കേരളസർക്കാരിന്റെ സാമ്പത്തികസ്ഥിതി അതീവഗുരുതരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് 2020-2021ലെ സിഎജി റിപ്പോർട്ട് ചൂണ്ടിക്കാട്ടുകയുണ്ടായി. പൊതുകടം വർഷംതോറും ഞെട്ടലുളവാക്കും വിധം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. 2014-15 സാമ്പത്തികവർഷത്തിലെ പൊതുകടം 1,41,947 കോടിയായിരുന്നത് 2020-2021ൽ 3,02,620 കോടിയായി വർദ്ധിച്ചു. ഒരു വർഷം പിന്നിട്ട് ഇപ്പോൾ അത് ഏതാണ്ട് 3.2 ലക്ഷം കോടിയായിരിക്കുന്നു. അതായത് വെറും ആറ് വർഷത്തിനുള്ളിൽ കേരളത്തിന്റെ പൊതുകടം 144 ശതമാനമായി ഉയർന്നിരിക്കുന്നു.
2020-2021ൽ സംസ്ഥാനത്തിന്റെ പൊതുകടം ആകെ ആഭ്യന്തരഉൽപ്പാദനത്തിന്റെ 40 ശതമാനമായി ഉയർന്നതായി സിഎജി വ്യകതമാക്കി. ഇത് അനുവദനീയമായ അനുപാതത്തിൽ നിന്നും 33 ശതമാനം അധികമാണ്. വാങ്ങിച്ചുകൂട്ടുന്ന ഭീമമായ ഈ വായ്പാതുക ഉൽപ്പാദനക്ഷമമാല്ലാത്ത രംഗങ്ങളിലേക്ക് ഒഴുക്കുന്നുവെന്നതിനാൽ ആഭ്യന്തരഉൽപ്പാദനമാകട്ടെ വർദ്ധിക്കുന്നുമില്ല. കടം വാങ്ങിയേ പലിശപോലും അടയ്ക്കാൻ കഴിയൂ എന്ന ദുസ്ഥിതിയിൽ വീണ്ടും വായ്പ വാങ്ങിക്കൂട്ടും. ഇവയെല്ലാം ചേർന്ന് ജിഡിപി-വായ്പാ അനുപാതം വീണ്ടും വർദ്ധിപ്പിക്കും. 2020 ൽ ജിഡിപി-വായ്പാ അനുപാതം 100 ശതമാനം കടന്നപ്പോൾ, തകർച്ച പൂർണ്ണമായ ശ്രീലങ്കയുടെ ഭയപ്പെടുത്തുന്ന ഉദാഹരണം കേരളത്തെ കാത്തിരിക്കുന്ന വലിയ വിപത്തിന്റെ സൂചനയാണ്. സംസ്ഥാനം അപരിഹാര്യമായ സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങുകയാണെന്നതിന്റെ സൂചനകളാണ് കഴിഞ്ഞ മൂന്നുനാലു മാസമായി കണ്ടുകൊണ്ടിരിക്കുന്നത്.
2022 മേയ് മാസത്തിൽ സംസ്ഥാനം കഠിനമായ ഒരു പ്രതിസന്ധിയെ നേരിട്ടതായി സർക്കാരിന് സമ്മതിക്കേണ്ടിവന്നു. സംസ്ഥാനം ആവശ്യപ്പെട്ട തുക കടമെടുക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകാതിരുന്നതാണ് കേരളത്തെ പ്രതിസന്ധിയിലാക്കിയത്. 4000 കോടി രൂപ കടമെടുക്കാൻ സംസ്ഥാനം അനുമതി ചോദിച്ചപ്പോൾ നേരത്തെയുള്ള കടത്തിന്റെ കണക്കുകൾവെച്ച് കേന്ദ്രം കടമെടുപ്പിനെ ചോദ്യം ചെയ്തു. സംസ്ഥാനമെടുത്ത വായ്പകളുടെ കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്നായിരുന്നു കേന്ദ്രത്തിന്റെ കണ്ടെത്തൽ. കിഫ്ബി ഉൾപ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾവഴി എടുത്തിട്ടുള്ള കടവും സംസ്ഥാന സർക്കാരിന്റെ മൊത്തം കടത്തിന്റെ ഭാഗമായിത്തന്നെ കാണണമെന്നാണ് കേന്ദ്രം പറഞ്ഞത്. ഇത് അംഗീകരിക്കാനാകില്ല എന്നാണ് സംസ്ഥാന നിലപാട്. നിലവിൽത്തന്നെ 25 ലക്ഷം രൂപയ്ക്കു മേലുള്ള ബില്ലുകൾ മാറാൻ ട്രഷറി നിയന്ത്രണമുള്ള സംസ്ഥാനത്ത് കടമെടുക്കാൻ അനുവാദം ലഭിക്കാതെ വന്നപ്പോൾ ജീവനക്കാർക്ക് ശമ്പളം കൊടുക്കാനാകാത്ത തരത്തിൽ പ്രതിസന്ധി രൂക്ഷമാകും എന്ന സ്ഥിതിയിലെത്തി. അന്ന് 4000 കോടി രൂപയുടെ വായ്പ ലഭ്യമായതുകൊണ്ടുണ്ടായ ആശ്വാസം തീർത്തും താൽക്കാലികം മാത്രമാണ്. ഇത്രയും ആപൽക്കരമായ സ്ഥിതിയിലേക്ക് സംസ്ഥാനത്തിന്റെ സാമ്പത്തികരംഗം തകർന്നതെങ്ങിനെയാണ്? ആരാണ് ഇതിന് ഉത്തരവാദികൾ?
