കോവിഡ് മഹാവ്യാധിമൂലം സൃഷ്ടിക്കപ്പെട്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി, അളക്കാനാവാത്ത അനിശ്ചിതത്വത്തിലേക്കും ജീവിതക്ലേശങ്ങളിലേക്കും ജനങ്ങളെ എടുത്തെറിഞ്ഞിരിക്കുകയാണ്. സംസ്ഥാനത്തെ കുറെയധികം കുടുംബങ്ങളെയോ വ്യക്തികളെയോ മാത്രമല്ല, മറിച്ച് ജനങ്ങളെ ഒന്നാകെ അടിമുടി ഉലച്ചിരിക്കുന്ന പ്രതിസന്ധിയുടെ സ്വഭാവമാണ് അതിനുള്ളത്. വ്യാപാര-വ്യവസായ-തൊഴിൽ മേഖലകളുടെ തകർച്ച പരസ്പരം സ്വാധീനിക്കുന്നതിനാൽ അവയുടെ സഞ്ചിതമായ ആഘാതം, ആഴമാർന്നതും വ്യാപകവുമായ അസാധാരണ പ്രതിസന്ധിയുടെ രൂപത്തിലേക്ക് വളർന്നിരിക്കുന്നു
നിത്യവൃത്തിക്കുള്ള വരുമാനം സൃഷ്ടിക്കുന്ന എല്ലാ ഉറവിടങ്ങളും അടഞ്ഞുപോയി എന്നത് സംസ്ഥാനത്തെ മൂന്നേകാൽ കോടിവരുന്ന ജനസംഖ്യയുടെ മഹാഭൂരിപക്ഷത്തെയും ഗതികെട്ടവരാക്കിക്കഴിഞ്ഞു. ഇരുളടഞ്ഞ ഈ സാഹചര്യത്തിനുമപ്പുറം പ്രതീക്ഷയുടെ ചെറുകിരണംപോലും കാണാനാവാതെ, ജീവനൊടുക്കുന്ന ഗൃഹനാഥന്മാരുടെയും കുടുംബങ്ങളുടെയും വാർത്തകൾ നിരന്തരം പ്രവഹിക്കുകയാണ്. ചെറുകിട വ്യാപാരികൾ മാത്രം ഇതിനോടകം 29 പേർ ആത്മഹത്യ ചെയ്തു എന്ന ഹൃദയഭേദകമായ വസ്തുത വ്യാപാരികളുടെ സംഘടന വേദനയോടെ നമ്മെ അറിയിക്കുന്നു.
ഈ മഹാവ്യാധി നിമിത്തം ജനങ്ങൾ നേരിടുന്ന അതീവഗുരുതരമായ ജീവിത പ്രതിസന്ധിയെ നേരിടാൻ സർക്കാരുകൾ എന്താണ് ചെയ്യുന്നത്? കോവിഡ് സൃഷ്ടിച്ചിട്ടുള്ള സാമ്പത്തിക തകർച്ചയുടെ ആഴം ശാസ്ത്രീയമായി പഠിക്കാനോ അതിനനുസൃതമായ പരിഹാരം കണ്ടെത്താനോ ഒരു ചെറുപരിശ്രമംപോലും സംസ്ഥാനസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. സെന്റർ ഫോർ മോണിറ്ററിംഗ് ഇൻഡ്യൻ ഇക്കണോമിയുടെ സർവ്വേ പ്രകാരം 55 ശതമാനം ജനങ്ങളുടെയും ഗാർഹിക വരുമാനം ഇടിഞ്ഞിരിക്കുന്നു. വരുമാനത്തിൽ എന്തെങ്കിലും വർദ്ധനവ് ഉണ്ടായിട്ടുള്ളത്, വെറും മൂന്ന ശതമാനംപേര്‍ക്ക് മാത്രമാണ്. പഴയപടി തുടരുന്ന 42 ശതമാനത്തിന്റെ വരുമാനം പണപ്പെരുപ്പവും വിലക്കയറ്റവും നിമിത്തം ഇടിഞ്ഞതായിത്തന്നെ കരുതാം. അതായത് ജനസംഖ്യയുടെ 97 ശതമാനത്തിന്റെയും വരുമാനം ഇടിയുകയാണ് ഉണ്ടായിട്ടുള്ളതെന്ന ഞെട്ടിപ്പിക്കുന്ന ചിത്രമാണ് ഈ സർവ്വേ നൽകുന്നത്. തരംതാണ പോപ്പുലാരിറ്റിക്കും കൃത്രിമമായ പ്രതിഛായ നിർമ്മാണത്തിനുംവേണ്ടി സ്വീകരിക്കുന്ന തുഛമായ സഹായപ്രവർത്തനങ്ങളുടെ തൊലിപ്പുറമെയുള്ള നടപടികളിലൂടെ പരിഹാരം കാണാവുന്ന പ്രതിസന്ധിയല്ല കേരളം നേരിടുന്നതെന്ന് ഇത് വ്യക്തമാക്കുന്നു.
നിശ്ചലമായ തൊഴിൽ മേഖല
പതിറ്റാണ്ടുകളായിത്തന്നെ കേരളം അതിരൂക്ഷമായ തൊഴിലില്ലായ്മയെ അഭിമുഖീകരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ്. കോവിഡ് മഹാവ്യാധി തൊഴിൽ മേഖലയിൽ സൃഷ്ടിച്ച ആഘാതമാകട്ടെ, ഈ സാമൂഹ്യപ്രശ്‌നത്തെ ഞെട്ടിപ്പിക്കുന്ന മാനത്തിലേക്ക് വളർത്തിയിരിക്കുന്നു. ജീവിതവ്യവഹാരങ്ങൾ വിലക്കപ്പെട്ടിട്ട് ഏതാണ്ട് ഒന്നര വർഷത്തോളമാകുന്നു. സൂക്ഷ്മ-ചെറുകിട വ്യവസായം, വ്യാപാര രംഗം ഒന്നടങ്കം, ഗതാഗതം, നിർമ്മാണം, ട്രാവൽ ആന്റ് ടൂറിസം, വിനോദം എന്നീ മേഖലകൾ മാഹാവ്യാധി സൃഷ്ടിച്ച ദുരന്തത്തിന് പ്രത്യക്ഷ ഇരയാണ്. ഈ രംഗങ്ങളിൽ പണിയെടുക്കുന്ന ലക്കണക്കിന് തൊഴിലാളികൾ പണിനഷ്ടപ്പെട്ട് നരകിക്കുകയാണ്. ചെറുതും വലുതുമായ എണ്ണമറ്റ തൊഴിലിടങ്ങളും സ്വയംതൊഴിൽ സംരംഭങ്ങളും പൂർണ്ണമായി ഒടുങ്ങി. ഓട്ടോ-ടാക്‌സി- ബസ് തൊഴിലാളികൾ, അസംഘടിത മേഖലയിലെ തൊഴിലാളികൾ, ഹോട്ടൽ-റസ്റ്റോറന്റ് ഉടമകൾ, തൊഴിലാളികൾ, കരാർ തൊഴിലാളികൾ എന്നുവേണ്ട എങ്ങനെയെങ്കിലും ജീവിതം കരുപ്പിടിപ്പിക്കാൻ മാർഗ്ഗമന്വേഷിച്ചിറങ്ങിയ സമൂഹത്തിന്റെ ഗണ്യമായൊരു വിഭാഗം അനിശ്ചിതമായ ജീവിതസാഹചര്യങ്ങളെ നേരിടാൻ വഴികാണാതെ ഉഴലുകയാണ്.
