കരിമണൽ അഴിമതി : സത്യസന്ധമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ തുറുങ്കിലടയ്ക്കുക.

Karimanal-Sec-Dharna.jpeg
Share

തീരവും നാടും തകർക്കുന്ന ഖനനം ഉടന്‍ നിർത്തിവയ്ക്കുക

ഐആര്‍ഇഎല്‍, കെഎംഎംഎല്‍ കമ്പനികളില്‍നിന്ന് കരിമണലും മണലുല്‍പ്പന്നങ്ങളും വാങ്ങുന്ന കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനും ഓഹരിപങ്കാളിത്തമുള്ള ശശിധരന്‍ കര്‍ത്തായുടെ കൊച്ചിന്‍ മിനറല്‍ ആന്റ് റൂട്ടൈല്‍ ലിമിറ്റഡ്(സിഎംആര്‍എല്‍)കമ്പനിയും 2017-2020 വര്‍ഷ കാലയളവില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണവിജയനും അവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് എന്ന കമ്പനിക്കും 1.72 കോടി രൂപാ മാസപ്പടിയായി നല്ലിയിട്ടുള്ളതായി ആദായനികുതി വകുപ്പ് കണ്ടെത്തിയ വിവരങ്ങള്‍ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് പുനഃപരിശോധന ഇല്ലാത്ത വിധം തീര്‍പ്പ് കല്പിച്ചിരിക്കുന്നു. സിഎംആര്‍എല്ലും എക്‌സാലോജിക്കും തമ്മിലുള്ള കരാര്‍പ്രകാരമാണ് തുക കൈമാറിയതെന്നു പറയുമ്പോഴും വാങ്ങിയ തുകയ്ക്കുള്ള സേവനങ്ങള്‍ ഒന്നുംതന്നെയും വീണ വിജയന്റെ കമ്പനി നല്‍കിയിട്ടില്ല എന്ന ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍ സെറ്റില്‍മെന്റ് ബോര്‍ഡ് ശരിവച്ചിരിക്കുകയാണ്.
യഥാര്‍ത്ഥത്തില്‍ കോഴ കൈമാറുന്നതിനായി ഉണ്ടാക്കിയ ഒരു മറ മാത്രമാണ് എക്‌സാലോജിക്കുമായുള്ള കരാര്‍. പരിസ്ഥിതി ആഘാതം സൃഷ്ടിക്കുന്ന സിഎംആര്‍എല്ലിന്റെ മുമ്പില്‍ ഉയര്‍ന്നുവന്ന വിഘ്‌നങ്ങളെ രാഷ്ട്രീയ ഇടപെടലിലൂടെ മറികടക്കുന്നതിനുവേണ്ടി നല്‍കപ്പെട്ടതാണ് ഈ തുകയെന്ന് സെറ്റില്‍മെന്റ് ബോര്‍ഡിന്റെ വിധിയില്‍ വ്യക്തമാണ്. മുഖ്യമന്ത്രിയുടെ കുടുംബം മാത്രമല്ല, പ്രതിപക്ഷത്തെ നേതാക്കളും പണംപറ്റിയവരുടെ ലിസ്റ്റില്‍ പെട്ടിട്ടുണ്ട്. അതിനാല്‍ രാഷ്ട്രീയ സമവായത്തിലൂടെ ഞെട്ടലുളവാക്കുന്ന ഈ അഴിമതി മൂടിവയ്ക്കാനുള്ള ഊര്‍ജ്ജിതശ്രമങ്ങളും നടക്കുകയാണ്. പ്രതിപക്ഷത്തിന്റെ മൗനം ഈ സമാവയത്തിന്റെ തെളിവാണ്. പരാതിക്കിടയില്ലാത്ത വിധം കോഴയുടെ വീതം വയ്പ്പ് നടന്നാൽ കേരളത്തെ കൊള്ളയടിക്കാൻ ഏതൊരു ക്രിമിനൽ മുതലാളിക്കും സാധിക്കും എന്ന് വരുന്നത് അപകടകരമായ ഒരു രാഷ്ട്രീയ സാഹചര്യമാണ്.
