എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷിന്റെ അനുശോചന സന്ദേശം
എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷിന്റെ അനുശോചന സന്ദേശം
പ്രിയ സഖാക്കളെ,
ബംഗ്ലാദേശ് സോഷ്യലിസ്റ്റ്(മാർക്സിസ്റ്റ്) പാർട്ടിയുടെ സ്ഥാപക ജനറൽ സെക്രട്ടറിയും ബംഗ്ലാദേശിലെ വിഖ്യാതനായ വിപ്ലവ നേതാവുമായ സഖാവ് മൊബിനുൾ ഹൈദർ ചൗധരിയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖത്തിലാണ്ടിരിക്കുന്ന പാർട്ടി നേതാക്കളോടും കേഡർമാരോടും അനുഭാവികളോടും എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ പേരിൽ ഞാൻ ഹൃദയവ്യഥയോടെ അനുശോചനം അറിയിക്കുന്നു.
സഖാവ് മൊബിനുൾ ഹൈദർ ചൗധരി അദ്ദേഹത്തിന്റെ വിപ്ലവ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് ഇന്ത്യയിലായിരുന്നുവെന്നത് നിങ്ങളിൽ പലർക്കും അറിവുള്ളതാണ്. ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്ന അന്നത്തെ അവിഭജിത ഇന്ത്യയിൽ, കൽക്കട്ടയിലായിരുന്നു തന്റെ മൂത്ത സഹോദരനുമൊത്ത് അദ്ദേഹം താമസിച്ചുവന്നിരുന്നത്. കൗമാരം പിന്നിട്ടയുടനെ, യുവത്വത്തിന്റെ പ്രാരംഭത്തിൽ, 1951-ൽ മഹാനായ മാർക്സിസ്റ്റ് നേതാവും ചിന്തകനും എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സ്ഥാപക ജനറൽ സെക്രട്ടറിയുമായ സഖാവ് ശിബ്‌ദാസ് ഘോഷുമായി അദ്ദേഹം ബന്ധപ്പെടാനിടയായി. സഖാവ് ഘോഷിന്റെ ആശയങ്ങളിൽനിന്ന് ആവേശമുൾക്കൊണ്ടും അദ്ദേഹം നൽകിയ ശിക്ഷണത്താലും, മാമൂൽ പ്രകാരമുള്ള സാധാരണ ജീവിതത്തിന്റെ എല്ലാ ആകർഷണങ്ങളെയും ത്യജിച്ചുകൊണ്ട് സഖാവ് ഹൈദർ സമ്പൂർണമായ അർപ്പണ മനോഭാവത്തോടെ വിപ്ലവ സമരം ഏറ്റെടുത്തു.
ഇന്ത്യയിലായിരിക്കുമ്പോൾ കോൺഗ്രസ് സർക്കാരിനെതിരെയുള്ള പല ബഹുജന പ്രക്ഷോഭങ്ങളിലും പങ്കെടുക്കുകയും പോലീസ് അതിക്രമങ്ങളെ നേരിടുകയും പല സന്ദർഭങ്ങളിലും ജയിലിൽ അടക്കപ്പെടുകയും ചെയ്തിട്ടുണ്ട്. തൊഴിലാളിവർഗ്ഗ പ്രക്ഷോഭങ്ങളിലും ദരിദ്ര കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും പ്രക്ഷോഭങ്ങളിലും യുവജന-സാംസ്കാരിക പ്രവർത്തനങ്ങളിലും വർഗീയ വിരുദ്ധ പ്രസ്ഥാനങ്ങളിലും അദ്ദേഹം സവിശേഷമായ പങ്കുവഹിച്ചു. ഈ പ്രക്രിയയിലൂടെ ഒരു കഴിവുറ്റ സംഘാടകൻ എന്ന നിലയിൽ അദ്ദേഹം വളർന്നു. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടി സംഘടന ഡൽഹിയിലും ഹരിയാനയിലും കെട്ടിപ്പടുക്കുന്നതിലും അദ്ദേഹം ഒരു പ്രധാന പങ്കുവഹിച്ചു.