കേരളം കടക്കെണിയിലകപ്പെട്ടതെങ്ങിനെ?
1960കൾവരെ ഒരു രൂപയുടെപോലും ബാധ്യതയില്ലാതിരുന്ന കേരളത്തിന്റെ ഖജനാവ് കടക്കെണിയിലകപ്പെട്ടതെങ്ങിനെ? ട്രഷറിയുടെ സൂക്ഷിപ്പുകാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഇടതു-വലതു സർക്കാരുകൾ മാത്രമാണ് ഈ സാഹചര്യത്തിന് ഉത്തരവാദികൾ. കുറ്റകരവും നിരുത്തരവാദപരവുമായ ധനവിനിയോഗത്തിലൂടെ ജനങ്ങളുടെ പണം നാനാമാർഗ്ഗങ്ങളിൽ ഒഴുക്കപ്പെട്ടു. ഭരണതലത്തിലെ അഴിമതിയിലൂടെയും വെട്ടിപ്പുകളിലൂടെയും കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളിലൂടെ സംസ്ഥാനഖജനാവിൽ നിന്ന് കവർന്നെടുത്ത തുക ഇപ്പോഴുണ്ടായിട്ടുള്ള പൊതുകടത്തേക്കാൾ ഒട്ടും കുറവാകാൻ സാധ്യതയില്ല. ആർഭാടങ്ങൾക്കും ആഘോഷങ്ങൾക്കുംവേണ്ടി ഒരു മനഃസ്സാക്ഷിക്കുത്തുമില്ലാതെ ധൂർത്തടിച്ചത് എത്രയോ കോടികൾ. കോവിഡ് മഹാമാരിയുടെ കാലത്ത് രാപകൽ പണിയെടുത്ത ആശമാർക്ക് പരമതുഛമായ ഓണറേറിയം നൽകാത്ത സർക്കാർ, ലോകകേരള സഭയ്ക്കുവേണ്ടി 3കോടി നീക്കിവയ്ക്കുന്നതുപോലുള്ള നൂറുകണക്കിന് ധൂർത്തുകൾ അനസ്യൂതം തുടരുകയാണ്. ഒരു ദീർഘവീക്ഷണവുമില്ലാതെ തുടങ്ങി ആയിരക്കണക്കിന് കോടികൾ ചെലവഴിച്ച് പാതി വഴിയിൽ ഉപേക്ഷിച്ച പദ്ധതികളെത്ര? കല്ലട ഇറിഗേഷൻ പദ്ധതി പോലുള്ളവ.
സർക്കാർ വിലാസം കോർപ്പറേഷനുകളും എണ്ണമറ്റ സ്ഥാപനങ്ങളും രൂപീകരിച്ച് സ്വന്തക്കാരെ ഉയർന്ന ശമ്പളത്തോടെയും എണ്ണമറ്റ സൗഭാഗ്യങ്ങളോടെയും നിയമനം നൽകി പൊടിച്ചുതീർത്തത് എത്രകോടികൾ. പതിനായിരക്കണക്കിന് ഹെക്ടർ സർക്കാർ ഭൂമി രാഷ്ട്രീയമേലാളന്മാരും വൻകിടധനികരും പങ്കിട്ടെടുത്തു. പാട്ടത്തിനെടുത്ത ആയിരക്കണക്കിന് ഏക്കർ റവന്യു -വനഭൂമി തോട്ടം മുതലാളിമാർ ഒരു രുപ പാട്ടം പോലും നൽകാതെ കൈവശപ്പെടുത്തി. സർക്കാരിന്റെ വിലപ്പെട്ട സ്വത്തുവകകൾ അന്യാധീനപ്പെട്ടു. വിധേയന്മാരും ദാസന്മാരുമായ പോലീസ് പ്രമാണിമാർക്കും ഉദ്യോഗപ്രഭുക്കൾക്കും ഉയർന്ന പദവികളും ലാവണങ്ങളും യഥേഷ്ടം സൃഷ്ടിച്ചുനൽകി കുടിയിരുത്തി. സർക്കാർ ജീവനക്കാരുടെ പെരുപ്പിച്ചുകാണിക്കപ്പെടുന്ന ശമ്പളത്തിന്റെ കണക്കിലെ വലിയൊരു വിഹിതവും ഇത്തരക്കാർക്കു നൽകുന്ന ഭീമമായ ആനുകൂല്യങ്ങളുടെ തുകയാണ്. എങ്കിലും പ്രൈമറി സ്കൂൾ അദ്ധ്യാപകര്ക്കും സർക്കാർ ആശുപത്രിയിലെ നേഴ്സുമാരും കനത്ത ശമ്പളംവാങ്ങി സർക്കാർ ഖജനാവിനെ മുടിപ്പിക്കുന്നുവെന്നാണ് പ്രചാരണം. സ്വന്തം