ജീവനേക്കാൾ വിലയുള്ളതല്ല പരീക്ഷ സർവ്വകലാശാല വിദ്യാർത്ഥികളുടെ സമരം നയിച്ച് AIDSO

IMG-20210709-WA0037.jpg
Share

ഗാ ഡ്ജറ്റുകളുടെയും നെറ്റ് വർക്കിന്റെയും അഭാവം മൂലം വലിയൊരു വിഭാഗം വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ വേണ്ട വിധത്തിൽ ലഭ്യമായിട്ടില്ല. ലഭിച്ച ക്ലാസുകൾ കൃത്യമായി മനസ്സിലാകുന്നില്ലായെന്ന പ്രശ്‌നവും വിദ്യാർത്ഥികൾ വ്യാപകമായി നേരിടുന്നുണ്ട്. കോവിഡിനൊപ്പം സർവകലാശാലകളുടെ പിടിപ്പുകേട് കൂടിയായപ്പോൾ കോഴ്‌സുകൾ അനിശ്ചിതമായി നീണ്ടുപോകുകയും ഓവർലാപ്പ് ചെയ്യുകയും ചെയ്തു. നടത്തിയ പരീക്ഷകളുടെപോലും മൂല്യനിർണയം പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചിട്ടില്ല. കൂടാതെ, കോവിഡ് സൃഷ്ടിച്ചിരി ക്കുന്ന സാമൂഹ്യ-സാമ്പത്തിക പ്രശ്‌നങ്ങളും അസാധാരണമായ ജീവിതസാഹചര്യവും വിദ്യാർത്ഥികളെ മാനസിക സമ്മർദ്ദത്തിലേക്ക് തളളിവിട്ടിട്ടുണ്ട്.