കൊല്ലം ജില്ലയിലെ നീണ്ടകര മുതൽ ആലപ്പുഴ ജില്ലയിലെ കായംകുളം പൊഴി വരെയുള്ള 22 കിലോമീറ്റർ പ്രദേശം ലോകത്തുതന്നെ ഏറ്റവും സമ്പന്നമായ ധാതുമണൽ നിക്ഷേപമുള്ള പ്രദേശമാണ്. വടക്കോട്ടു തോട്ടപ്പള്ളി വരെയും കരിമണൽ സാന്നിധ്യം കാണാൻ കഴിയും. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ തന്നെ വിദേശ കമ്പനികൾ ചവറ തീരത്ത് കരിമണൽ ഖനനം ആരംഭിച്ചിരുന്നു. ഖനനം സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളെ മുൻനിർത്തി തീരം സംരക്ഷിക്കാൻ നടപടികളാവശ്യപ്പെട്ട് വേലുക്കുട്ടി അരയനെപ്പോലുള്ളവര്‍ സ്വാതന്ത്ര്യപ്രാപ്തിക്കു മുന്നേതന്നെ സമരങ്ങളും ആരംഭിച്ചിരുന്നു.


ഈ രംഗത്ത് പ്രവർത്തിച്ചിരുന്ന സ്വകാര്യ കമ്പനികളെ ഒഴിവാക്കികൊണ്ട് ചവറയിൽ കേന്ദ്ര പൊതു മേഖലയിൽ ഐആർഇയും സംസ്ഥാന പൊതുമേഖലയിൽ കെഎംഎംഎല്ലും പ്രവർത്തിക്കു ന്നുണ്ടെങ്കിലും ഇതോടൊപ്പംതന്നെ ദീർഘകാലമായി ഈ ധാതുമണൽ ഖനന രംഗത്തേക്ക് പ്രവേശനം ലഭിക്കാൻ ദേശത്തും വിദേശത്തുമുള്ള സ്വകാര്യ കമ്പനികളും ശ്രമിച്ചിരുന്നു. നമ്മുടെ നാട്ടിലെ പ്രധാനപ്പെട്ട എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള പിന്തുണ അവർക്ക് ലഭിക്കുന്നുമുണ്ട്.
ആയിരംതെങ്ങ് മിനറൽ കോംപ്ലക്സ് എന്ന പേരിൽ ഓസ്ട്രേലിയയിൽ നിന്നുമുള്ള സ്വകാര്യ കമ്പനി കൊല്ലം-ആലപ്പുഴ ജില്ലകളുടെ അതിർത്തിയായ ആയിരം തെങ്ങിൽ സ്‌ഥാപിക്കാൻ അന്നത്തെ കോൺഗ്രസ്‌ സർക്കാരുകളുടെ പിന്തുണയോടെ കരിമണൽ ലോബി ശ്രമിചു. ജനകീയ പ്രതിരോധ സമിതിയും തീരദേശ സംരക്ഷണ സമിതിയും ഉൾപ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തില്‍ വളർന്നുവന്ന ശക്തമായ സമരത്തിനൊടുവിൽ സർക്കാർ അന്ന് പിൻവാങ്ങി. ചവറ പഞ്ചായത്തിലെ കരിത്തുറയിലെ എംആർ പ്ലാന്റിനെതിരെ നടന്ന ജനകീയ സമരവും ശ്രദ്ധേയമായ ഒന്നാണ്.
ശക്തമായ പോലീസ് മര്‍ദ്ദനം നേരിടേണ്ടിവന്നെങ്കിലും നാളതുവരെ ഉണ്ടായിട്ടില്ലാത്ത പുനഃരധിവാസ പദ്ധതികൾ അനുവദിക്കാൻ കമ്പനി നിർബന്ധിതമായി. സുനാമി തിരമാലകൾ തീരം തകർത്തപ്പോൾ കേരള തീരത്ത് ഏറ്റവുമധികം നാശനഷ്ടങ്ങളും ജീവഹാനിയുമുണ്ടായത് ഖനന മേഖലയായ ആലപ്പാട് പഞ്ചായത്തിലാണ്. പുനഃരധിവാസത്തോടൊപ്പം തീരസംരക്ഷണവും ആവശ്യപ്പെട്ട് കരുനാഗപ്പള്ളിയിൽ ആയിരങ്ങള്‍ പങ്കെടുത്ത ദേശീയ പാത ഉപരോധമടക്കമുള്ള സമരങ്ങൾ നടന്നു. കൊല്ലം ജില്ലാ കളക്ടര്‍ക്ക് സമരവേദിയിലെത്തി ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കേണ്ടിവന്നു. ഒരു നൂറ്റാണ്ടിലേറെയായി തുടരുന്ന ഖനനം ആലപ്പാട് പഞ്ചായത്തിൽ വൻതോതിലുള്ള കടൽ കയറ്റത്തിനും തീരശോഷണത്തിനും ഇടവരുത്തിയതിനാൽ ഖനനം അടിയന്തരമായി നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് ‘സേവ് ആലപ്പാട്’ എന്ന മുദ്രാവാക്യമുയർത്തി നടന്ന സമരം അതിനു ലഭിച്ച ജനപിന്തുണകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. കരിമണൽ ഖനനമുയർത്തുന്ന ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങളും നിയമവിരുദ്ധ നടപടികളും സജീവ ചര്‍ച്ചയാക്കാന്‍ ഈ സമരങ്ങള്‍ ഇടവരുത്തി.
