വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സമ്പൂര്‍ണ്ണമായിപരാജയപ്പെട്ട് സര്‍ക്കാരുകള്‍; വലഞ്ഞ് ജനങ്ങൾ

price-hike.jpg
Share

അവശ്യനിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കഠിനതരമാക്കിയ ഓണക്കാലമാണ് കടന്നുപോയത്. തക്കാളിയും ഉള്ളിയുമുള്‍പ്പെടെയുള്ള പച്ചക്കറികള്‍, അരിയും പയറുവര്‍ഗ്ഗങ്ങളുമുള്‍പ്പെടെയുള്ള പലവ്യഞ്ജനങ്ങള്‍ തുടങ്ങി വിലകയറാത്തതായി യാതൊന്നുമില്ല, വിലക്കയറ്റത്തിന് ശമനമുണ്ടാകുന്ന ലക്ഷണങ്ങളും വിപണിയിലില്ല. അധികാരികള്‍ക്കാകട്ടെ അശേഷം മനക്ലേശവുമില്ല. വിലകള്‍ കുതിച്ചുയരുമ്പോള്‍ വാചകക്കകസര്‍ത്തുകളും ആരോപണ പ്രത്യാരോപണങ്ങളുമല്ലാതെ രാഷ്ട്രീയനേതാക്കന്മാരുടെ കൈയിലും യാതൊന്നുമില്ല. കേരളത്തില്‍ വലിയ വിലക്കയറ്റമില്ല എന്നാണ് ധനമന്ത്രിയുടെ കണ്ടെത്തല്‍. എണ്ണിച്ചുട്ട അപ്പംപോലെ കൈയില്‍കിട്ടുന്ന തുകകൊണ്ട് സാധനങ്ങള്‍ വാങ്ങുമ്പോഴല്ലേ വിലക്കയറ്റത്തെക്കുറിച്ചറിയാനാകൂ. മന്ത്രിമാര്‍ക്കും നേതാക്കന്മാര്‍ക്കും അങ്ങനെയൊരു ഗതികേടില്ലല്ലോ.

സപ്ലൈകോയിൽ സബ്സിഡി സാധനങ്ങളൊന്നുമില്ല എന്നത് ഓണത്തിനും വളരെമുമ്പേ ഉന്നയിക്കപ്പെട്ട വിഷയമാണ്. എന്നാൽ ഇല്ലാത്ത സാധനങ്ങൾ ഏതൊക്കെ, എപ്രകാരം അത് സപ്ലൈകോയിൽ എത്തിച്ച് ജനങ്ങൾക്ക് ലഭ്യമാക്കാം എന്നതിനായിരുന്നില്ല മന്ത്രിമാർക്ക് ഉത്സാഹം. സപ്ലൈകോയിൽ സാധനങ്ങൾ ഇല്ല എന്ന് നോട്ടീസ് ബോർഡിൽ രേഖപ്പെടുത്തിയ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് സർക്കാർ ഉത്തരവാദിത്തം നിറവേറ്റി. ഭക്ഷ്യ സിവൽസപ്ലൈസ് വകുപ്പ് മന്ത്രി സ്വന്തം മണ്ഡലത്തിലെ സപ്ലൈകോയിൽ എത്തിയപ്പോൾ സ്വാഗതം ചെയ്തത് വലിയ ജനക്കൂട്ടം. സപ്ലൈകോയാകട്ടെ തുറന്നിട്ടില്ല. ജീവനക്കാരെ വിളിച്ചുവരുത്തി തുറന്നപ്പോഴോ രണ്ടേ രണ്ടു സാധനങ്ങളല്ലാതെ മറ്റൊന്നും സ്റ്റോക്കുമില്ല. ഓണത്തിനുമുമ്പ് എത്തിക്കുമെന്ന് പറഞ്ഞെങ്കിലും അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ഓണക്കാലത്തേയ്ക്ക് അവശ്യസാധനങ്ങൾ സ്റ്റോക്ക് ചെയ്യാൻ ആവശ്യമായ ക്രമീകരണങ്ങൾ ഭക്ഷ്യവകുപ്പിന്റെയോ സിവിൽ സപ്ലൈസ് വകുപ്പിന്റെയോ ധനവകുപ്പിന്റെയോ ഭാഗത്തുനിന്ന് ഉണ്ടായില്ല. മഞ്ഞക്കാർഡുകാർക്കൊഴികെ മറ്റാർക്കും ഓണക്കിറ്റും ഉണ്ടായില്ല. അതാകട്ടെ എല്ലാവർക്കും ലഭിച്ചിട്ടുമില്ല. പലര്‍ക്കും ലഭിച്ചത് ഓണത്തിനുശേഷവും.അങ്ങനെ കടുത്ത വറുതിയിലും വൈഷമ്യത്തിലുമകപ്പെട്ട സാധാരണക്കാരന് ഓണമില്ലാക്കാലമായിരുന്നു.


