ഏണസ്റ്റ് ആൻഡ് യങ് എന്ന കോർപ്പറേറ്റ് ഓഡിറ്റ് സ്ഥാപനത്തിലെ ജീവനക്കാരി അന്ന സെബാസ്റ്റ്യൻ കഠിനമായ ജോലിഭാരത്തെത്തുടർന്ന് മരണമടഞ്ഞത് രാജ്യത്ത് നടമാടുന്ന മനുഷ്യത്വരഹിതമായ കോർപ്പറേറ്റ് തൊഴിൽ ചൂഷണത്തിന്റെ നടുക്കുന്ന ഉദാഹരണമാണ്. പരമാവധി ലാഭമുണ്ടാക്കുകയെന്ന കോർപ്പറേറ്റ് നയത്തിന്റെ ഇരയാണ് അന്ന സെബാസ്റ്റ്യൻ. ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളോ യോജിച്ച പോരാട്ടങ്ങളോ ഇല്ലാത്ത ഐടി മേഖലയിലും മെഡിക്കൽ, ബാങ്കിംഗ് മേഖലകളിലും അടിമത്ത സമാനമായ തൊഴിൽ ചൂഷണമാണ് സർക്കാർ ഒത്താശയോടെ നടന്നുവരുന്നത്.
തൊഴിലാളി സൃഷ്ടിക്കുന്ന സമ്പത്തിന്റെ നിസ്സാരമായ ഒരു അംശം മാത്രമേ അവന് കൂലിയായി ലഭിക്കുന്നുള്ളൂ എന്നും ബാക്കി, മുതലാളിമാർ കൈയടക്കുന്നുവെന്നുമുള്ള ബോധ്യത്തിൽനിന്നാണ് തൊഴിലാളികളുടെ അവകാശപോരാട്ടങ്ങൾ ആരംഭിക്കുന്നത്. പക്ഷേ ബഹുഭൂരിപക്ഷം തൊഴിലാളികൾക്കും ഈ ബോധ്യമില്ല എന്നതാണ് വാസ്തവം. ഈ വിഷയത്തെ സംബന്ധിച്ച് മാർക്സിസമെന്ന തൊഴിലാളി വർഗ്ഗപ്രത്യയശാസ്ത്രത്തിന്റെഅടിസ്ഥാനത്തിൽകൃത്യമായ ധാരണ ഉണ്ടാവേണ്ടത് തൊഴിലാളിവർഗ്ഗത്തിന്റെ മോചന പോരാട്ടങ്ങൾക്ക് അനുപേക്ഷണീയമാണ്.
മനുഷ്യസമൂഹത്തിൽ, ദൈനംദിനജീവിതത്തിന്റെ അടിസ്ഥാനം ഉൽപാദനമാണ്. ഉൽപാദനത്തിന് വിഷയമാകുന്ന വസ്തുക്കളിന്മേൽ ഉൽപാദനോപകരണങ്ങള്‍ പ്രയോഗിച്ചുകൊണ്ട് അവയിൽ മനുഷ്യാധ്വാനം, അതായത് അധ്വാനശക്തി ചെലുത്തുമ്പോഴാണ് ഉൽപ്പന്നം അഥവാ സമ്പത്ത്സൃഷ്ടിക്കപ്പെടുന്നത്. അധ്വാനശക്തിയാണ് ഉല്‍പാദനത്തിന്റെ സക്രിയമായ ഘടകം. അധ്വാനശക്തിയെ മാറ്റിനിർത്തിക്കൊണ്ട് ഉൽപാദനം നടക്കില്ല. പുതിയതൊന്ന് സൃഷ്ടിക്കുവാനായി ഒരു മനുഷ്യനിലുള്ള കായികവും മാനസികവുമായ ശേഷിയെയാണ് അധ്വാനശക്തി എന്ന് പറയുന്നത്. മുതലാളിത്ത വ്യവസ്ഥയിൽ സ്വന്തം അധ്വാനശക്തി വിറ്റ് അതിന് ലഭിക്കുന്ന കൂലികൊണ്ടാണ് തൊഴിലാളി ജീവസന്ധാരണം നടത്തുന്നത്.
മുതലാളിത്ത ഉൽപാദന സമ്പ്രദായത്തിൽ ഏതൊരു ചരക്കിനെയും പോലെ അധ്വാനശക്തിയും ഒരു ചരക്കാണ്. അതിന് ഒരു മൂല്യമുണ്ട്. അധ്വാന ശക്തിയുടെ മൂല്യം പണത്തിന്റെ അളവിലാക്കുന്നതാണ് അധ്വാനശക്തിയുടെ വില അഥവാ കൂലി. പക്ഷേ അധ്വാനശക്തിയുടെ വില മറ്റേതൊരു ചരക്കിന്റെയും വില പോലെയല്ല നൽകപ്പെടുന്നത്. ഒരു ചരക്കുല്പാദകൻ ഉൽപ്പന്നം കമ്പോളത്തിൽ വിറ്റഴിക്കുമ്പോൾ അയാൾക്ക് കിട്ടുന്നത് ചരക്കിന്റെ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കപ്പെട്ട വിലയാണ്. പക്ഷേ, ഒരു തൊഴിലാളി തന്റെ അധ്വാനശക്തി ഒരു ദിവസത്തേക്ക് മുതലാളിക്ക് വിൽക്കുകയും നിശ്ചിത പണം കൂലി എന്ന നിലയിൽ നേടുകയും ചെയ്യുമ്പോൾ അധ്വാനശക്തി ചെലുത്തി നടത്തുന്ന അധ്വാനംവഴി പുതുതായി സൃഷ്ടിക്കപ്പെടുന്ന മൂല്യം തൊഴിലാളിക്ക് ലഭിക്കുന്നില്ല.