പൊതുമേഖലയുടെ മറവിൽ ഒളിഞ്ഞും തെളിഞ്ഞും ഭരണ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെയും ഉദ്യോഗസ്ഥരുടെയുമൊക്കെ പിന്തുണയോടെ നടക്കുന്ന ഖനനത്തിന്റെ യഥാർത്ഥ ഗുണഭോക്താക്കള്‍ സ്വകാര്യ കമ്പനികളാണ് എന്ന യഥാർത്ഥ്യം ജനങ്ങള്‍ ഇന്ന് വ്യക്തമായി തിരിച്ചറിയുന്നുണ്ട്. പല ഘട്ടങ്ങളിലായി നടന്ന സമരങ്ങള്‍ക്ക് തീരദേശ സംരക്ഷണ സമിതി പ്രസിഡന്റ് കെ.സി.ശ്രീകുമാര്‍, എസ്‌യുസിഐ(സി) സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജ്യോതികൃഷ്ണന്‍, ഷൈല കെ.ജോണ്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി.പി.പ്രശാന്ത്കുമാര്‍, ബി.വിനോ ദ്, ക്യാപ്റ്റന്‍ ക്രിസ്റ്റഫര്‍ ഡി കോസ്റ്റ, അഡ്വ.ഫ്രാന്‍സിസ് ജെ.നെറ്റോ, ചന്ദ്രദാസ്, അഴീക്കല്‍ മുരളി, കാര്‍ത്തിക് ശശി തുടങ്ങി നിരവധിപേര്‍ നേതൃത്വംനല്‍കി.
2000ൽ കൊച്ചിയിൽ നടന്ന ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റിനുശേഷമാണ് അന്നത്തെ വ്യവസായ വകുപ്പുമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി യുടെ നേതൃത്വത്തില്‍ ആലപ്പുഴ ജില്ലയിൽ കരിമണൽ ഖനന പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിക്കുന്നത്. പരിസ്ഥിതി ദുർബലമായ, കടലിനും കായലിനും മദ്ധ്യേ നാട പോലെയുള്ള, ജനവാസ മേഖലയായ തീരദേശത്ത് ഖനനം നടത്തിയാൽ വൻദുരന്തം ഉണ്ടാകുമെന്ന് വിദഗ്ദ്ധരും പരിസ്ഥിതി പ്രവർത്തകരും സാമൂഹികനേതാക്കളും അന്ന് അഭിപ്രായപ്പെട്ടു.
ഭരണ-പ്രതിപക്ഷ നേതാക്കൾ, സ്വകാര്യ കരിമണൽ കമ്പനികളായ, ശശിധരൻ കർത്തായുടെ സിഎംആര്‍എല്ലിനും തുത്തുക്കുടി യിലെ വ്യവസായി വൈകുണ്ഠരാജന്റെ വിവി മിനറൽസിനുംവേണ്ടി ദല്ലാൾ പണി നടത്തി ആറാട്ടുപുഴ, തൃക്കുന്നപ്പുഴ വില്ലേജുകളിൽ വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടി. പ്രദേശത്തെ ജനങ്ങൾ സത്യസന്ധരായ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തിൽ ശക്തമായ ജനകീയ സമരം പടുത്തുയർത്തിയാണ് പദ്ധതി പിൻവലിപ്പിച്ചത്.
