തകർന്നടിയുന്ന പൊതുജനാരോഗ്യ സംവിധാനം

Medicine-ALP.jpeg
Share

കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നിനുപോലും മരുന്നില്ല എന്നത് ഏതാനും ആഴ്ചകളായി എല്ലാ മാധ്യമങ്ങളിലെയും പ്രധാന വാര്‍ത്തയാണ്. പാരസെറ്റമോള്‍, ആന്റിബയോട്ടിക്കുകള്‍, ഒആര്‍എസ് ലായനി, നോര്‍മല്‍ സലൈന്‍, ടിടി കുത്തിവയ്പ് തുടങ്ങി ഏറെ ആവശ്യമുള്ള മരുന്നുകള്‍പോലും സര്‍ക്കാര്‍ ആശുപത്രികളില്‍ സ്റ്റോക്കില്ല. പല ആശുപത്രികളിലും ജീവന്‍രക്ഷാമരുന്നുകളും ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നും ഇല്ല. രണ്ടുമാസത്തേയ്ക്ക് നല്‍കിവന്നിരുന്ന ജീവിതശൈലീരോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ഇപ്പോള്‍ രണ്ടാഴ്ച, പത്തുദിവസം, ഒരാഴ്ച എന്ന കാലയളവിലേക്ക് ചുരുങ്ങിയിരിക്കുന്നു എന്നതിനാല്‍ ഈ മരുന്നുകള്‍പോലും പുറത്തുനിന്ന് വാങ്ങേണ്ട സ്ഥിതിയിലാണ് ജനങ്ങള്‍.

പനിബാധിതരുടെ എണ്ണത്തിൽ വൻവർദ്ധനവുണ്ടായിരിക്കുന്ന സാഹചര്യത്തിലാണ് മരുന്നുക്ഷാമം രൂക്ഷമായിരിക്കുന്നത്. കോവിഡ്, ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കുപുറമേ മങ്കിപോക്സും ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ജനങ്ങൾ സ്വകാര്യ ആശുപത്രികളിലേയ്ക്ക് നിർബന്ധപൂർവം തള്ളിവിടപ്പെടുന്നു എന്നതാണ് പരിണിതഫലം.
മരുന്നിന് ക്ഷാമം ഇല്ലെന്നും ഏതാനും മരുന്നുകൾ കുറവുണ്ടെന്നു മാത്രമേയുള്ളൂ എന്നുമാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. മരുന്നിന്റെ പട്ടിക തയ്യാറാക്കുന്നതിലും വാങ്ങുന്നതിലും വന്ന കാലതാമസമാണ് മരുന്ന് ക്ഷാമത്തിന്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എല്ലാവർഷവും ഒക്ടോബറിൽ കണക്കെടുത്ത്, ഡിസംബറിൽ ടെൻഡർ ക്ഷണിച്ച്, ജനുവരിയോടെ കമ്പനികളുടെ പട്ടിക തയ്യാറാക്കി, കരിമ്പട്ടികയിലുള്ള കമ്പനികളെ ഒഴിവാക്കി ഓർഡർ നൽകി, ഏപ്രിലോടെ ആശുപത്രികളിൽ എത്തിക്കുകയാണ് ചെയ്യുന്നത്. ഈ പണി ഇപ്പോൾ ചെയ്തുവരുന്ന മെഡിക്കൽ സർവീസ് കോർപ്പറേഷൻ മരുന്ന് ഓർഡർ സ്വീകരിക്കുന്നതിലും വാങ്ങുന്നതിലും വരുത്തിയ കാലതാമസമാണ് മരുന്നുക്ഷാമത്തിന്റെ കാരണം.
ഡ്രഗ് വെയർഹൗസുകൾ എന്ന പേരിൽ ആരോഗ്യവകുപ്പിനു കീഴിൽ പ്രവർത്തിച്ചുവന്നിരുന്ന പർച്ചേസിംഗ് സംവിധാനത്തിന്റെ സ്ഥാനത്താണ് ഇപ്പോൾ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിററഡ് പ്രവർത്തിക്കുന്നത്. ആരോഗ്യവകുപ്പിനു കീഴിൽ സംസ്ഥാന ഡ്രഗ് വെയര്‍ഹൗസുകൾക്കുപുറമേ ജില്ലാ ഡ്രഗ് വെയർഹൗസുകളും കാര്യക്ഷമമായി പ്രവർത്തിച്ചു വന്നിരുന്നു. ഓരോ ആശുപത്രിക്കും ആവശ്യാനുസരണം മരുന്നുകൾ വാങ്ങാൻ അവസരമൊരുക്കിക്കൊണ്ട് പർച്ചേസ് കമ്മിറ്റികളും നിലവിലുണ്ടായിരുന്നു. ഈ ചുമതലയാണ് മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡിന് കൈമാറിയിരിക്കുന്നത്. കേരളത്തിന്റെ ആരോഗ്യരംഗത്തുനടന്ന വലിയൊരു ചതിയുടെയും വഞ്ചനയുടെയും ചരിത്രം ഈ മാറ്റങ്ങൾക്കു പിന്നിലുണ്ട്. എങ്ങനെയാണോ കേരളത്തിലെ പുകൾപെറ്റ വിദ്യാഭ്യാസക്രമം തകർത്തെടുത്ത് തലമുറകളെത്തന്നെ കശക്കിക്കളഞ്ഞ ലോകബാങ്ക് പദ്ധതിയായ ഡിപിഇപിക്ക് സിപിഐ(എം) നേതൃത്വം നൽകിയ ഇടതുമുന്നണി സർക്കാർ പരവതാനി വിരിച്ചത്, അതുതന്നെയാണ് കേരളത്തിലെ ആരോഗ്യരംഗത്ത് നടന്നതും, നടന്നുകൊണ്ടിരിക്കുന്നതും. വിദ്യാഭ്യാസരംഗത്ത് ഡിപിഇപി ആയിരുന്നുവെങ്കിൽ ആരോഗ്യരംഗത്ത് എൻആർ എച്ച്എം ആയിരുന്നു എന്ന വ്യത്യാസം മാത്രം.


കേരളത്തിലെ പൊതുജനാരോഗ്യരംഗത്ത് സംഭവിച്ചത്
2007 ഡിസംബറിൽ വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയും ശ്രീമതി ടീച്ചർ ആരോഗ്യമന്ത്രിയുമായിരുന്ന സമയത്താണ് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡ് എന്ന സർക്കാർ കമ്പനി ആരോഗ്യ മേഖലയിൽ അവരോധിതമാകുന്നത്. കേരളത്തിലെ പൊതുജനാരോഗ്യസംവിധാനത്തെ കടപുഴക്കാൻ പോന്ന ലോകബാങ്ക് പരിഷ്ക്കാരമായ എൻആർഎച്ച്എം എന്ന പദ്ധതി ‘ആരോഗ്യകേരളം, ഐശ്വര്യകേരളം’ എന്നപേരിൽ ഒളിച്ചുകടത്തിയ നടപടിക്രമങ്ങൾക്ക് തുടക്കമായതും ഇതേകാലത്താണ്. എൻആർഎച്ച്എംന്റെ കീഴിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 18 സംസ്ഥാനങ്ങളിൽ കേരളമുണ്ടായിരുന്നില്ല. എങ്കിലുംകേന്ദ്രസര്‍ക്കാരുമായുള്ള ധാരണാപത്രത്തിൽ കേരള സർക്കാരിന്റെ താല്‍പര്യപ്രകാരം ഒപ്പിട്ടു. ആർക്കിടെക്ചറൽ കറക്ഷനാണ് ദൗത്യം എന്ന് എൻആർ എച്ച്എം വെളിപ്പെടുത്തിയിരുന്നെങ്കിലും ലോകബാങ്ക് വച്ചുനീട്ടിയ കോടികളിൽ മാത്രമായിരുന്നു സിപിഐ(എം)ന്റെ കണ്ണ് എന്നതുകൊണ്ട് എൻആർഎച്ച്എമ്മിന്റെ പ്രത്യാഘാതങ്ങൾ അവർക്ക് വിഷയമായിരുന്നില്ല. ലോകബാങ്കിന്റെ കാശുകൊണ്ട് കെട്ടിടങ്ങളും കരാറടിസ്ഥാനത്തിലാണെങ്കിലും പേരിനെങ്കിലും ഡോക്ടർമാരും ആശുപത്രികളിലെത്തിയപ്പോൾ ജനങ്ങളും സന്തുഷ്ടരായി.
എൻആർഎച്ച്എം ദൗത്യം പൂർത്തീകരിച്ച് എൻഎച്ച്എംന്റെ ഊഴമെത്തിയപ്പോൾ കേരളത്തിലെ പൊതുജനാരോഗ്യരംഗത്തെ പ്രതിസന്ധികൾ മൂർഛിച്ച്, സർക്കാർ ആശുപത്രികളുടെ നിലനിൽപ്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയായിരിക്കുന്നു.
ലോകപ്രശസ്തി നേടിയതും തനതായി വികസിച്ചുവന്നതുമായ ഒരു പൊതുജനാരോഗ്യ സംവിധാനമാണ് കേരളത്തിനുണ്ടായിരുന്നത്. ശിശുമരണനിരക്ക്, മാതൃമരണനിരക്ക്, ശരാശരി മനുഷ്യായുസ്സ്, രോഗപ്രതിരോധം, പകർച്ചവ്യാധികളുടെ നിയന്ത്രണം തുടങ്ങി പൊതുജനാരോഗ്യത്തെ അളക്കാനുളള ഏത് മാനദണ്ഡമെടുത്താലും വികസിതരാജ്യങ്ങളോടു തുലനം ചെയ്യാവുന്ന വികാസം കേരളം നേടിയിട്ടുണ്ട്. പരാധീനതകൾ ഉണ്ടായിരുന്നില്ല എന്നല്ല. ലോകബാങ്കിൽനിന്ന് ഭീമമായ വായ്പപറ്റി പ്രവർത്തിക്കുന്ന ഒരു പൊളിച്ചെഴുത്തിനുംമാത്രം ദുർബലമായിരുന്നില്ല അടിത്തറ എന്നതാണ് സത്യം. കാലാകാലങ്ങളിൽ ഭരിച്ചിറങ്ങിയവരുടെ കുറ്റകരമായ അനാസ്ഥകൊണ്ടുണ്ടായ പരിമിതികളായിരുന്നു പൊതുജനാരോഗ്യരംഗം അഭിമുഖീകരിച്ചിരുന്നത്. നല്ല കെട്ടിടങ്ങൾ നിർമ്മിച്ചും ആവശ്യത്തിന് ഡോക്ടർമാരെയും നഴ്സുമാരെയും മറ്റ് സ്റ്റാഫിനെയും നിയമിച്ചും ആധുനിക ചികിത്സാസംവിധാനങ്ങൾ ഏർപ്പെടുത്തിയും നിസ്സാരമായി മറികടക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ സംഭവിച്ചത് അതല്ല.