കൊല്ലത്ത് മിൽമയിൽ ഡ്രൈവർ തസ്തികയിലേക്കുള്ള ഒരു താൽക്കാലിക ഒഴിവിലേയ്ക്ക് ഇന്റർവ്യൂവിനെത്തിയ ആയിരത്തിലേറെ ഉദ്യോഗാർത്ഥികളുടെ നീണ്ട ക്യൂ കേരളം ഇന്ന് കടന്നുപോകുന്ന ആശങ്കാജനകമായ സാഹചര്യത്തിന്റെ നേർകാഴ്ചയാണ്. തന്നെ ആശ്രയിക്കുന്നവരെ പട്ടിണികൂടാതെ നിലനിർത്താൻ എവ്വിധവും ഒരു തൊഴിൽ ലഭിച്ചേ മതിയാകൂ എന്ന സമ്മർദ്ദത്തിൽ വീർപ്പുമുട്ടുകയാണ് കേരളത്തിലെ യുവാക്കളൊന്നാകെ. സംസ്ഥാനമെമ്പാടും വഴിയോരങ്ങളിൽ എന്തെങ്കിലും ഉൽപ്പന്നവും നിരത്തിവച്ച്, ഒരിക്കലും നടക്കാനിടയില്ലാത്ത കച്ചവടവും പ്രതീക്ഷിച്ച്, തലയും കൈയ്യിൽത്താങ്ങി നിരാശയോടെ കാത്തിരിക്കുന്ന പതിനായിരങ്ങളുടെ ദൃശ്യം ഒരു കോവിഡാനന്തര ദുരന്തമാണ്. അവർ നിരത്തിവച്ചിരിക്കുന്ന ഉൽപ്പന്നങ്ങളുടെ ആകെ വില ആയിരം രൂപയ്ക്കു താഴെ മാത്രമേ ഉള്ളുവെങ്കിൽ അവരുടെ ഒരു ദിവസത്തെ വരുമാനം എത്ര തുഛമായിരിക്കും. എങ്കിലും അങ്ങേയറ്റം അനിശ്ചിതമായ വഴിയോരക്കച്ചവട രംഗത്തേക്ക് കടന്നുവരുന്നവരുടെ എണ്ണം കുതിക്കുകയാണ്. അതിരാവിലെ മുതൽ പാതിരാത്രി വരെ ഇരുചക്രവാഹനത്തിൽ ഓൺലൈൻ ഫുഡ് ഡെലിവറി നടത്തുന്ന ചെറുപ്പക്കാർ ഒരു ദിനം സമ്പാദിക്കുന്നത് വളരെ തുഛമായ തുകയാണ്. എങ്കിലും ആ രംഗത്ത് വിയർപ്പൊഴുക്കാൻ ആയിരക്കണക്കിന് യുവാക്കൾ തയ്യാറാകുന്നത് തൊഴിൽ ലഭ്യതയുടെ രംഗത്ത് അവർ നേരിടുന്ന അരക്ഷിതാവസ്ഥ അത്രമേൽ കഠിനമാണെന്നതിനാലാണ്. നമ്മുടെ സംസ്ഥാനത്തെ ഗ്രസിച്ചിരിക്കുന്ന തൊഴിലില്ലായ്മയുടെയും വരുമാനത്തകർച്ചയുടെയും യഥാർത്ഥ സ്ഥിതി വ്യക്തമാകാൻ ഈ ഉദാഹരണങ്ങൾ മാത്രം മതി. കോവിഡിന്റെ പേരിൽ മരവിക്കപ്പെട്ടതിനാൽ അർഹമായ നിയമനം ലഭിക്കാതെപോയ റാങ്ക് ഹോൾഡേഴ്‌സ് ഉൾപ്പെടുന്ന ലിസ്റ്റ് റദ്ദാക്കപ്പെടുന്നത് തൊഴിൽരഹിതരുടെ കണ്ണീരൊഴുകുന്ന ഈ സംസ്ഥാനത്താണെന്നത് നാം വിസ്മരിക്കരുത്. കേരളീയസമൂഹം പേറുന്ന ഏറ്റവും ഗുരുത പ്രശ്‌നമായ തൊഴിലില്ലായ്മ ഇപ്പോൾ സംസ്ഥാനം ഭരിക്കുന്ന സർക്കാരിന് ഒരു പരിഗണനാവിഷയം പോലുമല്ല എന്നാണ് ഇതു തെളിയിക്കുന്നത്.
തകർന്നടിഞ്ഞ് ചെറുകിട വ്യാപാരം
കോവിഡ് മഹാമാരിയെത്തുടർന്ന് ചെറുകിട വ്യാപാരമേഖല കടുത്ത പ്രതിസന്ധിയിലാണ്. 2020 മാർച്ചിൽ അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ട ദേശീയലോക്ഡൗൺ മുതൽ കടകൾ ഏതാണ്ട് അടച്ചിട്ടിരിക്കുന്ന അവസ്ഥയിലാണ്. കടകൾക്ക് മുടക്കമാണെങ്കിലും വാടക, കറന്റ് ചാർജ്ജ്, വായ്പ തവണ ഇവയ്‌ക്കൊന്നിനും മുടക്കമില്ല. നിത്യനിദാനച്ചെലവുകൾക്കുപോലും മാർഗ്ഗമില്ലാത്തവരായി ചെറുകിട കച്ചവടക്കാർ തകർന്നു. കഴിഞ്ഞ വർഷം, നീണ്ടകാലം കടകൾ പൊടുന്നനെ അടച്ചിട്ടതു വഴി സ്റ്റോക്കുചെയ്തിരുന്ന സാധനങ്ങളിൽ വലിയൊരു പങ്കും പാഴായി, ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. 2020 വർഷാവസനത്തോടെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ കടകൾ തുറക്കുന്നതിനുവേണ്ടി ഭീമമായ വായ്പ എടുത്ത് വീണ്ടും സ്റ്റോക്ക് ചെയ്തു. 2021 ഏപ്രിൽ മാസത്തിൽ സംസ്ഥാന ലോക്ക്ഡൗണിലേക്ക് കേരളം പോയി. ഏതാണ്ട് രണ്ട് മാസത്തോളം പൂർണ്ണമായും അടച്ചിടേണ്ട ദുരവസ്ഥ വീണ്ടും സംജാതമായി. കടുത്ത നിയന്ത്രണങ്ങളിലായിരുന്നു വ്യാപാരസ്ഥാപനങ്ങൾ. തുറക്കുവാൻ അനുമതിയുള്ളതുതന്നെ ചുരുക്കം ദിനങ്ങളിൽ. തിരക്കേറുന്ന സായാഹ്നസമയത്ത് കട അടയ്ക്കുകയും വേണം. ശനിയും ഞായറും സമ്പൂർണ്ണ ലോക്ഡൗൺ. പ്രാദേശിക നിയന്ത്രണങ്ങൾ വേറെ. അടച്ചിടേണ്ടി വന്നതോടൊപ്പം വൻതോതിൽ കച്ചവടം കുറഞ്ഞതുവഴിയും വിൽപ്പനവസ്തുക്കളിൽ പകുതിയിലധികവും ഒരിക്കൽകൂടി നഷ്ടപ്പെട്ടതോടെ വ്യാപാരികളുടെ-പ്രത്യേകിച്ചും ചെറുകിട വ്യാപാരികളുടെ-സ്ഥിതി പരമദയനീയമായി. ഈ വ്യാപാരികളുടെ തലയിലേക്കാണ് കട അടയ്ക്കാൻ വൈകി എന്ന കുറ്റം ആരോപിച്ച് പോലീസ് ആയിരങ്ങളുടെ പിഴ അടിച്ചേൽപ്പിക്കുന്നത്. കോവിഡ് നിയന്ത്രണമെന്ന സാമൂഹ്യ ഉത്തരവാദിത്തത്തിന്റെ പേരിൽ ഏറ്റവുമധികം നഷ്ടവും ക്ലേശവും നേരിട്ട ഒരു വിഭാഗത്തിനുനേരെയാണ് ഈ ക്രൂരത കാട്ടുന്നതെന്ന് നാം വിസ്മരിക്കരുത്.
