അച്ഛേദിൻ പോലുള്ള ആകർഷകമായ മുദ്രാവാക്യങ്ങളുയർത്തിക്കൊണ്ടാണ് ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തിയത്. വിദേശ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം കണ്ടുകെട്ടുമെന്നും പാവപ്പെട്ടവർക്ക് 15ലക്ഷം രൂപവീതം നൽകുമെന്നുമൊക്കെയുള്ള വാഗ്ദാനങ്ങൾ തെരഞ്ഞെടുപ്പ് തന്ത്രമായിരുന്നു എന്നുപറഞ്ഞ് ബിജെപി നേതാക്കൾ തള്ളിക്കളഞ്ഞു. ഇപ്പോൾ മുഴക്കുന്ന വാഗ്ദാനങ്ങളും പൊലിമ നഷ്ടപ്പെട്ട് തനിനിറം പ്രകടമാക്കിത്തുടങ്ങിയിരിക്കുന്നു. യഥാർത്ഥത്തിൽ ജനങ്ങളുടെ ചങ്കിൽ തറയ്ക്കുന്ന പ്രഹരങ്ങളാണ് അനുദിനം ബിജെപി ഗവണ്മെന്റിൽനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
‘അച്ഛേദിൻ’ അല്ല സർവ്വനാശം
കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകൾ കാർഷിക വായ്പകൾ എഴുതിത്തള്ളുന്നതായി വാചകക്കസർത്തുനടത്തുമ്പോൾ കടക്കെണിയിലായ കർഷകരുടെ ആത്മഹത്യകൾ അനന്തമായി തുടരുകയാണ്. അനേകം നൂലാമാലകൾ കാരണം ദരിദ്ര കർഷകർക്കുമാത്രമല്ല, ഇടത്തരം കർഷകർക്കുപോലും, വായ്പ എഴുതിത്തള്ളലിന്റെ ആനുകൂല്യം ലഭിക്കുന്നില്ല. ഇതിനുപുറമെയാണ് മദ്ധ്യപ്രദേശിലെ മന്ദ്സോറിലും മറ്റും സമരംചെയ്ത കർഷകരെ വെടിവച്ചുകൊല്ലുന്ന സ്ഥിതിയുണ്ടായത്. കടം എഴുതിത്തള്ളണമെന്നും ഉല്പന്നങ്ങൾക്ക് താങ്ങുവില ഏർപ്പെടുത്തണമെന്നുമുള്ള ഡിമാന്റുകളാണ് കർഷകർ ഉയർത്തിയത്. മഹാരാഷ്ട്രയിൽ കർഷകർ നടത്തിയ ദ്വിദിന ബന്ദും തമിഴ്നാട് കർഷകർ ഡൽഹിയിൽ നടത്തിയ 40 ദിവസം നീണ്ടുനിന്ന ധർണയുമൊക്കെ സമാനമായ ഡിമാന്റുകളുയർത്തിയുള്ളതായിരുന്നു. ഉത്തർപ്രദേശ്, ഗുജറാത്ത്, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങി പല സംസ്ഥാനങ്ങളിലും കർഷകർ സമര പാതയിലാണ്. മിക്കവയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. കഴിഞ്ഞ സാമ്പത്തികവർഷം വൻകിട വ്യവസായികൾക്ക് 9 ലക്ഷം കോടി രൂപ നികുതിയിളവും ആനുകൂല്യങ്ങളുമായി നൽകിയ ഗവണ്മെന്റും അവരുടെ കുഴലൂത്തുകാരും, കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുന്നത് സമ്പദ്ഘടനയ്ക്ക് ദോഷകരമാകുമെന്ന് വിലപിക്കുന്നു. രാജ്യത്തിന്റെ നട്ടെല്ലായ കർഷകജനതയ്ക്ക് ബിജെപി ഭരണം സമ്മാനിച്ച ‘അച്ഛേദിൻ’ ഇതൊക്കെയാണ്.
