ബഹുഭൂരിപക്ഷത്തിനും അവസരം നിഷേധിക്കുന്ന മെഡിക്കൽ ഫീസ് വർദ്ധനവിനെ ചെറുക്കുക

Share

എംബിബിഎസ് ഫീസ് കുത്തനെ ഉയർത്തിയതിലൂടെ സംസ്ഥാന സർക്കാർ സാധാരണക്കാർക്കും പാവപ്പെട്ടവർക്കുമെതിരായി വീണ്ടുമൊരു പ്രഹരംകൂടി നടത്തിയിരിക്കുന്നു. മെഡിക്കൽ ഫീസ് ഏകീകരിക്കുന്നുവെന്ന പേരിൽ കഴിഞ്ഞ വർഷം വാങ്ങിയതിനെക്കാൾ ഇരട്ടിയിലധികം ഫീസ് ഏർപ്പെടുത്തിക്കൊണ്ടാണ് പിണറായി സർക്കാർ സ്വാശ്രയമുതലാളിമാരോടൊപ്പമാണെന്ന് ഒരിയ്ക്കൽ കൂടി തെളിയിച്ചത്. കേന്ദ്ര ബിജെപി സർക്കാർ കൊണ്ടുവന്ന കേന്ദ്രീകൃത ദേശീയ പ്രവേശന പരീക്ഷയുടെ (നീറ്റ്) മറയിലാണ് സ്വാശ്രയ മെഡിക്കൽ മാനേജ്‌മെന്റുകൾക്ക് കുത്തിക്കവർച്ച നടത്താൻ സർക്കാർ അവസരം ഒരുക്കിയത്.
സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പ്രവേശനം ലഭിക്കുന്ന എല്ലാ വിദ്യാർത്ഥികളും ഇനി മുതൽ മെറിറ്റ് വിദ്യാർത്ഥികളാണെന്നും അങ്ങനെ ആയതിനാൽ എല്ലാവരും ഇനിമുതൽ ഉയർന്ന ഏകീകൃത ഫീസായ അഞ്ചരലക്ഷം രൂപാ വീതം വർഷാവർഷം നൽകണമെന്നുമാണ് ഫീ നിയന്ത്രണ, മേൽനോട്ട സമിതിയുടെ ഉത്തരവിൽ പറയുന്നത്. കഴിഞ്ഞ വർഷം മെറിറ്റ് വിദ്യാർത്ഥികൾ രണ്ടര ലക്ഷം രൂപയാണ് നൽകിയിരുന്നത്. ദാരിദ്ര്യരേഖയ്ക്ക് താഴെക്കഴിയുന്ന വിദ്യാർത്ഥികൾക്ക് ഫീസാനുകൂല്യവും ലഭിച്ചിരുന്നു. അവർ 25,000 രൂപ മാത്രം അടച്ചാൽ മതിയായിരുന്നു. എന്നാൽ ഇനി മുതൽ ദേശീയ പരീക്ഷ എഴുതുന്നുവെന്ന ഒരൊറ്റ കാരണത്താൽ ദരിദ്ര രേഖയ്ക്കുതാഴെയുള്ള വിദ്യാർത്ഥികളും അഞ്ചരലക്ഷം രൂപാവീതം പ്രതിവർഷം ഫീസടയ്ക്കണം. അഞ്ച് വർഷത്തേക്ക് 27.5 ലക്ഷം രൂപയാണ് അവർ ആകെ ഒടുക്കേണ്ടിവരുന്നത്. ഇത്രയും ഭീമമായ ഒരു തുക അടയ്ക്കാൻ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് മാത്രമല്ല, ദാരിദ്രരേഖയ്ക്ക് മുകളിലാണെന്ന് സർക്കാർ മുദ്ര കുത്തിയിട്ടുളള സാധാരണക്കാർക്കും സാധ്യമാകുന്ന കാര്യമാണോ? വിദ്യാഭ്യാസ വായ്പയെടുക്കേണ്ടി വന്നാൽ അവർ വീടും പറമ്പുമെല്ലാം പണയപ്പെടുത്തേണ്ട സാഹചര്യമുണ്ടാകും.
എൻആർഐ ക്വാട്ടയിൽ അഞ്ച് ലക്ഷം രൂപ വർദ്ധിപ്പിച്ച് വാർഷിക ഫീസ് 20 ലക്ഷമാക്കി ഉയർത്തിക്കൊടുത്തിരിക്കുന്നു. അതിലൂടെ കേരളത്തിലെ സ്വാശ്രയ മാനേജുമെന്റുകൾക്ക് ഓരോ മാസവും 77 ലക്ഷം രൂപ വീതം അധികമായി ലഭിക്കും. കഴിഞ്ഞ വർഷത്തെ ഫീസ് അനുസരിച്ചാണെങ്കിൽ ക്രിസ്ത്യൻ കാത്തലിക് മാനേജ്‌മെന്റ് അസോസിയേഷനിലെ അംഗ സ്ഥാപനങ്ങൾക്കാകട്ടെ 2.13 കോടിരൂപ വീതം അധികം ലഭിക്കുന്ന ഫീസ് ഘടനയാണിത്. 100 സീറ്റുകളുള്ള സ്വാശ്രയകോളേജിന് പുതിയ വർദ്ധനയനുസരിച്ച് 8 കോടിയോളം രൂപ ഫീസിനത്തിൽ മാത്രം പ്രതിവർഷം ലഭിക്കും.