കക്ഷിയിലെ അനുചരന്മാർക്ക് മന്ത്രിപ്പടയിൽ സ്ഥാനംനൽകി, നാട്ടുകാരന്റെ ചെലവിൽ തീറ്റിപ്പോറ്റുന്നതുവഴി ചെലവഴിക്കുന്നത് എത്രകോടികൾ. സ്വകാര്യആവശ്യങ്ങൾക്കായി സർക്കാർ വാഹനങ്ങൾ ഓടിത്തീർക്കുന്ന ഇന്ധനത്തിനും മെയ്ന്റനൻസിനുമായി മുടിച്ചുതീർക്കുന്ന കോടികൾ എത്ര? ജനങ്ങളുടെ നികുതിപ്പണം കൈകാര്യം ചെയ്യുമ്പോൾ കർശനമായി പാലിക്കപ്പെടേണ്ട സാമൂഹ്യപ്രതിബദ്ധതയും ജാഗ്രതയും അവധാനതയും തരിമ്പും പ്രദർശിപ്പിക്കാതെ, ഈ സംസ്ഥാനം പിറവികൊണ്ടതിനുശേഷം ഇന്നോളം യഥേഷ്ടം നടത്തിയിട്ടുള്ള സാമ്പത്തികവിനിയോഗവും അഴിമതിയുമാണ് കേരളം ഇപ്രകാരം കടക്കെണിയലകപ്പെടാനുള്ള പ്രമുഖ കാരണം.
അതോടൊപ്പം കഴിഞ്ഞ മൂന്നിലേറെ പതിറ്റാണ്ടായി തുടരുന്ന വായ്പാധിഷ്ഠിത വികസനം എന്ന നയവും ഈ തകർച്ച സൃഷ്ടിച്ചതിൽ മറ്റൊരു പ്രമുഖമായ കാരണമായി പ്രവർത്തിച്ചു. വൻകിടമുതലാളിമാരുടെയും സാമ്പത്തികഗ്രൂപ്പുകളുടെയും താൽപ്പര്യാർത്ഥം ഭീമമായ തോതിൽ വായ്പവാങ്ങി നടപ്പാക്കുന്ന വികസനമെന്ന പേരിലുള്ള മൂലധനനിക്ഷപങ്ങൾ സംസ്ഥാനഖജനാവിന്റെ മേൽ സൃഷ്ടിച്ചിട്ടുള്ള ആഘാതം വളരെ വലുതാണ്. രാഷ്ട്രീയ – ഉദ്യോഗസ്ഥ ലോബിയിംഗിലൂടെ എങ്ങിനെയും വായ്പ അടിച്ചേൽപ്പിക്കുക എന്നത് ധനമൂലധന ശക്തികളുടെ പ്രവർത്തനതത്വമായി മാറിയിരിക്കുന്നു. വികസനം ഉൽപ്പാദനപരമാണോ അല്ലയോ എന്നത് വായ്പ നൽകുന്നവർക്കും വാങ്ങുന്നവർക്കും പരിഗണനാവിഷയേമല്ല. വായ്പയുടെ വ്യവസ്ഥയിൽ ഉൾപ്പെടുത്തി തങ്ങളുടെ ഉൽപ്പന്നങ്ങൾക്കും വിഭവങ്ങൾക്കും സാങ്കേതിക പരിജ്ഞാനത്തിനും വിപണിയും ഉറപ്പാക്കുന്നു. മുതലാളിമാരുടെ ദാസന്മാരായി പ്രവർത്തിക്കാൻ പ്രതിജ്ഞയെടുത്തിട്ടുള്ള ഭരണനേതൃത്വത്തങ്ങൾ, വായ്പ തുറന്നുനൽകുന്ന അഴിമതിയുടെയുടെയും കിക്ക്ബാക്കുകളുടെയും കമ്മീഷന്റെയും പ്രായോജകരാകാ മെന്നുള്ള സാധ്യതകൂടി കാണുന്നതോടെ വായ്പാധിഷ്ഠിത വികസനത്തിന്റെ അടിയുറച്ച വക്താക്കളായി മാറുന്നു. ലോകമെമ്പാടുമുള്ള മുതലാളിത്തരാഷ്ട്രങ്ങളിലെ രാഷ്ട്രീയ നേതൃത്വം സങ്കൽപ്പിക്കാനാവാത്തവിധം അഴിമതിയിൽ ആണ്ടുമുങ്ങിയത് ഫിനാൻസ് മൂലധനത്തിന്റെ മാസ്മരികമായ ഈ പ്രവർത്തനത്തിന്റെ ഫലമായാണ്. ശ്രീലങ്കയും ഗ്രീസും അതിന്റെ കൃത്യമായ പ്രതീകങ്ങളാണ്. നമ്മുടെ രാജ്യവും ഇവടുത്തെ സംസ്ഥാന ഗവൺമെന്റുകളും വിനാശത്തിന്റെ അതേ പാതയിൽ തന്നെയാണ് സഞ്ചരിക്കുന്നത്.
കേരളത്തിൽ ഇപ്പോൾ അധികാരത്തിലുള്ള പിണറായി വിജയൻ സർക്കാർ വായ്പാധിഷ്ഠിത വികസനത്തിന്റെ തീവ്രപാതയിലാണ് ചരിക്കുന്നത്. കടംകയറി മുടിഞ്ഞ് കുത്തപാളയെടുത്താലും വികസനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത് ചങ്ങാത്തമുതലാളിത്തത്തിന്റെ അടിയുറച്ച പ്രയോക്താവായതിനാലാണ്. അദ്ദേഹത്തിന്റെ കേവലം അഞ്ച് വർഷത്തെ ഭരണത്തിനുള്ളിൽ സംസ്ഥാനത്തിന്റെ വായ്പാഭാരം രണ്ടുമടങ്ങായത് മുതലാളിത്ത വികസനത്തിന്റെ ഈ ഭ്രാന്ത് മൂലമാണ്. തകർച്ചയുടെ നെല്ലിപ്പലക കാണുമ്പോഴും സിൽവർലൈൻ പദ്ധതിക്കുവേണ്ടി വീണ്ടും സഹസ്രകോടികൾ വായ്പ എടുക്കാൻ തീവ്രമായി ശ്രമിക്കുന്നതും ഇക്കാരണത്താലാണ്. ഇന്ന് കേരളം അഭിമൂഖീകരിക്കുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ ഒന്നാം പ്രതി പിണറായി വിജയൻ സർക്കാരാണ്.
ബജറ്റിനു പുറത്തു കടമെടുക്കുകയും ചെലവഴിക്കുകയും ചെയ്യുന്ന പുതിയ സമ്പ്രദായത്തിന് പിണറായി സർക്കാർ തുടക്കമിട്ടു
ഭരണനിർവ്വഹണരംഗത്ത് ആഗോളവ്യാപകമായി മുതലാളിത്തരാജ്യങ്ങൾ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾക്കുമുമ്പ് തുടക്കം കുറിച്ച സാമ്പത്തികവിനിയോഗ സമ്പ്രദായമാണ് ഒന്നാം പിണറായി മന്ത്രിസഭ ഭരണമേറ്റെടുത്ത നാൾ മുതൽ കേരളത്തിൽ തുടരുന്നത്. ഇന്നോളം നിലനിന്നിരുന്ന സാമ്പത്തിക വിനിയോഗ രീതികളിൽ നിന്നുള്ള ഗൗരവതരമായ ഒരു മാറ്റമായിരുന്നു അത്. അതിന് ചുക്കാൻപിടിച്ചതാകട്ടെ അന്നത്തെ ധനമന്ത്രി തോമസ് ഐസക്ക് ആയിരുന്നു. സമാഹരിക്കാൻ കഴിയുന്ന വരുമാനവും അതു ചെലവഴിച്ച് നടപ്പാക്കേണ്ടുന്ന പദ്ധതികളും നിയസഭയിലവതരിപ്പിക്കുന്ന ബജറ്റിലൂടെ പ്രഖ്യാപിക്കുക എന്ന സാമ്പ്രദായിക രീതിയിൽ വ്യതിയാനം വരാൻ തുടങ്ങി. കർശനമായ ഓഡിറ്റ് നടക്കുന്ന ബജറ്റ് ചെലവുകൾക്കു ബദലായി ബജറ്റിനുപുറത്ത് കടമെടുക്കുകയും ചെലവഴിക്കുകയും സ്പെഷ്യൽ പർപ്പസ് വെഹിക്കിളുകളും കൺസൽട്ടൻസികളും വഴി പദ്ധതി നിർവ്വഹണവും നടത്തുന്ന രീതി വ്യാപകമായി വന്നു. കിഎഫ്ബി ഇത്തരത്തിലുള്ള സാമ്പത്തിക വിനിമയരീതിയുടെ പ്രധാന ഉപകരണവുമായി മാറി. പൊതുമാർക്കറ്റിൽനിന്ന് ഉയർന്ന പലിശയ്ക്ക് കടമെടുത്തും ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽവരെ ലിസ്റ്റു ചെയ്ത് ഉയർന്ന പലിശ നിരക്കുള്ള ബോണ്ടുകളിലൂടെയും കണ്ടെത്തുന്ന പണം ചെലവഴിക്കുന്നതാകട്ടെ പ്രധാനമായും വൻകിട നിർമ്മാണക്കമ്പനികൾക്ക് ലാഭമുണ്ടാക്കിക്കൊടുക്കുന്ന വിധത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കാണ്. കൺസൾട്ടൻസി ഏജൻസികൾ വഴി നടത്തുന്ന ഈ ചെലവുകൾ സിഎജിയുടെ ഓഡിറ്റിനുപോലും വിധേയമാക്കാൻ സർക്കാർ സമ്മതിക്കുന്നില്ല. സാമ്പത്തിക രംഗത്തിന് ഉത്തേജനം പകരുന്ന വിധത്തിൽ, തൊഴിൽ സൃഷ്ടിക്കുകയോ വരുമാനമുറപ്പാക്കുകയോ ചെയ്യുന്ന മേഖലകളിലല്ല ഈ കടമെടുത്ത പണം ചെലവഴിച്ചതെന്ന് കഴിഞ്ഞ കാലങ്ങളിൽ നാം കണ്ടതാണ്. അപ്പോൾ സ്വഭാവികമായും ഉയർന്നുവരുന്ന പലിശ തിരിച്ചടക്കാൻതന്നെ കടമെടുക്കേണ്ട സ്ഥിതി സംജാതമാക്കുന്നു. മാത്രമല്ല ശമ്പളമുൾപ്പെടെയുള്ള നിത്യനിദാനച്ചെലവുകൾ നടന്നു പോകണമെങ്കിലും കടമെടുക്കേണ്ട ദുഃസ്ഥിതി വന്നു ചേരുന്നു.
