുതാര്യമായ നടപടിയാണിത്”. ജീർണ്ണവും മരണാസന്നവുമായ ഒരു മുതലാളിത്ത വ്യവസ്ഥയിൽ, വിലകുറയ്ക്കും എന്നത് വെറും പാഴ്വാക്കാണെന്ന് അന്നുതന്നെ ഞങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. വാറ്റിന്റെ വിവിധ തലങ്ങളിലുള്ള നികുതിപിരിവ് ദുഷ്കരവും ദ്രോഹകരവും വിലക്കയറ്റത്തിന് വഴിവയ്ക്കുന്നതുമാണ്. ഉൽപ്പാദകരും വ്യാപാരികളും ചില്ലറക്കച്ചവടക്കാരുമൊക്കെ അവരുടെ നികുതിഭാരം ഉപഭോക്താക്കളിലേയ്ക്ക് ഇറക്കിവയ്ക്കും. അന്തിമവിലയിൽ അഥവാ ചില്ലറ വിൽപ്പന വിലയിലായിരിക്കും ഇത് പ്രതിഫലിക്കുക. എന്നുമാത്രമല്ല, പുതിയ പ്രക്രിയയുടെ സങ്കീർണ്ണതകൾ ഉൾക്കൊള്ളാനാകാതെ ചെറുകിട ബിസിനസ്സുകാരും ചില്ലറവ്യാപാരികളുമൊക്കെ പ്രതിസന്ധിയിലാകും. പല സ്ഥാപനങ്ങളും അടഞ്ഞുപോകുകയും അനേകം പേരുടെ ജീവനോപാധികൾ നഷ്ടമാകുകയും ചെയ്യും. ആ സ്ഥാനത്തേയ്ക്ക് വൻകിട കുത്തക കമ്പനികളും ചില്ലറ വിൽപ്പനരംഗത്തെ ഭീമന്മാരും കടന്നുവരും. വാണിജ്യമേഖലയിൽ അവരുടെ ആധിപത്യം സ്ഥാപിക്കപ്പെടാൻ ഇതിടയാക്കും. എന്നുമാത്രമല്ല, അഴിമതി നിറഞ്ഞ ഉദ്യോഗസ്ഥ സംവിധാനവും മുതലാളിമാരും സർക്കാരും കൂടിയാണ് കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഉദ്യോഗസ്ഥ സംവിധാനത്തെ ഗുണപരമായി മെച്ചപ്പെടുത്താനുള്ള നടപടിയെടുക്കാതെയും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന ശിക്ഷാനടപടി സ്വീകരിക്കാതെയും നികുതി നിർണ്ണയിക്കുന്ന പ്രക്രിയ കൂടുതൽ സങ്കീർണ്ണമാക്കിയാൽ, നികുതി വെട്ടിപ്പ് തടയുമെന്നും നികുതിപിരിവ് മെച്ചപ്പെടുമെന്നുമൊക്കെയുള്ള അവകാശവാദം വെറും മിഥ്യയായി പരിണമിക്കുകയേയുള്ളൂ. ശുദ്ധീകരണത്തിനുപകരം അഴിമതിയും തിരിമറിയും നികുതിവെട്ടിപ്പുമൊക്കെ വർദ്ധിക്കുന്ന സാഹചര്യമായിരിക്കും ഉണ്ടാകുക (പ്രോലിറ്റേറിയൻ ഇറ, 01.03.2005). വാറ്റിന്റെ പരിണതി ഇതുതന്നെയായിരുന്നില്ലേ? കഴിഞ്ഞ 12 വർഷത്തിനുള്ളിൽ എത്രതവണ വില വർദ്ധിച്ചു. വൻകിട കമ്പനികളുടെ കീഴിലുള്ള ചില്ലറവ്യാപാരം എത്രകണ്ട് വളർന്നു? വൻകിട വ്യവസായികളുടെയും കോർപ്പറേറ്റുകളുടെയും ബിസിനസ്സ് പ്രമാണിമാരുടെയും നികുതിവെട്ടിപ്പ് എത്രത്തോളം ഭീമാകാരമായി?
കഴിഞ്ഞ നവംബർ ആയപ്പോഴേയ്ക്കും മനംപിരട്ടലുളവാക്കുന്ന വ്യാജപ്രസ്താവനകളുമായി നോട്ടുപിൻവലിക്കൽ പദ്ധതി അവതരിച്ചു. കള്ളപ്പണം കണ്ടുകെട്ടും, അഴിമതി അവസാനിപ്പിക്കും, കള്ളനോട്ട് തുടച്ചുനീക്കും, ഭീകരർക്ക് ലഭിക്കുന്ന ധനസഹായം തടയും, അങ്ങനെ കറൻസി രഹിത സമൂഹത്തിലേയ്ക്ക് പ്രയാണം ചെയ്യും എന്നൊക്കെയായിരുന്നു അവകാശവാദങ്ങൾ.
ചെറുകിട-ഇടത്തരം ബിസിനസ്സുകൾ, ചില്ലറ വ്യാപാരികൾ, ചെറുകിട കച്ചവടക്കാർ, വഴിവാണിഭക്കാർ എന്നിവരൊക്കെ പ്രതിസന്ധിയിലായി. പലരും കളമൊഴിയേണ്ട സ്ഥിതിയിലേയ്ക്ക് കാര്യങ്ങൾ എത്തി. പണിയെടുക്കുന്നവരിൽ ബഹുഭൂരിപക്ഷത്തെയും ഉൾക്കൊള്ളുന്ന അസംഘടിതമേഖലയെ ഇത് വളരെ പ്രതികൂലമായി ബാധിച്ചു. ദരിദ്ര-ചെറുകിട കർഷകർ ഉൾപ്പെടെയുള്ള ഗ്രാമീണ മേഖലയിലെ സാധാരണക്കാർ, ദിവസക്കൂലിക്കാർ, കരാർ തൊഴിലാളികൾ തുടങ്ങിയവരൊക്കെ തകർന്നടിയുന്ന അവസ്ഥയിലായി.
ജിഎസ്ടിയെ ചുറ്റിപ്പറ്റിയുള്ള
കെട്ടുകഥ
മുതലാളിത്ത കുൽസിത പദ്ധതികളിൽ ഏറ്റവും ഒടുവിലത്തെ വരദാനം ജിഎസ്ടി ആണ്. വാറ്റിനെപ്പോലെതന്നെ ഇതും ഇൻപുട്ട് ടാക്സ് തട്ടിക്കിഴിക്കുന്ന തത്വമാണ് പിൻതുടരുന്നത്. വാറ്റ് സംസ്ഥാന അടിസ്ഥാനത്തിലായിരുന്നെങ്കിൽ ജിഎസ്ടി അഖിലേന്ത്യാ തലത്തിലാണെന്നുമാത്രം. വാറ്റ് തന്നെ ഒരു നനഞ്ഞ പടക്കമായിരുന്നുവെങ്കിൽ ജിഎസ്ടി എങ്ങനെ വിജയിക്കാനാണ്? പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും മന്ത്രിമാരുമൊക്കെ ഒരു നികുതി, ഒരു കമ്പോളം, ഒരു രാജ്യം എന്നൊക്കെപ്പറയുന്നുണ്ടെങ്കിലും അതിൽ വസ്തുതയുണ്ടോ? ജിഎസ്ടിതന്നെ നാലുതരമുണ്ട്. സെൻട്രൽ, സ്റ്റേറ്റ്, യൂണിയൻ ടെറിട്ടറി, ഇന്റര്സ്റ്റേറ്റ്. എല്ലാം ജിഎസ്ടി തന്നെ. രണ്ടാമത്തെ കാര്യം, ജിഎസ്ടിക്കുപുറമെ സെസ്സും കൂടി ചുമത്തും എന്നുള്ളതാണ്. മൂന്നാമത്, പെട്രോളും ഡീസലുമൊന്നും ജിഎസ്ടിയിൽ വരുന്നില്ല എന്നതാണ്. കാരണം, ഇതിന്റെ നികുതി ഇപ്പോൾ 57 ശതമാനമാണ് (23 ശതമാനം എക്സൈസ് ഡ്യൂട്ടി, 34 ശതമാനം വാറ്റ്). പിന്നെ സെസ്സ് വേറെയും. വൈദ്യുതിക്കും ജിഎസ്ടി ബാധകമാക്കിയിട്ടില്ല. വിലക്കയറ്റത്തെ ഏറ്റവും നിർണ്ണായകമായി സ്വാധീനിക്കുന്ന രണ്ടു ഘടകങ്ങളാണ് ഇവ എന്നകാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ലല്ലോ? വിലക്കയറ്റം സൃഷ്ടിക്കുന്നതിൽ അവയുടെ പങ്ക് തുടരുമെന്നല്ലേ ഇതിനർത്ഥം? മദ്യവും ജിഎസ്ടിയിൽനിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾക്ക് ഇതിൽനിന്നു കിട്ടുന്ന വൻവരുമാനം കണക്കിലെടുത്ത് പരസ്പര ധാരണപ്രകാരമാണ് മദ്യത്തെ ഒഴിവാക്കിയിരിക്കുന്നത്. അപ്പോൾ പലതലങ്ങളിലുള്ള നികുതി ഒഴിവാക്കിയിരിക്കുന്നു എന്നത് വസ്തുതാവിരുദ്ധമാണ്. അതായത്, എക്സൈസ് ഡ്യൂട്ടി, സെയിൽസ് ടാക്സ്, സർവ്വീസ് ടാക്സ്, വാറ്റ്, സെസ്സ് എന്നിവയൊക്കെ തുടരുമെന്നർത്ഥം. അപ്പോൾ ‘ഒറ്റനികുതി’ എന്ന് പറയുന്നതോ?
ഒറ്റകമ്പോളത്തെക്കുറിച്ച് പറയുമ്പോൾ, ഇന്ത്യ ഇപ്പോൾത്തന്നെ ഏകസ്വഭാവത്തിലുള്ളതും ഏകീകൃതവുമായ ഒരു മുതലാളിത്ത കമ്പോളമാണ്. ഇവിടെ കാർഷികോൽപ്പന്നങ്ങളുടെയടക്കം വ്യാപാരവും വാണിജ്യവുമൊക്കെ മുതലാളിത്ത നിയമങ്ങൾക്കനുസരിച്ചാണ് നടക്കുന്നത്. ഇവ ചെറുകിട, ഇടത്തരം, വൻകിട മേഖലകളിലായി വ്യാപിച്ചുകിടക്കുന്നു. ജിഎസ്ടി പൂർണ്ണമായും ഡിജിറ്റൽ സംവിധാനംവഴിയുള്ള നികുതി പിരിവാണ്. വൻകിടക്കാർക്ക് സാങ്കേതിക പരിജ്ഞാനമുള്ള ജോലിക്കാരെവച്ച് ഓൺലൈനായി നികുതിയടയ്ക്കാനും ടാക്സ് കൺസൾട്ടന്റുമാരുവഴി സംശയനിവൃത്തിവരുത്താനും ഒക്കെ കഴിയും. എന്നാൽ വിവര സാങ്കേതികവിദ്യാ പരിജ്ഞാനമൊന്നുമില്ലാത്ത ചെറുകിടക്കാർക്ക് ഇത് വിനയാകും. ഇതിന്റെ പ്രക്രിയകളൊക്കെ പൂർത്തീകരിച്ച് മുന്നോട്ടുപോകാൻ സാമ്പത്തികസ്ഥിതി അനുവദിക്കാത്തതുകൊണ്ട് ചെറുകിടക്കാർ പലരും ഈ രംഗത്തുനിന്നുതന്നെ പുറന്തള്ളപ്പെട്ടുകൊണ്ടിരിക്കുകയാണ്. സാധനങ്ങൾ സ്റ്റോക്കുചെയ്തിരിക്കുന്ന ഒരു വ്യാപാരിയിൽനിന്ന് സാധനംവാങ്ങി സൈക്കിളിലോ, ബൈക്കിലോ വീടുകൾതോറും കൊണ്ടെത്തിച്ച് വിൽപ്പനനടത്തി ചെറിയ വരുമാനമുണ്ടാക്കുന്ന ചെറുകിടക്കാർക്ക് ഈ സംവിധാനത്തിൽ എങ്ങനെ പിടിച്ചുനിൽക്കാനാകും? സ്വയംതൊഴിൽ ചെയ്യുന്നവർ എന്ന് വിളിക്കപ്പെടുന്ന, തൊഴിൽരഹിതരായ ഈ ചെറുപ്പക്കാർ ഒറ്റയടിക്ക് വഴിയാധാരമാകുന്ന സ്ഥിതിയുണ്ടാകും. അപ്പോൾ ഗവൺമെന്റ് യഥാർത്ഥത്തിൽ ഏറ്റെടുത്തിരിക്കുന്നത് ഈ ചെറുകിടക്കാരെയും ഇടത്തരം കച്ചവടക്കാരെയുമൊക്കെ തുടച്ചുനീക്കുക എന്ന ദൗത്യമല്ലേ?