ഉൽപാദനത്തിനായി ചെലവഴിച്ച അധ്വാനശക്തി നിലനിർത്താനും അടുത്തദിവസം അധ്വാനിക്കുന്നതിനുള്ള ശേഷി വീണ്ടെടുക്കാനും വേണ്ടിവരുന്ന, ഭക്ഷണം അടക്കമുള്ള ഉപഭോഗ വസ്തുക്കളുടെ വിലയും ആരോഗ്യ സംരക്ഷണത്തിനും രോഗ ചികിത്സക്കും അടുത്ത തലമുറ തൊഴിലാളികളെ, അതായത് കുട്ടികളെ വാർത്തെടുക്കുന്നതിനും കുടുംബം നടത്തിക്കൊണ്ടുപോകാനുമുള്ള ചിലവാണ് അധ്വാനശക്തിയുടെ വില. പക്ഷേ, തൊഴിലാളി അധ്വാനശക്തി വിനിയോഗിക്കുന്നതിലൂടെ ഈ വിലയേക്കാൾ അധികം ഉൽപ്പന്ന മൂല്യം സൃഷ്ടിക്കുന്നുണ്ട്. ആ മിച്ചമൂല്യം, സൃഷ്ടിക്കുന്നവന് (തൊഴിലാളിക്ക്) നൽകാതെ അത് ഉൽപാദന ഉപാധികളുടെ ഉടമസ്ഥാവകാശം കൈക്കലാക്കിയിരിക്കുന്ന മുതലാളിയാണ് പിടിച്ചെടുക്കുന്നത്. അതിനെയാണ് മുതലാളിത്ത ചൂഷണം എന്ന് വിളിക്കുന്നത്.
ഒരു തൊഴിലാളിക്ക് നാലുമണിക്കൂർ കൊണ്ട് അധ്വാനശക്തിയുടെ വില നൽകാനുള്ള തുകയ്ക്ക് (അത് 1000 രൂപ എന്നിരിക്കട്ടെ) തുല്യമായ മൂല്യം സൃഷ്ടിക്കാനാവും എന്ന് കരുതുക. മുതലാളി തൊഴിലാളിയെ പണിക്കെടുത്തിരിക്കുന്നത് എട്ടുമണിക്കൂറിനാണ് എന്നതിനാൽ ബാക്കി വരുന്ന നാലുമണിക്കൂർ കൊണ്ട് മറ്റൊരു ആയിരം രൂപയ്ക്കുള്ള മൂല്യംകൂടെ തൊഴിലാളിക്ക് സൃഷ്ടിക്കാനാവും. എങ്കിലും ആയിരം രൂപ മാത്രമാണ് കൂലിയായി തൊഴിലാളിക്ക് നൽകുന്നത്. ഈ കൂലി, എട്ടുമണിക്കൂർ അധ്വാനത്തിന് ആകെ നൽകുന്ന കൂലി എന്ന വ്യാജമായ ഒരു പ്രതീതി സൃഷ്ടിക്കുകയാണിവിടെ. പക്ഷേ യഥാർത്ഥത്തിൽ ഭാഗികമായ സമയത്തേക്ക് മാത്രമേ കൂലി നൽകപ്പെടുന്നുള്ളു. തൊഴിലാളിക്ക് നൽകപ്പെടാത്ത കൂലി മുതലാളി കൈവശപ്പെടുത്തുന്നു. അതാണ് മൂലധനമായി മാറുന്നത്. മുതലാളിത്ത സമ്പദ് വ്യവസ്ഥയിൽ ഈ ചൂഷണം മറച്ചുവയ്ക്കപ്പെട്ട ചൂഷണമാണ്.
തൊഴിലാളിക്ക് നൽകുന്ന കൂലിയും മുതലാളിയുടെ ലാഭവും തമ്മിലുള്ള അന്തരം കൂട്ടിക്കൊണ്ടേയിരിക്കുക എന്നത് മുതലാളിത്തത്തിന്റെ സഹജ നിയമമാണ്. അതിനായി കൂലി പരമാവധി കുറയ്ക്കുകയെന്നത് മാത്രമല്ല, നൽകുന്ന കൂലിക്ക് പരമാവധി പണിയെടുപ്പിച്ച് ഉൽപാദനക്ഷമത കൂട്ടി ഉല്പാദനം വർദ്ധിപ്പിക്കാൻ ഏതു വിധ തന്ത്രങ്ങളും മാർഗങ്ങളും മുതലാളിമാർ സ്വീകരിക്കും; അത് മനുഷ്യത്വവിരുദ്ധമാണെങ്കിൽ പോലും. അതിരില്ലാത്ത വിധം ജോലി സമയം കൂട്ടുകയും പ്രതിദിനം ചെയ്തു തീർക്കേണ്ടുന്ന ജോലിഭാരം കൂട്ടുകയും ചെയ്യുമ്പോൾ സംഭവിക്കുന്നത് കൂലി കുറയ്ക്കൽ തന്നെയാണ്.
