രണ്ടാം പിണറായി ഭരണം സംസ്ഥാനത്തിനുമേല്‍ ദുരന്തമായി മാറിയിരിക്കുന്നു. ‘മുതലാളിമാരുടെ സര്‍ക്കാര്‍’ എന്ന ബ്രാന്റ് നെയിം അഭിമാനപൂര്‍വ്വം അണിയുകയാണ് ഇടതുമുന്നണി സര്‍ക്കാര്‍. ഈ നാടിന്റെ മഹിമയായി വാഴ്ത്തപ്പെടുന്ന ഇടതുപക്ഷരാഷ്ട്രീയ പാരമ്പര്യം അങ്ങനെ പട്ടടയില്‍ എരിഞ്ഞുതീരുന്നു. തൊഴിലാളിതാല്‍പ്പര്യം, ജനഹിതം തുടങ്ങിയവയൊക്കെ ഭരണകക്ഷി നേതാക്കന്മാരില് സൃഷ്ടിക്കുന്നത് പുച്ഛവും പരിഹാസവുമാണ്. സമരം സൃഷ്ടിക്കുന്നതാകട്ടെ രോഷവും അസഹിഷ്ണുതയും. സിപിഐ(എം) കേരളത്തെ എവിടേയ്ക്കാണ് നയിക്കുന്നത്?
സാമൂഹ്യ-രാഷ്ട്രീയരംഗത്തെ പതനം എല്ലാ സീമകളെയും ലംഘിച്ചുകഴിഞ്ഞു. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അവശേഷിച്ചിരുന്ന നാട്യങ്ങളും ഉപേക്ഷിച്ചുകൊണ്ടുള്ള നഗ്നമായ മുതലാളിവര്‍ഗ്ഗ സേവയാണ് അരങ്ങുതകര്‍ക്കുന്നത്. അടിച്ചമര്‍ത്തലിന്റെ ഏതറ്റംവരെ പോയും, എന്ത്നീചമാര്ഗ്ഗത്തിലൂടെയും മൂലധനനിക്ഷേപത്തിന് വഴിതുറക്കുന്നതാണ് വിഖ്യാതമായ വികസനം. അദാനിയോടുള്ള വിശ്വസ്തത നിറവേറ്റിക്കൊണ്ട് പാവപ്പെട്ട മല്‍സ്യത്തൊഴിലാളികളെ വേട്ടയാടുന്നു. ജനങ്ങളുടെ അവസാന തുള്ളി ചോരയും ഊറ്റിക്കുടിക്കുന്ന മുതലാളിത്ത ഭീകരതയുടെ പര്യായമായ വികസനത്തിന്റെ പേരില്‍ മുതലാളിമാര്‍ക്ക് ആയാസരഹിതമായി കച്ചവടം നടത്തി, ചൂഷണം കൊഴുപ്പിക്കാന്‍ വഴിയൊരുക്കുന്ന പണിയാണ് പിണറായി സര്‍ക്കാര്‍ രാപകല്‍ ചെയ്യുന്നത്. ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് ‘ എന്നാണ് പ്രസ്തുത ഏര്‍പ്പാടിന്റെ പേര്. ഇത് കേരളത്തിന് പുരോഗതി കൊണ്ടുവരുമത്രേ. തിളങ്ങുന്ന ഈ ‘പുരോഗതി’യുടെ ഫലമായി ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ തൊഴിലും ജീവിതവും ലക്ഷ്യമാക്കി യൂറോപ്പിലേയ്ക്കും അമേരിക്കന്‍ വന്‍കരയിലേയ്ക്കും ദക്ഷിണധ്രുവ രാജ്യങ്ങളിലേയ്ക്കും കുടിയേറുകയാണ്.
തൊഴിലവകാശങ്ങളെ, നവലിബറല്‍ മുതലാളിയുടെ മനോഘടനയോടുകൂടി ധിക്കാരപൂര്‍വ്വം പിണറായി ഭരണം കുഴിവെട്ടി മൂടുകയാണ്. അതിന്റെ ഉത്തമദൃഷ്ടാന്തമാണ് കെഎസ്ആര്‍ടിസി എന്ന പൊതുമേഖലാ സ്ഥാപനത്തിനുള്ളില്‍ രൂപീകരിച്ച കെ-സ്വിഫ്റ്റ് എന്ന കമ്പനിയുടെ തൊഴില്‍ വ്യവസ്ഥകള്‍. പണിയെടുക്കുന്നവന്റെ ചോരയൂറ്റുന്ന കരാര്‍ തൊഴില്‍ മുഴുവന്‍ നിയമനങ്ങളുടെയും അടിസ്ഥാനമാക്കിയിരിക്കുന്നു. ലുലുമാളിന്റെ മുതലാളിയെ കേരളത്തിന്റെ അംബാസിഡറെന്നു വിളിച്ച് മുഖ്യന് ആഹ്ലാദിക്കുമ്പോള്‍ തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയത്തെ പ്രാണനെപ്പോലെ ഗണിച്ച എണ്ണമറ്റ ഇടതുപക്ഷ വിശ്വാസികളുടെ നെഞ്ചുപിടയുകയാണ്. പട്ടിണി കിടക്കുന്ന കോരന് കളി കണ്ട് ആനന്ദിക്കേണ്ടതില്ലെന്ന ഒരു മന്ത്രിയുടെ വാക്കുകളില്‍ പട്ടിണിക്കോലങ്ങളോടുള്ള അറപ്പും നിന്ദയുമാണ് പ്രതിഫലിക്കുന്നത്.
മുക്കാലും മുടിഞ്ഞ ഖജനാവില്‍നിന്നും പാര്‍ട്ടി മേലാളന്മാര്ക്കും തമ്പുരാക്കന്മാര്ക്കും നാണമില്ലാതെ വാരിക്കോരി നല്കുന്നു. ഇടഞ്ഞുനില്‍ക്കുന്ന കണ്ണൂര്‍ നേതാവിന് ലക്ഷങ്ങളുടെ ബുള്ളറ്റ്പ്രൂഫ് കാറ് മുതല്‍ യുവജനക്ഷേമത്തിന്റെ ചെയര്‍പേഴ്സണ്‍ ലക്ഷം രൂപ ശമ്പളം വരെ ഖജനാവില്‍ നിന്ന് കൈപ്പറ്റാന്‍ ഇക്കൂട്ടര്‍ക്ക് ഒരു ഉളിപ്പുമില്ല. പാവപ്പെട്ട നിക്ഷേപകരുടെ പണം കട്ടുമുടിച്ച നേതാക്കന്മാരാല് നയിക്കപ്പെടുന്ന സഹകരണസംഘങ്ങളെ താങ്ങാനും ജനങ്ങളുടെ പിച്ചക്കാശു തന്നെ. കത്തുന്ന പുരയുടെ അവസാന കഴുക്കോലും ഊരുകയാണ് ഇവര്‍. മുതലാളിമാര്‍ക്കു നല്‍കുന്നതിന്റെ നൂറിലൊന്നുപോലുമില്ലാത്ത ഉച്ചിഷ്ടം നാട്ടുകാര്‍ക്ക് എറിഞ്ഞുകൊടുക്കുന്നതാണ് പിണറായി നയിക്കുന്ന ‘ജനകീയ ഭരണം’. ചാനലുകളില്‍ ഈ ദുര്‍ഭരണത്തെ താങ്ങി പച്ചനുണകള്‍ വിളമ്പാന്‍ എത്തുന്ന നേതാക്കന്മാരുടെ തൊലിക്കട്ടിക്കുമുമ്പില്‍ വലതു രാഷ്ട്രീയക്കാര്‍പോലും നാണംകെട്ടു പോകുന്നു.
കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിനെപ്പോലെതന്നെ തുടര്‍ഭരണം, തങ്ങളുടെ എല്ലാ ദുഷ്ചെയ്തികള്‍ക്കും ജനങ്ങള്‍ നല്‍കിയിരിക്കുന്ന അംഗീകാരമാണ് എന്നാണ് വ്യാഖ്യാനം. കടുത്ത ജനദ്രോഹ നയങ്ങള്‍ നടപ്പിലാക്കുന്നു എന്നുള്ളതു മാത്രമല്ല, കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷത്തെ മലീമസമാക്കുന്നതിലും സംഘപരിവാറിനേക്കാള്‍ ഒട്ടുംകുറഞ്ഞ പങ്കല്ല കേരളത്തില്‍ ഇവര്‍ നിര്‍വ്വഹിക്കുന്നത്.
ദുസ്സഹമാകുന്ന വിലക്കയറ്റവും ജീവിതച്ചെലവുകളും
ഭക്ഷ്യവസ്തുക്കളടക്കം നിത്യോപയോഗ സാധനങ്ങളുടെ, മാസങ്ങളായി തുടരുന്ന വിലവര്‍ദ്ധനവ് ഒരു മാറ്റവുമില്ലാതെ മുന്നോട്ട് പോകുകയാണ്. കേരളത്തിലെ വിലക്കയറ്റത്തിന്റെ രൂക്ഷത യൂണിറ്റി മുന്‍ലക്കങ്ങളിലും പ്രതിപാദിച്ചിട്ടുള്ളതാണ്. ഒരു കിലോ അരിക്ക് പൊതുകമ്പോളത്തില്‍ 60 രൂപയ്ക്ക് മുകളില്‍ തുടരുകയാണ്. മുളക്, മല്ലി, ആട്ട, റവ, ഭക്ഷ്യഎണ്ണകള്‍, സോപ്പ്, പേസ്റ്റ് എന്നുവേണ്ട എല്ലാ നിത്യോപയോഗവസ്തുക്കള്ക്കും തൊട്ടാല്‍ പൊള്ളുന്ന വിലയാണ്. രാജ്യത്താകമാനം വിലക്കയറ്റംമൂലം ജനങ്ങള്‍ ദുരിതം അനുഭവിക്കുകയാണ്. കേരളത്തില്‍ ഇത് ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ്. ഒരു കുടുംബത്തിന് ഒരു മാസം പാചകവാതകത്തിന് മാത്രം 1100 രൂപയ്ക്ക് മുകളില്‍ നല്‍കണം. പെട്രോള്‍ വില നൂറിന് മുകളിലായിട്ട് മാസങ്ങള്‍ പിന്നിട്ടു. ഇതിനുശേഷം ലോക കമ്പോളത്തില്‍ ക്രൂഡ് ഓയില്‍ വിലയില്‍ കാര്യമായ കുറവുവന്നു. എണ്ണക്കമ്പനികള്‍ വില കുറയ്ക്കുന്നില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാകട്ടെ അവരുടെ ഭീമമായ നികുതിയില്‍ യാതൊരു ഇളവും വരുത്താന്‍ തയ്യാറുമല്ല. പരസ്പരം പഴിചാരി ജനങ്ങളെ കൊഞ്ഞനം കുത്തുകയാണിവര്. ഇന്ധന വിലവര്‍ദ്ധനവിന്റെ പേരില്‍ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. വീണ്ടും ഇരുട്ടടി എന്നപോലെ വൈദ്യുതി ചാര്‍ജ് അതിഭീമമായി വര്‍ദ്ധിപ്പിച്ചു. എല്ലാവിധ മരുന്നുകളുടെയും വില വന്‍തോതില്‍ വര്‍ദ്ധിച്ചു. എല്ലാ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുമുള്ള ഫീസുകളും വലിയതോതില്‍ വര്‍ദ്ധിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ ജിഎസ്ടി അടക്കമുള്ള നയങ്ങള്‍ വിലക്കയറ്റം രൂക്ഷമാക്കുമ്പോള്‍, സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങളും സമാനമായ രീതിയില്‍ ജനദ്രോഹകരമാണ്. ചെറുകിട വ്യാപാരരംഗം വന്‍കിട കുത്തകകള്‍ക്കായി തുറന്നിട്ടു കൊടുക്കുന്നതുള്‍പ്പെടെയുള്ള നയങ്ങളുടെ സ്വാഭാവിക പരിണതി തന്നെയാണ് ഇന്നത്തെ സ്ഥിതിവിശേഷം. ഇത്തരം നയങ്ങളെ എതിര്‍ക്കുന്നു എന്ന നാട്യം മുന്‍പ് ഇടത് മുന്നണിക്കുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേരളത്തിന്റെ മുക്കിലും മൂലയിലുംവരെ വന്‍കിട കുത്തകകളുടെ മാളുകള്‍ സ്ഥാപിക്കപ്പെട്ടുകഴിഞ്ഞു. ലുലു മാളിന്റെ മുതലാളി കേരളത്തിന്റെ അംബാസഡര്‍ ആണെന്ന് എഴുന്നള്ളിക്കാന്പോലും മുഖ്യമന്ത്രിക്ക് ഒരു ഉളുപ്പുമില്ലാതായി. കേന്ദ്രത്തില്‍ ആയാലും സംസ്ഥാനങ്ങളില്‍ ആയാലും സര്‍ക്കാരുകള്‍ ഈ കോര്‍പ്പറേറ്റുകളുടെ പാദസേവക്കായി മത്സരിക്കുകയാണ്. അപ്പോള്‍ അവര്‍ എങ്ങനെ പൊതുവിതരണം ശക്തിപ്പെടുത്തി വിലക്കയറ്റം തടയുമെന്ന് നമുക്ക് പ്രതീക്ഷിക്കാന്‍ കഴിയും. അതിരൂക്ഷമായ ജനകീയ പ്രക്ഷോഭത്തിന്റെ സമ്മര്‍ദ്ദത്തിലൂടെയല്ലാതെ അത്തരം ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല.