പൊതുകടം കുറച്ചുകാണിച്ചുകൊണ്ട് വീണ്ടും വായ്പ എടുക്കാൻ കിഎഫ്ബിയെ ബജറ്റിനു പുറത്ത് നിലനിർത്തിയിരിക്കുന്നു
രണ്ടാം പിണറായി സർക്കാരിനു വേണ്ടി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച ഈ വർഷത്തെ സംസ്ഥാന ബജറ്റ് നമുക്കൊന്നു പരിശോധിക്കാം. കടം തിരിച്ചടവ് ഒഴികെ, സംസ്ഥാനത്തിന്റെ ആകെ ചെലവ് 1,73,588 കോടി രൂപയാണ് ബജറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കടമൊഴികെയുള്ള വരവ് 1,34,471 കോടിയും. പൊതുകടം, സംസ്ഥാന ജിഡിപിയുടെ 4.17% അതായത്, 39,117 കോടിയും റവന്യു കടം, 22,968 കോടിയുമായി കണക്കാക്കിയിരിക്കുന്നു. എന്നാൽ കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്നാണ് കേന്ദ്രസർക്കാരും സാമ്പത്തിക വിദഗ്ദരും സിഎജിയുമൊക്കെ ചൂണ്ടിക്കാട്ടുന്നത്. അതിന്റെ കാരണം ലളിതമാണ്. പദ്ധതികൾ പുതിയതായി പ്രഖ്യാപിക്കുന്നതെല്ലാം കിഫ്ബി വഴിയാണ്. അതായത്, സംസ്ഥാനത്തെ മൂലധന ച്ചെലവെല്ലാം കിഫ്ബി വഴി മാത്രമാകുന്നു. അതെല്ലാം ബജറ്റിനു പുറത്താണ്. കിഫ്ബിയാകട്ടെ സംസ്ഥാന നിയമസഭയോടോ ഓഡിറ്റിംഗ് സംവിധാനത്തോടോ വിധേയമല്ലാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന സ്ഥാപനമാണെ ന്നാണ് സർക്കാർ നിലപാട്. പക്ഷേ, യഥാർത്ഥത്തിൽ കിഫ്ബി സ്വന്തമായി യാതൊരു വരുമാനവുമില്ലാത്ത സ്ഥാപനമാണ്. സംസ്ഥാനത്തെ റോഡ് നികുതിയടക്കമുള്ള നികുതികളിൽ നിന്നുള്ള വരുമാനമാണ് കിഫ്ബിക്കായി നീക്കിവെച്ചിരിക്കുന്നത്. അതായത് ഒരു വശത്ത് കിഫ്ബി സർക്കാരിന്റെ വരുമാനത്തിന്റെ ഒരു ഭാഗം ബജറ്റിനു വെളിയിൽ സ്വന്തമാക്കുന്നു. മറുവശത്ത്, കിഫ്ബി ഉണ്ടാക്കുന്ന സഹസ്ര കോടികളുടെ ബധ്യത സംസ്ഥാനത്തിന്റെ തലയിൽ ആണുതാനും. എന്നാൽ കിഫ് ബി വഴി എടുക്കുന്ന കടമോ ബാധ്യതകളോ ബജറ്റിൽ ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തില് സർക്കാരിന്റെ ആകെ കടത്തിന്റെ കൂടെ കിഫ്ബി ബാധ്യത കൂടി കാണിക്കണം എന്നാണ് കേന്ദ്രനിർദ്ദേശം. എന്നാൽ ഈ നിർദ്ദേശം പാലിക്കപ്പെടുകയാണെങ്കിൽ പൊതുകടത്തിന്റെ തുക വീണ്ടും വർദ്ധിക്കുമെന്നതിനാൽ കൂടുതൽ കടമെടുക്കാനുള്ള സംസ്ഥാനത്തിന്റെ പരിധിയെ അത് ബാധിക്കുന്നു. ഇതിൽനിന്ന് നമുക്ക് മനസ്സിലാക്കാവുന്ന കാര്യം കൂടുതൽ, കൂടുതൽ കടമെടുക്കുന്നതിനുംകൂടി വേണ്ടിയാണ് കിഫ്ബിയെ ബജറ്റിനും ഓഡിറ്റിംഗിനും പുറത്തു നിർത്തിയിരിക്കുന്നത്. സംസ്ഥാനം ക്രമേണ നടന്നടുക്കുന്ന സാഹചര്യത്തിന്റെ അപകടാവസ്ഥ മനസ്സിലാക്കാൻ ഈയൊരു ഉദാഹരണം മാത്രം മതി.