കൂലിയും യഥാർത്ഥ വേതനവും
മുതലാളിത്തത്തിന്റെ ആദ്യനാളുകളിൽ പണമായല്ലാതെ കൂലി നൽകുന്ന ഏർപ്പാട് വ്യാപകമായിരുന്നു. കിടപ്പാടവും കുറച്ചു ഭക്ഷണവും നാമമാത്രമായ പണവും നൽകുമായിരുന്നു. പണമായി കൂലി നൽകിത്തുടങ്ങിയത് മുതലാളിത്തത്തിന്റെ അല്‍പംകൂടെ വികസിതമായ കാലത്തായിരുന്നു. പണമായി നൽകുന്ന കൂലിയും യഥാർത്ഥ വേതനവും(real wage)വ്യത്യസ്തമാണ്. തന്റെ അധ്വാനശക്തി മുതലാളിക്ക് വിൽക്കുമ്പോൾ പണമായി ലഭിക്കുന്ന കൂലി കുറയാതെ നിന്നാൽപോലും നികുതി വർദ്ധിക്കുകയോ ഉപഭോഗ വസ്തുക്കളുടെ വില വർധിക്കുകയോ ചെയ്യുമെങ്കിൽ ഫലത്തിൽ ആ കൂലിയിൽ കുറവ് വരികയാണ് ചെയ്യുന്നത്.
തൊഴിലാളിക്ക് ലഭിക്കുന്ന കൂലി കൊണ്ട് എത്ര അളവിൽ, ഏതൊക്കെ ഉപഭോഗ വസ്തുക്കളും സേവനങ്ങളും വാങ്ങാനാവും എന്നതാണ് യഥാർത്ഥ വേതനം കൊണ്ട് അർത്ഥമാക്കുന്നത്. ഒരു നിശ്ചിതകാലത്തെ പണമായുള്ള കൂലിയും സാധനവിലകളും വീട്ടുവാടകയും നികുതി ഭാരവും ആ തൊഴിലാളിയുടെ സംരക്ഷണത്തിലുള്ള കുടുംബാംഗങ്ങളുടെ ചെലവിനങ്ങളിലെ വ്യത്യാസവും തൊഴിലില്ലായ്മയോ മറ്റോ മൂലമുണ്ടാകുന്ന അവരുടെ വരുമാന വ്യത്യാസവുമെല്ലാം കണക്കിലെടുത്താണ് യഥാർത്ഥ വേതനം കണക്കാക്കുന്നത്. ഈ മാനദണ്ഡം വച്ചാണ് വിവിധ കാലങ്ങളിൽ യഥാർത്ഥ വേതനത്തിലുള്ള വ്യത്യാസം കണക്കാക്കുന്നത്. മുതലാളിത്ത സമ്പദ്‌വ്യവസ്ഥയിൽ യഥാർത്ഥ വേതനം കുറഞ്ഞു കൊണ്ടേയിരിക്കും എന്നാണ് കണ്ടുവരുന്നത്. ഐഎൽഒയും ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ഹ്യൂമൻ ഡെവലപ്മെന്റും നടത്തിയ പഠനത്തിൽ 2012 നും 2022നും ഇടയിൽ ഇന്ത്യയിലെ സ്ഥിരതൊഴിലാളികളുടെ യഥാർത്ഥ വേതനത്തിൽ 10 ശതമാനവും അസ്ഥിര തൊഴിലാളികളുടെ വേതനത്തില്‍ 20 ശതമാനവും കുറവുണ്ടായി എന്ന് വ്യക്തമാക്കുന്നു. പ്രതിവർഷം ആറു മുതൽ ഏഴുശതമാനംവരെ വളരുന്ന സമ്പദ്‌വ്യവസ്ഥ എന്ന് അവകാശപ്പെടുന്ന ഒരു രാജ്യമാണിത് എന്നോര്‍ക്കണം. 10 വർഷം കൊണ്ട് 60 -70 ശതമാനം സമ്പത്ത് തൊഴിലാളികൾ അധികമായി വർദ്ധിപ്പിച്ചപ്പോൾ തൊഴിലാളികളുടെ കൂലി 10-20% കുറയുകയാണുണ്ടായത്. അസമത്വത്തിന്റെയും ചൂഷണത്തിന്റെയും വർദ്ധിക്കുന്ന തോത് ഈ കണക്കിൽനിന്നും മനസ്സിലാവും.” കൂലിയുടെ ശരാശരി നിലവാരം കൂടുകയല്ല, മറിച്ച് കുറയുക എന്നതാണ് മുതലാളിത്ത ഉൽപാദനത്തിന്റെ പൊതുപ്രവണത” (മാർക്സ്-‘കൂലി, വില, ലാഭം’ എന്ന കൃതിയിൽ നിന്ന്) മാർക്സിന്റെ വിശകലനം മുതലാളിത്തം നിലനിൽക്കുവോളം ശരിയെന്നാണ് മേൽപ്പറഞ്ഞ കണക്കുകൾ വെളിപ്പെടുത്തുന്നത്.