ഭയാനകമായി പെരുകുന്ന പൊതുകടം; ഇല്ലാതാകുന്ന ജനക്ഷേമ പദ്ധതികള്‍
കേരളത്തിന്റെ പൊതുകടം ഇപ്പോള്‍ 3,32,300 കോടി രൂപയാണ്. 2016-17ല്‍ ഇത് 1,89,768 കോടിയായിരുന്നു. ഇന്ത്യയിലെ ഏറ്റവും അധികം കടമുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. കടമെടുപ്പ് പരിധിയെ മറികടക്കാന്‍ കിഫ്ബി, സാമൂഹ്യ സുരക്ഷാ പെന്ഷന് ലിമിറ്റഡ് തുടങ്ങിയ സംവിധാനങ്ങള്‍ സൃഷ്ടിച്ച് അവയിലൂടെയും വായ്പകള്‍ എടുത്തു. എന്നാല്‍ ഇവയുടെയെല്ലാം തിരിച്ചടവ് ബാധ്യത സര്‍ക്കാര്‍ എടുക്കേണ്ടതും ജനങ്ങളുടെ തലയില്‍ വരുന്നതുമാണ്. സര്‍ക്കാരിന്റെ എല്ലാ നിത്യനിദാന ചെലവുകളും ഇന്ന് കടം വാങ്ങിയാണ് നടത്തുന്നത്. സംസ്ഥാന വരുമാനത്തിന്റെ നല്ലൊരു പങ്കും വായ്പാ പലിശ തിരിച്ചടവിനാണ് ചെലവഴിക്കുന്നത്.
സര്‍ക്കാരിന്റെ സാമ്പത്തിക വിശാരദന്മാര് അവകാശപ്പെടുന്നത് കടം വാങ്ങിയുള്ള വികസന പ്രവര്‍ത്തനങ്ങളിലൂടെ വലിയ പുരോഗതി കേരളം കൈവരിക്കും എന്നാണ്. എന്നാല്‍ ഇന്നത്തെ ലോകരാജ്യങ്ങള്‍ നല്കുന്ന ചിത്രം വേറൊന്നാണ്. കേരളത്തില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനുള്ളില്‍ സര്‍ക്കാരുകള്‍ വാങ്ങിക്കൂട്ടിയ ഭീമമായ തുകകള്‍കൊണ്ട് എന്തു വികസനമാണ് നടപ്പാക്കിയിട്ടുള്ളതെന്ന് പരിശോധിച്ചാല്‍ യാഥാര്‍ത്ഥ്യം വെളിവാകും. കേരളത്തിന്റെ അഭിമാനമായിരുന്ന ആരോഗ്യമേഖലയും, വിദ്യാഭ്യാസ മേഖലയും താറുമാറാക്കി. സാധാരണക്കാര്‍ക്ക് നല്കുന്ന ക്ഷേമ പദ്ധതികള്‍ ഇല്ലാതാക്കുന്നതും സേവന മേഖലകളില്‍നിന്നും സര്‍ക്കാര്‍ പിന്മാറുന്നതും ജീവനക്കാരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതും സബ്സിഡികള്‍ ഇല്ലാതാക്കുന്നതും എല്ലാം വായ്പ തിരിച്ചടവിനായി സ്വീകരിക്കുന്ന ചെലവുചുരുക്കലുകളുടെ ഭാഗമാണ്.
ഈ ഭീമമായ വായ്പകളിലൂടെ എന്ത് വികസനം വന്നുവെന്നോ, എത്ര തൊഴിലവസരങ്ങള്‍ പുതിയതായി സൃഷ്ടിച്ചുവെന്നോ വസ്തുനിഷ്ഠമായി പറയുവാന്‍ ഇവര്‍ക്ക് കഴിയുമോ? സാമ്പത്തിക ഞെരുക്കംമൂലം വയോധികര്‍ക്കും വിധവകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അടക്കം ദുര്‍ബല വിഭാഗങ്ങള്‍ക്ക് നല്കുന്ന തുച്ഛമായ ക്ഷേമപെന്‍ഷനുകള്‍പോലും മാസങ്ങളോളം മുടങ്ങുന്നു. സ്ക്കൂള് കുട്ടികളുടെ ഉച്ചഭക്ഷണത്തിന് നല്കുന്ന തുകയും പാചകക്കാര്‍ക്കു നല്കുന്ന തുച്ഛമായ പ്രതിഫലവും മുടങ്ങുന്നു.
സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി സാധാരണ ജനങ്ങളെ വളരെയധികം ക്ലേശിപ്പിക്കുമ്പോഴും സര്‍ക്കാരിന്റെ ഭരണച്ചെലവും ധൂര്‍ത്തും ഒരു നിയന്ത്രണവുമില്ലാതെ തുടരുകയാണ്. ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്ത് പണിയാന്‍ ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ചു. പാര്‍ട്ടി നേതാക്കള്‍ക്കായി സൃഷ്ടിച്ചിട്ടുള്ള കോര്‍പ്പറേഷനുകള്‍, കമ്മീഷനുകള്‍, ബോര്‍ഡുകള്‍ – ഇത്യാദി ലാവണങ്ങളില്‍ കുടിയിരുത്തിയിരിക്കുന്ന നേതാക്കള്‍ക്ക് ലക്ഷങ്ങള്‍ വിലവരുന്ന കാറുകള്‍, പരസ്യങ്ങള്‍ക്കുവേണ്ടി ചെലവാക്കുന്ന കോടികള്‍… ഒന്നിനും ഒരു നിയന്ത്രണവും ഉണ്ടാകുന്നില്ല. മുഖ്യമന്ത്രിയടക്കമുള്ളവരുടെ വിദേശയാത്ര, വിദേശ ചികിത്സ എന്നിങ്ങനെപോകുന്നു ചെലവുകള്‍. വലതുപക്ഷ രാഷ്ട്രീയ നേതാക്കളെപോലും ലജ്ജിപ്പിക്കുന്നതാണ് ഇക്കൂട്ടരുടെ ഇത്തരം ചെയ്തികള്‍.
പെരുകുന്ന തൊഴിലില്ലായ്മ; ആശയറ്റ യുവജനത
ഭയാനകമായ രീതിയിലാണ് കേരളത്തിലെ തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നത്. നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച് 2021ല്‍ കേരളത്തിലെ 15നും 29നുമിടയില്‍ പ്രയമുള്ളവരുടെയിടയില് തൊഴിലില്ലായ്മ നിരക്ക് 43 ശതമാനമാണ്. അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം.