തിരക്കൊഴിവാക്കാൻ എല്ലാദിവസവും കൂടുതൽ സമയം കടകൾ തുറന്നുപ്രവർത്തിക്കുവാൻ അനുവദിക്കുകയാണ് വേണ്ടതെന്ന് ഐ.എം.എ ആവശ്യപ്പെട്ടിട്ടും ധിക്കാരപൂർവ്വം ഈ നിയന്ത്രണങ്ങൾ തുടരുകയാണ് ചെയ്തത്. വ്യാപാരികൾ പൊറുതിമുട്ടി, പോലീസിനോട് ഏറ്റുമുട്ടുന്ന സ്ഥിതി ഉണ്ടാകുന്നിടംവരെ സർക്കാർ കാത്തിരുന്നു. സർക്കാരിനെ നയിക്കുന്ന വിവരക്കേടിന്റെ അൽപ്പത്തരത്തിനും വിവേകരാഹിത്യത്തിനും അഹന്തയ്ക്കും വ്യാപാരികൾ വില നൽകേണ്ടി വന്നു. ശാസ്താംകോട്ടയിലെ കുരങ്ങിന്റെയും തെരുവിൽ അലയുന്ന പട്ടികളയുടെയും ഭക്ഷണം ഉറപ്പാക്കാൻ പത്രസമ്മേളനം നടത്തിയ മുഖ്യമന്ത്രി, ആത്മഹത്യ ചെയ്യുന്ന വ്യാപാരികളുടെ ദുരിതം അറിഞ്ഞതേയില്ല.
ചെറുകിട കടകളുടെ ഉടമകളോടൊപ്പം അതിലേറെ തകർന്നത് ഈ സ്ഥാപനങ്ങളിൽ പണിയെടുക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളും ജീവനക്കാരും അനുബന്ധ രംഗങ്ങളിൽ പണിയെടുക്കുന്നവരുമാണ്. പ്രതിസന്ധി മറികടക്കാനാകാതെ ഇരുപതിനായിരത്തിലേറെ കടകൾ പൂട്ടിയിട്ടുണ്ടെന്നാണ് സർക്കാർകണക്കെങ്കിലും പൂട്ടപ്പെട്ട വ്യാപാരസ്ഥാപനങ്ങളുടെ എണ്ണം അതിനുംമേലെയാണ്. ആത്മഹത്യ ചെയ്ത വ്യാപാരികളിൽ ആരുംതന്നെ ജീവിച്ച് കൊതിതീർന്നവരല്ല, അകപ്പെട്ടുപോയിരിക്കുന്ന പ്രതിസന്ധിയെ മറികടക്കാൻ ഉപായം കാണാതെ ജീവിതം അവസാനിപ്പിച്ചവരാണ്. രണ്ടാം വരവിന്റെ ഉന്മത്തതയിൽ മതിമറന്നിരിക്കുന്ന പിണറായി വിജയൻ സർക്കാർ ഇത് വിസ്മരിക്കകുയാണ്.
വ്യാപാരികളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ഒടുവിൽ കൊണ്ടുവന്നിട്ടുള്ള ഇളവുകൾ യഥാർത്ഥത്തിൽ കടുത്ത നിബന്ധനകളാണ്. രാത്രി ഒമ്പതുമണിവരെ കടകൾ തുറക്കാം, കടകൾ മാത്രമല്ല, മാർക്കറ്റുകൾ, ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ഫാക്ടറികൾ, വ്യവസായ യൂണിറ്റുകൾ, ടൂറിസം കേന്ദ്രങ്ങൾ എല്ലാം തിങ്കൾ മുതൽ ശനിവരെ തുറക്കാം. പക്ഷേ ആളു കയറില്ല. കാരണം ആളുകൾക്ക് പുറത്തിറങ്ങണമെങ്കിൽ കർശന നിബന്ധനകൾ മറികടക്കണം. ഒരു ഡോസ് വാക്‌സിനെടുത്ത് പതിനാല് ദിവസം പിന്നിട്ടവർ, കോവിഡ് പോസിറ്റീവ് ആയി ഒരു മാസംകഴിഞ്ഞവർ, ആർ.ടി.പി.സി.ആർ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയവർ ഇവർക്കൊക്കെ മാത്രമേ പുറത്തിങ്ങാൻ അനുവാദമുള്ളൂ. ഇത് ഗുരുതരമായ പൗരാവകാശ ലംഘനമാണ്. പ്രത്യക്ഷത്തിൽ കരുതലുള്ള ഇളവുകൾ എന്നുതോന്നുമെങ്കിലും സദാ പോലീസ് നിരീക്ഷണത്തിലാണ് തങ്ങളെന്ന് ഓരോ പൗരനിലും ബോധം സൃഷ്ടിച്ചെടുക്കുന്ന പ്രക്രിയയാണ് നിബന്ധനകളുടെ പിന്നിൽ ഒളിച്ചിരിക്കുന്നത്. ഒപ്പം വാക്‌സിനേഷനുവേണ്ടി ജനങ്ങൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനും നിർബന്ധിതരാകും. പരമാവധി ആളുകൾ നിയമങ്ങളും നിബന്ധനകളും തെറ്റിച്ചുകാണണമെന്നു ആഗ്രഹിക്കുന്ന വികലമനോഗതിയാണ് സർക്കാരിനുള്ളത്.
മഹാവ്യാധിയുടെ സാഹചര്യം ഉപയോഗപ്പെടുത്തി ഓൺലൈൻ വ്യാപാരം വൻകുതിപ്പിലാണ്. കടകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുകയും ഓൺലൈൻ വ്യാപാരം യഥേഷ്ടം അനുവദിക്കപ്പെടുകയും ചെയ്തത് ചെറുകിട വ്യാപാരത്തെ വൻതോതിൽ പ്രതികൂലമായി ബാധിക്കുകയുണ്ടായി. നോട്ടുനിരോധനവും ജിഎസ്ടിയുംമൂലം നടുവൊടിഞ്ഞ വ്യാപാരമേഖലയാണ് കോവിഡിൽ മൂക്കും കുത്തി വീണിരിക്കുന്നത്. മുൻവർഷങ്ങളിലുണ്ടായ പ്രളയവും ചെറുകിടവ്യാപാരമേഖലയ്ക്ക് കനത്ത ആഘാതമേൽപ്പിച്ചാണ് കടന്നുപോയത്.
ചെറുകിട വ്യാപാരമേഖലയുടെ സംരക്ഷണത്തിന് സർക്കാർ അടിയന്തരമായി ഇടപെടണം. വ്യാപാരസ്ഥാപനങ്ങളും ബാങ്കുകളും ആഴ്ചയിൽ ആറുദിവസവും തുറക്കാൻ അനുവദിക്കുന്നതിനൊപ്പം ചെറുകിടവ്യാപാരികളുടെയും ചെറുകിട വ്യവസായികളുടെയും വായ്പ സമ്പൂർണമായും സർക്കാർ ഏറ്റെടുക്കണം. ലോക്ഡൗൺ കാലത്തെ വാടകയും കറന്റ് ചാർജ്ജും സർക്കാർ ഏറ്റെടുക്കണം.
മോട്ടോർ തൊഴിലാളികൾ ഗുരുതരമായ തൊഴിൽ
പ്രതിസന്ധിയിൽ
ലോക്ഡൗൺ, ഗതാഗതത്തെ നിശ്ചലമാക്കിയതോടെ ഈ രംഗത്ത് പണിയെടുക്കുന്ന പത്ത് ലക്ഷത്തോളം വരുന്ന ഓട്ടോ ടാക്‌സി തൊഴിലാളികൾ മുമ്പൊരിക്കലും നേരിട്ടിട്ടില്ലാത്ത തൊഴിൽ പ്രതിസന്ധിയാണ് നേരിടുന്നത്. തൊഴിൽ നഷ്ടപ്പെട്ട ബസ് തൊഴിലാളികളുടെ എണ്ണം ഇതിൽ ഉൾപ്പെട്ടിട്ടില്ല. ഗതാഗത മേഖലയുടെ അനുബന്ധമായ വർക്‌ഷോപ്പ് തൊഴിലും നിലച്ചതോടെ അവിടെയും പണി നഷ്ടപ്പെട്ടവർ ആയിരങ്ങളാണ്. വായ്പയെടുത്തും വാടകയ്ക്കും വാഹനം വാങ്ങി ആരംഭിച്ച ഒരു തൊഴിൽ മാർഗ്ഗം അടഞ്ഞതോടെ നിത്യവൃത്തിക്ക് വകയില്ലാതെയായി എന്നു മാത്രമല്ല വായ്പാത്തവണ മുടങ്ങിയതിനാൽ വാഹനവും നഷ്ടപ്പെടുമെന്ന സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്. തൊഴിലുമില്ല, വരുമാനവുമില്ല. എങ്കിലും വാഹനത്തിന്റെ മെയ്ന്റനൻസിനും ഇൻഷ്വറൻസിനും പണം കണ്ടെത്തുകയും വേണം. മോട്ടോർ തൊഴിലാളികൾ അക്ഷരാർത്ഥത്തിൽ എല്ലാ ഗതിയും അടഞ്ഞവരായി മാറിയിരിക്കുന്നു.