മിനിമം കൂലി
ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശക തത്വങ്ങളിൽപെടുന്ന ആർട്ടിക്കിൾ 43ല്‍ പറയുന്നത്, തൊഴിലാളികൾക്ക് അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിർവഹിക്കാൻ പറ്റുന്ന വിധം നീതിയുക്തമായ കൂലി (ഫെയർവേജ് ) നൽകണമെന്നാണ്. ഫെയർവേജ് എന്നാൽ ശാരീരികമായി നിലനിൽക്കാൻ വേണ്ടിയുള്ളതുമാത്രമല്ല, ആരോഗ്യത്തോടെയും അന്തസ്സോടെയുമുള്ള ജീവിതത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും അനാരോഗ്യത്തിന് എതിരെയുള്ള സംരക്ഷണത്തിനും അപകടമോ അവിചാരിതമായ ദുരിതങ്ങളോ സംഭവിക്കുകയാണെങ്കിൽ അതിനെതിരെയുള്ള പരിരക്ഷയ്ക്കും ആവശ്യമായ പണം എന്നാണർത്ഥം. ഭരണഘടനാദത്തമായ ഈ മാനദണ്ഡം ഇന്ത്യയിൽ ഒരു മേഖലയിലും ബാധകമാക്കുന്നില്ല. എന്നുമാത്രമല്ല ഒരു തൊഴിലാളിക്ക് മനുഷ്യോചിതമായ ജീവിതത്തിന് ആവശ്യമായ മിനിമം കൂലി പോലും ബഹുഭൂരിപക്ഷം തൊഴിലാളികൾക്കും നൽകുന്നില്ല.
1957ൽ നടന്ന, ഔദ്യോഗിക ത്രികക്ഷിയോഗമായ പതിനഞ്ചാം ഇന്ത്യൻ ലേബർ കോൺഗ്രസ് ആണ് ആദ്യമായി ഇന്ത്യയിൽ ആവശ്യാധിഷ്ഠിത മിനിമം കൂലിയെ സംബന്ധിച്ചുള്ള തത്വങ്ങൾ ആവിഷ്കരിച്ചത്. ഡോ.അയ് ക്രോയ്ഡ് ഫോർമുല അനുസരിച്ച് ഒരു തൊഴിലാളിയുടെ കുടുംബത്തിന് ആരോഗ്യം നിലനിർത്താൻ ആവശ്യമായ 2400 മുതൽ 3200 വരെ കലോറി ഊർജ്ജത്തിനുവേണ്ടിയുള്ള ഭക്ഷണം, നിശ്ചിത അളവിലുള്ള വസ്ത്രം, യാത്ര, വൈദ്യുതി, വിദ്യാഭ്യാസം, വീട്ടുവാടക, രോഗപരിചരണം തുടങ്ങിയവയാണ് മിനിമം കൂലിക്ക് കണക്കിലെടുക്കുന്നത്. പതിനഞ്ചാം ഇന്ത്യൻ ലേബർ കോൺഗ്രസ് മൂന്ന് യൂണിറ്റുകളായാണ് കുടുംബത്തെ കണക്കാക്കിയത്. (ദമ്പതികളും രണ്ടു കുട്ടികളും) പക്ഷേ, ഇന്ത്യൻ സാഹചര്യത്തിൽ അത് കുടുംബത്തിലെ പ്രായമായവർ അടക്കം 5 യൂണിറ്റ് ആയാണ് യഥാർത്ഥത്തിൽ കണക്കാക്കേണ്ടത്. മൂന്നുപേർ അടങ്ങിയ കുടുംബയൂണിറ്റായി കണക്കാക്കുകയാണെങ്കിൽതന്നെ, ഇന്ത്യയിലെ തൊഴിലാളികളുടെ ഏറ്റവും കുറഞ്ഞ കൂലി മിനിമം 2024ലെ വിലനിലവാരം അനുസരിച്ച് 39000 രൂപ ആയിരിക്കണം. ഭരണഘടനാദത്തമായ ഫെയർവേജ് ആണെങ്കിൽ അത് 53050 രൂപ ആയിരിക്കണം. പക്ഷേ ഇന്ത്യ ഗവൺമെന്റ് പ്രഖ്യാപിച്ചിരിക്കുന്ന മിനിമം വേതനം മേൽപ്പറഞ്ഞതിന്റെ മൂന്നിലൊന്ന് മാത്രമേ വരു. അൺസ്കിൽഡ് തൊഴിലാളിക്ക് പ്രതിമാസം 15000 രൂപ (പ്രതിദിനം 500), സെമി സ്‌കിൽഡ് തൊഴിലാളിക്ക് 16380 രൂപ (പ്രതിദിനം 546), സ്കിൽഡ് തൊഴിലാളിക്ക് 1790 രൂപ (പ്രതിദിനം 593). 8 മണിക്കൂർ പ്രവൃത്തിസമയത്തിനാണ് ഈ കൂലി നിശ്ചയിക്കുന്നതെങ്കിലും ഓവർടൈം അലവൻസൊന്നും നൽകാതെ ജോലി സമയം 12 മണിക്കൂർവരെ നീട്ടിയെടുക്കുമ്പോൾ സംഭവിക്കുന്നത് മണിക്കൂർ നിരക്കിൽ വീണ്ടും കൂലി കുറയുക എന്നതാണ്. ആശാ പ്രവർത്തകർ അടക്കമുള്ള പൂർണ സമയത്തൊഴിലാളികളായ, ഒരു കോടിയോളം വരുന്ന സ്കീം വർക്കേഴ്സിന് സർക്കാർ നൽകുന്നത് 6000 രൂപയിൽ താഴെയാണ്. ഏറ്റവും ഉയർന്ന