സ്ഥിരം തൊഴിൽ ഇല്ലാതാക്കുന്ന നിയമഭേദഗതി: ഭരണവർഗ്ഗ വെല്ലുവിളി

Slug-1.jpg
Share

സംഘടിത-വ്യവസായ മേഖലയാകമാനം സ്ഥിരം തൊഴിൽ പൂർണ്ണമായും ഇല്ലാതാക്കുന്ന നിശ്ചിതകാല തൊഴിൽ എന്ന പുതിയ സമ്പ്രദായം സ്ഥാപിക്കാനായി മോദി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നു.

(എ.ഐ.യു.റ്റി.യു.സി മുഖപത്രം തൊഴിലാളിഐക്യം ഡിസംബർ 2018 ലക്കത്തിൽ പ്രസിദ്ധികരിച്ചത്)

തൊഴിലാളികളെ ആറ് വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്ന ഇൻഡസ്ട്രിയൽ എംപ്ലോയ്‌മെന്റ്(സ്റ്റാന്റിംഗ് ഓർഡേഴ്‌സ്) ആക്ട് 1946 ഭേദഗതി ചെയ്തുകൊണ്ടുള്ള അന്തിമ വിജ്ഞാപനം മാർച്ച് 16ന് കേന്ദ്രസർക്കാർ പ്രഖ്യാപിക്കുകയുണ്ടായി. കേന്ദ്ര ട്രേഡ് യൂണിയനുകളുമായി സമവായത്തിലെത്താതെയും പാർലമെന്റിൽ ചർച്ച ചെയ്യാതെയുമാണ് ബിജെപി സർക്കാർ ഈ സുപ്രധാന തൊഴിൽ നിയമഭേദഗതിക്ക് തുനിഞ്ഞത്. ഇന്ത്യൻ തൊഴിലാളിവർഗ്ഗത്തിനുമേൽ ഏകാധിപത്യപരമായി അടിച്ചേൽപ്പിച്ച ഈ വിനാശകരമായ നിയമഭേദഗതി ദ്രുതഗതിയിൽ കരാർവത്ക്കരിച്ചുകൊണ്ടിരിക്കുന്ന തൊഴിൽരംഗം സമ്പൂർണ്ണമായും ഹയർ ആന്റ് ഫയർ സമ്പ്രദായത്തിന് കീഴിലാക്കും. അദ്ധ്വാനിക്കുന്നവരുടെ ജീവിതസാഹചര്യത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണ് ഈ ഭേദഗതി.
2003ൽ വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ഇത്തരം ഒരു ഭേദഗതി കൊണ്ടുവന്നതാണ്. ട്രേഡ് യൂണിയനുകളുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് 2007ൽ അത് പിൻവലിക്കപ്പെട്ടു. ബിജെപിക്ക് ഭൂരിപക്ഷമുള്ള പുതിയ എൻഡിഎ സർക്കാർ അധികാരത്തിൽവന്നപ്പോൾ 2015 ഏപ്രിലിൽ വീണ്ടും ഒരു കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ട്രേഡ് യൂണിയനുകളുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് സർക്കാർ ഇതുമായി കാര്യമായി മുന്നോട്ടുപോയില്ല. എന്നാൽ 2016 ആഗസ്റ്റ് 4ന് വീണ്ടും വസ്ത്രനിർമ്മാണ മേഖലയിൽ നിശ്ചിതകാല തൊഴിൽ ഏർപ്പെടുത്തിക്കൊണ്ട് കേന്ദ്ര തൊഴിൽവകുപ്പ് ഒരു കരട് വിജ്ഞാപനം പുറത്തിറക്കുകയുണ്ടായി. ഇതിനെയും എതിർത്ത ട്രേഡ് യൂണിയൻ നേതൃത്വങ്ങൾക്ക്, വസ്ത്രനിർമ്മാണരംഗം സീസണൽ തൊിഴിൽരംഗമായതുകൊണ്ടാണ് ഇത്തരമൊരു വിജ്ഞാപനം കൊണ്ടുവന്നതെന്ന മറുപടിയാണ് നൽകിയത്. കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്തമായ എതിർപ്പ് പരിഗണിക്കാതെതന്നെ കേന്ദ്രസർക്കാർ വസ്ത്രനിർമ്മാണ രംഗത്ത് ഇത് ഏകപക്ഷീയമായി നടപ്പിലാക്കുകയായിരുന്നു.