അവസാനമായി, സാമ്പത്തികമായി നോക്കുമ്പോൾ ഇന്ത്യ പൂർണ്ണമായും ഏകോപിതമായ ഒരു സ്ഥിതിയിലാണോ? ഇന്ത്യയിലെ ഏറ്റവും ദരിദ്രരുടെ സ്വത്തിന്റെ 370 ഇരട്ടിയാണ് മേലേക്കിടയിലെ 10 ശതമാനത്തിന്റെ കയ്യിലിരിക്കുന്നത്. ഏറ്റവും മുകളിലുള്ള ഒരു ശതമാനം അതി സമ്പന്നന്മാരുടെ വളർച്ച കണ്ണഞ്ചിപ്പിക്കുന്നതാണ്. 66 കോടി ജനങ്ങൾ ഈ രാജ്യത്ത് തൊഴിൽരഹിതരാണെന്ന് ഇന്ത്യൻ പ്രസിഡന്റിനുതന്നെ സമ്മതിക്കേണ്ടിവന്നിട്ടുണ്ട്. യഥാർത്ഥ സംഖ്യ ഇതിലും വലുതായിരിക്കുമെന്നുറപ്പ്. ഗവൺമെന്റ് കണക്കുപ്രകാരം 77 ശതമാനം ദാരിദ്ര്യരേഖയ്ക്കുതാഴെയാണ്. അവർക്ക് ഒരു ദിവസം 20 രൂപപോലും വരുമാനമില്ലെന്നർത്ഥം. ഗവൺമെന്റാകട്ടെ , വൻകിട വ്യവസായികൾക്കും കോർപ്പറേറ്റുകൾക്കും അതിസമ്പന്നർക്കുമൊക്കെ 9 ലക്ഷം കോടിരൂപയുടെ നികുതിയിളവുകളും സൗജന്യങ്ങളുമൊക്കെയാണ് ചൊരിയുന്നത്. ഇതിൽ തട്ടിപ്പുകാരും വെട്ടിപ്പുകാരുമൊക്കെയുണ്ട്. 2016-2017 ലെ കണക്കാണിത്. എന്നാൽ, പാവപ്പെട്ട കർഷകരെടുത്ത ഏതാനും ആയിരം കോടിവരുന്ന വായ്പ എഴുതിത്തള്ളാൻ, സമ്പദ്ഘടനയിൽ പ്രതികൂല ഫലമുണ്ടാക്കുമെന്നുപറഞ്ഞ് ഈ ബൂർഷ്വാഗവൺമെന്റ് തയ്യാറാകുന്നില്ല. മുതലാളിത്തം മനുഷ്യർക്കിടയിൽ സൃഷ്ടിക്കുന്ന അസമത്വം വളരെ പ്രകടമാണിവിടെ. മുതലാളിത്ത വ്യവസ്ഥയ്ക്കുള്ളിൽ ഒരു നികുതിപരിഷ്ക്കാരം കൊണ്ടുവന്ന് രണ്ടുതരം ഇന്ത്യക്കാർ എന്ന ഈ യാഥാർത്ഥ്യം മായ്ച്ചുകളയാനാകുമോ? അസംബന്ധം എന്നല്ലാതെയെന്തുപറയാൻ!
ജിഎസ്ടിയുടെ സഹജമായ
വൈകല്യങ്ങളും അസംബന്ധങ്ങളും
ജിഎസ്ടിയുടെ ചില വൈകല്യങ്ങളും പൊള്ളത്തരങ്ങളും ഇനി പരിശോധിക്കാം. ജിഎസ്ടി വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും ദുരനുഭവമാണെന്ന് ഇതിനകം വ്യക്തമാണല്ലോ. ബംഗാളിലെ ബേക്കറിക്കാരുടെ കാര്യമെടുക്കാം. അവർ ഇതുവരെ പണത്തെ അടിസ്ഥാനമാക്കിയാണ് കച്ചവടം നടത്തിയിരുന്നത്. ഇപ്പോൾ ജിഎസ്ടി മാനദണ്ഡങ്ങൾക്കനുസരിച്ച് കോർപ്പറേറ്റ് രീതിയിലേയ്ക്ക് മാറേണ്ടിവന്നപ്പോൾ അടിസ്ഥാന സൗകര്യങ്ങൾക്കുവേണ്ടി, അതായത് ഐടി സംവിധാനങ്ങൾ ഒരുക്കാൻവേണ്ടി വലിയൊരു തുക മുടക്കേണ്ടിവരുന്നു. ഈ തുകയുടെ നല്ലൊരുപങ്ക് സാധനങ്ങളുടെ വിലകൂട്ടി ഉപഭോക്താക്കളിൽനിന്ന് ഈടാക്കുകയാണ് ചെയ്യുക. മെഡിക്കൽ ഷോപ്പുടമകളും ഉപഭോക്താക്കളും ഇതിന്റെ കയ്പ് കൂടുതൽ അനുഭവിക്കുന്നുണ്ട്. ജിഎസ്ടിക്കുശേഷം സേവനങ്ങൾക്കുള്ള നികുതി കണക്കാക്കുന്നതെങ്ങനെയെന്ന് ജനങ്ങൾക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല. ‘സേവനങ്ങൾ’ എന്നതിന് വിശാലമായ വിവക്ഷയാണുള്ളത്. എന്തെങ്കിലും ചരക്കോ, സേവനമോ സ്വീകരിക്കുമ്പോൾ അത് മറ്റേതെങ്കിലും മേഖലയിലെ സേവനവുമായികൂടി എളുപ്പത്തിൽ ബന്ധപ്പെടുത്താൻ കഴിയും. ഉദാഹരണത്തിന് ഒരാൾ എൽഐസി പ്രീമിയം അടയ്ക്കുമ്പോൾ ജിഎസ്ടി നൽകുന്നു. ഓൺലൈനായാണ് നൽകുന്നതെങ്കിൽ പേടിഎം പോലുള്ളവർക്ക് അതിനും ജിഎസ്ടി നൽകണം. ബാങ്കുകാരും ജിഎസ്ടി ചുമത്തും. ഇതുപോലെ സാധനങ്ങൾ വാങ്ങിക്കുമ്പോഴും ജിഎസ്ടി നൽകണം. ഇപ്പോൾതന്നെ ഇരട്ടനികുതി നൽകേണ്ടിവരുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. അതായത്, ഒരു ജിഎസ്ടി ചരക്കിനും മറ്റൊന്ന് സേവനത്തിനും. ഡെബിറ്റ് കാർഡോ, ക്രെഡിറ്റ് കാർഡോ ഉപയോഗിക്കുകയാണെങ്കിൽ ജിഎസ്ടി നിരക്കുപ്രകാരം ബാങ്കുകളും ചാർജ് ഈടാക്കും. ഇനി നാളെ വൻകിടകച്ചവടക്കാർ സാധനം തെരഞ്ഞെടുക്കുന്നതിനും പൊതിഞ്ഞുതരുന്നതിനും പണംമടയ്ക്കുന്നതിനുമൊക്കെ സേവനമെന്നുപറഞ്ഞ് ജിഎസ്ടി പിരിക്കില്ലെന്നാരുകണ്ടു? ‘സേവനങ്ങളെ’ ഇങ്ങനെ വിപുലമായി നിർവ്വചിക്കാമെന്നിരിക്കെ, ഓരോരോ കാരണങ്ങൾ പറഞ്ഞ് സാധാരണ ഉപഭോക്താക്കളിൽനിന്ന് പണം പിടുങ്ങാനുള്ള ഒരു ഏർപ്പാടായി ഇത് പരിണമിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.
