29-ാമത് കുട്ടികളുടെ സംസ്ഥാന ക്യാമ്പ്‌

Childrens-Camp.jpeg
Share

കുട്ടികളില്‍ ഉയര്‍ന്ന അഭിരുചിയും ജീവിതവീക്ഷണവും സാമൂഹ്യ അവബോധവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി, ‘‘നാടിന്‍ ശ്രേഷ്ഠ സന്താനങ്ങളാക നാം’’ എന്ന ആദര്‍ശവാക്യത്തെ മുൻനിർത്തി പ്രവര്‍ത്തിച്ചുവരുന്ന കുട്ടികളുടെ സാംസ്‌കാരിക പ്രസ്ഥാനമായ പ്രചോദനയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ സംസ്ഥാന ക്യാമ്പ് മെയ് 23,24,25 തീയതികളിൽ നടന്നു. പ്രചോദന സംഘടിപ്പിക്കുന്ന 29-ാമത് ക്യാമ്പാണ് ഓതറ സിഎസ്ഐ സെന്ററിൽ നടന്നത്.


കെറെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിയുടെ സംസ്ഥാന ജനറൽ കൺവീനറും എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എസ്.രാജീവൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നേതാജി സുഭാഷ് ചന്ദ്രബോസ്, രാജാ റാം മോഹൻറായ്, മാർട്ടിൻ ലൂഥർകിംഗ്, സാവിത്രി ഭായ് ഫുലേ തുടങ്ങിയ മഹദ്‌വ്യക്തിത്വങ്ങളുടെ ജീവിതവും സമരവും, കുമാരനാശാന്റെ കവിതകളും എസ് കെ പൊറ്റക്കാടിന്റെ ഒരു തെരുവിന്റെ കഥയും ക്യാമ്പിൽ കുട്ടികൾക്ക് പരിചയപ്പെടുത്തുകയുണ്ടായി. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ താളം, ശാസ്ത്രത്തിന്റെ സമീപനം എന്നിവയും ക്യാമ്പിൽ ചർച്ചയ്ക്കെടുക്കപ്പെട്ടു. ഒപ്പം സംഗീതം, ചിത്രരചന, നാടകം തുടങ്ങിയ വിഷയങ്ങളില്‍ പ്രത്യേക പരിശീലനകളരികളുമുണ്ടായിരുന്നു.
മിനി കെ.ഫിലിപ്പ്, എൻ.കെ.ബിജു, കെ.എം.ബീവി, എം.കെ.ഉഷ, എസ്.മിനി, ബിനു ബേബി, സൗഭാഗ്യകുമാരി, വിദ്യ ആർ.ശേഖർ, അരവിന്ദ് വേണുഗോപാൽ, എം.കൃഷ്ണകുമാർ, ഇ.വി.പ്രകാശ്, പി.പി.സജീവ് കുമാർ, മേധ സുരേന്ദ്രനാഥ്, ഷൈല കെ.ജോൺ, കെ.സദാനന്ദൻ, ഇ.ജെ.റോയിച്ചൻ, എൻ.ജി.സുരേഷ് കുമാർ, എസ്.അനന്തഗോപാൽ, മഹേഷ് കുമാർ, വി. വേണുഗോപാൽ, പി. കെ.പ്രഭാഷ്, ഡോ. എസ്.അലീന, പ്രൊഫ.പി.എൻ.തങ്കച്ചൻ, പി.ജി.ശശികുമാർ, ജെ.മാനവ്, ശ്രീകാന്ത് വേണുഗോപാൽ, പ്രതീഷ് ജയിംസ് എന്നിവർ ക്ലാസ്സുകൾക്കും ശിൽപ്പശാലകൾക്കും നേതൃത്വം നൽകി.
ടി.കെ.സുധീർകുമാർ സമാപന സന്ദേശം നൽകി. സമാപന സമ്മേളനത്തിൽ ഹെലൻ തമ്പി അദ്ധ്യക്ഷതവഹിച്ചു. നവീൻ കോശി സ്വാഗതവും തിങ്കൾ അനില്‍ കൃതജ്ഞതയും രേഖപ്പെടുത്തി. അശ്വതി അശോക് അവതരിപ്പിച്ച സംസ്ഥാന സർക്കാരിന്റെ സിൽവർലൈൻ പദ്ധതിക്കെതിരെയുള്ള പ്രമേയം സമാപനസമ്മേളനം ഐകകണ്ഠ്യേന പാസ്സാക്കി. പ്രമേയത്തെ പിന്തുണച്ച് പ്രണവ് സന്തോഷ്, അച്ചു കൃഷ്ണ, സാം ഷാജി എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളും സമാപന സമ്മേളനത്തിൽ വിതരണം ചെയ്തു. ക്യാമ്പ് സമാപിപ്പിച്ചുകൊണ്ട് ഓതറ കവലയിൽ റാലിയും സമ്മേളനവും നടന്നു.
പ്രചോദനയുടെ മുൻകൈയിൽ നടന്നുവരുന്ന നിരവധിയായ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് മദ്ധ്യവേനലവധിക്കാലത്തെ സംസ്ഥാന ക്യാമ്പ്. ജില്ലാ പ്രാദേശിക ക്യാമ്പുകള്‍, വിനോദയാത്രകള്‍, പഠനപരിപാടികള്‍, സിനിമ പ്രദര്‍ശനങ്ങള്‍, ടെലസ്‌കോപ്പിലൂടെയുള്ള വാനനിരീക്ഷണപരിപാടികള്‍, ടെലസ്‌കോപ്പ് നിര്‍മ്മാണം, പരീക്ഷണങ്ങളിലൂടെയുള്ള ശാസ്ത്രപഠനം, സംഗീതം, നാടകം, ചിത്രരചന തുടങ്ങിയവയിലുള്ള നിരന്തര പരിശീലനങ്ങള്‍, സംഗീതകൂട്ടായ്മകള്‍, കായികപരിശീലനങ്ങള്‍ തുടങ്ങി കുട്ടികളുടെ വ്യക്തിത്വവികാസത്തെയും സ്വഭാവരൂപവത്ക്കരണത്തെയും സഹായിക്കുന്ന നിരവധി പരിപാടികള്‍ പ്രചോദന സംഘടിപ്പിച്ചുവരുന്നു. ജില്ലാ, പ്രാദേശിക തലങ്ങളില്‍ നടന്നുവരുന്ന സംരംഭങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചുകൊണ്ടാണ് വാര്‍ഷികക്യാമ്പ് സംഘടിപ്പിക്കപ്പെടുന്നത്.

Share this post

scroll to top