2016 സെപ്തംബർ 26 ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ വിളിച്ചുചേർത്ത ചർച്ചയിൽ സംസ്ഥാന ലേബർ കമ്മീഷണർ, ഗവൺമെന്റ് പ്രിൻസിപ്പൽ സെക്രട്ടറി, പഴയ തൊഴിലുടമ, പുതിയ തൊഴിലുടമ, യൂണിയൻ പ്രതിനിധികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കൊല്ലം ഡീസന്റ് മുക്കിലെ മലബാർ കാഷ്യൂ ഫാക്ടറി തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചു.
ഫാക്ടറി ഉടൻ തുറന്നുപ്രവർത്തിപ്പിക്കണമെന്നും 2006 മുതൽ 2016 വരെ പിരിഞ്ഞ തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ഉടൻ നൽകണമെന്നും നിലവിലുള്ള തൊഴിലാളികളുടെ സർവ്വീസ് ആനുകൂല്യങ്ങൾ പുതിയ തൊഴിലുടമ ഏറ്റെടുത്തുകൊണ്ട് കരാർ ഉണ്ടാക്കണമെന്നും 2016-ൽ പിരിഞ്ഞ തൊഴിലാളികളുടെ വിടുതൽ ഉത്തരവ് നൽകണമെന്നും ഇവരുടെ ക്ഷേമനിധി, പിഎഫ്, ഇഎസ്‌ഐ ആനുകൂല്യങ്ങൾക്കുവേണ്ടിയുള്ള അപേക്ഷയിൽ പുതിയ മാനേജുമെന്റ് ഒപ്പുവയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് എഐയുടിയുസി കശുവണ്ടിത്തൊഴിലാളി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫാക്ടറിപടിക്കൽ സമരം ആരംഭിച്ചിരിക്കുന്നത്. സമരം ആരംഭിച്ചുകൊണ്ട് നടന്ന സമ്മേളനം കശുവണ്ടിത്തൊഴിലാളി സെന്റർ സംസ്ഥാന ജനറൽ സെക്രട്ടറി സഖാവ് എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന വൈസ്പ്രസിഡന്റ് സഖാവ് ഷൈല കെ.ജോൺ, ജോയിന്റ് സെക്രട്ടറി സഖാവ് ബി.വിനോദ് എന്നിവർ പ്രസംഗിച്ചു. സഖാവ് ഹരിദാസൻപിള്ള അദ്ധ്യക്ഷതവഹിച്ചു.