രണ്ടാമതായി, ബൂർഷ്വാ ജനാധിപത്യവ്യവസ്ഥയനുസരിച്ച്, ധനകാര്യരംഗത്തെ നിയമങ്ങളും ചട്ടങ്ങളുമൊക്കെ ഉണ്ടാക്കാൻ പാർലമെന്റിനാണ് അധികാരം. എന്നാലിവിടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികളടങ്ങിയ ജിഎസ്ടി കൗൺസിലാണ് ആ ജോലി ചെയ്യുന്നത്. അതിന് പാർലമെന്റിനോട് പ്രതിബദ്ധതയില്ല. അതുപോലെതന്നെ, ജിഎസ്ടി നെറ്റ് വർക്ക് എന്ന സർക്കാരിതര, സ്വകാര്യ സംഘടനയാണ് ഗവൺമെന്റിനും നികുതിദായകർക്കും മറ്റുള്ളവർക്കും വേണ്ടിയുള്ള വിവരസാങ്കേതികവിദ്യാസംവിധാനം തയ്യാറാക്കുന്നത്. ഐടി രംഗത്തെ ഭീമനായ ഇൻഫോസിസിന് ജിഎസ്ടി സാങ്കേതിക വിദ്യാസംവിധാനം വികസിപ്പിച്ചെടുക്കുന്നതിനായി ഇതിനകംതന്നെ 1,380 കോടിയുടെ കരാർ നൽകിയിട്ടുണ്ട്. പൂർണ്ണമായും ഇൻർനെറ്റ് വഴി പ്രവർത്തിക്കുന്ന ജിഎസ്ടിയുടെ സോഫ്റ്റ്വേർ ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുപോലുമില്ല. പൂർണ്ണമായും വിവരസാങ്കേതികവിദ്യയെ ആസ്പദമാക്കിയുള്ള ഒരു നികുതി വ്യവസ്ഥയും കാലാകാലങ്ങളിൽ സമർപ്പിക്കേണ്ട നിരവധി റിട്ടേണുകളടക്കമുള്ള അനുബന്ധസാമഗ്രികളുമൊക്കെയടങ്ങുന്ന ഒരു സംവിധാനം, വെറും 6.15 ശതമാനം മാത്രം കമ്പ്യൂട്ടർ സാക്ഷരതയുള്ള ഒരു രാജ്യത്ത് എങ്ങനെ നടപ്പിലാക്കിയെടുക്കും എന്നുള്ളതും ആശ്ചര്യജനകമാണ്. നികുതിയടയ്ക്കാതിരുന്നാൽ കർശന ശിക്ഷ നൽകാനുള്ള ഒരു വകുപ്പും ജിഎസ്ടിയിലുണ്ട്. അതായത് ശക്തമായ ടാക്സ് റഗുലേറ്ററി അതോറിട്ടി മുമ്പാകെ കൃത്യസമയത്ത് തൃപ്തികരമായവിധം റിട്ടേൺസ് സമർപ്പിക്കുന്നതിൽ കമ്പ്യൂട്ടർ സാക്ഷരതയില്ലാത്ത ഒരു ചെറുകിട ബിസിനസ്സുകാരൻ പരാജയപ്പെട്ടാൽ അയാളെ പിടിച്ച് ജയിലിലിട്ടെന്നുവരാം.
ഈ നികുതി സമ്പ്രദായത്തിന്റെ അടിസ്ഥാന വിഷയങ്ങളിലുള്ള ആശയക്കുഴപ്പവും ഏറെയാണ്. നിരക്കിനെ അടിസ്ഥാനമാക്കി ജിഎസ്ടിയെ ഏഴ് വിഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട്. എന്നാൽ എങ്ങനെ, എന്തടിസ്ഥാനത്തിലാണ് ഈ തരംതിരിവ് എന്ന് വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും ശരിയായ മാർഗ്ഗ നിർദ്ദേശമോ കൃത്യമായ വിശദീകരണമോ വ്യക്തതയോ ഇല്ല. അസ്വസ്ഥതകൾ കൂടിക്കൂടി മരണവെപ്രാളത്തിലെത്തുന്ന സ്ഥിതിയാണ് പലരുടെ കാര്യത്തിലും ഉണ്ടാകാൻ പോകുന്നത്. സ്ഥിതി ഇവ്വിധം വഷളായിരിക്കുകയും ശിക്ഷാനടപടികളുടെ ഭീഷണി നിലനിൽക്കുകയും ചെയ്യുമ്പോൾ, നികുതിപിരിവിലും നികുതി നിർണ്ണയത്തിലും അതിന്റെ കുപ്രസിദ്ധിനേടിയ മേൽനോട്ട സംവിധാനത്തിലുമൊക്കെ വലിയ അഴിമതി നടക്കാനുള്ള സാധ്യത ഏറെയാണ്. നികുതിവെട്ടിപ്പുകാരും പൊതുഖജനാവ് കൊള്ളയടിക്കുന്നവരുമൊക്കെ കൈക്കൂലിയും മറ്റും നൽകി വൻതോതിൽ നേട്ടമുണ്ടാക്കും. ഇടനിലക്കാരും ഏജന്റുമാരുമൊക്കെ കലക്കവെള്ളത്തിൽ മീൻപിടിക്കാനായി ആർത്തിയോടെ രംഗത്തെത്തുന്നതും മുതലാളിത്തത്തിൽ ഒഴിവാക്കാനാകാത്ത കാര്യമാണല്ലോ. അങ്ങനെ ദ്രോഹവും കലഹവും പീഡനവുമൊക്കെ മുറയ്ക്ക് നടക്കും.
