ട്രേഡ് യൂണിയന്‍ സംയുക്ത സമിതി ആഹ്വാനം ചെയ്തിരിക്കുന്ന അഖിലേന്ത്യാ പൊതുപണിമുടക്ക് നവംബര്‍ 26ന് രാജ്യം നിശ്ചലമാകുന്നു

india-general-strike2.jpg
Share

രാജ്യം വീണ്ടുമൊരു പൊതുപണിമുടക്കിലേക്ക് പ്രവേശിക്കു കയാണ്. കേന്ദ്ര ട്രേഡ് യൂണിയന്‍ സംയുക്ത സമിതിയുടെ ആഹ്വാന പ്രകാരം ഇതിനോടകം നടന്ന 19 പണിമുടക്കുകളില്‍നിന്നും ഈ പണിമുടക്കിനെ വ്യത്യസ്ത്യമാക്കുന്നത് പ്രധാനമായും പണിമുടക്കിനിടയായ സാഹചര്യമാണ്. കോവിഡ് 19 വ്യാപന ഭീഷണിയും നീണ്ട ലോക്ക് ഡൗണും നിരോധനാജ്ഞകളുമെല്ലാംകൊണ്ട് രാജ്യത്തെ 45 കോടിയോളം വരുന്ന അസംഘടിത തൊഴിലാളികള്‍ക്ക് പണിയോ വരുമാനമോ ഇല്ലാതായിട്ട് 8 മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു.

14 കോടി വരുന്ന കുടിയേറ്റ തൊഴിലാളികള്‍ ലോക്ഡൗണ്‍ കാലത്ത് നഗരങ്ങളില്‍ നിന്നുള്ള തിരിച്ചുപോക്കില്‍ നേരിട്ട യാതനകളും ഇപ്പോള്‍ അവരുടെ ഗ്രാമങ്ങളില്‍ നേരിട്ടുകൊണ്ടിരിക്കുന്ന ദാരിദ്ര്യവും ഭരണാധികാരികളെ അലട്ടുന്നേയില്ല. കരാര്‍-കാഷ്വല്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിക്കരുതെന്നും, കൂലിനിഷേധമോ വെട്ടിക്കുറവോ വരുത്തരുതെന്നും പറഞ്ഞുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് മുതലാളിമാര്‍ സുപ്രീം കോടതിയില്‍ കേസ്സുമായി വന്നപ്പോള്‍, സര്‍ക്കാര്‍ മുതലാളിമാ രോടൊപ്പം നില്‍ക്കുന്ന വഞ്ചന നമ്മള്‍ കണ്ടതാണ്. പ്രഖ്യാ പിക്കപ്പെട്ട സഹായങ്ങളുടെയും പാക്കേജുകളുടെയും കാര്യത്തിലും ഇതേ കൗശലം തന്നെ കാണാന്‍ കഴിയും.രാജ്യത്തെ 20-30 പ്രായപരിധിയിലുള്ള യുവാക്കള്‍ക്കിടയില്‍ 2.7 കോടി പേര്‍ക്ക് ലോക്ക് ഡൗണ്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ടുവെന്ന് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ എക്കണോമിയുടെ കണക്കുകള്‍ പറയുന്നു. 30 വയസ്സുള്ള സ്ത്രീകള്‍ക്കിടയില്‍ ഏപ്രില്‍ മാസത്തില്‍ മാത്രം 3.3 കോടി തൊഴില്‍ നഷ്ടമുണ്ടായി. ജി.ഡി.പി യുടെ 60% ഓളം ഒരു കാലത്ത് സംഭാവന ചെയ്തിരുന്ന കാര്‍ഷിക മേഖലയുടെ ഇപ്പോഴത്തെ വിഹിതം 15 ശതമാനമാണ്.