ഔപചാരിക വിദ്യാഭ്യാസത്തിന് അവസരം ലഭിച്ചില്ലായിരുന്നുവെങ്കിൽപ്പോലും സഖാവ് ശിബ്ദാസ് ഘോഷിന്റെ പാഠങ്ങളാലും മഹാനായ ആ നേതാവിനോടൊത്തുള്ള സജീവമായ സഹവർത്തിത്വത്താലും പ്രചോദിതനായി, മാർക്സിസ്റ്റ് ദർശനത്തെ മനോഹരമായി അവതരിപ്പിക്കാനും ദേശീയ-അന്തർദേശീയ സാഹചര്യങ്ങളെ ശരിയായി വിശകലനം ചെയ്യാനും കലാ സാഹിത്യ സാംസ്കാരിക വിഷയങ്ങളില്‍ ആകർഷണീയമായ ചർച്ചകൾ നടത്താനും വിപ്ലവ പാർട്ടിയെയും വർഗബഹുജന സംഘടനകളെയും വളർത്തിയെടുക്കാനും യുവാക്കളിൽ വിപ്ലവാശയങ്ങളോടും വിപ്ലവ പാർട്ടിയോടും വമ്പിച്ച ആകർഷണം സൃഷ്ടിച്ചെടുക്കാനും ജനങ്ങളെ പ്രബുദ്ധരാക്കി അവരിൽ ഉയർന്ന മൂല്യങ്ങളും മാനുഷിക ഗുണങ്ങളും വളർത്തിയെടുക്കാനുമുള്ള അസാമാന്യമായ ശേഷികൾ അദ്ദേഹം ആർജിക്കുകയുണ്ടായി.
മാർക്സിസം-ലെനിനിസം ശിബ്ദാസ് ഘോഷ് ചിന്ത എന്ന വിപ്ലവ ആശയം വ്യാപകമായി പ്രചരിപ്പിക്കുക, വിപ്ലവപാർട്ടി കെട്ടിപ്പടുക്കുക, വിപ്ലവ സമരങ്ങൾ വളർത്തിയെടുക്കുക എന്നതു മാത്രമായിരുന്നു സഖാവിന്റെ ഒരേയൊരു ജീവിതദൗത്യം. ആ ലക്ഷ്യത്തെ മുൻനിർത്തി 1972ൽ അദ്ദേഹം ജന്മനാടായ ബംഗ്ലാദേശിലേക്ക് പോയി. നിരവധി ബുദ്ധിജീവികളെയും പ്രഗത്ഭരായ വിദ്യാർത്ഥികളെയും യുവാക്കളെയും അധ്വാനിക്കുന്ന ബഹുജനങ്ങളെയും പ്രചോദിപ്പിക്കാനും അവരെ സംഘടിപ്പിക്കാനും മാതൃകാപരമായ സമരം അദ്ദേഹം നടത്തി. ആ പ്രക്രിയയിലൂടെ ബംഗ്ലാദേശിന്റെ മണ്ണിൽ ഒരേയൊരു യഥാർത്ഥ വിപ്ലവ പാർട്ടിയെന്ന നിലയിൽ ബംഗ്ലാദേശ് സോഷ്യലിസ്റ്റ്(മാർക്സിസ്റ്റ്) പാർട്ടി സ്ഥാപിച്ചു.
തന്റെ പിൽക്കാല ജീവിതത്തിൽ ഒട്ടേറെ അസുഖങ്ങൾ അദ്ദേഹത്തെ ബാധിച്ചു. ആ ബുദ്ധിമുട്ടുകള്‍ അവഗണിച്ചും പ്രായസംബന്ധമായ ശാരീരിക-മാനസിക പരിമിതികളെ അതിജീവിച്ചും തന്റെ വിപ്ലവ ജീവിതസമരം അന്ത്യശ്വാസം വരെ അദ്ദേഹം അവിരാമം തുടർന്നു. മഹത്വമാർന്ന ഹൃദയ വികാരങ്ങളും ഉന്നത ധാരണകളും സഖാവ് ശിബ്‌ദാസ് ഘോഷ് ചിന്തകളുടെ അടിസ്ഥാനത്തിൽ പ്രകാശമാനമായ വിപ്ലവ സ്വഭാവവും ആർജിച്ചതോടെ ബംഗ്ലാദേശിലെയും ഇന്ത്യയിലെയും അനേകമാളുകളുടെ മനസ്സിൽ ഉയർന്ന ആദരവും ബഹുമാനവും അദ്ദേഹം നേടി. ഒരു യഥാർത്ഥ തൊഴിലാളിവർഗ്ഗ സാർവ്വദേശീയവാദി എന്ന നിലയിൽ മാർക്സിസം-ലെനിനിസം ശിബ്ദാസ് ഘോഷ് ചിന്തകൾ പല യൂറോപ്യൻ രാജ്യങ്ങളിലും അറബ് രാജ്യങ്ങളിലും പ്രചരിപ്പിക്കുന്നതിനും സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനം വളർത്തിയെടുക്കുന്നതിലും അദ്ദേഹം സവിശേഷമായ പങ്കുവഹിച്ചു. സ്വഭാവവൈശിഷ്ട്യവും ഉയർന്ന സാംസ്കാരിക നിലവാരവും ആര്‍ജിച്ച്, സഖാവ് ശിബ്ദാസ് ഘോഷിന്റെ പാഠങ്ങളിൽനിന്ന് ആവേശം ഉൾക്കൊണ്ട് ഈ വിപ്ലവ പോരാളി ചൂഷിതരായ ജനങ്ങളോട് നിസ്സീമമായ സ്നേഹവും മാർക്സിസം-ലെനിനിസം ശിബ്ദാസ് ഘോഷ് ചിന്തയോടും തൊഴിലാളിവർഗ്ഗ സാർവ്വദേശീയതയോടും അചഞ്ചലമായ കൂറും വച്ചുപുലർത്തിയിരുന്നു.