അടുത്തത്, ഇൻപുട്ട് ടാക്സ് സംവിധാനത്തിൽ വിതരണത്തിന്റെ പലതലങ്ങളിൽ മൂല്യവർദ്ധനയുണ്ടാകുന്ന സങ്കൽപ്പത്തിന്റെ കാര്യമാണ്. (തുകൽ തുകൽച്ചെരുപ്പാക്കുമ്പോൾ ഉൽപ്പാദനത്തിന്റെ തലത്തിൽ മൂല്യവർദ്ധനയുണ്ടാകുന്നു). മുതലാളിത്തത്തിൽ ഈ മൂല്യം എങ്ങനെയാണ് നിർണ്ണയിക്കുന്നത്. അസംസ്കൃതവിഭവങ്ങൾ സംഭരിക്കുന്നതുമുതൽ അവസാനത്തെ ഉപഭോക്താവിന് ഉൽപ്പന്നം കൈമാറുന്നതുവരെയുള്ള വിതരണത്തിന്റെ ചങ്ങലയിൽ ഓരോ ഘട്ടത്തിലും ഒരു നിശ്ചിതലാഭം മുതലാളിപ്രതീക്ഷിക്കുന്നുണ്ട്. അത് ഉൽപ്പാദകനാകാം വിതരണക്കാരനാകാം അല്ലെങ്കിൽ കച്ചവടക്കാരനാകാം. ഈ ലാഭഗണനയുടെ അടിസ്ഥാനത്തിൽ മനോധർമ്മംപോലെയാണ് മൂല്യം തീരുമാനിക്കപ്പെടുന്നത്. ഇതിനൊക്കെപ്പുറമേ പരിഷ്ക്കരിച്ച ജിഎസ്ടി നിയമത്തിൽ ഒരു ”കൊള്ള ലാഭവിരുദ്ധ വകുപ്പും” ഉണ്ട്. ഇതുപ്രകാരം ജിഎസ്ടിയിലുണ്ടാകുന്ന ഏതൊരു നേട്ടവും ഉപഭോക്താവിലേയ്ക്ക് എത്തിച്ചുകൊടുക്കണം എന്നുള്ളതാണ്. ഇപ്രകാരം ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കാനായി ഒരു കൊള്ള ലാഭ വിരുദ്ധ അതോറിട്ടിയ്ക്ക് രൂപം നൽകും. ഇത് മറ്റൊരു തട്ടിപ്പാണ്. എന്താണ് മുതലാളിത്തത്തിൽ ഉൽപ്പാദനത്തിന്റെ പ്രേരകശക്തി? പരമാവധി ലാഭം ഉണ്ടാക്കുക എന്നതുതന്നെ. എങ്ങനെയാണ് ഇത് സാധിക്കുന്നത്? തൊഴിലാളിക്ക് അർഹതപ്പെട്ട കൂലി നിഷേധിച്ചും അവരുടെ അധികംവരുന്ന അദ്ധ്വാനശക്തി കവർന്നെടുത്തും തോന്നുംപോലെ വിലവർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിച്ചുമാണ് ഇത് സാധിക്കുന്നത്. അതുകൊണ്ടാണ് അനുദിനം മുതലാളിമാരുടെ ലാഭം പെരുകുകയും ജനങ്ങൾ പാപ്പരാക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നത്. മുതലാളിത്ത വ്യവസ്ഥയെ നിലനിർത്തിക്കൊണ്ട് മുതലാളിത്തത്തിന്റെ അടിസ്ഥാനനിയമം എങ്ങനെയാണ് മാറ്റുക? ഇത് കൊടിയവഞ്ചനയാണ്! ഇന്നുവരെ എന്താണ് സംഭവിച്ചുകൊണ്ടിരുന്നത്? വാറ്റിന്റെ വകഭേദങ്ങളിലൊക്കെ ഇൻപുട്ട് ടാക്സ് തട്ടിക്കിഴിക്കുന്ന വ്യവസ്ഥയുണ്ടായിരുന്നു. ഇതിന്റെ വിഹിതം എന്നെങ്കിലും മുതലാളിമാർ ഉപഭോക്താക്കൾക്ക് നൽകിയിട്ടുണ്ടോ? അതോ അതുംകൂടി അവർ അവരുടെ ലാഭത്തിന്റെ കൂടെ കൂട്ടിയോ? ക്രൂഡ് ഓയിലിന്റെ വിലയിൽ അന്താരാഷ്ട്ര കമ്പോളത്തിലുണ്ടായ ഇടിവുമൂലം കേന്ദ്രസർക്കാരിന് ഒന്നൊരലക്ഷം കോടി രൂപ അധികം ലഭിച്ചിട്ട് അതിന്റെ നേട്ടം രാജ്യത്തെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് നൽകാൻ അവർ തയ്യാറായോ? ഇല്ലെന്നുമാത്രമല്ല, ജനങ്ങളുടെ കഷ്ടപ്പാടുകൾ വർദ്ധിപ്പിച്ചുകൊണ്ട് എണ്ണവിലയുടെ പുറത്ത് അധികനികുതി ചുമത്തി റവന്യൂവരുമാനം വർദ്ധിപ്പിക്കുകയാണ് ഗവൺമെന്റ് ചെയ്തത്. ഇത്തരമൊരു സാഹചര്യത്തിൽ, ജിഎസ്ടിയിൽ മുതലാളിമാർക്ക് തിരിച്ചുകിട്ടുന്ന നികുതി ജനങ്ങൾക്ക് കൈമാറുമെന്നും അവരുടെ ലാഭത്തിലേയ്ക്ക് അത് കൂട്ടിച്ചേർക്കില്ലെന്നും വിശ്വസിക്കാൻ തക്കതായ കാരണമെന്തെങ്കിലുമുണ്ടോ? മുതലാളിമാരോട് ലാഭം വർദ്ധിപ്പിക്കാനുള്ള സാദ്ധ്യത വെടിയണമെന്നു പറയുന്നത് പുലിയോട് പുല്ല് തിന്ന് ജീവിക്കണമെന്ന് പറയുന്നതിന് തുല്യമല്ലേ? അപ്പോപ്പിന്നെ അത് മുതലാളിത്തമാകുന്നതെങ്ങനെ? വൻകിട ഉൽപ്പാദകർക്കും വ്യവസായികൾക്കും മറ്റും ഇതുവഴി നേട്ടമുണ്ടാകുമ്പോൾ ചെറുകിടക്കാർക്ക് നികുതി അടയ്ക്കുന്നതിനായി അധിക തുക ചെലവഴിക്കേണ്ടിവരും. പാശ്ചാത്യലോകത്ത് ഇത്തരം നികുതി പരിഷ്ക്കാരങ്ങൾ ചെറുകിട ബിസിനസ്സുകരെയും കച്ചവടക്കാരെയുമൊക്കെ തുടച്ചുനീക്കിയിട്ടുണ്ട് എന്ന കാര്യംകൂടി ഇവിടെ പരാമർശിക്കാതെ വയ്യ.
