പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭരംഗത്ത് മതേതര ശക്തികളെ ഏകോപിപ്പിച്ച സംഗമ വേദിയായിരുന്നു കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ജനുവരി 13ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച പൗരസംഗമം. ലോക പ്രശസ്ത സാമൂഹിക പ്രവർത്തക മേധാ പട്കർ മുന്നിൽനിന്ന് നയിച്ച പൗരത്വ സംരക്ഷണ റാലിയ്ക്ക് ശേഷമാണ് പൗരസംഗമം ഗാന്ധിപാർക്ക് മൈതാനിയിൽ സംഘടിപ്പിക്കപ്പെട്ടത്. വൈകുന്നേരം നാല് മണിക്ക് ഗാന്ധി പാർക്കിൽനിന്ന് ആരംഭിച്ച പൗരത്വ സംരക്ഷണ റാലിയിൽ മേധാ പട്കർക്കൊപ്പം നൂറ് കണക്കിന് ബഹുജനങ്ങൾ അണിനിരക്കുകയുണ്ടായി. വിദ്യാർത്ഥികളും വീട്ടമ്മമാരും ജനകീയ സമര പ്രവർത്തകരും വിവിധ സംഘടനാനേതാക്കളും ഉൾപ്പടെയുള്ളവർ പങ്കെടുത്ത പ്രകടനം ആസാദി മുദ്രാവാക്യങ്ങളാൽ ആവേശഭരിതമായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും ദേശീയ ജനസംഖ്യാ രജിസ്റ്ററിനും എതിരെ ബഹുജന പ്രതിഷേധം കത്തിജ്വലിച്ച മണിക്കൂറുകളായിരുന്നു അത്. ജനകീയ പ്രതിരോധ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി എം.ഷാജർഖാൻ, ജസ്റ്റിസ് പി.കെ.ഷംസുദ്ദീൻ, കുരീപ്പുഴ ശ്രീകുമാർ, ജോസഫ് സി.മാത്യു, ഡോ.ഡി.സുരേന്ദ്രനാഥ്, ഫാദർ എബ്രഹാം ജോസഫ്, ഡോ.വി.വേണുഗോപാൽ, ജയ്സൺ ജോസഫ്, പ്രൊഫ.കുസുമം ജോസഫ് തുടങ്ങിയ നിരവധി ബഹുജന നേതാക്കൾ മേധാ പട്കറോടൊപ്പം മുൻനിരയിൽനിന്ന് റാലി നയിച്ചു. ജാമിയ മിലിയ, പോണ്ടിച്ചേരി സർവ്വകലാശാല, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി തുടങ്ങിയ സർവ്വകലാശാലകളിൽനിന്ന് സമരം നയിക്കുന്ന വിദ്യർത്ഥി നേതാക്കളും റാലിയിലും പൗരസംഗമത്തിലും പങ്കെടുക്കുകയുണ്ടായി.
പ്രതിരോധ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.മഞ്ചേരി സുന്ദർരാജിന്റെ അദ്ധ്യക്ഷതയിലാണ് ഗാന്ധി പാർക്കിൽ പൗരസംഗമം ആരംഭിച്ചത്. വിദ്യാർത്ഥി വോളണ്ടിയർമാരുടെ പ്രകമ്പനം കൊള്ളിക്കുന്ന മുദ്രാവാക്യങ്ങൾക്കും തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ എം.പ്രദീപനും സംഘവും അവതരിപ്പിച്ച ‘നിങ്ങൾ ക്യൂവിലാണ്’ എന്ന തെരുവ് നാടകത്തിന്റെ അവതരണത്തിനും ശേഷമാണ് പൗരസംഗമം തുടങ്ങിയത്.
മതാടിസ്ഥാനത്തിൽ ഈ രാജ്യത്തെ വിഭജിക്കാനുള്ള സംഘപരിവാറിന്റെ ഹീനശ്രമങ്ങളെ മതേതര മൂല്യങ്ങളുയർത്തി ചെറുത്ത് തോൽപ്പിക്കുന്ന മനോഹര കാഴ്ചയാണ് രാജ്യമെങ്ങും കാണുന്നതെന്ന് സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് മേധാ പട്കർ പറഞ്ഞു. ഇന്ത്യൻ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ജനാധിപത്യ തത്വങ്ങൾ കേന്ദ്രസർക്കാർ നിരന്തരം ലംഘിക്കുകയാണ്. നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയവരോടും രാജ്യത്തിനുവേണ്ടി പണിയെടുക്കുന്നവരോടും പൗരത്വം തെളിയിക്കണമെന്ന് ആവശ്യപ്പെടുവാൻ മോദി സർക്കാരിന് എന്താണ് അവകാശം ? അവർ ചോദിച്ചു. ഭരണഘടനാ മൂല്യങ്ങൾ തെരുവിൽ ചവിട്ടിയരയ്ക്കപ്പെടുമ്പോൾ തുല്യതയ്ക്കും നീതിയ്ക്കുംവേണ്ടി തെരുവുകളിൽ, ഷഹീൻബാഗിലേതുപോലെ അണിനിരക്കുക മാത്രമാണ് പോംവഴി. ജനാധിപത്യമൂല്യങ്ങളുടെ അടിസ്ഥാനത്തിലുള്ള ഇന്ത്യയെന്ന അസ്തിത്വത്തെ സംരക്ഷിക്കാനുള്ള പ്രക്ഷോഭങ്ങളാണ് രാജ്യത്ത് നടക്കുന്നത്. മുഖംമൂടി ധരിച്ച് ഒരുസംഘം ഭീകര പ്രവർത്തകർ ജെഎൻയുവിലെ ക്യാമ്പസിൽ കയറി വിദ്യാർത്ഥികളെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഹിന്ദുരക്ഷാ ദളിന്റെ നേതാക്കളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും മേധ ആവശ്യപ്പെട്ടു. എൻആർസിയ്ക്കുവേണ്ടി നടത്തപ്പെടുന്ന എൻപിആർ സർവ്വേയിൽ ജനങ്ങൾ സഹകരിക്കരുതെന്നും ഒരു രേഖയും ഹാജരാക്കരുതെന്നും അവർ അഭ്യർത്ഥിച്ചു.
പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ പ്രമേയം പാസ്സാക്കിയ കേരള നിയമസഭയെ പട്കർ അഭിനന്ദിച്ചു. അന്യായമായി യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത് എൻഐഎയ്ക്ക് കൈമാറിയ അലൻ ശുഹൈബിനെയും താഹ ഫൈസലിനെയും എത്രയുംവേഗം മോചിപ്പിക്കണമെന്നും വാളയാറിലെ മാനഭംഗത്തിനും കൊലപാതകത്തിനും ഇരകളായ പെൺകുഞ്ഞുങ്ങൾക്ക് നീതി ഉറപ്പാക്കാൻ പ്രതികളെ തുറുങ്കിലടയക്ക്ണമെന്നും മുഖ്യമന്ത്രിയോട് മേധാ പട്കർ അഭ്യർത്ഥിക്കുകയുണ്ടായി.
ജസ്റ്റിസ് പി.കെ.ഷംസുദ്ദീൻ, കുരീപ്പുഴ ശ്രീകുമാർ, ജോസഫ് സി.മാത്യു, ഡോ.വി.വേണുഗോപാൽ, ഡോ.ഡി.സുരേന്ദ്രനാഥ്, പ്രൊഫ. വിശ്വമംഗലം സുന്ദരേശൻ, പ്രൊഫ.കുസുമം ജോസഫ്, ടി.പീറ്റർ, പ്രൊഫ.എബ്രഹാം ജോസഫ്, ജയ്സൺ ജോസഫ്, എം.ഷാജർഖാൻ എന്നിവർ പ്രസംഗിച്ചു.
എൻആർസിയ്ക്കും സിഎഎയ്ക്കുമെതിരെ ഇന്ത്യയിലെ വിവിധ സർവകലാശാലകളിൽ നടക്കുന്ന വിദ്യർത്ഥി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്നവരെ പ്രതിനിധീകരിച്ച് സംഗമത്തിൽ പങ്കെടുത്ത നേതാക്കളെ പൗരസംഗമം ആദരിച്ചു. തുടർന്ന്, ജാമിയ മിലിയ സർവ്വകലാശാലയെ പ്രതിനിധീകരിച്ച് കെ.പി.തഷ്റീഫ്, പോണ്ടിച്ചേരി സർവ്വകലാശാലയെ പ്രതിനിധീകരിച്ച് അംജാത് അശോക്, ഹൈദരാബാദ് സർവ്വകലാശാലയെ പ്രതിനിധീകരിച്ച് ഡോൺ തോമസ് എന്നിവർ പൗരസംഗമത്തെ അഭിസംബോധന ചെയ്തു. എന്തെല്ലാം വെല്ലുവിളികളെ നേരിട്ടുകൊണ്ടാണ് പ്രക്ഷോഭം മുന്നേറുന്നതെന്നും അവർ വിശദീകരിച്ചു. തുടർന്ന് ഏവരും ഒന്നുചേർന്ന് പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിജ്ഞയെടുത്തു. ഡോ.ഡി.സുരേന്ദ്രനാഥ് വായിച്ച പ്രതിജ്ഞ ഏവരും ഏറ്റുപറഞ്ഞു.
സംഗമം രാത്രി ഒമ്പത് മണിവരെ തുടർന്നു. റാലിയ്ക്ക് മുന്നോടിയായി തിരുവനന്തപുരം നഗരത്തിൽ ഒരാഴ്ചക്കാലം നീണ്ടുനിന്ന വ്യാപകമായ പ്രചാരണ പ്രവർത്തനങ്ങൾ നടക്കുകയുണ്ടായി. വിവിധ കലാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ വോളണ്ടിയർ സംഘമാണ് പ്രധാനമായും ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. സ്വാതന്ത്ര്യസമര ഗാനങ്ങൾ, തെരുവ് നാടകം, പ്രസംഗങ്ങൾ, പോസ്റ്റർ പ്രചാരണം, പൊതുസമ്മേളനങ്ങൾ എന്നിവയൊക്കെ നഗരത്തെ ഇളക്കുന്നവിധത്തിൽ സംഘടിപ്പിക്കാൻ കഴിഞ്ഞു. പൗരത്വ നിയമ ഭേദഗതിയ്ക്കെതിരായ പ്രക്ഷോഭത്തിന്റെ ദിശ പൂർണ്ണമായും മതേതര-ജനാധിപത്യ രീതിയിലായിരിക്കണമെന്ന സന്ദേശം സംസ്ഥാനത്ത് വിളംബരം ചെയ്യാൻ ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച, മേധാ പട്കർ നേതൃത്വം നൽകിയ മഹാറാലിയ്ക്കും പൗരസംഗമത്തിനും കഴിഞ്ഞിട്ടുണ്ട്.