വനാതിർത്തികളിൽ ബഫർസോൺ പ്രഖ്യാപിച്ച സുപ്രീംകോടതി ഉത്തരവിന്മേൽ ഉടൻ പുനഃപരിശോധനാ ഹർജി നൽകുക

KPS-Wayanad.jpeg
Share

വനാതിർത്തികളിൽ ബഫർസോൺ പ്രഖ്യാപിച്ച സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധിക്കാൻ, ഉത്തരവിൽത്തന്നെ നൽകിയിട്ടുള്ള സാധ്യത ഉപയോഗപ്പെടുത്തി സംസ്ഥാന സർക്കാർ ഉടൻ പുനഃപരിശോധനാ ഹർജി നൽകണമെന്ന് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) കേരള സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വനം നശിപ്പിക്കുന്നത് വൻകിടക്കാരും ഒത്താ ശ ചെയ്യുന്നത് സർക്കാരുകളുമാണ്. ഈ ഒത്താശയാണ് സന്തുലിതമല്ലാത്ത കോടതി വിധിയിലേക്ക് നയിച്ചത്. ആദിവാസികളും ചെറുകിട കർഷകരുമൊക്കെ വനത്തിന്റെ സംരക്ഷകരാണ്. ഇവരെ സംരക്ഷിക്കുകയും വനം കൈയേറ്റക്കാരെയും ഖനന മാഫിയകളേയുമൊക്കെ കർശനമായി നേരിടുകയുമാണ് ചെയ്യേണ്ടത്.


വനാതിർത്തിയോട് ചേർന്ന് ബഫർസോണായി പ്രഖ്യാപിക്ക പ്പെടുന്ന ഒരു കിലോമീറ്റർ ചുറ്റളവിൽ സ്ഥിര സ്വഭാവത്തിലുള്ള ഒരു തരം നിർമ്മാണവും അനുവദിക്കില്ല എന്ന് കോടതി വിധിയിൽ (ഖണ്ഡിക 44.e) വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീം കോടതി കർശനമായി നടപ്പാക്കണമെന്ന് നിർദ്ദേശിച്ചിട്ടുള്ളത് കേന്ദ്ര വനം – പരിസ്ഥിതി വകുപ്പ് 2011 ഫെബ്രുവരി 9ന് പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളാണ്. കൃഷിയുടെ വ്യവസ്ഥ മാറ്റാൻ പാടില്ല എന്നതുൾപ്പെടെയുള്ള വകുപ്പുകൾ ഈ മാർഗ്ഗനിദ്ദേശങ്ങളിലുണ്ടെന്നത് ബഫർസോൺ മേഖലയിൽ ഫലത്തിൽ കൃഷി അസാധ്യമാക്കും. വന്യജീവികളിൽ നിന്നുള്ള സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള ഫലപ്രദമായ നിർദ്ദേശങ്ങൾ, നിയമപരമായ ഉടമസ്ഥതയുള്ള ഭൂമിയുടെ ക്രയ വിക്രയാവകാശം എന്നിവയെ സംബന്ധിച്ച് ഉത്തരവിൽ വ്യക്തത ഇല്ലതാനും. വനാതിർത്തിയോട് ചേർന്ന് വസിക്കുന്ന ആദിവാസികളുടെയും ദരിദ്ര – ഇടത്തരം കർഷകരുടെയും ജീവിതം അസാധ്യമാക്കുന്ന ഒന്നാണ് ഈ ഉത്തരവ്. രാജ്യത്തിനാകെ ബാധകമായ ഈ ഉത്തരവ്, കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ സൃഷ്ടിക്കുന്ന സമൂഹ്യപ്രത്യാഘാതങ്ങൾക്ക് പരിഹാരമുണ്ടാക്കാനായി സംസ്ഥാനസർക്കാർ തന്നെ മുൻകൈയെടുക്കണം.
വാണിജ്യാടിസ്ഥാനത്തിലുള്ള ഖനനം, ഈർച്ചമിൽ, മലിനീകരണം സൃഷ്ടിക്കുന്ന വ്യവസായങ്ങൾ, വൻകിട ജലവൈദ്യുത പദ്ധതികൾ എന്നിവയുടെ നിരോധനവും പരിസ്ഥിതിക്കെതിരായ നടപടികളുടെ നിയന്ത്രണവും നിർദ്ദേശിക്കുന്ന ഉത്തരവിലെ വകുപ്പുകൾ സ്വാഗതാർഹമാണ്. നിലവിലുള്ള നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് വനത്തിനുള്ളിൽപ്പോലും ഖനനവും ക്വാറിയിംഗും കുന്നിടിക്കലും മലതുരക്കലും സർക്കാരുകളുടെ പിന്തുണയോടെ നടത്തുന്ന സാമ്പത്തികശക്തികൾ ഉത്തരവിനെ സംബന്ധിച്ച് ജനങ്ങളിൽ ആശങ്ക പടർത്തി സ്ഥാപിതതാൽപ്പര്യങ്ങൾ സംരക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അംഗീകരിക്കാനാവില്ല. പരിസ്ഥിതിയുടെ സ്വാഭാവികഘടന തകർത്ത്, മലയോരമേഖലകളിൽ ജീവിക്കാനാവാത്ത സാഹചര്യം സൃഷ്ടിച്ചത് ഈ സാമ്പത്തികശക്തികളാണെന്നത് കർഷകർ വിസ്മരിക്കരുത്. 2019 ഒക്‌ടോ. 23ന് ഒരു കിലോമീറ്റർ ബഫർ സോണെന്ന മന്ത്രിസഭാ തീരുമാനം കൈക്കൊണ്ട എൽഡിഎഫ് പൊടുന്നനെ ഈ വിധിക്കെതിരെ രംഗത്തുവന്നത് കർഷകരുടെ ആശങ്കകളെ മുതലെടുക്കുന്നതിനുവേണ്ടി മാത്രമാണ്.
സാധാരണജനങ്ങളുടെ ജീവിതത്തിനും വനസംരക്ഷണത്തിനും തുല്യപ്രാധാന്യം നൽകുന്ന വിധി ഉണ്ടാകുവാൻ ആത്മാർത്ഥവും ജനാനുകൂലവുമായ സമീപനം മുറുകെപ്പിടിച്ചുകൊണ്ട് ഉടൻ പുനഃപരിശോധനാ ഹർജി ഫയൽ ചെയ്യണമെന്ന് സർക്കാരിനോടും അതിനായി ശബ്ദമുയർത്താൻ ജനങ്ങളോടും പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

Share this post

scroll to top