ലോകമാകെ മുതലാളിത്ത- സാമ്രാജ്യത്വ സമ്പദ്ഘടന ആടിയുലയുകയാണ് എന്നതൊരു രഹസ്യമല്ല. കോവിഡ് 19ന്റെ വ്യാപനത്തെത്തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗൺ ആണ് രൂക്ഷമായ ഈ പ്രതിസന്ധിക്ക് കാരണമെന്ന് മുതലാളിത്ത ഭരണാധികാരികളും അവരുടെ വക്കാലത്തുകാരും വാദിക്കുന്നു. സാമ്പത്തികമായ മെല്ലെപ്പോക്ക് എന്നാണ് ഈ പ്രതിസന്ധിയെ അവർ വിശേഷിപ്പിക്കുന്നത്. ലോക്ഡൗൺ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിച്ചു എന്നത് ശരിതന്നെ. എന്നാൽ, കോവിഡ് 19 പൊട്ടിപ്പുറപ്പെടുന്നതിനുമുമ്പ് എല്ലാം ഭദ്രമായിരുന്നു എന്നാണോ ഇതിനർത്ഥം? വസ്തുതകൾ പറയുന്നത് മറിച്ചാണ്. അദ്ധ്വാനിച്ച് ജീവിക്കുന്നവരെ വഴിയാധാരമാക്കുന്ന തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയാണ് പതിറ്റാണ്ടുകളായി ഈ ഏകധ്രുവ ലോകത്ത് നിലനിന്നുപോരുന്നത്. കോവിഡ്-19 ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടുകയും സാധാരണ ജനങ്ങളുടെ ജീവിതത്തിൽ വലിയ നാശമുണ്ടാക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ ഈ പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടപ്പോഴും ഭീഷണമാംവിധം പടർന്നപ്പോഴും അത് ഗൗരവമായെടുക്കാൻ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികൾ തയ്യാറായില്ല എന്നതൊരു വസ്തുതയാണ്. തങ്ങൾ കൈക്കൊണ്ട ധനപരവും സാമ്പത്തികവുമായ നടപടികളിലൂടെ സാമ്പത്തിക രംഗത്ത് തിരിച്ചുവരവുണ്ടാകുമെന്ന പൊള്ളയായ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുക മാത്രമാണ് അധികാര സോപാനങ്ങളിൽ വിരാജിക്കുന്ന അവർ ചെയ്തത്. ഇവിടെയും യാഥാർത്ഥ്യം നേർവിപരീതമായിരുന്നു. വസ്തുനിഷ്ഠ സാഹചര്യങ്ങളിലേയ്ക്ക് ഒന്ന് കണ്ണോടിച്ചാൽ ഇത് വ്യക്തമാകും. കോവിഡ് 19ന് മുമ്പേതന്നെയുള്ള സാമ്പത്തിക പ്രതിസന്ധി ബൂർഷ്വാ സാമ്പത്തിക ശാസ്ത്രജ്ഞർ സമ്പദ്ഘടനയുടെ സുസ്ഥിതി സ്ഥാപിക്കാനായി ഉയർത്തിക്കാണിക്കുന്നത് ജിഡിപി കണക്കുകളാണ്. 2020ൽ 3.1 ശതമാനം ആഗോള സാമ്പത്തിക വളർച്ച പ്രവചിച്ചിരുന്നെങ്കിലും ജനുവരിയിൽ അതിന്റെ പകുതിയായ 1.6 ശതമാനമാണ് പ്രതീക്ഷിച്ചത്. 2007-09 കാലത്തെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കുശേഷമുള്ള ഏറ്റവും ദുർബലമായ അവസ്ഥയാണിത്. 2020ൽ ജിഡിപി വളർച്ച പ്രതീക്ഷിച്ചത് -2 ശതമാനത്തിനും +2.7 ശതമാനത്തിനും ഇടയ്ക്കാണ്. അതായത്, ആഗോള മുതലാളിത്ത സമ്പദ്ഘടനയിലെ മാന്ദ്യം കോവിഡ് 19-ന് മുമ്പുതന്നെ അംഗീകരിച്ചിട്ടുള്ളതാണ്. ആഗോള സമ്പദ്ഘടന മാന്ദ്യത്തിലാണോ എന്ന് സാമ്പത്തിക വിദഗ്ദ്ധരോട് 2020 മാർച്ച് ആദ്യം ആരാഞ്ഞപ്പോൾ അമേരിക്കയിലും യൂറോപ്പിലുമുള്ള മുക്കാൽ പങ്ക് ആളുകളും പരോക്ഷമായി അത് സമ്മതിക്കുകയാണുണ്ടായത്. ”ആഗോള സാമ്പത്തിക വികാസം മുരടിച്ചിരിക്കുന്നു” എന്നാണവർ അഭിപ്രായപ്പെട്ടത്. 2020 അവസാനത്തോടെ അമേരിക്ക മാന്ദ്യത്തിന്റെ പിടിയിലാകുമെന്ന് 2018 ഒക്‌ടോബറിൽ അവിടുത്തെ സാമ്പത്തിക വിദഗ്ദ്ധർ പ്രതീക്ഷിച്ചിരുന്നു. ഈ വർഷത്തെ ആദ്യ മൂന്ന് മാസം 0.1 ശതമാനം വികാസവും അടുത്ത മൂന്നുമാസം 0.3 ശതമാനം ചുരുങ്ങലുമാണ് കോവിഡ് വ്യാപനത്തിനുമുമ്പുതന്നെ ബ്രിട്ടീഷ് സമ്പദ്ഘടന പ്രതീക്ഷിച്ചിരുന്നത്. 2019 അവസാനമായപ്പോഴേയ്ക്കും വല്ലാതെ ചുരുങ്ങിയിരുന്ന ജപ്പാന്റെ സമ്പദ്ഘടന 2020 ഏപ്രിലിൽ തുടങ്ങുന്ന പുതിയ സാമ്പത്തിക വർഷത്തിൽ വെറും 0.1 ശതമാനം വളർച്ച മാത്രമാണ് പ്രതീക്ഷിച്ചിരുന്നതെന്ന് റോയിട്ടേഴ്‌സ് സർവ്വേ കണ്ടെത്തിയിരുന്നു. 2020 മാർച്ച് ആദ്യം നടന്ന ഒരു സർവ്വേപ്രകാരം യൂറോ മേഖലയിലെ മാന്ദ്യസാദ്ധ്യത ഇരട്ടിയായിരുന്നു. പ്രതിവിപ്ലവാനന്തരം വമ്പൻ സാമ്രാജ്യത്വ ശക്തിയായി മാറിയ ചൈനയുടെ സമ്പദ്ഘടന കഴിഞ്ഞ ദശകത്തിലെ ഏറിയ പങ്കും മന്ദഗതിയിലായിരുന്നു എന്നാണ് 2019 സെപ്തംബറിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. റഷ്യൻ സാമ്രാജ്യത്വ സമ്പദ്ഘടന 2020ൽ മാന്ദ്യത്തിന്റെ പിടിയിലാകുമെന്ന് 2019 ജൂലൈ മാസം പ്രവചിക്കപ്പെട്ടിരുന്നു. സാമ്പത്തികരംഗത്ത് വളർന്നുവരുന്ന മന്ദഗതി ഒരു ആഗോള മാന്ദ്യത്തിന്റെ രൂപമെടുക്കുന്നത് തടയാനുള്ള തത്രപ്പാടിലായിരുന്നു 2019ൽ ലോകമെമ്പാടുമുള്ള നയരൂപീകർത്താക്കൾ. ലാറ്റിൻ അമേരിക്കയിലെ വൻകിട രാജ്യങ്ങളെല്ലാംതന്നെ ദുരവസ്ഥയിലായിരുന്നു. 2019ൽ ബ്രസീലിന്റെ മൊത്തം കടബാദ്ധ്യത എക്കാലത്തെയും ഉയർന്ന നിലയിൽ ജിഡിപിയുടെ 78.7 ശതമാനമായിരുന്നു. പൊതുനിക്ഷേപം ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. നിയമപരമായി ബാദ്ധ്യതപ്പെട്ട മേഖലകളിൽപോലും ചെലവഴിച്ചത് വെറും 95 ബില്ല്യൻ റിയൽ (ബ്രസീലിന്റെ കറൻസി) ആയി താഴ്ന്നു. മേഖലയിലെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയായ അർജന്റീനയും 2019ൽ രൂക്ഷമായ സാമ്പത്തിക, ധന കമ്പോള പ്രതിസന്ധിയിലേയ്ക്ക് കൂപ്പുകുത്തി. അർജന്റീനയുടെ സാമ്പത്തിക തകർച്ചയ്ക്ക് മുമ്പുതന്നെ മേഖലയിലെ വളർച്ചാവീക്ഷണം ഇരുൾ മൂടിയതായിരുന്നു. അന്തർദേശീയ നാണ്യനിധി ലാറ്റിൻ അമേരിക്കയുടെ 2019-20 വർഷത്തേയ്ക്ക് നടത്തിയ സാമ്പത്തിക വളർച്ചാപ്രവചനം വെറും 0.6 ശതമാനം മാത്രമായിരുന്നു. 