പിന്നീട് എല്ലാ ഉൽപ്പാദനമേഖലയിലും നിശ്ചിതകാല തൊഴിൽ തൊഴിലാളിവിഭാഗത്തിന് വ്യവസ്ഥ ചെയ്തുകൊണ്ട് ഇൻഡസ്ട്രിയൽ എംപ്ലോയ്‌മെന്റ് സ്റ്റാന്റിംഗ് ഓർഡർ 1946 ചട്ടത്തിൽ ഭേദഗതി വരുത്തി. 8-1-2018ന് കേന്ദ്രതൊഴിൽ മന്ത്രാലയത്തിന്റെ വിജ്ഞാപനം ഇറങ്ങുകയുണ്ടായി. മാത്രമല്ല, അതിനുശേഷം നിശ്ചിതകാല തൊഴിൽ ഒരു സർക്കാർ നയമെന്ന നിലയിൽ ബജറ്റ് പ്രഖ്യാപനത്തിൽ കേന്ദ്രധനമന്ത്രി ഉൾക്കൊള്ളിക്കുകയുണ്ടായി.
നിലവിലുള്ള മാനദണ്ഡങ്ങളെയും നടപടിക്രമങ്ങളെയും കീഴ്‌വഴക്കങ്ങളെയും മറികടന്നുകൊണ്ട് തികച്ചും ഏകപക്ഷീയമായി സർക്കാർ ഇക്കാര്യത്തിൽ മുന്നോട്ടുപോയതിൽ പ്രതിഷേധിച്ചുകൊണ്ട് 15-2-2018ന് കേന്ദ്രതൊഴിൽ മന്ത്രാലയം വിളിച്ചുചേർത്ത ത്രികക്ഷിയോഗത്തിൽനിന്നും എഐറ്റിയുസി, സിഐറ്റിയു, എഐയുറ്റിയുസി, എച്ച്എം എസ്, എഐസിസിറ്റിയു, യുറ്റിയുസി എന്നീ കേന്ദ്ര യൂണിയനുകൾ സംയുക്തമായി ഇറങ്ങിപ്പോകുകയുണ്ടായി. മാർച്ച് 16ന് മോദി സർക്കാർ ഇക്കാര്യത്തിൽ പുറപ്പെടുവിച്ച അന്തിമവിജ്ഞാപനം ഇന്ത്യൻ തൊഴിലാളിവർഗ്ഗത്തോടുള്ള കടുത്ത വെല്ലുവിളിയാണ്.
ബിസിനസ്സ് എളുപ്പമുള്ളതാക്കാൻ എന്ന പേരിൽ സർക്കാരുകൾ കൊണ്ടുവരുന്ന തൊഴിലാളിവരുദ്ധ, കോർപ്പറേറ്റ് അനുകൂല നടപടികളിലൊന്നാണ് ഈ വിജ്ഞാപനവും. മോദി സർക്കാർ ഇതിനകംതന്നെ സുപ്രധാന തൊഴിൽ നിയമങ്ങളിലെല്ലാം അട്ടിമറി നടത്തിയിരിക്കുകയാണ്. ഫാക്ടറീസ് ആക്ട്, തൊഴിൽതർക്ക നിയമം, വ്യവസായ ബന്ധനിയമം എന്നിവയിലെല്ലാം മുതലാളിമാർക്കും കോർപ്പറേറ്റുകൾക്കും അനുകൂലമായി ഭേദഗതികൾ കൊണ്ടുവരികയാണ് മോദി സർക്കാർ. 44 കേന്ദ്രതൊഴിൽനിയമങ്ങൾ ചേർത്ത് 4 ലേബർ ചട്ടങ്ങൾ ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കോർപ്പറേറ്റുകൾക്കുവേണ്ടി ഏതറ്റംവരെ പോകാനും തയ്യാറായിരിക്കുന്നു മോദിസർക്കാർ.

