ഉറപ്പുള്ള സ്റ്റാറ്റ്യൂട്ടറി പെൻഷൻ അവകാശമാണ് എന്ന ഡിമാന്റിനുമേൽ രാജ്യമൊട്ടാകെ വളർന്നുവന്ന പ്രക്ഷോഭങ്ങളെ തണുപ്പിക്കാനാണ് കേന്ദ്രസർക്കാർ ഇപ്പോൾ ഏകീകൃത പെൻഷൻ പദ്ധതി അഥവാ യുപിഎസ് പ്രഖ്യാപിച്ചിരിക്കുന്നത്. യുപിഎസും ഓഹരി വിപണിയെ അടിസ്ഥാനപ്പെടുത്തിയുള്ള പങ്കാളിത്ത പെൻഷൻ തന്നെയാണ്.
നിലവിൽ എൻപിഎസ് അഥവാ നാഷണൽ പെൻഷൻ സ്കീം എന്ന, സമ്പൂർണമായും തൊഴിലാളി വിരുദ്ധമായ പദ്ധതിക്കെതിരെ പ്രതിഷേധം വ്യാപകമായിരുന്നു. ജീവനക്കാരുടെ ശമ്പളത്തിൽനിന്നും പിടിച്ചെടുക്കുന്ന തുക സർക്കാർ വിഹിതത്തോടൊപ്പം ഓഹരി കമ്പോളത്തിൽ നിക്ഷേപിക്കുകയും, ജീവനക്കാർ പിരിയുമ്പോൾ പെൻഷൻ ഉറപ്പ് നൽകാതെ അവരുടെ ജീവിതങ്ങൾ വാർധക്യത്തിൽ വഴിമുട്ടുകയും ചെയ്യുന്നതായിരുന്നു എൻപിഎസ് എന്ന കമ്പോളാധിഷ്ഠിത പങ്കാളിത്ത പെൻഷൻ പദ്ധതിയുടെ ബാക്കിപത്രം. പിരിച്ചെടുക്കുന്ന സഹസ്രകോടികൾ ഓഹരി കമ്പോളത്തിലെ മൂലധന മുതലാളിമാരുടെ ഊഹക്കച്ചവടത്തിന് വിട്ടുകൊടുക്കുന്നു. ജീവനക്കാരുടെ ശമ്പളത്തിൽനിന്നും പിടിച്ചുപറിക്കാൻ കാണിക്കുന്ന ആവേശം അവർക്ക് തിരികെ പെൻഷൻ നൽകുന്ന കാര്യത്തിൽ കാണാനില്ല. 1000 രൂപപോലും പെൻഷൻ കിട്ടാത്തവരുണ്ടെന്നത് അതിശയോക്തി അല്ല.
ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഏകീകൃത പെൻഷൻ പദ്ധതിയുടെ പ്രധാന പ്രത്യേകതയായി സർക്കാർ അവകാശപ്പെടുന്നത് ജീവനക്കാർക്ക് പെൻഷൻ ഉറപ്പാക്കുന്നു എന്നതാണ്. പക്ഷേ ഇതും പങ്കാളിത്ത പെൻഷൻ പദ്ധതി തന്നെയാണ്. സർക്കാർ വിഹിതം എൻപിഎസിലെ 14 ശതമാനത്തിൽ നിന്നും 18.5 ശതമാനമായി വർദ്ധിപ്പിക്കും. നിലവിലുള്ള 10 ശതമാനമെന്ന ജീവനക്കാരുടെ വിഹിതം പുതിയ പദ്ധതിയിൽ വർദ്ധിപ്പിക്കില്ല എന്നാണ് വാഗ്ദാനം. അതുപോലെ തന്നെ, 10 വർഷം സർവീസ് ഉള്ളവർക്ക് കുറഞ്ഞ പെൻഷൻ 10,000 രൂപ കിട്ടും എന്ന് പറയുന്നു. 