മെഡിക്കൽ വിദ്യാഭ്യാസത്തെ ചെലവേറിയതാക്കി മാറ്റുകയും സാധാരണക്കാരെ പുറത്താക്കുകയും ചെയ്യുന്ന അങ്ങേയറ്റം ജനദ്രോഹ വിദ്യാഭ്യാസ നയമാണ് യുഡിഎഫിനെ വെല്ലുന്ന വിധത്തിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കുന്നത്. 27.5 ലക്ഷംരൂപ ഫീസ് കൊടുക്കാൻ നിർവ്വാഹമില്ലാത്തവർ ഡോക്ടറാകാനുള്ള സ്വപ്നം ഉപേക്ഷിക്കണമെന്നാണ് ഉയർന്ന ഫീസ് വർദ്ധനയിലൂടെ സർക്കാർ നൽകുന്ന സന്ദേശം. ദേശീയ പ്രവേശന പരീക്ഷയിലെ റാങ്ക് പട്ടികയിൽ നിന്ന് പ്രവേശനം നടത്തേണ്ടി വരുന്നതിനാൽ ഏകീകൃത ഫീസ് ഘടനയല്ലാതെ മറ്റ് പോംവഴികളില്ലായെന്നാണ് സംസ്ഥാന സർക്കാർ വാദിക്കുന്നത്.
ഏകീകൃത ഫീസ് ഘടനയെന്നു പറഞ്ഞാൽ അതിന്റെയർത്ഥം ഉയർന്ന മാനേജ്‌മെന്റ് ഫീസ്, മെറിറ്റ് സീറ്റിൽ ഏർപ്പെടുത്തണമെന്നാണോ? അതോ ദേശീയ പ്രവേശന പരീക്ഷയിലൂടെ അഡ്മിഷന് ഏതെങ്കിലും അളവിൽ മെറിറ്റ് പാലിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ, ആ സന്ദർഭം ഉപയോഗിച്ചു മെറിറ്റ് ഫീസിലേയ്ക്കു ഏകീകരിക്കുകയല്ലേ ഒരു ഇടതുസർക്കാർ ചെയ്യേണ്ടിയിരുന്നത്? മെറിറ്റ് സീറ്റെന്നു പറഞ്ഞാൽ കുറഞ്ഞപക്ഷം മെറിറ്റിൽ നിലവിലുള്ള ഫീസിൽ പഠിക്കാൻ 85 ശതമാനം വിദ്യാർത്ഥികൾക്കെങ്കിലും അവസരം ഉറപ്പാക്കാൻ കഴിയുമായിരുന്നല്ലോ. അതിനു പകരം, മാനേജ്‌മെന്റ് ക്വാട്ടയിലെ ഫീസിനെക്കാൾ ഉയർന്ന ഫീസ് രൂപപ്പെടുത്തി വിദ്യാർത്ഥികളെ കൊള്ളയടിക്കാൻ പിണറായി സർക്കാർ ഗൂഡാലോചന നടത്തുകയാണ് ചെയ്തത്.

