ഗവൺമെന്റും മാനേജ്‌മെന്റുകളും ഒത്തുകളിച്ച് മെഡിക്കൽ വിദ്യാഭ്യാസം കൊള്ളക്കാരുടെ താവളമാക്കി

medical-copy.jpg
Share

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലമായി കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ അനിശ്ചിതത്വത്തിന്റെയും പ്രതിസന്ധിയുടെയും നടുക്കടലിൽ നിർത്തിയിരുന്ന സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടക്കാർ ഇത്തവണ മെഡിക്കൽ പ്രവേശനത്തെ ശീർഷാസനത്തിലേയ്ക്കാണ് നയിച്ചത്. ഫീസിനെയും പ്രവേശനത്തെയും സംബന്ധിച്ച് സർവ്വത്ര ആശയക്കുഴപ്പം സൃഷ്ടിച്ച ഇടതുമുന്നണി സർക്കാർ പലപ്പോഴും മാനേജ്‌മെന്റുകളുമായി ഒത്തുകളിച്ചു. ഒരു ഇടതുപക്ഷ സർക്കാർ മാനേജ്‌മെന്റുകളുടെ കയ്യിലെ കളിപ്പാവയാകരുതെന്നുവരെ കേരള ഹൈക്കോടതിക്ക് വിമർശനമുന്നയിക്കേണ്ടിവന്നു. അലോട്ട്‌മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ട 602 പേർ പഠനം ഉപേക്ഷിച്ചുപോയി. കൊള്ള ഫീസ് ഒടുക്കാൻ നിർവ്വാഹമില്ലാത്ത രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും വിലാപവേദിയായി മാറി പ്രവേശനം നടന്ന മെഡിക്കൽ കോളേജ് പരിസരം.

‘നീറ്റ്’ പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഈ വർഷത്തെ പ്രവേശനമെന്നും ആയതിനാൽ എല്ലാ മെഡിക്കൽ സീറ്റുകളിലും സർക്കാർ പ്രവേശനം നടത്തുമെന്നും 2017 മാർച്ച് 11 ന് കേന്ദ്രസർക്കാർ ഇറക്കിയ വിജ്ഞാപനത്തെതുടർന്നാണ് നടപടിക്രമങ്ങൾ ആരംഭിക്കുന്നത്.
സംസ്ഥാന ആരോഗ്യവകുപ്പ്മന്ത്രിയും തുടർന്ന് ആ പ്രഖ്യാപനം നടത്തി. എല്ലാ സീറ്റുകളും മെരിറ്റ് സീറ്റുകളായി മാറിക്കഴിഞ്ഞുവെന്നാണ് ഇരുകൂട്ടരും അവകാശപ്പെട്ടത്. അതുകൊണ്ട് എകീകൃത ഫീസ് ഘടനയായിരിക്കും ഈ വർഷമെന്ന് മന്ത്രി പ്രഖ്യാപിച്ചു.
എന്നാൽ, പ്രവേശനപ്പട്ടിക തയ്യാറാക്കിയപ്പോൾ കണ്ടത് 15 ശതമാനം സീറ്റുകൾ എൻആർഐ ക്വാട്ടയെന്ന പേരിൽ മാറ്റിവെയ്ക്കുന്നതാണ്. അവശേഷിക്കുന്ന 85 ശതമാനം സീറ്റുകളിൽ ഒരൊറ്റ ഫീസ് എന്നത് തത്ത്വത്തിൽ അംഗീകരിക്കപ്പെട്ടു. എന്നാൽ, അതിനെ സംബന്ധിച്ച് വ്യക്തമായ ഒരു തീരുമാനമെടുക്കാതെ, മെരിറ്റ് ഫീസ് ഏർപ്പെടുത്താൻ തയ്യാറാകാതെ സർക്കാർ അനിശ്ചിതത്വം നിലനിർത്തിപ്പോന്നു. ഒടുവിൽ, മെയ് 15 ന് ഫീ റെഗുലേറ്ററി കമ്മീഷന്റെ പേരിൽ ഒരു ഉത്തരവ് വന്നു. 85 ശതമാനം സ്വാശ്രയ മെഡിക്കൽ സീറ്റുകളിലും 5.5 ലക്ഷം രൂപയായിരിക്കും ഫീസ് എന്ന് ഉത്തരവ് പ്രഖ്യാപിച്ചു. എന്നാൽ, ചില മാനേജ്‌മെന്റുകൾ 10 ലക്ഷം മുതൽ 15 ലക്ഷം വരെയുള്ള ഫീസ് വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്നു.