‘എല്ലാവർക്കുമൊപ്പം’ എന്നൊക്കെയുള്ള പുതിയ മുദ്രാവാക്യങ്ങളുമായി അവർ വീണ്ടും പ്രത്യക്ഷപ്പെടുകയാണ്. കർഷകർ മാത്രമല്ല വാഗ്ദാനങ്ങളുടെ കുളിർമഴയാൽ വശീകരിക്കപ്പെട്ടത്. ദരിദ്രരും ഇടത്തരക്കാരുമെല്ലാം കപടവാഗ്ദാനങ്ങളിൽ വശംവദരായി. കള്ളപ്പണത്തിനും അഴിമതിക്കും അന്ത്യം കുറിക്കാനെന്നപേരിൽ അർദ്ധരാത്രിയിൽ പ്രഖ്യാപിക്കപ്പെട്ട നോട്ടുപിൻവലിക്കലും ഡിജിറ്റൽ യുഗത്തിലേയ്ക്ക് വാതിൽ തുറക്കുന്ന പ്രഖ്യാപനങ്ങളും നികുതിയുടെ പെരുക്കങ്ങൾ ഒഴിവാക്കാനെന്നോണം ‘മഹാമനസ്കത’ യോടെ അവതരിച്ച ജിഎസ്ടിയുമൊക്കെ ഇതിൽപ്പെടും. ഫലമോ! നോട്ടുപിൻവലിക്കൽ നൂറിലേറെപ്പേരുടെ ജീവനെടുത്തു. എത്രയേറെ പാവങ്ങൾ ഈ ക്രൂരതയ്ക്കിരയായി എന്ന് ആര് അന്വേഷിക്കാൻ? എന്നിട്ടും കള്ളപ്പണവും അഴിമതിയും ഇപ്പോഴും അരങ്ങ് തകർക്കുന്നു. ഡിജിറ്റൽ ഇടപാടുകളിലെ തട്ടിപ്പും നാഥനില്ലാ സ്ഥിതിയും മാത്രമല്ല, എല്ലാം ആധാറുമായി ബന്ധിപ്പിക്കുന്ന നടപടിയും പുരോഗമിക്കുകയാണ്. ഗവണ്മെന്റിന്റെയോ ഉദ്യോഗസ്ഥ സംവിധാനത്തിന്റെയോ പക്കലുള്ള വ്യക്തിസംബന്ധമായ വിവരങ്ങൾ അനഭിമതരെ കൈകാര്യം ചെയ്യാൻ ഉപയോഗിക്കാം എന്നതാണ് ഏറ്റവും അപകടകരം. ആരെവേണമെങ്കിലും ഇതുവഴി ഉന്നംവയ്ക്കാം. ഏത് എതിർശബ്ദവും അമർച്ച ചെയ്യാം. രാജ്യത്തിനാകെ ബാധകമായ ഏകനികുതി സമ്പ്രദായം എന്നനിലയിൽ ജിഎസ്ടി അവതരിപ്പിക്കപ്പെട്ടതും തട്ടിപ്പാണ്. ഇതിന്റെ സങ്കീർണ്ണമായ പ്രക്രിയയിൽ, പല തലങ്ങളിൽ പലവിധ നികുതികൾ ഇപ്പോഴും തുടരുന്നു. ഇത് വലിയ വിലക്കയറ്റത്തിനും ചെറുകിട-ഇടത്തരം ബിസിനസുകാരുടെ മുതൽമുടക്ക്ചെലവ് വർദ്ധനയ്ക്കും ഇടയാക്കുന്നു. അതുകൊണ്ടാണ് ബിജെപിയുടെ ശക്തമായ വോട്ടുബാങ്കായ, പ്രധാനമന്ത്രിയുടെ സ്വന്തം തട്ടകമായ ഗുജറാത്തിൽ ജിഎസ്ടിക്കെതിരെ വലിയ സമരമുണ്ടായത്. ബിസിനസുകാർ പൊതുവിലും ടെക്സ്റ്റൈൽ രംഗത്തുള്ളവർ വിശേഷിച്ചും വലിയ പ്രതിഷേധമുയർത്തി. തൊഴിലാളികളും ഇതിന്റെ പിടിയിൽനിന്ന് മുക്തരല്ല. തൊഴിലാളികളെ നിശബ്ദരാക്കാനായി തൊഴിൽ നിയമങ്ങൾ ഒന്നൊന്നായി ഭേദഗതി ചെയ്യുകയാണ്. പ്രതിഷേധിക്കുന്നവരെ ക്രൂരമായി അടിച്ചമർത്തുന്നു. കഠിന പ്രയത്നങ്ങളിലൂടെ നേടിയ തൊഴിലവകാശങ്ങളെല്ലാം തിരിച്ചുപിടിക്കുകയാണ്. തൊഴിൽനഷ്ടം, വ്യാപകമാകുന്ന തൊഴിലില്ലായ്മ, അവശ്യസാധനങ്ങളുടെ വിലക്കയറ്റം, വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും മറ്റുമുള്ള ചെലവുകളിലെ ഭീമമായ വർദ്ധന തുടങ്ങിയവയൊക്കെ യാതൊരു നിയന്ത്രണവുമില്ലാതെ കുതിച്ചുപായുകയാണ്. ഇവിടെയൊരു ഗവണ്മെന്റുണ്ടോ എന്നുപോലും സംശയിച്ചുപോകുന്ന അവസ്ഥ!