എന്നാൽ കരിമണൽ ലോബിയുടെ കണ്ണ് ആലപ്പുഴയുടെ തീരം വിട്ടു പോയില്ല. അവർ പുതിയ തന്ത്രങ്ങൾ മെനഞ്ഞു. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ 2004ൽ കരിമണൽ മേഖലയായ തോട്ടപ്പള്ളിയിൽ ഒരു ഫിഷിംഗ് ഹാർബർ നിർമ്മാണം ആരംഭിച്ചു. 2016ൽ നിർമ്മാണം പൂർത്തിയായെങ്കിലും മത്സ്യബന്ധന യാനങ്ങൾക്ക് പ്രവേശിക്കാനാവാത്ത ഒരു മണൽ കെണിയാണ് സൃഷ്ടിച്ചത്. ഹാർബർ തുറക്കാനെന്ന വ്യാജേന ഐആർഇഎൽ കമ്പനി 2016 മുതൽ ഹാർബറിൽ കരി മണൽ ഖനനം നടത്തുകയാണ്. 2018ൽ കുട്ടനാട്ടിൽ മാത്രമല്ല കേരളത്തിൽ എമ്പാടും പ്രളയം ഉണ്ടായി. കുട്ടനാട് സമുദ്രനിരപ്പിൽനിന്നും മൂന്നു മീറ്റർ വരെ താഴ്ന്ന പ്രദേശമാണ്. വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ കുട്ടനാട്ടിലെ ജലം ഒഴുകി പോകുന്നത് വേമ്പനാട്ടു കായലിലൂടെ തണ്ണീർമുക്കം വഴിയും തൃക്കുന്നപ്പുഴ ചീപ്പ്, തോട്ടപ്പള്ളി എന്നിവിടങ്ങളിലൂടെയാണ്. എന്നാൽ 2018ലെ വെള്ളപ്പൊക്കം ചൂണ്ടിക്കാണിച്ച്‌ കുട്ടനാടിനെ പ്രളയത്തിൽനിന്നും രക്ഷിക്കാൻ എന്ന പേരിൽ തോട്ടപ്പള്ളി പൊഴിമുഖത്തെ മണ്ണ് ഖനനം ചെയ്ത് കൊണ്ടുപോകുന്നതിനായി കെഎംഎംഎല്ലിനെ ചുമതലപ്പെടുത്തി. എന്നാൽ പൊതുമേഖലയുടെ പേരിൽ, സർവ്വ നിയമങ്ങളും ലംഘിച്ചുകൊണ്ടാണ് 2019 മുതൽ കെഎംഎംഎൽ ധാതുമണൽ ഖനനം നടത്തുന്നത്. നിയമ ലംഘനങ്ങൾക്കെതിരെ സമരസമിതി ചെയർമാൻ എസ്.സുരേഷ് കുമാർ നല്കിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.


സർവ്വമാന നിയമങ്ങളും ലംഘിച്ചുകൊണ്ട് നടത്തുന്ന കരിമണൽ ഖനനത്തിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി കേരള മത്സ്യബന്ധന തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് എസ്.സീതിലാൽ 2020ൽ നല്കിയ പരാതി ലോകായുക്തയുടെ പരിഗണനയിലുമാണ്. നിയമലംഘനങ്ങൾക്ക് സംരക്ഷണം ലഭിക്കുന്നതിനു വേണ്ടിയാണ് രാഷ്ട്രീയ-ഉദ്യോഗസ്ഥ-മാധ്യമ സ്ഥാപനങ്ങൾക്ക് കോഴ നല്കുന്നതെന്ന് ശശിധരൻ കർത്തായുടെ കമ്പനി സെക്രട്ടറി പറയുന്നത് ഇൻകംടാക്സ് സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടിൽ പറയുന്നു. പുറത്തുവന്ന റിപ്പോർട്ട് പ്രകാരം മുഖ്യമന്ത്രിയുടെ മകൾ കൈപ്പറ്റിയ 1.72 കോടി അഴിമതിപ്പണം മഞ്ഞ് മലയുടെ അറ്റം മാത്രമാണ്. രണ്ട് ലക്ഷം ക്യൂബിക് മീറ്റർ മണ്ണ് മാറ്റാൻ വന്ന കമ്പനി ഇതിനകം ഇരുപത് ലക്ഷത്തിലധികം ക്യൂബിക് മീറ്റർ കരിമണൽ കടത്തിയിട്ടുണ്ട്. ഇതിനാൽ തീരം കടൽ കയറി 550 ഓളം വീടുകള്‍ കടലെടുത്തു. പൊഴിമുഖം സദാതുറന്നു കിടക്കുന്നതിനാൽ വേലിയേറ്റ സമയത്ത് കടൽജലം കനാലിലേക്ക് കയറി കുട്ടനാടൻ പാടശേഖരങ്ങളിൽ കൃഷി നാശമുണ്ടായി. ചില മേഖലകളിൽ ലവണാംശം കൂടുതലായതിനാൽ വിത്ത് മുളയ്ക്കുന്നില്ല.
