ഓഹരിക്കമ്പോളത്തിലെ ഉയർച്ച സമ്പദ്ഘടനയുടെ രോഗാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്‌

images.jpg
Share

സാമ്പത്തിക വളർച്ചയുടെ സൂചകങ്ങളായ മൊത്തം ആഭ്യന്തരോൽപാദനം, വ്യാവസായികോൽപ്പാദനം എന്നിവയൊക്കെ ഇടിയുകയും പണപ്പെരുപ്പം, തൊഴിലില്ലായ്മ, തൊഴിൽനഷ്ടം, വീട്ടുചെലവ്, ദാരിദ്ര്യം എന്നിവയൊക്കെ വർദ്ധിക്കുകയും ചെയ്യുമ്പോഴും രാജ്യത്തെ ഓഹരി കമ്പോളത്തിന്റെ രണ്ട് പ്രധാന സൂചകങ്ങളായ സെൻസെക്‌സിലും നിഫ്റ്റിയിലും തുടർച്ചയായ വളർച്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

കോവിഡിന്റെ ആദ്യഘട്ട വ്യാപന സമയത്ത്, സമ്പദ്ഘടന രൂക്ഷമായ പ്രതിസന്ധിയിൽ പെട്ടിരുന്നപ്പോഴും ഓഹരിക്കമ്പോളത്തിൽ വളർച്ചയാണുണ്ടായത്. കോവിഡിന്റെ രണ്ടാം തരംഗത്തിലും അത് തുടരുകയാണ.് ഓഹരിക്കമ്പോളത്തിലെ ഈ കുതിപ്പ് സമ്പദ്ഘടനയുടെ പുനരുജ്ജീവനത്തിന്റെ സൂചനയായി തൽപരകക്ഷികൾ വ്യാഖ്യാനിക്കുന്നുണ്ട്. ബിജെപി നയിക്കുന്ന കേന്ദ്രഗവൺമെൻറ് കൈക്കൊള്ളുന്ന വീണ്ടെടുക്കൽ നടപടികളുടെ ഫലമായി വരുംവർഷങ്ങളിൽ സമ്പദ്ഘടനയിലുണ്ടാകാൻ പോകുന്ന വളർച്ചയെ സംബന്ധിച്ച ചർച്ചകളിൽ മുഴുകിയിരിക്കുകയാണ് വിവിധ സാമ്പത്തിക ഏജൻസികളും റേറ്റിംഗ് ഏജൻസികളുമൊക്കെ. എന്നാൽ ഓഹരിക്കമ്പോളത്തിലെ ഈ കുതിച്ചുചാട്ടവും മറ്റും തങ്ങളുടെ ജീവിതത്തിൽ ഒരു ആശ്വാസവും ഉണ്ടാക്കുന്നില്ല എന്നത് രാജ്യത്തെ സാധാരണക്കാരെ ഏറെ ആശ്ചര്യപ്പെടുത്തുന്നുണ്ട്. നാൾചെല്ലുന്തോറും ദരിദ്രർ കൂടുതൽ ദരിദ്രരും സമ്പന്നർ കൂടുതൽ സമ്പന്നരുമായിക്കൊണ്ടിരിക്കുമ്പോൾ, സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്നു എന്ന അവകാശവാദവും അവരെ അത്ഭുതപ്പെടുത്തുന്നു.