2019 ഏപ്രിലിൽ ഇത് 1.4 ശതമാനമായിരുന്നു. നാലാമത്തെ ശക്തിയായ കൊളംബിയയിൽ ബജറ്റ് കമ്മി ജിഡിപിയുടെ 2.4 ശതമാനമായിരുന്നു. കൊളംബിയയുടെ കറൻസിയായ പീസോയുടെ വിലയിടിവും പ്രതീക്ഷിച്ചിരുന്നു. മാദ്ധ്യമ വാർത്തകളെ അടിസ്ഥാനമാക്കിയുള്ള ഈ നിരീക്ഷണം, കോവിഡ് 19 വ്യാപനത്തിന് വളരെ മുമ്പുതന്നെ ആഗോള സാമ്രാജ്യത്വ-മുതലാളിത്ത സമ്പദ്ഘടന മാന്ദ്യത്തിലേയ്ക്ക് വഴുതിവീണിരുന്നു എന്നകാര്യം ശരിവയ്ക്കുന്നതാണ.് മാന്ദ്യം സാമ്പത്തിക തകർച്ചയുടെ ലക്ഷണമാണ്. സാധാരണ ജനങ്ങളെ സമ്പൂർണ്ണ തകർച്ചയിലേയ്ക്ക് തള്ളിയിടുന്ന, മരണാസന്നമായ ഒരു മുതലാളിത്ത-സാമ്രാജ്യത്വ സംവിധാനത്തിൽ ഈ മാന്ദ്യം അനിവാര്യമാണുതാനും. വളരുന്ന അസമത്വം സാമ്രാജ്യത്വ-മുതലാളിത്ത സമ്പദ്ഘടനയുടെ മുഖമുദ്ര കഴിഞ്ഞ രണ്ട് ദശകങ്ങളായി, വിശേഷിച്ച് ആഗോളീകരണത്തിന്റെ ആഗമനത്തോടെ പ്രതിസന്ധിഗ്രസ്തമാ യ മുതലാളിത്തത്തിലെ അസമത്വവും ദുരിതങ്ങളും കണക്കറ്റ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2017ൽ സൃഷ്ടിക്കപ്പെട്ട സമ്പത്തിന്റെ 82 ശതമാനവും ഏറ്റവും സമ്പന്നരായ ഒരു ശതമാനത്തിന്റെ പക്കലേയ്ക്കാണ് പോയതെന്നാണ് ഓക്‌സ്ഫാം നടത്തിയ പഠനം പറയുന്നത്. ലോകത്തെ ഏറ്റവും ദരിദ്രരായ 50 ശതമാനത്തിന്റെ പക്കലുള്ളതിന് സമാനമായ സമ്പത്ത് ഏറ്റവും സമ്പന്നരായ എട്ട് വ്യക്തികളുടെ പക്കലുണ്ട്. 380 കോടി ദരിദ്രരുടേതിന് സമാനമായ സമ്പത്ത് ഏറ്റവും സമ്പന്നരായ 26 വ്യക്തികൾ കയ്യാളുന്നു. തൊഴിലെടുക്കുന്നവരുടെ വരുമാനം 2006നും 2015നുമിടയ്ക്ക് ശരാശരി ഒരു വർഷം രണ്ട് ശതമാനം വർദ്ധിച്ചപ്പോൾ ശതകോടീശ്വരന്മാരുടേത് 600 ശതമാനമാണ് വർദ്ധിച്ചത്. ലോകജനസംഖ്യയുടെ 10 ശതമാനം വരുന്ന 73.4 കോടി ആളുകളുടെ ഒരു ദിവസത്തെ വരുമാനം വെറും 145 രൂപയിൽ താഴെയാണ്. ലോകത്തെ ഏറ്റവും ദരിദ്രരുടെ പകുതിയും അധിവസിക്കുന്നത് ഇന്ത്യ, നൈജീരിയ, കോംഗോ, എത്യോപ്യ, ബംഗ്ലാദേശ് എന്നീ അഞ്ച് രാജ്യങ്ങളിലാണ്. വികസിത മുതലാളിത്ത രാജ്യങ്ങളിലെ സ്ഥിതിയും നിരാശാജനകം തന്നെ. അമേരിക്കയിൽ ഏഴ് പേരിൽ ഒരാൾ, അതായത് 4 കോടി 47 ലക്ഷം പേർ അഥവാ ജനസംഖ്യയുടെ 13.9 ശതമാനം, ആ രാജ്യത്തെ മാനദണ്ഡം അനുസരിച്ച് ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്. ഇതിന്റെ ഇരട്ടിയിൽ താഴെമാത്രം വരുമാനമുള്ളവരാണ് മറ്റൊരു 29.6 ശതമാനം അഥവാ 9.53കോടി വരുന്ന കുറഞ്ഞ വരുമാനക്കാർ. അതായത്, അവിടുത്തെ ജനസംഖ്യയിൽ 43.5 ശതമാനം പേരും ദരിദ്രരോ കുറഞ്ഞ വരുമാനക്കാരോ ആണ്. അതുപോലെതന്നെ, ലണ്ടൻ നഗരത്തിലെ തൊഴിലാളി കുടുംബങ്ങളിൽ 58 ശതമാനംപേരും ദരിദ്രരാണ്. രണ്ട് ദശാബ്ദം മുമ്പ് ഇത് 28 ശതമാനമായിരുന്നു. സമ്പന്ന രാജ്യങ്ങളിലെ കുട്ടികളിൽ അഞ്ചിലൊന്നും ദരിദ്രരാണെന്നും എട്ടിലൊന്നുപേർ ഭക്ഷ്യസുരക്ഷ ഇല്ലാത്തവരാണെന്നും യൂണിസെഫ് റിപ്പോർട്ട് പറയുന്നു. ലോക ജനസംഖ്യയുടെ 11.3 ശതമാനം വരുന്ന 80 കോടി ആളുകൾ വിശപ്പ് അനുഭവിക്കുന്നവരും ദിവസേന ആവശ്യമായ 2100 കാലറിയിൽ താഴെ മാത്രം ലഭിക്കുന്ന, പോഷകാഹാരക്കുറവ് നേരിടുന്നവരുമാണ്. ആകെയുള്ള 700 കോടിയിലേറെ വരുന്ന ആളുകളെയും തീറ്റിപ്പോറ്റാനുള്ള ഭക്ഷണം ലോകത്ത് ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ കൃഷിയിടമോ ഭക്ഷണം വാങ്ങാൻ പണമോ ഇല്ലാത്തവർ വിശന്നുകഴിയുന്നു. ദാരിദ്ര്യമാണ് പട്ടിണിയുടെ മുഖ്യകാരണം. ദാരിദ്ര്യത്തിന്റെ കാരണമാകട്ടെ വിഭവങ്ങളില്ലാത്തതും. നിർദ്ദയമായ മുതലാളിത്ത ചൂഷണവും അതിലെ അങ്ങേയറ്റം അസമമായ വരുമാനത്തിന്റെയും സമ്പത്തിന്റെയും വിതരണവുമാണ് ഇതിന് കാരണം. ഇവിടെ അദ്ധ്വാനിച്ച് ജീവിക്കുന്ന ജനകോടികൾക്ക് അർഹതപ്പെട്ടത് മാത്രമല്ല, ജീവിക്കാനാവശ്യമായ മിനിമം വിഭവങ്ങൾ പോലും നിഷേധിക്കപ്പെടുകയാണ്. കോവിഡ് 19 ബാധയെ തുടർന്നുള്ള സാഹചര്യം കോവിഡ് 19 ന്റെ ആഘാതത്തെത്തുടർന്ന് സമ്പദ്ഘടന മാസങ്ങളോളം അടച്ചിട്ടതോടെ ആഗോളമാന്ദ്യം തീവ്രമായി. മൂന്നുമാസം മുമ്പുതന്നെ ലോകത്തെ പലരാജ്യങ്ങളും സമ്പദ്ഘടന തുറക്കാൻ തുടങ്ങിയെങ്കിലും സാധാരണ നില പുനഃസ്ഥാപിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. 