എല്ലാ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചുകൊണ്ട് 2016 മുതൽ തോട്ടപ്പള്ളി ഹാർബറിലും 2020 മുതൽ തോട്ടപ്പള്ളി പൊഴിമുഖത്തും നടത്തുന്ന കരിമണൽ ഖനനത്തിൽ വൻ അഴിമതി ഉണ്ടെന്നും പരിസ്ഥിതി ദുർബ്ബലമായ ആലപ്പുഴയുടെ തീരത്തു നടത്തുന്ന ഖനനം തീരദേശത്തേയും കുട്ടനാടിനെയും തകർക്കുമെന്നും ഇത് ഉടന്‍ നിർത്തണമെന്നും ആവശ്യപ്പെട്ടാണ് തോട്ടപ്പള്ളിയിൽ 2021 ജൂൺ 10 മുതൽ സമരം ആരംഭിച്ചത്.
കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി നടത്തിവരുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹം 791 ദിവസം പിന്നിട്ട ആഗസ്റ്റ് 9ന് ആണ്, കരിമണൽ അഴിമതിയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നത്. കേരള ജനതയെ വഞ്ചിച്ച ഈ കോഴ ഇടപാടിൽ സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി ആഗസ്റ്റ് 22ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും നടത്തി. വി.എം.സുധീരൻ ഉദ്ഘാടനം ചെയ്തു.
ആത്മാർത്ഥതയും സത്യസന്ധതയുമുള്ള രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക പ്രവർത്തകരായ കൂടംകുളം സമര നേതാവ് എസ്. പി.ഉദയകുമാർ, സുമൈറ അബ്ദുലാരി, ഡോ.കെ.ജി.താര, ഡോ. എൻ.എൻ.പണിക്കർ, ഡോ.പി.വി.രാജഗോപാൽ, സി.ആർ.നീലകണ്ഠൻ, ഡോ.പി.ഗീത, വി.എം.സുധീരൻ, കെ.കെ.രമ എംഎൽഎ, എ.എ.ഷുക്കൂർ, മുൻ എംഎൽഎ അഡ്വ.എം.ലിജു, ശാസ്ത്രജ്ഞൻ വി.ടി.പത്മനാഭൻ, ഡോ.ഗീവർഗീസ് മാർകുറിലോസ് മെത്രാപ്പോലിത്ത, മുന്‍ എംപി ഡോ.കെ.എസ്.മനോജ്, നാടൻ പാട്ടുകാരനും കവിയുമായ സത്യൻ കോമല്ലൂർ, ഫാദർ സേവ്യർ കുടിയാംശേരി, സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ നേതാവ് ജാക്സൺ പൊളളയിൽ, കർഷക സമര നേതാക്കളായ കെ.വി.ബിജു, പി.ടി.ജോൺ, ആലപ്പാട് സമര നേതാവ് കെ.സി.ശ്രീകുമാർ, ധീവരസഭ ജനറൽ സെക്രട്ടറി വി.ദിനകരൻ, പ്രിയ കുമാർ, ബിജു ജയദേവ്, പ്രൊഫ. കുസുമം ജോസഫ്, വി ഫോർ കൊച്ചിൻ നേതാവ് നിപുൺ ചെറിയാൻ, എസ്‌യുസിഐ(സി) സംസ്ഥാന സെക്രട്ടറി ജയ്സൺ ജോസഫ്, ജനകീയ പ്രതിരോധ സമിതി നേതാക്കളായ അഡ്വ. മാത്യു വേളങ്ങാടൻ, ഷൈല കെ. ജോൺ, അഖിലേന്ത്യ മഹിളാ സാംസ്കാരിക സംഘടന സംസ്ഥാന സെക്രട്ടറി കെ.എം.ബീവി, കെ റെയിൽ സമര നേതാക്കളായ എസ്.രാജീവൻ, എം.പി.ബാബുരാജ്, മുൻ എംഎൽഎ ജോസഫ് എം.പുതുശ്ശേരി, ബാബു കുട്ടൻചിറ, ഏകത പരിഷത് നേതാക്കളായ സന്തോഷ് മലമ്പുഴ, പവിത്രൻ തില്ലങ്കേരി, ചലച്ചിത്ര സംവിധായകരായ വിനയർ, സോഹൻ റോയ്, സിനിമാ നടൻ പ്രേംകുമാർ, അഡ്വ. ജോൺ ജോസഫ് തുടങ്ങിയവർ സമരത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഖനന മേഖല സന്ദർശിക്കുകയും സമരത്തിന് പിന്തുണ അറിയിക്കുകയും ഖനനത്തിന്റെ പ്രത്യാഘാതങ്ങള്‍ ചര്‍ച്ചചെയ്യുകയും ചെയ്തിട്ടുണ്ട്. ഡോ.പി.വി.രാജഗോപാൽ, തീരം തകർക്കുന്ന കരിമണൽ ഖനനം അവസാനിപ്പിക്കമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ കളക്ട്രേറ്റിനു മുന്നിൽ ഉപവാസം അനുഷ്ഠിക്കുകയും വലിയഴിക്കൽമുതൽ തോട്ടപ്പള്ളിവരെ ദ്വിദിന പദയാത്ര നടത്തുകയും ചെയ്തു. സമരത്തിന്റെ നൂറാം ദിനത്തിൽ കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി ഖനന ബന്ധന സമരം നടത്തി.
