എം പാനൽ ജീവനക്കാരുടെ തൊഴിലിന്റെ പൂർണ്ണ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണം

Share

മിനിമം കൂലിപോലും ലഭിക്കാതെ പണിയെടുത്തിരുന്ന നാലായിരത്തോളം വരുന്ന എം.പാനൽ ജീവനക്കാർ ഒറ്റയടിക്ക് പെരുവഴിയിലാകുന്ന സാഹചര്യം സൃഷ്ടിച്ചത് സർക്കാർ പിന്തുടരുന്ന അടിമുടി തൊഴിലാളിവിരുദ്ധമായ സമീപനംകൊണ്ടു മാത്രമാണെന്ന് എസ്‌യുസിഐ(കമ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി സഖാവ് വി.വേണുഗോപാൽ ഒരു പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ 24 വർഷമായി മറ്റൊരു വിധ അവകാശങ്ങളും ലഭിക്കാതെ തുഛമായ തുകയ്ക്കാണ് എം പാനൽ ജീവനക്കാർ പണിയെടുത്തിരുന്നത്. മൃഗീയമായ തൊഴിൽ ചൂഷണത്തിന് ഇടയാക്കിയ എം പാനൽ സമ്പ്രദായം ആർ ബാലകൃഷ്ണപിള്ള മന്ത്രിയായിരുന്ന വേളയിൽ കൊണ്ടുവന്നപ്പോൾ അതിനെതിരെ നിലകൊണ്ട ഇടതു കക്ഷികൾ, അധികാരത്തിൽ വന്നപ്പോൾ ഈ സമ്പ്രദായം തുടരുക മാത്രമല്ല ഏതാണ്ട് 3000ത്തോളം പുതിയ എം പാനൽകാരെ നിയമിക്കുകയും ചെയ്തു. തൊഴിൽനിയമം പാലിച്ചുകൊണ്ട് മാതൃക കാട്ടേണ്ട സർക്കാരും കെഎസ്ആർടിസിയും അങ്ങനെ തുറന്ന നിയമലംഘകരായി മാറി. എം പാനൽ നിയമനം ഏതുനിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കോടതി ആരാഞ്ഞപ്പോൾ സർക്കാരിന് മറുപടി ഇല്ലാതായത് അതിനാലാണ്. ഇപ്രകാരം നഗ്നമായ നിയമലംഘനത്തിന് നേതൃത്വം നൽകിയ സർക്കാരിനാണ് പിരിച്ചുവിടപ്പെട്ട നിർദ്ധനരും നിരാലംബരുമായ എം പാനൽ തൊഴിലാളികളുടെ തൊഴിലിന്റെയും നിലനിൽപ്പിന്റെയും പൂർണ്ണ ഉത്തരവാദിത്തം. അതു നിറവേറ്റാൻ സർക്കാർ തയ്യാറാകണം.

പിഎസ്‌സി നിയമന ഉത്തരവ് ലഭിച്ച എല്ലാവർക്കും ഉടൻ നിയമനം നൽകുകയാണ് ആദ്യം ചെയ്യേണ്ടത്. എല്ലാ സേവന വേതന വ്യവസ്ഥകളും നിറവേറ്റിക്കൊണ്ടുള്ള നിയമനം മാത്രമേ ഉണ്ടാകാവൂ. എല്ലാത്തരം പിൻവാതിൽ നിയമനങ്ങളും -എം പാനൽ ഉൾപ്പടെ- ഉടൻ അവസാനിപ്പിക്കണം. എന്നാൽ ഭീമമായ തൊഴിലില്ലായ്മമൂലം സൃഷ്ടിക്കപ്പെട്ട യുവാക്കളുടെ നിസ്സഹായതയെയും ജീവിത പ്രതിസന്ധിയെയും മുതലെടുത്തുകൊണ്ട് രണ്ടിലേറെ ദശാബ്ദങ്ങളായി സർക്കാരുകൾ നടത്തിയ പ്രാകൃത ചൂഷണത്തിന്റെ ഇരകളായ എം പാനൽ ജീവനക്കാരെ പെരുവഴിയിൽത്തള്ളാൻ പാടില്ല. പിരിച്ചുവിടപ്പെട്ട എം പാനൽ തൊഴിലാളികളിൽ വലിയൊരു പങ്കിനും പ്രായംകഴിഞ്ഞവരെന്ന നിലയിൽ മറ്റൊരു ജോലിക്കും ഇനി പോകാനാവില്ല. പിഎസ്‌സി നിയമന ഉത്തരവ് ലഭിച്ചവർക്ക് നിയമനം ലഭിക്കണമെന്നതുപോലെതന്നെ 240 ദിവസത്തിലേറെ സ്ഥിരമായി പണിയെടുത്ത എം പാനൽ ജീവനക്കാരും നിയമനത്തിന് അർഹരാണ്. തൊഴിലാളി വിരുദ്ധമായ സുശീൽ ഖന്ന റിപ്പോർട്ടിന്റെ ശുപാർശപ്രകാരം ഷെഡ്യൂളുകൾ വെട്ടിക്കുറയ്ക്കുക, വർക്ക് ഷോപ്പുകൾ അടച്ചുപൂട്ടുക, ബോഡി നിർമ്മാണം സ്വകാര്യ കമ്പനികളെ ഏൽപ്പിക്കുക, വാടകയ്ക്ക് ബസ്സുകൾ എടുക്കുക, തല തിരിഞ്ഞ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം ഏർപ്പെടുത്തുക, അനുബന്ധ ജോലികൾ കുടുംബശ്രീ അംഗങ്ങളെ ഏൽപ്പിക്കുക തുടങ്ങിയ നടപടികൾ അവസാനിപ്പിച്ചുകൊണ്ട് കെഎസ്ആർടിസിയെ ശക്തിപ്പെടുത്തിയാൽ പിഎസ്‌സി നിയമന ഉത്തരവ് ലഭിച്ചവർക്ക് മാത്രമല്ല, പിരിച്ചുവിടപ്പെട്ട എം പാനലുകാർക്കും തൊഴിൽ നൽകാൻ കഴിയും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെ കെഎസ്ആർടിസിയെ നിലനിർത്താൻ തുഛമായ പ്രതിഫലത്തിന് പണിയെടുത്ത തൊഴിലാളികളോടുള്ള ധാർമ്മികമായ ബാധ്യതയുമാണത്. പ്രസ്താവന തുടർന്ന് അഭിപ്രായപ്പെട്ടു.

Share this post

scroll to top