രാജ്യത്തെ മൊത്തം തൊഴില്‍ശക്തിയുടെ 93% വരുന്ന അസംഘടിത തൊഴില്‍മേഖല ഇപ്രകാരം അരക്ഷിതാവസ്ഥയെ നേരിടുമ്പോള്‍, സംഘടിത മേഖലയും ഒട്ടും സുരക്ഷിതമായല്ല മുന്നോട്ട് പോകുന്നത്. രാജ്യത്തെ കോര്‍ സെക്ടറുകളായ കല്‍ക്കരി, ഓയില്‍ ആന്റ് ഗ്യാസ്, റിഫൈനറി, ഫെര്‍ട്ടിലൈസ്സേഴ്‌സ്, സ്റ്റീല്‍, സിമന്റ്, ഇലക്ട്രിസിറ്റി എന്നിവയിലെ തൊഴില്‍ സാഹചര്യവും കടുത്ത ഭീഷണി നിറഞ്ഞതാണ്. സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന റെയില്‍വെ, വ്യോമയാനം, തുറമുഖം, ബാങ്ക്, എല്‍.ഐ.സി, ആയുധ നിര്‍മ്മാണം തുടങ്ങിയ മേഖലകളിലും രൂക്ഷമായ തൊഴില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.പൊതുമേഖലാ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ഓഹരി വില്പന എന്നപേരില്‍ തുടങ്ങിയ പദ്ധതി, ഇവയെ പൂര്‍ണ്ണമായും വിദേശ-സ്വദേശ കോര്‍പ്പറേറ്റുകളുടെ ഉടമസ്ഥതയിലേക്ക് കൈ മാറുന്ന സ്ഥിതിയില്‍ എത്തിച്ചിരിക്കുന്നു. രാജ്യത്തിന്റെ പൊതു സ്വത്ത് അന്യാധീനപ്പെടുന്നുവെന്ന് മാത്രമല്ല, ഈ മേഖലയിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ജീവിതപ്രതിസന്ധി സൃഷ്ടിക്കുകയുംകൂടി ചെയ്തിരിക്കുന്നു. എവ്വിധവും പരമാവധി ലാഭം വര്‍ദ്ധിപ്പിക്കുകയെന്ന ആര്‍ത്തിയില്‍ കോര്‍പ്പറേറ്റുകള്‍ തൊഴില്‍ ശക്തിയുടെ എണ്ണം അടിക്കടി കുറച്ചുകൊണ്ടുവരുന്നു. ഇതിന്റെ ഭാഗമായി നിലവിലുള്ള തൊഴിലാളികളെപ്പോലും പല തരത്തില്‍ പുറംതള്ളുകയാണ്. സര്‍ക്കാര്‍ ജീവനക്കാരുടെമേല്‍ വിരമിക്കല്‍ പ്രായത്തിനു മുമ്പുതന്നെ നിര്‍ബ്ബന്ധിത വിരമിക്കല്‍ അടിച്ചേല്‍ല്പിക്കുന്നതിനെയും ഇതോടൊപ്പം കാണണം.രാജ്യത്തിന്റെ ജിഡിപി നിരക്ക് 23.9% ആയി ചുരുങ്ങി യിരിക്കുന്നവെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. തൊഴില്‍ നഷ്ടം, തൊഴിലില്ലായ്മ, വിലക്കയറ്റം ഇവയെല്ലാം മൂര്‍ധന്യാ വസ്ഥയിലാണ്. ഇവയൊന്നും കോവിഡ് 19 മായി ബന്ധപ്പെട്ട് ഉണ്ടായതല്ല എന്ന് ഇപ്പോള്‍ ഏവര്‍ക്കുമറിയാം. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കോവിഡിനു മുമ്പുതന്നെ ഈ ദിശയിലാണ് നീങ്ങിയിരുന്നത്. ഇത്തരം തീഷ്ണമായ ഒരു സാഹചര്യത്തിലാണ് ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗത്തെ മാരകമായി ബാധിക്കുന്ന 3 ലേബര്‍ കോഡുകള്‍ 2020 സെപ്റ്റംബര്‍ 22, 23 തീയതികളിലായി പാര്‍ലമെന്റിന്റെ ഇരുസഭകളിലും അവതരിപ്പിച്ചെന്ന് വരുത്തിതീര്‍ത്ത് മോദി സര്‍ക്കാര്‍ പാസ്സാക്കിയെടുത്തത്. അതിനു തൊട്ടുമുമ്പാണ് ഇന്ത്യന്‍ ജനതയുടെ 70% വരുന്ന, ഇതിനകംതന്നെ ദുസ്ഥിതിയിലാണ്ട കര്‍ഷകരുടെ ജീവിതം വീണ്ടും തകര്‍ത്ത് തരിപ്പണമാക്കുന്ന 3 കാര്‍ഷിക നിയമങ്ങള്‍ ജനാധിപത്യമര്യാദകള്‍ കാറ്റില്‍ പറത്തിക്കൊണ്ട് പാര്‍ലമെന്റില്‍ മോദി സര്‍ക്കാര്‍ പാസ്സാക്കിയത്. രാജ്യത്തിന്റെ നിലനില്‍പ്പിന് അടിസ്ഥാനമായ തൊഴിലാളികളുടെയും കര്‍ഷകരുടെയും ജീവിതത്തിന്റെ അസ്ഥിവാരംതന്നെ തോണ്ടുന്ന ഈ തൊഴില്‍ കോഡുകളും കാര്‍ഷിക നിയമങ്ങളും കോവിഡിന്റെ പേരില്‍ പ്രഖ്യാപിക്കപ്പെട്ട നിരോധനങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് സര്‍ക്കാര്‍ ഒറ്റയടിക്ക് പാസ്സാക്കിയെടുത്തത്. ഒരു സര്‍ക്കാറിന്റെ ഏറ്റവും നികൃഷ്ടമായ മുഖമാണ് ഇതിലൂടെ തെളിയുന്നത്. ജനങ്ങള്‍ അഭൂതപൂര്‍വ്വമാംവിധം ഒരു മഹാമാരിയെ നേരിടാന്‍ കഷ്ടപ്പെടുമ്പോള്‍, മരണത്തിനും ദാരിദ്ര്യത്തിനുമിടയില്‍ നിരാലംബരായി ഇരിക്കുമ്പോള്‍, അവരുടെമേല്‍ ഇത്തരമൊരു പ്രഹരം നടത്തുന്ന സര്‍ക്കാരിനെ എന്തു വാക്കുകള്‍കൊണ്ട് വിശേഷിപ്പിക്കാനാകും?എന്നിട്ടും ജനങ്ങള്‍ തെരുവിലിറങ്ങി. കര്‍ഷകര്‍ പതിനായിരങ്ങളായി പഞ്ചാബിലും, ഹരിയാനയിലും ഡല്‍ഹിയിലും ഒക്കെ തെരുവിലിറങ്ങി കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കാന്‍ തയ്യാറായി. 150 ഓളം കര്‍ഷക സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത ഭാരത് ഗ്രാമീണ്‍ ബന്ദിന്റെ വിജയം കര്‍ഷകരുടെ രോഷത്തിന്റെ പ്രതിഫലനമാണ്. ഭക്ഷ്യ സുരക്ഷയും പൊതുവിതരണ സമ്പ്രദായവും തകര്‍ക്കുന്ന ഈ നിയമങ്ങള്‍ കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്ക് ഇന്ത്യയുടെ കാര്‍ഷിക ഉല്പാദന-വിപണന രംഗം പാടെ കൈയടക്കാന്‍ മാത്രമുള്ളതാണ്. കര്‍ഷകരെ കോര്‍പ്പറേറ്റുകളുടെ ദയാദാക്ഷിണ്യത്തിന് കേഴുന്നവരാക്കി മാറ്റാനുള്ളതാണ്. കര്‍ഷകര്‍ക്ക് നിലവിലുണ്ടായിരുന്ന വിപണന സൗകര്യങ്ങളും മിനിമം താങ്ങുവിലയും ഇല്ലാതാക്കി കോര്‍പ്പറേറ്റുകളുടെ കരാര്‍ കൃഷി പോലുള്ള ഉല്പാദന-വിപണന വലയില്‍ അവരെ കുരുക്കുകയാണ്. അതുകൊണ്ടാണ് കര്‍ഷകര്‍ കോവിഡ് വ്യാപന ഭീതിയിലും തെരുവിലിറങ്ങി പോരാടിയത്. നവംബര്‍ 26 ന്റെ പൊതു പണിമുടക്കില്‍ കര്‍ഷകര്‍ ഒന്നടങ്കം തൊഴിലാളികള്‍ക്കൊപ്പം പങ്കുകൊള്ളുകയാണ്. നവംബര്‍ 26, 27 തീയതികളില്‍ കര്‍ഷകരുടെ തനതായ പ്രക്ഷോഭണവും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.