ക്രിസ്ത്യൻ മാനേജ്‌മെന്റ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള കോളേജുകൾ 5 ലക്ഷം രൂപയെന്ന എകീകൃത ഫീസ് അംഗീകരിച്ച് അലോട്ട്‌മെന്റിലേയ്ക്ക് കടന്നു. എന്നാൽ, പരിയാരം ഉൾപ്പെടെയുള്ള കോളേജുകളിൽ സ്വാശ്രയ സ്ഥാപനങ്ങളിലെ അതേ ഫീസ് ഘടന തന്നെ ഏർപ്പെടുത്തി.
കുറഞ്ഞ ഫീസിൽ പഠിപ്പിക്കുന്നതിന്, ഏറ്റവും കുറഞ്ഞ പക്ഷം കഴിഞ്ഞ വർഷത്തെ ഫീസ് ഘടനയിൽ പഠിപ്പിക്കുന്നതിനുളള കരാർ നിർമ്മിക്കാനെങ്കിലും സർക്കാർ താൽപര്യമെടുക്കണമായിരുന്നു. അതുണ്ടായില്ല. കഴിഞ്ഞ വർഷം മെരിറ്റ് സീറ്റുകളിൽ 2.5 ലക്ഷം രൂപയായിരുന്നു ഫീസ്. എസ്‌സി/എസ്ടി/ബിപിഎൽ ഗണത്തിൽ വരുന്ന 20 ശതമാനം വിദ്യാർത്ഥികൾക്ക് 25,000 രൂപയായിരുന്നു വാർഷിക ഫീസ്. അതെങ്കിലും നിലനിർത്തണമെന്ന വാദം സർക്കാർ മുന്നോട്ടുവച്ചില്ല. എന്നാൽ, ആ ഫീസ് ഘടനയിൽ പഠിപ്പിക്കാനായി രണ്ട് സ്വാശ്രയ കോളേജുകൾ മുന്നോട്ടുവന്നു. സർക്കാരുമായി കരാർ ഒപ്പുവെയ്ക്കാൻ അവർ സന്നദ്ധരായി. അതോടെ, വെട്ടിലായ സർക്കാർ, പരിയാരത്തെക്കുടി ആ കരാർ ഒപ്പുവെയ്ക്കാൻ ഉൾപ്പെടുത്തിയെന്ന് മാത്രം.

കൊള്ളഫീസിന് വഴിയൊരുക്കി

എന്നാൽ, കുറഞ്ഞ ഫീസ് എന്ന അവസ്ഥ മാറ്റാൻ സർക്കാർ പലതരം കളികൾ കളിക്കുന്നതാണ് പീന്നിട് കണ്ടത്. അതിലൊന്ന്, ജൂലൈ മാസം നടന്ന സർക്കാർ കോളേജിലെ സീറ്റ് അലോട്ട്‌മെന്റ് പൂർത്തിയാക്കിയ സന്ദർഭത്തിൽ സ്വാശ്രയ കോളേജിലെ അലോട്ട്‌മെന്റ് നടത്താതെ വൈകിപ്പിച്ചതാണ്. 5.5 ലക്ഷം രൂപ ഏകീകൃത ഫീസ് പോരെന്ന പേരിൽ മാനേജ്‌മെന്റുകൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫീ റെഗുലേറ്ററി കമ്മീഷൻ നിശ്ചയിച്ച ഫീസ് അംഗീകരിച്ച് പ്രവേശനം നടത്താൻ കോടതി അനുമതി നൽകിയിട്ടും അലോട്ട്‌മെന്റ് നടപടികൾ എന്തിന് സർക്കാർ വെച്ചു താമസിപ്പിച്ചു?. അലോട്ട്‌മെന്റ് നടത്തിയില്ല എന്നുമാത്രമല്ല സർക്കാരുമായി കരാർ ഒപ്പുവെയ്ക്കാൻ സന്നദ്ധമായ രണ്ട് കോളേജുകൾക്ക് 11 ലക്ഷം രൂപ പലിശ രഹിത ഡെപ്പോസിറ്റ് വാങ്ങാനും 44 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റി വാങ്ങാനും അനുമതി നൽകികൊണ്ട് പ്രവേശനപരീക്ഷാ കമ്മീഷണറുടെ ഉത്തരവ് വിജ്ഞാപനമായിറക്കി. ഫീ റെഗുലേറ്ററി കമ്മീഷനെ മറികടന്നുകൊണ്ട് സർക്കാർ ഇറക്കിയ ആ ഉത്തരവിനെതിരെ രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി, 44 ലക്ഷത്തിന്റെ ബാങ്ക് ഗ്യാരന്റി എന്നതും 11 ലക്ഷത്തിന്റെ ഡെപ്പോസിറ്റ് എന്നതും റദ്ദാക്കി. പകരം, വിദ്യാർത്ഥികൾ ഒരു ബോണ്ട്’വെച്ചാൽ മതിയെന്നും കോടതി പറഞ്ഞു.