അരിവിലയും ജിഎസ്‌ടിയും


പൊതുവിപണിയിൽ അരിയുടെ വില കുതിക്കുകയാണ്. അരിയുടെ വിലവർദ്ധനവിന്റെ കാരണങ്ങളായി കയറ്റുമതിയിലെ വർദ്ധനവും ആന്ധ്രയിലെ വരൾച്ചയും ആന്ധ്രലോബിയുടെ തിരിമറികളുമൊക്കെ ചൂണ്ടിക്കാണിക്കാൻ അധികാരികൾ വ്യഗ്രതപ്പെടുമ്പോഴും അരിക്ക് ജിഎസ് ടി ഏർപ്പെടുത്തിയിരിക്കുന്നു എന്നത് രഹസ്യമാക്കി വയ്ക്കുന്നു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ധനമന്ത്രിമാരുടെ യോഗം കേന്ദ്രധനകാര്യമന്ത്രി നിർമ്മല സീതാരാമൻ വിളിച്ചു ചേർത്താണ് മേൽപ്പറഞ്ഞ തീരുമാനം കൈക്കൊണ്ടത്. ഈ നടപടിയെ പിന്തുണച്ചുകൊണ്ട് കേരളത്തിന്റെ ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാലും പ്രസ്തുത സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. അഞ്ചുവർഷംമുമ്പ് രാജ്യത്ത് ജിഎസ് ടി നടപ്പിലാക്കിയപ്പോൾ അരി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളെ ജിഎസ് ടിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. നിത്യോപയോഗ സാധനങ്ങളെ ജിഎസ് ടിയുടെ പരിധിയിലേയ്ക്ക് കൊണ്ടുവന്നുകൊണ്ട് ജിഎസ് ടി വകുപ്പ് ആദ്യം നടത്തിയ പ്രസ്താവന ബ്രാൻഡഡ് സാധനങ്ങൾക്കും പാക്കറ്റ് സാധനങ്ങൾക്കും മാത്രമേ നികുതി ബാധകമാകുകയുള്ളൂ എന്നായിരുന്നു. എന്നാൽ ജിഎസ് ടി നിയമം ഭേദഗതി ചെയ്ത് 25 കിലോ പരിധി സർക്കാർ എടുത്തുകളഞ്ഞപ്പോൾ ബ്രാൻഡഡ് അല്ലാത്ത സാധനങ്ങൾക്കും നികുതി ബാധകമായി. അഞ്ചുശതമാനമാണ് ചുമത്തപ്പെട്ടിരിക്കുന്ന നികുതി.
പൊതുവിതരണരംഗത്ത് വന്നിരിക്കുന്ന പ്രതിസന്ധിയാണ് വിലക്കയറ്റത്തിന്റെ മറ്റൊരു കാരണം. സാഹചര്യം ഇങ്ങനെ തുടരുമ്പോഴും കേരളത്തിലെ നെൽകർഷകരെ പന്തുതട്ടുകയാണ് സംസ്ഥാന സർക്കാർ. അഞ്ചുമാസംമുമ്പ് സംഭരിച്ച നെല്ലിന്റെ വില ഇനിയും കൊടുത്തു തീർന്നിട്ടില്ല. കൊടുത്തത്താകട്ടെ പിആർഎസ് ബില്ലിന്റെ അടിസ്ഥാനത്തിൽ ബാങ്കുകളുടെ വായ്പയായും. നെല്ലറയെന്ന് കേളികേട്ട കുട്ടനാട്ടിൽപ്പോലും കൃഷിയിൽ പിടിച്ചുനിൽക്കാൻ കർഷകൻ പെടാപ്പാട് പെടുകയാണ്. വളത്തിനും വൈദ്യുതിക്കും വിലവർദ്ധിപ്പിച്ച് കൃഷി ചെലവേറിയതാക്കി കർഷകന് ഒരുവിധത്തിലും കൃഷിയിൽ പിടിച്ചുനിൽക്കാനാകാത്ത സ്ഥിതി സൃഷ്ടിക്കുകയാണ് സർക്കാരുകൾ ചെയ്യുന്നത്. കേരളത്തിലെ നെല്ലുൽപ്പാദനം സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്ക് മതിയാകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. നെൽകൃഷി അടക്കം എല്ലാ കാർഷിക വിളകൾക്കും താങ്ങുവില പ്രഖ്യാപിച്ച്, സംഭരിക്കാൻ സർക്കാർതലത്തിൽ ക്രമീകരണങ്ങൾ ഉണ്ടാക്കി, കർഷകർക്ക് ന്യായമായ വില നൽകി, മിതമായ വിലയ്ക്ക് ജനങ്ങൾക്ക് എത്തിച്ചുകൊടുക്കാനുള്ള സംവിധാനമാണ് സർക്കാർ ഉണ്ടാക്കേണ്ടത്. അതായത് കൃഷിയും പൊതുവിതരണവും ശക്തിപ്പെടുത്തണം.