ആരോഗ്യരംഗത്തെ കോർപ്പറേറ്റ് ഇടപെടലുകൾ


ആരോഗ്യരംഗത്തെ മുതൽ മുടക്കിന്റെ സാധ്യത മനസ്സിലാക്കിയ കോർപ്പറേറ്റുകളുടെ ഇടപെടലാണ് എൻആർഎച്ച്എം. ജനറൽ എഗ്രിമെന്റ് ഓൺ ട്രേഡ് ഇൻ സർവീസസ് അഥവാ ഗാട്ട്സ് നിലവിൽവന്നതോടെ വിദ്യാഭ്യാസ ആരോഗ്യരംഗങ്ങൾ ഉൾപ്പടെ സേവനമേഖലകൾ ഉദാരവത്ക്കരണത്തിന്റെയും സ്വകാര്യവത്ക്കരണത്തിന്റെയും പിടിയിലായി. രോഗവും മരണവുമെല്ലാം ചരക്കായി മാറ്റപ്പെടുകയും ഈ മേഖലയിൽ കണിശതയോടെ കച്ചവടം നടത്തുന്ന ഒരു പുതിയ ആരോഗ്യസംസ്കാരവും ഒരു സ്വകാര്യ ആരോഗ്യപരിപാലന സംവിധാനവും ഗാട്സിലൂടെ രംഗപ്രവേശം ചെയ്തു. അതാണ് എൻആർഎച്ച്എം അഥവാ ആരോഗ്യകേരളം എന്ന ഓമനപ്പേരിൽ ഇടതുമുന്നണി കേരളത്തിലെ ലബ്ധപ്രതിഷ്ഠിതമായ ആരോഗ്യരംഗത്ത് കുടി യിരുത്തിയതും.
കേന്ദ്ര-സംസ്ഥാന ആരോഗ്യമന്ത്രാലയങ്ങളിലൂടെയാണ് നീങ്ങുന്നതെങ്കിലും നിലവിലുള്ള സംവിധാനങ്ങൾക്ക് സമാന്തരമായും അവയെ മറികടന്നുമാണ് എൻഎച്ച്എം പ്രവർത്തിക്കുന്നത്. എൻഎച്ച്എമ്മിലൂടെയല്ലാതെ പൊതുജനാരോഗ്യരംഗത്ത് ഇടപെടലുകൾ ഇന്ന് സാധ്യമല്ലാതായിരിക്കുന്നു. സംസ്ഥാന ആരോഗ്യവകുപ്പിന്റെ കീഴിൽ പ്രവർത്തിച്ചുവന്നിരുന്നതും പതിറ്റാണ്ടുകളിലൂടെ രൂപ പ്പെട്ടുവന്നതുമായ പൊതുജനാരോഗ്യ സംവിധാനത്തെ ഇടിച്ചുനിരത്തി തത്സ്ഥാനത്ത് പഞ്ചായത്തുകളെ പ്രതിഷ്ഠിച്ച് ഉത്തരവാദിത്തങ്ങള്‍ കൈമാറി. പഞ്ചായത്തുകൾക്ക് ഇത് താങ്ങാനാവില്ല എന്നത് ഏവർക്കുമറിയാം. പഞ്ചായത്തുകളെ ഭരമേൽപ്പിക്കുന്നതിന്റെ താൽപര്യം പിന്നെ എന്താണ്? എൻആർഎച്ച്എം ഏഴുവർഷംകൊണ്ട് കാലാവധി പൂര്‍ത്തിയാക്കുന്നമുറയ്ക്ക് ആര്‍ക്കിടെക്ചറല്‍ കറക്ഷന്‍ അഥവാ പൊളിച്ചടുക്കൽ പൂർത്തിയാക്കണം എന്നുസാരം. എൻആർഎച്ച്എം കൈയൊഴിയുമ്പോൾ സർക്കാർ സംവിധാനത്തിന്റെ തകർച്ച പൂർണ്ണമായിരിക്കും.