കുത്തകകളുടെയും കോർപ്പറേറ്റുകളുടെയും കാര്യസ്ഥനായി ബിജെപി സർക്കാർ
തീർച്ചയായും ഇവിടെ ഗവണ്മെന്റുണ്ട്. കുത്തകകളുടെയും കോർപ്പറേറ്റുകളുടെയും കാര്യസ്ഥൻ എന്നനിലയിലാണ് അത് പ്രവർത്തിക്കുന്നത്. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള പ്രമുഖ രാഷ്ട്രീയ പാർട്ടികൾ, ഉദ്യോഗസ്ഥ പ്രമാണിമാർ, പോലീസ് ഉൾപ്പെടെയുള്ള ഭരണസംവിധാനം, ഉന്നതനീതിപീഠങ്ങൾ, പട്ടാളം, ആനുകൂല്യങ്ങൾ പറ്റുന്ന പ്രബലർ തുടങ്ങിയവരൊക്കെ ഈ കോർപ്പറേറ്റുകളുടെ രക്ഷയ്ക്ക് എപ്പോഴും ഓടിയെത്തുന്നു. അതുകൊണ്ടാണ് ഓരോ നയവും ജനങ്ങളുടെ കണ്ണുകളെ ഈറനണിയിക്കുമ്പോൾ കുത്തകകളും അവരുടെ ഒത്താശക്കാരും അതിനെ സ്വാഗതം ചെയ്യുന്നത്. സാധനങ്ങളുടെയും സേവനങ്ങളുടെയും വില ഉയരുമ്പോൾ, അതായത്, ജനങ്ങളുടെ നഷ്ടം പെരുകുമ്പോൾ, കുത്തകകളുടെ ലാഭം അത്രകണ്ട് വർദ്ധിക്കുകയാണ്. അവർ വീടിനുമുകളിൽ ഹെലിപ്പാട് പണിയുന്നതിലും ലോകത്തെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ ഇടംപിടിക്കുന്നതിലുമൊക്കെയാണ് ശ്രദ്ധ ചെലുത്തുന്നത്.
തത്വദീക്ഷയില്ലാത്ത രാഷ്ട്രീയം മുതലാളിത്ത വ്യവസ്ഥിതിക്ക് വിടുപണിചെയ്യുന്നു
സമ്പദ്ഘടനയാണ് രാഷ്ട്രത്തിന്റെ അടിത്തറ. അത് ആരെ സേവിക്കുന്നു, ആർക്കുവേണ്ടി പരിഷ്കാരങ്ങൾ വരുത്തുന്നു എന്നതാണ് പ്രശ്നം. ഉപരിഘടനയായ രാഷ്ട്രീയ സംവിധാനം ദൈനംദിനമുള്ള, അല്ലെങ്കിൽ വർഷംതോറുമുള്ള അതിന്റെ പ്രവർത്തനങ്ങളെ നിർണയിക്കുന്നു. അവകാശങ്ങളെല്ലാം എല്ലാവർക്കുമുള്ളതല്ല. അതൊക്കെ ചിലർക്കുമാത്രം പ്രാപ്യമായിട്ടുള്ളതാണ്. സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനുനേരെ മാരകമായ ഭീഷണിയാണ് ഉയരുന്നത്. പുരോഗമനപരമായി ചിന്തിക്കുന്നവർ പട്ടാപ്പകൽ അരുംകൊല ചെയ്യപ്പെടുന്നു. എതിർക്കാൻ ധൈര്യപ്പെടുന്നവരെ ഭീതിയിലാഴ്ത്താനും നിഷ്ക്രിയരാക്കാനും ലക്ഷ്യംവച്ചുള്ള നീക്കമാണിത്. ബ്രിട്ടീഷ് വാഴ്ചക്കാലത്ത് ദേശീയ പ്രസ്ഥാനത്തെ പരസ്യമായി എതിർത്തവരാണ് ആർഎസ്എസും സംഘപരിവാരങ്ങളും. ഇന്ന് പ്രതിയോഗികളെ കൈകാര്യം ചെയ്യാൻ അവർ ആരോപിക്കുന്നത് ദേശവിരുദ്ധതയാണ്. പശുസംരക്ഷകരുടെ വേഷംകെട്ടിയ ആൾക്കൂട്ടത്തിന്റെ ആക്രമണങ്ങൾക്കുമുന്നിൽ ഭക്ഷണം തെരഞ്ഞെടുക്കാനുള്ള അവകാശംപോലും തട്ടിത്തെറിപ്പിക്കപ്പെടുന്നു. ഗോഹത്യ നിരോധിക്കണമെന്നും പശുവിനെ വിൽക്കാൻ പാടില്ലെന്നുമുള്ള ആർഎസ്എസ് മേധാവിയുടെ ആജ്ഞകളും അതിനനുസരിച്ച് ബിജെപി ഗവണ്മെന്റ് പാസാക്കുന്ന നിയമങ്ങളും ജനങ്ങൾക്ക് വലിയ ഭീഷണിയായിമാറുന്നു. വിമർശനങ്ങൾ അവഗണിക്കാൻ കഴിയാതായപ്പോഴാണ് അസഹിഷ്ണുതയ്ക്കെതിരെ ഉരിയാടാൻ പ്രധാനമന്ത്രി തയ്യാറായത്. എന്നിട്ടും, നിയമാനുസൃതം കന്നുകാലികളെ വില്പന നടത്തുന്നവർക്കുമേൽ പോലും ക്രൂരമായ ആക്രമണങ്ങൾ ഉണ്ടായി. പ്രതിയോഗികളായ വിദ്യാർത്ഥി സംഘടനകൾ, സമരം ചെയ്യുന്ന തൊഴിലാളികൾ, കർഷകർ, ജീവനക്കാർ എന്നിവരൊക്കെ അടിച്ചമർത്തലിന് ഇരയായിക്കൊണ്ടിരിക്കുന്നു. രാജ്യത്തെ പ്രമുഖമായ സ്ഥാപനങ്ങളുടെ നിയന്ത്രണം ആർഎസ്എസ്കാരെ ഏല്പിച്ചുകൊടുക്കുന്ന സ്ഥിതിയിൽ എത്തിയിരിക്കുന്നു കാര്യങ്ങൾ. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലും അക്കാഡമിക് സ്ഥാപനങ്ങളിലും നീതിന്യായ രംഗത്തും സംസ്ഥാന ഭരണതലത്തിലും ഒക്കെ ഇതാണ് സ്ഥിതി. എന്തിന്, രാജ്യത്തിന്റെ രാഷ്ട്രപതിയെ നിശ്ചയിക്കുന്നതിലും ഈ സമീപനംതന്നെ പിന്തുടർന്നു. ജനാധിപത്യത്തെക്കുറിച്ച് കൊട്ടിഘോഷിച്ചുകൊണ്ടുതന്നെ തെരഞ്ഞെടുപ്പുകളിൽ കൃത്രിമം അരങ്ങേറുന്നു. കുത്തകകളും അവർ നിയന്ത്രിക്കുന്ന മാദ്ധ്യമങ്ങളും മാഫിയ സംഘങ്ങളും ഭരണപരമായ നിഷ്പക്ഷത കാറ്റിൽ പറത്തുന്ന ഭരണ സംവിധാനവുമൊക്കെ ഇതിനായി ഒത്താശ ചെയ്യുന്നു. പ്രതിയോഗികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭരണം പിടിക്കാനായി ജനപ്രതിനിധികളെ വൻതുകകൾ കൊടുത്ത് ബിജെപി വിലയ്ക്കെടുക്കുന്നു. ഇല്ലായ്മ ചെയ്യുമെന്ന് അവർ വീമ്പിളക്കിയ കള്ളപ്പണംതന്നെയാണ് ഇതിനായി ഉപയോഗിക്കുന്നത്. വഴങ്ങാത്തവരെ പലവിധ അന്വേഷണങ്ങളുടെ പേരിൽ വേട്ടയാടുന്നു. അഴിമതി മുഖമുദ്രയാക്കിയവരാണ് എല്ലാ പാർലമെന്ററി പാർട്ടിക്കാരും എന്നതിനാൽ അഴിമതിയുടെ പേരിലുള്ള അന്വേഷണം ഉപയോഗപ്പെടുത്തി ആരെയും വരുതിയിലാക്കാൻ കഴിയും. നീചമായ നേട്ടങ്ങൾക്കുവേണ്ടി ഇപ്രകാരം രാഷ്ട്രീയ എതിരാളിയെയോ ബിസിനസ് പ്രതിയോഗിയെയോ ഒക്കെ പാട്ടിലാക്കാം. ബിജെപി ഈ മാർഗമാണ് അവലംബിക്കുന്നത്. ബീഹാറിലെ പ്രതിപക്ഷഐക്യം തകർത്ത് മുഖ്യമന്ത്രി നിതീഷ്കുമാറിനെ എൻഡിഎ കൂടാരത്തിലെത്തിച്ചതും ഗുജറാത്തിലെ ചില കോൺഗ്രസ് നേതാക്കളെ ബിജെപി പാളയത്തിലെത്തിച്ചതും അതിനായി കർണാടകത്തിൽ ഗുജറാത്ത് കോൺഗ്രസ് എംഎൽഎമാർക്ക് അഭയം നൽകിയ കർണാടക മന്ത്രിക്കെതിരെ ആദായനികുതി വകുപ്പിനെക്കൊണ്ട് റെയ്ഡ് നടത്തിച്ചതും യൂണിയൻ ടെറിട്ടറിയായ പുതുച്ചേരിയിൽ മൂന്ന് എംഎൽഎമാരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരിട്ട് നാമനിർദ്ദേശം ചെയ്തതുമൊക്കെ ബിജെപി-ആർഎസ്എസ് നടത്തുന്ന തത്വരഹിതവും അധാർമികവുമായ ഇത്തരം നടപടികളുടെ ഒടുവിലത്തെ ഉദാഹരണങ്ങളാണ്.