25 വർഷം പൂർത്തിയാക്കി വിരമിക്കുന്നവർക്ക് അവസാന 12 മാസത്തെ അടിസ്ഥാന ശമ്പളത്തിന്റെ ശരാശരിയും ക്ഷാമബത്തയും ചേർന്ന തുകയുടെ 50% പ്രതിമാസ പെൻഷൻ ഉറപ്പാക്കുമെന്ന് പറയുന്നു. സർവീസ് കാലാവധി പൂർത്തിയായി പെൻഷൻ ആകുന്നവർക്ക് ഗ്രാറ്റുവിറ്റിക്ക് പുറമെ ഒരു തുക അധികമായും നൽകും. പത്തു വർഷത്തിൽ താഴെ മാത്രം സേവനകാലാവധി ഉള്ളവർക്ക് പെൻഷനും ഈ തുകകളും നൽകുമോ എന്നതിൽ വ്യക്തതയില്ല. എൻപിഎസ് അവസാനിപ്പിച്ചിട്ടുമില്ല. പകരം രണ്ടിൽ ഏതു സ്വീകരിക്കണം എന്നത് ജീവനക്കാരുടെ തിരഞ്ഞെടുപ്പിന് വിട്ടിരിക്കുന്നു. അതുതന്നെ ആശയക്കുഴപ്പം ഉണ്ടാക്കുന്നു.
മേൽപ്പറഞ്ഞ പരിഷ്കാരങ്ങൾ നിലവിലുള്ള എൻപിഎസിനെ അപേക്ഷിച്ച് നോക്കുമ്പോൾ വളരെ സ്വീകാര്യമാണെന്നു തോന്നാം. എന്നാൽ ഇതും മറ്റൊരു പങ്കാളിത്ത പെൻഷൻ പദ്ധതി മാത്രമാണെന്നതാണ് യാഥാർത്ഥ്യം. എന്‍പിഎസ് കമ്പോളാധിഷ്ഠിത റിട്ടേണ്‍ സമ്പ്രദായമാണെങ്കിൽ യുപിഎസ് സർവ്വീസ് – അടിസ്ഥാന ശമ്പളാധിഷ്ഠിതമാണ്. പഴയ പെൻഷൻ സ്കീമായ സ്റ്റാറ്റ്യൂട്ടറി പെൻഷനിൽ, പെൻഷൻ സർക്കാരിന്റെ അഥവാ തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. അവസാനശമ്പളത്തിന്റെ 50 ശതമാനം വരെ പ്രതിമാസ പെൻഷനും മിനിമം പെൻഷനും കുടുംബപെൻഷനും കമ്മ്യൂട്ടേഷനും ക്ഷാമാശ്വാസവും ഗ്രാറ്റുവിറ്റിയും ഉറപ്പായിരുന്നു. ഇതിൽ പെൻഷനും കുടുംബപെൻഷനും പത്തുവർഷത്തെ സർവീസിന് കുറഞ്ഞ മിനിമം പെൻഷനുമാണ് യുപിഎസിൽ ഉറപ്പ് നൽകുന്നത്. ഉപഭോക്തൃ വിലസൂചിക ആധാരമാക്കിയ ക്ഷാമാശ്വാസവും ഗ്രാറ്റുവിറ്റിയും, കൂടാതെ വിരമിക്കുമ്പോളത്തെ സർവീസ് കാലാവധി കണക്കാക്കി ഒറ്റത്തവണ ലംപ്സം തുകയും നൽകും. എൻപിഎസിലാകട്ടെ യാതൊന്നിനും ഉറപ്പില്ല. എന്നാൽ വിരമിക്കുന്നയാളിന് എൻപിഎസിൽ പെൻഷൻ ഫണ്ടിലെ നീക്കിയിരുപ്പിൽ 60% തുക പിൻവലിക്കാമായിരുന്നത്, യുപിഎസിൽ സാധിക്കില്ല. വാഗ്ദാനം ചെയ്തിട്ടുള്ളതിൽ മറ്റു കാര്യങ്ങൾ തന്നെ പ്രായോ ഗികതലത്തിലെത്തുമ്പോൾ എന്തുതരത്തിലാകും എന്നതിലും നിലവിൽ വ്യക്തതയില്ല. എന്തായാലും ഇതും പങ്കാളിത്തരൂപത്തിലുള്ളതും, പണം ഓഹരിക്കമ്പോളത്തിൽ നിക്ഷേപിക്കപ്പെടുന്നതുമാകും എന്നതിൽ സംശയമില്ല. എൻപിഎസിലൂടെ സമാഹരിക്കപ്പെട്ട പത്തുലക്ഷം കോടി രൂപയോളമാണ് ഓഹരിക്കമ്പോളത്തിലേക്ക് ഇതുവരെ ഒഴുക്കിവിട്ടത്. അതുകൊണ്ടുതന്നെ ഏതെങ്കിലും രൂപത്തിൽ ഈ പദ്ധതി നിലനിർത്തേണ്ടത് മുതലാളിത്തത്തിന്റെ ആവശ്യമാണ്.