സ്വാഭാവികമായും പിന്നെ സ്വകാര്യ ആശുപത്രികളുടെ ഊഴമായിരിക്കുമല്ലോ. സ്വകാര്യമേഖലയുടെ പങ്കാളിത്തമില്ലാതെ പൊതുജനാരോഗ്യം അസാധ്യമാണ് എന്ന സ്ഥിതിയിൽ കാര്യങ്ങൾ എത്തിക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കപ്പെടുകയാണ് ഈ നടപടികളിലൂടെ. ആഗോളവത്ക്കരണത്തിന്റെ തത്വശാസ്ത്രംതന്നെ പൊതു സ്വകാര്യ പങ്കാളിത്തം അഥവാ പിപിപി ആണ്. എൻആർഎച്ച്എം മുന്നോട്ടുവെക്കുന്ന പുതിയ ആരോഗ്യസ്ഥാപനമായ ജില്ലാ ഹെൽത്ത് മിഷനിൽ സ്വകാര്യമേഖലയുടെ പ്രതിനിധിയുണ്ടായിരിക്കണം എന്നും പൊതു സ്വകാര്യ പങ്കാളിത്തത്തിന് മാർഗ്ഗരേഖ ഉണ്ടാക്കണമെന്നും പങ്കാളിത്തത്തിന്റെ മേഖലകൾ നിർണയിക്കണമെന്നും പങ്കാളിത്തത്തിന്റെ ചട്ടക്കൂട് നിർമ്മിക്കുന്നതിനും മുന്നോട്ടു കൊണ്ടുപോകുന്നതിനും പൊതുമേഖല മുൻകൈയെടുക്കണമെന്നും നിഷ്ക്കർഷിക്കുന്നുണ്ട്. സ്വകാര്യമേഖലയെത്തന്നെ പൊതുജനാരോഗ്യത്തിന്റെ ഭാഗമായി ചിത്രീകരിക്കുകയാണ് ഈ നീക്കങ്ങളും നടപടികളും.
വിദ്യാഭ്യാസംപോലെതന്നെ ആരോഗ്യവും വിലയ്ക്കുവാങ്ങേണ്ടിയിരിക്കുന്നു. പിഎച്ച്സികൾ മുതൽ മെഡിക്കൽ കോളജുകൾവരെ നീണ്ടുകിടക്കുന്ന സുശക്തമായ സർക്കാർ സംവിധാനത്തെ തകർത്ത് ഒരു സമാന്തര സംവിധാനം സ്ഥാപിക്കുക, സ്വകാര്യമേഖലയ്ക്ക് ആരോഗ്യരംഗം കൈമാറുക, വിശേഷിച്ചും കുത്തകകൾക്ക് കൈമാറുക എന്ന ആഗോളവത്ക്കരണത്തിന്റെയും എൻആർഎച്ച്എംന്റെയും കുത്സിതലക്ഷ്യം സമ്പൂർണ്ണമായും ഇതിലൂടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
‘ആശ’യും ‘ആയുഷും’, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റികൾ, ജില്ലാ ഹെൽത്ത് മിഷൻ, ദേശീയ സംസ്ഥാന മിഷനുകൾ തുടങ്ങിയവയെല്ലാം ഈ സമാന്തര സംവിധാനത്തിന്റെ ഘടകങ്ങളാണ്. ആരോഗ്യവകുപ്പിന്റെ കീഴിലുണ്ടായിരുന്ന മുഴുവൻ സംവിധാനങ്ങൾക്കും സമാന്തരമായി മറ്റു സംവിധാനങ്ങളും സ്ഥാപനങ്ങളും ഇതിനകം ആവിഷ്ക്കരിക്കപ്പെട്ടു കഴിഞ്ഞു.


ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികൾ

എൻആർഎച്ച്എംലൂടെ കടന്നുവന്ന പുതിയ പ്രതിഭാസമാണ് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികൾ. യഥാർത്ഥത്തിൽ അതിന്റെ ആവശ്യമെന്താണ് ? മെഡിക്കൽ കോളജുകൾ മുതൽ പിഎച്ച്സികളും എഫ്എച്ച്സികളും സിഎച്ച്സികളുംവരെ എല്ലാ സർക്കാർ ആശുപത്രികളിലും ആവശ്യത്തിനു ഡോക്ടർമാർ, നഴ്‌സുമാർ, ഇതര ജീവനക്കാർ, ആധുനിക ചികിത്സാസംവിധാനങ്ങൾ എന്നിവയൊക്കെ ഏർപ്പെടുത്തിയാൽ ജനങ്ങൾക്ക് ഏറ്റവും ആധുനികമായ ചികിത്സ ലഭ്യമാക്കാം. വൈദ്യശാസ്ത്രം ദിനേന വളരുകയും വികാസം പ്രാപിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നതിന്റെ പ്രയോജനം സാധാരണ ജനങ്ങൾക്ക് ലഭ്യമാകുവാൻ ഇതുപകരിക്കും. നീണ്ടുനിൽക്കുന്നതും ചെലവേറിയതുമായ ചികിത്സകൾക്കായി വൻതുക രോഗികളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മുൻകൈയിൽ പിരിവെടുക്കുന്നതിലുള്ള ദൈന്യതയും അതിലൂടെ സ്വകാര്യ ആശുപത്രികൾക്ക് കച്ചവടം ഉറപ്പാക്കുക എന്നതും ഒഴിവാക്കാം.
സാധാരണജനങ്ങളുടെ ഒരേയൊരു ആശ്രയമായിരുന്നതും സംസ്ഥാനസർക്കാരിന്റെ സമ്പൂർണ ചുമതലയിലും ചെലവിലും നിർവഹിക്കപ്പെട്ടുപോന്നിരുന്നതുമായ പൊതുജനാരോഗ്യസംവിധാനത്തെ സേവനാടിസ്ഥാനത്തിൽ വിലനിശ്ചയിച്ച് കച്ചവടത്തിന് വയ്ക്കുാനും, പതിറ്റാണ്ടുകളായി സർക്കാർ നൽകിപ്പോന്നിരുന്ന ആരോഗ്യപരിരക്ഷയും സൗജന്യചികിത്സയും എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കുവാനും ജനങ്ങളുടെ രോഗവും ചികിത്സയും കമ്പോളശക്തികള്‍ക്ക് കൈമാറാനുമുളള ചുവടുവയ്പ്പാണ് ഇൻഷ്വൻസ് പദ്ധതികൾ.