തൊഴിലില്ലായ്മ ഇത്രയും രൂക്ഷമായിരിക്കെ സര്‍ക്കാര്‍ വന്‍തോതില്‍ തസ്തികകള്‍ ഇല്ലാതാക്കുകയും ഉള്ളവയില്‍ സമയബന്ധിതമായി നിയമനം നടത്താതിരിക്കുകയും ചെയ്യുന്നു. കരാര്‍ നിയമനങ്ങളിലൂടെ പിന്‍വാതില്‍ നിയമനം വ്യവസ്ഥാപിതമാക്കി. പിഎസ് സി പരീക്ഷ എഴുതി യോഗ്യത നേടുന്നവരെ റാങ്ക് ലിസ്റ്റ് കാലഹരണപ്പെടുംവരെ നിയമനം നടത്താതെ പുറന്തള്ളുന്നു. പിഎസ് സിക്ക് പ്രിലിമിനറി എന്ന പരീക്ഷയുംകൂടി അടിച്ചേല്‍പ്പിച്ചു. മോദി സര്‍ക്കാരിനെപ്പോലെതന്നെ ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്ന് നിരന്തരം വീമ്പുപറയുക മാത്രമാണ് ഇവര്‍ ചെയ്യുന്നത്. തൊഴില്‍ ലഭിക്കാതെ ഉദ്യോഗാര്‍ത്ഥികള്‍ ആത്മഹത്യയിലേയ്ക്കുവരെ പോകുന്നു.
തകരുന്ന തൊഴില്‍മേഖല
പിണറായി ഭരണത്തില്‍ തൊഴിലാളികളെ വിവിധ മേഖലകളില്‍ നിഷ്ഠുര ചൂഷണത്തിന് എറിഞ്ഞുകൊടുക്കുകയാണ്. കേരളത്തില്‍ നേടിയെടുത്തിട്ടുള്ള തൊഴിലവകാശങ്ങളെക്കുറിച്ച് വലിയ അവകാശവാദങ്ങള്‍ ഇവര്‍ ഉയര്‍ത്തുന്നുണ്ട്. കേരളത്തില്‍ ഇന്ന് നിരവധി മേഖലകളില്‍ തൊഴിലാളികള്‍ അനുഭവിക്കുന്നത് വലിയ നീതി നിഷേധവും ചൂഷണവുമാണ്. തൊഴിലാളി സമരങ്ങളോടും അവരുടെ ന്യായമായ ആവശ്യങ്ങളോടും ശത്രുതാപരമായ സമീപനമാണ് സര്‍ക്കാര്‍ വച്ചുപുലര്‍ത്തുന്നത്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളത്തിനായി കോടതിയെ സമീപിക്കേണ്ടിവന്നു. സമരം ചെയ്തവരെ കൊടുംകുറ്റവാളികളായാണ് ചിത്രീകരിച്ചത്. സര്‍ക്കാരുകളുടെ കെടുകാര്യസ്ഥതയും അഴിമതിയുംമൂലം കെഎസ്ആര്‍ടിസി നേരിടുന്ന പ്രശ്നങ്ങളുടെ ഉത്തരവാദിത്വം ആ സ്ഥാപനത്തെ നിലനിര്‍ത്തുന്ന തൊഴിലാളികളുടെ തലയില്‍ കെട്ടിവയ്ക്കാനാണ് നോക്കുന്നത്. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അടിച്ചേല്‍പ്പിച്ചുകൊണ്ട് 8 മണിക്കൂര്‍ ജോലി എന്ന ഒന്നര നൂറ്റാണ്ടുമുമ്പ് തൊഴിലാളികള്‍ നേടിയെടുത്തഅവകാശത്തെ കുഴിച്ചുമൂടി. കെ-സ്വിഫ്റ്റിലൂടെ നിശ്ചിതസമയ കരാര്തൊഴിലെന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തൊഴില്‍ നിയമത്തിനനുസൃതമായ നയമാണ് നടപ്പാക്കിയത്.
മിനിമംകൂലി ഇല്ലാതെ പണിയെടുപ്പിക്കുന്ന നിരവധി തൊഴില്‍ മേഖലകള്‍ കേരളത്തിലുണ്ട്. കശുവണ്ടിത്തൊഴിലാളികള്‍, മത്സ്യസംസ്കരണത്തൊഴിലാളികള്, ഓണ്‍ലൈന്‍ വിതരണക്കാര്‍, പ്രത്യേക സാമ്പത്തിക മേഖലയിലെ തൊഴിലാളികള്‍ വന്‍കിട കച്ചവടസ്ഥാപനങ്ങളിലെ ജീവനക്കാര്‍, സ്വകാര്യ സ്കൂള്‍ അദ്ധ്യാപകര്‍-ജീവനക്കാര്‍, സ്വകാര്യ ആശുപത്രി ജീവനക്കാര്‍, 27,000ത്തോളം വരുന്ന ആശ വര്‍ക്കര്‍മാര്‍ തുടങ്ങി, ഇന്ന് സ്വകാര്യ മൂലധനനിക്ഷേപത്തിലൂടെ സൃഷ്ടിക്കപ്പെട്ടു എന്നുപറയുന്ന തൊഴിലുകളില്‍ ഒട്ടുമിക്കവയും അതിനിസ്സാര വേതനം നല്കുന്നവയാണ്.
തൊഴിലാളികള്‍ അവകാശങ്ങള്‍ ചോദിക്കുന്നത് വലിയ കുറ്റകൃത്യമാണെന്നും അതുകൊണ്ട് കേരളത്തിലേക്ക് വ്യവസായികള്‍ വരുന്നില്ല എന്നുമുള്ള പെരുംനുണ വലതുപക്ഷ ശക്തികളോടൊപ്പംചേര്ന്ന് പ്രചരിപ്പിക്കുകയാണിവര്‍. ഈ വാദങ്ങളുടെ മറവില്‍ തൊഴിലാളികള്‍ കഠിന സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ നിഷേധിക്കുകയും കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിദ്രോഹ നയങ്ങള്ക്കിണങ്ങുന്ന നടപടികളുമായി അതിശീഘ്രം മുന്നോട്ടുപോകുകയുമാണ്.
കെഎസ്ആര്‍ടിസി, കെഎസ്ഇബി-പരിഷ്കാരങ്ങളിലൂടെ സ്വകാര്യവല്‍ക്കരണത്തിന് വഴിയൊരുക്കുന്നു
കെഎസ്ആര്‍ടിസി നേരിടുന്ന തകര്‍ച്ച നിരവധിതവണ ചര്‍ച്ച ചെയ്തുകഴിഞ്ഞതാണ്. ജിീവനക്കാരെയും പെന്‍ഷന്‍കാരെയും ദ്രോഹിക്കുന്നു എന്നതുമാത്രമല്ല, പൊതുഗതാഗത സംവിധാനത്തെ തകര്‍ക്കുകകൂടിയാണ് ചെയ്തിരിക്കുന്നത്. സര്‍വീസുകള്‍ ഏതാണ്ട് പകുതിയാക്കി. 2016ല്‍ 6000ത്തിന് മുകളില്‍ സര്‍വീസ് നടത്തിയിരുന്നത് ഇപ്പോള്‍ 3500ല്‍ താഴെയായിരിക്കുന്നു. ഇതുമൂലം സാധാരണക്കാര്‍ അനുഭവിക്കുന്ന യാത്രാക്ലേശം പറഞ്ഞറിയിക്കാനാകില്ല. കെ സ്വിഫ്റ്റ് പോലെയുള്ള സ്വതന്ത്രകമ്പനികള് രൂപീകരിച്ച് സ്വകാര്യവല്‍ക്കരണത്തിലേക്കുള്ള ചുവടുവയ്പാണ് നടത്തുന്നത്.