ഒന്നര വർഷമായി തുടരുന്ന കോവിഡ് മഹാമാരി വിദ്യാഭ്യാസരംഗത്ത് അപരിഹാര്യമായ നഷ്ടങ്ങൾ വരുത്തികൊണ്ടിരിക്കു കയാണ്. കോവിഡ് ഒന്നാം തരംഗത്തിൽ വിദ്യാലയങ്ങൾ ഏകദേശം പൂർണ്ണമായും അടഞ്ഞുകിടന്നു; രണ്ടാം തരംഗവും ആസന്നമായ മൂന്നാം തരംഗം എന്ന ഭീതിയും മറ്റൊരു അക്കാദമിക് വർഷം കൂടി വിദ്യാലയങ്ങൾ അടഞ്ഞുകിടക്കുന്ന സ്ഥിതിയിലേക്ക് കൊണ്ടെത്തിക്കുന്നു. വിദ്യാർത്ഥികളും അക്കാദമിയും തമ്മിലുള്ള ബന്ധം നിലനിർത്തുകയെന്നതിനപ്പുറത്തേക്ക് ഓൺലൈൻ ക്ലാസുകൾ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ പര്യാപ്തമായിരുന്നില്ല.
ഈയൊരു സാഹചര്യത്തിലാണ് പരീക്ഷ നടത്തിപ്പിനെക്കുറിച്ച് ചർച്ച ചെയ്യുവാൻ ഉന്നതവിദ്യാഭ്യാസ മന്ത്രി ജൂൺ 8ന് വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചുചേർക്കുന്നത്. ഇത്തരമൊരു യോഗം നടക്കുന്നതായി അറിയിച്ചുകൊണ്ടും ഈ യോഗത്തിൽ അവതരിപ്പിക്കാനുള്ള അഭിപ്രായങ്ങൾ ക്ഷണിച്ചുകൊണ്ടും എഐഡിഎസ്ഒ സംസ്ഥാന കമ്മിറ്റി ഒരു വാട്‌സ്ആപ്പ് മെസേജ് വിദ്യാർത്ഥികൾക്കിടയിൽ പ്രചരിപ്പിച്ചു. ഏതാനും മണിക്കൂറുകൾക്കുളളിൽ അഭൂതപൂർവമായ പ്രതികരണങ്ങൾ എഐഡിഎസ്ഒ സംസ്ഥാന നേതൃത്വത്തിന് ലഭിച്ചുതുടങ്ങി. കേരളമെമ്പാടുമുളള വിദ്യാർത്ഥികൾ- വിവിധ സർവകലാശാലകളിലും കോഴ്‌സുകളിലും പഠിക്കുന്നവർ- വിദ്യാഭ്യാസ രംഗത്ത് അവർ നേരിടുന്ന പ്രശ്‌നങ്ങൾ അറിയിച്ചുകൊണ്ട് എഐഡിഎസ്ഒ നേതാക്കളെ വിളിക്കുവാനും മെസേജ് അയക്കുവാനും ആരംഭിച്ചു. പതിനായിരത്തോളം മെയിലുകളും വാട്‌സ്ആപ്പ് മെസേജുകളും നൂറുകണക്കിന് ഫോൺകോളുകളും രണ്ട് ദിവസത്തിനകം എഐഡിഎസ്ഒയ്ക്ക് ലഭിച്ചു. കോവിഡ് ആരംഭിച്ച കാലം മുതൽ സർവകലാശാല വിദ്യാർത്ഥികൾ നേരിടുന്ന പ്രതിസന്ധികൾ അനുഭാവപൂർവം കേൾക്കുവാൻപോലും ബന്ധപ്പെട്ട ഒരു അധികൃതരും തയ്യാറായിട്ടില്ല എന്നതിന്റെ സാക്ഷ്യപ്പെടുത്തലായിരുന്നു ഓരോ പ്രതികരണങ്ങവും. കോവിഡ് വ്യാപനത്തിന്റെയും വിദ്യാർത്ഥികൾ നേരിടുന്ന മാനസിക സമ്മർദ്ദത്തിന്റെയും ഗതാഗതവും ഹോസ്റ്റലുകളുമുൾപ്പടെയുളള സംവിധാനങ്ങളുടെ അപര്യാപ്തതയുടെയും പശ്ചാത്തലത്തിൽ സാധാരണമായ അക്കാദമിക വർഷമായി കോവിഡ് സാഹചര്യത്തെ പരിഗണിക്കുവാൻ സാധിക്കില്ല. വിദ്യാർത്ഥികളുടെ ഭാവിക്കും അക്കാദമിയുടെ മുന്നോട്ടുപോ ക്കിനും പരമാവധി കുറച്ച് നഷ്ടമുണ്ടാകുന്ന വിധത്തിലുള്ള ഉപാധികൾ ആലോചിക്കേണ്ടതായിവരും. മാത്രമല്ല, ഒരു ഡോസ് വാക്‌സിൻപോലും ലഭിക്കാത്ത വിദ്യാർത്ഥികൾ വലിയ തോതിൽ സമ്പർക്കത്തിൽ വന്നാൽ അത് കോവിഡ് വ്യാപനത്തിന് കാരണമാകും. ഈ വിഷയങ്ങൾ പരിഗണിച്ചുകൊണ്ടുളള പതിനാറ് നിർദ്ദേശങ്ങളാണ് എഐഡിഎസ്ഒയെ പ്രതിനിധീകരിച്ചു കൊണ്ട് മന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്ത സംസ്ഥാന സെക്രട്ടറി പി.കെ.പ്രഭാഷ് അവതരിപ്പിച്ചത്.

  1. അവസാന സെമസ്റ്റർ പരീക്ഷകൾ കാൻസൽ ചെയ്തുകൊണ്ട് മുൻ സെമസ്റ്റർ റിസൾട്ടുകളുടെ അടിസ്ഥാനത്തിൽ ഫലപ്രഖ്യാപനം നടത്തുക. ബെറ്റർമെന്റ്(കൂടുതൽ മെച്ചപ്പെട്ട റിസൾട്ട്) ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം റഗുലറായിതന്നെ നിലനിർത്തുക.
  2. കോവിഡ് സാഹചര്യത്തിൽ പരീക്ഷകളുടെ എണ്ണം കുറയ്ക്കുക. വാർഷികാടിസ്ഥാനത്തിൽ പരീക്ഷ നടത്തുക. അതായത് 1,3,5 സെമസ്റ്ററുകൾ റദ്ദു ചെയ്തുകൊണ്ട് 2,4 സെമസ്റ്റർ പരീക്ഷകൾ നടത്തുക.
  3. മുൻപ് നടത്തിയ എല്ലാ പരീക്ഷകളുടെയും ഫല പ്രഖ്യാപനം ഉടൻ നടത്തുക.
  4. മുൻകാലങ്ങളിൽ കോവിഡ്മൂലം പരീക്ഷയെഴുതാനാകാതെ പോയവർക്കുള്ള സ്‌പെഷ്യൽ എക്‌സാം, സപ്ലിമെന്ററി പരീക്ഷകൾ, പരീക്ഷാനുബന്ധിയായ കമ്മിറ്റികൾ എന്നിവ അനുയോജ്യമായ തൊട്ടടുത്ത സാഹചര്യത്തിൽതന്നെ നടത്തി യുദ്ധകാലാടിസ്ഥാനത്തിൽ ഫലം പ്രഖ്യാപിക്കണം.
  5. എല്ലാ കോളെജ് വിദ്യാർത്ഥികൾക്കും മുൻഗണനാക്രമത്തിൽ വാക്‌സിൻ നൽകിക്കൊണ്ട് എത്രയും വേഗം ഓഫ് ലൈൻ ക്ലാസുകൾ ആരംഭിക്കുക.
  6. ഓൺലൈൻ ക്ലാസുകൾ അക്കാദമിക ലക്ഷ്യങ്ങൾ നിറവേറ്റുന്നില്ലായെന്നതിനാൽ ഉചിതമായ തൊട്ടടുത്ത സാഹചര്യത്തിൽ പരിഹാരബോധനം നൽകുവാനുള്ള ഉപാധികൾ ആവിഷ്‌ക്കരിക്കുക