തൊഴിലാളികളുടെ താല്‍പര്യങ്ങള്‍ ഹനിക്കുന്ന ലേബര്‍ കോഡുകള്‍

പാര്‍ലമെന്റില്‍ പ്രതി പക്ഷത്തിന്റെ അഭാവത്തില്‍ പാസ്സാക്കിയെടുത്ത 3 ലേബര്‍ കോഡുകള്‍, നേരത്തെ പാസ്സാക്കിയ കോഡ് ഓണ്‍ വേജസ് 2019 ന്റെ തുടര്‍ച്ചയാണ്. ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ് 2020, ദ ഒക്യുപേഷണല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്റ് വര്‍ക്കിംഗ് കണ്‍ണ്ടീഷന്‍സ് കോഡ് 2020, കോഡ് ഓണ്‍ സോഷ്യല്‍ സെക്യൂരിറ്റി 2020 എന്നീ മൂന്ന് കോഡുകളാണ് ഇപ്പോള്‍ പാസ്സാക്കിയത്. ഈ നാല് തൊഴില്‍ കോഡുകള്‍ ബ്രിട്ടീഷ് അധീന കാലം മുതല്‍ രാജ്യത്തെ തൊഴിലാളിവര്‍ഗ്ഗം നടത്തിയ വീറുറ്റ പോരാട്ടങ്ങളിലൂടെ സ്ഥാപിച്ചെടുത്ത തൊഴിലവകാശങ്ങള്‍ ഉള്‍പ്പെടുന്ന 44 കേന്ദ്ര തൊഴില്‍ നിയമങ്ങള്‍ ഒറ്റയടിക്ക് റദ്ദ് ചെയ്ത് കൊണ്ടുവന്നവയാണ്. ഈ കേന്ദ്ര നിയമങ്ങളെ ക്രോഡീകരിക്കുയും ലളിതവല്‍ക്കരിക്കുയുമാണ് ചെയ്തതെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ഈ കോഡുകള്‍, തൊഴിലാളിവര്‍ഗ്ഗത്തിന്റെ താല്‍പ്പര്യങ്ങളെ ഹനിക്കുന്ന നിരവധി പുതിയ വ്യവസ്ഥകളുള്ളതും, 44 നിയമങ്ങളിലെ തൊഴിലാളി താല്‍പ്പര്യം സംരക്ഷിക്കുന്ന അനേകം വ്യവസ്ഥകള്‍ ഒഴിവാക്കപ്പെട്ടതുമാണ്. 411 ക്ലോസ്സുകളും 13 ഷെഡ്യൂളുകളും അടങ്ങുന്ന 3 കോഡുകള്‍ 2019 ല്‍ പാസ്സാക്കിയ വേതന കോഡില്‍ ചെയ്തതുപോലെ പാര്‍ലമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിടാന്‍പോലും സര്‍ക്കാര്‍ തയ്യാറായില്ല. ഈസ് ഓഫ് ഡൂയിംഗ് ബിസ്സിനസ്സ് എന്ന ഐ.എം.എഫിന്റെയും ലോക ബാങ്കിന്റെയും ഇഷ്ട വായ്ത്താരിയെ അടിസ്ഥാനമാക്കിയാണത്രെ ഈ കോഡുവല്‍ക്കരണം. തൊഴിലാളികളെ ഇഷ്ടമുള്ളപ്പോള്‍ തൊഴിലിന് വെക്കാനും ഇഷ്ടമുള്ളപ്പോള്‍ പറഞ്ഞുവിടാനും (ഹയര്‍ ആന്റ് ഫയര്‍) സര്‍വ്വാധികാരവും നിയമപരമായിത്തന്നെ തൊഴിലുടമകള്‍ക്ക് നല്‍കുന്നതാണ് ഈ കോഡുകള്‍.പേയ്‌മെന്റ് ഓഫ് വേജസ് ആക്ട് 1936, മിനിമം വേജസ് ആക്ട് 1948, പേയ്‌മെന്റ് ഓഫ് ബോണസ് ആക്ട് 1965, ഈക്വല്‍ റമുണറേഷന്‍ 1976 എന്നീ കേന്ദ്ര നിയമങ്ങള്‍ അസാധുവാക്കിക്കൊണ്ടാണ് കോഡ് ഓണ്‍ വേജസ് 2019 നിലവില്‍ വന്നത്. 