കുട്ടികളിൽ അന്ധവിശ്വാസവും അശാസ്ത്രീയ കാഴ്ചപ്പാടുകളും സൃഷ്ടിക്കുന്നതും, സൗജന്യവും സാർവ്വത്രികവുമായ വിദ്യാഭ്യാസം പരിപൂർണ്ണമായി ഇല്ലാതാക്കുന്നതുമാണ് പുതിയ വിദ്യാഭ്യാസ നയമെന്ന് പ്രൊഫ. ജോർജ്ജ് ജോസഫ് അഭിപ്രായപ്പെട്ടു. ആൾ ഇന്ത്യാ സേവ് എഡ്യുക്കേഷൻ കമ്മി റ്റി എറണാകുളം ശിക്ഷക്സദനിൽ സംഘടിപ്പിച്ച
കരട് ദേശീയ വിദ്യാഭ്യാസ നയം ഉയർത്തുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ ഉള്ള സെമിനാർ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ലോക ബാങ്കിന്റെ വിദ്യാഭ്യാസ പദ്ധതി യായ DPEP യും SSA യും നടപ്പാക്കിയ ശേഷം നടത്തിയ പഠനങ്ങൾ കണ്ടെത്തിയത് രാജ്യത്തെ ഏകദേശം 47% കുട്ടികൾക്കും എഴുതുവാനും വായിക്കുവാനും അറിയില്ല എന്നും അടിസ്ഥാന ഗണിത ബോധം ഇല്ല എന്നും ആണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ആൾ ഇന്ത്യാ സേവ് എഡ്യുക്കേഷൻ കമ്മിറ്റി സംസ്ഥാന സെക്രട്ടറി ശ്രീ എം.ഷാജർ ഖാൻ വിഷയാവതരണം നടത്തി. വിജ്ഞാനത്തിനു പകരം സാങ്കേതിക വിദ്യയും കാലഹരണപ്പെട്ട വിശ്വാസങ്ങളും കുട്ടികൾക്കു പകർന്നു കൊടുക്കുന്നതും അതോടൊപ്പം വിദ്യാഭ്യാസത്തിന്റെ വാണിജ്യവത്ക്കരണവും ആണ് പുതിയ വിദ്യാഭ്യാസ നയം മുന്നാട്ടു വയ്ക്കുന്നതെന്ന് ഷാജർ ഖാൻ അഭിപ്രായപ്പെട്ടു.
സേവ് എഡ്യുക്കേഷൻ സംസ്ഥാന കമ്മിറ്റി അംഗം KS ഹരി കുമാർ അദ്ധ്യക്ഷത വഹിച്ചു. ഗവ.കോളേജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ഡോ.ബിജു ലോന , ശ്രീ സി.ജയരാമൻ(ചൈൽഡ്), ഡോ.എൻ.സി ഷൈജ (സി.ഒ.സി.ഇ.ഡി), ശ്രീ.നിഖിൽ സജി തോമസ് (എ.ഐ.ഡി.എസ്.ഒ) എന്നിവർ വിദ്യാഭ്യാസ നയത്തിന്റെ വിവിധ വശങ്ങളെ വിശകലനം ചെയ്തു സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ.ഒ.സുധീർ സ്വാഗതം ആശംസിച്ചു. നിലിനാ മോഹൻകുമാർ നന്ദി പ്രകാശിപ്പിച്ചു.