വിലക്കയറ്റം നിത്യജീവിതത്തെ മാത്രമല്ല ബാധിക്കുന്നത്. സമസ്തമേഖലകളിലും പ്രതിസന്ധി സൃഷ്ടിക്കും. പണപ്പെരുപ്പത്തിന് കാരണമാകും. വിലക്കയറ്റംമൂലം പണപ്പെരുപ്പത്തോത് ജൂലൈയിൽ കഴിഞ്ഞ പതിനഞ്ചുമാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിച്ചിരിക്കുന്നുവെന്നത് ഗൗരവത്തോടെ കാണേണ്ടുന്ന വിഷയമാണ്. രണ്ടുമുതൽ അഞ്ചുവരെയാണ് റിസർവ് ബാങ്ക് അനുവദിക്കുന്ന പരമാവധി വിലക്കയറ്റത്തോത്. എന്നാൽ ഇപ്പോൽ അത് ഏഴുശതമാനം കവിഞ്ഞിരിക്കുന്നു.
സ്വാതന്ത്ര്യദിനത്തലേന്ന് ദേശീയ സ്ഥിതിവിവര കാര്യാലയം (എൻഎസ്ഒ) പുറത്തുവിട്ട കണക്കനുസരിച്ച് ഒരുമാസംകൊണ്ട് ചില്ലറ വിപണിയിലെ വിലക്കയറ്റത്തിൽ 2.57 ശതമാനത്തിന്റെ വർദ്ധനയാണ് ഉണ്ടായത്. ചില്ലറ വിപണിയിലെ വിലക്കയറ്റത്തോത് വിലയിരുത്തുന്ന ഉപഭോക്തൃ പണപ്പെരുപ്പം ജൂണിൽ 4.87 ശതമാനമായിരുന്നത് ജൂലൈയിൽ 7.44 ശതമാനമായി ഉയർന്നു. 2022 ഏപ്രിലിലെ 7.79 ശതമാനം കഴിഞ്ഞാൽ ഏറ്റവും ഉയർന്ന നിരക്കാണിത്. ഭക്ഷ്യവിലക്കയറ്റമാകട്ടെ ജൂണിൽ 4.55 ശതമാനമായിരുന്നത് ജൂലൈയിൽ 11.55 ശതമാനമായി കുതിച്ചുയർന്നു. പച്ചക്കറിക്ക് ജൂണിൽ കേവലം ഒരു ശതമാനത്തിൽ താഴെ മാത്രമായിരുന്നത് ജൂലൈയിൽ 37 ശതമാനമായി കുതിച്ചുയർന്നു. തക്കാളിവില 200ന് മേലെയായി.
വിലക്കയറ്റവും വരുമാനത്തിലെ കുറവും ഇന്ത്യക്കാരെ ഭക്ഷണരീതി പുനക്രമീകരിക്കാൻ പ്രേരിപ്പിക്കുന്നുവെന്നാണ് യുഎൻ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്. ആരോഗ്യകരമായ ഭക്ഷണത്തിന് ഇന്ത്യയിൽ ചെലവേറിയെന്ന് യുഎൻ ഏജൻസിയായ സ്റ്റേറ്റ് ഓഫ് സെക്യൂരിറ്റി ആൻഡ് ന്യൂട്രീഷ്യൻ ഇൻ ദ വേൾഡ് (സോഫി) 2023ലെ റിപ്പോർട്ട് പറയുന്നത്. വരുമാനത്തിന്റെ പകുതിയിലേറെ ചെലവഴിച്ചിട്ടും 70ശതമാനം ഇന്ത്യക്കാർക്ക് ആരോഗ്യകരമായ ഭക്ഷണം കഴിക്കാനാകുന്നില്ല എന്നും പ്രസ്തുത റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. അതായത് വിലക്കയറ്റം ഗുണമേന്മയുള്ള ഭക്ഷണം ജനങ്ങൾക്ക് അന്യമാക്കുന്നു. ഇതും സമീപഭാവിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തും. അല്ലെങ്കിൽതന്നെ ആഗോള പട്ടിണി സൂചികയിൽ 107-ാം സ്ഥാനത്തും സന്തോഷ സൂചികയിൽ 110-ാം സ്ഥാനത്തുമുള്ള ഇന്ത്യയിലാണ് മാതൃമരണനിരക്കിന്റെ 17 ശതമാനവും ശിശുമരണനിരക്കിന്റെ 21ശതമാനവും. പോഷകാഹാരക്കുറവും തന്മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും വരുംതലമുറകളെ പ്രതിസന്ധിയി ലാഴ്ത്തും.


