കൂട്ടിക്കല്‍ പ്രദേശത്തെ ഉരുള്‍പൊട്ടല്‍ മനുഷ്യനിര്‍മ്മിത ദുരന്തം

Share

ഒക്ടോബർ 16 ന് അപ്രതീക്ഷിതമായുണ്ടായ അതിതീവ്രമഴയും ഉരുൾപൊട്ടലും കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിലും പെരുവന്താനം, പീരുമേട് പഞ്ചായത്തുകളിലും കനത്ത ആഘാതം ഏൽപ്പിച്ചിരിക്കുകയാണ്. കൂട്ടിക്കല്‍ ഇളംകാട്, ഏന്തയാര്‍ പ്രദേശങ്ങളില്‍ അന്നേദിവസംരാവിലെ കേവലം മൂന്ന് മണിക്കൂറിനുള്ളില്‍ നൂറിലേറെ ഉരുളുകള്‍പൊട്ടിയതായി നാട്ടുകാര്‍ പറയുന്നു. 20 ലേറെ ജീവനുകളാണ് പ്രദേശത്ത് നഷ്ടപ്പെട്ടത്. പുല്ലകയാറിന്റെയും മണിമലയാറിന്റെയും തീരത്തുണ്ടായിരുന്ന വീടുകളും വ്യാപാരസ്ഥാപനങ്ങളും ഒട്ടൊക്കെയും തുടച്ചു നീക്കപ്പെട്ടിരിക്കുകയാണ് പലയിടങ്ങളിലും. കൈത്തോടുകൾപോലു൦ പ്രളയജല൦ നിറഞ്ഞ് അപകടങ്ങൾ ഉണ്ടാക്കി. ചിറ്റാർപുഴ കരകവിഞ്ഞ് കാഞ്ഞിരപ്പള്ളി നഗരത്തെ വെള്ളത്തിലാഴ്ത്തി. എരുമേലി ടൌൺ, ചിറക്കടവിന്റെയും പാറത്തോടിന്റെയു൦ ചില ഭാഗങ്ങൾ എന്നീ പ്രദേശങ്ങളെയും പ്രളയ൦ ബാധിച്ചു. എയ്ഞ്ചൽവാലിയിലും എരുമേലി ടൗൺ പരിസരങ്ങളിലും എരുത്വാപ്പുഴ തുടങ്ങിയ പ്രദേശങ്ങളിലും നെടുംകുന്നം, പത്തനാട് മേഖലകളിലും തുടർന്നു വന്ന ദിവസങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുകളും കനത്തനാശംവിതച്ചു. നിരവധി റോഡുകളും പാലങ്ങളും തകർന്നു.
ഈ പ്രദേശങ്ങളിൽ കാലാവസ്ഥ പ്രവചനാതീതമായി തുടരുകയാണ്. പ്രദേശങ്ങളുടെ പാരിസ്ഥിതിക പ്രശ്നങ്ങൾ ഗൗരവത്തിലെടുക്കേണ്ടിയിരിക്കുന്നു എന്നതിന്റെ സൂചനകളാണ് ഇതെല്ലാം. അതീവ പരിസ്ഥിതിലോല പ്രദേശമെന്ന് മാധവ് ഗാഡ്ഗിൽ പരാമർശിച്ച പ്രദേശങ്ങളിലൊന്നാണ് കൂട്ടിക്കൽ പഞ്ചായത്ത്.
കേരളത്തിലെ പാരിസ്ഥിതിക സവിശേഷതകൾ പരിഗണിക്കാതെയുള്ള വൻകിട-നിർമ്മാണ-വികസന പ്രവർത്തനങ്ങളും ക്വാറികളുമാണ് അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങൾക്ക് കാരണം എന്നത് വ്യക്തമാക്കുന്നതാണ് ഓരോ സംഭവങ്ങളും. പ്രളയവും ദുരന്തവും ക്ഷണിച്ചു വരുത്തുകയും ശേഷം ദുരിതാശ്വാസ പ്രവർത്തനം നടത്തുകയും ചെയ്യുക എന്നതിനുമപ്പുറം ദുരന്തങ്ങളിൽനിന്ന് പാഠമുൾക്കൊണ്ടുകൊണ്ട് ദുരന്ത നിവാരണത്തിനാവശ്യമായ മുന്‍കരുതലുകളും നടപടികളും സ്വീകരിക്കുക എന്നതിനായിരിക്കണം മുൻഗണന.
ദുരിതബാധിതരായ ആളുകളുടെ പുനരധിവാസം ഉറപ്പാക്കുവാൻ അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കണം. ഇട്ടിരുന്ന വസ്ത്രമല്ലാതെ മറ്റെല്ലാം നഷ്ടപ്പെട്ടവരാണ് ദുരിതബാധിതർ. അടിയന്തര ധനസഹായമുൾപ്പെടെ സമ്പൂർണ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം. തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ് തുടങ്ങി നഷ്ടമായ എല്ലാ രേഖകളും ഉടൻ ലഭ്യമാക്കണം. പൂർണമായും ഭാഗികമായും വീട് നഷ്ടപ്പെട്ടവർക്ക് അതതുസ്ഥലങ്ങളിലോ ആവാസയോഗ്യമായ മറ്റിടങ്ങളിലോ വാസയോഗ്യമായ വീട് നിർമ്മിക്കാനും വീട്ടുപകരണങ്ങൾക്കും മതിയായ നഷ്ട പരിഹാരം ഉപാധികളില്ലാതെ നൽകണം. ചെറുകിട വ്യാപാരികൾ ഉൾപ്പെടെ ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ സർക്കാർ ഏറ്റെടുക്കണം. ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യണം.

