അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിക്കുക

Electricity-KLM.jpeg
Share

സംസ്ഥാനത്ത് വർദ്ധിപ്പിച്ച വൈദ്യുതി നിരക്ക് ജൂൺ 26ന് നിലവിൽ വന്നു. ചാർജ് വർദ്ധിപ്പിക്കുന്നതിനുവേണ്ടിയുള്ള ഇലക്ട്രിസിറ്റി ബോർഡിന്റെ അപേക്ഷയിന്മേൽ റഗുലേറ്ററി കമ്മീഷൻ വർദ്ധിപ്പിച്ച പുതിയനിരക്ക് പ്രഖ്യാപിക്കുകയായിരുന്നു. കോവിഡ് മൂലമുണ്ടായ തൊഴിൽ പ്രതിസന്ധി, നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് എന്നിവ മൂലം സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതം ദുരിതത്തിലായിരിക്കു മ്പോഴാണ് മറ്റൊരു ഇരുട്ടടിയായി ചാര്‍ജ് വര്‍ദ്ധനവ് അടിച്ചേല്‍പ്പിച്ചത്. ബോർഡ് അഞ്ച് വർഷത്തേക്കുള്ള ചാർജ് വർദ്ധനവ് ലക്ഷ്യമിട്ട് 18 ശതമാനം നിരക്ക് വർദ്ധനവാണ് ആവശ്യപ്പെട്ടത്. ബോർഡ് അധികവരുമാനമായി 2829കോടി രൂപ ലക്ഷ്യമിട്ടിരുന്നതായി കമ്മീഷൻ വെളിപ്പെടുത്തുകയുണ്ടായി. പക്ഷെ കമ്മീഷൻ 6.6ശതമാനം വർദ്ധനവാണ് അനുവദിച്ചത്. കോവിഡ് കാരണം ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് കണക്കിലെടുത്ത് വൻവർദ്ധനവ് ഒഴിവാക്കിയെന്നാണ് റഗുലേറ്ററി കമ്മീഷൻ അവകാശപ്പെട്ടത്. എന്നാൽ യാഥാർത്ഥ്യമെന്താണ്? വൈദ്യുതി എനർജി ചാർജിൽമാത്രം ഗാർഹിക ഉപഭോക്താക്കൾക്ക് ഒരോ യൂണിറ്റിനും ശരാശരി 25മുതൽ 60പൈസവരെയും, വാണിജ്യ സ്ഥാപനങ്ങൾക്ക് 10മുതൽ 40 പൈസവരെയും, വ്യവസായ മേഖലയില്‍ ശരാശരി 40പൈസ വരെയുമാണ് വര്‍ദ്ധനവ്. എനർജി ചാർജ്‌കൂടാതെ ഫിക്സഡ് ചാർജ്/ഡിമാന്റ് ചാർജ്, മീറ്റർ വാടക, എനർജി ചാർജിന്റെ 10% ഡ്യൂട്ടി ഇവയെല്ലാം ചേരുമ്പോൾ ഫലത്തിൽ കമ്മീഷൻ അവകാശപ്പെട്ട 6.6 ശതമാനത്തേക്കാൾ വലിയ തുകയാണ് നൽകേണ്ടിവരിക. കമ്മീഷൻ ഒരു വർഷത്തേക്കാണ് ചാർജ് വർദ്ധനവ് അനുവദിച്ചത്. ഒരു വർഷത്തിനുശേഷം വീണ്ടും ചാർജ് വർദ്ധനവിന്റെ ഭീഷണിയിലാണ് ഉപഭോക്താക്കൾ.