ഇന്ധനവിലയിലുണ്ടായിരിക്കുന്ന ഭീമമായ വർദ്ധനവ് തൊഴിലാളികളുടെ പ്രതിസന്ധി മൂർച്ഛിപ്പിച്ചിരിക്കുന്നു. ഓടിക്കിട്ടുന്ന തുക ഇന്ധനച്ചെലവിനുപോലും മതിയാകുന്നില്ല. വാഹനങ്ങളിൽ കോവിഡ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാനും ചെലവ് ഏറെയാണ്. പ്രദേശിക ലോക് ഡൗണുകളും റയിൽവേസ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ എന്നിവ അടഞ്ഞുകിടക്കുന്നതും പ്രതിസന്ധി വർദ്ധിപ്പിക്കുന്നു. 60 വയസ്സുകഴിഞ്ഞവർ മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽനിന്ന് പുറത്താക്കപ്പെ ടുന്നതിനാൽ സർക്കാർ നൽകുന്ന നാമമാത്രമായ ആനുകൂല്യങ്ങൾപോലും അവർക്ക് ലഭിക്കുന്നില്ല. സർക്കാരിന്റെ ശക്തമായ ഇടപെടലില്ലാതെ ഈ മേഖലയിലെ തൊഴിലാളികൾക്ക് പിടിച്ചുനിൽക്കാനാകില്ല. വായ്പയ്ക്ക് മൊറോട്ടോറിയം പ്രഖ്യാപിക്കുകയല്ല വേണ്ടത്, വായ്പ സമ്പൂർണമായും സർക്കാർ ഏറ്റെടുക്കണം. മൊറോട്ടോറിയം തൊഴിലാളികളുടെ സാമ്പത്തിക ബാധ്യത വർദ്ധിപ്പിക്കാൻ മാത്രമേ ഉതകൂ. തൊഴിലാളികളുടെ കോടിക്കണക്കിന് രൂപ നിക്ഷേപമായി കൈവശമുള്ള മോട്ടോർ തൊഴിലാളി ക്ഷേമനിധിബോർഡും സർക്കാരും ചേർന്ന് പ്രതിമാസം ഗൗരവപ്പെട്ട ഒരു തുക സഹായധനം പ്രതിസന്ധി അവസാനിക്കും വരെ നൽകണം.
ഭാഗികമായി നിശ്ചലമായ നിർമ്മാണ മേഖല
സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപ്പാദനത്തിന്റെ 15 ശതമാനവും തൊഴിലിന്റെ 20 ശതമാനവും നിർമ്മാണമേഖലയുടെ സംഭാവനയാണ്. കോവിഡ് അടച്ചുപൂട്ടൽ ഈ മേഖലയെ വൻതോതിൽ സ്തംഭിപ്പിക്കുകയുണ്ടായി. നിർമ്മാണത്തൊഴിലാളികളും കൂലിപ്പണിക്കാരുമായ വലിയൊരു വിഭാഗം സാധാരണജനങ്ങൾ കൂട്ടത്തോടെ നിലയില്ലാകയത്തിലേയ്ക്ക് തള്ളിവിടപ്പെട്ടു. നിർമ്മാണരംഗത്തും അനുബന്ധ മേഖലയിലുമായി പണിയെടുക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് പണിനഷ്ടപ്പെട്ടു കഴിഞ്ഞു. നിർമ്മാണരംഗത്ത് സ്തംഭനാവസ്ഥയുണ്ട് എന്നത് ചൂണ്ടിക്കാണിക്കപ്പെടു മ്പോൾത്തന്നെ നിർമ്മാണ സാമഗ്രികൾക്ക് വൻതോതിൽ വിലവർദ്ധിച്ചിരിക്കുന്നു എന്ന വിപര്യയവുമുണ്ട്. സിമിന്റും കമ്പിയുമുൾപ്പടെയുള്ള എല്ലാ സാധന സാമഗ്രികളുടെയും വില 30 മുതൽ 80 വരെ ശതമാനം വരെ വർദ്ധിച്ചിച്ചിരിക്കുന്നു. കോവിഡ് ഒന്നാംതരംഗത്തിന് മുമ്പുള്ള നിരക്കുമായി തട്ടിച്ചുനോക്കിയാൽ വർദ്ധനവ് ഇതിലും ഉയർന്നതാണ്. മഹാവ്യാധിയോടൊപ്പം ഈ വിലവർദ്ധനവും നിർമ്മാണ മേഖലയെ നിശ്ചലമാക്കിയിരിക്കുന്നു. ഏകദേശം 40 ശതമാനത്തോളം നിർമ്മാണങ്ങൾ പാതിവഴിയിൽ നിലച്ചിരിക്കുകയാണെന്ന് വ്യവസായികളുടെ സംഘടനയ്ക്കുവേണ്ടി ഒരു ഏജൻസി തയ്യാറാക്കിയ പഠനം വ്യക്തമാക്കുന്നു. പുതിയ നിർമ്മാണങ്ങളാകട്ടെ തുടങ്ങാനും സാധിക്കുന്നില്ല. നിർമ്മാണ സാമഗ്രികൾക്ക് കൃതിമമായി വിലവർദ്ധിപ്പിക്കുന്ന മുതലാളിമാർക്കെതിരെ ചെറുവിരലനക്കാൻ പോലും സർക്കാരുകൾ തയ്യാറാകുന്നില്ല.
നിർമ്മാണ രംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകേണ്ടതുണ്ട്. നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം തടയാൻ സർക്കാർ സത്വര നടപടി സ്വീകരിക്കണം.
തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിവന്നത് പത്ത് ലക്ഷം പ്രവാസികൾ!