വിലക്കയറ്റത്തിന്റെ കാര്യം കൂടി ഇതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യേണ്ടതുണ്ട്. എല്ലാ അവശ്യസാധനങ്ങളുടെയും വില വർദ്ധിപ്പിക്കാനേ ജിഎസ്ടി ഉപകരിക്കൂ എന്ന കാര്യം ഇതിനകംതന്നെ പറഞ്ഞുവല്ലോ. ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിനായി ഗവൺമെന്റ് വൻകിട ഉൽപ്പാദകരുമായി ധാരണയുണ്ടാക്കി ചില ഉൽപ്പന്നങ്ങളുടെ വിലയിൽ താൽക്കാലികമായി അല്പം കുറവുവരുത്തുകയോ കണക്കിൽ കൃത്രിമം കാണിച്ച് പണപ്പെരുപ്പനിരക്ക് കുറഞ്ഞതായി കാണിക്കുകയോ ഒക്കെ ചെയ്തിട്ട് അതിനെയെല്ലാം ജിഎസ്ടിയുടെ നേട്ടമായി അവതരിപ്പിച്ചേക്കാം.
എന്നാൽ ചുരുങ്ങിയ സമത്തിനുള്ളിൽത്തന്നെ ഏതാനും ഇനങ്ങൾക്ക് ലഭിക്കുന്ന ഇളവുകൾ അപ്രത്യക്ഷമാകും. ഗവൺമെന്റ് മുൻകൈയ്യെടുത്ത് വിലകുറയ്ക്കുന്നതും ജനങ്ങളുടെ സമരത്തിന്റെ സമ്മർദ്ദത്തിൽ വിലകുറയ്ക്കാൻ ഗവൺമെന്റ് നിർബ്ബന്ധിതമാകുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ഒരു ബൂർഷ്വാഗവൺമെന്റ് സ്വന്തം നിലയിൽ വിലകുറയ്ക്കും എന്ന് പ്രതീക്ഷിക്കുന്നത് ഒരു മിഥ്യയാണ്. എന്തെന്നാൽ, ഒരു മുതലാളിത്ത സംവിധാനത്തിൽ വിലക്കയറ്റം ഒഴിവാക്കാനാവാത്തതാണ്. മുതലാളിത്ത നിയമങ്ങൾതന്നെയാണ് അതിനിടയാക്കുന്നത്. ഭരിക്കുന്നവർ എത്ര ഭൂതദയയുള്ളവരായാലും മരണാസന്നമായ മുതലാളിത്ത വ്യവസ്ഥയ്ക്കുള്ളിൽ വിലക്കയറ്റം പിടിച്ചുനിർത്തുക എന്നത് അസാദ്ധ്യമാണ്. നികുതി സംബന്ധമായ നയങ്ങളും വിലക്കയറ്റത്തിന് ഇടയാക്കുന്ന ഘടകങ്ങളിലൊന്നാണ്. മുതലാളിത്തത്തിന്റെ പൊതുനിയമങ്ങൾകൂടാതെ, അതിന്റെ അപചയവും അഴിമതിയുമൊക്കെ വിലവർദ്ധനവിന് കാരണമാകുന്നുണ്ട്. പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, ഇടനിലക്കാരുടെ കമ്മീഷൻ തുടങ്ങിയവയും ഓഹരി കമ്പോളത്തിലെ ഊഹക്കച്ചവടവുമൊക്കെ ഇതിൽപ്പെടും. മുതലാളിത്തത്തെ തൂത്തെറിയാതെ ഈ ഘടകങ്ങളൊക്കെ ഇല്ലായ്മ ചെയ്യാൻ കഴിയുമോ? മുതലാളിത്തവ്യവസ്ഥയ്ക്കുള്ളിൽ അവതരിപ്പിക്കപ്പെടുന്ന ഒരു സാമ്പത്തിക പരിഷ്ക്കാരം വിലയിരുത്തുമ്പോൾ സത്യസന്ധരായ സാമ്പത്തിക വിദഗ്ധരും പണ്ഡിതന്മാരുംപോലും കാണാതെ പോകുന്ന കാര്യങ്ങളാണിവ. ബൂർഷ്വാ സാമ്പത്തിക ശാസ്ത്രത്തിന്റെ പാഠപുസ്തകങ്ങളിൽ ഈ പ്രശ്നങ്ങൾക്കെല്ലാം ഉത്തരമുണ്ടാകില്ല. മാർക്സിസം-ലെനിനിസത്തിന്റെ ശാസ്ത്രീയ രീതി പിന്തുടർന്ന് വിഷയങ്ങളെ അപഗ്രഥിക്കുകയും ബന്ധപ്പെട്ട രാഷ്ട്രീയ വശങ്ങളുമായി കൂട്ടിയിണക്കി പഠിക്കുകയും ചെയ്യുമ്പോൾ മാത്രമേ യഥാർത്ഥ വസ്തുതകൾ കണ്ടെത്താൻ കഴിയൂ. ചൂഷണ മുതലാളിത്ത വ്യവസ്ഥയുടെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾക്കിരയായി ജീവച്ഛവമാകുന്ന സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം അവരനുഭവിക്കുന്ന ദുരിതങ്ങളുടെ യഥാർത്ഥ കാരണം കണ്ടെത്തുകയും അവയുടെ പരിഹാരത്തിന് ഉതകുന്ന പാത കണ്ടെത്തുകയും പ്രവർത്തന പദ്ധതി ആവിഷ്ക്കരിക്കുകയും ചെയ്യേണ്ടതുണ്ട്.
ജിഎസ്ടി ഫെഡറൽ
സംവിധാനത്തിന് ഭീഷണി
ഫെഡറലിസത്തിന്റെ അടിസ്ഥാനതത്ത്വങ്ങളെയും ജിഎസ്ടി ചോദ്യം ചെയ്യുന്നുണ്ട്. ഇന്ത്യൻ ഭരണഘടന, നിയമനിർമ്മാണത്തിനുള്ള കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ അധികാരം മൂന്നുമേഖലകളിലായിത്തിരിച്ചിട്ടുണ്ട്. കേന്ദ്രലിസ്റ്റ്, സംസ്ഥാന ലിസ്റ്റ്, കൺകറന്റ് ലിസ്റ്റ് എന്നിവയാണിവ. സംസ്ഥാനത്തിന്റെ വരുമാനം കണ്ടെത്തുന്നതിനായി ചില പ്രത്യേക മേഖലകളിൽ നികുതിചുമത്താനുള്ള അധികാരം സംസ്ഥാനങ്ങൾക്കുണ്ട്. വ്യവസ്ഥകൾ പാലിച്ചുകൊണ്ട് ഇതിനാവശ്യമായ ധനകാര്യനയം രൂപപ്പെടുത്താനും സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. ഉദാഹരണത്തിന്, വിൽപ്പന നികുതി നിരക്കുകൾ തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം സംസ്ഥാനങ്ങൾക്കായിരുന്നു. ആ സ്വാതന്ത്ര്യം വെട്ടിക്കുറയ്ക്കാനാണ് വാറ്റ് ശ്രമിച്ചത്. എന്നാൽ ഒരു നിരക്ക് എല്ലാ സംസ്ഥാനങ്ങളും അംഗീകരിക്കണം എന്ന നിബന്ധന വാറ്റ് മുന്നോട്ടുവച്ചില്ല. എന്നാൽ ജിഎസ്ടിയിലൂടെ സംസ്ഥാനങ്ങളുടെ ഈ സുപ്രധാനമായ അധികാരം കേന്ദ്ര ഗവൺമെന്റ് തട്ടിയെടുത്തിരിക്കുകയാണ്.