സർക്കാർ ഖജനാവ് പൊതുവിദ്യാഭ്യാസത്തിനും പൊതുജനാരോഗ്യത്തിനും ജനക്ഷേമത്തിനുമായിരിക്കണം
ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകുന്നതാണ് സാമ്പത്തികപ്രതിസന്ധിയുടെ കാരണമെന്ന നിലയിൽ ഒരു മാധ്യമപ്രചാരവേല സംസ്ഥാനത്ത് നടക്കുന്നുണ്ട്. തീർത്തും അനാവശ്യവും സൃഷ്ടിപരമല്ലാത്തതുമായ ചില ഭരണസംവിധാനങ്ങളൊഴികെ, സർക്കാരിന്റെ ബൃഹദ് സംവിധാനം പ്രവർത്തിക്കുന്നത് വിപുലമായ സാമൂഹ്യആവശ്യകതയെ മുൻനിർത്തിയാണെന്ന വസ്തുത, ഈ പ്രചാരവേലക്കാർ തമസ്കരിക്കുന്നു. പൊതുവിദ്യാഭ്യാരംഗംത്തും ജനാരോഗ്യമേഖലയിലും മറ്റ് ജനക്ഷേമ മേഖലകളിലും മുടക്കുന്ന തുക, ഏറ്റവും സൃഷ്ടിപരമായിട്ടുള്ള നിക്ഷേപമാണ്. ഒരു വികസിത സമൂഹത്തിന്റെ അടിസ്ഥാനാവശ്യകതയായി ഗണിക്കേണ്ടുന്ന രംഗങ്ങളാണിവ. അധ്യാപകർക്ക് ശമ്പളം നൽകുന്നതിന്റെ പ്രഥമലക്ഷ്യം അയാളെ സാമ്പത്തികമായി നിലനിർത്തുക എന്നതല്ല, മറിച്ച് വളരെ ഉയർന്ന സാമൂഹ്യാവശ്യകത നിറവേറ്റുക എന്നതാണ്. വിദ്യാഭ്യാസം നൽകേണ്ടുന്ന സാമൂഹ്യ ഉത്തരവാദിത്തം ഒരാധുനിക ജനായത്ത സർക്കാരിന്റെ പ്രഥമപരിഗണനയായി വന്നപ്പോഴാണ് അധ്യാപകർ സൃഷ്ടിക്കപ്പെട്ടത്. വിദ്യാഭ്യാസ- ആരോഗ്യ രംഗങ്ങളിൽ നിന്ന് സർക്കാരുകൾ പിൻവാങ്ങുന്നതുവഴി ഉണ്ടാകുന്ന ദുരന്തങ്ങൾക്ക് ഇന്ന് സമൂഹം സാക്ഷ്യം വഹിക്കുകയാണ്. ഈ രംഗങ്ങളിൽ സർക്കാർ മുതൽമുടക്ക് വർദ്ധിപ്പിക്കുക എന്നതായിരിക്കണം ശരിയായ ഡിമാന്റ്.