വൈദ്യുതി നിയമം 2023 വൈദ്യുതി മേഖലയെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയാണ്. കര്‍ഷകരുടെ ഒരു വര്‍ഷം നീണ്ട ഐതിഹാസിക സമരം ഈ നിയമത്തിനെതിരെകൂടിയുള്ളതായിരുന്നു. അതുകൊണ്ടുമാത്രമാണ് അത് വൈകിയത്. എന്നാല്‍, ഇപ്പോള്‍ അതിവേഗം അത് നടപ്പിലാക്കാന്‍ നീക്കം നടക്കുന്നു. കേരളത്തിലാകട്ടെ സംസ്ഥാന സര്‍ക്കാര്‍ അതിനുവേണ്ടുന്ന മുന്നൊരുക്കങ്ങള്‍ ദ്രുതഗതിയില്‍ മുന്നോട്ടുകൊണ്ടുപോകുന്നു. സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ എടുത്ത തീരുമാനമടക്കം ഇതിന്റെ ഭാഗമാണ്. വിശദമായ വൈദ്യുതി ഉപഭോഗരീതി, സമയം എന്നിവ അറിയുന്നതു വഴി ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ദൈനംദിന വൈദ്യുതിയുടെ ഉപയോഗം ക്രമീകരിക്കാമെന്നു പറഞ്ഞാണ് കെഎസ്ഇബി സ്മാര്‍ട്ട് മീറ്റര്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. എന്നാല്‍, സ്മാര്‍ട്ട് മീറ്ററിലൂടെ സ്വകാര്യവത്കരണത്തിന്റെ ഒരു ഘട്ടം പൂര്‍ത്തീകരിക്കപ്പെടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
തകരുന്ന കാര്‍ഷിക മേഖല
എല്ലാ മേഖലകളിലും കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയെ നേരിടുന്നു. ഇതര സംസ്ഥാനങ്ങളില്‍നിന്ന് പൊള്ളുന്ന വിലയ്ക്ക് അരിയും പച്ചക്കറികളും പഴവര്‍ഗങ്ങളും വാങ്ങി ഉപയോഗിക്കുന്ന കേരളത്തില്‍ പക്ഷെ ഇവ ഉല്പാദിപ്പിക്കുന്ന കര്‍ഷകര്‍ വിലകിട്ടാതെയും കടക്കെണിയില്പെട്ടും നട്ടംതിരിയുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. നെല്‍ക്കര്‍ഷകരുടെ നെല്ല് സമയബന്ധിതമായി സംഭരിക്കുന്നതിനോ പ്രതിഫലം യഥാസമയം നല്‍കുന്നതിനോ തയ്യാറാകാത്തതുമൂലം വലിയ ദുരിതമനുഭവിക്കുന്നു. അവശേഷിക്കുന്ന കര്‍ഷകര്‍കൂടി നെല്‍കൃഷി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്നു. പാല് വില കൂട്ടിയത് ക്ഷീരകര്‍ഷകരുടെ പേരില്‍. എന്നാല്‍ അതിനേക്കാള്‍ വലിയതോതില്‍ കാലിത്തീറ്റ വിലവര്‍ദ്ധിപ്പിച്ച് ക്ഷീര കര്‍ഷകരുടെ പ്രതിസന്ധിയും വര്‍ദ്ധിപ്പിച്ചു. റബ്ബറിന്റെ വിലയിടിവ് തടയും എന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം നല്കിയവര് ഇപ്പോള്‍ വാതുറക്കുന്നില്ല. റബര്‍ വില തീരെ താണതുമൂലം ടാപ്പിംഗ് പോലും കര്‍ഷകര്‍ ഉപേക്ഷിക്കുന്നു. ടാപ്പിംഗ് തൊഴിലാളികളും പട്ടിണിയിലാകുന്നു. മലയോര മേഖലകളില്‍ വന്യമൃഗശല്യവും ഇപ്പോള്‍ ബഫര്‍സോണ്‍ ഭീഷണിയും ചേര്‍ന്ന് കര്‍ഷകരെ തകര്‍ത്തിരിക്കുന്നു. ബഫര്‍സോണ്‍ വിഷയത്തില്‍ വലിയ ആശയക്കുഴപ്പം നിലനില്‍ക്കെ കര്‍ഷകരെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമായ ഒരു നിലപാടും കൈക്കൊള്ളുന്നുമില്ല.
ജനങ്ങളെ കുടിയിറക്കുന്ന വന്‍കിട പദ്ധതികള്‍
കെ റെയില്‍, വിഴിഞ്ഞം പദ്ധതികള്‍ വലിയ വികസന പദ്ധതികള്‍ എന്ന രീതിയില്‍ ജനങ്ങളുടെ എതിര്‍പ്പിനെ അടിച്ചമര്‍ത്തി നടപ്പാക്കാനാണ് പിണറായി ഗവണ്മെന്റ് നിരന്തരം ശ്രമിക്കുന്നത്. കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതി ജനങ്ങളുടെ യാത്ര ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടിയുള്ളതല്ല. സാധാരണക്കാര്‍ക്ക് ഇത്ര ഉയര്‍ന്ന ചെലവില്‍ യാത്ര ചെയ്യാന്‍ കഴിയില്ല. ആവശ്യകതയുമില്ല. ഒരു ചെറിയ വിഭാഗം സമ്പന്നര്‍ക്കു മാത്രമാണ് അത് ഉപയോഗിക്കാന്‍ കഴിയുക. എന്നാല്‍ അതുണ്ടാക്കുന്ന കുടിയൊഴിപ്പിക്കല്‍, പാരിസ്ഥിതിക ആഘാതം, കടബാധ്യത എല്ലാം സംസ്ഥാനത്തെ ഒരു വന്‍ദുരന്തത്തിലേക്ക് നയിക്കാന്‍ പോന്നതാണ്. പക്ഷെ, സര്‍ക്കാര്‍ അത് നടപ്പാക്കാന്‍ എല്ലാ തന്ത്രവും പയറ്റുന്നത് അതിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കളായ വന്‍കിട കമ്പനികളുടെ താല്പര്യാര്ത്ഥം മാത്രമാണ്. വിഴിഞ്ഞം പദ്ധതിയും സമാനമായ രീതിയിലാണ്. 33 ശതമാനം പണി പൂര്‍ത്തിയായപ്പോള്‍തന്നെ തിരുവനന്തപുരത്തിന്റെ തീരത്ത് അത് ഗണ്യമായ വിനാശങ്ങള്‍ വിതച്ചു. അതിനെക്കുറിച്ച് നിഷ്പക്ഷമായ ഒരു പഠനം നടത്തണമെന്ന ആവശ്യംപോലും ചെവിക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറല്ല. അദാനിയെന്ന ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റിനുവേണ്ടി കേരളംതന്നെ സ്വര്‍ണ്ണത്തളികയില്‍ വച്ചുസമര്പ്പിക്കുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അതിനായി അദാനി തുറമുഖത്തിനെതിരെ സമരം ചെയ്ത മത്സ്യത്തൊഴിലാളികളെ അടിച്ചമര്‍ത്താന്‍ ബിജെപിയുമായി ചേര്‍ന്ന് നടത്തിയ നെറികെട്ട കളികള്‍ പൊറുക്കാനാവാത്തതാണ്.