1930കളിൽ മുതലാളിത്ത-സാമ്രാജ്യത്വ ലോകമാകെ ഒരു മഹാമാന്ദ്യത്തിന്റെ പിടിയിലമർന്ന കാര്യം അറിയാമല്ലോ? രൂക്ഷമായ ഈ കമ്പോള പ്രതിസന്ധിയാണ,് രണ്ട് സാമ്രാജ്യത്വ ചേരികൾക്കിടയിൽ കമ്പോളം പിടിച്ചടക്കുന്നതിനുവേണ്ടി നടന്ന രണ്ടാം ലോകയുദ്ധത്തിലേയ്ക്ക് നയിച്ചത്. കോവിഡ് 19 അനന്തര കാലത്തെ സാമ്പത്തികമാന്ദ്യം അതിനേക്കാൾ വലിയ അളവിലുള്ളതായിരിക്കുമെന്ന് ബൂർഷ്വാലോകം ഭയപ്പെടുന്നുണ്ട്. അമേരിക്കൻ സമ്പദ്ഘടനയിൽ വർഷംതോറുമുണ്ടാകുന്ന ഇടിവ് 32.9 ശതമാനമാണെന്ന് വാണിജ്യവകുപ്പിന് കീഴിലുള്ള സാമ്പത്തിക വിശകലന വിഭാഗം പറയുന്നു. ഏപ്രിലിനും ജൂണിനുമിടയ്ക്ക് 20.4 ശതമാനം ചുരുങ്ങുംവിധം ബ്രിട്ടന്റെ സമ്പദ്ഘടന കടുത്ത മാന്ദ്യത്തിൽ പതിച്ചിരിക്കുകയാണ്. ലോക്ഡൗൺകാലത്ത് ഇതുവരെ അവിടെ 6,49,000 പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. ഏറ്റവും വലിയ മൂന്ന് സാമ്പത്തിക ശക്തികളിൽ അമേരിക്കയുടെയും യൂറോ മേഖലയുടെയും ജിഡിപി ഇന്നുവരെ ഉണ്ടാകാത്ത തരത്തിൽ നെഗറ്റീവ് ആകുമെന്നും ചൈനയുടെ വളർച്ച വെറും 1.5 ശതമാനം മാത്രമായിരിക്കുമെന്നും മാർച്ച് മാസം ആരംഭത്തിൽ ബാങ്ക് ഓഫ് അമേരിക്കയുടെ ഗ്ലോബൽ ഇക്കണോമിക്‌സ് തലവൻ ഇതൻ ഹാരിസ് പറയുകയുണ്ടായി. ബ്രസീൽ, ചിലി, മെക്‌സിക്കോ എന്നീ രാജ്യങ്ങൾ കറൻസിയുടെ വിനിമയ മൂല്യം വൻതോതിൽ കുറച്ചതുവഴി ഉണ്ടായ മൂലധനത്തിന്റെ ബഹിർഗമനം വ്യക്തമാക്കുന്നത് ലാറ്റിൻ അമേരിക്കൻ സമ്പദ്ഘടനയിൽ ഈ പ്രതിസന്ധി സൃഷ്ടിച്ചിട്ടുള്ള മാരകമായ പ്രത്യാഘാതങ്ങൾ തന്നെയാണ്. അർജന്റീനയുടെ സാമ്പത്തിക തകർച്ചയാകട്ടെ, ആ മേഖലയിലാകെയുണ്ടാകുന്ന ദുരിതങ്ങളുടെ പ്രതിഫലനം വ്യക്തമാക്കിത്തരുന്നുമുണ്ട്. തൊഴിലില്ലായ്മയിലും തൊഴിൽ നഷ്ടത്തിലും അഭൂതപൂർവ്വമായ വർദ്ധന 2019ൽ ലോകത്താകെ 18.8 കോടി തൊഴിൽരഹിതരുണ്ടായിരുന്നത് കോവിഡ് 19 മൂലം 2.5 കോടി വർദ്ധിക്കുമെന്ന് ഐഎൽഒ പ്രവചിക്കുന്നു. 2008-09 ലെ സബ്‌പ്രൈം പ്രതിസന്ധിമൂലം ലോകത്തെ തൊഴിൽരഹിതരുടെ എണ്ണം 2.2കോടി വർദ്ധിച്ചിരുന്നു. ലോകത്തെ 330 കോടി തൊഴിലെടുക്കുന്നവരിൽ 200 കോടിയും അസംഘടിത മേഖലയിലാണ്. തൊഴിൽ കമ്പോളത്തിലെ ഏറ്റവും ദുർബല വിഭാഗമാണിവർ. ലോക്ഡൗണിന്റെ കെടുതികൾ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവരുന്നതും ഇവർക്കാണെന്നും ഐഎൽഒ പറയുന്നു. മാർച്ച് അവസാനം മുതൽ ഏപ്രിൽ അവസാനം വരെയുള്ള ആദ്യ ലോക്ഡൗൺ മാസത്തിൽത്തന്നെ ഇവരുടെ വരുമാനത്തിൽ 60 ശതമാനം ഇടിവുണ്ടായി. രോഗവ്യാപനത്തിന്റെ സാമ്പത്തിക പ്രത്യാഘാതമെന്ന നിലയിൽ തൊഴിൽ സമയത്തിലും വേതനത്തിലും കുറവുണ്ടാകുന്നതിനാൽ തൊഴിലില്ലായ്മയും വൻതോതിൽ വർദ്ധിക്കും. പ്രവാസി തൊഴിലാളികൾ, കുതിരവണ്ടിക്കാർ, ലേ ഓഫ് ചെയ്യപ്പെട്ട തൊഴിലാളികൾ തുടങ്ങി വലിയൊരു വിഭാഗത്തിന് തൊഴിൽരഹിതരുടെ പട്ടികയിൽ ഇടമില്ല. അവർക്ക് തൊഴിൽരഹിതരുടെ ആനുകൂല്യങ്ങളുമില്ല, തൊഴിലിനായി വെബ്‌സൈറ്റുകളിൽ രജിസ്റ്റർ ചെയ്യാനുമാവില്ല. അതുകൊണ്ടുതന്നെ അമേരിക്കയിൽ യഥാർത്ഥത്തിൽ തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണം 3 കോടിയല്ല, 5 കോടിയാണ്. അതായത്, അമേരിക്കയിലെ ആകെ തൊഴിലാളികളിൽ മൂന്നിലൊന്നിന് തൊഴിൽ നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ് വസ്തുത. അമേരിക്കൻ സാമ്പത്തിക വിദഗ്ദ്ധനായ ക്രിസ് റുപ്‌കേ ഏപ്രിൽ 1ന് എഴുതി: ”ലേഓഫും അനുബന്ധ പ്രശ്‌നങ്ങളും ചരിത്രത്തിലൊരിടത്തും കാണാത്തവിധം പെരുകുകയാണ്…. ഇത് ശരിക്കും വഷളായ സ്ഥിതി തന്നെ…. അമേരിക്ക സാമ്പത്തിക മാന്ദ്യത്തിൽനിന്ന് സാമ്പത്തികത്തകർച്ചയിലേയ്ക്ക് വഴുതി വീണിരിക്കുന്നു എന്നാണിത് കാണിക്കുന്നത്.” സ്വിസ്സ് ക്രെഡിറ്റ് എന്ന സ്ഥാപനത്തിലെ സാമ്പത്തിക ശാസ്ത്രജ്ഞർ ജെയിംസ് സ്വീനിയുടെ നേതൃത്വത്തിൽ മാർച്ച് അവസാനം നിരീക്ഷിച്ചത് ഇപ്രകാരമാണ്: ”ലോക വ്യാപാരം ഇടിയുമ്പോൾ ആഗോളമായി ലേഓഫ് ഉയരും…. സാമ്പത്തിക വിവരങ്ങൾ ശുഭസൂചകമായിരിക്കില്ലെന്നുമാത്രമല്ല, അവ തിരിച്ചറിയാനാകാത്തവിധം പെരുകുകയും ചെയ്യും…. ഇന്നത്തെ പ്രതിസന്ധി സമാനതകളില്ലാത്തതാണ്…. രോഗവ്യാപനത്തെക്കുറിച്ചും അതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചുമുള്ള അനിശ്ചിതത്വം അനന്തമായി തുടരുകയാണ്.” വികസ്വര രാജ്യങ്ങളിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളുടെ ആഘാതം കുറയ്ക്കാൻ ഉപകരിച്ചിരുന്ന സ്വയംതൊഴിൽ സംരംഭങ്ങളും ഇവിടെ ഉപകരിക്കില്ല. ആളുകളുടെ സഞ്ചാരത്തിനും ചരക്കുനീക്കത്തിനും ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾതന്നെ കാരണം. തൊഴിലവസരങ്ങൾ കുറയുന്നതോടെ തൊഴിലാളികളുടെ വരുമാനവും വൻതോതിൽ ഇടിയുന്നു. 2020 അവസാനത്തോടെ ആകെ വരുമാന നഷ്ടം 86,000 കോടി ഡോളർ മുതൽ 3,40,000 കോടി ഡോളർ വരെയാകാമെന്നും പഠനം പറയുന്നു. ഇത് ജനങ്ങളുടെ ക്രയശേഷിയിൽ വലിയ കുറവുണ്ടാക്കുകയും സാധനങ്ങളുടെയും സേവനങ്ങളുടെയും ഉപഭോഗത്തിൽ വലിയ ഇടിവുണ്ടാക്കുകയും ചെയ്യും. ഇതുമൂലം അനേകം വ്യവസായങ്ങൾ അടഞ്ഞുപോകുകയും ലക്ഷക്കണക്കിന് തൊഴിലാളികൾ തൊഴിൽരഹിതരായിത്തീരുകയും ചെയ്യും. തൊഴിലില്ലായ്മ പെരുകുന്നതോടെ ജനങ്ങളുടെ ക്രയശേഷി വലിയ അളവിൽ ചുരുങ്ങുകയും മുതലാളിത്ത കമ്പോളപ്രതിസന്ധി വീണ്ടും രൂക്ഷമാകുകയും ചെയ്യും. ദാരിദ്ര്യത്തിലും പട്ടിണിയിലുമുണ്ടാകുന്ന കുതിപ്പ് ഭക്ഷണത്തിനുള്ള ഡിമാന്റിലുണ്ടായ കുറവുമൂലം 2020 ഫെബ്രുവരിക്കും മാർച്ചിനുമിടയിൽ ആഗോള ഭക്ഷ്യവില സൂചിക 4.3 ശതമാനവും ആഗോള ധാന്യവില സൂചിക 1.9 ശതമാനവും ഇടിഞ്ഞതായി ഫുഡ് ആന്റ് അഗ്രിക്കൾച്ചറൽ ഓർഗനൈസേഷൻ ചൂണ്ടിക്കാണിക്കുന്നു. എന്തായാലും, അരിയുടെയും ഗോതമ്പിന്റെയും ചില്ലറ വില്പനവില