കോവിഡ് മഹാമാരി ആഗോളതലത്തിൽ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി, രാജ്യത്തിന് പുറത്തു ജോലി ചെയ്തിരുന്ന ലക്ഷക്കണക്കിന് മലയാളികളുടെ ജീവിതമാർഗ്ഗത്തെ നിശേഷം ഇല്ലാതാക്കിയിരിക്കുന്നു. 40 ലക്ഷത്തോളമുള്ള പ്രവാസികളിൽ 25 ലക്ഷവും ഗൾഫ് നാടുകളിലാണ് ജോലി കണ്ടെത്തിയിരുന്നത്. 2020 മെയ് മുതൽ 2021 ജൂൺവരെ സംസ്ഥാനത്ത് മടങ്ങിയെത്തിയിരിക്കുന്നത് നോർക്കയുടെ കണക്ക് പ്രകാരം 14.63 ലക്ഷം പ്രവാസികളാണ്. തിരികെ എത്തിയവരിൽ 96 ശതമാനവും യുഎഇ, ഖത്തർ, സൗദി അറേബ്യ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരാണ്. ഇതിൽ 10.45 ലക്ഷംപേരും തൊഴിൽ നഷ്ടപ്പെട്ട് എത്തിയിരിക്കുന്നവരാണത്രേ! ജോലി നഷ്ടമായവരും യാത്രാവിലക്കുകളെ തുടർന്ന് മടങ്ങിപ്പോകാൻ കഴിയാതെ ജോലി നഷ്ടപ്പട്ടവരും വിസ കാലാവധി കഴിഞ്ഞവരുമെല്ലാം ഈ എണ്ണത്തിലുണ്ട്. പ്രവാസികളിൽ 90 ശതമാനവും ഭീമമായ വായ്പാക്കുരുക്കിൽ അകപ്പെട്ടവരാണ്. തികച്ചും അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ടതുവഴി നിലനിൽപ്പിന്റെ മാർഗ്ഗം അസ്തമിച്ചു എന്നു മാത്രമല്ല, ഈ വായ്പാ ബാധ്യതകൾ അവരെ വേട്ടയാടുകയും ചെയ്യുന്നു. യൗവനകാലം മണലാരണ്യത്തിൽ എരിച്ചുകളഞ്ഞ് തിരികെയെത്തിയ ഈ പ്രവാസികളിൽ വലിയൊരു പങ്കും നാട്ടിൽ ഒരു തൊഴിൽ കണ്ടെത്താനാവാത്തവിധം പ്രായപരിധി കഴിഞ്ഞവരും രോഗങ്ങളാൽ വലയുന്നവരുമാണെന്നതാണ് ഏറെയും ദൗർഭാഗ്യകരം. മടങ്ങിയെത്തിയിരിക്കുന്നവരിൽ അധികവും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണെന്നും 51 ശതമാനത്തിനും സ്വന്തമായി കിടപ്പാടമില്ലെന്നും കേന്ദ്രവിദേശകാര്യവകുപ്പ് നടത്തിയ സർവ്വേ പറയുന്നു. അറബ് രാഷ്ട്രങ്ങളിൽ മാത്രം ആകെ തൊഴിൽ സാധ്യതയുടെ 33 ശതമാനവും ഇല്ലാതാകും എന്ന് 2020 ഏപ്രിലിൽ ബിബിസി പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു. വരാനിരിക്കുന്ന വലിയ ആപത്തിന്റെ സൂചനയാണിത്. മടങ്ങിവരുന്ന പ്രവാസികളുടെ എണ്ണം വർദ്ധച്ചേക്കാം. തൊഴിൽ മേഖലയിലെ പ്രതിസന്ധി അതീവ രൂക്ഷമാകും എന്നാണ് ഇതൊക്കെ കാണിക്കുന്നത്.
സംസ്ഥാനത്തിന്റെ സാമ്പത്തികനിലയെ ഗൗരവതരമയി പിന്നോട്ടടിപ്പിക്കുന്ന ഒന്നായി പ്രവാസികളുടെ മടക്കം മാറും. സംസ്ഥാന ജിഡിപിയുടെ ഇരുപത് ശതമാനത്തോളം പ്രവാസികൾ അയയ്ക്കുന്ന പണമാണ്. ഈ സാഹചര്യത്തിൽ അതിൽ ഗണ്യമായ കുറവുവരും. പണത്തിന്റെ ക്രയവിക്രയത്തിൽ ഇത് കനത്ത ആഘാതമേൽപ്പിക്കും എന്നതാണ് മറ്റൊരു കാര്യം.
കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലായിരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുക എന്നത് വളരെയേറെ പ്രാധാന്യത്തോടെ സർക്കാർ ഏറ്റെടുക്കേണ്ട പ്രവർത്തനമാണ്. നാട്ടിൽ ജീവിതം കരുപ്പിടിപ്പിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ സർക്കാർ ഒരുക്കുകയാണ് വേണ്ടത്. പ്രവാസികൾക്കായി പ്രത്യേക പുനരധിവാസ പ്രവർത്തനങ്ങൾ വേണം. പ്രവാസി ക്ഷേമനിധിയിൽനിന്ന് പ്രതിമാസ പെൻഷൻ അനുവദിക്കണം. നിലവലിൽ പ്രവാസികൾ എടുത്തിട്ടുള്ള വായ്പകൾ സർക്കാർ ഏറ്റെടുക്കുകയും വേണം.
കോവിഡ് കാലത്ത് ജനങ്ങൾക്ക് എതിരെ സാമ്പത്തിക
അതിക്രമങ്ങൾ പ്രവഹിക്കുന്നു
ഈ സാഹചര്യങ്ങളോ ആശങ്കകളോ ഒന്നുംതന്നെ നമ്മുടെ ഭരണാധികാരികളെ തെല്ലും അലട്ടുന്നില്ല. നിലയില്ലാത്ത ദുരിതക്കയത്തിലേക്ക് വീണുകഴിഞ്ഞ ജനങ്ങളോട് തരിമ്പും കരുണകാട്ടുന്നില്ലെന്നു മാത്രമല്ല, അവരെ കുത്തിക്കവരുന്നതിൽ കേന്ദ്രത്തിലെയും സംസ്ഥാനത്തെയും സർക്കാരുകൾ മൽസരിക്കുന്നു. ദൈനംദിന ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ഒരു വഴിയുമില്ലാതെ അസ്തപ്രജ്ഞരായി നിൽക്കുന്ന ജനങ്ങൾക്കുമേൽ പെട്രോൾ ഡീസൽ ചാർജ്ജ് വർദ്ധനവുകൾ അടിച്ചേൽപ്പിച്ച് ക്രൂരതയുടെ കൃത്യമാർന്ന പര്യായമായി മാറിയിരിക്കുകയാണ് കേന്ദ്രസർക്കാർ. അവശ്യനിത്യോ പയോഗ സാധനങ്ങളുടെ വിലക്കയറ്റം വറചട്ടിയിൽനിന്ന് എരിതീയിലേയ്ക്ക് ജനങ്ങളെ എടുത്തെറിഞ്ഞിരിക്കുന്നു. ഇതിനിടയിൽ പാചകവാതസബ്‌സിഡിയും നിർത്തലാക്കി. നികുതി ഇളവുചെയ്ത് ജനങ്ങൾക്ക് തരിമ്പെങ്കിലും ആശ്വാസം നൽകുന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാരും ചിന്തിക്കുന്നില്ല. 2018ൽ തുടക്കം കുറിച്ച പ്രളയസെസ്സ് ഈ കോവിഡ് ദുരിതത്തിന്റെ പതിനേഴ് മാസവും സംസ്ഥാന സർക്കാർ നിലനിർത്തി. കോടതിയിൽ നിന്ന് പ്രതികൂല പരമാർശം വന്നതുകൊണ്ടുമാത്രം ഏതാനും ആഴ്ചകൾക്കുമുമ്പാണ് പ്രളയസെസ്സ് അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. കഴിഞ്ഞ ഒന്നര വർഷത്തിന്നിടയിൽ കോവിഡ് നിയന്ത്രണങ്ങൾ പഠിപ്പിക്കാനെന്ന പേരിൽ ഫൈൻ ചുമത്തി, ജനങ്ങളെ പിഴിഞ്ഞ് സംസ്ഥാനസർക്കാർ ഖജനാവിലേക്ക് കുന്നുകൂട്ടിയത് എത്ര കോടികളാണ്. വീടിനുള്ളിൽ പൂട്ടിയിടപ്പെട്ട് ഒരു ചില്ലക്കാശിനുപോലും വകയില്ലാതായതിനാൽ പൊറുതിമുട്ടി, വേലയും തേടി വലഞ്ഞ പാവപ്പെട്ടവരെയാണ് സർക്കാർ പിടിച്ചുപറിയ്ക്ക് ഇരകളാകക്കിയത്. സർക്കാരുകളുടെ മനുഷ്യത്വരാഹിത്യം മേൽക്കുമേൽ തെളിയിക്കുകയും ചെയ്യുന്ന ഒന്നായി കോവിഡ് കാലം മാറി.