ഇത്തരം പദ്ധതികളിലൂടെ കേരളത്തില്‍ വികസനം വരുമെന്ന് പെരുമ്പറകൊട്ടി പ്രചരിപ്പിക്കുന്നവര്‍ കഴിഞ്ഞ നാളുകളില്‍ സമാനമായ രീതിയില്‍ നടപ്പിലാക്കിയ പദ്ധതികളുടെ ചരിത്രം ഒന്ന് പരിശോധിക്കേണ്ടതാണ്. കായംകുളം താപവൈദ്യുത നിലയം അടക്കം കേരളത്തിലെ താപവൈദ്യുത നിലയങ്ങള്‍ അടഞ്ഞുകിടക്കുന്നത് ജനങ്ങള്‍ സമരം ചെയ്തിട്ടോ, തൊഴിലാളികള്‍ സമരം ചെയ്തിട്ടോ അല്ല. ഈ പദ്ധതികള്‍ക്കായി ജനങ്ങള്‍ അനേകം കഷ്ടനഷ്ടങ്ങള്‍ സഹിച്ചിട്ടുണ്ട്. കൊച്ചി മെട്രോ ദിനംപ്രതി ലക്ഷങ്ങള്‍ നഷ്ടം വരുത്തുന്നുണ്ട്. കൊച്ചി സ്മാര്‍ട്ട് സിറ്റി സര്‍ക്കാരില്‍നിന്നും ഒരുപാട് സൗജന്യങ്ങള്‍ നേടിവന്നതാണ് 80,000 മുതല്‍ 1,00,000 വരെ തൊഴിലാണ് വാഗ്ദാനം ചെയ്തത്. എന്നാല്‍ വന്നത് 5000ല്‍ താഴെമാത്രം തൊഴിലുകള്‍. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ കുറവ് കണ്ടെയ്നറുകളാണ് എത്തിച്ചേരുന്നത്. സര്‍ക്കാരുടമസ്ഥതയിലുള്ള രാജീവ് ഗാന്ധി ടെര്‍മിനലിന്റെ വരുമാനവും നഷ്ടപ്പെട്ടു. പദ്ധതിക്കായി റെയില്‍വേ ലൈന്‍ നിര്‍മ്മിക്കാനാണ് മൂലമ്പള്ളിയില്‍നിന്ന് 360 കുടുംബങ്ങളെ കുടിയൊഴിപ്പിച്ചത്. 15 വര്‍ഷം കഴിഞ്ഞിട്ടും പുനഃരധിവസിപ്പിച്ചില്ല. റെയില്‍ ലൈനിലൂടെ ട്രെയിനും ഓടുന്നില്ല. ജനങ്ങളുടെ എതിര്‍പ്പിനെ അടിച്ചമര്‍ത്തിയതില്‍ ഊറ്റംകൊള്ളുന്നതാണ് ഗെയില്‍-അദാനി ഗ്യാസ് പദ്ധതി. കൊച്ചിയില്‍ എല്‍പിജിയേക്കാള്‍ കുറഞ്ഞ ചെലവില്‍ പാചകവാതകം നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഇപ്പോള്‍ എല്‍പിജിയെക്കാള്‍ ഇരട്ടിവിലയായതിനാല് ഉപഭോക്താക്കള്‍ എവ്വിധവും ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നു.
ജനങ്ങളുടെ ജീവനെടുക്കുന്ന ജപ്തികള്‍, കടക്കെണി
കേരളത്തിലെ സാധാരണ ജനങ്ങളില്‍ ഒരു വലിയ വിഭാഗം നിലനില്പിനുവേണ്ടി വിവിധ വായ്പകളെ ആശ്രയിക്കുന്നവരാണ്. കിട്ടുന്ന വരുമാനത്തില്‍നിന്നും എങ്ങനെയെങ്കിലുമൊക്കെ തിരിച്ചടവ് നടത്തിയിരുന്നവരെ തകര്‍ത്തുകൊണ്ടാണ് കോവിഡ് വന്നത്. കോവിഡ് ലോക്ഡൗണ്‍ കാലത്ത് ചില വായ്പകള്‍ക്ക് സര്‍ക്കാര്‍ മൊറോട്ടോറിയം പ്രഖ്യാപിച്ചിരുന്നു എങ്കിലും അത് വലിയൊരു ചതിക്കുഴിയായിരുന്നു. ഇന്നിപ്പോള്‍ പലിശയും പലിശയുടെ പലിശയുമായി വായ്പകള്‍ ഭീമമായ തുകകളായി മാറി. ബാങ്കുകള്‍ വീടുകള്‍തോറും ജപ്തിയുമായി കയറിയിറങ്ങുന്നു. ഇതിനോടകം കേരളത്തില്‍ ജപ്തി ഭീഷണി നിരവധി ജീവനുകള്‍ എടുത്തുകഴിഞ്ഞു. കൊല്ലത്ത് അഭിരാമി എന്ന പെണ്‍കുട്ടിയുടെ ജീവനെടുത്തത് കേരള ബാങ്ക് എല്ലാ മര്യാദകളും ലംഘിച്ച് സ്ഥാപിച്ച ജപ്തി ബോര്‍ഡ് സൃഷ്ടിച്ച അപമാനഭാരമാണ്. കരുവന്നൂര്‍ ബാങ്ക് അടക്കം സാധാരണക്കാരന്റെ കോടികള്‍ തട്ടിയെടുത്ത സിപിഐ(എം) നിയന്ത്രണത്തിലുള്ള കേരള ബാങ്ക് തന്നെയാണ് ഈ ജപ്തിനടപടികളില്‍ മുന്നില്‍നില്‍ക്കുന്നത്. പ്രളയംമൂലം എല്ലാം നഷ്ടപ്പെട്ട കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ നിരവധി കുടുംബങ്ങളും ജപ്തിഭീഷണി നേരിടുന്നു. ഇതുകൂടാതെ ബ്ലേഡ് മാഫിയ, മൈക്രോ ഫിനാന്‍സ് തുടങ്ങിയവരുടെ നിരവധി ഭീഷണികള്‍ക്ക് നടുവിലാണ് ജനങ്ങള്‍.
