റേഷൻ പുനഃസ്ഥാപിക്കുക സപ്ലൈ ഓഫീസ് മാർച്ച്‌

ktym-suply-of-m-pnt.jpg
Share

റേഷൻ പുന:സ്ഥാപിക്കുക, വിവേചനങ്ങൾ ഒഴിവാക്കി മുഴുവൻ ആളുകൾക്കും റേഷൻ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ലോക്കൽ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലയിൽ കോട്ടയം, വൈക്കം, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി താലൂക്ക് സപ്ലൈ ഓഫീസുകളിലേയ്ക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടന്നു.
റേഷൻ സമ്പ്രദായം ഒന്നാകെ വൻതകർച്ചയുടെ വക്കിലെത്തിനിൽക്കുകയാണ്. താമസംവിനാ റേഷൻ കടകൾ അടച്ചുപൂട്ടപ്പെടും. റേഷൻ ഉപേഭാക്താക്കളുടെ എണ്ണം കുറച്ചുകൊണ്ടുവരാൻ കാലങ്ങളായി ആവിഷ്‌ക്കരിച്ചുകൊണ്ടിരിക്കുന്ന പദ്ധതികളുടെ പരിണതഫലമാണ് റേഷൻ രംഗം ഇന്ന് അഭിമുഖീകരിക്കുന്നത്. പൊതുവിപണിയിൽ അരിയുടെ വില കുതിച്ചുയരുകയാണ്. നോട്ടുനിരോധനം മൂലമുണ്ടായ പ്രതിസന്ധികൾ അപരിഹാര്യമായി തുടരുകയും തൊഴിൽ മേഖല കടുത്ത പ്രതിസന്ധിയിൽപെട്ടിരിക്കുകയും ചെയ്യുന്ന ഘട്ടത്തിൽ റേഷൻ രംഗത്ത് സംജാതമായിരിക്കുന്ന അവസ്ഥ സാധാരണക്കാരന്റെ ജീവിതം ദുരിതമയമാക്കിയിരിക്കുന്നു.
റേഷൻ ഉൾപ്പെടെ ജനങ്ങൾക്ക് നൽകുന്ന സകല ആനുകൂല്യങ്ങളും നിർത്തൽ ചെയ്യാനും ഭക്ഷ്യധാന്യങ്ങളുടെ സംഭരണത്തിന്റെയും വിതരണത്തിന്റെയും ഭാഗത്തുനിന്നുമുള്ള സമ്പൂർണ്ണ പിന്മാറ്റം ലക്ഷ്യം വച്ചുകൊണ്ടും കഴിഞ്ഞ കാൽനൂറ്റാണ്ടായി നടപ്പിലാക്കിവരുന്ന നയങ്ങളാണ് റേഷൻ രംഗത്തെ ഇന്നുള്ള പ്രതിസന്ധിയായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഉപഭോക്താക്കളുടെ എണ്ണം കുറച്ചെടുക്കുക എന്നതായിരുന്നു ഓരോ നടപടിയുടെയും ലക്ഷ്യം. പരിഷ്‌ക്കാരങ്ങൾ ഭക്ഷ്യസുരക്ഷ നിയമം വരെ എത്തിയപ്പോൾ റേഷൻ കടകൾ അടച്ചുപൂട്ടപ്പെട്ടു. 1991 ൽ നരസിംഹറാവുസർക്കാരിന്റെ കാലം മുതൽ നടപ്പിലാക്കിവന്ന സാമ്പത്തിക പരിഷ്‌ക്കാരങ്ങളുടെ തുടർച്ചയാണ് ഭക്ഷ്യസുരക്ഷ നിയമം.

റേഷൻ പുനഃസ്ഥാപിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് അതിശക്തമായ ജനകീയ പ്രക്ഷോഭണം വളർന്നുവരേണ്ടത് ഇന്നത്തെ അടിയന്തര ആവശ്യകതയാണ്. സങ്കുചിതമായ കക്ഷി രാഷ്ട്രീയ താൽപര്യങ്ങൾക്ക് ഉപരിയായ പ്രക്ഷോഭണം വളർത്തിയെടുക്കുവാൻ ജനങ്ങൾ മുന്നോട്ടുവരണം. നാടെമ്പാടും ജനങ്ങളുടെ സമരക്കമ്മിറ്റികൾക്ക് രൂപം നൽകണം. ഈ ലക്ഷ്യം മുൻനിർത്തിക്കൊണ്ട് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്)യുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന സമര, പ്രചാരണ പരിപാടികളുടെ ഭാഗമായും നീണ്ടുനിൽക്കുന്ന പ്രക്ഷോഭപരിപാടികളുടെ തുടക്കം എന്ന നിലയിലുമാണ് താലൂക്ക് സപ്ലൈ ഓഫീസുകളിലേയ്ക്ക് മാർച്ച് സംഘടിപ്പിക്കപ്പെട്ടത.്

 

Share this post

scroll to top