ആറ്റിലെ കല്ലും മണ്ണും നീക്കം ചെയ്യുക

മുൻകാലങ്ങളിലുണ്ടായ കനത്ത മഴയും ഉരുൾപൊട്ടലുകളും നിമിത്തം കല്ലും മണ്ണും അടിഞ്ഞുകൂടി മണിമലയാർ ആഴം നന്നേ കുറഞ്ഞിരിക്കുകയാണ്. ആറ് പൊടുന്നനവെ കരകവിഞ്ഞതിനും പലയിടങ്ങളിലും വഴിമാറിയൊഴുകിയതിനും ഒരു കാരണമിതാണ്. പലയിടങ്ങളിലും ആറ്റുനിരപ്പ് തറ നിരപ്പിനെക്കാൾ ഉയർന്നു നിൽക്കുകയാണ്, ആറ് പുതിയ വഴികൾ കണ്ടെത്തി, കൈവഴികളും നീർച്ചാലുകളും രൂപ പ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ ആറ്റിൽ നിന്നും മണലും പാറയും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണം.

പാറമടകൾ അടച്ചുപൂട്ടുക, വൻകിട നിർമ്മാണങ്ങൾ ഉപേക്ഷിക്കുക

ദുരിതാശ്വാസം എത്തിക്കുന്നതിനൊപ്പം ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് ദീർഘകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് സ്വീകരിക്കപ്പെടേണ്ടത്. നിരവധി വൻകിട പാറമടകൾ ഈ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. സ്ഫോടനത്തിന്റെ പ്രകമ്പനം മണ്ണും പാറയും തമ്മിലുളള ബന്ധം ദുർബലമാക്കുന്നു. അതിതീവ്രമഴ മണ്ണൊലിപ്പിനും ഉരുൾപൊട്ടലിനും കാരണമാകുന്നു. പാറമടകളുടെ പ്രവർത്തനം തുടങ്ങിയതിന് ശേഷം ഉരുൾപൊട്ടൽ വർദ്ധിച്ചുവരുന്നു എന്നതാണ് പ്രദേശത്തെ അനുഭവങ്ങൾ എന്ന് പ്രദേശവാസികൾ ഒറ്റക്കെട്ടായി പറയുന്നു. എല്ലാ നിബന്ധനകളും നിയമങ്ങളും കാറ്റിൽ പറത്തി വാഗമൺ മലനിരകളിൽ ഉയരുന്ന റിസോർട്ടുകളും റോഡുനിർമ്മാണങ്ങളുമെല്ലാം ഈ സാഹചര്യത്തിന്റെ നിർമ്മിതിയിൽ ചെറുതല്ലാത്ത പങ്കാണ് വഹിക്കുന്നത്. വൻകിട നിർമ്മാണങ്ങൾക്കായി പാറ തുടർന്നും പൊട്ടിക്കാൻ തീരുമാനിച്ചാൽ പ്രത്യാഘാതം വളരെ ഗുരുതരമായിരിക്കും. ആയതിനാൽ പാറമടകളുടെ പ്രവർത്തനവും വൻകിട നിർമ്മാണ പ്രവർത്തനങ്ങളും ഉടൻ നിർത്തിവയ്ക്കണം.

Share this post

scroll to top