കേരളത്തെ തകര്‍ക്കുന്ന ക്വാറി മാഫിയ
കേരളത്തിന്റെ പരിസ്ഥിതി ഗുരുതരമായ തകര്‍ച്ചയെ നേരിടുകയാണ്. പശ്ചിമഘട്ടത്തെ ഒന്നാകെ ക്വാറിമാഫിയ തകര്‍ക്കുകയാണ്. കേരളത്തില്‍ ഇപ്പോള്‍ 6000ത്തോളം ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലയിലും ഈ ക്വാറികള്‍ ഒരു ഭീഷണിയായി നിലനില്‍ക്കുകയാണ്. 2018ലെ പ്രളയത്തിനുശേഷവും 223 ക്വാറികള്‍ കേരളത്തില്‍ ആരംഭിച്ചു. അദാനി പോര്‍ട്ടിനുവേണ്ടി ദശലക്ഷക്കണക്കിന് ടണ്‍ പാറയാണ് ഇനിയും വേണ്ടിവരുന്നത്. അതിനുവേണ്ടി കേരളത്തിലെമ്പാടും ക്വാറികള്‍ ആരംഭിക്കുകയാണ്. സിപിഐ(എം)ന് കഴിഞ്ഞ വര്‍ഷം ലഭിച്ച സംഭാവനകളില്‍ മൂന്നിലൊന്നും ക്വാറി മുതലാളിമാരില്നിന്നായിരുന്നു എന്നതും ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്.
കൊല്ലം, ആലപ്പുഴ തീരത്ത് നടക്കുന്ന കരിമണല്‍ ഖനനം മറ്റൊരു പാരിസ്ഥിതിക ദുരന്തത്തിന്റെ മുഖമാണ്. തോട്ടപ്പള്ളിയില്‍ എല്ലാ തീരദേശ നിയമങ്ങളും ലംഘിച്ച് നടക്കുന്ന കരിമണല്‍ ഖനനത്തിനെതിരെ 500 ദിവസത്തിലധികമായി ജനങ്ങള്‍ സമരം ചെയ്യുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലെ ഗുരുതരമായ പ്രളയങ്ങള്‍ക്കുശേഷവും പ്രളയ സാധ്യതാ മേഖലകളിലെല്ലാം തോടുകളും വയലുകളും നികത്തി വന്‍കിട നിര്‍മ്മാണങ്ങള്‍ നടത്തുകയാണ്. എല്ലാറ്റിനും ഒത്താശ ചെയ്യുന്നത് സംസ്ഥാന സര്‍ക്കാരും സിപിഐ(എം) നിയന്ത്രണത്തിലുള്ള പഞ്ചായത്തുകളുമാണ്.
മദ്യ-മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്ന കേരളം
ഇടതുമുന്നണി ഗവണ്മെന്റ് 2016ല്‍ അധികാരത്തില്‍ വരുമ്പോള്‍ 40ല്‍ താഴെ ബാറുകളാണ് തുറന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ അത് 700നു മുകളിലായി. കൂടാതെ മദ്യം ഉല്പാദിപ്പിക്കാന് പുതിയ പദ്ധതികള്‍, ഐടി മേഖലയില്‍ പബ്ബുകള്‍ ഇങ്ങനെ മദ്യത്തിന്റെ കുത്തൊഴുക്കാണ്. ഇതില്‍നിന്നും സര്‍ക്കാര്‍ വന്‍തോതില്‍ വരുമാനമുണ്ടാക്കുന്നു. പക്ഷെ, കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷവും സ്ത്രീ സുരക്ഷയും തകരുകയാണ്. ഗാര്‍ഹിക പീഡനത്തില്‍ അഭൂതപൂര്‍വമായ വര്‍ദ്ധന ഉണ്ടാകുന്നു. മദ്യലഭ്യത കുറഞ്ഞാല്‍ മയക്കുമരുന്ന് വര്‍ദ്ധിക്കുമെന്നായിരുന്നു ഇവരുടെ പ്രചാരണം. എന്നാല്‍ ഇപ്പോള്‍ കേരളത്തിലെ പിഞ്ചുകുഞ്ഞുങ്ങളെയടക്കം കെണിയില്‍പ്പെടുത്തി മയക്കുമരുന്ന് മാഫിയ നടത്തുന്ന പ്രവര്‍ത്തനം ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ്. 12 വയസ്സുള്ള പെണ്‍കുട്ടിയെ പോലും എങ്ങനെയാണ് ഇവര്‍ ഉപയോഗപ്പെടുത്തിയത് എന്ന് ആ കുട്ടിയുടെ മൊഴിയിലൂടെത്തന്നെ പുറത്തുവന്നിട്ടുണ്ട്. ലഹരിക്കെതിരെ സര്‍ക്കാര്‍ ബോധവല്‍ക്കരണ നാടകം നടത്തുമ്പോള്‍ അതിന്റെ പിന്നിലുള്ള വന്‍സ്രാവുകള്‍ സംരക്ഷിക്കപ്പെടുകയാണ് എന്ന് ഇന്ന് എല്ലാവര്ക്കും അറിയാം. പിടിക്കപ്പെടുന്ന എല്ലാ കേസുകളിലും ഡിവൈഎഫ്ഐ, എസ്എഫ്എ തുടങ്ങിയ സംഘടനകളുടെ നേതാക്കള്‍ ഉണ്ടെന്നുള്ളത് ഈ പ്രസ്ഥാനങ്ങള്‍ ഇന്ന് എത്തിയിരിക്കുന്ന അധഃപതനത്തിന്റെ ആഴംകൂടി വെളിവാക്കുന്നതാണ്.