ഇതിനിടയിൽ, ജസ്റ്റിസ് രാജേന്ദ്രബാബു അദ്ധ്യക്ഷനായ ഫീ റെഗുലേറ്ററി കമ്മീഷന്റെ സാധുതയും ചോദ്യം ചെയ്യപ്പെട്ടു. ആ കമ്മീഷനെ സർക്കാർ വെറുമൊരു എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് നിയമിച്ചത്. സർക്കാർ പ്രഖ്യാപിച്ച ആദ്യ ഓർഡിനൻസ് പ്രകാരം 10 അംഗ സമിതിയാണ് അതിൽ വേണ്ടിയിരുന്നത്. എന്നാൽ അഞ്ചംഗ സമിതിയെ വെച്ച് ഗസറ്റ് നോട്ടിഫിക്കേഷനില്ലാതെ നിയോഗിച്ച സമിതിയ്ക്ക് ഫീസ് ഘടന നിശ്ചയിക്കാനുള്ള അധികാരമില്ല എന്ന മാനേജ്‌മെന്റുകളുടെ വാദം ഹൈക്കോടതി അംഗീകരിച്ചു. അങ്ങനെ, രണ്ടാമത് ഗസറ്റ് വിജ്ഞാപനമിറക്കി പുതിയ പത്തംഗ സമിതിയെ നിയോഗിച്ചു. എത്ര അശ്രദ്ധമായിട്ടാണ് സർക്കാർ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത് എന്നതിന്റെ തെളിവായിരുന്നു അത്.

മാനേജ്‌മെന്റുകൾക്ക് സർക്കാർ
സമയം നൽകി

രണ്ട് മാനേജ്‌മെന്റുകൾക്ക് മാത്രം 11 ലക്ഷം രുപ പലിശ രഹിത ഡെപ്പോസിറ്റ് വാങ്ങാൻ രഹസ്യാനുമതി നൽകിയ സർക്കാരിന്റെ വൃത്തികെട്ട ഇടപെടലിനെതിരെ മറ്റ് മാനേജ്‌മെന്റുകൾ രംഗത്തുവന്നു. ആ ഒറ്റ കാരണത്താൽ ഏകീകൃത ഫീസ് 11 ലക്ഷമാക്കണമെന്ന് ആവശ്യപ്പെട്ടാണ് അവർ ആദ്യം ഹൈക്കോടതിയെയും പിന്നീട് സുപ്രീംകോടതിയെയും സമീപിക്കുന്നത്. ഹൈക്കോടതി, മാനേജ്‌മെന്റുകളുടെ ഹർജി തള്ളിയപ്പോൾ അവർ സുപ്രീംകോടതിയെ സമീപിച്ചു. ഈ സമയത്തൊക്കെ സർക്കാർ കാഴ്ചക്കാരായി നിൽക്കുകയായിരുന്നു. അഥവാ മാനേജ്‌മെന്റുകൾക്ക് സുപ്രീംകോടതിയിൽ നിന്ന് അനുകൂലമായ വിധി സമ്പാദിക്കാൻ പിണറായി സർക്കാർ അവസരം തുറന്നിടുകയായിരുന്നു. കൃത്യമായ വസ്തുതകൾ അവതരിപ്പിക്കാൻ സർക്കാർ പബ്ലിക്ക് പ്രോസിക്ക്യൂട്ടർമാർ തയ്യാറായതുമില്ല. അതുകൊണ്ടാണ് വിദ്യാർത്ഥികൾ 11 ലക്ഷം രൂപ ഫീസ് കൊടുക്കട്ടെയെന്ന് സുപ്രീംകോടതി വിധി പ്രഖ്യാപിക്കുന്നത്. ആഗസ്റ്റ് 14 ന് വന്ന അന്യായമായ വിധിയായിരുന്നു അത്. പക്ഷേ, പിന്നീട് ഹൈക്കോടതി അന്തിമമായി തീരുമാനിക്കട്ടെയെന്ന് പറഞ്ഞു. എന്നാൽ, ഹൈക്കോടതി വീണ്ടും 11 ലക്ഷം എന്ന ഫീസ് അംഗീകരിച്ചില്ല. അങ്ങനെ, നടന്ന നിയമയുദ്ധത്തിന്റെ ഭാഗമായി 20 ദിവസത്തിനുള്ളിൽ രണ്ട് സുപ്രീംകോടതി വിധിയും രണ്ട് ഹൈക്കോടതി വിധികളും ഒരൊറ്റ ഫീസ് പ്രശ്‌നത്തിൽ പുറപ്പെടുവിക്കേണ്ടിവന്നു. അന്തിമമായി, അലോട്ട്‌മെന്റ് തീരുന്നതിന് ഏതാനും മണിക്കുറുകൾക്ക് മുമ്പാണ,് ആഗസ്റ്റ് 28 ന,് 11 ലക്ഷം രൂപ ഫീസും 6 ലക്ഷം ബാങ്ക് ഗ്യാരന്റിയും നൽകണമെന്ന് സുപ്രീംകോടതി വിധിക്കുന്നത്.
കേരളത്തിന്റെ ഫീസ് ഘടന നിശ്ചയിക്കാൻ സുപ്രീംകോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിധേയമായി നിലവിലുള്ള ഫീ റെഗുലേറ്ററി കമ്മീഷൻ നിശ്ചയിച്ച ഫീസ് അംഗീകരിക്കുകയായിരുന്നു ഹൈക്കോടതി. അതിനുള്ള അംഗീകാരം നൽകാൻ സുപ്രീംകോടതിയും ശ്രമിയ്ക്കണമായിരുന്നു. അതിന് പകരം, എത്ര രൂപ ഫീസ് കൊടുക്കണമെന്ന് മാനേജ്‌മെന്റുകൾ വാദിച്ചുവോ അത് അംഗീകരിച്ച് വിധി പുറപ്പെടുവിക്കാൻ പാടില്ലായിരുന്നു. എന്തായാലും, അതിനെത്തുടർന്ന് നൂറ് കണക്കിന് വിദ്യാർത്ഥികളുടെ മെഡിക്കൽ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തികൊണ്ട് ഒരു ദുരന്തമായി പരിണമിച്ചു ഈ വർഷത്തെ മെഡിക്കൽ പ്രവേശനം.