-തുടങ്ങിയവയായിരുന്നു മീറ്റിംഗിൽ അവതരിപ്പിച്ച ഡിമാന്റുകൾ. എന്നാൽ പരീക്ഷയെക്കുറിച്ച് ചർച്ച ചെയ്യുവാൻ യോഗം വിളിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രി, പ്രസ്തുത യോഗത്തെ ഒരു പ്രഹസനമാക്കിക്കൊണ്ട്, ആദ്യംതന്നെ ജൂൺ 28 മുതൽ പരീക്ഷകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയാണു ണ്ടായത്. വിദ്യാർത്ഥികളുടെ അഭിപ്രായങ്ങൾ തെല്ലും പരിഗണിക്കപ്പെട്ടില്ല. ഈ തീരുമാനത്തിനെതിരെ വിദ്യാർത്ഥികൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നു. എഐഡിഎസ്ഒ ഉയർത്തിയ ഡിമാന്റുകൾ വിദ്യാർത്ഥികൾ ഏറ്റെടുത്തു. ഈ ഡിമാന്റുകൾ ഉയർത്തിക്കൊണ്ട് അരലക്ഷത്തോളം വിദ്യാർത്ഥികൾ ഒപ്പുവെച്ച നിവേദനം ഉന്നതവിദ്യാഭ്യാസമന്ത്രിക്കും മുഖ്യമന്ത്രിക്കും വിവിധ സർവകലാശാല വൈസ് ചാൻസലർമാർക്കും സമർപ്പിച്ചു.
കണ്ണൂർ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് കളക്ടീവ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് കളക്ടീവ്, എംജി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് കളക്ടീവ്, കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് കളക്ടീവ്, ബിവോക് സ്റ്റുഡന്റ്‌സ് കളക്ടീവ്, കുഹാസ്(കേരള ആരോഗ്യ സർവകലാശാല) സ്റ്റുഡന്റ്‌സ് കളക്ടീവ്, കെടിയു(സാങ്കേതിക സർവകലാശാല) സ്റ്റുഡന്റ്‌സ് കളക്ടീവ്, പോളിടെക്‌നിക് സ്റ്റുഡന്റ്‌സ് കളക്ടീവ്, എസ്ഡിഇ (വിദൂരവിദ്യാഭ്യാസം) സ്റ്റുഡന്റ്‌സ് കളക്ടീവ്, ബി ആർക്ക് സ്റ്റുഡന്റ്‌സ് കളക്ടീവ്, ലക്ഷദ്വീപ് സ്റ്റുഡന്റ്‌സ് കളക്ടീവ് എന്നീ സമരവേദികളിലൂടെ കേരളമെമ്പാടും ആയിരക്കണക്കിന് വിദ്യാർത്ഥികൾ എഐഡിഎസ്ഒയുടെ നേതൃത്വത്തിൽ സമരരംഗത്ത് അണിനിരന്നു. ലോക്ഡൗൺ സാഹചര്യമായതിനാൽ, ലഭ്യമായ ഓൺലൈൻ സാധ്യതകൾ എല്ലാം ഉപയോഗപ്പെടുത്തിക്കൊണ്ട് വിദ്യാർത്ഥികൾ തങ്ങളുടെ ഡിമാന്റുകൾ അവതരിപ്പിച്ചു; പുതിയ സമര രീതികൾ ആവിഷ്‌കരിച്ചു. യൂണിവേഴ്‌സിറ്റി അധികാരികളെയും മന്ത്രിമാരെയും എംഎൽഎമാരെയും ഗവർണറെയും മനുഷ്യാവകാശ കമ്മീഷനെയുമെല്ലാം തങ്ങളുടെ ഡിമാന്റുകൾ അറിയിച്ചു; ആശങ്കകൾ അവതരിപ്പിച്ചു; പ്രാണഭയത്തോടെ പരീക്ഷയെഴുതുവാൻ തളളിവിടരുതെന്ന് അഭ്യർത്ഥിച്ചു; പരീക്ഷാ നടത്തിപ്പിലൂടെ കേരളത്തിൽ മൂന്നാംതരംഗം വിളിച്ചു വരുത്തരുതെന്ന് പറഞ്ഞു- എന്നാൽ മുൻപെങ്ങുമില്ലാത്ത വാശിയോടെ, ജനാധിപത്യവിരുദ്ധ മനോഭാവത്തോടെ, സർക്കാരും യൂണിവേഴ്‌സിറ്റിയും വിദ്യാർത്ഥികളെ പുച്ഛിച്ചുതളളുകയാണുണ്ടായത്. പരീക്ഷകൾ, പ്രഖ്യാപിച്ച ദിവസംതന്നെ നടത്തിയേ തീരുവെന്ന് വാശിപിടിച്ച സർവകലാശാലകളും സർക്കാരും വർഷങ്ങളായി നടക്കാതിരുന്ന പരീക്ഷകളെക്കുറിച്ച് നിശബ്ദത പാലിച്ചു.