ദേശീയ വിദ്യാഭ്യാസ നയവും കേരള പാഠ്യപദ്ധതി ചട്ടക്കൂടും
കേന്ദ്ര സര്‍ക്കാരിന്റെ ഏറെ അപകടകരമായ പദ്ധതിയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം. സംഘപരിവാറിന്റെ വര്‍ഗ്ഗീയ അജണ്ടയും കോര്‍പ്പറേറ്റ് മൂലധന ശക്തികള്‍ക്കുവേണ്ടി വിലകുറഞ്ഞ തൊഴില്‍സേനയെ സൃഷ്ടിക്കുക എന്ന അജണ്ടയും കൂട്ടിയോജിപ്പിച്ച പദ്ധതിയാണിത്. വിജ്ഞാനവും യുക്തിയും നിഷേധിക്കുന്ന പദ്ധതിയാണിത്. ഒപ്പം വിദ്യാഭ്യാസ മേഖലയെ സമ്പൂര്‍ണ്ണ കച്ചവടമാക്കുകയുമാണ്. സിപിഐ(എം) പൊളിറ്റ് ബ്യൂറോ ഈ നയത്തിനെതിരാണെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എസ്എഫ്ഐ ഡല്‍ഹിയില്‍ നാല് വര്‍ഷത്തെ ഡിഗ്രി കോഴ്സിനെതിരെ സമരം ചെയ്യുന്ന ചിത്രങ്ങളും മാധ്യമങ്ങളില്‍ വന്നു. എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണ് ? കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസനയവും കേരള സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്ന പാഠ്യപദ്ധതി ചട്ടക്കൂടും വാചകങ്ങളില്പോലും ഒന്നുതന്നെയാണ്. നാല് വര്‍ഷത്തെ ഡിഗ്രി കോഴ്സ് കേരളത്തില്‍ അടുത്ത വര്‍ഷം ആരംഭിക്കും. പ്രിപ്രൈമറി തലംമുതല്‍ പുനഃസംഘാടനത്തിനുള്ള നടപടികള്‍ തയ്യാറാക്കുന്നു. എത്ര വഞ്ചനാപരമാണെന്ന് നോക്കുക. കേന്ദ്ര സര്‍ക്കാര്‍ എല്ലാ കേന്ദ്ര സര്‍വകലാശാലകളിലും നടത്തുന്ന ജനാധിപത്യവിരുദ്ധ നടപടികള്‍ക്ക് സമാനമാണ് കേരളത്തിലെ യൂണിവേഴ്സിറ്റികളില്‍ സിപിഐ(എം) നടത്തുന്ന ഇടപെടലുകളും. ഇവ സര്‍വ്വകലാശാലകളുടെ സ്വയംഭരണത്തെ തകര്‍ക്കുന്ന നടപടികളാണ്.
ജനാധിപത്യാന്തരീക്ഷം തകര്‍ക്കപ്പെടുന്നു
പിണറായി സര്‍ക്കാര്‍ കേരളത്തിലെ ജനാധിപത്യാന്തരീക്ഷം തകര്‍ക്കുന്ന നടപടികളാണ് നിരന്തരം സ്വീകരിക്കുന്നത്. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്നു എന്നുമാത്രമല്ല. കേന്ദ്ര സര്‍ക്കാരിന്റെ അതേ മാതൃകയില്‍ എതിരാളികെളെ കൈകാര്യം ചെയ്യുകയാണ്. യുഎപിഎയ്ക്കെതിരെ അഖിലേന്ത്യ നേതാക്കള്‍ നിരന്തരം പ്രസംഗിക്കുന്നു. പക്ഷെ കേരളത്തില്‍ അതുപയോഗിച്ച് ആളുകളെ വേട്ടയാടുന്നു. വിഴിഞ്ഞം സമരത്തെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കൂട്ടുചേര്‍ന്ന് ഇഡിയെ അടക്കം ഉപയോഗപ്പെടുത്തി. ഇടതുപക്ഷ സഹയാത്രികരെപ്പോലും രാജ്യദ്രോഹികളും ഗൂഢാലോചനക്കാരുമായി ചിത്രീകരിച്ചു. എല്ലാ ഫാസിസ്റ്റ് മാര്‍ഗ്ഗങ്ങളും അവലംബിച്ചു. ഈ നടപടികളൊക്കെ കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തില്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ ചെറുതല്ല.
ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മേല്‍വിലാസമുപയോഗിച്ച് സിപിഐ(എം)ഉം കൂട്ടാളികളും നടത്തുന്ന ഈ ദുര്‍ഭരണവും ജീര്‍ണ്ണ രാഷ്ട്രീയവും കേരളത്തിന്റെ ഇടതുപക്ഷ മനസ്സിനെ വളരെ വേഗത്തില്‍ തകര്‍ക്കുകയാണ്. ഇവരുടെ ചെയ്തികള്‍ ഉപയോഗപ്പെടുത്തി വലതുപക്ഷ മാധ്യമങ്ങള്‍ മാര്‍ക്സിസത്തിനെതിരെ വലിയ ദുഷ്പ്രചരണം അഴിച്ചുവിടുകയാണ്. സ്വാഭാവികമായും ഉയര്‍ന്ന രാഷ്ട്രീയ പ്രബുദ്ധത ആര്‍ജിക്കാത്ത തൊഴിലാളികളും സാധാരണ ജനങ്ങളും മാര്‍ക്സിസത്തെ തള്ളിപ്പറയുന്നതിന് ഇത് ഇടയാക്കുന്നുണ്ട്. അതുവഴി ഇന്നത്തെ നിഷ്ഠൂരമായ മുതലാളിത്ത ചൂഷണത്തിനെതിരെ വളര്‍ന്നുവരേണ്ട ജനകീയ പ്രക്ഷോഭത്തെ തടയുവാനോ വഴിതിരിച്ചുവിടുവാനോ ഇത് ഇടയാക്കുന്നു.
ഇന്ത്യന്‍ മണ്ണിലെ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ എസ് യുസിഐ(കമ്മ്യൂണിസ്റ്റ്) രൂപംകൊണ്ട നാള്‍മുതല്‍ ഈ സോഷ്യല്‍ ഡെമോക്രാറ്റിക് ശക്തികള്‍ തൊഴിലാളിവര്‍ഗ്ഗ മുന്നേറ്റത്തിന് സൃഷ്ടിക്കുന്ന കോട്ടങ്ങള്‍ തുറന്നുകാട്ടുകയും യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവും സംസ്കാരവും സമൂഹത്തില്‍ സ്ഥാപിച്ചെടുക്കാന്‍ പരിശ്രമിക്കുകയും ചെയ്യുകയാണ്. ജനങ്ങളുടെ മോചനം ഉയര്‍ന്ന സദാചാര-സംസ്കാരത്തിലധിഷ്ഠിതമായ ജനകീയ പ്രക്ഷോഭത്തിലൂടെ ഈ ചൂഷണ വ്യവസ്ഥിതിയെ മാറ്റിയെടുക്കുന്നതുവഴി മാത്രമേ സാധ്യമാകു. ഉല്പാദനോപാധികളുടെമേല്‍ സമൂഹ്യ ഉടമസ്ഥത സ്ഥാപിച്ച് സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിലേക്ക് മുന്നേറാതെ ജനങ്ങള്‍ക്ക് മോചനമില്ല. തൊഴിലാളികളെയും ചൂഷിത ജനങ്ങളെയും അതില്‍നിന്ന് തടയുന്ന ഇത്തരം വര്‍ഗ്ഗവഞ്ചക പ്രസ്ഥാനങ്ങളെ പരാജയപ്പെടുത്തിയേ മുന്നോട്ടുപോകാനാകുകയുള്ളു. അതിനായി താഴേത്തലംമുതല്‍ ജനകീയ സമര പ്രസ്ഥാനങ്ങള്‍ സൃഷ്ടിച്ചെടുത്ത് ഉജ്ജ്വലമായ ജനകീയ സമരങ്ങള്‍ പടുത്തുയര്‍ത്തുക എന്നതുമാത്രമാണ് നമ്മുടെ മുന്നിലുള്ള പോംവഴി.