സർക്കാർ വരുത്തിയ വീഴ്ചകൾ

അങ്ങനെയൊരു സുപ്രീംകോടതി വിധിയിലേയ്ക്ക് നയിച്ചത് സംസ്ഥാന ഇടതുമുന്നണി സർക്കാർ വരുത്തിയ വീഴ്ചകളുടെ ഫലമായിട്ടാണെന്ന് ഇപ്പോൾ വളരെ വ്യക്തമാണ്. ദേശീയ പരീക്ഷയായ ‘നീറ്റി’ന്റെ അടിസ്ഥാനത്തിൽ പ്രവേശനപരീക്ഷാ കമ്മീഷണർ തയ്യാറാക്കിയ ലിസ്റ്റനുസരിച്ച് മെരിറ്റും സംവരണവും പാലിച്ച് പ്രവേശനം നടത്തുന്നതിന് അവസരം വന്നപ്പോൾ വ്യക്തമായ കരാർ ഉണ്ടാക്കി അലോട്ട്‌മെന്റ് പൂർത്തികരിച്ചിരുന്നെങ്കിൽ ഇത്ര വലിയ പ്രതിസന്ധികളിലേയ്ക്ക് കാര്യങ്ങൾ നയിക്കപ്പെടില്ലായിരുന്നു.
ഫീ റെഗുലേറ്ററി കമ്മീഷന്റെ നിയമനത്തിൽ വരുത്തിയ പിഴവുകൾ മുതൽ അന്തിമ ഫീസ് നിശ്ചയിക്കുന്നതിൽ വരെ വരുത്തിയ വീഴ്ചകളാണ് സ്ഥിതി വഷളാക്കിയത്. എപ്പോഴും ഇടക്കാല ഫീസ് മാത്രം നിശ്ചയിക്കുക എന്ന ജോലിയാണ് ഫീ റെഗുലേറ്ററി കമ്മീഷൻ അദ്ധ്യക്ഷനായ ജസ്റ്റിസ് രാജേന്ദ്രബാബു നിർവ്വഹിച്ചുപോന്നത്. അന്തിമ ഫീസ് തീരുമാനിക്കുന്നത് മന:പൂർവ്വം വൈകിപ്പിച്ചു. വിദ്യാർത്ഥികൾക്ക് താങ്ങാനാവുന്ന ഫീസ് ഘടന തീരുമാനിക്കണമായിരുന്നു.
ഏകീകൃത ഫീസ് എന്നുപറഞ്ഞാൽ അതിനർത്ഥം മാനേജ്‌മെന്റ് ക്വാട്ടയിൽ സാധാരണ നിശ്ചയിക്കുന്ന ഉയർന്ന ഫീസ് എന്നാണോ?. എല്ലാ സീറ്റും മെരിറ്റ് ആയി എന്നവകാശപ്പെടുമ്പോൾ, ഫീസ് മെരിറ്റ് ഫീസായിരിക്കുമെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം ഒരു ഇടതുപക്ഷ സർക്കാരിനുണ്ട്. എന്നാൽ, പിണറായി സർക്കാർ ആദ്യം മുതലേ മാനേജ്‌മെന്റുകൾ ആവശ്യപ്പെട്ട 10 ലക്ഷം രൂപയിലെത്തിക്കുവാൻ മെല്ലെപ്പോക്ക് സമീപനമാണ് സ്വീകരിച്ചത്. അതിലൂടെ, മാനേജ്‌മെന്റുകൾക്ക് ഇടക്കാല ഫീസിനെതിരെ കോടതിയിൽ ‘നിയമയുദ്ധം’ നടത്താൻ സൗകര്യം ചെയ്തുകൊടുത്തു.