ഇന്ധനവിലവർദ്ധനവും വിലക്കയറ്റവും


ഭീകരമാംവിധം വർദ്ധിക്കുന്ന തൊഴിലില്ലായ്മമൂലം വരുമാനം ഗണ്യമായി കുറയുമ്പോൾ പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയരുന്നത് സാധാരണക്കാരനെ നിലയില്ലാക്കയത്തിലേയ്ക്ക് തള്ളിവിടുകയാണ്. ഇന്ധനവിലവർദ്ധനവ് കടത്തുകൂലിയടക്കം എല്ലാ കാര്യങ്ങളിലും പ്രതിഫലിക്കുമെന്നതിനാൽ അത് വിലക്കയറ്റത്തിനിടയാക്കുന്നു. അന്തർദ്ദേശീയ മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില കുറുയമ്പോഴും പെട്രോളിനും ഡീസലിനും ഇന്ത്യയിൽ വില ഉയരുന്നു എന്നതാണ് അനുഭവം. പെട്രോൾ വിലയിൽ 32 ശതമാനവും ഡീസൽ വിലയിൽ 35 ശതമാനവും കേന്ദ്ര എക്സൈസ് ഡ്യൂട്ടിയാണ്. പെട്രോൾ വിലയിൽ 23 ശതമാനവും ഡീസൽ വിലയിൽ 14 ശതമാനവും സംസ്ഥാനത്തിന്റെ വാറ്റ് നികുതിയാണ്. വിലയെക്കാളേറെ നികുതിയാണ് പെട്രോളിനും ഡീസലിനും ചുമത്തപ്പെട്ടിരിക്കുന്നത്. 2014ൽ പെട്രോളിന്റെ കേന്ദ്രനികുതി 9.48രൂപയായിരുന്നതാണ് 32 രൂപയായി ഉയർന്നിരിക്കുന്നത്. ഡീസലിനാകട്ടെ 3.56രൂപയിൽനിന്നും 35 രൂപയായി ഉയർന്നിരിക്കുന്നു. ഇതൊന്നും പോരാതെയാണ് സംസ്ഥാനം വീണ്ടും രണ്ടുരൂപ അധികനികുതി ഏർപ്പെടുത്തിയിരിക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വിലനിർണയിക്കുന്നത് എണ്ണക്കമ്പനികളാണ്, സർക്കാരിന് അതിൽ യാതൊന്നും ചെയ്യാനില്ല എന്നാണ് ഓരോ വിലവർദ്ധനവിന്റെയും ന്യായീകരണം. എന്നാൽ തെരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ ആഴ്ചകളും മാസങ്ങളും വിലനിശ്ചലമായി നിൽക്കും. ഇപ്പോൾ പാചകവാതകവിലയിലും സംഭവിച്ചിരിക്കുന്നത് മറ്റൊന്നല്ല. പാർലമെന്റ് തെരഞ്ഞെടുപ്പിനെ മുന്നിൽകണ്ട് പാചകവാതകവില ഒറ്റയടിക്ക് 200 രൂപയാണ് കുറച്ചിരിക്കുന്നത്. വാണിജ്യസിലിണ്ടറിനും വിലകുറച്ചിട്ടുണ്ട്. നരേന്ദ്രമോദി അധികാരത്തിൽ കയറുമ്പോൾ കേവലം 410 രൂപയായിരുന്ന പാചകവാതകവില കുതിച്ചുയർന്ന് 1100 രൂപവരെയായി. അതിലാണ് ഇപ്പോൾ 200രൂപയുടെ കുറവ് വരുത്തിയിരിക്കുന്നത്.