യഥാർത്ഥത്തിൽ സമ്പദ്ഘടനയുടെ വളർച്ചയും ഓഹരിക്കമ്പോളത്തിലെ കുതിപ്പുമായി ബന്ധമൊന്നുമില്ല. ഇതല്പം വിശദമാക്കാം. ഒരു കമ്പനി ഓഹരി വിറ്റഴിച്ചുകൊണ്ട് മൂലധനം സമാഹരിക്കാൻ തയ്യാറാകുമ്പോൾ ആ ഓഹരികൾ നിശ്ചയിക്കപ്പെട്ട വിലയ്ക്ക് നിക്ഷേപകർ, വിശേഷിച്ച് കോർപ്പറേറ്റുകളും സമ്പന്നരായ വ്യക്തികളും മ്യൂച്വൽ ഫണ്ട് നിക്ഷേപകരും പെൻഷൻഫണ്ടുകാരുമൊക്കെ വാങ്ങിക്കുന്നു. അങ്ങനെ ഓഹരിക്കമ്പോളത്തിലെ പ്രൈമറി മാർക്കറ്റിൽ ഓഹരികളുടെ കച്ചവടം നടക്കുന്നു. ഇപ്രകാരം ലിസ്റ്റു ചെയ്യപ്പെടുന്ന ഓഹരികൾ സെക്കൻഡറി മാർക്കറ്റിൽ ക്രയവിക്രയം ചെയ്യപ്പെടുന്നു. അതായത് ഓഹരികൾ കയ്യിലുള്ളവർ താല്പര്യമുള്ളവർക്ക് അത് വിൽക്കുന്നു. ഈ ഓഹരികൾക്ക് ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള ഡിമാൻഡ് മുന്നിൽകണ്ടാണ് വിൽക്കുന്നവർ വില ഇടുന്നത.് അത് വാങ്ങുന്നയാൾക്കും അതേ പ്രതീക്ഷയാണു ള്ളത്. ഡിമാൻഡ് കൂടിയാൽ വില ഉയരും. അപ്പോൾ കൂടിയ വിലയ്ക്ക് അവ വിറ്റ് ലാഭം നേടാം. എന്നാൽ ഭാവിയിൽ ഡിമാൻഡ് കുറഞ്ഞേക്കുമെന്ന കണക്കുകൂട്ടലിലാണ് അത് വില്പനകാരൻ വിറ്റഴിക്കുന്നത്. സെക്കൻഡറി മാർക്കറ്റിലെ ക്രയവിക്രയത്തിന്റ രീതി ഇതാണ്. മുതലാളിത്ത വ്യവസ്ഥയുടെ സഹജമായ പ്രതിസന്ധിക്ക് ആഴംവച്ചുവരുന്ന ഇക്കാലത്ത് ഊഹക്കച്ചവടം മുതലാളിത്തത്തിന്റെ അഭേദ്യഭാഗമായി തീർന്നിരിക്കുന്നു.
പ്രതിസന്ധി കൂടുന്തോറും ഊഹകച്ചവടവും കൊഴുക്കും.ലാഭ സാധ്യത കൂടുതൽ കൽപ്പിക്കപ്പെടുന്ന ചില ഓഹരികൾ നിരന്തരം ക്രയവിക്രയം ചെയ്യപ്പെട്ടുകൊണ്ടിരിക്കും. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ പലതുണ്ടെങ്കിലും ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലുമാണ് പരമാവധി ഇടപാടുകൾ നടക്കുന്നത്. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 30 ഓഹരികളുടെ വില സൂചിപ്പിക്കുന്നതാണ് സെൻസെക്‌സ്. നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 50 ഷെയറുകളുടെ വില സൂചിപ്പിക്കുന്നത് നിഫ്റ്റി എന്ന പേരിലും. ഈ സൂചകങ്ങളുടെ ഉയർച്ചതാഴ്ചകളാണ് ഓഹരിക്കമ്പോളത്തിലെ കയറ്റിറക്കങ്ങളെ സൂചിപ്പിക്കുന്നത്.ആഭ്യന്തര നിക്ഷേപകരും വിദേശ ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകരും പ്രധാനമായും ഈ ഓഹരികളിലാണ് ഇടപാടുകൾ നടത്തുന്നത്. ഈ ഓഹരികൾ വാങ്ങിക്കാൻ കൂടുതൽ പണം ഒഴുക്കാൻ നിക്ഷേപകർ തയ്യാറാകുന്നത് ഓഹരികളുടെ വില ഉയരുന്നതിന്റെ സൂചനയാണ്.