നഗ്നമായ ഒത്തുകളി

കോടതിയിൽ, വിശേഷിച്ചും സുപ്രീംകോടതിയിൽ കേരളത്തിലെ കഴിഞ്ഞ വർഷത്തെ എംബിബിഎസ് ഫീസ് 10 ലക്ഷം രൂപയാണെന്ന് മാനേജ്‌മെന്റുകൾ കളവ് പറഞ്ഞപ്പോൾ അതിനെതിരെ യഥാർത്ഥ വസ്തുതകൾ പറയാൻ കേരള സർക്കാരിന്റെ അഭിഭാഷകൻ മടിച്ചുനിന്നു. യഥാർത്ഥത്തിൽ കഴിഞ്ഞ വർഷത്തെ മെരിറ്റ് സീറ്റ് 2.5 ലക്ഷം രൂപയും മാനേജ്‌മെന്റ് ക്വാട്ടയിലെ ഫീസ് 8 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയും ആയിരുന്നു. ബിപിഎൽ വിദ്യാർത്ഥികൾക്ക് 25,000 രൂപ ഫീസിൽ പഠിക്കാൻ അവസരമുണ്ടായിരുന്നു. ഇതൊന്നും കോടതിയിൽ ചൂണ്ടിക്കാണിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ല. അതിനർത്ഥം, സർക്കാർ മാനേജ്‌മെന്റുകളുമായി നഗ്നമായ വിധത്തിൽ ഒത്തുകളിച്ചുവെന്നല്ലേ?

കേരള ഹൈക്കോടതി കഴിഞ്ഞ വർഷങ്ങളിലൊക്കെ നിരന്തരം ആവശ്യപ്പെട്ട ഒരു കാര്യം സ്വാശ്രയ മെഡിക്കൽ കോളേജുകളുടെ വരവ് ചെലവുകളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നതായിരുന്നു. ഇടതുമുന്നണി ഭരണത്തിൽ കീഴിൽ രണ്ടാമത്തെ അദ്ധ്യയന വർഷമാണിത്. എന്ത് പഠനമാണ് നടത്തിയത്?. ഒന്നും നടത്തിയില്ലെന്ന് മാത്രമല്ല, ചില മാനേജ്‌മെന്റുകൾ സമർപ്പിച്ച കണക്കുകൾ അപ്പടി സ്വീകരിച്ച് അതിന് അംഗീകാരം കൊടുക്കുക എന്ന പണിയിലാണ് കമ്മീഷൻ ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ യഥാസമയം അന്തിമ ഫീസ് നിശ്ചയിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി.
സർക്കാരുമായി കരാർ ഒപ്പുവെയ്ക്കാൻ മുന്നോട്ട് വന്ന മാനേജ്‌മെന്റുകളുമായി ഉണ്ടാക്കിയ ധാരണ പ്രകാരം യഥാസമയം അഡ്മിഷൻ നടപടികൾ പൂർത്തികരിയ്ക്കാൻ സർക്കാർ ഒരു ഘട്ടത്തിലും ശ്രമിച്ചില്ല. വലിയ ബാങ്ക് ഗ്യാരന്റിയും 11 ലക്ഷം പലിശ രഹിത നിക്ഷേപവും വാങ്ങാൻ അവർക്ക് അനുമതി നൽകിയ ചതി വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു.