എംജി സർവകലാശാലയിലെ അവസാന ബിടെക് വിദ്യാർത്ഥികൾ, ബിവോക് വിദ്യാർത്ഥികൾ, സ്‌പെഷ്യൽ-സപ്ലിമെന്ററി പരീക്ഷയെഴുതുവാനുളളവർ എന്നിങ്ങനെ വലിയൊരു വിഭാഗം കാലങ്ങളായി പരീക്ഷാ നടത്തിപ്പിനായി മുറവിളി കൂട്ടുമ്പോൾ അക്കാര്യത്തിൽ നിസ്സംഗത പാലിച്ച യൂണിവേഴ്‌സിറ്റികളും സർക്കാരുമാണ് കോവിഡിന്റെ പാരമ്യത്തിൽ വിദ്യാർത്ഥികളെ വെല്ലുവിളിച്ചുകൊണ്ട് പരീക്ഷ നടത്താൻ തുനിഞ്ഞത്. കണ്ണൂർ, കാലിക്കറ്റ്, എംജി, കേരള സർവകലാശാലകൾക്ക് മുൻപിലും സെക്രട്ടേറിയറ്റ് നടയിലും വിദ്യാർത്ഥികൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളോട് മാത്രമല്ല, കോവിഡ് പ്രതിരോധരംഗത്ത് അഹോരാത്രം പണിയെടുക്കുന്ന ആരോഗ്യപ്രവർത്തകരോടും ലോക്ഡൗൺ കാലത്ത് അർദ്ധപട്ടിണിയിലും മുഴുപട്ടിണിയിലും കഴിഞ്ഞുകൂടിയ കേരള ജനതയോടുമുളള വെല്ലുവിളിയാണ് പരീക്ഷാനടത്തിപ്പെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
ഇതിനിടയിൽ, വിദ്യാർത്ഥികളുടെ ആശങ്കകൾ ശരിവെയ്ക്കുന്നവിധത്തിൽ എം ജി യൂണിവേഴ്‌സിറ്റി പരീക്ഷ കൺട്രോളർ ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചുകൊണ്ട് വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുടെ ചർച്ച വിളിച്ചു. എന്നാൽ പിന്നീട് അകാരണമായി ഈ ചർച്ച യൂണിവേഴ്‌സിറ്റി തന്നെ റദ്ദുചെയ്തു. വിദ്യാഭ്യാസ മന്ത്രി ജൂൺ 25ന് കോവിഡ് സാഹചര്യം പരിശോധിച്ചുകൊണ്ട് പരീക്ഷയെ കുറിച്ച് തീരുമാനമെടുക്കാൻ വൈസ് ചാൻസലർമാരുടെ യോഗം വിളിച്ചതായും വാർത്ത വന്നു. വിദ്യാർത്ഥി പ്രതിനിധികളുടെ ആശങ്കകൾ കേട്ടുകൊണ്ട് കണ്ണൂർ യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാൻസലർ, ഈ യോഗത്തിൽ വിദ്യാർത്ഥികൾ പറഞ്ഞ വിവരങ്ങൾ അവതരിപ്പിക്കാമെന്ന് ഉറപ്പ് നൽകി. എന്നാൽ അവസാനനിമിഷം സർക്കാർ ഈ യോഗവും റദ്ദുചെയ്തുകൊണ്ട് പരീക്ഷ നടത്തുമെന്ന് ഏകപക്ഷീയമായി പ്രഖ്യാപിച്ചു.
തുടർന്ന് പുറത്തുവന്ന പരീക്ഷകളെ സംബന്ധിച്ച നിയമാവലിയാകട്ടെ അങ്ങേയറ്റം വിദ്യാർത്ഥിവിരുദ്ധമായിരുന്നു. കോവിഡ് പോസിറ്റീവായവർ പരീക്ഷയെഴുതാൻ പാടില്ലായെന്നും രാവിലെ ഒൻപതരയ്ക്ക് പരീക്ഷ തുടങ്ങുമെന്നും ഒൻപത് മണിക്ക് മാത്രമേ പരീക്ഷാഹാളിലേക്ക് പ്രവേശിപ്പിക്കു കയുളളൂവെന്നും പറഞ്ഞു. ചില സ്ഥലങ്ങളിൽ വിദ്യാർത്ഥികൾ സത്യവാങ്മൂലം നൽകിക്കൊണ്ട് പരീക്ഷയ്‌ക്കെത്തണമെന്ന് പറഞ്ഞു.