സംസ്ഥാനത്ത് 2019ൽ നടത്തിയ ചാർജ് വർദ്ധനവിന്റെ ഷോക്കിൽനിന്നും ജനങ്ങൾ ഇനിയും മോചിതരായിട്ടില്ല. എനർജി ചാർജ് കൂടാതെ ഫിക്സഡ് ചാർജ് ഇനത്തിൽ ഈടാക്കുന്നത് വലിയ തുകയാണ്. 2019ലെ ചാർജ് വർദ്ധനവിനുമുമ്പ് ഫിക്സഡ് ചാർജ് എനർജി ഉപഭോഗത്തിനനുസരിച്ച് വർദ്ധിച്ചു കൊണ്ടിരുന്നില്ല. എത്ര എനർജി യൂണിറ്റ് ഉപയോഗിച്ചാലും ഗാർഹിക ഉപഭോക്താക്കൾക്ക് സിംഗിള്‍ ഫെയ്സിന് 30 രൂപയും, ത്രീ ഫെയ്സിന് 80 രൂപയുമായിരുന്നു ഫിക്സഡ് ചാര്‍ജ്. അത് 2019 ജൂലൈ മുതല്‍ ഉപയോഗിക്കുന്ന യൂണിറ്റിനു് അനുസരിച്ച് മാറാൻ തുടങ്ങി. ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്ന താരിഫ് വർദ്ധനയനുസരിച്ച് 51 യൂണിറ്റ്മുതൽ 100 യൂണിറ്റ് വരെ കറന്റ് ഉപയോഗിക്കുന്ന ഒരു ഗാർഹിക ഉപഭോക്താവ് സിംഗിള്‍ ഫെയ്സിന് 55 രൂപയും, ത്രീ ഫെയ്സിന് 120 രൂപയും ഫിക്സഡ് ചാര്‍ജ് നൽകണം. യൂണിറ്റ് 100 കടന്നാൽ ഫിക്സഡ് ചാർജ് അടുത്ത സ്ലാബിലേക്ക് വർദ്ധിക്കുന്നു. ചെറുകിട വാണിജ്യ സ്ഥാപനങ്ങൾ, ചെറിയ ഉല്പാദന യൂണിറ്റുകൾ ഇവയ്ക്കെല്ലാം വലിയ നിരക്കിലുള്ള എനർജി ചാർജിനൊപ്പം ഉയര്‍ന്ന ഫിക്സഡ് ചാർജും നൽകേണ്ടിവരുന്നു. അങ്ങനെ ഫിക്സഡ് ചാർജ് ഇനത്തിൽ മാത്രം വൈദ്യുതി ബോർഡ് വലിയ തുകയാണ് ഉപഭോക്താവിൽനിന്നും കവർന്നെടുക്കുന്നത്.
കോവിഡ് മഹാമാരിമൂലം സംസ്ഥാനത്ത് തൊഴിലും കൂലിയും നഷ്ടപ്പെട്ട് ജനങ്ങൾ കഷ്ടപ്പെടുകയാണ്. ഇതിനൊക്കെപ്പുറമേയാണ് ഇന്ധന വിലയിലും യാത്രാക്കൂലിയിലുമുണ്ടായ വർദ്ധനവ്. വൈദ്യുതി നിരക്കിൽ ഉണ്ടാവുന്ന വർദ്ധനവ് ജനജീവിതത്തെ ദുരിതത്തിലാക്കുമെന്നതിൽ സംശയമില്ല. ജനങ്ങളുടെ സാമ്പത്തികാവസ്ഥയെ തെല്ലും പരിഗണിക്കാതെയുള്ള ചാർജ് വർദ്ധനവുകൾ എങ്ങനെയാണ് നീതീകരിക്കാനാവുക? വൈദ്യുതി ബോർഡിനുണ്ടാകുന്ന സാമ്പത്തിക ബാദ്ധ്യതയാണ് ചാർജ് വർദ്ധനവിന് കാരണമായി പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. യഥാർത്ഥത്തിൽ ബോർഡ് സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണങ്ങൾ ജനങ്ങളുടെ മുമ്പാകെ തൃപ്തികരമായി വിശദീകരിക്കേണ്ടതുണ്ട്. ബോർഡ് മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയും ധൂർത്തും മൂലമുണ്ടാകുന്ന സാമ്പത്തിക ചോർച്ച പരിഹരിക്കാതെ, ചാർജ് വർദ്ധനവ് വഴി ജനങ്ങളെ പിഴിഞ്ഞൂറ്റിക്കൊണ്ടിരിക്കുകയാണ്.
കേരളം ജലവൈദ്യുത പദ്ധതികളുടെ നാടാണ്. ഇവിടെ ജലവൈദ്യുതിയുടെ ഒരു യൂണിറ്റ് ഉല്പാദനത്തിന് വേണ്ട ചെലവാകട്ടെ ഒരു രൂപയിൽ താഴെ മാത്രമാണ്. കേരളത്തിൽ കഴിഞ്ഞ വർഷങ്ങളിലായി നല്ല മഴ ലഭിച്ചതിനാൽ ജലവൈദ്യുതിയുടെ ഉല്പാദനത്തിലും റെക്കോഡ് വർദ്ധനവാണ് ഉണ്ടായത്. റിപ്പോർട്ടനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വർഷം(2021-22) സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉപഭോഗം 26,608 ദശലക്ഷം യൂണിറ്റായിരുന്നു. ഇതിൽ 9859 ദശലക്ഷം യൂണിറ്റ് ജലവൈദ്യുതിയായിരുന്നു. 2020-21 സാമ്പത്തിക വർഷത്തെ കണക്കനുസരിച്ച് സംസ്ഥാനം പുറമേനിന്നും വാങ്ങിയ കറന്റും ആഭ്യന്തര ഉല്പാദനവുംകൂടി കൂട്ടിയാൽ ശരാശരി 3.22 രൂപയാണ് ഒരു യൂണിറ്റ് വൈദ്യുതിയുടെ ചെലവായി വന്നിട്ടുള്ളത്. ചെലവു കുറഞ്ഞ വൈദ്യുതിയുടെ ഉല്പാദനം സംസ്ഥാനത്ത് റെക്കോഡായിരിക്കുമ്പോൾ എന്തിനാണ് പുതിയൊരു താരിഫ് വർദ്ധനവ് ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കുന്നത്. വൈദ്യുതിബോർഡിന് 2021-22 സാമ്പത്തിക വർഷത്തിൽ 600കോടി രൂപ അധിക വരുമാനം ഉണ്ടായിരിക്കെ, മുൻവർഷങ്ങളെക്കാൾ മെച്ചപ്പെട്ട സാമ്പത്തികസ്ഥിതിയിലിരിക്കെ വീണ്ടുമൊരു ചാർജ് വർദ്ധനവ് അടിച്ചേൽപ്പിച്ചത് അങ്ങേയറ്റം ജനദ്രോഹകരമാണ്, ഒരിക്കലും ഒരു ഇടതുപക്ഷ സർക്കാരിന്റെ ഭാഗത്തുനിന്നും പ്രതീക്ഷിക്കാനാവാത്തതാണ്.