‘ബാങ്ക് ഗ്യാരന്റി’
പുതിയ വായ്പാക്കുരുക്ക്

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ കാര്യത്തിൽ സർക്കാർ ഫീസിൽ പഠിപ്പിക്കാനുള്ള വ്യക്തമായ ധാരണയുണ്ടാക്കാതെ സർക്കാർ ഉരുണ്ടുകളിച്ചു. ആഗസ്റ്റ് 18 ന് സ്വാശ്രയ അലോട്ട്‌മെന്റ് പ്രഖ്യാപിച്ചെങ്കിലും ഹൈക്കോടതി വിധി 22 ന് വരുമെന്ന പ്രതീക്ഷയിൽ അത് മാറ്റിവെയ്‌ക്കേണ്ടിവന്നു. 19-ാം തീയതി ഇറക്കിയ ഉത്തരവിൽ ക്രിസ്ത്യൻ മാനേജ്‌മെന്റുകൾ ഒഴികെയുള്ളവരുടെ(അവർ 5 ലക്ഷം മതി എന്ന നിലപാടിൽ ഉറച്ചുനിന്നു.) കോളേജുകളിൽ വാർഷിക ഫീസ് 11 ലക്ഷമായിരിക്കുമെന്ന് പറഞ്ഞു. എന്നാൽ, അന്ന് വൈകിട്ട് 6 മണിക്ക് മറ്റൊരു വിജ്ഞാപനമിറക്കി, അതിൽ സുപ്രീംകോടതിയിൽ കേസ്സിന് പോയ രണ്ട് കോളേജുകൾ ഒഴികെയുള്ള കോളേജുകൾക്ക് 5 ലക്ഷം രൂപയായിരിക്കും ഫീസെന്ന് പറഞ്ഞു.
അതോടെ, നേരത്തെ സർക്കാരുമായി കരാർ ഒപ്പുവെച്ച കോളേജുകൾ കൂടി പിന്മാറി. അവർക്കും 11 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടു തുടങ്ങി. ന്യൂനപക്ഷ ക്വാട്ട വിദ്യാർത്ഥികളുടെ ഫീസിനെ സംബന്ധിച്ചും അവ്യക്തത തുടർന്നതിനാൽ, അഡ്മിഷൻ പിന്നെയും വൈകി. ഇതിനിടയിൽ, മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് പോകുവാൻ ഒരുപാട് വിദ്യാർത്ഥികൾ നിർബന്ധിതരായി.
ബാങ്ക് ഗ്യാരന്റിയെന്ന പ്രശ്‌നം ഭൂരിപക്ഷം രക്ഷിതാക്കളെയും തളർത്തികളഞ്ഞു. 5 ലക്ഷം രൂപ ഫീസ് കൊടുത്ത് അലോട്ട്‌മെന്റിൽ സീറ്റ് ഉറപ്പാക്കിയവർ ഉൾപ്പെടെയുള്ളവർ നെട്ടോട്ടമായി. 11 ലക്ഷം രൂപ നൽകണമെന്ന് നിർബന്ധം പിടിച്ച കെഎംസിടി ശ്രീനാരായണ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥികൾ പഠനം ഉപേക്ഷിക്കുകയോ കുടുംബം വിൽക്കുകയോ ചെയ്യണമെന്ന സ്ഥിതിയിലായി. ഉയർന്ന ഫീസും ബാങ്ക് ഗ്യാരന്റിയും മുഴുവൻ മെഡിക്കൽ വിദ്യാർത്ഥികുടുംബങ്ങളെയും ലക്ഷകണക്കിന് രൂപയുടെ ബാങ്ക് വായ്പാ ബാദ്ധ്യതയിൽ കുരുക്കുമെന്ന കാര്യത്തിൽ സംശയമില്ല. വിദ്യാർത്ഥികുടുംബങ്ങൾക്ക് ബാങ്ക് വായ്പയെ ആശ്രയിക്കാതെ പഠിക്കാൻ കഴിയാത്ത അവസ്ഥയാണ് സർക്കാർ സൃഷ്ടിക്കുന്നത്.

കണ്ണീരിൽ കുതിർന്ന അലോട്ട്‌മെന്റ്

ആഗസ്റ്റ് 31 ന് അവസാന അലോട്ട്‌മെന്റ് അതിദയനീയമായ കാഴ്ചകൾക്കാണ് സാക്ഷ്യം വഹിച്ചത്. പണം നൽകാൻ കഴിയാതെ പൊട്ടിക്കരയുന്നവരുടെയും നിറകണ്ണുകളുമായി പിരിഞ്ഞുപോകുന്നവരുടെയും ഹൃദയഭേദകമായ രംഗങ്ങളായിരുന്നു അർദ്ധരാത്രി വരെ. എന്നാൽ, ആ സന്ദർഭം മുതലാക്കി എസ്‌സി/എസ്ടി സീറ്റുകളിലെയും ബിപിഎൽ, മറ്റ് പിന്നാക്ക വിഭാഗം വിദ്യാർത്ഥികളുടെയും ഒഴിവ് വന്ന സീറ്റുകൾ ലക്ഷങ്ങൾ കോഴ വാങ്ങി വിൽപ്പനയ്ക്ക് വെയ്ക്കുന്ന തിരക്കിലായിരുന്നു മാനേജ്‌മെന്റുകൾ. അതിന് വേണ്ടി അവർ തന്നെ ഇടനിലക്കാരെ രംഗത്തിറക്കി.
സ്‌പോട്ട് അഡ്മിഷൻ സർക്കാർ നടത്തുമെന്ന മന്ത്രി കെ.കെ.ഷൈലജയുടെ വീരവാദമൊക്കെ വെറും തട്ടിപ്പായിരുന്നു. എല്ലാ സംവരണ സീറ്റുകളും കോഴ കൊടുത്തു മറ്റുള്ളവർ കരസ്ഥമാക്കി. അങ്ങനെ മെരിറ്റും സംവരണവും ഏകീകൃതഫീസും എല്ലാം വെറും മിഥ്യയായി മാറി. അവശേഷിച്ചത് എൻആർഐ സീറ്റുകളാണ്.