പൊതുമേഖലയുടെ മറവിൽ സ്വകാര്യ കമ്പനികൾക്ക് കരിമണൽ എത്തിച്ചു കൊടുക്കുന്നതിന് ഭരണ-പ്രതിപക്ഷ പാർട്ടികൾക്കും നേതാക്കൾക്കും കോടികൾ കോഴ നല്കി തീരം കവരുകയാണ്. കരിമണൽ ഖനനം മൂലം കൊല്ലം ജില്ലയിലെ പണ്ടാരത്തുരുത്ത് വെള്ളനാതുരുത്ത് തുടങ്ങിയ സ്ഥലങ്ങൾ വാസയോഗ്യമല്ലാതായി. ആലപ്പാട് പഞ്ചായത്തിന്റെ വിസ്തൃതി പത്തിലൊന്നായി ചുരുങ്ങി. കരിമണൽ ഖനനത്തിനെതിരെ ആലപ്പാട് ശക്തമായ ജനകീയ സമരം നടന്നു. ഹെവി ഡ്രഡ്‌ജർ ഉപയോഗിച്ച് സിംഗിൾ പോണ്ട് മൈനിംഗാണ് തോട്ടപ്പള്ളിയിൽ നടക്കുന്നത്. ഇത് തുടർന്നാൽ ആലപ്പുഴ ജില്ലയുടെ നിലനില്പു തന്നെ അപകടത്തിലാകും.
കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി പ്രളയജലം ഒഴുക്കിവിടാനെന്ന പേരില്‍ തോട്ടപ്പള്ളിയില്‍ നടത്തിക്കൊണ്ടിരിക്കുന്ന കരിമണല്‍ ഖനനം സ്വകാര്യമൂലധനശക്തികളും എല്‍ഡിഎഫ് സര്‍ക്കാരും ചേര്‍ന്ന് രൂപപ്പെടു ത്തിയിട്ടുള്ള ഈ അഴിമതി സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. അവിടെ നടക്കുന്ന ജനകീയ സമരത്തെയും ജനവികാരത്തെയും അടിച്ചമര്‍ത്തി കോടികളുടെഅഴിമതിക്ക് വഴിയൊരുക്കുകയാണ് സിപിഐ(എം) നയിക്കുന്ന സര്‍ക്കാര്‍. ഭരണസംവിധാനങ്ങളെല്ലാം വിലക്കെടുക്കപ്പെട്ടതായി തോട്ടപ്പള്ളിയിലെ സാഹചര്യം വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ പൊതുസമൂഹത്തിലെ നിഷ്പക്ഷ വ്യക്തിത്വങ്ങളുള്‍പ്പെടുന്ന ഒരന്വേഷണ സംവിധാനം സത്യസന്ധരായ ജഡ്ജിമാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച് ഈ അഴിമതിയെ സംബന്ധിച്ച് അന്വേഷണം നടത്തണം. വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളും മാധ്യമങ്ങളും ഉദ്യോ ഗസ്ഥപ്രമുഖരും അഴിമതിപ്പണം കൈപ്പറ്റിയിട്ടുണ്ടെന്ന് പുറത്തുവന്നിട്ടുള്ള സാഹചര്യത്തില്‍ ഔ ദ്യോഗിക അന്വേഷണ സംവിധാനങ്ങള്‍ രാഷ്ട്രീയസ്വാധീനങ്ങള്‍ക്ക് വഴങ്ങുമെന്നതിനാല്‍ പൊതുസമൂഹത്തിന്റെ ഓഡിറ്റിംഗിനുകീഴിലാകണം അന്വേഷണം.

Share this post

scroll to top