ജീവൻ രക്ഷാ ഔഷധങ്ങളുടെ വിലവർദ്ധനവ് ചികിത്സ വളരെച്ചെലവേറിയതാക്കിയിരിക്കുന്നു. പത്തുശതമാനം വിലവർദ്ധിപ്പിക്കാനുള്ള സർക്കാർ അനുമതിക്കൊപ്പം പേറ്റന്റ് നിയമഭേദഗതിയാണ് ഈ വിലക്കയറ്റത്തിന്റെ അടിസ്ഥാന കാരണമായി വർത്തിക്കുന്നത്. സിമന്റ് ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികളുടെ വിലവർദ്ധനവ് സാധാരണക്കാരന് കൂടുതൽ പ്രഹരമാകുകയാണ്. ചെറുകിട നിർമ്മാണ മേഖലകൾ വമ്പിച്ച തകർച്ചയിലേയ്ക്കുപോകുന്നത് സാധാരണക്കാരന്റെ തൊഴിൽ സാധ്യതകളെ കൂടുതൽ ദുർബലമാക്കുന്നു. ഒപ്പം സർക്കാർ സേവനങ്ങൾക്കടക്കം ഏർപ്പെടുത്തിയിരിക്കുന്ന യൂസർഫീസുകളും നികുതി ചാർജ്ജ് വർദ്ധനവുകളും കുടിവെള്ളത്തിന്റെയും വൈദ്യുതിയുടെയും വിലക്കയറ്റവും വിദ്യാഭ്യാസച്ചെലവുമെല്ലാം ജീവിതത്തിൽ പിടിച്ചുനിൽക്കാൻ സാധാരണക്കാരൻ നടത്തുന്ന ശ്രമങ്ങൾക്കുമേൽ കനത്ത പ്രഹരമേൽപ്പിക്കുകയാണ്. കേന്ദ്രവും സംസ്ഥാനവും ആരുഭരിച്ചാലും നേതാക്കന്മാരുടെ വാചാടോപങ്ങൾ എന്തുതന്നെയായാലും സാധാരണക്കാരൻ കക്ഷിരാഷ്ട്രീയഭേദമെന്യേ ജാതിമത വ്യത്യാസമില്ലാതെ ഈ അതിക്രമങ്ങൾക്ക് ഇരയാക്കപ്പെടുകയാണ് എന്നതാണ് നാം തിരിച്ചറിയേണ്ട യാഥാർത്ഥ്യം.

Share this post

scroll to top