കോവിഡ് പാക്കേജുകൾ- രാഷ്ട്രീയ പ്രചാര വേലയ്ക്കുവേണ്ടിയുള്ള കൗശലങ്ങൾ മാത്രം
ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് ഇരുപതിനായിരം കോടി രൂപയുടെ ആദ്യത്തെ കോവിഡ് പാക്കേജ് പ്രഖ്യാപി ക്കപ്പെട്ടത്. ഈ പാക്കേജ് എങ്ങിനെയാണ് സാമ്പത്തിക മണ്ഡലത്തിൽ വിനിയോഗിക്കപ്പെട്ടത്? നീക്കിവയ്ക്കപ്പെട്ട തുകകൾ കടലാസിനു പുറത്ത് എന്ത് പങ്കാണ് വഹിച്ചത്? ഈ വക കാര്യങ്ങളുടെ വസ്തുനിഷ്ഠ സ്ഥിതി അറിയാനിട ഇല്ലാതിരിക്കെ, രണ്ടാം പിണറായി സർക്കാർ വീണ്ടും ഇരുപതിനായിരം കോടി രൂപയുടെ കോവിഡ് പാക്കേജ് പ്രഖ്യാപി ച്ചിരിക്കുകയാണ്. അസാധാരണായ ജീവിതപ്രതിസന്ധിയെ മറികടക്കാൻ ജനങ്ങളെ ഒട്ടും സഹായിക്കുന്ന നടപടികളല്ല മറിച്ച് രാഷ്ട്രീയ പ്രചാര വേലക്കുവേണ്ടിയുള്ള കൗശലം മാത്രമാണ് പ്രഖ്യാപിക്കപ്പെടുന്ന ഈ പാക്കേജുകൾ. ഇരുപതിനായിരം കോടി രൂപയിലെ സിംഹഭാഗം തുകയും ജനങ്ങൾക്ക് വായ്പ നൽകാനായി ബാങ്കുകൾ നീക്കിവയ്ക്കണമെന്ന ഉപദേശം മാത്രമായിരുന്നു ആദ്യ പാക്കേജ്. അന്ന് പ്രഖ്യാപിക്കപ്പെട്ട തുകയിൽ 30 ശതമാനത്തിൽ താഴെ മാത്രമാണ് വായ്പ നൽകപ്പെട്ടതെന്ന് ചെറുകിട വ്യവസായികളുടെ സംഘടനയുടെ അനൗദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. വായ്പ എടുത്ത് ഉൽപ്പാദനരംഗത്ത് മുതൽമുടക്കാൻ ആരെയും പ്രേരിപ്പിക്കാത്ത വിധം വിപണി തകർന്നതായി അവർ ചൂണ്ടിക്കാട്ടി. വേലയും കൂലിയും തകർന്ന് ജനങ്ങളുടെ വരുമാനം നിലച്ചതിനാലാണ് വിപണി തകർന്നത്. കോവിഡ് സൃഷ്ടിച്ച ഈ തകർച്ച പരിഹരിക്കാൻ ജനങ്ങളുടെ കൈവശം പണമെത്തിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന നിരവധിയായ വിദഗ്ദരുടെയും മനുഷ്യസ്‌നേഹികളുടെയും നിരന്തരമായ അഭ്യർത്ഥന കേന്ദ്രത്തിലെയും സംസ്ഥാനത്തെയും സർക്കാരുകൾ നിഷ്‌കരുണം തള്ളിക്കളഞ്ഞു. രാജ്യത്തെ മുഴുവൻ ജനങ്ങളെയും കബളിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ കോവിഡ് പാക്കേജിന്റെ അതേ മാതൃകയിൽ കേരളസർക്കാരും പാക്കേജുകൾ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള സംസ്ഥാന സർക്കാരിന്റെ രണ്ടാം പാ
ക്കേജും ശുദ്ധമായ തട്ടിപ്പ് മാത്രമാണ്. സൗജന്യ വാക്‌സിൻ നൽകാൻ 1000 കോടി രൂപയും അതിനുള്ള ഉപകരണങ്ങൾ വാങ്ങാനായി നീക്കിവച്ചിട്ടുള്ള 500 കോടി രൂപയും ഒഴികെയുള്ള തുക ജനങ്ങൾക്ക് നേരിട്ട് സഹായം നൽകാൻ വിനിയോഗിക്കുമെന്ന ധാരണ നിയമസഭയിൽ സൃഷ്ടിച്ചവർ, പുറത്തുവന്നിട്ട്, കരാറുകാരുടെ കുടിശ്ശിക അടയ്ക്കാനും ജനങ്ങൾക്ക് വായ്പ നൽകാനും പ്രസ്തുത തുക വിനിയോഗിക്കുമെന്ന് തിരുത്തിപ്പറഞ്ഞു.
വ്യാപാര-വ്യവസായ രംഗത്ത് ശക്തമായ മാന്ദ്യം അനുഭവപ്പെടുന്ന ഈ സാഹചര്യത്തിൽ വായ്പ എടുത്ത് മുതൽമുടക്ക് നടത്തുന്നത് ആത്മഹത്യാപരമാണെന്ന് സർക്കാരിനും അതിന്റെ വിവിധ ഏജൻസികൾക്കും ഉത്തമബോദ്ധ്യമുള്ള വസ്തുതയാണ്. എന്നാൽ അത് മറച്ചുവച്ച് സർക്കാരുകൾ നിരാലംബരായ ജനങ്ങളെ പരമാവധി വായ്പ എടുക്കാൻ പ്രേരിപ്പിക്കുക യാണ്. അടച്ചുപൂട്ടപ്പെട്ട ആയിരക്കണക്കിന് വ്യാപാര-വ്യവസായ സ്ഥാപനങ്ങളുടെയും അടച്ചുപൂട്ടിയിട്ടില്ലെങ്കിലും തകർച്ചയുടെ വക്കിൽ നിൽക്കുന്ന പതിനായിരക്കണക്കിന് സ്ഥാപനങ്ങളുടെയും വായ്പാതിരിച്ചടവ് മുടങ്ങിയിരിക്ക കുയാണ്. മോറട്ടോറിയം പ്രഖ്യാപിക്കപ്പെട്ട കാലയളവിലെ പലിശയും ചേർത്ത് വായ്പാത്തുക അതിഭീമമായ ഒന്നായി പെരുകിയതിനെത്തുടർന്ന് സംരംഭങ്ങൾ ആരംഭിച്ചവർ വായ്പ തിരിച്ചടയ്ക്കാൻ വഴികാണാതെ പകച്ചുനിൽക്കുകയാണ്. കടക്കെണിയും ജപ്തിഭീഷണിയും നിരാശ്രയരായ സാധാരണക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു. കോട്ടയം ജില്ലയിൽ ആത്മഹത്യ ചെയ്ത ഇരട്ട സഹോദരങ്ങൾ സംസ്ഥാനത്തെ ജനങ്ങൾ അകപ്പെട്ടിട്ടുളള സാമ്പത്തിക പ്രതിസന്ധിയുടെ വേദനയാർന്ന പ്രതീകങ്ങളാണ്. കോവിഡ് കാലത്ത് വർദ്ധിച്ചുകൊണ്ടിരിക്കുന്ന ആത്മഹത്യകളുടെ മുഖ്യമായ പങ്കും കടക്കെണിയായിരിക്കെയാണ് പാക്കേജിന്റെ പേരിൽ പുതിയ വായ്പാക്കുരുക്കുകളുമായി സർക്കാർ രംഗത്തുവരുന്നത്. ഇത് കോവിഡ് ദുരിതങ്ങളെ മറികടക്കാനുള്ള ആശ്വാസ പദ്ധതിയല്ല, വൻതോതിൽ ജനങ്ങളെ കബളിപ്പിക്കുന്നതിനായുള്ള വ്യാജപ്രഖ്യാപനങ്ങളാണ്. സഹായഹസ്തം നീട്ടുന്ന സർക്കാരെന്ന പ്രതിഛായ സൃഷ്ടിക്കാനുള്ള തരംതാണ പബ്ലിക് റിലേഷൻ വേല മാത്രമാണ്. സർക്കാരിന്റെ നേതൃത്വത്തിൽ നടമാടുന്ന ഞെട്ടിപ്പിക്കുന്ന മാഫിയ പ്രവർത്തനങ്ങളെയും കാട്ടുകൊള്ളയുടെ സ്വഭാവത്തിൽ നടക്കുന്ന അഴിമതികളെയും ജനങ്ങളുടെ ചിന്താമണ്ഡലത്തിൽ നിന്നും തുടച്ചുമാറ്റാനുള്ള സങ്കുചിതമായ രാഷ്ട്രീയ തന്ത്രമാണിത്.