മാർച്ച് മാസം പടിഞ്ഞാറൻ രാജ്യങ്ങളിൽ ഉയർന്നുകൊണ്ടിരുന്നു. മനുഷ്യൻ നിലനിൽപിനായി പിടയുമ്പോൾ, അവശ്യസാധനങ്ങളുടെ വ്യാപകമായ കരിഞ്ചന്തയും പൂഴ്ത്തിവയ്പും നടക്കുന്നു എന്നാണിത് സൂചിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി ഏറ്റവും പ്രകടമായ ആഫ്രിക്കയിലും അമേരിക്കയിലും ലാറ്റിൻ അമേരിക്കയിലും വരുമാനത്തിൽ 80 ശതമാനത്തിലേറെയാണ് കുറവുണ്ടായിരിക്കുന്നത്. യുറോപ്പിലും മദ്ധ്യ ഏഷ്യയിലും 70 ശതമാനം കുറവുണ്ടായിട്ടുള്ളതായും ഐഎൽഒ പറയുന്നു. ആഗോളവ്യാപാരത്തിൽ 2020ൽ പ്രതീക്ഷിച്ചിരുന്നതിനേക്കാൾ മൂന്നിരട്ടി, അതായത് 15 ശതമാനം കുറവാണ് കണക്കാക്കപ്പെടുന്നത്. റീട്ടെയിൽ രംഗം, ഉല്പാദനരംഗം തുടങ്ങി ഏറ്റവുമധികം ആഘാതമേൽക്കേണ്ടിവരുന്ന മേഖലകളിൽ 43 കോടിയിലേറെ സ്ഥാപനങ്ങളാണ് തകർച്ചയെ നേരിടുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ ഒരു ഏജൻസി പറയുന്നു. ലോകത്തെ 94 ശതമാനം തൊഴിലാളികൾ അധിവസിക്കുന്ന രാജ്യങ്ങളിലും തൊഴിലിടങ്ങൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നുണ്ട്. തൊഴിൽ സമയത്തിൽ 10.7 ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ട്. ഇത്, 30 കോടി 50 ലക്ഷം ഫുൾടൈം തൊഴിൽ സമയത്തിന് തുല്യമാണ്. പ്രവാസി തൊഴിലാളികളിൽ 70 ശതമാനത്തോളം 30 വയസ്സിൽ താഴെയുള്ളവരാണ്. ഇവർക്ക് വീണ്ടും തൊഴിലിൽ പ്രവേശിക്കാനോ സ്വന്തം വീടുകളിൽ എത്തിച്ചേരാനോ കഴിയാതിരിക്കുകയാണ്. ദിവസം 145 രൂപയിൽ താഴെ വരുമാനമുള്ള ലോകത്തെ 4 കോടി 90 ലക്ഷം പേരാണ് കടുത്ത ദാരിദ്ര്യത്തിലേയ്ക്ക് അടിഞ്ഞുപോകുമെന്ന് കണക്കാക്കപ്പെടുന്നത്. കോവിഡ് 19 സൃഷ്ടിക്കുന്ന സാമ്പത്തികത്തകർച്ചയുടെ ആഘാതം നേരിട്ട് ഏറ്റുവാങ്ങുന്നവരാണിവർ. ഇതിൽ 1 കോടി 20 ലക്ഷം ആളുകളുമായി ഇന്ത്യയാണ് ഒന്നാംസ്ഥാനത്ത്. അമേരിക്ക-ചൈന വ്യാപാരയുദ്ധംപോലുള്ള വിഭാഗീയ രാഷ്ട്രീയ താല്പര്യങ്ങൾ കോവിഡ് അനന്തര കാലത്തെ തിരിച്ചുവരവിന് തിരിച്ചടിയാകുമെന്ന ഭയവും നിലനിൽക്കുന്നു. ബൂർഷ്വാ ഭരണാധികാരികൾ സത്യം അമർച്ചചെയ്യുന്നു കൊറോണ വ്യാപനം തുടങ്ങിയതോടെ ബൂർഷ്വാ ഭരണാധികാരികൾ സത്യം മറച്ചുവയ്ക്കാനുള്ള ഒരു ഉത്സാഹത്തിലായിരുന്നു. വൻകിട ബിസിനസ്സിനെ ബാധിക്കാതിരിക്കാനായി വിവരങ്ങൾ മറച്ചുവയ്ക്കുകയും രോഗവ്യാപനം തടയാനായി മുൻകൂർ നടപടികളെടുക്കാതിരിക്കുകയും ഉത്തരവാദിത്തരാഹിത്യം പ്രകടിപ്പിക്കുകയുമൊക്കെ ചെയ്തതിന്റെ വ്യക്തമായ ഉദാഹരണങ്ങളുമുണ്ട്. സമ്പദ്ഘടനയെ സംരക്ഷിക്കാനായി ചില രാജ്യങ്ങൾ യുദ്ധ സാഹചര്യത്തിന് സമാനമായ നടപടികൾ കൈക്കൊള്ളുകയും ജനങ്ങളോട് കൂടുതൽ ത്യാഗങ്ങൾ അനുഷ്ഠിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പ്രശ്‌നം മറച്ചുവയ്ക്കുന്നതിലും സാമൂഹികമായ ഭീതി പരത്തുന്നതിലും മാദ്ധ്യമങ്ങളും പങ്ക് വഹിച്ചു. വഞ്ചനാപരമായ ഈ നാടകങ്ങളുടെയൊക്കെ ഉത്തരവാദിത്വം ഏതെങ്കിലും ബലിയാടുകളിൽ കെട്ടിവയ്ക്കാനും സ്വന്തം തടി രക്ഷിക്കാനും പ്രബലർ ശ്രമം നടത്തിക്കൊണ്ടിരുന്നു. പ്രതിസന്ധികൾക്കെല്ലാം കാരണം കൊറോണ വൈറസ് ആണെന്നും എല്ലാം താറുമാറായതിൽ മുതലാളിത്ത വ്യവസ്ഥയ്ക്ക് പങ്ക് ഒന്നുമില്ലെന്നും വരുത്തിത്തീർക്കാൻ അധികാരത്തിന്റെ ഇടനാഴികളിൽ കൊണ്ടുപിടിച്ച ശ്രമം നടന്നു. കൊറോണ ആരോഗ്യരംഗത്ത് വലിയ ഭീഷണി ഉയർത്തുന്നുണ്ടെങ്കിലും സർവ്വത്ര പടർന്നിട്ടുള്ളതും നിരന്തരഭീഷണി ഉയർത്തുന്നതുമായ വ്യാധി മുതലാളിത്ത വ്യവസ്ഥയാണെന്നും അതിൽ നിന്നാണ് മോചിതരാകേണ്ടതെന്നുമുള്ള അവബോധമാണ് യഥാർത്ഥത്തിൽ ആർജ്ജിക്കേണ്ടത്. ഈ പകർച്ചവ്യാധിക്കിടയിലും സമ്പന്നർ കൂടുതൽ സമ്പന്നരും ദരിദ്രർ കൂടുതൽ ദരിദ്രരുമാകുന്നു ഈ പകർച്ചവ്യാധി സമ്പദ്ഘടനകളെ തകർക്കുകയും ജനങ്ങളെ പാപ്പരാക്കുകയും ജീവനോപാധികളെല്ലാം നശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾതന്നെ ലോകത്തെ അതിസമ്പന്നർ കഴിഞ്ഞ മാർച്ച് മാസം മുതലുള്ള കാലയളവിൽ വൻതോതിൽ സമ്പത്ത് കുന്നുകൂട്ടുകയാണ്. മാർച്ച് അവസാനം മുതൽ ജൂലൈ ആദ്യം വരെയുള്ള കാലയളവിൽ അമേരിക്കയിലെ ശതകോടീശ്വരന്മാർ 56500 കോടി ഡോളറിന്റെ നേട്ടമാണുണ്ടാക്കിയത്. കോവിഡ് 19 മൂലമുള്ള തൊഴിൽ നഷ്ടം 2 കോടി 85 ലക്ഷത്തിലേയ്ക്ക് കുതിച്ചുയർന്ന സമയത്താണ് ഈ നേട്ടം കൊയ്തിരിക്കുന്നത്. 2008ലെ ധനപ്രതിസന്ധിയുടെ ഘട്ടത്തിലുണ്ടായതിന്റെ മൂന്നിരട്ടിയാണിത്. ഏതാണ്ട് 4 കോടി 30 ലക്ഷം അമേരിക്കക്കാരാണ് തൊഴിൽ രഹിതരുടെ ആനുകൂല്യങ്ങൾക്കായി അപേക്ഷ നൽകിയിരിക്കുന്നത്. അമേരിക്കയിലെ തൊഴിലില്ലായ്മ 20 ശതമാനമായിരിക്കുന്നു. 