രണ്ടാമതായി, ജിഎസ്ടി പ്രാപ്യസ്ഥാനത്തെ ആധാരമാക്കിയുള്ള നികുതി സമ്പ്രദായമാണ്. അതായത്, അവസാന ഉപഭോഗം നടക്കുന്ന സ്ഥലത്താണ് ചരക്കുകൾക്കും സേവനങ്ങൾക്കും നികുതി ചുമത്തപ്പെടുന്നത്. ഉത്ഭവസ്ഥാനത്തെ ആധാരമാക്കിയുള്ള നികുതി സമ്പ്രദായമാണ് നിലവിലുണ്ടായിരുന്നത്. അതായത് ചരക്കോ, സേവനമോ ഉൽപ്പാദിപ്പിക്കപ്പെടുന്ന സ്ഥലത്താണ് നികുതി ചുമത്തിയിരുന്നത്. കുറച്ച് ഉൽപ്പാദിപ്പിക്കുകയും കൂടുതൽ ഉപഭോഗം ചെയ്യുകയും ചെയ്യുന്ന സംസ്ഥാനങ്ങളുണ്ട്. കൂടുതൽ ഉൽപ്പാദിപ്പിക്കുകയും കുറച്ച് ഉപഭോഗം ചെയ്യുകയും ചെയ്യുന്ന സംസ്ഥാനങ്ങളേക്കാൾ ഇവയ്ക്ക് ജിഎസ്ടി വരുമാനം കൂടുതലായി ലഭിക്കുന്നു. ഇത് മറ്റൊരു അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. ജിഎസ്ടി നടപ്പിലാക്കിയതുവഴി നികുതിവരുമാനത്തിൽ കുറവുവരുന്ന സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകുമ്പോൾ, ഇപ്പോൾത്തന്നെ ഉയർന്ന വിൽപ്പന നികുതിയിലുള്ള ചില ഉൽപ്പന്നങ്ങളുടെ മേൽ വീണ്ടും സെസ്സ് ചുമത്തപ്പെടുമോ എന്ന ആശങ്കയും ചില കേന്ദ്രങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്.
ജിഎസ്ടി പ്രകാരം നികുതി വരുമാനം എത്രയായിരിക്കുമെന്ന് മുൻകൂറായി കണക്കാക്കുന്നു. ഇത് വർദ്ധിപ്പിക്കാനും കഴിയില്ല. അത്തരമൊരവസ്ഥയിൽ സംസ്ഥാന സർക്കാരുകൾക്ക് പൊതുനിക്ഷേപങ്ങൾക്കാവശ്യമായ ഫണ്ട് കണ്ടെത്തുന്നതിൽ ബുദ്ധിമുട്ടനുഭവപ്പെടുകയും ഈ കുറവ് നികത്താനായി അവർ സ്വകാര്യനിക്ഷേപകരെ ആനയിക്കാൻ നിർബ്ബന്ധിതരാകുകയും ചെയ്യുമോ എന്ന പ്രശ്നവുമുണ്ട്. അതായത്, ജിഎസ്ടിക്ക് രൂപംകൊടുത്തിരിക്കുന്നത്, ഫെഡറൽ അല്ലാത്ത, ഏകാത്മകമായ രീതിയിൽ കേന്ദ്ര ഗവൺമെന്റിൽ സാമ്പത്തിക അധികാരം കേന്ദ്രീകരിക്കാൻ ഉതകുന്ന വിധത്തിലാണ് എന്ന് സ്പഷ്ടമാണ്. ഒരു മുതലാളിത്ത സംവിധാനത്തിൽ ഇവ്വിധം അധികാരം കേന്ദ്രീകരിക്കുന്നത് സമ്പദ്ഘടനയുടെ ഫാസിസവൽക്കരണത്തിലേയ്ക്ക് രാജ്യത്തെ തള്ളിനീക്കുന്ന ഒരു നടപടിയല്ലാതെ മറ്റൊന്നുമല്ല. മുതലാളിത്ത പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കുന്ന ഒറ്റമൂലിയായിരുന്നു ജിഎസ്ടി എങ്കിൽ മുതലാളിത്ത ലോകത്തിന്റെ തലവനായ അമേരിക്ക പണ്ടേ അത് നടപ്പിലാക്കുമായിരുന്നു എന്നതും പ്രസക്തമായ സംഗതിയാണ്. അമേരിക്കൻ കമ്പനികളുടെ വലുപ്പം വച്ച് നോക്കുമ്പോൾ അമേരിക്കൻ കമ്പോളം അത്ര ചിതറിയതല്ലാതിരുന്നിട്ടുകൂടി അമേരിക്കയിൽ ജിഎസ്ടി പോലെ ഏകരൂപമായ ഒരു മൂല്യവർദ്ധിത നികുതി സമ്പ്രദായം നിലവിലില്ല. അമേരിക്കയിലെ വ്യത്യസ്ത സംസ്ഥാനങ്ങൾക്ക് വ്യത്യസ്ത നിരക്കിൽ നികുതി ചുമത്താനുള്ള സ്വാതന്ത്ര്യമുണ്ട്. നികുതിയുടെ പടവുകളും ചരക്കിനും സംസ്ഥാനത്തിനുമനുസരിച്ച് മാറിക്കൊണ്ടിരിക്കും. എന്നാൽ ഫെഡറലിസത്തിന്റെ അടിസ്ഥാനത്തെപ്പോലും തുടച്ചുനീക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ജനങ്ങൾക്ക് കൂടുതൽ ദുരിതങ്ങൾ സമ്മാനിക്കാമെന്നല്ലാതെ എന്തു ഫലമാണിത് ഉളവാക്കുക? ഒരു സംസ്ഥാന സർക്കാരിന്റെ നികുതി വർദ്ധനവിനെതിരെ സമരം സംഘടിപ്പിക്കുന്നത് കേന്ദ്ര ഗവൺമെന്റിന്റെ നികുതി വർദ്ധനവിനെതിരെ സമരം വളർത്തിയെടുക്കുന്നതിനേക്കാൾ താരതമ്യേന എളുപ്പമാണ് എന്ന കാര്യവും മനസ്സിലാക്കണം.