അതീവഗുരുതരമായ പ്രതിസന്ധിയ്ക്ക് ആനുപാതികമായ സഹായനടപടികൾ അടിയന്തരമായി സ്വീകരിക്കണം
കോവിഡ് മഹാവ്യാധി സാധാരണ ജനങ്ങൾക്ക് സൃഷ്ടിച്ചിട്ടുള്ള അസാധാരണമായ ജീവിത പ്രതിസന്ധിയെ മറികടക്കാൻ സഹായകരമായ ഒരു വിധ നടപടികളും സർക്കാരുകളുടെ ഭാഗത്തുനിന്ന് ഈ നിമിഷം വരെയും ഉണ്ടായിട്ടില്ല. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും സർക്കാരുകൾക്ക് ജനാനുകൂലമായ എന്തെങ്കിലും നടപടി കൈക്കൊള്ളുന്നതിലല്ല, കൃത്രിമമായി സൽപ്പേര് സൃഷ്ടിക്കാനുള്ള വൻപിച്ച പ്രചാരവേല സംഘടിപ്പിക്കുന്നതിലാണ് ഊന്നലത്രയും. ഒരൊറ്റ ഉദാഹരണം മതി ഇക്കാര്യം വ്യക്തമാക്കാൻ. സൗജന്യ വാക്‌സിനായി ജനങ്ങൾ മാസങ്ങളായി കാത്തിരിക്കുമ്പോൾ, പണം മുടക്കാൻ തയ്യാറാകുന്ന ഏതൊരാൾക്കും വാക്‌സിൻ സ്വകാര്യ ആശുപത്രയിൽ ലഭ്യമാകുന്ന കാഴ്ചയാണ് രാജ്യമെമ്പാടുമുള്ളത്. ജനസംഖ്യയിലെ ഗണ്യമായ ഒരു വിഭാഗം ജനങ്ങൾ വില നൽകി വാക്‌സിൻ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.
എന്നാൽ, സമസ്തമാധ്യമങ്ങളിലൂടെയും കേന്ദ്ര സർക്കാർ കോടികൾ ചെലവഴിച്ചുകൊണ്ട് നടത്തുന്ന പരസ്യപ്രളയം വഴി സ്ഥാപിക്കുന്നത്, പ്രധാനമന്ത്രി സൗജന്യമായി വാക്‌സിൻ നൽകുന്നുവെന്നാണ്. അക്കാര്യത്തിന് പ്രധാനമന്ത്രിയ്ക്ക് നന്ദി പ്രകാശിപ്പിക്കു ന്നതാകട്ടെ അദ്ദേഹത്തിന്റെതന്നെ സർക്കാരും. നൂറുശതമാനവും തുല്യമായ പ്രവർത്തനമാണ് പിണറായി വിജയൻ സർക്കാർ കേരളത്തിലും നടത്തുന്നത്. സൗജന്യ വാക്‌സിൻ നൽകാൻ, വാക്‌സിൻ ചലഞ്ചെന്ന പേരിൽ പിരിവ് നടത്തി 826 കോടി രൂപ സാമഹരിച്ച സംസ്ഥാനസർക്കാർ അതിനായി ചെലവഴിച്ചത് ഏകദേശം 30 കോടി രൂപമാത്രം. നമ്മുടെ സംസ്ഥാനത്തും സ്വകാര്യആശുപത്രികളുടെ വാക്‌സിൻ കച്ചവടക്കൊള്ള യഥേഷ്ടം നടക്കുകയാണ്. ഏറ്റവും കുറഞ്ഞ പക്ഷം സ്വകാര്യആശുപത്രികളിലെ വാക്‌സിന്റെ വിലയെങ്കിലും നൽകാൻ, വാക്‌സിനേഷന്റെ പേരുപറഞ്ഞ് പിരിച്ച വലിയൊരു തുക കൈവശമുള്ള സംസ്ഥാന സർക്കാർ തയ്യാറാകേണ്ടിയിരുന്നു. വലിയവായിൽ പ്രചാരണം നടത്തുന്നത് സൗജന്യമായി വാക്‌സിൻ നൽകുന്ന സർക്കാരെന്നാണ്. ‘ഇമേജ് ബിൽഡിംഗ്’ തെരഞ്ഞെടുപ്പ് വിജയത്തിൽ വഹിച്ച പങ്ക് തിരിച്ചറിഞ്ഞ സർക്കാരും ഭരണകക്ഷിയും പ്രസ്തുത പ്രവർത്തനം ഊർജ്ജിതമാക്കിയിരിക്കുകയാണ്. കോവിഡ് ദുരിതാശ്വാസ പ്രവർത്തനമെന്നാൽ ഈ പ്രചാരണപ്രവർത്തനം മാത്രമായിരിക്കുന്നു. സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ ഉൽഘാടനം റേഷൻ കടകളിൽ സ്ഥലത്തെ ഒരു പ്രമുഖനെക്കൊണ്ട് ചെയ്യിപ്പിക്കണമെന്ന് വകുപ്പ് ഉത്തരവ് പുറപ്പെടുവിക്കുന്നതും മന്ത്രിതന്നെ കിറ്റും ചുമന്ന് സനിനിമാനടന്റെ വീട്ടിലെത്തുന്നതുമെല്ലാം ഈ പ്രചാരണതന്ത്രത്തിന്റെ ഭാഗമാണ്.
കഴിഞ്ഞ സർക്കാർ ഏതാണ്ട് ഒന്നരലക്ഷം കോടി രൂപ കടം വാങ്ങി നമ്മുടെ പൊതുകടത്തെ മൂന്ന് ലക്ഷം കോടിയാക്കി വർദ്ധിപ്പിച്ചിരുന്നു. ഇത്രയും പെരുത്ത ഒരു തുക കടം വാങ്ങിയ സർക്കാർ, പ്രസ്തുത തുകയിൽ എത്ര കോടി രൂപയാണ് കോവിഡ് ദുരിതബാധിതർക്ക് നൽകിയത്? ജനങ്ങൾക്ക് സത്യസ്ഥിതി മനസ്സിലാക്കാൻ ഒരു ധവളപത്രം പുറപ്പെടുവിക്കാൻ തയ്യാറുണ്ടോ? കടം വാങ്ങിയ ഒന്നര ലക്ഷം കോടിയിൽ കുറഞ്ഞത് ഒരു ലക്ഷം കോടിയെങ്കിലും വികസനമെന്ന പേരിൽ വൻകിട ധനികരുടെ അക്കൗണ്ടിലെത്തിച്ച സർക്കാർ, കോവിഡ് സഹായപ്രവർത്തനത്തിലെ മുന്തിയ ഇനമായ സൗജന്യ കിറ്റിനുവേണ്ടി ചെവഴിച്ചത് കേവലം 4000 കോടി രൂപ മാത്രമാണ്. നാട്ടുകാരിൽ നിന്ന് പിരിച്ചെടുത്തും ജീവനക്കാരുടെ ശമ്പളം പിടിച്ചെടുത്തും ദുരിതാശ്വാസനിധിയിലേക്ക് കൂട്ടിയ തുക ഇതിലുമധികമാണല്ലോ. കഴിഞ്ഞ 17 മാസത്തിനിടെ പോലീസിന്റെ ‘ത്യാഗം’ ഉപയോഗപ്പെടുത്തി പിഴ എന്ന പേരിൽ പിടിച്ചുപറിച്ചത് എത്ര കോടിയാണ്? പ്രളയസെസ്സ് എന്ന പേരിൽ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ പിരിച്ചെടുത്ത കോടികളെത്ര? രാജ്യത്തെ നിരവധി സംസ്ഥാനങ്ങൾ, ആരോഗ്യ പ്രവർത്തകർക്ക് ഗണ്യമായ തുകകളുടെ കോവിഡ് അലവൻസ് നൽകിയപ്പോൾ നമ്മുടെ സംസ്ഥാനത്ത് കരാറടിസ്ഥാനത്തിൽ കോവിഡ് ഡ്യൂട്ടി എടുത്ത ഡോക്ടർമാർ പ്രതിഫലം ലഭിക്കുന്നതിനായി കോടതിയിൽ ഹർജി നൽകേണ്ടി വന്നു. കമ്യൂണിറ്റി കിച്ചൻ പ്രവർത്തിപ്പിക്കാനും സന്നദ്ധ പ്രവർത്തകരെന്ന മേൽവിലാസത്തിൽ വഴിവിട്ട് ഒരു വിഭാഗം സിപിഐ(എം) അണികൾക്ക് വണ്ടിക്കൂലിയും അലവൻസും നൽകാനും ഗ്രാമപഞ്ചായത്തുകൾക്ക് സ്വന്തം ഫണ്ട് ചെലവഴിച്ച് തീർക്കേണ്ടി വന്നു. മഹത്തരമെന്ന് വാഴ്ത്തപ്പെട്ട കോവിഡ് പാക്കേജുകളുടെ യഥാർത്ഥസിഥിതി മുകളിൽ വിശദീകരിച്ചിട്ടുണ്ടല്ലോ. കോവിഡ് മഹാവ്യാധി നിമിത്തം സൃഷ്ടിക്കപ്പെട്ട സാമ്പത്തികത്തകർച്ചയ്ക്ക് ആനുപാതികവും അർഹവുമായ നിലയിലുള്ള ആശ്വാസപ്രവർത്തനമാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടിയിരുന്നത്. ഖേദകരമെന്നുപറയട്ടെ, ഇപ്പോൾപോലും അതുണ്ടായിട്ടില്ല.