മെഡിക്കൽ ക്ലീനിക്കൽ പി.ജി.സീറ്റുകളിൽ 6 ലക്ഷം രൂപയായിരുന്നത് ഒറ്റയടിക്ക് 14 ലക്ഷമാക്കി വർദ്ധിപ്പിച്ചുകൊടുത്ത സർക്കാർ, സ്വകാര്യ സ്വാശ്രയമാനേജുമെന്റുകളുടെ ഏറ്റവും അടുത്ത സുഹൃത്താണെന്ന് തുടക്കത്തിലെ തെളിയിച്ചിരുന്നു. ഇപ്പോൾ നഗ്നമായ വിധത്തിൽ, മാനേജ്‌മെന്റുകൾക്കു വേണ്ടി വൈദ്യശാസ്ത്ര വിദ്യാഭ്യാസ രംഗത്ത് നിന്ന് സാധാരണക്കാരെ പുറത്താക്കാൻ ഒത്താശ ചെയ്യുന്നു. അതു വഴി യഥാർത്ഥ മെറിറ്റിന്റെ സ്ഥാനത്ത് പണത്തെ മെറിറ്റിന്റെ മാനദണ്ഡമാക്കുകയും ചെയ്തിരിക്കുന്നു.
സ്വകാര്യ സ്വാശ്രയകോളേജുകളുടെ കാര്യത്തിൽ മാത്രമല്ല, പരിയാരം ഉൾപ്പെടെയുള്ള സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജുകളിലും ഉയർന്ന ഫീസ് തന്നെയാണ് വാങ്ങുന്നത്. അപ്പോൾ, വിദ്യാഭ്യാസ രംഗത്തെ ഏറ്റവും വലിയ കച്ചവടക്കാരൻ സംസ്ഥാന സർക്കാരെന്ന് തെളിയുന്നു. വൈദ്യശാസ്ത്രത്തിന്റെ എല്ലാ നീതിബോധവും ഇവിടെ ബലികഴിക്കപ്പെടുന്നു. ആരോഗ്യരംഗത്ത് ഇത് വമ്പിച്ച പ്രത്യാഘാതങ്ങൾക്ക് വഴി മരുന്നിടും. ജനങ്ങളുടെ ജീവൻപോലും പന്താടപ്പെടുന്ന ആരോഗ്യ ചികിത്സാവ്യവസ്ഥയായിരിക്കും സംസ്ഥാനത്ത് സൃഷ്ടിക്കപ്പെടുക.
സർക്കാർ മെഡിക്കൽ കോളേജുകൾ കൂടുതലായി ആരംഭിക്കാനുള്ള മുൻ യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തെപ്പോലും (അത് നടപ്പാക്കുന്നതിൽ യുഡിഎഫ് സർക്കാർ കാട്ടിയ ആത്മാർത്ഥതയില്ലായ്മ കാണാതിരിക്കുന്നില്ല) എൽഡിഎഫ് സർക്കാർ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് അട്ടിമറിക്കുകയായിരുന്നു. സ്വകാര്യ സ്വാശ്രയ കച്ചവടത്തെ മെഡിക്കൽ രംഗത്ത് പ്രോത്സാഹിപ്പിക്കാനുളള ഇടതു സർക്കാരിന്റെ വിപൽക്കരമായ നയങ്ങൾ തിരുത്താൻ സന്നദ്ധമാകുന്നില്ലെങ്കിൽ, അതിന്റെ ഫലം വൻ ദുരന്തമായിരിക്കും. സർക്കാർ മെഡിക്കൽ കോളേജുകൾ ആരംഭിക്കുക, സ്വാശ്രയ കച്ചവട വിദ്യാഭ്യാസം മെഡിക്കൽ രംഗത്ത് ഒഴിവാക്കുക എന്നീ ജനകീയ ആവശ്യങ്ങൾ ശക്തമായി ഉയർത്തിക്കൊണ്ടുവരാൻ പൊതു സമൂഹവും മെഡിക്കൽ കമ്മ്യൂണിറ്റിയും ഒത്തൊരുമിച്ച് മുന്നോട്ടു വരേണ്ടിയിരിക്കുന്നു.ആരോഗ്യ വിദ്യാഭ്യാസത്തെ കഴുത്തറുപ്പൻ കച്ചവട ശക്തികളിൽ നിന്ന് മോചിപ്പിക്കാൻ അതല്ലാതെ മറ്റൊരു പോംവഴിയും അവശേഷിക്കുന്നില്ല.

Share this post

scroll to top