ഇതെല്ലാം എന്തിനുവേണ്ടിയാണ്? എല്ലാ എതിർപ്പുകളെയും തുടച്ചുനീക്കി ആർഎസ്എസ്-ബിജെപി അജൻഡ തടസ്സമേതുമില്ലാതെ നടപ്പിലാക്കാൻ വേണ്ടിയാണിതെല്ലാം. ഹിന്ദുത്വവാദ അജൻഡയാണ് ഇതിലൂടെ നടപ്പിലാക്കുന്നതെന്ന് നിസ്സംശയം പറയാം. മതന്യൂനപക്ഷങ്ങളിൽ ഭാവിയെ സംബന്ധിച്ച് വർഗ്ഗീയമായ ആപൽ സന്ദേശമാണ് ഇത് നൽകുന്നത്. ഗവണ്മെന്റ് നയങ്ങൾക്കും മുതലാളിത്ത വ്യവസ്ഥയ്ക്കുമെതിരെയുള്ള ചെറുത്തുനില്പിനായി ജനങ്ങൾ ഒന്നിക്കാനുള്ള സാദ്ധ്യത പൂർണമായും ഇല്ലാതാക്കി അവരെ നെടുകെ പിളർത്തുക എന്ന ഹീനലക്ഷ്യവും ഇതോടൊപ്പമുണ്ട്. ഒരു വശത്ത് അധികാര കേന്ദ്രീകരണത്തിലൂടെ ഭരണപരമായ ഫാസിസത്തിന് പാതയൊരുക്കുകയും മറുവശത്ത് ആശങ്കയും അവിശ്വാസവും ശത്രുതയും ദൈന്യമായ നിഷ്ക്രിയത്വവും വളർത്തി ജനങ്ങളുടെ ഐക്യം പാടെ തകർക്കുകയും ചെയ്യുക എന്ന തത്വരഹിതവും അധാർമികവും വർഗീയവും കുത്തകാനുകൂലവുമായ ആർഎസ്എസ്-ബിജെപി ഹീനപദ്ധതിയാണ് ഇവിടെ വ്യക്തമാകുന്നത്. മുതലാളിമാരുടെ, കുത്തകകളുടെ ചൂഷണ വാഴ്ചയ്ക്ക് യാതൊരു പ്രതിബന്ധവുമില്ലാതെ സംരക്ഷിക്കുക എന്ന ഏക ലക്ഷ്യമാണിതിനുപിന്നിൽ. ജനങ്ങളുടെ ചോരയൂറ്റുന്ന ഈ സാമ്പത്തിക അതിക്രമങ്ങൾക്കും ഐക്യം തകർക്കുന്ന രാഷ്ട്രീയ ആക്രമണങ്ങൾക്കുമെതിരെ ശക്തവും യോജിച്ചതുമായ ജനകീയ മുന്നേറ്റം വളർത്തിയെടുക്കുകയും അതിനെ മുതലാളിത്ത ചൂഷണ വ്യവസ്ഥയ്ക്കെതിരെ തിരിച്ചുവിടുകയുമാണ് അവശ്യം വേണ്ടത്. ഇത്തരം, ജനകീയ മുന്നേറ്റങ്ങളുടെ നേതൃസ്ഥാനത്ത് ഇടതുപക്ഷാഭിമുഖ്യമുള്ള രാഷ്ട്രീയ ശക്തികൾ വന്നെങ്കിൽ മാത്രമേ ആ സമരങ്ങൾക്ക് വളർച്ചയുണ്ടാകൂ. ജനാധിപത്യ സമരങ്ങൾ വളർത്തിയെടുക്കാൻ ആത്മാർത്ഥമായി ശ്രമിക്കുന്ന യഥാർത്ഥ ഇടതുപക്ഷ ശക്തികൾക്കുമാത്രമേ ജനാധിപത്യ മൂല്യങ്ങളിലും ധാർമികതയിലും അടിയുറച്ച, വർഗീയ-വിഭാഗീയ ശക്തികൾക്കെതിരെ ഉറച്ച പ്രത്യയ ശാസ്ത്ര അടിത്തറയുള്ള സമരങ്ങൾ വികസിപ്പിച്ചെടുക്കാൻ കഴിയൂ. മുതലാളിത്ത ചൂഷണത്തിൽ ശ്വാസം മുട്ടിക്കഴിയുന്ന, വർഗ്ഗീയതയുടെയും മറ്റും ആക്രമണങ്ങൾക്കിരയായി യാതനയനുഭവിക്കുന്ന ജനങ്ങൾ ഇത്തരം ശക്തികളെ അവരുടെ താല്പര്യത്തിന്റെ സംരക്ഷകരായി തിരിച്ചറിയും. ജാതി, മതം, വംശം, ഭാഷ എന്നിവയുടെയൊക്കെ പേരിലുള്ള വിഭാഗീയ ചിന്താഗതികൾക്കതീതമായി, യഥാർത്ഥ ഇടതുപക്ഷ ആഭിമുഖ്യമുള്ള, ശക്തവും യോജിച്ചതുമായ ജനകീയ സമരങ്ങൾ വളർത്തിയെടുക്കുക എന്നതാണ് ഇന്നത്തെ അടിയന്തരാവശ്യകത.