അശാസ്ത്രീയവും കോവിഡ് വ്യാപനത്തിനിടയാക്കുന്നതുമായിരുന്നു ഈ നിയമാവലി. കോവിഡ് പോസിറ്റീവായവർക്ക് പരീക്ഷയെഴുതാൻ പാടില്ലയെന്നത് തങ്ങളുടേതല്ലാത്ത കാരണത്താൽ ഒരു വിഭാഗം വിദ്യാർത്ഥികൾക്ക് അവസരം നിഷേധിക്കുന്നതാണ്. മാത്രമല്ല, ഭാവിയെക്കുറച്ചുളള ആശങ്കയിൽ കോവിഡ് പോസിറ്റീവെന്നത് മറച്ചുവെച്ചുകൊണ്ട് വിദ്യാർത്ഥികൾ പരീക്ഷയെഴുതാനെത്താൻ സാധ്യതയുണ്ട്. വിദ്യാർത്ഥികളുടെ ആശങ്കകൾ എല്ലാം യാഥാർത്ഥ്യമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പരീക്ഷകൾ നടന്നത്. ഹാൾ ടിക്കറ്റ് വിതരണം മുതൽ കോവിഡ് പ്രോട്ടോക്കോൾ ലംഘനം ആരംഭിച്ചു. സാമൂഹിക അകലം പാലിക്കാനുളള സംവിധാനങ്ങൾ ഒരിടത്തുമുണ്ടായിരുന്നില്ല. മിക്കയിടത്തും പരീക്ഷാഹാളുകൾ അണുവിമുക്തമാക്കിയിരുന്നില്ല. പൊതുഗതാഗതത്തിന്റെ കുറവുമൂലം പരീക്ഷാകേന്ദ്രങ്ങളിൽ എത്തുവാൻ വിദ്യാർത്ഥികൾ ബുദ്ധിമുട്ട് അനുഭവിച്ചു. നിരവധി വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതുവാനായില്ല. പരീക്ഷയെഴുതുവാനെത്തിയ നിരവധിപേർ കോവിഡ് പോസിറ്റീവായി.