1960ലെ കേരള ഗവൺമെന്റ് സർവന്റ്സ് മെഡിക്കൽ അറ്റൻഡൻസ് നിയമംവഴി ഉറപ്പാക്കപ്പെട്ടിരുന്നതാണ് സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആരോഗ്യപരിരക്ഷ. സർക്കാർ ജീവനക്കാരുടെ ആരോഗ്യപരിരക്ഷ സർക്കാരിന്റെ ഉത്തരവാദിത്തമായിരുന്നു. എന്നാൽ പത്താംശമ്പളക്കമ്മീഷന്റെ നിർദ്ദേശപ്രകാരം ജീവനക്കാരും ഇൻഷ്വറൻസിന്റെ പരിധിയിലായി. ഈ പേരിൽ കേരളത്തിലെ സർക്കാർ ജീവനക്കാരെ മെഡിസെപ്പ് എന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ ഭാഗമാക്കുകവഴി അവരുെട ചികിത്സാ ഉത്തരവാദിത്തം സര്‍ക്കാര്‍ കൈയൊഴിഞ്ഞു.


സ്റ്റാഫ് പാറ്റേൺ പുതുക്കി സർക്കാർ ആശുപത്രികളെ ശക്തിപ്പെടുത്തുക

സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരും നഴ്‌സുമാരും ജോലി ചെയ്യുന്നുണ്ട് എന്ന് സർക്കാർ ഉറപ്പാക്കണമെന്ന് ലോകായുക്ത ഉത്തരവിട്ടിരിക്കുകയാണ്. രോഗികളുടെ എണ്ണം വർദ്ധിക്കുന്നു, ജീവിതശൈലീരോഗങ്ങളും പുതിയ പകർച്ചവ്യാധികളും വ്യാപകമാകുന്നു എന്നിങ്ങനെയുള്ള സാഹചര്യങ്ങളെ അഭിസംബോധന ചെയ്യാനുള്ള സംവിധാനം ഒരു സർക്കാർ ആശുപത്രികളിലുമില്ല. ഡോക്ടർമാരോ, നഴ്‌സുമാരോ, ടെക്നിഷ്യൻമാരും പാരാമെഡിക്കൽ സ്റ്റാഫുമുൾപ്പെടെ ആവശ്യത്തിനുവേണ്ട ജീവനക്കാരോ ഒരു സർക്കാർ ആശുപത്രിയിലുമില്ല. ആധുനിക ചികിത്സാസംവിധാനങ്ങൾ പലതും സർക്കാർ മെഡിക്കൽ കോളജുകളിലില്ല. 1964 ലെ സ്റ്റാഫ് പാറ്റേൺ ആണ് ഇപ്പോഴും ഉള്ളത്. സ്ഥിരനിയമനങ്ങൾ വളരെ അപൂർവമായി മാത്രമാണ് നടക്കുന്നത്. ആരോഗ്യകേരളം പദ്ധതിയുടെ കീഴിലുള്ള നിരവധിയായ ഇതരപദ്ധതികൾക്കുവേണ്ടി ചുരുക്കം സ്റ്റാഫിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു എന്നതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികളിൽ എല്ലാ നിയമനങ്ങളും സർവീസുകളും ആശുപത്രിവികസന സമിതികളുടെ കീഴിലാണ്. സെക്യൂരിറ്റി സ്റ്റാഫ് മുതൽ ഐസിയുവിലെ ക്ലീനിങ് സ്റ്റാഫുകൾ അടക്കം എല്ലാം കരാർ നിയമനങ്ങളാണ്. സ്റ്റാഫിനെ സപ്ലൈ ചെയ്യാൻ നിരവധി ഏജൻസികളുമുണ്ട്. ഇപ്പോൾ തൊഴിൽ സുരക്ഷിതത്വമില്ല എന്നുമാത്രമല്ല ജോലി ചെയ്യുവോളം കരാർ ജോലിയുമായിരിക്കും എന്നതാണ് സ്ഥിതി.