തട്ടിക്കൂട്ട് സഖ്യങ്ങൾക്ക് ആസന്നമായ വിപത്തിനെ ചെറുക്കാനാകില്ല
ആർഎസ്എസ്-ബിജെപി ശക്തികൾ ഉയർത്തുന്ന സർവ്വതലസ്പർശിയും മാരകവുമായ ഭീഷണി നേരിടാൻ ശരിയായ പാതയിൽ സമരം സംഘടിപ്പിച്ച് അത് പടിപടിയായി വളർത്തിയെടുക്കേണ്ടതല്ലേ അനിവാര്യ കടമ? മുതലാളിവർഗ്ഗത്തിന്റെ ഒത്താശയോടെ ബിജെപി-ആർഎസ്എസ് ശക്തികൾ നടത്തുന്ന അതിക്രമങ്ങളെ നേരിടാൻ തെരഞ്ഞെടുപ്പിനുവേണ്ടി തട്ടിക്കൂട്ടുന്ന മുന്നണികൾക്ക് കഴിയുമോ? അധികാരമോഹികളും ആനുകൂല്യങ്ങൾക്ക് പിന്നാലെ പോകുന്നവരുമായ, ആദർശരഹിതരായ പാർട്ടികൾക്കും സഖ്യങ്ങൾക്കും ഇതിനുള്ള കെൽപ്പുണ്ടോ? ബിജെപിക്കെതിരെ നിലകൊള്ളുന്നു എന്നവകാശപ്പെടുന്ന പാർട്ടികളിൽ പലതും കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും അധികാരത്തിലിരുന്നുകൊണ്ട് സമാനമായ രീതിയിൽ മുതലാളിവർഗ്ഗസേവ നടത്തിയിട്ടുള്ളവരാണ്. അവരൊക്കെ എപ്പോൾ വേണമെങ്കിലും അഴിമതിയുടെയും അധികാര ദുർവിനിയോഗത്തിന്റെയുമൊക്കെ പേരിൽ വലയിൽ കുരുങ്ങാം. മിനിമം സദാചാര-ധാർമിക നിലവാരവും ഉയർന്ന ഒരു പ്രത്യയശാസത്ര അടിത്തറയുമില്ലാതെ എങ്ങനെയാണവർക്ക് ബിജെപിയെ നേരിടാനാകുക? പ്രത്യേകിച്ചും ചില അവസരവാദ നീക്കങ്ങളിലൂടെയും നടപടികളിലൂടെയും മറ്റും ബിജെപി ആക്രമണോത്സുകമായി മുന്നേറുമ്പോൾ, ഒറ്റപ്പെട്ടും ഒഴിഞ്ഞും നില്ക്കുകയോ തെരഞ്ഞെടുപ്പ് നേട്ടങ്ങൾ മുന്നിൽക്കണ്ട് വോട്ട് നേടിയെടുക്കാൻ കുറുക്കുവഴികൾ തേടുകയോ മാത്രമാണ് ഇക്കൂട്ടർ ചെയ്യുന്നത്. ഇപ്പോൾ അധികാരവും പണവും കയ്യിലുള്ള ബിജെപിയുടെ ചൂണ്ടയിൽ ഇവർ എളുപ്പം കൊത്തുന്നു എന്നതാണ് ഏറ്റവും വലിയ ഗതികേട്. അവസരം കിട്ടിയാൽ അവരും ബിജെപിയുടെ അതേ അവസരവാദ, അധാർമിക രാഷ്ട്രീയംതന്നെ പിന്തുടരും.
അറിയപ്പെടുന്ന ബൂർഷ്വാ-പെറ്റിബൂർഷ്വാ പാർട്ടികൾ മാത്രമല്ല, ദരിദ്രർക്കുവേണ്ടി നിലകൊള്ളുന്നുവെന്നും ഇടതുപക്ഷമെന്നും കമ്മ്യൂണിസ്റ്റെന്നുംവരെ അവകാശപ്പെടുന്ന, പാർലമെന്ററി രാഷ്ട്രീയം പിന്തുടരുന്ന പാർട്ടികളും അധികാരത്തിനും സ്ഥാനമാനങ്ങൾക്കുംവേണ്ടിയുള്ള ഈ രാഷ്ട്രീയത്തിൽനിന്ന് മുക്തരല്ല എന്നകാര്യം ഇവിടെ വ്യക്തമാക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഇടതെന്നവകാശപ്പെടുന്നവർ ബിജെപിയുടെ വർഗ്ഗീയ രാഷ്ട്രീയത്തെ നേരിടാനായി, കോൺഗ്രസിന്റെ വർഗ്ഗീയ നിലപാടുകളും അവരുമായി ബന്ധപ്പെട്ട വർഗീയ കലാപങ്ങളുമൊക്കെ അറിയാമായിരുന്നിട്ടുകൂടി അവരുമായ തെരഞ്ഞെടുപ്പ് കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ മടി കാണിക്കാത്തത്. വർഗീയതയ്ക്കെതിരെ യഥാർത്ഥത്തിൽ പോരാടുന്നവരാണ് ഇവരെന്ന ബോദ്ധ്യവും പ്രത്യയശാസ്ത്രപരമായ കരുത്തും ജനങ്ങളിൽ ഉണ്ടാക്കാൻ ഈ നടപടി ഉപകരിക്കുമോ? മുതലാളിവർഗ്ഗത്തെ ഏറ്റവും വിശ്വസ്തമായി ഇത്രയും കാലം സേവിച്ചത് കോൺഗ്രസ്സല്ലേ? ശരിയായ ഒരു പ്രത്യയശാസ്ത്രമില്ലാതെ, മുതലാളിത്താനുകൂലവും അധാർമികവും വർഗീയവുമൊക്കെയായ രാഷ്ട്രീയത്തെ തുടച്ചുനീക്കാനോ പരാജയപ്പെടുത്താൻപോലുമോ ആകില്ല എന്നകാര്യം ഉറപ്പാണ്. അപ്രകാരം ഒരു പ്രത്യയശാസ്ത്രത്താൽ സായുധമായി നടത്തുന്ന പോരാട്ടത്തിന്റെ രൂപമെന്തായിരിക്കണം? സ്വാതന്ത്ര്യ സമ്പാദനംമുതൽ എണ്ണമറ്റ മുതലാളിത്താനുകൂല നയങ്ങളും കരിനിയമങ്ങളും പടച്ചുണ്ടാക്കിയ, ഇന്നും വർഗീയ കലാപങ്ങളുടെ രക്തക്കറ പുരണ്ടിരിക്കുന്ന ശക്തികളുമായി ഒരു തരത്തിലും സന്ധിചെയ്യാത്ത, യഥാർത്ഥ ഇടതുപക്ഷ രാഷ്ട്രീയമല്ലാതെ മറ്റെന്താണത്? ഇത്തരം വിഷയങ്ങളും പ്രശ്നങ്ങളുമൊന്നും പരിഗണിക്കാതെ ആക്രമണകാരികളായ ആർഎസ്എസ്-ബിജെപി കൂട്ടുകെട്ടിനെതിരായ യോജിച്ച സമരത്തെക്കുറിച്ച് ചിന്തിക്കാനാകുമോ?