ഉദാഹരണത്തിന് 30 ഓഹരികൾക്ക് 3000 രൂപ മുടക്കുമ്പോൾ ഒരു ഓഹരിയുടെ ശരാശരി വില 100 രൂപ രൂപ. എന്നാൽ മുപ്പതിനായിരം രൂപ മുടക്കാൻ തയ്യാറായാൽ ഓഹരി വില 1000 രൂപയായി ഉയരും. ഒരു കമ്പനിയുടെ വിറ്റഴിക്കാൻ വെച്ചിരിക്കുന്ന ഓഹരികളുടെ എണ്ണവും ഒരു ഓഹരിയുടെ കമ്പോള വിലയും തമ്മിൽ ഗണിച്ചു കിട്ടുന്നതാണ് മാർക്കറ്റ് ക്യാപിറ്റലൈസേഷൻ എന്ന് അറിയപ്പെടുന്നത്. ഉദാഹരണത്തിന് ഒരു കമ്പനി ആയിരം ഓഹരികൾ ലിസ്റ്റ് ചെയ്യുകയും അതിന്റെ കമ്പോളവില 50 രൂപയുമാണെങ്കിൽ ആ കമ്പനിയുടെ അന്നേ ദിവസത്തെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ 50,000 രൂപയാണ്(1000:50). അതായത് ഓഹരി കമ്പോളത്തിലേയ്ക്ക് കൂടുതൽ പണമൊഴുകുമ്പോൾ കമ്പനികളുടെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ ഉയരുന്നു. ബൂർഷ്വാ സാമ്പത്തിക ശാസ്ത്രത്തിൽ വിദഗ്ധരായ സാമ്പത്തിക വിശാരദന്മാർ ഈ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ വർദ്ധനയെ ഒരു കമ്പനിയുടെ സാമ്പത്തിക സുസ്ഥിതിയായി ചിത്രീകരിക്കുന്നു. യഥാർത്ഥത്തിൽ, വ്യവസായം, റിയാൽറ്റി, വാണിജ്യ സംരംഭങ്ങൾ തുടങ്ങി ഉൽപാദനക്ഷമമായ നിക്ഷേപങ്ങളിൽനിന്നുള്ള ലാഭത്തിന്റെ കാര്യമെടുത്താൽ ആ കമ്പനി രോഗാതുരമായ അവസ്ഥയിലായിരിക്കാം. ഓഹരി കമ്പോളം എന്നതിനെ സാധാരണ കമ്പോളം എന്ന രീതിയിൽ അവതരിപ്പിച്ചുകൊണ്ട് ഇവർ ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു.


ഓഹരി കമ്പോളത്തിലേയ്ക്ക് ഇത്രയും പണം എന്തുകൊണ്ട് ഒഴുകുന്നു ? ജനങ്ങളുടെ വരുമാനം കുറയുന്നതിനനുസരിച്ച് അവരുടെ ക്രയശേഷി കുറയുകയും വ്യവസായിക ഉൽപ്പന്നങ്ങളുടെയും ഉപഭോക്തൃവസ്തുക്കളുടെയും കമ്പോളത്തിൽ ഇടിവുണ്ടാകുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ നിക്ഷേപകർ അഥവാ പ്രധാനമന്ത്രിയുടെ ഭാഷയിൽ ‘സമ്പത്തുല്പാദകർ’ ഉൽപ്പാദനക്ഷമമായ മേഖലകളിൽ നിക്ഷേപം നടത്താൻ മടിക്കുന്നു. എന്നാൽ ഇവർ കുന്നുകൂട്ടുന്ന മൂലധനം നിഷ്‌ക്രിയമായിരിക്കാൻ അനുവദിക്കാനുമാവുന്നില്ല. കാരണം മൂലധനം നിക്ഷേപിച്ച് പരമാവധി ലാഭം കൊയ്തുണ്ടാക്കുകയാണല്ലോ മുതലാളിമാരുടെ ഒരേയൊരു ലക്ഷ്യം. അതിനാൽ, ഈ മാന്ദ്യകാലത്ത് നിഷ്‌ക്രിയമാകുന്ന മൂലധനത്തിന്റെ നല്ലൊരു പങ്ക് ഊഹക്കച്ചവട മേഖലയിലേയ്ക്ക് വഴിതിരിച്ചുവിട്ട് പരമാവധി നേട്ടമുണ്ടാക്കാൻ അവർ ശ്രമിക്കുകയാണ്.