സ്കില്ലും ജാഗ്രതയും വേണ്ടിവരുന്ന ബസ് ഡ്രൈവർമാർക്ക് കേരള സർക്കാർ കമ്പനിയിൽ നൽകുന്നത് 715 രൂപയാണ്. അവരെ 12 മണിക്കൂർ പണിയെടുപ്പിക്കുകയും ചെയ്യുന്നു. സർക്കാർതന്നെ ഇത്തരത്തിൽ പരിതാപകരമായ ശമ്പളം നൽകുമ്പോൾ സ്വകാര്യ മുതലാളിമാർ എത്രയോ തുച്ഛമായ ശമ്പളമാണ് നൽകുന്നത്. ഐടി മേഖലയിലും സ്വകാര്യ ആശുപത്രികളിലും ബാങ്കുകളിലും ഷോപ്പുകളിലും പണിയെടുക്കുന്നവരെ മരണത്തിലേക്കും ആത്മഹത്യയിലേക്കും തള്ളി വിടുന്ന മനുഷ്യത്വഹീനമായ ചൂഷണമാണ് നടത്തുന്നത്. എംബിബിഎസ്, ബിടെക് പോലുള്ള പ്രൊഫഷണൽ യോഗ്യതയുള്ളവർപോലും 15000 രൂപയിൽ താഴെ കൂലിക്ക് പണി ചെയ്യുന്നു എന്നത് യാഥാർത്ഥ്യമാണ്. സർക്കാർ നിശ്ചയിച്ച പരിതാപകരമായ മിനിമംകൂലി നൽകുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനുള്ള തൊഴിൽ വകുപ്പിന്റെ ഇൻസ്പെക്ഷനുകൾ ‘ഈസ് ഓഫ് ഡൂയിങ് ബിസിനസി’ന്റെ പേരിൽ മരവിപ്പിച്ചു നിർത്തിയിരിക്കുകയാണ്. ഇന്ത്യയിലെ 42 കോടിയോളം വരുന്ന കുടിയേറ്റ തൊഴിലാളികളെ അടിമ സമാനമുള്ള തൊഴിൽ ചൂഷണത്തിനാണ് വിധേയമാക്കുന്നത്. യാതൊരു തൊഴിൽ നിയമങ്ങളും ബാധകമാക്കാതെ അവർക്ക് മനുഷ്യോചിതമായ ജീവിതത്തിനു വേണ്ടിവരുന്ന കൂലിപോലും നൽകപ്പെടുന്നില്ല. എന്നുമാത്രമല്ല, നൽകുന്ന കൂലി യിൽനിന്നുതന്നെ വലിയൊരു വിഹിതം ഇടനിലക്കാരായ ലേബർ കോൺട്രാക്ടർമാർ തട്ടിയെടുക്കുന്നു. ഇതേ സാഹചര്യം തന്നെയാണ് കരാർ, ദിവസവേതന തൊഴിലാളികളും നേരിടുന്നത്.
മിനിമം വേതനം നൽകാനാവാത്തവർക്ക് സ്ഥാപനം നടത്താൻ
അവകാശമില്ല – സുപ്രീം കോടതി
ഇനി, മിനിമം വേതനത്തിന്റെ കാര്യത്തിൽ രാജ്യത്തെ നിയമമായിത്തന്നെ കണക്കാക്കാവുന്ന സുപ്രീംകോടതി വിധികൾ പരിശോധിക്കുക. Workman versus Management of Reptkos Brett & Company Limited (Writ Petition no. 16680/1990) എന്ന കേസിലെ 30.10.1991 ലെ വിധിയിൽ സുപ്രീംകോടതി പറയുന്നത്, മിനിമം വേജ് നൽകാൻ ശേഷിയില്ലാത്ത ഒരു സ്ഥാപനത്തിന് തൊഴിലാളികളെ പണിക്ക് നിയോഗിക്കാനോ ഒരു സ്ഥാപനം നടത്തിക്കൊണ്ടു പോകാനോ യാതൊരു അവകാശവുമില്ല എന്നാണ്. പക്ഷേ, തൊഴിലാളികൾക്ക് ന്യായമായ കൂലി നൽകുന്ന കാര്യത്തിൽ ഇന്ത്യ ഗവൺമെന്റ് ഭരണഘടനാ തത്വങ്ങളോ സുപ്രീംകോടതി വിധിയോ പാലിക്കാൻ തയ്യാറല്ല എന്നാണ് അവരുടെ നടപടികൾ വ്യക്തമാക്കുന്നത്. മനുഷ്യോചിതമായ മിനിമംകൂലി നിയമപ്രകാരം ഉറപ്പാക്കുകയും, കർക്കശമായി നടപ്പിലാക്കിക്കൊണ്ട് എല്ലാ മുതലാളിമാരെയും അത് പാലിക്കാൻ നിർബന്ധിതരാക്കുകയും ചെയ്തിരുന്നെങ്കിൽ, കൂലി കുറയ്ക്കാനായി മുതലാളിമാർ തമ്മിൽ നടത്തുന്ന കിടമത്സരത്തിന് അതിരു നിശ്ചയിക്കപ്പെട്ടേനെ. പക്ഷേ, മൂലധനതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി നിയുക്തരാണ് മുതലാളിത്ത ഭരണകൂടം എന്നതിനാൽ, നിയമങ്ങൾ സൃഷ്ടിക്കപ്പെട്ടാൽപോലും അത് തൊഴിലാളികൾക്ക് അനുകൂലമായി നടപ്പിലാകില്ല എന്നതാണ് സാഹചര്യം.