വൈദ്യുതി ബോർഡ് സംസ്ഥാനത്തെ പൊതുഖജനാവിലെ പണം കൊണ്ടാണു് പടുത്തുയർത്തിയിരിക്കുന്നത്. കാലകാലങ്ങളിൽ കേന്ദ്ര സർക്കാരുകൾ ഊർജ്ജ മേഖലയുടെ വികസനവുമായി ബ ന്ധപ്പെട്ട് നടപ്പിലാക്കിയ വിവിധ പ്രോജക്ടുകളും അതുവഴി ലഭിച്ചഗ്രാന്റുകളും ബോർഡിന്റെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. ചുരുക്കത്തിൽ ജനങ്ങളുടെ നികുതിപ്പണംകൊണ്ട് പടുത്തുയർത്തിയ ഒരു സ്ഥാപനം ജനങ്ങളോട് ചില ഉത്തരവാദിത്വങ്ങൾ നിറവേറ്റേണ്ടതായിട്ടുണ്ട്. അതായത്, വൈദ്യുതി ബോര്‍ഡ് ജനക്ഷേമം മുന്‍നിര്‍ത്തി മാത്രം പ്രവര്‍ത്തിക്കണം. എന്നാല്‍, 2013ൽ വൈദ്യുതി ബോർഡിനെ കമ്പനിയാക്കിയതുവഴി ലാഭ-നഷ്ടം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമായി ഇത് മാറി. റെഗുലേറ്ററി കമ്മീഷൻ പോലുള്ള ബ്യൂറോക്രാറ്റിക് സ്ഥാപനമാണ് ഇപ്പോൾ വൈദ്യുതി ചാർജ് നിശ്ചയിക്കുന്നത്, സര്‍ക്കാരുകളല്ല. രാജ്യത്തെ വൈദ്യുതിരംഗം സ്വകാര്യവൽക്കരിക്കുന്നതിന് മുന്നോടിയായി കൊണ്ടുവന്ന വൈദ്യുതി നിയമം 2003 സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന് എതിരെ ജനങ്ങളുടെ ഭാഗത്തു നിന്നും ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു. കേന്ദ്ര സർക്കാർ വൈദ്യുതി നിയമം 2003 നടപ്പിലാക്കുന്നതിന് മുമ്പു്, കേന്ദ്ര വൈദ്യുതി നയത്തിന്റെ ചുവടുപിടിച്ച്‌ 1998ൽ തന്നെ കേരളത്തിൽ അന്നത്തെ എല്‍ഡിഎഫ് സർക്കാർ സംസ്ഥാന റെഗുലേറ്ററി കമ്മീഷൻ രൂപീകരിക്കു ന്നതിനുള്ള നിയമ നിർമ്മാണം കൊണ്ടുവന്നു. വൈദ്യുതിബോർഡിനെ മൂന്ന് ലാഭ കേന്ദ്രങ്ങളായി വിഭജിച്ചു. ബോർഡിനെ കമ്പനിയാക്കുന്നതിനും കാലാന്തരത്തിൽ സ്വകാര്യവൽക്കരിക്കുന്നതിനുമുള്ള ലക്ഷ്യമിട്ടാണ് ഇതെല്ലാം നടപ്പിലാക്കിയതെന്ന് നമ്മുടെ പാർട്ടി ചൂണ്ടിക്കാണിച്ചിരുന്നു. വൈദ്യുതി ബോർഡിൽ ഇപ്പോൾ കൊണ്ടുവന്നിരിക്കുന്ന വലിയ ചാർജ് വർദ്ധനവുകൾ ആകസ്മികമായി സംഭവിക്കുന്നതല്ല. ജനങ്ങളുടെ ശക്തമായ സമരത്തിലൂടെ മാത്രമെ വൈദ്യുതി ബോർഡിന്റെ സാമൂഹ്യ ബാദ്ധ്യത നിലനിർത്താനും ജനാനുകൂലമായ വൈദ്യുതി താരിഫുകൾ നടപ്പിൽ വരുത്താനും കഴിയുകയുള്ളു. അതിനായി ജനങ്ങൾ കക്ഷിരാഷ്ട്രീയത്തിനതീതമായി ഉപഭോക്തൃ കമ്മിറ്റികൾ രൂപീകരിച്ചുകൊണ്ട് ശക്തമായി മുന്നോട്ടുവന്നേ മതിയാകൂ.

Share this post

scroll to top