പരസ്പര ബന്ധിതമായ ഒരു പ്രതിസന്ധിയുടെ വലയിൽപ്പെട്ട് പുറത്തുകടക്കാനാവാതെ വലയുന്ന സാധാരണ ജനങ്ങളുടെ കൈവശം പണമെത്തിക്കുകയാണ് ഏറ്റവും അടിയന്തരമായി നിർവ്വഹിക്കേണ്ട കടമ. 400 രൂപയുടെ ഒരു സൗജന്യ കിറ്റുകൊണ്ട് പരിഹരിക്കാവുന്ന ദുരിതമേയല്ല ജനങ്ങൾ നേരിടുന്നത്. ജീവിതത്തിന്റെ എണ്ണമറ്റ ആവശ്യങ്ങൾ അവരെ ശ്വാസം മുട്ടിക്കുകയാണ്. ആദായനികുതി നൽകുന്നവരല്ലാത്ത എല്ലാവർക്കും പ്രതിമാസം പതിനായിരം രൂപയുടെ ധനസഹായം നൽകുക എന്ന ഡിമാന്റ് രാജ്യമെമ്പാടും മനുഷ്യസ്‌നേഹികൾ ഉയർത്തിയത് ഈ സാഹചര്യത്തിലാണ്. ജനങ്ങളുടെ വരുമാനത്തകർച്ചകൊണ്ട് നിശ്ചലമായ വിപണിയെ ചലിപ്പിക്കാൻ അവരുടെ ഉയരുന്ന ക്രയശേഷി സഹായിക്കുകയും ചെയ്യും. ദുരിതത്തിന്നിരയായ മുഴുവൻ സാധാരണക്കാരന്റെയും വായ്പകൾ പൂർണ്ണമായി എഴുതിത്തള്ളണം. കോർപ്പറേറ്റുകളുടെയും വൻകിട വ്യവസായികളുടെ ആറ് ലക്ഷം കോടി രൂപയുടെ കടം ഒരു ദശാബ്ദത്തിനുള്ളിൽ എഴുതിത്തള്ളാമെങ്കിൽ അത് അസാധ്യമായ കാര്യമേയല്ല. പ്രസ്തുത നടപടി ജനങ്ങളുടെ സാമ്പത്തിക ഭദ്രതയെ സഹായിക്കുമെന്നു മാത്രമല്ല, രാജ്യത്തിന്റെ സാമ്പത്തിക ഘടനയിൽത്തന്നെ അതിന്റെ സദ്ഫലങ്ങൾ കാണാനും കഴിയും. അതിനാൽ ഈ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാരുകൾ തയ്യാറാകണം. അവയെ അംഗീകരിപ്പിക്കാൻ സുശക്തമായ പ്രക്ഷോഭത്തിന്റെ വേദിയിൽ അണിനിരക്കുകയാണ് വർത്തമാന ദുരിതവേളയിലെ ജനങ്ങളുടെ കടമ.
ഇടതുപക്ഷമെന്ന് മേനി നടിക്കുന്ന സംസ്ഥാനത്തെ സർക്കാർ, കോവിഡിന്റെ വർത്തമാന ദുരിതകാലത്ത് ജനങ്ങളോട് ഉയർന്ന ജനാധിപത്യ സമീപനം കാട്ടാൻ തയ്യാറാകണം. നിയന്ത്രണങ്ങളുടെ പേരിൽ ജനങ്ങൾ വീടുകൾക്കുള്ളിൽ പൂട്ടിയിടപ്പെടുന്ന ഈ സാഹചര്യത്തിൽ, സംഘടിതമായ ജനാധിപത്യ പ്രവർത്തനത്തിന്റെ വിലപ്പെട്ട അവകാശം നിഷേധിക്കപ്പെട്ടിരിക്കുന്ന ഈ സന്ദർഭത്തിൽ അഭിപ്രായഐക്യത്തിന് ഇടനൽകുന്നതല്ലാത്ത എല്ലാത്തരം നയപരമായ തീരുമാനങ്ങളിൽ നിന്ന് സർക്കാർ വിട്ടുനിൽക്കണം. ജനങ്ങൾക്ക് സ്വതന്ത്രമായ അഭിപ്രായം രേഖപ്പെടുത്താനും ആരോഗ്യകരമായ സംവാദം വളർത്തിയെടുക്കാനും ജനാധിപത്യ അന്തരീക്ഷവും അവസരവും ഉണ്ടാകുന്നിടം വരെ തങ്ങൾ പുതിയ നയങ്ങളും തീരുമാനങ്ങളും കൈക്കൊള്ളുന്നതല്ലെന്ന് ഒരിടതു സർക്കാർ പ്രഖ്യാപിക്കാൻ തയ്യാറാകണം. പ്രത്യേകിച്ചും ജനങ്ങൾ എതിർപ്പ് രേഖപ്പടുത്തുന്ന വിഷയങ്ങളിൽ. കെ റെയിൽ അതിവേഗപാത ഉൾപ്പടെയുള്ള പദ്ധതികളുടെ പ്രഖ്യാപനവും കരിമണൽ ഖനനം പോലുള്ള നടപടികളും പിൻവലിക്കണം. പോലീസിനെ കയറൂരിവിടുന്നത് അവസാനിപ്പിക്കണം. വീടുവിട്ട് പുറത്തുവരുന്നവർ ക്രിമിനലുകളല്ല, എല്ലാ ഗതിയുംകെട്ട പാവപ്പെട്ടവരാണ്. കോവിഡ് ഒരു ക്രമസമാധാന പ്രശ്‌നമല്ല, അതൊരു ആരോഗ്യപ്രശ്‌നമാണ് ഇത് നമ്മുടെ അയൽസംസ്ഥാനമായ തമിഴ്‌നാട്ടിലെ ആരോഗ്യമന്ത്രിയുയടെ വാക്കുകളാണ്. ഇത്രയുമെങ്കിലും ജനാധിപത്യ സമീപനം പ്രദർശിപ്പിക്കാൻ ഞങ്ങൾ പിണറായി വിജയൻ സർക്കാരിനോട് ആവശ്യപ്പെടുന്നു.