മുതലാളിമാർ ജിഎസ്ടിയെ വാഴ്ത്തുന്നു
ദരിദ്രർ പരിഭ്രാന്തിയിൽ
ജിഎസ്ടി നമ്മുടെ സമ്പദ്ഘടനയുടെ സന്തുലിതാവസ്ഥ ഇല്ലാതാക്കിയിരിക്കുകയാണ്. സാധാരണജനങ്ങളും ചെറുകിട-ഇടത്തരം കച്ചവടക്കാരും ബിസിനസ്സുകാരും ഒരു പോലെ ഭീതിയിലാണ്. വിലയുടെ കാര്യത്തിലുള്ള അനിശ്ചിതത്വവും മറ്റും മൂലം മരുന്നുകളുൾപ്പെടെയുള്ള പല സാധനങ്ങളും കമ്പോളത്തിൽ ഇപ്പോൾ ലഭ്യമല്ല. നോട്ട് പിൻവലിച്ച സമയം മുതലുണ്ടായ ആശയക്കുഴപ്പമാണ് എങ്ങും. ഈ അനിശ്ചിതാവസ്ഥ മുതലെടുത്ത് പല ഉൽപ്പാദകരും വ്യാപാരികളും സേവന ദാതാക്കളുമൊക്കെ അവർക്ക് തോന്നുംപോലെ ജിഎസ്ടി ഈടാക്കുകയാണ്. ഇത്രത്തോളം തയ്യാറെടുപ്പില്ലായ്മയും അനിശ്ചിതത്വവും നിലനിൽക്കുന്നുണ്ടെങ്കിൽ, ഇത് നടപ്പിലാക്കാൻ ബിജെപി ഗവൺമെന്റ് ഇത്ര വെപ്രാളം കാണിച്ചതെന്തിനാണ് എന്നതാണ് വ്യക്തമാക്കേണ്ടത്. ഇന്ത്യൻ മുതലാളിവർഗ്ഗത്തിന്റെ ആകമാന താൽപ്പര്യം കണക്കിലെടുത്തുള്ള പരിഷ്ക്കരണമാണിത് എന്നതാണ് ഉത്തരം. മരണാസന്നമായ ഇന്ത്യൻ മുതലാളിത്ത വ്യവസ്ഥ അത് നേരിടുന്ന, മറിക്കടക്കാനാകാത്ത പ്രതിസന്ധിയുടെ ഭാരം പലവിധ തന്ത്രങ്ങളിലൂടെ ജനങ്ങളുടെ ചുമലിലേയ്ക്ക് ഇറക്കിവച്ചുകൊണ്ട് ആയുസ്സ് നീട്ടിയെടുക്കാനായി ഭ്രാന്തമായ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. വളരെ മുമ്പേ ബിജെപി ഗവൺമെന്റും കോൺഗ്രസ്സ് ഗവൺമെന്റും തങ്ങളുടെ യജമാനന്മാരെ തൃപ്തിപ്പെടുത്താനായി ജിഎസ്ടി നടപ്പിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ കമ്പോളത്തിൽ പല വമ്പന്മാർ വിളയാടുന്ന സ്ഥിതി, വരുമാനം പങ്കിടുന്നത് സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കം തുടങ്ങി പലകാരണങ്ങൾക്കൊണ്ടും ഇത് നടപ്പിലാക്കാനായില്ല. എന്നാൽ, മുതലാളിവർഗ്ഗത്തെ സംബന്ധിച്ചിടത്തോളം ഇത് ഇനിയും നീട്ടിവയ്ക്കാനാവില്ല എന്ന സ്ഥിതിയാണ്. ആഭ്യന്തര-വിദേശകുത്തകകളുടെ താൽപ്പര്യാർത്ഥം സാമ്പത്തിക-രാഷ്ട്രീയാധികാരം ഭരണകൂടത്തിൽ കേന്ദ്രീകരിക്കുന്നതിനെ ത്വരിതപ്പെടുത്തുകയെന്ന ഹീനമായ അജണ്ട ഇതിന്റെ ഭാഗമാണെന്ന കാര്യം നേരത്ത ചർച്ച ചെയ്തല്ലോ. മുകേഷ് -അനിൽ അംബാനിമാർ, രത്തൻ ടാറ്റ, ആദിത്യബിർള, ഗൗതംസിംഘാനിയ തുടങ്ങിയ വമ്പൻ വ്യവസായികളും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്റ് ഇൻഡസ്ട്രീസും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഐഎംഎഫ് പോലുള്ളവരുമൊക്കെ ജിഎസ്ടി നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുകയും അതിന്റെ പിന്നിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നതിൽനിന്നുതന്നെ ഇത് വ്യക്തമാണ്. ഇവർ ആവശ്യപ്പെട്ട, ഇവർ വാഴ്ത്തുന്ന പരിഷ്ക്കരണം മർദ്ദിത ജനതയ്ക്ക് ഗുണം ചെയ്യുമെന്ന് കരുതാൻ എന്തെങ്കിലും ന്യായമുണ്ടോ?
ഈ സാമ്പത്തികാക്രമണത്തെ
ജനങ്ങൾ ചെറുക്കുക
ഇത്തരമൊരാക്രമണത്തിനുമുന്നിൽ തലകുനിച്ച്, തങ്ങളെ ഇനിയും തകർക്കാൻ ജനങ്ങൾ അനുവദിച്ചുകൂടാ. വർദ്ധിച്ചുവരുന്ന സാമ്പത്തികാക്രമണങ്ങളെ ചെറുക്കാനായി ജനങ്ങൾ ഉണർന്നെണീക്കണം. ഒറ്റക്കെട്ടായി നിന്ന് സധൈര്യം നേരിടണം. അല്ലാത്തപക്ഷം ഭരണമുതലാളിവർഗ്ഗവും അവർക്ക് ദാസ്യപ്പണി ചെയ്യുന്ന പാർട്ടികളും ഗവണ്മെന്റുകളും ലക്കുംലഗാനുമില്ലാതെ, ക്രൂരമായി, ഏകാധിപത്യപരമായി ജനങ്ങൾക്കുമേൽ ആക്രമണമഴിച്ചുവിട്ട് നിലംപരിശാക്കും. അതിനാൽ നന്നായി കാര്യങ്ങൾ മനസ്സിലാക്കിത്തരാനും നിലനിൽക്കുന്ന ചൂഷണ മുതലാളിത്ത വ്യവസ്ഥയുടെ സ്വഭാവം, പ്രവർത്തനരീതി, ഹീനലക്ഷ്യങ്ങൾ എന്നിവയെയൊക്കെ സംബന്ധിച്ച് ശരിയായ ലക്ഷ്യത്തിലേയ്ക്ക് സമരങ്ങളെ നയിക്കാനും കഴിയുന്ന ശരിയായ വിപ്ലവ നേതൃത്വത്തിനുകീഴിൽ ജനങ്ങൾ അണിനിരക്കണം.