ഡോക്ടർമാരും ദേശീയ ഉപഭോക്തൃനിയമത്തിന്റെ പരിധിയിൽ വന്നതോടുകൂടി ഡോക്ടർ -രോഗി ബന്ധം പ്രതിസന്ധിയിലായി. ഡോക്ടർമാർ ആക്രമിക്കപ്പെടുക എന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിലൂടെ കേരളത്തിലെ ആരോഗ്യമേഖലയുടെ വളരെ പ്രധാനപ്പെട്ട ഘടകമായ ക്ലിനിക്കുകൾക്കും ഇടത്തരം ആശുപത്രികൾക്കും നിയന്ത്രണമാകുകയാണ്. ചികിത്സാരംഗം കുത്തകകളുടെ കൈപ്പിടിയിലേയ്ക്കാണ് നീങ്ങുന്നത്. കോവിഡ് ദുരിതബാധിതകാലത്ത് സ്വകാര്യ ആശുപത്രികൾ ഒന്നും തന്നെ പ്രവർത്തന രംഗത്തുണ്ടായിരുന്നില്ല, അടച്ചുപൂട്ടിയിട്ടു. കോവിഡ് രോഗികളെ ചികിത്സിച്ചുമില്ല. പരാധീനതകൾക്കുനടുവിൽ നിന്ന് ജീവൻ പണയംവച്ച് രോഗികളെ പരിചരിക്കാൻ സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരെ ഉണ്ടായിരുന്നുള്ളു.
ജീവൻരക്ഷാഔഷധങ്ങളുടെ വില വീണ്ടും ഭീമമായി വർദ്ധിച്ചിരിക്കുമ്പോൾ ഒപിയിൽ വിതരണം നടത്തുന്ന മരുന്നുകൾക്ക് ജിഎസ്‌ടി ഏർപ്പെടുത്തിക്കൊണ്ടും ഉത്തരവായിരിക്കുന്നു. കിടത്തിച്ചികിത്സയുടെ ഭാഗമായുള്ള മരുന്നുകൾക്കുള്ള നികുതിയിളവ് ഒപിവിഭാഗത്തിന് കൊടുക്കാനാകില്ല എന്ന ഉത്തരവ് തമിഴ്‌നാട് അതോറിറ്റി ഓഫ് അഡ്വാൻസ്ഡ് റൂളിങ്ങിന്റേതാണ്. ചരക്കുസേവന നികുതികൾ സംബന്ധിച്ച് സംസ്ഥാന അതോറിറ്റികൾ നൽകുന്ന ഉത്തരവുകൾ രാജ്യത്തിന് ആകമാനം ബാധകവുമാണ്. പേറ്റന്റ് നിയമത്തിൽ വന്നിരിക്കുന്ന ഭേദഗതിയാണ് ജീവൻരക്ഷാ ഔഷധങ്ങളുടെ വിലവർദ്ധനവിന്റെ പ്രധാനകാരണം. ചുരുക്കത്തിൽ സർക്കാർ ആശുപത്രികൾ സാധാരണക്കാരന് അന്യമാകുകയാണ്. നീണ്ടുനിൽക്കുന്നതും ചെലവേറിയതുമായ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടുന്ന ഗതികേടിലേയ്ക്ക് ജനങ്ങൾ ഒന്നാകെ തള്ളിവിടപ്പെടുകയാണ്. ചികിത്സാചെലവിനുള്ള ഭീമമായ തുകകണ്ടെത്താൻ മറ്റുള്ളവരുടെ ദയയ്ക്ക് യാചിക്കേണ്ടിവരുന്ന ഗതികേടിനെ മറികടക്കുവാൻ സംഘടിക്കുക എന്നതല്ലാതെ ജനങ്ങളുടെ മുന്നിൽ മറ്റു മാർഗ്ഗമൊന്നുമില്ല.

Share this post

scroll to top