എസ്എഫ്ഐയുടെ ഗുണ്ടായിസം സഹിക്കവയ്യാതെ വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ കുറ്റവാളികൾക്ക് എതിരെ കർശന നടപടി ആവശ്യപ്പെട്ട് കൊണ്ടും കുറ്റവാളികളെ സംരക്ഷിക്കുന്ന കോളേജിന്ടെയും പൊലീസിന്റെയും നടപടിയിൽ പ്രതിഷേധിച്ച് കൊണ്ട് എഐഡിഎസ്ഒ മാർച്ച് നടത്തി. യൂണിവേഴ്സിറ്റി കോളേജിലേക്ക് നടത്തിയ മാർച്ച് പാളയത്ത് പോലീസ് തടഞ്ഞതിനെ തുടർന്ന് വിദ്യാർഥികൾ റോഡിലിരുന്ന് പ്രതിഷേധിച്ചു.
എഐഡിഎസ്ഒ സംസ്ഥാന പ്രസിഡന്റ് ബിനുബേബി മാർച്ച് ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി കോളേജിൽ മാത്രമല്ല സംഘബലമുളള എല്ലാ കാമ്പസുകളിലും എസ്എഫ്ഐ കൈയ്യൂക്കിലൂടെയും കുത്സിതതന്ത്രങ്ങളിലൂടെയും ഇതര സംഘടനകളെയും വിദ്യാർത്ഥികളെയും നിശബ്ദരാക്കുകയാണ്. വഴങ്ങാത്തവർക്ക് നേരെ ഭീകരമായ പീഡനങ്ങൾ അഴിച്ചു വിടുന്നുവെന്ന് ഇതിനോടകം പലതവണ വെളിച്ചത്തു വന്നിട്ടുണ്ട്. ഇടതനുകൂല അധ്യാപകരുടെ സഹായവും ഭരണത്തിലുള്ള സ്വാധീനവും ഉപയോഗിച്ച് ഈ കേസുകളെല്ലാം മൂടിവെയ്ക്കുകയും ഇരകളെ തുടർന്നും വേട്ടയാടുകയുമാണ് ചെയ്തത്. ഈ ചെയ്തികൾ മൂലം കാമ്പസുകൾ വിദ്യാർഥികളുടെ കൊലയറകളായി തീർന്നിരിക്കുന്നുവെന്നാണ് വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമം വെളിവാക്കുന്നത്. സ്വാതന്ത്ര്യവും ജനാധിത്യവുമെല്ലാം കശാപ്പ് ചെയ്യുകയാണ് എസ്എഫ്ഐ. ഇപ്പോൾ പോലും പ്രതികളെ അറസ്റ്റ് ചെയ്യാനോ എന്തെങ്കിലും നടപടിയെടുക്കാനോ പോലീസോ കോളേജ് അധികൃതരോ തയ്യാറായില്ലെന്ന് മാത്രമല്ല, ഇരയായ പെൺകുട്ടിയെ വീണ്ടും വേട്ടയാടിക്കൊണ്ടിരിക്കയാണ്. അതുകൊണ്ട് കലാലയങ്ങളെ ജനാധിപത്യവത്ക്കരിക്കുവാനുളള പ്രക്ഷോഭം പൊതു സമൂഹം ഏറ്റെടുക്കണം.
-മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
എഐഡിഎസ്ഒ സംസ്ഥാന വൈസ് പ്രസിഡന്റ് അലീന എസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.കെ.പ്രഭാഷ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എ.ഷൈജു, എം.കെ.ഷഹസാദ്, ആർ.അപർണ, മേധ സുരേന്ദ്രനാഥ്, സംസ്ഥാന കമ്മിറ്റി അംഗം ആർ.ജതിൻ എന്നിവർ പ്രസംഗിച്ചു