സർക്കാർ ചെലവിന്റെ നല്ലൊരു ഭാഗവും മുൻകാല കടങ്ങളുടെ തിരിച്ചടവിനും പലിശയ്ക്കുമാണ് യഥാർത്ഥത്തിൽ വിനിയോഗിക്കുന്നത്. 2022-23 സാമ്പത്തിക വർഷത്തിൽ 83054 കോടിയുടെ വായ്പ ആവശ്യമാണെന്ന് കണക്കാക്കുമ്പോൾ, ചെലവിൽ 55198 കോടിയും വായ്പാ തിരിച്ചടവിനാണ് കണക്കാക്കുന്നതെന്നു കാണാം. ചെലവിന്റെ 20% പെൻഷൻ നൽകാനായി വിനിയോഗിക്കുന്നത് അംഗീകരിക്കുമ്പോൾ തന്നെ, 19.4% പലിശയടവിനാണ് വേണ്ടി വരുന്നത് എന്ന യാഥാർത്ഥ്യം കൂടി കാണണം. ഈ വർഷം പലിശ ചെലവ് 17% കണ്ട് ഉയരുമ്പോൾ ശമ്പളച്ചെലവ് മുൻ വർഷത്തെ അപേക്ഷിച്ച് 5% കുറയുമെന്നാണ് കണക്കാക്കുന്നത്. ഇതാണ് വസ്തുത. എഡിബിയിൽനിന്നും ലോകബാങ്കിൽ നിന്നുമൊക്കെ എടുത്ത വായ്പകൾക്കൊപ്പം ഒപ്പിട്ടു നൽകിയ കരാറുകളിൽ ആവശ്യപ്പെട്ടതും ഇതുതന്നെ ആയിരുന്നു. ഘടനാപരമായ പരിഷ്കാരങ്ങളിലൂടെ പൊതുമേഖലയും ജീവനക്കാരെയും വെട്ടിക്കുറച്ച്, ചെലവു കുറയ്ക്കുക, അങ്ങനെ മിച്ചം പിടിക്കുന്ന തുകകൾകൊണ്ട് അവരുടെ വായ്പകളും പലിശയും തിരിച്ചടയ്ക്കുക. ഈ നിയോ ലിബറൽ കുറിപ്പടിയാണ് കഴിഞ്ഞ രണ്ട് ദശകങ്ങളായി കേരളത്തിൽ നടക്കുന്നത്. ഇത് ഏറ്റവും കാര്യക്ഷമമായി നടപ്പാക്കുന്നത് പ്രഖ്യാപിത വലതുപക്ഷമായ യു ഡി എഫിന്റെ സർക്കാരുകളായിരുന്നില്ല. ഇടതുപക്ഷം എന്ന ലേബലിൽ ഭരിച്ച എൽഡിഎഫ് സർക്കാരുകളായിരുന്നു. ഇതിന്റെ പരിണതിയാണ് സംസ്ഥാനത്തിന്റെ ആകെ ജിഡിപിയുടെ 39.87% കടബാധ്യതയായി മാറിയ നിലവിലെ അവസ്ഥ. കടം വാങ്ങി കടം വീട്ടുകയാണ് സർക്കാരിന്റെ ഇപ്പോഴത്തെ സാമ്പത്തിക മാനേജ്മെന്റ്. ഇത് കടക്കെണിയാണെന്ന് മനസ്സിലാക്കാൻ സാമാന്യബുദ്ധി മതി. പക്ഷേ എന്നിട്ടും വീണ്ടും ആവേശത്തോടെ വായ്പകൾക്കു പിന്നാലെ പായുകയാണ് സർക്കാർ.
അന്താരാഷ്ട ധനകാര്യ സ്ഥാപനങ്ങളുടെ കുറിപ്പടികൾ സംസ്ഥാനത്തെ അപകടത്തിലേക്ക് നയിക്കുന്നു
തുടർച്ചയായ പ്രളയവും കോവിഡുമൊക്കെയാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി തകർത്തതെന്ന് സര്ക്കാര് നടത്തുന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. കഴിഞ്ഞ രണ്ടു ദശകങ്ങൾക്കിടയിൽ എത്രയോ തവണ സംസ്ഥാനം ഓവർ ഡ്രാഫ്റ്റിലേക്കും ട്രഷറി സ്തംഭനത്തിലേക്കും നീങ്ങിയിരിക്കുന്നു. അതായത് ആഴത്തിലുള്ള പ്രശ്നങ്ങൾ കാലങ്ങളായി കേരളത്തിന്റെ സമ്പദ് ഘടന നേരിടുന്നുണ്ട്. എന്നാൽ പ്രശ്നപരിഹാരത്തിനുള്ള നടപടികൾ കൈക്കൊള്ളുന്നതിനു പകരം അന്താരാഷ്ട ധനകാര്യ സ്ഥാപനങ്ങളുടെ വായ്പകൾ കൈ നീട്ടി വാങ്ങി അവരുടെ തീട്ടൂരങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുക എന്നതാണ് നാളിതുവരെ എല്ലാ സർക്കാരുകളും ചെയ്തു പോരുന്നത്. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചും കരാർ നിയമനം വ്യാപകമാക്കിയും സർക്കാരുകളെ സ്ലിമ്മാക്കുക എന്നാക്കുക എന്നതാണ് സാമ്രാജ്യത്വ ധനകാര്യ സ്ഥാപനങ്ങളുടെ വളരെ സുപ്രധാനമായ ശുപാർശ. ഈ വിധത്തിലുള്ള ഭരണപരിഷ്കാരങ്ങളുടെ പൈലറ്റ് പദ്ധതികൾ നടപ്പാക്കാനും ഇതേ ഏജൻസികൾ വൻ വായ്പകളും നൽകുന്നു. കടഭാരത്തിന്റെ അളവ് കൂട്ടുന്ന വായ്പകളിൽ ഇവയുമുണ്ട്.
ഭരണച്ചെലവുകളും പാഴ്ച്ചെലവുകളും വെട്ടിക്കുറയ്ക്കുക എന്ന നിർദ്ദേശം എത്രയോ കമ്മീഷനുകൾ ശക്തമായി നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ അവയൊന്നും നടപ്പാക്കാൻ മുതിർന്നിട്ടില്ല. കാരണം ദുർച്ചെലവിന്റെ പ്രയോക്താക്കൾ രാഷ്ട്രീയ നേതൃത്വം തന്നെയാണ് എന്നതാണ്. ചരക്കു സേവന നികുതി വന്നതോടെ കേരളത്തിന്റെ തനത് വരുമാന മാർഗങ്ങൾ ഇടിഞ്ഞു എന്നാണ് ഇപ്പോൾ സർക്കാർ വിലപിക്കുന്നത്. എന്നാൽ ജിഎസ്ടി യെ തുടക്കത്തിൽ ഏറ്റവും പിന്തുണച്ചതും ജിഎസ്ടിയിലൂടെ ഏറ്റവും പ്രയോജനം കേരളത്തിനാണെന്ന് വാദിച്ചതും സിപിഐ(എം) നേതാവും മുൻധനകാര്യ മന്ത്രിയുമായ തോമസ് ഐസക്കായിരുന്നു എന്നത് ആരും മറന്നുകാണില്ല. ഇപ്പോഴും നയപരമായി ജിഎസ്ടിയെ ഇവർ തള്ളിപ്പറയുന്നില്ല.
മറ്റൊരു കാര്യം കേരള സർക്കാരിന്റെ നികുതി പിരിച്ചെടുക്കൽ ശേഷി ഓരോ വർഷവും കുറയുന്നതായുള്ള വസ്തുതയാണ്. അതായത്, ഓരോ മേഖലയിൽ നിന്നും ലഭിക്കേണ്ടുന്ന നികുതി കൃത്യമായി പിരിച്ചെടുക്കുന്നതിൽ നിലനിൽക്കുന്ന പരാധീനത, നികുതിവെട്ടിപ്പുകാരായ വൻകിടക്കാരെ സഹായിക്കുന്നതിൽ നിന്നുണ്ടാകുന്നതാണ്. ഇത് പരിഹരിക്കുന്നതിനു പകരം പിരിക്കാൻ എളുപ്പമായ പെട്രോളിയം, റോഡ് നികുതി തുടങ്ങിയവ വീണ്ടും വീണ്ടും വർദ്ധിപ്പിക്കുന്നു.
കടം വാങ്ങിയുള്ള ഭരണനിർവ്വഹണത്തെയും വികസനത്തെയും ചെറുത്തു പരാജയപ്പെടുത്തുക
കടക്കെണിയിലകപ്പെട്ട് രക്ഷാമാർഗ്ഗങ്ങളെല്ലാം അടഞ്ഞ നിരവധി മുതലാളിത്ത രാജ്യങ്ങൾ തകർന്നടിയുന്നത് നാം ഇന്ന് കാണുന്നു. കടം കയറി മുടിഞ്ഞുകൊണ്ടി രിക്കുന്ന വേളയിലാണ് ശ്രീലങ്ക, ഭീമമായ വായ്പ വാങ്ങി കൊളംബോയിൽ തങ്ങളുടെ രണ്ടാമത്തെ വിമാനത്താവളം പണിയാൻ തീരുമാനിച്ചത്. നിരവധി വ്യക്തികളും സംഘടനകളും ഒറ്റക്കെട്ടായി വിമർശനം അഴിച്ചുവിട്ടു. ചെവിക്കൊള്ളാൻ സർക്കാർ തയ്യാറായില്ല. ലോകത്തിനുമുമ്പിൽ ഭിക്ഷാപാത്രവുമായി യാചിക്കേണ്ടുന്ന സ്ഥിതിയില്ക്ക് ആ രാജ്യത്തെ ചവിട്ടിത്താഴ്ത്തിയത് മുതലാളിത്തത്തിന്റെ ഈ വികസനഭ്രാന്താണ്.
ഇതേ പാതയിലാണ് നമ്മുടെ രാജ്യവും സംസ്ഥാന സർക്കാരുകളും സഞ്ചരിക്കുന്നത്. ലക്കും ലഗാനുമില്ലാതെ വായ്പ വാങ്ങിയുള്ള വികസനം നമ്മുടെ രാജ്യത്തെയും ക്രമേണ തകർച്ചയിലേക്കാണ് നയിക്കുന്നത്. അതിനാൽ കടം വാങ്ങിയുള്ള ഭരണനിർവ്വഹണത്തെയും വികസനത്തെയും ചെറുത്തുപരായജയപ്പെടുത്താനായി ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കേണ്ടിയിരിക്കുന്നു.