ഇന്ന്, ലോകരാഷ്ട്രങ്ങളിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ കൂലി നൽകുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. പിച്ചക്കാശിന് ദീർഘമായ തൊഴിൽ സമയത്തേക്ക് വിദഗ്ദ്ധ തൊഴിലാളികളെ അടിമകളെപ്പോലെ പണിക്കു കിട്ടും എന്നുവന്നപ്പോൾ ലോകമെമ്പാടുമുള്ള മുതലാളിത്തക്കഴുകന്മാർ സാങ്കേതിക മേഖലകളിൽ ഇന്ത്യയിലേക്ക് പുറം കരാർ നൽകുകയാണ്. സ്വന്തം തൊഴിലാളി ജനതയെ സ്വദേശ-വിദേശ മൂലധന ശക്തികളുടെ മൃഗീയചൂഷണത്തിന് എറിഞ്ഞു കൊടുക്കുകയാണ് സർക്കാർ.
തൊഴിലില്ലായ്മയും കൂലി ചൂഷണവും
തൊഴിലാളിയുടെ അധ്വാനശക്തിയുടെ മൂല്യത്തെക്കാൾ കൂലി കുറഞ്ഞു കൊണ്ടേയിരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിന് മുഖ്യകാരണം തൊഴിലില്ലായ്മയാണ്. എത്രയും കുറച്ച് കൂലി നൽകി തൊഴിലാളിയുടെ അധ്വാനശക്തി വാങ്ങാനാണ് മുതലാളി ശ്രമിക്കുന്നത്. തൊഴിലില്ലായ്മ വർദ്ധിക്കുന്നതിനനുസരിച്ച് അധ്വാനത്തിനുള്ള ഡിമാൻഡിനേക്കാൾ കൂടുതൽ അതിന്റെ സപ്ലൈ വർദ്ധിക്കുന്നു. മറ്റുള്ള ചരക്കുകളുടെ വിൽപ്പന നീട്ടിവയ്ക്കാം. പക്ഷേ, തൊഴിലാളിക്ക് അവന്റെ അധ്വാനശക്തിയുടെ വിൽപ്പന നീട്ടിവയ്ക്കാനാവില്ല. പട്ടിണി കിടന്നു മരിക്കാതിരിക്കണമെങ്കിൽ മുതലാളി വച്ചുനീട്ടുന്ന ഏതൊരു വ്യവസ്ഥയ്ക്കും വിധേയപ്പെട്ട് സ്വന്തം അധ്വാനശക്തി വിൽക്കാൻ നിർബന്ധിതനാകുന്നു. തൊഴിലില്ലായ്മ കൂടുമ്പോൾ, തൊഴിലാളികൾ തമ്മിൽ തൊഴിലിനായുള്ള മത്സരം രൂക്ഷമാവുകയും ചെയ്യുന്നു. ഈ സാഹചര്യം മുതലെടുത്ത് മുതലാളി തൊഴിലാളിക്ക് നൽകുന്ന കൂലി അധികമധികം കുറയ്ക്കുന്നു. അങ്ങനെ, തൊഴിലാളി വർഗ്ഗത്തിന്റെ ഭാഗമായ തൊഴിലില്ലാത്തവരുടെ സ്ഥിതിയും തൊഴിലുള്ളവരുടെ കൂലി കുറയ്ക്കുന്നതിനുള്ള ഉപാധിയായി മുതലാളി ഉപയോഗിക്കുന്നു.
തുച്ഛമായ കൂലി നൽകിയുള്ള ചൂഷണമേഖലകളും കൂലിക്കൊള്ളയും
അപ്രന്റീസ്ഷിപ്പ്, ഇന്റേൺഷിപ്പ്, തൊഴിൽ പരിശീലനം, പഠനത്തോടൊപ്പം തൊഴിൽ എന്നൊക്കെയുള്ള പേരിൽ കൂലി നൽകാതെയോ പ്രതിഫലമായി പിച്ചക്കാശുമാത്രം നൽകിയോ യുവാക്കളെ ഹൃസ്വകാലത്തേക്ക് നിയോഗിച്ചു പുറന്തള്ളിക്കൊണ്ട് നിഷ്ഠുരമായി ചൂഷണംചെയ്യുന്നതും നമ്മൾ കാണുന്നു. അത്രകണ്ട് മുഴുവൻ കൂലി നൽകേണ്ടുന്ന സ്ഥിരം തൊഴിലാളികളെ ഒഴിവാക്കാനുമാകും. കലാശാലകളിൽനിന്ന് വലിയൊരു സംഖ്യ പുതിയ തൊഴിലാളികളെ കൂലി നൽകാതെ സ്ഥിരമായി വർഷാവർഷം കിട്ടുന്നതിനായി വിദ്യാഭ്യാസ സമ്പ്രദായത്തിൽ ‘സ്കിൽ അധിഷ്ഠിത വിദ്യാഭ്യാസം’ എന്നപേരിൽ പരിവർത്തനങ്ങൾ വരുത്തുകയാണ്. മുതലാളിത്ത ചൂഷണത്തിന്റെ കിരാതമായ ഒരു മേഖലയാണ് അടിമപ്പണി. ആയിരത്തിൽ 3.5 പേർ അടിമപ്പണിയിൽ ഏർപ്പെടുന്നുവെന്ന് ഐഎൽഒ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നു. അടിമപ്പണിയിലൂടെയുള്ള ലാഭം കഴിഞ്ഞ 10 വർഷംകൊണ്ട് 37 ശതമാനം വർധിച്ചുവന്നും പഠനം പറയുന്നു. ചെയ്ത ജോലിക്കുള്ള കൂലി തടഞ്ഞുവെച്ചും നീട്ടിവെച്ചും നൽകാതെയുമുള്ള കൂലിക്കൊള്ളയും നമ്മൾ കാണുന്നു. കേരളത്തിലെ സർക്കാർ ജീവനക്കാരുടെയും കെഎസ്ആർടിസി തൊഴിലാളികളുടെയും ഉദാഹരണം നമ്മുടെ മുമ്പിലുണ്ട്.