മൊത്തം തൊഴിലിന്റെ 82 ശതമാനവും അസംഘടിതമേഖലയിലുള്ള രാജ്യമാണ് ഇന്ത്യ. ഈ ചെറിയ സംഘടിതമേഖലകൂടി കാഷ്വൽ-കരാർ വൽക്കരിക്കുകയെന്ന കോർപ്പറേറ്റുകളുടെ താൽപര്യത്തെയാണ് സർക്കാർ പരിഗണിച്ചത്. തൊഴിൽ സുരക്ഷയും സാമൂഹ്യസുരക്ഷയും മറ്റ് ആനുകൂല്യങ്ങളും ഒന്നും ഇല്ലാത്ത അസംഘടിതരുടെയും കൂലിതൊഴിലാളികളുടേതുമായ തൊഴിൽശക്തിയെയാണ് മുതലാളിവർഗ്ഗത്തിന് ആവശ്യം.
മോദിസർക്കാരിന്റെ നോട്ട്‌നിരോധനവും ജിഎസ്ടിയും വഴി ഏതാണ്ട് 6.23കോടി തൊഴിലുകൾ കഴിഞ്ഞ ഒരു വർഷംകൊണ്ട് ഇല്ലാതായി. പ്രതിവർഷം രണ്ട്‌കോടി തൊഴിൽവാഗ്ദാനം ചെയ്ത സർക്കാരാണ് ഇത് ചെയ്തത്. 2017ലെ ജിഡിപി വളർച്ചാനിരക്ക് 5 ശതമാനമായി കുറഞ്ഞു എന്നാണ് ഏതാണ്ട് എല്ലാ സ്വതന്ത്ര സാമ്പത്തിക വിദഗ്ദ്ധരുടെയും കണ്ടെത്തൽ. അങ്ങനെയെങ്കിൽ കാർഷികമേഖലയിൽനിന്ന് 1.66 കോടിയും വ്യവസായ മേഖലയിൽനിന്ന് 1.79 കോടിയും സേവനമേഖലയിൽനിന്ന് 2.83 കോടിയും തൊഴിലാളികൾ പുറന്തള്ളപ്പെടും. ഇവരുടെ കുടുംബങ്ങളെക്കൂടി കണക്കാക്കിയാൽ എത്ര കോടി മനുഷ്യരുടെ ജീവിതമാർഗ്ഗമാണ് അടയുന്നത്. കഴിഞ്ഞ മൂന്ന് വർഷംകൊണ്ട് 37.4 ലക്ഷം തൊഴിലാണ് സംഘടിത മേഖലയിൽനിന്നും ഇല്ലായ്മ ചെയ്തതെന്നാണ് ഇക്കണോമിക് ആന്റ് പൊളിറ്റിക്കൽ വീക്കിലി നടത്തിയ പഠനം പറയുന്നത്. ലേബർ ബ്യൂറോയുടെ കണക്കുപ്രകാരം 2013 മുതൽ 2016വരെയുള്ള 3 വർഷംകൊണ്ട് കാർഷിക മേഖലയിൽ മാത്രം 52.9 ലക്ഷം തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്. നിർമ്മാണമേഖലയിൽനിന്ന് ഈ കാലയളവിൽ 21 ലക്ഷംപേർക്ക് തൊഴിലില്ലാതെയായി. ഈ തൊഴിൽ ജീവിതസാഹചര്യത്തിൽ നിന്നുകൊണ്ട് വേണം പുതിയ വിജ്ഞാപനത്തെ കാണേണ്ടത്.
പ്രതിവർഷം 1.3 കോടി യുവജനങ്ങൾ ബിരുദങ്ങളുമായി തൊഴിൽ കമ്പോളത്തിലേയ്ക്ക് കടന്നുവരുന്ന രാജ്യത്താണ് ഈ നയംകൊണ്ടുവരുന്നത്. 58ശതമാനം ബിരുദധാരികൾക്കും 62ശതമാനം ബിരുദാനന്തരബിരുദധാരികൾക്കും അവരുടെ യോഗ്യതയ്ക്കനുസരിച്ച് ജോലി ലഭിക്കുന്നില്ല. കരാർ തൊഴിലാളികളിൽ 68 ശതമാനത്തിനും തൊഴിലുടമയുമായി യാതൊരു തൊഴിൽ കരാറുമില്ല. സ്ഥിരം തൊഴിലാളിക്ക് നൽകുന്ന കൂലിയുടെ മൂന്നിലൊന്നുപോലും അതേ തൊഴിലെടുക്കുന്ന കരാർ തൊഴിലാളിക്ക് ലഭിക്കുന്നില്ല. തൊഴിൽ സുരക്ഷയും സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങളും അവർക്കില്ല.

ഈ ഭീതിദമായ തൊഴിൽ സാഹചര്യം നിലനിൽക്കുന്ന രാജ്യത്ത് നിലവിലുള്ള 8 ശതമാനം വരുന്ന വ്യവസായ സംഘടിതമേഖലയിൽ കൂടി കരാർ തൊഴിൽ വന്നുകഴിഞ്ഞാൽ സംഭവിക്കുന്നത് എന്താണ് എന്ന് ഊഹിക്കാവുന്നതേയുള്ളൂ. യാതൊരു തൊഴിൽ നിയമങ്ങളും ബാധകമല്ലാത്ത, തൊഴിലുടമയ്ക്ക് ഇച്ഛാനുസരണം ജോലിയെടുപ്പിക്കാനും പറഞ്ഞുവിടാനും കഴിയുന്ന തൊഴിൽ സാഹചര്യമുണ്ടാക്കാനാണ് മുതലാളിമാരുടെയും അവരുടെ ആജ്ഞാനുവർത്തികളായ രാഷ്ട്രീയനേതൃത്വങ്ങളുടെയും ശ്രമം. മുതലാളിത്തം അതിന്റെ ശവക്കുഴി തോണ്ടുകയാണെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ഇത്തരം നയങ്ങൾക്കും നടപടികൾക്കുമെതിരായ യോജിച്ച പ്രക്ഷോഭണം തൊഴിലാളികളിൽനിന്നും തൊഴിലില്ലാത്ത യുവാക്കളിൽനിന്നും വളർന്നുവരണം. ശക്തമായ പോരാട്ടങ്ങൾ കൊണ്ടാണ് ഭരണവർഗ്ഗത്തിന്റെ ഇത്തരം വെല്ലുവിളികളെ തൊഴിലാളികൾ നേരിടേണ്ടത്.

Share this post

scroll to top