1930 കളിലെ മഹാ മാന്ദ്യത്തിന് ശേഷമുള്ള കാലഘട്ടത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യവസായി മുകേഷ് അംബാനിയുടെ ഈ വർഷം ഇതുവരെയുള്ള സാമ്പത്തികനേട്ടം 2230 കോടി ഡോളറിന്റേതാണ്. ലോകത്തെ ഏറ്റവും സമ്പന്നനായ അഞ്ചാമത്തെ വ്യക്തിയായി ഉയർന്ന ഇദ്ദേഹത്തിന്റെ സമ്പത്ത് 7740 കോടി ഡോളറാണ്. കഴിഞ്ഞ 12 വർഷത്തിലേറെയായി മൂലധനവും സമ്പത്തുമെല്ലാം വളരെ ചുരുക്കം കൈകളിൽ കേന്ദ്രീകരിക്കുന്ന പ്രവണത ശക്തമാണ്. ഈ കേന്ദ്രീകരണം യഥാർത്ഥ സാമ്പത്തിക പുരോഗതി ഉണ്ടാക്കുന്നില്ല എന്നുമാത്രമല്ല, അധികമായ തൊഴിൽസേനയെ നിർദ്ദയം മുതലെടുത്ത് സമ്പത്ത് കുന്നുകൂട്ടുന്നു എന്നതും വസ്തുതയാണ്. ഭരണമുതലാളിവർഗ്ഗത്തിന്റെ വക്കാലത്തുകാർ ഇത് അംഗീകരിക്കില്ലെന്നുമാത്രം. മാരകമായ ഈ പ്രതിസന്ധിഘട്ടത്തിലും ചുരുക്കം ചിലർ സമ്പത്ത് കുന്നുകൂട്ടുന്നതിൽനി ന്ന് വ്യക്തമാകുന്നത് ശവംതീനി കഴുകന്മാരെപ്പോലെ ദുരിതമനുഭവിക്കുന്ന വരുടെ ചോരയൂറ്റിക്കുടിച്ചാണ് കുത്തകകളും ബഹുരാഷ്ട്ര കോർപറേഷനുകളും തടിച്ചുകൊഴുക്കുന്നത് എന്ന വസ്തുതയാണ്. മുതലാളിത്തം മരണാസന്ന ഘട്ടത്തിൽ അങ്ങേയറ്റം ക്രൂരവും മനുഷ്യത്വരഹിതവും പിന്തിരിപ്പനുമായി തീർന്നിരിക്കുന്നു. കോവിഡ് 19ന് മുമ്പുള്ള ഇന്ത്യൻ സാഹചര്യം ദുരിതപൂർണമായിരുന്നു സമ്പന്നർ കൂടുതൽ സമ്പന്നരും ദരിദ്രർ കൂടുതൽ ദരിദ്രരും ആകുന്ന തരത്തിൽ, പ്രതിസന്ധിയിലകപ്പെട്ട മുതലാളിത്ത സമ്പദ്ഘടനയുടെ എല്ലാ സവിശേഷതകളും ഇന്ത്യൻ സമ്പദ്ഘടനയും പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജീർണമായ മുതലാളിത്ത വ്യവസ്ഥയിൽ അസമത്വം വൻതോതിൽ വളരുകയാണ്. 2017ൽ സൃഷ്ടിക്കപ്പെട്ട സമ്പത്തിന്റെ 73 ശതമാനവും ഒരു ശതമാനം അതിസമ്പന്നരുടെ കൈകളിലേയ്ക്കാണ് എത്തിയത്. ശതകോടീശ്വരന്മാരുടെ സമ്പത്ത് ഏതാണ്ട് പത്തിരട്ടിയാണ് വർദ്ധിച്ചത്. 2018-19 ലെ ഇന്ത്യാഗവണ്മെന്റിന്റെ 24,42,200 കോടി വരുന്ന ബജറ്റിന്റെ ആകെത്തുകയേക്കാൾ വലുതാണ് ഇന്ന് ഇവരുടെ ആകെ സമ്പത്ത്. എന്നാൽ 6.8 ലക്ഷം സംരംഭങ്ങൾ രാജ്യത്ത് അടഞ്ഞുപോയതായി 2019 ജൂലൈ 1ന് ഗവണ്മെന്റ് പാർലമെന്റിൽ സമ്മതിക്കുകയുണ്ടായി. ആകെ രജിസ്റ്റർ ചെയ്ത കമ്പനികളുടെ 36.07 ശതമാനമാണിത്. 2016ലെ നോട്ടുനിരോധനത്തെയും തുടർന്നുവന്ന ജിഎസ്ടിയെയും തുടർന്നുതന്നെ അനേകം ചെറുകിട-ഇടത്തരം ബിസിനസ്സ് സ്ഥാപനങ്ങൾ പൂട്ടിപ്പോയിരുന്നു. ഇന്ത്യൻ സമ്പദ്ഘടനയിൽ 2019ൽ ഉണ്ടായ പ്രകടമായ സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് തൊഴിലില്ലായ്മ കുത്തനെ ഉയർന്നു. രാജ്യത്തെ തൊഴിലില്ലായ്മ 2017-18 ൽ കഴിഞ്ഞ 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയെന്ന് 2019ൽ ചോർന്നുകിട്ടിയ ഒരു ഗവണ്മെന്റ് റിപ്പോർട്ട് വ്യക്തമാക്കുകയുണ്ടായി. ലഭ്യമായ തെളിവുകളെല്ലാം ശരിവയ്ക്കുന്നത് ഇന്ത്യയിലെ തൊഴിലില്ലായ്മ അടുത്ത കാലത്ത് കൂടുതൽ വഷളായിട്ടുണ്ട് എന്നാണ്. 94 ശതമാനം പേരെയും നിസ്സാര പ്രതിഫലത്തിന് കരാർ അടിസ്ഥാനത്തിൽ പണിയെടുപ്പിക്കുന്ന അനൗപചാരിക മേഖലയിലാണ് ഏറ്റവുമധികം തൊഴിൽ നഷ്ടം ഉണ്ടായിരിക്കുന്നത്. ഉല്പാദന ശേഷി കണക്കിലെടുത്താൽ വമ്പൻ സംരംഭങ്ങളുള്ള സംഘടിത മേഖലയുടെ വലിയൊരു ഭാഗവും, തൊഴിലാളികളുടെ നിയമനത്തിന്റെയും വേതനത്തിന്റെയും കാര്യമെടുത്താൽ, അനൗപചാരിക മേഖലയുടെ അതേ സ്വഭാവംതന്നെയാണ് പ്രകടമാക്കുന്നത്. ഓട്ടോമൊബൈൽ വ്യവസായം ഉദാഹരണമായെടുത്താൽ ഇത് വ്യക്തമാകും. ഇവിടെ നല്ലൊരു പങ്ക് തൊഴിലാളികളും യാതൊരു ആനുകൂല്യങ്ങളും തൊഴിൽ സുരക്ഷിതത്വവുമില്ലാത്ത കരാർ തൊഴിലാളികളാണ്. ഇത്തരത്തിലുള്ള അനൗപചാരിക മേഖലയുടെയും പ്രവാസി തൊഴിലാളികളുടെയുമൊക്കെ കാര്യം പരിഗണിക്കുമ്പോൾ ഇന്ത്യയിൽ നല്ലൊരു പങ്ക് ആളുകൾക്ക് ജീവിതത്തിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വളരെ പ്രയാസമാണെന്ന് കാണാനാകും. 2011-12 ൽ ശരാശരി ഇന്ത്യക്കാരുടെ ഉപഭോഗ ചെലവിന്റെ പകുതിയും ഭക്ഷണത്തിനായിരുന്നു. ജനസംഖ്യയുടെ താഴെപകുതിയിൽ ഇത് ഏറിയിരിക്കും. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) നടത്തിയ 2017-18 ലെ ഉപഭോഗ ചെലവ് സംബന്ധിച്ച സർവ്വേയുടെ കണ്ടെത്തലുകൾ ഗവണ്മെന്റ് പുറത്തുവിട്ടിട്ടില്ലാത്തതിനാൽ ഏറ്റവും പുതിയ കണക്കുകൾ ലഭ്യമല്ല. തീർച്ചയായും ഇത് ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. ലോക്ഡൗൺ ഏർപ്പെടുത്തുന്നതിന് വളരെ മുമ്പുതന്നെ ഇന്ത്യൻ സമ്പദ്ഘടന ദീർഘമായ ഒരു മാന്ദ്യത്തിന്റെ പിടിയിലായിരുന്നു എന്നകാര്യം ഇതിൽനിന്നെല്ലാം വ്യക്തമാണ്. ഇതിന്റെയെല്ലാം ഫലമായി, അദ്ധ്വാനിച്ച് ജീവിക്കുന്ന സാധാരണ ജനങ്ങളുടെ, വിശേഷിച്ച് തൊഴിലാളികളുടെയും കർഷകരുടെയും സ്ഥിതി അനുദിനം വഷളാകുകയായിരുന്നു. ഓരോ സെക്കന്റിലും രണ്ടുപേർ വീതം ദാരിദ്ര്യത്തിലേയ്ക്ക് തള്ളിയിടപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരാൾ മിനിമം കഴിക്കേണ്ട ഭക്ഷണത്തിന്റെ അളവ് ഉറപ്പാക്കാൻ കഴിയാത്തവരാണ് ഇന്ത്യയിൽ ഭൂരിപക്ഷവും. ജനസംഖ്യയുടെ 67-68 ശതമാനത്തിന്റെ ദിവസവരുമാനം വെറും 150 രൂപയിൽ താഴെയാണ്. ഇതിൽത്തന്നെ 30 ശതമാനത്തിന്റെ വരുമാനം വെറും 100 രൂപയിൽ താഴെയും. ഇവർ പരമദരിദ്രരായാണ് കണക്കാക്കപ്പെടുന്നത്. കടുത്ത വിശപ്പ് അനുഭവിക്കുന്ന ലോകത്തെ 82 കോടി ആളുകളിൽ മൂന്നിലൊന്ന് ഇന്ത്യയിലാണ് വസിക്കുന്നത്. ഫുഡ് ആന്റ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ 2006ലെ റിപ്പോർട്ട് പ്രകാരം ദിവസേന 7000 ഇന്ത്യക്കാർ പട്ടിണി മൂലം മരിക്കുന്നു. മറുവശത്ത്, 1400 കോടി ഡോളറിന്റെ ഭക്ഷണം ഓരോ വർഷവും ഇന്ത്യയിൽ ഉപയോഗശൂന്യമാക്കിക്കളയുന്നുണ്ടെന്ന് ഗവണ്മെന്റ് കണക്കുകൾ പറയുന്നു. ശരാശരി 10 കർഷകർ ഇന്ത്യയിൽ ദിവസേന അത്മഹത്യ ചെയ്യുന്നുണ്ട്. ഈ കണക്ക് കൃത്രിമമായി കുറച്ചുകാണിക്കുന്നു എന്ന ആരോപണമുണ്ട്. അതായത് യഥാത്ഥ കണക്ക് ഇതിലും അധികമായിരിക്കും എന്നർത്ഥം. കോവിഡ് 19ന് ശേഷം ഇന്ത്യൻ സമ്പദ്ഘടന താറുമാറായി ഇങ്ങനെയൊരു പശ്ചാത്തലം നിലനിൽക്കുമ്പോഴാണ് ഇന്ത്യാഗവണ്മെന്റ് കോവിഡ് 19 വ്യാപനം തടയാനായി മാർച്ച് 25ന് 21 ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിക്കുന്നത്. അവശ്യ സർവ്വീസുകളൊഴികെ മറ്റെല്ലാം ഈ കാലയളവിൽ പ്രവർത്തനരഹിതമായി. ലോക്ഡൗൺ പിന്നീട് മേയ് 31 വരെ നീട്ടി. അതിനുശേഷം ഭാഗികവും പ്രാദേശികവുമായി ലോക്ഡൗൺ തുടർന്നു. അഞ്ചുമാസമായി ഇത് തുടരുന്നു. 40 ദിവസത്തെ ലോക്ഡൗൺ കൊണ്ടുതന്നെ ജിഡിപിയിൽ 20 ശതമാനത്തിന്റെ ഇടുവുണ്ടാകുമെന്നാണ് ബാംഗ്ലൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നടത്തിയ പഠനം പറയുന്നത്. 66 ദിവസത്തെ ലോക്ഡൗൺ ആകുമ്പോൾ ഇത് 33 ശതമാനമാകും. കോവിഡ് 19 വ്യാപനം ആരംഭിച്ച ഉടൻ ഏഷ്യൻ ഡവലപ്‌മെന്റ് ബാങ്ക് നടത്തിയ പഠനം സുചിപ്പിച്ചത് ഇന്ത്യൻ സമ്പദ്ഘടനയിൽ 2990 കോടി ഡോളറിന്റെ ആഘാതമുണ്ടാകുമെന്നാണ്. ഒരു സമീപകാല പഠനം പറയുന്നത് ലോക്ഡൗണിന്റെ നഷ്ടം 12,000 കോടി ഡോളറിന്റേതാണ് എന്നത്രെ. ഇത് ജിഡിപിയുടെ 4 ശതമാനമാണ്. റേറ്റിംഗ് ഏജൻസിയായ ഐസിആർഎ ആശങ്കപ്പെടുന്നത് 9.5 ശതമാനത്തിന്റെ നഷ്ടമാണ്. റിസർവ് ബാങ്കാകട്ടെ സാമ്പത്തിക വളർച്ചയെയോ തളർച്ചയെയോ സംബന്ധിച്ച പ്രവചനമൊക്കെ നിർത്തിവച്ചിരിക്കുകയാണ്. 7 ലക്ഷത്തിലേറെ വ്യാപാര സ്ഥാപനങ്ങളാണ് ലോക്ഡൗൺമൂലം അടഞ്ഞുപോയത്. 6.5 കോടി സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളിൽ 35 ശതമാനം ഉടനടിയൊന്നും ഒരു തിരിച്ചുവരവുണ്ടാകില്ല എന്ന കണക്കുകൂട്ടലിൽ അടച്ചുപൂട്ടാൻ തുടങ്ങിയിരിക്കുന്നു എന്നാണ് ആൾ ഇന്ത്യ മാനുഫാക്ചറേഴ്‌സ് ഓർഗനൈസേഷൻ ജൂൺ ആദ്യം വെളിപ്പെടുത്തിയത്. 46-47 കോടി തൊഴിലാളികളിൽ മുക്കാൽപങ്കും ഇത്തരം സംരംഭങ്ങളിലും കാർഷികമേഖലയിലുമാണ് പണിയെടുക്കുന്നതെന്ന് അസംഘടിതമേഖലയിലെ നാഷണൽ കമ്മീഷൻ ഫോർ എന്റർപ്രൈസസ് അംഗമായ പ്രൊഫ.കെ.പി.കണ്ണൻ പറയുന്നു. 10 തൊഴിലാളികളിൽ താഴെയാണ് മേല്പറഞ്ഞ സംരംഭങ്ങളിൽ പലതിലും പണിയെടുക്കുന്നത്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ(എൻഎസ്ഒ) ആഗസ്റ്റ് 12ന് പറഞ്ഞത്, ഏപ്രിൽ-ജൂൺ കാലയളവിൽ വ്യാവസായികോല്പാദനത്തിൽ 35.9 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട് എന്നാണ്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷന്റെ (സിഎസ്ഒ) കണക്കനുസരിച്ച് വ്യാവസായികോത്പാദന സൂചിക മേയ് മാസത്തിൽ 88.4 ൽ നിൽക്കുകയാണ്. കഴിഞ്ഞ വർഷം മേയ് മാസത്തിൽ ഇത് 135.4 ആയിരുന്നു. അതായത് 34.7 ശതമാനത്തിന്റെ കുറവ്. നിരവധി സ്ഥാപനങ്ങൾ അടയുകയും അവയുടെ സേവനം നിലക്കുകയും ചെയ്യുന്നതോടെ ഡിമാന്റ് വീണ്ടും കുറയുകയും കമ്പോളപ്രതിസന്ധിക്ക് ആക്കം വർദ്ധിക്കുകയും ചെയ്യും. 21 ദിവസത്തെ ലോക്ഡൗണിനുശേഷം എല്ലാം സാധാരണ നിലയിലാകുമെന്ന കണക്കുകൂട്ടലിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) ഏപ്രിൽ ആദ്യവാരം നൽകിയ മുന്നറിയിപ്പ്, കോവിഡ് 19 ന്റെ ആഘാതത്തിൽനിന്ന് സാമ്പത്തിക മേഖല മോചിതമാകാൻ ആറുമാസമെങ്കിലും വേണ്ടിവരുമെന്നാണ്. എന്നാൽ ലോക്ഡൗൺ നീണ്ടുപോകുകയും അൺലോക് പ്രക്രിയ അരങ്ങേറുകയുമൊക്കെ ചെയ്തതോടെ എല്ലാ പ്രവചനങ്ങളും വൃഥാവിലായിരിക്കുക യാണ്. കുതിച്ചുയരുന്ന വിലയും സമ്പദ്ഘടനയിൽ വർദ്ധിച്ചുവരുന്ന മുരടിപ്പും കൂടിച്ചേർന്ന് രാജ്യം സ്റ്റാഗ്ഫ്‌ളേഷൻ എന്ന സ്ഥിതിയിലെത്തിയിരിക്കുന്നു എന്നുറപ്പാക്കാം. മരണാസന്ന മുതലാളിത്തഘട്ടത്തിന്റെ ഒരു സവിശേഷതയാണിത്. മുതലാളിത്തം സ്വയം പടച്ചുണ്ടാക്കിയ നിയമങ്ങളുടെ കുരുക്കിൽ നിന്ന് പുറത്തുകടക്കാനാ കാതെ ഉഴറുകയാണ്. പ്രതിസന്ധി പടരുകയും ആഴം വയ്ക്കുകയും ചെയ്യുന്നതുമൂലം ഇന്ത്യയിലെ 40 കോടി തൊഴിൽസേനയിൽ നല്ലൊരു പങ്കിന് തൊഴിലോ വരുമാനമോ ഇല്ലാതായിരിക്കുകയാണ്. ഇന്ത്യയിൽ ഒരാൾക്ക് നിലനിന്നുപോകാൻ ദിവസം 220 രൂപ വേണ്ടിവരുമെന്ന കണക്കുകൂട്ടലിലാണ് ലോകബാങ്ക് ദാരിദ്ര്യരേഖ നിർണയിച്ചിട്ടുള്ളത്. അതായത് ഏപ്രിൽ 15 ഓടുകൂടി ഇന്ത്യയിലെ 50 കോടി ആളുകളുടെ കൈയിൽ യാതൊരു കരുതൽ ധനവും ഇല്ലാതാകുകയും മറ്റൊരു 50കോടി ആളുകളുടെ വിഭവങ്ങൾ പകുതിയായി ചുരുങ്ങുകയും ചെയ്യുമെന്ന് കണക്കാക്കപ്പെട്ടിരുന്നു. ലോക്ഡൗൺ നീണ്ടുപോയതോടെ സ്ഥിതി കൂടുതൽ വഷളായി. ഏപ്രിൽ അവസാനത്തോടെ നിലവിലുള്ള 10-11 കോടി തൊഴിൽരഹിതരുടെ സേനയിലേയ്ക്ക് മറ്റൊരു 14കോടി കൂടി വന്നുചേരുമെന്ന സ്ഥിതിയായി. ലോക്ഡൗണിന്റെ ആദ്യ ആഴ്ചയിൽത്തന്നെ ഏതാണ്ട് 80 ലക്ഷം