ആറ് മാസം പിന്നിടുന്ന കർഷക പ്രക്ഷോഭം, സമരം പാർലമെന്റിന് മുന്നിലേയ്ക്ക് വ്യാപിപ്പിക്കുന്നു

download-1.jpg
Share

ഇല്ല! ഉരുക്കുവേലികൾ, കന്മതിലുകൾ, കിടങ്ങുകൾ, ആണി തറച്ച ഫലകങ്ങൾ, പോലീസ് അതിക്രമങ്ങൾ, വെള്ളവും വൈദ്യുതിയും തടയൽ, സ്വേച്ഛാധിപത്യ സർക്കാരിന്റെ മനുഷ്യത്വരഹിതവും കർക്കശവുമായ സമീപനം, മാരകമായ മഹാമാരിയുടെ തീക്ഷ്ണവ്യാപനം, വിറങ്ങലിപ്പിക്കുന്ന ശൈത്യവും പൊളളിക്കുന്ന വേനൽച്ചൂടും, കനത്ത മഴ – ഇവയ്‌ക്കൊന്നിനും ലക്ഷക്കണക്കായ കർഷകരുടെ അജയ്യമായ ചേതനയെയും അടിയുറച്ച സ്ഥൈര്യത്തെയും സമരോത്സാഹത്തെയും നിർവീര്യമാക്കാൻ കഴിഞ്ഞിട്ടില്ല. മൂന്നു കർഷക വിരുദ്ധ, കോർപ്പറേറ്റനുകൂല കാർഷിക കരിനിയമങ്ങളും വൈദ്യുതി(ഭേദഗതി) ബില്ലും പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 2020 നവംബർ 26 മുതൽ ദേശതലസ്ഥാനമായ ഡൽഹിയുടെ അതിർത്തിയിലെ മൂന്നു കേന്ദ്രങ്ങളിൽ തങ്ങളുടെ നീതിയുക്തമായ സമരം തുടരുന്ന കർഷകരാണവർ. സമരത്തിന്റെ ഗതിയിൽ ഇതിനോടകംതന്നെ അഞ്ഞൂറോളം പോരാടുന്ന കർഷകരുടെ വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. പക്ഷേ തങ്ങളുടെ ന്യായമായ ഡിമാന്റുകൾ നേടുന്നതിനായി വേണ്ടിവന്നാൽ ഇനിയും ത്യാഗത്തിന് തയ്യാറായി കർഷകർ അചഞ്ചലരായി നിലകൊള്ളുന്നു.
കോവിഡ് മഹാമാരിയുടെ ഈ ഘട്ടത്തിൽ പ്രക്ഷോഭണത്തെ ശക്തിപ്പെടുത്താനായി 2021 മെയ് 26 രാജ്യമെമ്പാടും ‘കരിദിന’മായാചരിക്കാൻ സംയുക്ത കിസാൻ മോർച്ചയും അതിലെ ഒരു നിർണ്ണായക ഘടകമായ എഐകെകെഎംഎസും ജനങ്ങളോടഭ്യർത്ഥിച്ചു. ഇന്ത്യയിലെ ജനങ്ങൾ ജാതി, മത, വംശ, വർണ്ണ, ലിംഗഭേദമില്ലാതെ പൂർണ്ണമനസ്സോടെ ഈ ആഹ്വാനത്തോട് പ്രതികരിക്കുകയും അതൊരു വൻവിജയമാക്കുകയും ചെയ്തു.
എഐകെകെഎംഎസ് പ്രവർത്തകരും സംഘാടകരും 21 സംസ്ഥാനങ്ങളിൽ പ്രവർത്തിക്കു ന്നുണ്ട്. അവിടെയെല്ലാം ആയിരക്കണക്കിന് വീടുകളടെമേൽ കരിങ്കൊടിയുയർത്തുകയും നൂറുകണക്കിന് ഗ്രാമങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചെറുയോഗങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. കർഷകരുടെ പ്രശ്‌നത്തിൽ നിസ്സീമമായ പിന്തുണ നൽകിയ ജനങ്ങളെ എഐകെകെഎംഎസ് പ്രസിഡണ്ട് സഖാവ് സത്യവാനും ജനറൽ സെക്രട്ടറി സഖാവ് ശങ്കർ ഘോഷും അഭിനന്ദിക്കുകയും ചെയ്തു. കർഷകവിരുദ്ധ കരിനിയമങ്ങളും ദുരുപദിഷ്ടമായ വൈദ്യുതി ബിൽ 2020-ഉം പിൻവലിക്കുന്നതുവരെ പ്രക്ഷോഭണം തുടരുമെന്ന് അവർ ദൃഢവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ഇതിന് മുൻപായി 2021 മെയ് 15ന് എഐകെകെഎംഎസ് ‘മുന്നേറുന്ന കർഷക സമരം’ എന്ന വിഷയത്തിൽ ഒരു ദേശീയ ഓൺലൈൻ കൺവൻഷനും സംഘടിപ്പിച്ചിരുന്നു. കൺവൻഷനിൽ അംഗീകരിക്കപ്പെട്ട മുഖ്യപ്രമേയം താഴെക്കൊടുക്കുന്നു.
‘മൂന്ന് കർഷക കരിനിയമങ്ങളും വൈദ്യുതിബിൽ 2020-ഉം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും കാർഷികോൽപ്പന്നങ്ങൾ കാർഷികച്ചിലവിന്റെ ഒന്നരമടങ്ങ് വിലയിൽ സർക്കാർ സംഭരണം നടത്തുന്നതിനു നിയമപ്രാബല്യം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഡൽഹി അതിർത്തിയിൽ കഴിഞ്ഞ ആറു മാസമായി എല്ലാത്തരത്തിലുള്ള അടിച്ചമർത്തലുകളെയും ഉപദ്രവങ്ങളെയും ചൂടിനെയും തണുപ്പിനെയും പലതരത്തിലുള്ള ഉപജാപങ്ങളെയും വിഷലിപ്തമായ പ്രചാരണങ്ങളെയും ലോക്ക്ഡൗൺ മൂലമുള്ള പ്രതിസന്ധികളെയും അക്രമണങ്ങളെയും നേരിട്ടുകൊണ്ട് നിർഭയവീര്യത്തോടെ പോരാടുന്ന രാജ്യത്തെമ്പാടുമുള്ള കർഷകർക്ക്, പ്രത്യേകിച്ച് പഞ്ചാബ്, ഹരിയാന, യു.പി. രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകർക്ക് ആൾ ഇന്ത്യാ കിസാൻ ഖേത് മസ്ദൂർ സംഘടൻ (AIKKMS) ഹൃദയം നിറഞ്ഞ വിപ്ലവാഭിവാദ്യങ്ങൾ നേരുന്നു. ഈ മൂന്നു കാർഷിക നിയമങ്ങളും വൈദ്യുതിബിൽ 2020-ഉം കർഷകരുടെയും നമ്മുടെ രാജ്യത്തെ സാധാരണക്കാരുടെയും താല്പര്യങ്ങൾക്ക് ഹാനികരവും സ്വദേശ-വിദേശ കോർപ്പറേറ്റുകളുടെ താല്പര്യങ്ങളെ സഹായിക്കുന്നതുമാണെന്ന് ഈ കൺവൻഷൻ കരുതുന്നു. അതിനാൽ ഈ നിയമങ്ങളും ബില്ലും ഉടനടി പിൻവലിക്കണമെന്ന് ഈ കൺവൻഷൻ ആവശ്യപ്പെടുന്നു. കാർഷികോല്പന്നങ്ങൾക്ക് ഉല്പാദനച്ചിലവിന്റെ ഒന്നര മടങ്ങുവില ഉറപ്പാക്കിക്കൊണ്ട് സർക്കാർ സംഭരിക്കുന്നതിനായി നിയമപ്രാബല്യം ഉറപ്പാക്കണമെന്നും ഈ കൺവൻഷൻ ആവശ്യപ്പെടുന്നു.


കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗംമൂലം രാജ്യം ഇന്ന് ഒരു സന്ദിഗ്ധഘട്ടത്തിലാണ്. ജനങ്ങളുടെ ജീവിതം സുരക്ഷിതമാക്കാനുള്ള അവശ്യനടപടികൾ കൈക്കൊള്ളണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ഈ കൺവൻഷൻ അഭ്യർത്ഥിക്കുന്നു. ഏറ്റവും ബൃഹത്തും സമ്പൂർണ്ണ സമാധാനപരവുമായ ഈ കർഷകസമരത്തിനുനേരെ ഇന്ത്യാഗവർണ്മെന്റ് കണ്ണും കാതും അടച്ചുപിടിച്ചിരിക്കുകയാണെന്ന് ഈ കൺവൻഷൻ നിരീക്ഷിക്കുന്നു. ഇത് അത്യന്തം വേദകരമായ ഒന്നാണ്. ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിന്റെ ഈ ജനവിരുദ്ധ മനോഭാവത്തെ ഈ കൺവൻഷൻ ശക്തമായി അപലപിക്കുന്നു. തുടക്കം മുതൽ ഈ കർഷക പ്രക്ഷോഭണത്തിന് പിന്തുണ നൽകിക്കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ, യുവാക്കൾ, വനിതകൾ, ടേഡ് യൂണിയനുകൾ, ബൗദ്ധികവ്യക്തിത്വങ്ങൾ, അഭിഭാഷകർ, ഡോക്ടർമാർ, വൈദ്യസംഘടനകൾ എന്നിവരോടെല്ലാമുള്ള കൃതജ്ഞത ഈ കൺവൻഷൻ പ്രകടിപ്പിക്കുന്നു.
കൃഷിയെയും കൃഷിക്കാരെയും മാത്രമല്ല രാജ്യത്തെമ്പാടുമുള്ള പണിയെടുക്കുന്ന ജനങ്ങളുടെ താല്പര്യങ്ങളെയും സംരക്ഷിക്കാൻ ഈ കർഷകസമരം പ്രതിജ്ഞാബദ്ധമാണെന്ന് ഈ കൺവൻഷൻ ഉറച്ച് വിശ്വസിക്കുന്നു. കോർപ്പറേറ്റ് യജമാനന്മാരെ സേവിക്കാനുള്ള ബിജെപി സർക്കാരിന്റെ ഹീനപദ്ധതികളെ പരാജയപ്പെടുത്താനായി മുന്നോട്ടുവരാനും കർഷക സമരത്തോടൊപ്പം നില്ക്കാനും ഈ കൺവൻഷൻ ഇന്ത്യയിലെ ജനങ്ങളോടഭ്യർത്ഥിക്കുന്നു. നമ്മൾ പോരാടും, നമ്മൾ വിജയിക്കും.’
എസ്‌യുസിഐ(സി)യും അതിന്റെ വർഗ്ഗ-ബഹുജനസംഘടനകളായ എഐഡിഎസഒ, എഐഡിവൈഒ, എഐഎംഎസ്എസ്, എഐയുടിയുസി എന്നിവയും ‘കരിദിനം’ ആചരിക്കാനുള്ള ആഹ്വാനത്തെ ഏറ്റെടുക്കുകയും മതിയായ ഗൗരവത്തോടെ നടപ്പാക്കുകയും ചെയ്തു. 2021 ജൂൺ 5 ‘കൃഷിയെ രക്ഷിക്കൂ, കോർപ്പറേറ്റുകളെ പുറത്താക്കൂ’ എന്ന ഡിമാന്റ് ഉയർത്തിയുള്ള ദിനാചരണത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

Share this post

scroll to top