എൻആർഐ ക്വാട്ട സീറ്റുകൾ മാനേജ്‌മെന്റുകൾക്ക് അവകാശപ്പെട്ടതാണ് എന്നാണ് വെയ്പ്. ഇതിനിടയിൽ, അവശേഷിച്ച 117 എൻആർഐ സീറ്റുകൾ സർക്കാർ ഏറ്റെടുത്ത് അഡ്മിഷൻ നടത്തുകയുണ്ടായി. അതിനെതിരെ മാനേജ്‌മെന്റുകൾ സുപ്രീംകോടതിയെ സമീപിച്ചു; വീണ്ടും നിയമക്കുരുക്കുകൾ സൃഷ്ടിച്ചുകൊണ്ട്.
ഉയർന്ന ഫീസ് താങ്ങാൻ കഴിയാതെ, അലോട്ട്‌മെന്റിന് ശേഷം സീറ്റ് ഉപേക്ഷിച്ച് പോയവരുടെ എണ്ണം 602 ആണ്. അതുൾപ്പെടെ ആകെ അവശേഷിക്കുന്ന 688 സീറ്റുകളിലാണ് സ്‌പോട്ട് അഡ്മിഷൻ നടത്തിയത്. അതിലൊന്നും കൃത്യമായി മെരിറ്റ് പാലിയ്ക്കപ്പെട്ടില്ല. പണവും കോഴയും നൽകിയവർ പരിഗണിക്കപ്പെട്ടു. ബാങ്ക് ഗ്യാരന്റി നൽകാൻ സർക്കാർ ബാങ്കുകളുമായി ചർച്ച ചെയ്തു. എന്നാൽ, എസ്ബിഐ ഒഴികെയുള്ള മറ്റ് ബാങ്കുകൾ അതംഗീകരിച്ചില്ല. വ്യക്തമായ നിയമഭേദഗതിയില്ലാതെ വ്യക്തികൾക്ക് വേണ്ടി സർക്കാരിന് ഗ്യാരന്റി നിൽക്കാനാവില്ലെന്ന നിയമതടസ്സവുമുണ്ട്. പിന്നാക്ക വിഭാഗം വിദ്യാർത്ഥികളുടെ കാര്യം സർക്കാർ നോക്കികൊള്ളാമെന്നൊക്കെയുള്ള ചില വീൺ വാക്കുകൾ മാത്രമാണ് ശേഷിക്കുന്നത്. ഫലത്തിൽ, 6 ലക്ഷത്തിന്റെ ബാങ്ക് ഗ്യാരന്റിയും ഫീ റെഗുലേറ്ററി കമ്മീഷൻ അടുത്ത മൂന്ന് മാസത്തിനുള്ളിൽ തീരുമാനിക്കുമെന്ന് പറയുന്ന അന്തിമ ഫീസും മറ്റുമൊക്കെ വിദ്യാർത്ഥികൾ തന്നെ നൽകണം. തുടർവിദ്യാഭ്യാസ ഭാവി തുലാസ്സിൽ നിർത്തികൊണ്ടാണ് ഈ വർഷത്തെ പ്രവേശനോത്സവം സമാപിക്കുന്നത്. അഥവാ ഇക്കൊല്ലത്തെ പ്രവേശനനടപടികൾ അവസാനിക്കുന്നില്ല. പഠനം തുടങ്ങിക്കഴിഞ്ഞാലും വർഷാവർഷം അടയ്‌ക്കേണ്ട ഉയർന്ന ഫീസിന്റെ പേരിലുള്ള പീഡനങ്ങൾ നിലയ്ക്കാൻ സാദ്ധ്യതയില്ല.

കോടികൾ കൊയ്യാൻ വഴികൾ പലത്

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കോടികളുടെ അധികലാഭമാണ് ഈ വർഷം ഇടതുമുന്നണി സർക്കാർ മാനേജ്‌മെന്റുകൾക്ക് സമ്മാനിക്കുന്നത്. കഴിഞ്ഞ വർഷത്തെ 4 തരം ഫീസ് ഘടന പ്രകാരം 100 സീറ്റുള്ള ഒരു മാനേജ്‌മെന്റിന് 6 കോടി 9 ലക്ഷം രൂപയാണ് ലഭിച്ചതെങ്കിൽ, ഈ വർഷത്തെ ഫീസ് 11 ലക്ഷം വേണ്ടുന്നവർക്ക് (15 ശതമാനം എൻആർഐ സീറ്റുകളിൽ 20 ലക്ഷം രൂപ എന്ന നിരക്ക് കൂടി കൂട്ടിയാൽ) ആകെത്തുക 12 കോടി 35 ലക്ഷം രൂപയായി മാറുന്നു. എത്ര ഭീകരമായ കൊള്ളയടിയ്ക്കാണ് സർക്കാർ അവസരം ഒരുക്കിയിരിക്കുന്നതെന്ന് കാണുക. എന്നിട്ടാണ് സാമൂഹ്യനീതിയെക്കുറിച്ച് യാതൊരു ഉളുപ്പുമില്ലാതെ സംസാരിച്ചുകൊണ്ടിരിക്കുന്നത്. 11 ലക്ഷം രൂപ വരെ വാങ്ങാവുന്നതാണ് മെഡിക്കൽ വാർഷിക ഫീസ് എന്ന സ്ഥിതിയിൽ കൊണ്ടെത്തിച്ചതാണ് ഇടതുമുന്നണി സർക്കാരിന്റെ സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ പുതിയ സംഭാവന.
വലതുപക്ഷ യുഡിഎഫ് സർക്കാരിന്റെ വിദ്യാഭ്യാസക്കച്ചവടത്തെക്കാൾ നെറികെട്ട ഒരു സ്വാശ്രയ വിദ്യാവാണിജ്യ നയമാണ് ഇടതുമുന്നണി സർക്കാരിന്റെതെന്ന് 2006 മുതൽ തെളിയിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതിന്റെ തുടർച്ചയിൽ, മെഡിക്കൽ വിദ്യാഭ്യാസത്തെ വഴിവാണിഭമാക്കി അധഃപതിപ്പിച്ചതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഈ സർക്കാരിനുള്ളതാണ്. മെഡിക്കൽ പിജി കോഴ്‌സുകളുടെ ഫീസ് 6 ലക്ഷത്തിൽ നിന്ന് 14 ലക്ഷമാക്കി ഉയർത്തികൊണ്ടാണ് ഈ അദ്ധ്യയനവർഷത്തെ പിടിച്ചുപറി ആരംഭിച്ചത് തന്നെ.