മുമ്പ്, കുടുംബനാഥന് കിട്ടിയിരുന്ന കൂലികൊണ്ട് കുടുംബത്തിന്റെയാകെ ചെലവിനുള്ള വക കണ്ടെത്താനാവുമായിരുന്നുവെങ്കിൽ, യഥാർത്ഥ കൂലി കുറയുകയും ചിലവ് കൂടുകയും ചെയ്തതോടെ കുടുംബമൊന്നാകെ തൊഴിലിനിറങ്ങേണ്ട സാഹചര്യവും സൃഷ്ടിക്കപ്പെട്ടി രിക്കുന്നു. അതുവഴി, സ്ത്രീത്തൊ ഴിലാളികൾക്കും ബാലവേലയ്ക്കും കൂലി കുറച്ചു നൽകി മുതലാളിക്ക് കൂടുതൽ പണിയെടുപ്പിക്കാം എന്ന ആകർഷണവുമുണ്ട്. കാർഷിക മേഖലയുടെ തകർച്ച കാരണം ഗ്രാമീണ തൊഴിൽ മേഖലയിലുണ്ടായ തൊഴിൽ നഷ്ടങ്ങൾ, പുതുതായി തൊഴിൽ തേടുന്നവരുടെ എണ്ണം പെരുപ്പിക്കുകയും ആ സാഹചര്യം നിലവിൽ തൊഴിലുള്ളവരുടെ കൂലി കുറയ്ക്കുന്നതിന് മുതലാളി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.
മുതലാളി വർഗ്ഗത്തിന്റെ ആക്രമണങ്ങളെ ചെറുക്കാനാകുന്നത് തൊഴിലാളി
കളുടെ വർഗ്ഗ സമരത്തിലൂടെ മാത്രം
നിലവിലുള്ളതിലും താഴ്ന്നനിലയിലേക്ക് കൂലി താഴ്ത്തിക്കൊണ്ട് വരാനാണ് മുതലാളിയുടെ നിതാന്ത പരിശ്രമം. തൊഴിലാളിവർഗ്ഗമാകട്ടെ, കൂലി കുറയ്ക്കുന്നതിനെതിരെയും കൂലി കൂട്ടാനും മിനിമം കൂലി ഉറപ്പാക്കാനും സാമൂഹ്യ സുരക്ഷാനടപടികൾക്കും ജോലി സമയം കുറയ്ക്കാനുമായി പോരാടുന്നു. ഈ സമരത്തിൽ മുതലാളി വർഗ്ഗം ആകെയും മുതലാളിവർഗ്ഗ ഭരണകൂടവും തൊഴിലാളി വർഗ്ഗത്തിനെതിരെ അണിനിരക്കുന്നു.
ഓരോ രാജ്യത്തെയും തൊഴിലാളികൾക്ക്, ജീവിതം നിലനിർത്തുവാൻ വേണ്ടിയുള്ള കൂലി ഏതെങ്കിലും അളവിൽ ഉയർത്തിയിട്ടുണ്ടെങ്കിൽ അത് തൊഴിലാളിയും മുതലാളിയും തമ്മിൽ നടന്ന അതിരൂഷമായ വർഗ്ഗ സമരത്തിന്റെ ഫലമായി മാത്രമാണ്.
