ഭീമമായ വിലക്കയറ്റവും പണപ്പെരുപ്പവും; രൂപയുടെ മൂല്യം ഇടിയുന്നു; രാജ്യം രൂക്ഷമായ മുതലാളിത്ത പ്രതിസന്ധിയുടെ നീരാളിപ്പിടുത്തത്തില്‍

Share

കഴിഞ്ഞ ജൂലൈ 26ന് ഡോളറമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ഇടിഞ്ഞ് ഒരു ഡോളറിന്റെ വില 79.5 രൂപയായി, ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേയ്ക്ക് കൂപ്പുകുത്തി. ഇത്തരമൊരു പതനത്തിലേക്കാണ് ഇൻഡ്യൻ കറൻസി പോകുന്നതെന്ന് സൂചനകൾ ലഭിച്ചതിനെത്തുടർന്ന് 2022 മാർച്ച് മാസത്തിൽ റിസർവ് ബാങ്ക് 20000 കോടി ഡോളർ സ്‌പോട്ട് മാർക്കറ്റിൽ വിൽക്കുകയുണ്ടായി. വിപണിയിൽ ഡോളർ ലഭ്യത സൃഷ്ടിച്ച് രൂപയുടെ വിലയിടിവിനെ തടയാനുള്ള നടപടിയായിരുന്നു അത്. തുറന്ന വിപണിയിൽ കേന്ദ്ര ബാങ്ക് ഇതുവരെ നടത്തിയിട്ടുള്ളതിൽ ഏറ്റവും വലിയ വിൽപ്പനയായിരുന്നു അത്. ഈ വിൽപ്പന വിദേശനാണ്യശേഖരത്തിൽ വലിയ ഇടിവ് സൃഷ്ടിക്കുമെന്നും അത് ഗുരുതരമായ പ്രതിസന്ധിക്കു കാരണമാകുമെന്നും അറിയാമായിരുന്നിട്ടും അത്തരമൊരു കൈവിട്ട നടപടിക്ക് റിസർവ് ബാങ്ക് മുതിർന്നത് ഇൻഡ്യൻ കറൻസി അഭിമുഖീകരിക്കുന്ന തകർച്ച അത്രമേൽ ഭയാനകമാണെന്നതിനാലായിരുന്നു. എന്നാൽ മാർച്ച് മാസത്തെ ഈ നടപടിയെപോലും നിഷ്പ്രഭമാക്കിക്കൊണ്ട് ജൂലൈയിൽ രൂപയുടെമൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിനെ നേരിട്ടു. ഭീമമായ ഡോളർ വിൽപ്പന മാർച്ചിൽ നടന്നില്ലായിരുന്നെങ്കിൽ ഇപ്പോഴുണ്ടായിട്ടുള്ള തകർച്ചയേക്കാൾ ഭയാനകമാകുമായിരുന്നു. ഇൻഡ്യൻ സാമ്പത്തികവ്യവസ്ഥ അ ഭിമുഖീകരിക്കുന്ന വർത്തമാനപ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്ന ഉദാഹരണം മാത്രമാണിത്.