തൊഴിലാണ് നഷ്ടപ്പെട്ടത്. ഏപ്രിൽ മാസത്തിൽ മാത്രം 12.8 കോടി തൊഴിൽ നഷ്ടപ്പെട്ടതായി സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമിയുടെ പഠനം പറയുന്നു. ഏപ്രിൽ ഏഴിലെ മാദ്ധ്യമ വാർത്തകൾ പ്രകാരം പട്ടണങ്ങളിലെ തൊഴിലില്ലായ്മ 30.9 ശതമാനമായി ഉയർന്നു. മൊത്തം തൊഴിലില്ലായ്മ 23.4 ശതമാനവും. അനൗപചാരിക മേഖലയിലാണ് ഏറ്റവുമധികം പ്രത്യാഘാത ങ്ങൾ ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലെ 84 ശതമാനം കുടുംബങ്ങളുടെയും വരുമാനം ഗണ്യമായി കുറഞ്ഞു. യാതൊരു തയ്യാറെടുപ്പുമില്ലാതെ വെറും നാല് മണിക്കൂർ സമയം നൽകി ലോക്ഡൗൺ പ്രഖ്യാപിച്ച കേന്ദ്രഗവണ്മെന്റ് അനൗപചാരിക മേഖലയിൽ പണിയെടുക്കുന്ന ജനലക്ഷങ്ങളുടെയും സാധാരണക്കാരുടെയും കാര്യം ചിന്തിച്ചതേയില്ല. അവർ വീട്ടിലിരുന്നാൽ തൊഴിലുണ്ടാകില്ല. 12 കോടി പ്രവാസി തൊഴിലാളികളാണ് ഉള്ളത്. ലോക്ഡൗൺ പ്രഖ്യാപിച്ച് 48 മണിക്കൂർ കഴിഞ്ഞപ്പോൾ സാധാരണക്കാരിലൊരുവനായ ഒരു ഡൽഹി നിവാസി പറഞ്ഞത് ”ഞാൻ കൊറോണ വന്ന് മരിക്കില്ല, പക്ഷേ പട്ടിണികിടന്ന് മരിക്കുമെന്ന് ഉറപ്പാണ്” എന്നത്രെ. തൊഴിൽ നഷ്ടത്തിന്റെ കൊടുങ്കാറ്റടിച്ചപ്പോൾ കണ്ട ഏറ്റവും ഹൃദയഭേദകമായ കാഴ്ചകളിലൊന്ന്, ഭക്ഷണവും അഭയസ്ഥാനവും വരുമാനവുമില്ലാത്ത ലക്ഷക്കണക്കിന് പ്രവാസി തൊഴിലാളികൾ വിദൂരസ്ഥമായ സ്വന്തം ഗ്രാമങ്ങളിലേയ്ക്ക് കാൽനടയായി സഞ്ചരിക്കുന്നതായിരുന്നു. ഈ യാത്രയിൽ വിശന്ന്, തളർന്ന്, അപകടങ്ങളിൽപ്പെട്ട് 971 പേർ മരിച്ചുവീണു. ഇവർക്കുപുറമേ, ആക്രി പെറുക്കുന്നവർ, റിക്ഷാ വലിക്കുന്നവർ, വഴിയോര കച്ചവടക്കാർ, വീട്ടുജോലിക്കാർ, ബാർബർമാർ, സെക്യൂരിറ്റി ജീവനക്കാർ, ഡ്രൈവർമാർ, ഡെലിവറി ഏജന്റുമാർ തുടങ്ങി കരാർ തൊഴിലാളികളും ദിവസകൂലിക്കാരും സ്വയം തൊഴിൽ ചെയ്യുന്നവരുമടക്കം തുച്ഛവരുമാനക്കാരായ അനേകായിരങ്ങൾ വേറെ. 2011ലെ സെൻസസ് പ്രകാരം തെരുവോരങ്ങളിൽ കഴിയുന്നവർ 2 കോടിയിലേറെയാണ്. കഴിഞ്ഞ 9 വർഷംകൊണ്ട് ഇവരുടെ എണ്ണം വളരെയേറെ വർദ്ധിച്ചിട്ടുണ്ട്. ദുരിതമയമായ ജീവിതം നയിക്കുന്ന ഇവരെ സംബന്ധിച്ചിടത്തോളം പൊടുന്നനെയുള്ള ലോക്ഡൗൺ ഒരു മരണവാറന്റ് ആയിരുന്നു. ഇവരെപ്പോലുള്ള അനേകായിരങ്ങളുടെ ജീവിതമാണ് ഞാണിൻമേൽ തൂങ്ങുന്നത്. വ്യാവസായിക പ്രവർത്തനങ്ങൾ പുനരുദ്ധരിക്കാൻ ഉത്തേജക-സഹായക പാക്കേജുകൾ ആവശ്യപ്പെട്ടുകൊണ്ട് ശക്തരായ വ്യവസായ ലോബികൾ വലിയ കോലാഹലമുണ്ടാക്കിയപ്പോൾ, 2 മാസമായി ഒരു വരുമാനവുമില്ലാതെ കഷ്ടപ്പെടുന്ന തൊഴിലാളികളുടെ കാര്യം ബിജെപി നയിക്കുന്ന കേന്ദ്രഗവണ്മെന്റ് പാടെ അവഗണിച്ചു. എല്ലാവരോടും വീട്ടിലിരിക്കാൻ നടത്തിയ ആഹ്വാനവും സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ശമ്പളം മുടങ്ങരുതെന്ന് മുതലാളിമാരോട് നടത്തിയ ഉദ്‌ബോധനവും ഈ പാവപ്പെട്ടവരുടെ ജീവിതത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. രോഗമൊന്നുമില്ലെങ്കിലും സമ്പന്നരെ അപേക്ഷിച്ച് ദരിദ്രരുടെ മരണസാധ്യത ഇരട്ടിയാണെന്ന് ഇന്ത്യാ ഹ്യൂമൻ ഡവലപ്‌മെന്റ് സർവെ നടത്തിയ പഠനം പറയുന്നു. രോഗംകൂടി വന്നാൽ അത് മൂന്നിരട്ടിയാകും. ഇത് വേറൊരു തരത്തിലും വായിച്ചെടുക്കാം. ജനസംഖ്യയിലേറ്റവും ദരിദ്രരായ 20 ശതമാനത്തിൽ പെടുന്ന ഒരാൾക്ക് രോഗം വന്നാൽ മരിക്കാനുള്ള സാധ്യത 1.9 ആണ്. ഒരു മാരകരോഗം മരണം വിതച്ച് ചുറ്റി നടക്കുമ്പോൾ, ജീവിതമാർഗമെല്ലാം അടഞ്ഞിരിക്കുമ്പോൾ, ആരോഗ്യപരിപാലന സംവിധാനങ്ങളെല്ലാം ലാഭക്കൊതിയന്മാരായ മുതലാളിമാരുടെ കൈപ്പിടിയിലായിരിക്കുമ്പോൾ, ഈ ദുരിതക്കയത്തിൽ കഴിയുന്നവരുടെ ഗതിയെന്താകുമെന്ന് ആലോചിക്കാൻപോലുമാകില്ല. തൊഴിൽ നഷ്ടപ്പെട്ട് അലയുന്ന അനേകായിരങ്ങളുടെ ദുരവസ്ഥയും അത് സമ്പദ്ഘടനയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും വിനാശകരമെന്നുമാത്രമല്ല ഹൃദയഭേദകംകൂടിയാണ്. ദരിദ്രരെയും സഹായം ആവശ്യമുള്ളവരെയും പാടെ അവഗണിച്ച് ഗവണ്മെന്റ് അതിസമ്പന്നരെ സേവിക്കുന്നു കോവിഡ് ഭീഷണി ഒഴിഞ്ഞാൽ, സാമ്പത്തികരംഗത്ത് ഒരു ഉയിർത്തെഴുന്നേല്പ് ഉണ്ടാകുമെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ് ലോകമെമ്പാടുമുള്ള മുതലാളിത്ത ഭരണാധികാരികൾ. അമേരിക്കൻ പ്രസിഡന്റാകട്ടെ, ഏറ്റവും കൂടുതൽ രോഗബാധിതരും മരണവും റിപ്പോർട്ട് ചെയ്തിട്ടും തന്റെ രാജ്യത്തെ ജനങ്ങളെയോ സമ്പദ്ഘടനയെയോ ഇതൊന്നും ബാധിച്ചതായിപ്പോലും അംഗീകരിക്കുന്നില്ല. ബ്രിട്ടീഷ് പ്രധാനമന്ത്രിയും സമാനമായ വാചകക്കസർത്ത് നടത്തി. സാമൂഹ്യ-സാമ്പത്തിക വികാസനിയമങ്ങൾ പ്രകാരം സാമ്രാജ്യത്വ-മുതലാളിത്തം അനിവാര്യമായ പതനത്തിലേയ്ക്ക് നീങ്ങുന്നത് വൈകിപ്പിക്കാനായി, ചില ബൂർഷ്വാ ഗവണ്മെന്റുകൾ കൈനീഷ്യൻ സിദ്ധാന്തപ്രകാരമുള്ള ചില സാമ്പത്തിക ഉത്തേജക നടപടികൾ ജനങ്ങൾക്കായി കൈക്കൊള്ളുകയും കോവിഡ് 19 തൊടുത്തുവിട്ട രൂക്ഷമായ കമ്പോള പ്രതിസന്ധിയെ മറികടക്കാൻ ശ്രമിക്കുകയുമാണ്. എന്നാൽ ബിജെപി നയിക്കുന്ന കേന്ദ്രഗവണ്മെന്റ് ആ മാർഗം അവലംബിക്കാൻ തയ്യാറായിട്ടില്ല. ഡിമാന്റ് വൻതോതിൽ ഇടിഞ്ഞതിന് നിരവധി തെളിവുകൾ ഉള്ളപ്പോഴും അവരതെല്ലാം പാടെ നിഷേധിക്കുകയാണ്. ഇപ്പോഴത്തെ പ്രതിസന്ധി ചാക്രികമായ പ്രതിഭാസമാണെന്നും ഉടൻ തിരിച്ചുവരവുണ്ടാകുമെന്നുമാണ് അവരുടെ അവകാശവാദം. എന്നാൽ, ഉത്തേജക നടപടികളും ക്യാഷ് സബ്‌സിഡികളുമൊക്കെയായി കമ്പോളത്തിലെ ഡിമാന്റ് വർദ്ധിപ്പിക്കാൻ ഗവണ്മെന്റിൽനിന്ന് ഉചിതമായ ഇടപെടൽ ഉണ്ടാകുന്നില്ലെങ്കിൽ, സമ്പദ്ഘടന കൂടുതൽ ഞെരുക്കം നേരിടേണ്ടിവന്നേക്കാം. എന്നാൽ ഗവണ്മെന്റിന്റെ മുഴുവൻ ശ്രദ്ധയും കുത്തകകളുടെ ലാഭം ഉറപ്പുവരുത്തുന്നതിലാണ്. ഇതിനായി പല മാർഗ്ഗങ്ങളും അവലംബിക്കുന്നുണ്ട്. കിട്ടാക്കടം പെരുകുമ്പോഴും ഉദാര വ്യവസ്ഥയിൽ വീണ്ടും വായ്പ നൽകാൻ ബാങ്കുകളോട് ആവശ്യപ്പെടുക, വീഴ്ച വരുത്തുന്ന വൻകിടക്കാരുടെ കടങ്ങൾ എഴുതിത്തള്ളുക, തൊഴിലാളികളെ പിരിച്ചുവിടാനും സ്ഥാപനം അടച്ചുപൂട്ടാനും അനുവദിക്കുക, തൊഴിൽനിയമ പരിഷ്‌കാരങ്ങളെയും കാർഷിക പരിഷ്‌കാരങ്ങളെയും സാമ്പത്തിക പരിഷ്‌കാരങ്ങളെയും പിൻപറ്റിക്കൊണ്ട് ഏറ്റവും കുറഞ്ഞ വേതനം നിശ്ചയിക്കുകയും വിലകൾ വർദ്ധിപ്പിക്കുകയും ചെയ്യുക, പൊതുമേഖലാ സ്ഥാപനങ്ങളെ വൻതോതിൽ സ്വകാര്യവൽക്കരിക്കുക തുടങ്ങിയവയൊക്കെ നിർബാധം നടക്കുന്നുണ്ട്. പ്രതിരോധം, എണ്ണ, ആരോഗ്യം, വിദ്യാഭ്യാസം, ഖനനം, റെയിൽവെ, ഇൻഫ്രാസ്ട്രക്ചർ, ടെലിഫോൺ, ഡിജിറ്റൽ വാർത്താവിനിമയം തുടങ്ങിയ പൊതുജനക്ഷേമ മേഖലകളിലൊക്കെ സ്വദേശ-വിദേശ കുത്തകകൾക്ക് അവസരമൊരുക്കുന്നുണ്ട്. എന്നാൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെക്കുറിച്ച് ഇവർക്ക് ഒരു ആശങ്കയുമില്ല. കുറച്ചുകാലത്തേയ്ക്ക് കുറച്ച് അരിയും പയറുമൊക്കെ സൗജന്യമായി നൽകിയതൊഴിച്ചാൽ, പകർച്ചവ്യാധി കൊണ്ട് പൊറുതിമുട്ടിയ സാധാരണക്കാരുടെയും തൊഴിലാളികളുടെയും ദുരിതമകറ്റാൻ യാതൊരു ആശ്വാസനടപടിയും ഗവണ്മെന്റ് കൈക്കൊള്ളുന്നില്ല. എന്നുമാത്രമല്ല ജനങ്ങളെ പിഴിഞ്ഞൂറ്റാൻ എല്ലാ മാർഗവും അവലംബിക്കുകയും കണക്കുകളിൽ കൃത്രിമം കാണിച്ച് യാഥാർത്ഥ്യം മറച്ചുവയ്ക്കുകയും ചെയ്യുന്നു. ജൂൺ 15 ന്റെ പ്രോലിറ്റേറിയൻ ഇറയിൽ (യൂണിറ്റിയുടെ ജൂൺ ലക്കത്തിലും) ഗവണ്മെന്റ് കൊട്ടിഘോഷിച്ച 2 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജ് വെറും തട്ടിപ്പാണെന്നും തൊഴിലാളികളെയും കർഷകരെയും മറ്റ് സാധാരണക്കാരെയും ദാരിദ്ര്യത്തിൽനിന്നും ദുരിതങ്ങളിൽനിന്നും കരകയറ്റാനുള്ള ഒരു നടപടിയും അത് ഉൾക്കൊള്ളുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു. മാർക്‌സിസം-ലെനിനിസത്തിന്റെ പാഠങ്ങൾ സ്ഥിരീകരിക്കപ്പെടുന്നു ”മുതലാളിത്തസമൂഹം മുമ്പും ഭീതിജനകമായിരുന്നു, ഇന്നും എന്നും അങ്ങനെതന്നെയായിരിക്കും” എന്ന ലെനിന്റെ നിരീക്ഷണം ശരിവയ്ക്കുന്നതാണ് ആഗോള-ദേശീയ സാഹചര്യം. (ദ മിലിറ്ററി പ്രോഗ്രാം ഓഫ് ദ പ്രോലിറ്റേറിയറ്റ്, സമാഹൃത കൃതികൾ, വാള്യം 23) മുതലാളിത്തം അകപ്പെട്ടിരിക്കുന്ന മാന്ദ്യം, തൊഴിലില്ലായ്മ, തൊഴിൽ നഷ്ടം തുടങ്ങിയ പ്രതസന്ധികളൊന്നും സോവിയറ്റ് സോഷ്യലിസത്തിൽ ഉണ്ടായിരുന്നില്ല. 1930കളിൽ മുതലാളിത്ത ലോകമാകെ മാന്ദ്യത്തിന്റെ പിടിയിലമർന്നപ്പോഴും സോവിയറ്റ് യൂണിയൻ വ്യവസായ, കാർഷിക മേഖലകളിൽ മുന്നേറ്റം തുടർന്നു. 1929 മുതൽ മുതലാളിത്ത രാജ്യങ്ങളെല്ലാം വ്യാവസായിക തകർച്ചയെ നേരിടുകയും 1933 ൽ മാത്രം അതിൽനിന്ന് പുറത്തേയ്ക്ക് വരാൻ തുടങ്ങുകയും പഴയ സ്ഥിതിയിലെത്താൻ കഴിയാതിരിക്കുകയും ചെയ്തപ്പോൾ സോവിയറ്റ് യൂണിയൻ കൈവരിച്ചത് അനുസ്യൂതമായ പുരോഗതിയാണ്. 1934ൽ വ്യാവസായികോല്പാദനം അമേരിക്കയിൽ 64.9 ശതമാനവും ബ്രിട്ടണിൽ 86.1 ശതമാനവും ജർമ്മനിയിൽ 66.8 ശതമാനവും ആയിരുന്നപ്പോൾ സോവിയറ്റ് യൂണിയനിൽ അത് 201.6 ശതമാനമായിരുന്നു. അതായത് വ്യാവസായികോല്പാദനം ഈ കാലയളവിൽ ഇരട്ടിച്ചു. ഒന്നാംലോക യുദ്ധത്തിനുമുമ്പുള്ള 1913 അടിസ്ഥാനമാക്കിയാലും 290 ശതമാനം വർദ്ധനയാണ് സോവിയറ്റ് യൂണിയനിൽ ഉണ്ടായത്. സോഷ്യലിസ്റ്റ് സമ്പദ്ഘടനയ്ക്ക് മുതലാളിത്ത സമ്പദ്ഘടനയ്ക്ക് മേലുള്ള മേധാവിത്വം വിളിച്ചോതുന്നതാണിത്. മുതലാളിത്തത്തിൽനിന്നുള്ള വിമോചനത്തിന്റെ പാത വരച്ചുകാണിച്ചുകൊണ്ട് ലെനിൻ പറഞ്ഞു: ”സാമ്പത്തിക തകർച്ച, പ്രതിസന്ധി, യുദ്ധഭീതി, മുരടിപ്പ് തുടങ്ങിയവയൊക്കെ യാണ് മുതലാളിത്തവ്യവസ്ഥ നൽകിയത്… പരിഹാരമോ… വിപ്ലവ തൊഴിലാളിവർഗ്ഗത്തിന് അധികാരം കൈമാറുക മാത്രം. തൊഴിലാളിവർഗ്ഗത്തിനുമാത്രമേ ഭൂരിഭാഗം ജനങ്ങളുടെയും പിന്തുണ നേടിക്കൊണ്ട് എല്ലാ രാജ്യങ്ങളിലും വിപ്ലവം വിജയകരമായി പൂർത്തിയാക്കാൻ കഴിയൂ, അതുവഴി മാനവരാശിയെ മുതലാളിത്ത നുകത്തിൽനിന്നു ള്ള വിമോചത്തിലേയ്ക്കും ശാശ്വതമായ സമാധാനത്തിലേയ്ക്കും നയിക്കാനും.” (ഓണസ്റ്റ് ഡിഫൻസിസം റിവീൽഡ് ഇറ്റ്‌സെൽഫ്, സമാഹൃത കൃതികൾ, വാള്യം 24) ഈ സത്യമാണ് ലോകത്തെ അടിച്ചമർത്തപ്പെടുന്ന ജനങ്ങൾ സ്വാംശീകരിക്കേണ്ടത്. അതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണം സ്വന്തം വിമോചന പോരാട്ടങ്ങൾ വളർത്തിയെടുക്കേണ്ടത്. ReplyForward |