ജീവിതകാലത്തിന്റെ നല്ല പങ്ക് തൊഴിലെടുത്ത ഒരാളെ സംബന്ധിച്ചിടത്തോളം, വാർധക്യത്തിൽ പിന്തുണ നൽകേണ്ടത് തൊഴിലുടമയുടെ കടമയാണ്. അതിനുള്ള മാർഗമാണ് പെൻഷൻ. മാറ്റിവെക്കപ്പെട്ട ശമ്പളമാണണത്, അധിക ബാധ്യതയോ ഔദാര്യമോ അല്ല. പ്രത്യേകിച്ചും സർക്കാരിന്റെ ഭാഗമായി പണിയെടുക്കുന്ന ജീവനക്കാരെ സംബന്ധിച്ചിടത്തോളം അവർ ജോലിയെടുക്കുന്നത് സമൂഹത്തിനാകമാനം വേണ്ടിയാണ്. അവിടെ സർക്കാർ, മാതൃകാ തൊഴിൽ ദാതാവ് എന്ന നിലയിൽ നിർവഹിക്കേണ്ട ഉത്തരവാദിത്തം ആണ് പെൻഷൻ നൽകുകയെന്നത്. എന്നാൽ എൻപിഎസിൽ, ജീവനക്കാരിൽ നിന്നും പണം പിരിച്ച് പൊതുഖജനാവിൽ നിന്നുള്ള വിഹിതവും ചേർത്ത് ഓഹരിക്കമ്പോളത്തിൽ ചൂതാട്ടത്തിന് വിട്ടുകൊടുക്കുകയാണ്. ഇത് തികച്ചും മുതലാളിവർഗ്ഗ താൽപ്പര്യമാണ്. പുതിയ യുപിഎസിലേക്ക് വരുമ്പോൾ ഇതിൽ നിന്നും എന്താണ് വ്യത്യാസം? ആര് എങ്ങനെ ഇത് നടപ്പാക്കും? യൂണിഫൈഡ് പെൻഷൻ എന്നു പേരിട്ടതുവഴി നിലവിൽ സ്റ്റാറ്റ്യൂട്ടറി പെൻഷന് അർഹതയുള്ളവർക്കും ഇത് ബാധകമാക്കുമോ? അതായത്, നിലവിൽ സ്റ്റാറ്റ്യൂട്ടറി പെൻഷനു കീഴിലുള്ളവരെയും യുപിഎസിനു കീഴിലേക്ക് മാറ്റാൽ സാധ്യതയുണ്ടോ?കാര്യങ്ങൾ ഇനിയും വ്യക്തമാക്കേണ്ടതുണ്ട്. അപ്രഖ്യാപിത നിയമനനിരോധനംമൂലം ആൾക്ഷാമംകൊണ്ട് വീർപ്പുമുട്ടുകയാണ് എല്ലാ വകുപ്പുകളിലും ജീവനക്കാർ. അവർ എൻപിഎസിന് എതിരെ സമരരംഗത്ത് അണിനിരക്കുന്ന സാഹചര്യമുണ്ട്. പ്രതിപക്ഷം ഭരിക്കുന്ന ചില സംസ്ഥാനങ്ങൾ പഴയ പെൻഷൻ പദ്ധതിയിലേക്ക് മടങ്ങിപ്പോകാൻ ശ്രമിക്കുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ ധനസെക്രട്ടറി ചെയർമാനായി, എൻപിഎസിൽ മാറ്റങ്ങൾ ആവശ്യമാണോ എന്ന് പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ചത്. ഈ കമ്മിറ്റിയുടെ നിർദ്ദേശാനുസരണമാണ് പുതിയ പദ്ധതി പ്രഖ്യാപിക്കുന്നത്. വ്യത്യസ്തമായ പുതിയ പദ്ധതി എന്നൊക്കെ സർക്കാർ പറയുന്നുണ്ടെങ്കിലും നിലവിലെ പങ്കാളിത്ത പെൻഷൻ പദ്ധതിയുടെ അതേ മാതൃകയിലുള്ള, എന്നാൽ കമ്പോളശക്തികളുടെ വ്യതിയാനങ്ങൾക്ക് കാര്യങ്ങൾ പൂർണ്ണമായി വിടാതിരിക്കുന്ന ഒരു പദ്ധതി മാത്രമാണ്. യുപിഎസിൽ, എന്‍പിഎസിന്റെയും പഴയ സ്റ്റാറ്റ്യൂട്ടറി പെൻഷന്റെയും ഘടകങ്ങളുണ്ട്. പ്രത്യക്ഷത്തിൽ എൻപിഎസിനെ അപേക്ഷിച്ച് കുറച്ച് മെച്ചങ്ങൾ യുപിഎസിൽ തോന്നാമെങ്കിലും ഇതും ഏറെ അവ്യക്തതകളുള്ള, മറ്റൊരു രൂപത്തിലുള്ള പങ്കാളിത്ത പെൻഷൻ മാത്രമാണെന്ന് മനസ്സിലാക്കണം.
ഇതിലൂടെ, ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ച് താൽക്കാലികമായെങ്കിലും അവരുടെ ക്ഷോഭം തണുപ്പിക്കാനും, ഓഹരിക്കമ്പോളത്തിന് വിധേയമല്ലാത്ത സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിലേക്കുള്ള തിരിച്ചുപോക്കു തടയനും സർക്കാർ ശ്രമിക്കുന്നു. ജീവനക്കാരിൽ നിന്ന് പിരിക്കുന്നതും സർക്കാരിൽ നിന്നുള്ള വർധിച്ച വിഹിതവും, തുടർന്നും കോർപ്പറേറ്റ് താൽപര്യാർത്ഥം തന്നെ നിക്ഷേപിക്കപ്പെടും. 2004ൽ ജോലിക്ക് ചേർന്ന ഒരാൾ 25 വർഷം പൂർത്തിയാക്കാൻ 2029 ആകുമെന്നിരിക്കെ, ഇതിൽ പറയുന്ന 25 വർഷത്തെ കാലാവധി കഴിയുമ്പോൾ എങ്ങനെ, എത്ര പെൻഷൻ കിട്ടും എന്നറിയാൻ നമ്മൾ ഇനിയും കാത്തിരിക്കണം.