ശ്രീലങ്ക നേരിട്ട തകർച്ചയുടെ പാതയിലാണോ ഇൻഡ്യയുടെ പ്രയാണവും എന്ന ചോദ്യം സർക്കാരിന്റെ വിമർശകരുടേതല്ല, മറിച്ച് ധനകാര്യമേഖലയിൽ പ്രവർത്തിക്കുന്ന സർക്കാരിന്റെ നയരൂപീകരണവിദഗ്ദ്ധരും ഉദ്യോഗസ്ഥരും ഉയർത്തുന്നതാണ്. ഈ വർഷം ഏപ്രിൽ ആദ്യവാരം പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്ത വകുപ്പ് സെക്രട്ടറിമാരുടെ യോഗം, സംസ്ഥാനങ്ങൾ നൽകുന്ന സൗജന്യങ്ങൾ പലതും ശരിയായ ദിശയിലുള്ള നടപടികളല്ലെന്നും ഈ സംസ്ഥാനങ്ങൾ ശ്രീലങ്കയുടെ പാതയിലേക്ക് പോകുമെന്നും മുന്നറിയിപ്പ് നൽകുകയുണ്ടായി. നീതി ആയോഗ് അംഗം രമേശ് ചന്ദ്, സ്‌കൂൾ ഓഫ് കൊമേഴ്‌സിൽ നടത്തിയ പ്രഭാഷണത്തിൽ കാർഷികസബ്സിഡി ഉൾപ്പടെയുള്ള നടപടികൾ പ്രതിസന്ധി സൃഷ്ടിക്കുമെന്നും രാജ്യം ശ്രീലങ്കയുടെ സ്ഥിതിയിലേക്ക് പോകുമെന്നും അഭിപ്രായപ്പെട്ടു. ധനകാര്യ കമ്മീഷൻ അധ്യക്ഷനായുള്ള എൻ.കെ.സിംഗ് ജനങ്ങൾക്ക് നൽകുന്ന സബ്‌സിഡികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്ന് പറഞ്ഞു. എസ്ബിഐയുടെ ഗവേഷണ വിഭാഗം 2022 ഏപ്രിൽ മൂന്നാം വാരം പുറത്തുവിട്ട റിപ്പോർട്ടിലും രാജ്യം വൻപിച്ച പ്രതിസന്ധിയലേക്ക് പതിക്കുകയാണെന്ന് അഭിപ്രായപ്പെടുകയുണ്ടായി. ഇപ്രകാരം വന്നുകൊണ്ടിരിക്കുന്ന റിപ്പോർട്ടുകളും അഭിപ്രായങ്ങളും അതിയായി ആശങ്കപ്പെടേണ്ട സാഹചര്യത്തിന്റെ വ്യക്തമായ സൂചനകൾ തന്നെയാണ്. ജനങ്ങൾക്കു നൽകുന്ന സബ്‌സിഡിപോലുള്ളവയെ പ്രതിസന്ധിയുടെ കാരണമായി അവർ ചൂണ്ടിക്കാട്ടു ന്നത് യഥാർത്ഥ കാരണങ്ങൾ മറച്ചുവയ്ക്കുന്നതിനുവേണ്ടി മാത്രമാണ്. കോർപ്പറേറ്റു വമ്പന്മാർക്കുവേണ്ടിയുള്ള വികസനം നടപ്പാക്കാൻ വാങ്ങിച്ചുകൂട്ടിയിട്ടുള്ളതുമാത്രമാണ് ലക്ഷം കോടികളുടെ അതിഭീമമായ വായ്പ. ധനമന്ത്രാലയത്തിന്റെ കണക്കുപ്രകാരം 2017 മുതൽ 2022വരെയുള്ള അഞ്ചുവർഷം പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയ നിഷ്‌ക്രിയ ആസ്തി 7.27 ലക്ഷംകോടിയുടേതാണ്.
രാജ്യത്തിന്റെ ആകെ വിദേശകടം 621 ബില്യൺ ഡോളറാണ്. അതായത് 49 ലക്ഷം കോടി രൂപ. ഈ ഭീമമായ തുകയിൽ 16 ലക്ഷം കോടി രൂപ ഏതാനും മാസങ്ങൾക്കുള്ളിൽ അടച്ചുതീർക്കണം. ഇതിനോടകംതന്നെ പ്രതിസന്ധിയിലായിക്കഴിഞ്ഞിട്ടുള്ള സാമ്പത്തികസാഹചര്യത്തെ ഈ തിരിച്ചടവ് കൂടതൽ വഷളാക്കും. ആകെ ദേശീയ കടം 2022ൽ 2977.69 ബില്യൺ ഡോളറാണ്. അതായത് 240 ലക്ഷം കോടി രൂപ! രാജ്യം ശ്രീലങ്കയുടെ പാതയിലാണെന്നതിന് മറ്റൊരു കണക്കിന്റെയും ആവശ്യമില്ല. ആകെ ആഭ്യന്തര ഉൽപ്പാദനവും ദേശീയകടവും തമ്മിലുള്ള അനുപാതം ഇൻഡ്യയുടെ 89.6 ശതമാനമാണെന്ന് ഐഎംഎഫിന്റെ 2021ലെ കണക്കുകൾ വ്യക്തമാക്കുന്നു. തകർന്നടിഞ്ഞ ശ്രീലങ്കയുടെ ആഭ്യന്തര ഉൽപ്പാദനവും ദേശീയകടവും തമ്മിലുള്ള അനുപാതം 117 ശതമാനമാണ്. ഇൻഡ്യ അതിനോട് അടുത്തെത്തിയിരിക്കുന്നുവെന്ന