കൂലി വർദ്ധിപ്പിക്കാനായി തൊഴിലാളികളുടെ ഉശിരോടെയുള്ള സമരങ്ങൾ, വ്യാവസായിക മുതലാളിത്തത്തിന്റെ തുടക്കത്തോടെ തന്നെ ആരംഭിച്ചു. ആദ്യം ബ്രിട്ടനിലും പിന്നീട് മറ്റു മുതലാളിത്ത രാജ്യങ്ങളിലേക്കും കോളനികളിലേക്കും സമരങ്ങൾ പടർന്നു. തൊഴിലാളികൾ ഒരു വർഗ്ഗം എന്നനിലയിൽ രൂപംകൊണ്ടു വരവേതന്നെ, സാമ്പത്തിക സമരങ്ങൾ വിജയകരമായി നയിക്കാനായി ട്രേഡ് യൂണിയനുകൾ രൂപംകൊള്ളാൻ തുടങ്ങി. ഇതിന്റെ ഫലമായി മുതലാളിക്ക് നേരിടേണ്ടിവന്നത് ഒറ്റയ്ക്കുള്ള ഒരു തൊഴിലാളിയെ അല്ല, സംഘടനയിൽ ഐക്യപ്പെട്ട തൊഴിലാളികളുടെ സംഘബലത്തെ ആെകയാണ്. വർഗ്ഗസമരം വികസിച്ചതോടെ, ഫാക്ടറി തലത്തിലും പ്രാദേശിക തലത്തിലും ദേശീയതലത്തിലും മാത്രമല്ല സാർവദേശീയതലത്തിലും തൊഴിലാളി സംഘടനകൾ രൂപംകൊണ്ടു. തൊഴിലാളികളുടെ വിപുലമായ അണികൾക്ക് വർഗ്ഗ സമരത്തിന്റെ പാഠശാലകളായി ട്രേഡ് യൂണിയനുകൾ മാറി. മറുവശത്ത്, മുതലാളിമാരും അവരുടെ സംഘടനകൾ രൂപീകരിച്ചുകൊണ്ട് തൊഴിലാളികളെ നേരിടാൻ സന്നാഹമൊരുക്കി. അവർ തൊഴിലാളി പ്രക്ഷോഭണങ്ങളെ അടിച്ചമർത്താനായി, സമരങ്ങളെ പൊളിക്കാനും അവരുടെ നേതാക്കളെ വിലയ്ക്കെടുക്കാനും തൊഴിലാളി സംഘടനകളെ തകർക്കാനും പോലീസിനെയും കോടതിയെയും ജയിലറകളെയും ഉപയോഗപ്പെടുത്താൻ തുടങ്ങി.
കൂലി വർധിപ്പിക്കാനും ജോലിസമയം കുറക്കാനും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ നേടിയെടുക്കാനുമായി തൊഴിലാളികൾക്കുള്ള ഫലപ്രദമായ ആയുധമാണ് പണിമുടക്ക്. വർഗ്ഗവൈരുദ്ധ്യങ്ങൾ രൂക്ഷമായതോടെയും തൊഴിലാളിവർഗ്ഗസമരങ്ങൾ കൂടുതൽ നന്നായി സംഘടിപ്പിക്കപ്പെടുകയും ചെയ്തതോടെ ലോകമെങ്ങും കോടിക്കണക്കിന് തൊഴിലാളികൾ പണിമുടക്ക് സമരങ്ങളിലേക്ക് കടന്നുവന്നു. പൊരുതുന്ന തൊഴിലാളികൾ നിശ്ചയദാർഢ്യവും വീറും കാട്ടി നിലകൊള്ളുകയാണെങ്കിൽ, ഈ സാമ്പത്തിക സമരങ്ങൾക്ക് മുന്നിൽ പണിമുടക്കുന്നവർ ഉന്നയിക്കുന്ന ഡിമാന്റുകൾ അംഗീകരിക്കാൻ മുതലാളിമാർ നിർബന്ധിതരാകുന്നു. ജീവല്‍പ്രധാനങ്ങളായ താല്പര്യങ്ങൾക്കായി തൊഴിലാളിവർഗ്ഗം നടത്തുന്ന ഇടതടവില്ലാത്ത സമരങ്ങളിലൂടെ മാത്രമാണ് മുതലാളിത്ത ഭരണകൂടങ്ങൾ മിനിമം കൂലിയും മനുഷ്യോചിതമായ നിശ്ചിത തൊഴിൽ സമയവും ബാലവേല നിയന്ത്രണവും ഏർപ്പെടുത്തിക്കൊണ്ടുള്ള നിയമങ്ങൾ നിർമ്മിക്കാൻ നിർബന്ധിതമാകുന്നത്.
കൂലി വർധനവിന് വേണ്ടിയുള്ള സമരം തൊഴിലാളിവർഗ്ഗത്തിന്റെ ആത്യന്തിക മോചനത്തിനായുള്ള സമരവുമായി കണ്ണിചേർക്കപ്പെടണം. കൂലിവർദ്ധനവ് പോലുള്ള ഡിമാന്റുകൾ വച്ചുള്ള സാമ്പത്തിക സമരങ്ങൾക്ക് വലിയ പ്രാധാന്യമാണുള്ളത്. പക്ഷേ, തൊഴിലാളി വർഗ്ഗത്തിന്റെ സാമ്പത്തിക സമരങ്ങൾ കൊണ്ടുമാത്രം തൊഴിലാളികളെ കൂലി അടിമത്തത്തിൽനിന്നോ മുതലാളിത്ത ചൂഷണത്തിൽനിന്നോ മോചിപ്പിക്കാനാകില്ല. മുതലാളിത്ത വ്യവസ്ഥിതിയുടെ ഉപോൽപ്പന്നങ്ങളായി പ്രത്യക്ഷപ്പെടുന്ന അടിച്ചമർത്തലിനും ദാരിദ്ര്യത്തിനും എതിരെ മാത്രമല്ല, ഇവയ്ക്കെല്ലാം അടിസ്ഥാന കാരണമായ മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയ്ക്കെതിരെ നിലകൊണ്ടില്ലെങ്കിൽ ആത്യന്തിക പരിഹാരമുണ്ടാവില്ല. തൊഴിലാളികളുടെ വിപ്ലവ രാഷ്ട്രീയ സമരങ്ങളിലൂടെ മാത്രമേ തൊഴിലാളി വർഗ്ഗത്തിന് ഈ കൂലി അടിമത്ത വ്യവസ്ഥിതിയെ അവസാനിപ്പിക്കാനാകൂ.