‘കാശ്മീർ: പ്രശ്നവും പരിഹാരവും’ എന്ന വിഷയത്തെ അധികരിച്ച് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്തംബർ 25ന് പ്രസ് ക്ലബ്ബ് കോൺഫറൻസ് ഹാളിൽ സെമിനാർ സംഘടിപ്പിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.
ഭരണഘടനയുടെ 370-ാം വകുപ്പിനെ സംബന്ധിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുംവിധം കളവുകൾ പറഞ്ഞും യാഥാർത്ഥ്യങ്ങൾ മൂടിവെച്ചുമാണ് മോദി ഗവണ്മെന്റ് കാശ്മീരിന്റെ പ്രത്യേക പദവി ഏകപക്ഷീയമായി എടുത്തുകളഞ്ഞതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഐക്യത്തിനും ബഹുസ്വരത ഉറപ്പുനൽകുന്ന ഭരണഘടനയുടെ മൗലിക തത്ത്വങ്ങൾക്കും വലിയ ഭീഷണിയാണ് 370-ാം വകുപ്പിന്റെ റദ്ദാക്കലിലൂടെ ബിജെപി ഗവണ്മെന്റ് ഉയർത്തിയിരിക്കുന്നത്. തീവ്രദേശീയത വളർത്തുകയെന്ന സംഘപരിവാറിന്റെ രഹസ്യ അജണ്ടയാണ് ഇതിലൂടെ വെളിവാകുന്നതെന്ന് കെ.പ്രകാശ് ബാബു പറഞ്ഞു.
ജെഎൻയു റിട്ട.പ്രൊഫസർ ഡോ.ബി.വിവേകാനന്ദൻ വിഷയാവതരണം നടത്തി. ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദുചെയ്ത കേന്ദ്രഗവണ്മെൻറ് നടപടി അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നിലവിലുള്ള സംഘർഷഭരിതമായ ബന്ധത്തിന്റെ സ്ഥാനത്ത് സൗഹാർദ്ദപരമായ ബന്ധം സ്ഥാപിക്കുകയും അതിന്റെ അടിസ്ഥാനത്തിലുള്ള ഒരു കോൺഫെഡറേഷൻ ഇരുരാജ്യങ്ങളുംചേർന്ന് രൂപീകരിക്കുകയും ചെയ്തുകൊണ്ടുമാത്രമേ കാശ്മീർ പ്രശ്നത്തിന് സമാധാനപരവും ശാശ്വതവുമായ പരിഹാരം കാണാനാവൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാംസ്കാരികമായി ഒട്ടനവധി സാമ്യങ്ങൾ ഇരുരാജ്യങ്ങളിലെയും ജനതകൾ തമ്മിലുണ്ട്. പരസ്പര ശത്രുതയ്ക്കുപകരം പരസ്പര സാഹോദര്യം വളർത്തിയെടുക്കാൻ ഇരുരാജ്യങ്ങളിലെയും രാഷ്ട്രീയ നേതൃത്വങ്ങൾ തയ്യാറാവണമെന്നും ഡോ.വിവേകാനന്ദൻ അഭിപ്രായപ്പെട്ടു.
വിനോദ് സെൻ(കോൺഗ്രസ്), ആർ.കുമാർ(എസ്യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയറ്റംഗം), ജോസഫ് സി.മാത്യു, എം.ഷാജർഖാൻ(കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ജനറൽ സെക്രട്ടറി) എന്നിവർ പ്രസംഗിച്ചു.
കാശ്മീരിൽ ഇന്ത്യാ ഗവണ്മെന്റ് ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുകയാണെന്നും ജമ്മു-കാശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞ് കേന്ദ്ര ഭരണ പ്രദേശങ്ങളായി തരംതാഴ്ത്തിയ നടപടി പിൻവലിക്കണമെന്നും കാശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നും സെമിനാറിൽ പങ്കെടുത്ത പ്രസംഗകരെല്ലാം ശക്തമായി അഭിപ്രായപ്പെട്ടു.
പ്രൊഫ.വിശ്വമംഗലം സുന്ദരേശൻ മോഡറേറ്ററായിരുന്നു. ജില്ലാ സെക്രട്ടറി ജി.ആർ.സുഭാഷ് സ്വാഗതവും പ്രസിഡന്റ് ദേശാഭിമാനി ഗോപി കൃതജ്ഞതയും രേഖപ്പെടുത്തി.
ആലപ്പുഴയിൽ ചർച്ചാസമ്മേളനം
‘കാശ്മീരും 370-ാം വകുപ്പും’ എന്ന വിഷയത്തിൽ കേരള സംസ്ഥാന ജനകീയ പ്രതിരോധസമിതി ആലപ്പുഴ ജില്ലാഘടകത്തിന്റെ ആഭിമുഖ്യത്തിൽ ചർച്ചാസമ്മേളനം നടന്നു. സെപ്തംബർ 18ന് ജില്ലാ പെൻഷൻ ഭവനിൽ വെച്ചു നടന്ന സമ്മേളനം മുൻ എംപി അഡ്വ.തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്തു. 370-ാം വകുപ്പിന്റെ ഏകപക്ഷീയമായ റദ്ദാക്കൽ ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടെയുംമേലുള്ള കടന്നുകയറ്റമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. ജനകീയ പ്രതിരോധസമിതി ജില്ലാ പ്രസിഡന്റ് അഡ്വ.മാത്യു വേളങ്ങാടൻ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ.എം.ലിജു, സിപിഐ ജില്ലാ കൗൺസിൽ അസിസ്റ്റന്റ് സെക്രട്ടറി പി.ജ്യോതിസ്, ജനകീയ പ്രതിരോധസമിതി സംസ്ഥാന ജനറൽ സെക്രട്ടറി എം.ഷാജർഖാൻ, ബി.ദിലീപൻ, ടി.ബി.വിശ്വനാഥൻ, ആർ.പാർത്ഥസാരഥി വർമ്മ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.