ഞെട്ടലുളവാക്കുന്ന കണക്കാണ് ഐഎംഎഫ് പുറത്തുവിട്ടുള്ളത്. ക്യാഷ് റിസർവും (കേന്ദ്രബാങ്കിന്റെയോ സർക്കാരിന്റെയോ കൈവശമുള്ള, നിഷ്‌ക്രിയമായിരിക്കുന്നപണം) ലിക്വിഡിറ്റിയും(വിനിമയത്തിലുള്ള കറൻസി) തമ്മിലുള്ള അനുപാതത്തിന്റെ പരിധികൾ കേന്ദ്ര ബാങ്ക് നീക്കംചെയ്തു. റിസർവ് വർദ്ധിപ്പിച്ചുകൊണ്ട് ലിക്വിഡിറ്റി കുറയ്ക്കാനുള്ള തീവ്രപരിശ്രമത്തിന്റെ ഭാഗമാണ് ഈ നടപടി. ഇതേ ലക്ഷ്യത്തോടെയാണ് ബാങ്ക് പലിശ വർദ്ധിപ്പിക്കുന്നതും. കണക്കില്ലാതെ കറൻസി അച്ചടിക്കുന്നതും രൂക്ഷമായ വിലക്കയറ്റവുമാണ് വിനിമയത്തിലുള്ള പണത്തിന്റെ പെരുപ്പം സൃഷ്ടിച്ചിരിക്കു ന്നത്. വിനിമയത്തിലുള്ള കറൻസിയുടെ മൂല്യം ഇപ്പോൾ 32ലക്ഷംകോടി പിന്നിട്ടു! 2016ൽ നോട്ടുനിരോധനം നടപ്പാക്കുമ്പോൾ അത് 16.5ലക്ഷം കോടിയായിരുന്നു(മാതൃഭൂമി, ഏപ്രിൽ 22, 2022) സാമ്പത്തിക വ്യവസ്ഥ അകപ്പെട്ടിട്ടുള്ള ഊരാക്കുടുക്കിന്റെ വ്യക്തമായ ചിത്രമാണിത്. ഒരു വശത്ത് കണക്കില്ലാതെ കറൻസി അച്ചടിച്ച് പ്രശ്‌നം കൃത്രിമമായി പരിഹരിക്കാൻ നിർബ്ബന്ധിതമാക്കുന്ന സാഹചര്യം, മറുവശത്ത് പ്രസ്തുത കറൻസി വിനിമയത്തിൽ വരുന്നതുവഴി പണം പെരുകുന്നതിന്റെ പ്രശ്‌നം. ചുരുക്കത്തിൽ നമ്മുടെ സാമ്പത്തിക വ്യവസ്ഥ, പ്രശ്‌നപരിഹാരത്തിന് ഒരു മാർഗ്ഗവുമില്ലാത്ത, അതീവഗുരുതരമായ ചുഴിയിലകപ്പെട്ടിരിക്കുക യാണ്.
ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം വലിയ തോതിൽ ഇടിഞ്ഞതിനാൽ അടച്ചുതീർക്കേണ്ട വിദേശവായ്പയുടെയും പലിശയുടെയും തുക വീണ്ടും ഉയരുകയാണ്. ഡോളറിലാണ് വായ്പയും പലിശയും അടയ്ക്കുന്നത് എന്നതിനാൽ അത് വിദേശനാണ്യത്തിന്റെ കരുതൽ ശേഖരത്തെ ഗണ്യമായി ശോഷിപ്പിക്കുന്നു. ഇതോടൊപ്പം വ്യാപാരക്കമ്മി വർദ്ധിക്കുന്നു എന്ന മറ്റൊരു പ്രതികൂലാവസ്ഥയെയും ഇൻഡ്യ നേരിടുകയാണ്. കയറ്റുമതിയേക്കാൾ വൻതോതിൽ ഇറക്കുമതി വർദ്ധിക്കുന്നതാണ് വ്യാപാരക്കമ്മി. അത് വീണ്ടും വിദേശനാണ്യശേഖരം വൻതോതിൽ കുറയാനിടയാക്കുന്നു. വിദേശനാണ്യ ശേഖരം ഇടിഞ്ഞാൽ അത് ഇറക്കുമതി നടത്താനാവാതെ വലയുന്ന ശ്രീലങ്കൻ സ്ഥിതിയുടെ തനിപ്പകർപ്പാക്കി ഇൻഡ്യയെ മാറ്റും.
ശ്രീലങ്കയ്ക്ക് സമാനമായ സ്ഥിതിയാണ് ലോകത്തെ 62രാജ്യങ്ങളിൽ നിലനിൽക്കുന്നതെന്ന് ഐഎംഎഫ് അഭിപ്രായപ്പെടുകയുണ്ടായി. വിപണിയില്ലായ്മമൂലം മുതലാളിത്ത വ്യവസ്ഥിതി അപരിഹാര്യമായ പ്രതിസന്ധിയല കപ്പെടുമെന്ന മാർക്‌സിസ്റ്റ് ദർശനത്തിന്റെ മുന്നറിയിപ്പ് അക്ഷരംപ്രതി ശരിവയ്ക്കപ്പെടുന്നതാണ് ലോകമെമ്പാടും നാമിപ്പോൾ കാണുന്നത്. ഇൻഡ്യയും കരകയറാനാകാത്ത മുതലാളിത്ത പ്രതിസന്ധിയുടെ ആഴങ്ങളിലേക്ക് പതിക്കുകയാണ്. പ്രതിസന്ധി പരിഹരിക്കാനായി സ്വീകരിക്കുന്ന ഏതൊരു നടപടിയും പ്രതിസന്ധിയെ മൂർഛിപ്പിക്കുന്നു.

Share this post

scroll to top