സർക്കാരിന്റെ പിടിവാശിക്കപ്പുറം കോവിഡ് പ്രോട്ടോക്കോൾ പാലിക്കുവാനായി ഒന്നുംതന്നെ പരീക്ഷ നടത്തിപ്പിനായി ഒരുക്കിയിരുന്നില്ലായെന്ന് പരീക്ഷയെഴുതിയ നിരവധി വിദ്യാർത്ഥികൾ വ്യക്തമാക്കി. അതുകൊണ്ടുതന്നെ പരീക്ഷയെഴുതാൻ നിർബന്ധിതരായപ്പോഴും വിദ്യാർത്ഥികൾ സർക്കാരിന്റെയും യൂണിവേഴ്‌സിറ്റി യുടെയും ജനാധിപത്യ വിരുദ്ധതയ്‌ക്കെതിരെ പ്രതിഷേധിച്ചു. കരിദിനം ആചരിച്ചുകൊണ്ട്, കറുത്ത വസ്ത്രങ്ങളും മാസ്‌കും ധരിച്ചുകൊണ്ടാണ് ബഹുഭൂരിപക്ഷവും പരീക്ഷയെഴുതാൻ പോയത്. സത്യവാങ്മൂലം എഴുതി നൽകില്ലായെന്ന് തീരുമാനിച്ചു.
ഇതേസമയം വിദ്യാർത്ഥികളുടെ അഭിപ്രായങ്ങളോട് മുഖം തിരിച്ചുനിന്ന എസ്എഫ്‌ഐ സമരം നടത്തുന്ന വിദ്യാർത്ഥികൾ മടിയന്മാരാണെന്നും ബ്രയിൻവാഷ് ചെയ്യപ്പെട്ടവരാണെന്നും പ്രചരിപ്പിച്ചു. സർക്കാരിന്റെ ഏറാൻമൂളികളായിനിന്നുകൊണ്ട് പരീക്ഷകൾക്കെത്തുവാൻ വിദ്യാർത്ഥികൾക്ക് സ്‌നേഹവണ്ടികൾ ഒരുക്കിയിട്ടുണ്ട് എന്ന് പ്രഖ്യാപിച്ചു. പക്ഷേ, ഈ വണ്ടികൾ അന്വേഷിച്ച് വിളിച്ച വിദ്യാർത്ഥികളോട് പ്രാദേശിക നേതാക്കന്മാർ കൈമലർത്തി. ഡൽഹിയിലും മറ്റും സർവകലാശാല പരീക്ഷകൾ റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ സമരത്തിലാണുതാനും. അവരാണ് കേരളത്തിൽ ഈ പ്രഹസനം നടത്തിയത്.


സമരത്തിന്റെ രാഷ്ട്രീയ പാഠങ്ങൾ


വിദ്യാർത്ഥികളുടെ ആരോഗ്യ ആശങ്കകളെ പുച്ഛിച്ചുതളളിക്കൊണ്ട് സർക്കാർ പ്രദർശിപ്പിച്ച കടുംപിടുത്തവും എസ്എഫ്‌ഐയുടെ അവസാരവാദവും വിദ്യാർത്ഥിവിരുദ്ധ നിലപാടുകളും കെ എസ് യു പോലെയുള്ള പ്രസ്ഥാനങ്ങളുടെ നിഷ്‌ക്രിയത്വവും വ്യക്തമാക്കുന്നതായിരുന്നു ഈ സമരം. ഇന്നേവരെ തങ്ങൾ വിശ്വസിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത പ്രസ്ഥാനങ്ങൾ മുഖം തിരിച്ച് നിന്നെങ്കിലും ന്യായമായ ഡിമാന്റുകൾ ഉയർത്തിക്കൊണ്ട് സ്വന്തം സമരസമിതികളായ സ്റ്റുഡന്റ്‌സ് കളക്ടീവുകളിൽ വിദ്യാർത്ഥികൾ ഒന്നിച്ചുനിന്ന് പൊരുതി. സങ്കുചിതമായ എല്ലാ താത്പര്യങ്ങൾക്കും അതീതമായി ന്യായമായ ഡിമാന്റുകൾ ഉയർത്തിക്കൊണ്ട് വിദ്യാർത്ഥിപക്ഷത്ത് അചഞ്ചലം നിലയുറപ്പിക്കുന്ന എഐഡിഎസ്ഒയുടെ സമരരാഷ്ട്രീയത്തിന്റെ പ്രസക്തി വിദ്യാർത്ഥികൾ തിരിച്ചറിയുകയും ചെയ്തു.

വിദ്യാഭ്യാസത്തിന്റെയും വിദ്യാർത്ഥികളുടെയും താത്പര്യങ്ങൾ സംരക്ഷിക്കാൻ, എല്ലാത്തരം അനീതികൾക്കുമെതിരെ ഒറ്റക്കെട്ടായി പൊരുതേണ്ടതെങ്ങനെയെന്ന രാഷ്ട്രീയപാഠമാണ് ഈ സമരം കേരളത്തിലെ വിദ്യാർത്ഥികൾക്ക് പകർന്നുനൽകിയത്; ഈ സമരരംഗത്ത് അവർക്കൊപ്പം അചഞ്ചലം നിലകൊള്ളുന്ന നേതൃത്വം എഐഡിഎസ്ഒ മാത്രമായിരിക്കുമെന്നതും വ്യക്തമാക്കപ്പെട്ടു.


Share this post

scroll to top