ഓഹരിക്കമ്പോളത്തിൽ ഒഴുകിയെത്തുന്നത് പ്രധാനമായും വിദേശ നിക്ഷേപകരുടെ പണം ആണെങ്കിലും ഇപ്പോഴത്തെ കുതിപ്പിനുപിന്നിൽ ആഭ്യന്തര നിക്ഷേപകരുടെ (ഡൊമസ്റ്റിക് ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്‌സ്) പങ്കും ചെറുതല്ല. മ്യൂച്ചൽഫണ്ട്, ഇൻഷുറൻസ് കമ്പനികൾ, ബാങ്കുകൾ തുടങ്ങിയവയൊക്കെ ഇത്തരം നിക്ഷേപകരാണ്. ബാങ്കുകൾ കിട്ടാക്കടംകൊണ്ട് വലഞ്ഞിരിക്കുകയാണ്. ഓഹരിക്കമ്പോളത്തിൽ നിക്ഷേപിച്ച്, വായ്പ നൽകുന്നതല്ലാതെയുള്ള മാർഗത്തിൽ പണം സ്വരൂപിച്ച് പ്രതിസന്ധിക്ക് കുറച്ചെങ്കിലും ശമനം ഉണ്ടാക്കാനാണ് ബാങ്കുകൾ ശ്രമിക്കുന്നത്. ബാങ്കുകൾ വ്യവസായികൾക്ക് വായ്പ നൽകി ഉൽപാദനപരമായ മേഖലയിൽ ഉണർവുണ്ടാക്കാൻ ശ്രമിക്കുന്നതിനായി പലിശ നിരക്ക് കുറയ്ക്കുന്നു എന്നാണ് അവകാശപ്പെടുന്നത്. എന്നാൽ നിരന്തരം പലിശനിരക്ക് കുറയ്ക്കുന്നതി ലൂടെ ബാങ്കിൽ പണം നിക്ഷേപിക്കുന്നവരെയും ഓഹരി കമ്പോളത്തിലേക്ക് തിരിച്ചുവിടാനാണ് ഗവൺമെൻറ് ശ്രമിക്കുന്നത്. ഉൽപാദനപരമായ മേഖലയിൽ ഉണർവുണ്ടാക്കുകയെന്നത് മുതലാളിത്ത പ്രതിസന്ധി ഘട്ടത്തിൽ അസാധ്യമായിരിക്കെ, പലിശനിരക്ക് കുറയ്ക്കുന്നതിനുള്ള കപട ന്യായം മാത്രമാണിത്. മ്യൂച്ചൽ ഫണ്ട്, ഇൻഷുറൻസ് സ്‌കീമുകൾ എന്നിവയൊക്കെയാണ് ഇതിനായി അവർ മുന്നോട്ടുവയ്ക്കുന്നത്. നേരത്തെ ഗവൺമെൻറ് സെക്യൂരിറ്റികളിൽ പെൻഷൻഫണ്ടും പ്രൊവിഡന്റ് ഫണ്ടും ഒക്കെ നിക്ഷേപിച്ചിരുന്ന ഗവൺമെൻറ് ഇപ്പോൾ ഓഹരി കമ്പോളത്തിലേയ്ക്ക് തിരിഞ്ഞിരിക്കുകയാണ്. ഒരു കൃത്രിമോത്തേജനം സൃഷ്ടിക്കുക എന്നതാണ് ഉദ്ദേശം. അതായത് സമ്പദ്ഘടനയുടെ സ്ഥിതിയും ഓഹരിക്കമ്പോളത്തിലെ കുതിപ്പുമായി ബന്ധമൊന്നുമില്ലെന്നർത്ഥം. അത് സമ്പദ്ഘടനയുടെ ആരോഗ്യസ്ഥിതിയെയോ പുനരുജ്ജീവനത്തിനെയോ ഒന്നും പ്രതിഫലിപ്പിക്കുന്നില്ല. എന്നുമാത്രമല്ല, സമ്പദ്ഘടനയുടെ സമ്പൂർണ്ണ തകർച്ചയെ സൂചിപ്പിക്കുന്നി ല്ലെങ്കിലും ഗുരുതരമായ രോഗാവസ്ഥയെ പ്രതിഫലിപ്പിക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. അതിനാൽ ജനങ്ങളോട് ഞങ്ങൾക്ക് അഭ്യർത്ഥിക്കാനുള്ളത് ഓഹരിക്കമ്പോളത്തിലെ ഉയർച്ച ചൂണ്ടിക്കാണിച്ച് സമ്പദ്ഘടന പുനരുജ്ജീവനത്തിന്റെ പാതയിലാണ് എന്ന വ്യാജ പ്രചാരണം നടത്തുന്ന ഭരണവർഗ്ഗത്തിന്റെയും അവരുടെ ആനുകൂല്യം പറ്റുന്ന സാമ്പത്തിക വിശാരദന്മാരുടെയും കെണിയിൽ വീഴരുത് എന്നാണ്.

Share this post

scroll to top