പ്രതിബന്ധങ്ങളെ എതിരിടുന്നതിൽ അദ്ദേഹം പതംവന്ന പോരാളിയായിരുന്നു. വിപ്ലവാശയങ്ങളോടും വിപ്ലവ പ്രവർത്തനത്തോടും അടിപതറാത്ത പ്രതിജ്ഞാബദ്ധത പുലര്‍ത്തി. ഇളമുറക്കാരില്‍ അതീവ സ്നേഹവാത്സല്യങ്ങൾ ചൊരിഞ്ഞു. വളരെ എളിമയോടെയായിരുന്നു അദ്ദേഹം പെരുമാറിയിരുന്നത്. ഇന്ത്യയിലെ വിപ്ലവ പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കുന്നതിൽ അദ്ദേഹത്തിന്റെ വിലപ്പെട്ട പങ്കിനെ ഞങ്ങൾ കൃതജ്ഞതയോടെ സ്മരിക്കുന്നു.
ബംഗ്ലാദേശിലെ ശരിയായ വിപ്ലവപാർട്ടിയായ ബംഗ്ലാദേശ് സോഷ്യലിസ്റ്റ് (മാർക്സിസ്റ്റ്) പാർട്ടി, നമ്മെ വിട്ടുപിരിഞ്ഞ സഖാവ് മൊബിനുൾ ഹൈദർ ചൗധരിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയെന്ന ലക്ഷ്യത്തോടെ മാർക്സിസം-ലെനിനിസം-ശിബ്ദാസ് ഘോഷ് ചിന്തകളുടെയും തൊഴിലാളിവർഗ്ഗ സാർവ്വദേശീയതയുടെയും പതാക അടിപതറാതെ ഉയർത്തിപ്പിടിക്കുമെന്നും ദേശീയ ബൂർഷ്വാസിക്കും ലോക സാമ്രാജ്യത്വത്തിനുമെതിരായ പ്രസ്ഥാനം ശക്തിപ്പെടുത്തി മുന്നേറുമെന്നുമാണ് ഞങ്ങളുടെ പാർട്ടിയുടെ ഉറച്ച വിശ്വാസം.
തൊഴിലാളിവർഗ്ഗ സാർവ്വദേശീയതയിൽ അടിയുറച്ച് വിശ്വസിക്കുന്ന രണ്ട് പ്രസ്ഥാനങ്ങളെന്ന നിലയിൽ ബംഗ്ലാദേശ് സോഷ്യലിസ്റ്റ്(മാർക്സിസ്റ്റ്) പാർട്ടിയും ഇന്ത്യയിലെ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയും തമ്മിലുള്ള ഐക്യവും സാഹോദര്യവും കെട്ടുറപ്പോടെ നിലകൊള്ളുമെന്നും വരുംനാളുകളിൽ കൂടുതൽ ബലപ്പെടുമെന്നും ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു. ആജീവനാന്ത വിപ്ലവകാരിയായ സഖാവ് മൊബിനുൾ ഹൈദർ ചൗധരിക്ക് ലാൽസലാം…
ബംഗ്ലാദേശ് സോഷ്യലിസ്റ്റ്
(മാർക്സിസ്റ്റ്) പാർട്ടി നീണാൾ വാഴട്ടെ..
മാർക്സിസം ലെനിനിസം ശിബ്ദാസ് ഘോഷ് ചിന്തകൾ നീണാൾ വാഴട്ടെ…
തൊഴിലാളിവർഗ്ഗ സാർവ്വദേശീയത നീണാൾ വാഴട്ടെ…
വിപ്ലവം നീണാൾ വാഴട്ടെ….