സ്റ്റാറ്റ്യൂട്ടറി പെൻഷൻ അനാവശ്യ ബാധ്യതയാണെന്ന പ്രചാരണവും ഏറെക്കാലമായി മുതലാളിത്തലോകവും അവരുടെ മാധ്യമങ്ങളും നടത്തുന്നുണ്ട്. എന്നാൽ, കേന്ദ്രസർക്കാരാകട്ടെ, കേരളമടക്കം വിവിധ സംസ്ഥാനസർക്കാരുകളാകട്ടെ, ഒരുവർഷം വായ്പകളുടെ പലിശ കൊടുക്കുന്ന തുക ഇന്ന് പെൻഷനുവേണ്ടി മാറ്റിവെയ്ക്കുന്നതിലും അധികമാണ്. അതിലും എത്രയോ കൂടുതലാണ്, നിക്ഷേപം വളർത്താനെന്ന പേരിൽ കോർപ്പറേറ്റുകൾക്ക് നൽകുന്ന ഇളവുകളും അവരുടെ കടം എഴുതിത്തള്ളാനും മറ്റ് വിവിധ പേരുകളിൽ അവർക്ക് പണം കൈമാറാനും സർക്കാരുകൾ ചെലവാക്കുന്നത്. പെൻഷൻ അവകാശമാകുമ്പോൾ രാജ്യത്തെ വൃദ്ധജനങ്ങൾ വലിയൊരളവിൽ സ്വയംപര്യാപ്തരാവുകയാണ്. അവരുടെ കഴിവുകളും അനുഭവജ്ഞാനവും തുടർന്നും സമൂഹത്തിന് ലഭിക്കുന്നു. വാർധക്യത്തിൽ ജനത്തെ സംരക്ഷിക്കാനും പരിരക്ഷ ഉറപ്പാക്കാനുമുള്ള ബാധ്യത ഒരു ജനാധിപത്യ ക്ഷേമരാഷ്ട്രത്തിനുണ്ടെന്നത് നമ്മൾ മറന്നുപോകരുത്. ആ ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിന്റെ ഭാഗമാണ് പെൻഷനും. മാത്രവുമല്ല, അവരുടെ കൈവശമെത്തുന്ന പണം പൊതുവിപണിയെ കൂടുതൽ സജീവമാക്കുന്നുണ്ട്. രാജ്യത്തെ ജനസംഖ്യയിൽ വൃദ്ധരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കെ, അവരുടെ കൈവശം കുറഞ്ഞ വരുമാനം പോലുമില്ല എന്നുവരുന്നത് രാഷ്ട്രസമ്പദ്ഘടനയെ തന്നെ ബാധിക്കും. ആളുകളുടെ കൈയിൽ പണം എത്താത്തത് നിലവിൽ മരണാസന്നമായ മുതലാളിത്ത കമ്പോളത്തെ രൂക്ഷമായി ബാധിക്കുന്നുണ്ട്. തികച്ചും മുതലാളിത്ത താൽപ്പര്യങ്ങൾ തന്നെയാണ് ഈ പദ്ധതിക്കും പിന്നിൽ എന്നിരിക്കെ, ഈ പരിഷ്ക്കരിച്ച പങ്കാളിത്ത പെൻഷൻ പദ്ധതിയാൽ തെറ്റിദ്ധരിക്കപ്പെട്ട് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി നടപ്പാക്കുക എന്ന ആവശ്യത്തിൽ നിന്ന് ജീവനക്കാർ പിന്നോട്ട് പോകരുത്. ജീവനക്കാർ തികച്ചും ന്യായമായ ആവശ്യത്തിനുമേൽ പടുത്തുയർത്തിയിരിക്കുന്ന ഈ സമരം അവഗണിക്കാൻ കഴിയാത്തവിധം രാജ്യത്ത് കരുത്താർജ്ജിച്ചിരിക്കുന്നു, അത് സർക്കാരിന്റെ നയം തിരുത്തിക്കുവാൻ കഴിയുംവിധം വളർന്നിരിക്കുന്നു. അത് ലക്ഷ്യത്തിലേക്ക് അടുത്തിരിക്കുന്നു എന്നാണ് ഈ പുതിയ പദ്ധതി പ്രഖ്യാപനം കാണിക്കുന്നത്. സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുംവരെ പിൻമാറില്ലെന്ന് ദൃഢപ്രതിജ്ഞ എടുത്ത്, പ്രക്ഷോഭം കൂടുതൽ ഐക്യത്തോടെ ശക്തമായി മുന്നോട്ടു കൊണ്ടുപോകണമെന്ന് എല്ലാ ജീവനക്കാരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.