‘സ്വാശ്രയ’വിദ്യാഭ്യാസക്കച്ചവടത്തിനെതിരെ സമഗ്രനിയമം ഉടൻ വേണം
പരിയാരം മെഡിക്കൽ കോളേജിൽ പോലും പൂർണ്ണമായും മെരിറ്റ് സീറ്റിൽ പഠിപ്പിക്കാൻ സർക്കാർ തയ്യാറല്ല. സ്വകാര്യ സ്വാശ്രയ കോളേജുകളെപ്പോലെ 50 ശതമാനം സീറ്റുകൾ മാനേജ്‌മെന്റ്/എൻആർഐ ക്വാട്ട ഫീസുകളിലാണ് പഠിപ്പിക്കുന്നത്. സ്വാശ്രയ രംഗത്തെ ഒരു ഇടനിലക്കാരനെപ്പോലെയാണ് സർക്കാർ നിലകൊള്ളുന്നത്. മെഡിക്കൽ വിദ്യാഭ്യാസത്തെ ഇവ്വിധം കച്ചവടത്തിന് വെയ്ക്കുന്നതിലൂടെ കേരളാ മോഡൽ ആരോഗ്യരംഗത്തെയും സർക്കാർ വെല്ലുവിളിക്കുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്.

സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ ഭീകരമായ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിൽ സമഗ്രമായ ഒരു നിയമനിർമ്മാണം നടത്താനുള്ള ഇച്ഛാശക്തിയാണ് സർക്കാർ കാട്ടേണ്ടത്. ഗവൺമെന്റ് മെഡിക്കൽ കോളേജുകളുടെ എണ്ണം വൻതോതിൽ വർദ്ധിപ്പിക്കുകയും സീറ്റുകൾ വർദ്ധിപ്പിക്കുകയും ചെയ്തുകൊണ്ട് മാത്രമേ സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടത്തെ തടയാനാവു. സാധാരണക്കാർക്ക് താങ്ങാനാവുന്ന ഫീസിൽ പഠിപ്പിക്കാൻ തയ്യാറാകാത്ത സ്വാശ്രയ സ്ഥാപനങ്ങളുടെ എൻഒസി റദ്ദാക്കാൻ പോലും സംസ്ഥാന സർക്കാരിന് അധികാരമുണ്ട്. പ്രശ്‌നം സ്വാശ്രയ വിദ്യാഭ്യാസ നയമാണ്. ഈ സർക്കാർ ഇടതുപക്ഷ നയം സ്വീകരിക്കാൻ തയ്യാറാകാത്തതുകൊണ്ടാണ് കേരളത്തിൽ വിദ്യാഭ്യാസക്കച്ചവട ശക്തികൾ വളരുന്നത്. അങ്ങേയറ്റം വലതുപക്ഷീയമായ സമീപനം വെച്ചുപുലർത്തുന്ന പിണറായി സർക്കാരിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കാനില്ലായെന്ന് വ്യസനസമേതം തിരിച്ചറിയുകയാണ് കേരളജനത.

വിദ്യാഭ്യാസത്തെ കഴുത്തറുപ്പൻ ശക്തികളിൽ നിന്ന് മോചിപ്പിക്കാനുള്ള സമരങ്ങൾ വളർത്തിയെടുക്കാനുള്ള ചുമതല യഥാർത്ഥ ഇടതുപക്ഷ-പുരോഗമന പ്രസ്ഥാനങ്ങൾക്കാണുള്ളത്. രക്ഷിതാക്കളേയും വിദ്യാർത്ഥികളേയും ബഹുജനങ്ങളേയും അണിനിരത്തി ശക്തമായ പ്രക്ഷോഭം വളർത്തിയെടുക്കണം. കേന്ദ്ര ബിജെപി സർക്കാരും കേരളത്തിലെ എൽഡിഎഫ് സർക്കാരും പിന്തുടരുന്ന മൂലധനാനൂകൂല-ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള പ്രക്ഷോഭങ്ങളിൽ ഏറ്റവും സുപ്രധാനമാണ് വിദ്യാഭ്യാസ സംരക്ഷണ പ്രസ്ഥാനം.

Share this post

scroll to top