മാദ്ധ്യമസൃഷ്ടിയായ
പ്രതിപക്ഷഐക്യം പാഴ്വേല
കഴിഞ്ഞ രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളിൽ ഇതാണ് നമ്മൾ കണ്ടത്. ബിജെപി യഥാക്രമം കടുത്ത ആർഎസ്എസ്കാരനെയും മുതിർന്ന ബിജെപിക്കാരനെയും സ്ഥാനാർത്ഥികളാക്കി. ഇതിന്റെപിന്നിൽ ഒരു കുശാഗ്രബുദ്ധിയുണ്ടായിരുന്നു. ബിജെപിയുടെ ദലിത്വിരുദ്ധ രാഷ്ട്രീയം അക്രമാസക്തമാകുകയും ദലിതുകൾ വളരെ ശത്രുതാമനോഭാവം പുലർത്തുകയും ചെയ്ത അവസരത്തിലാണ് ഒരു ദലിതനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കിയത്. ദലിതുകളെ അനുനയിപ്പിക്കുക എന്ന ലക്ഷ്യവും ഇതിനുപിന്നിലുണ്ടായിരുന്നു. ഇതിനെതിരെ പാർലമെന്ററി പ്രതിപക്ഷ പാർട്ടികളെല്ലാം ചേർന്ന് രണ്ട് സ്ഥാനങ്ങളിലേയ്ക്കും പൊതുസ്ഥാനാർത്ഥികളെ നിർത്തി. മാർക്സിസത്തിന്റെ കണികപോലുമില്ലെങ്കിലും ഇടതുപക്ഷമെന്നും മാർക്സിസ്റ്റെന്നുംവരെ അവകാശപ്പെടുന്ന സോഷ്യൽഡെമോക്രാറ്റിക് പാർട്ടികൾപോലും ഇതിലുൾപ്പെട്ടിരുന്നു. പ്രതിപക്ഷമാകെ ഒന്നിച്ചിരിക്കുന്നു എന്ന് ബൂർഷ്വാ മാദ്ധ്യമങ്ങളും രാഷ്ട്രീയ കേന്ദ്രങ്ങളും പ്രകീർത്തിച്ചു. എന്നാൽ ഈ ഐക്യം പ്രതിനിധാനം ചെയ്യുന്നത് എന്ത് പ്രത്യയശാസ്ത്രമാണ്, എന്ത് രാഷ്ട്രീയമാണ് എന്ന സുപ്രധാന കാര്യം അവർ ശ്രദ്ധാപൂർവ്വം ഒഴിവാക്കി. അധികാര മോഹികളായ നേതാക്കന്മാരാൽ നയിക്കപ്പെടുന്ന പാർട്ടികളുടെ ഒരു ഏച്ചുകെട്ടായിരുന്നില്ലേ അത്? കൂറുമാറി വോട്ടുചെയ്ത എംപിമാരുടെ കാര്യംതന്നെ ഇത് വിളിച്ചോതി. ബിജെപി സ്ഥാനാർത്ഥികൾ നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന കാര്യം ഉറപ്പായിരുന്നു. പ്രതിപക്ഷ സ്ഥാനാർത്ഥി വിജയിക്കാനുള്ള സാദ്ധ്യതയേ ഇല്ലായിരുന്നു. അത്തരമൊരു സ്ഥിതിയിൽ, നീറുന്ന ജീവിതപ്രശ്നങ്ങൾ മുൻനിർത്തി ജനാധിപത്യ സമരങ്ങളും ജനകീയ മുന്നേറ്റങ്ങളും വളർത്തിയെടുക്കാൻ അല്പമെങ്കിലും പ്രതിജ്ഞാബദ്ധമായ, ഇടതുപക്ഷ ആഭിമുഖ്യമുള്ള പാർട്ടികളും ശക്തികളും, പ്രത്യയശാസ്ത്രപരമായ ഒരടിസ്ഥാനത്തെ മുറുകെപ്പിടിച്ചുകൊണ്ട് സ്വന്തം സ്ഥാനാർത്ഥിയെ നിർത്തി മത്സരിക്കുന്ന കാര്യം ആലോചിക്കണമായിരുന്നു. അവരത് ചെയ്തോ? അവർ ചെയ്തത് പ്രതിപക്ഷ പാർട്ടികളുടെ ഒരു അവിയൽ സഖ്യം തട്ടിക്കൂട്ടിയെടുക്കുക എന്നതായിരുന്നു. തികച്ചും വ്യത്യസ്തമായ ആശയങ്ങളും സമീപനങ്ങളുമൊക്കെയുള്ള പാർട്ടികളുമായി ഇത്തരമൊരു സഖ്യമുണ്ടാക്കിയതിലൂടെ, കുത്തകാനുകൂലവും വർഗ്ഗീയവുമായ രാഷ്ട്രീയം ആക്രമണോത്സുകമായി അനുവർത്തിക്കുന്ന ശക്തിക്കെതിരെ പൊരുതുന്നു എന്ന പ്രതീതിയുണ്ടാക്കി അവർ ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്തത്. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള ബൂർഷ്വാ പാർട്ടികൾ അനുവർത്തിക്കുന്ന അവസരവാദ രാഷ്ട്രീയത്തിൽനിന്ന് ഇതിനെന്താണ് വ്യത്യാസമുള്ളത്?
ജനങ്ങളുടെ കടമ
ഈ തെരഞ്ഞെടുപ്പുകൾ ജനങ്ങൾക്ക് സുപ്രധാനമായൊരു പാഠം നൽകിയിട്ടുണ്ട്. ആർഎസ്എസ്-ബിജെപി സഖ്യത്തിന്റെ വിനാശകരമായ നയങ്ങളെയും നടപടികളെയും, ഉറച്ച ഒരു പ്രത്യയശാസ്ത്രത്തിന്റെയും തത്വങ്ങളുടെയും ധാർമികതയുടെയും അടിസ്ഥാനത്തിൽ, പ്രത്യയശാസ്ത്രപരമായും സംഘടനാപരമായും ചെറുത്തുതോല്പിക്കുന്നതിനായി യഥാർത്ഥ ഇടതുപക്ഷ ശക്തികൾ മുന്നോട്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നതാണത്. ആർഎസ്എസ്-ബിജെപി ശക്തികൾ പ്രതിനിധാനം ചെയ്യുന്നത് തികച്ചും പിന്തിരിപ്പനായ പ്രത്യയശാസ്ത്രത്തെയാണ് എന്നകാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. അതുകൊണ്ടുതന്നെ, പുരോഗമനപരമായ ഒരു പ്രത്യയശാസ്ത്രത്തിന്റെ പിൻബലത്തിലല്ലാതെ അവരെ നേരിടാമെന്നുകരുതുന്നവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത്. ശരിയായ പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള, നീറുന്ന ജീവിതപ്രശ്നങ്ങൾ മുൻനിർത്തിയുള്ള ജനാധിപത്യ പ്രക്ഷോഭത്തിലേയ്ക്ക് ജനങ്ങളെ കൂട്ടമായി ആകർഷിച്ചുകൊണ്ട,് ആർഎസ്എസ്ന്റെ കടുത്ത വർഗ്ഗീയ പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനത്തിൽനിന്ന് അവരെ മുക്തരാക്കുക എന്നതാണ് അനുവർത്തിക്കേണ്ട ശരിയായ സമീപനം. പഞ്ചായത്ത്തലം മുതൽ പ്രസിഡന്റുപദം വരെയുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ഈ സമീപനത്തിന്റെ അടിസ്ഥാനത്തിൽ വേണം മത്സരിക്കാൻ. ഈ അടിസ്ഥാന ധാരണ അഗീകരിക്കുന്ന പാർട്ടികളുമായി വേണം കൂട്ടുകെട്ടുണ്ടാക്കാൻ. രാജ്യത്തെ, ഏറ്റവും മാരകമായ ഒരു വിപത്തിലേയ്ക്ക്, മാനവരാശിയുടെ ഏറ്റവും വലിയ ശത്രുവായ ഫാസിസത്തിലേയ്ക്ക് വലിച്ചിഴയ്ക്കാൻ കൊണ്ടുപിടിച്ച് ശ്രമിക്കുന്ന നാശകാരിയായ ശക്തിയെ നേരിടുന്നതിനായി നിറവേറ്റേണ്ട കർത്തവ്യങ്ങൾ ഇവയൊക്കെയാണെന്ന് യഥാർത്ഥ ഇടതു-ജനാധിപത്യ വിശ്വാസികളായ ജനങ്ങളെ ചരിത്രം ഓർമിപ്പിക്കുന്നു.