15-ാം ലേബര്‍ കോണ്‍ഗ്രസ്സ് 1957 ല്‍ അംഗീകരിച്ച മിനിമം വേതനം സംബന്ധിച്ച ശാസ്ത്രീയ മാനദണ്ഡങ്ങള്‍ പോലും പുതിയ വേജ് കോഡ് തള്ളിക്കളഞ്ഞിരിക്കുകയാണ്. തൊഴില്‍ സേനയുടെ 93%വും അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന ഇന്ത്യയില്‍ മിനിമം വേതനം ഉയര്‍ത്തണമെന്ന ആവശ്യത്തെപ്പോലും ഈ കോഡ് അംഗീകരിച്ചിട്ടില്ല. ഫ്‌ളോര്‍ തല മിനിമം വേതനം കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുമെന്നാണ് കോ ഡില്‍ പറയുന്നത്. സംസ്ഥാനങ്ങള്‍ക്ക് ഇതില്‍ കുറവ് വരുത്താന്‍ പാടില്ലെന്നും പറയുന്നുണ്ട്. എന്നാല്‍, 2019 ല്‍ പ്രതിദിന മിനിമം വേതനം 178 രൂപയായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത് നമ്മള്‍ കണ്ടതാണ്. തൊഴില്‍ മന്ത്രാലയം ഇതേപ്പറ്റി നിശ്ചയിച്ച പുനഃപരിശോധനാ കമ്മിറ്റി 375 രൂപ മിനിമം വേതനം നിര്‍ദ്ദേശിച്ചപ്പോള്‍ അതംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതും നമ്മള്‍ കണ്ടു.തൊഴില്‍ സമയം 8 മണിക്കൂറില്‍നിന്നും 12 മണിക്കൂര്‍ വരെ നീട്ടാന്‍ സര്‍ക്കാറിനും തൊഴിലുടമയ്ക്കും അധികാരം നല്‍കുന്ന വ്യവസ്ഥയും ഈ കോഡില്‍ ഉണ്ടെന്നത്, കോഡുവല്‍ക്കരണത്തിന്റെ ഉദ്ദേശ്യം പകല്‍ പോലെ വ്യക്തമാക്കുന്നുണ്ട്.വ്യവസായ ബന്ധ കോഡ് 2020 ഫലത്തില്‍, 1926 ലെ ട്രേഡ് യൂണിയന്‍സ് ആക്ട് 1946 ലെ ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്‌മെന്റ് സ്റ്റാന്റിംഗ് ഓര്‍ഡര്‍ ആക്ട്, 1947 ലെ ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട് ആക്ട് എന്നിവ തൊഴിലാളികള്‍ക്ക് നല്‍കിയിരുന്ന തൊഴിലവകാശങ്ങളും സംരക്ഷണങ്ങളും അട്ടിമറിക്കുന്ന ഒന്നാണ്. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം തന്നെ അസാദ്ധ്യമാക്കുന്നതും, സമരം ചെയ്യാനുള്ള അവകാശം നിഷേധിക്കുന്നതുമാണ് ഈ കോഡ്. 60 ദിവസം മുമ്പ് നോട്ടീസ് നല്‍കിക്കൊണ്ട് മാത്രമേ നിയമപരമായ പണിമുടക്ക് സാദ്ധ്യമാകൂ. അനുരഞ്ജന നടപടില്‍ ഇരിക്കവെയോ, അനുരഞ്ജനം കഴിഞ്ഞ് 7 ദിവസം വരെയോ പണിമുടക്കാന്‍ പാടില്ല. ട്രൈബ്യൂണലൂകള്‍ വഴിയാണെങ്കില്‍ 60 ദിവസം കഴിയും വരെയും പണിമുടക്കാന്‍ പാടില്ലെന്നും കോഡില്‍ പറയുന്നുണ്ട്. ചുരുക്കത്തില്‍, ഒരു അനുരഞ്ജന ചര്‍ച്ച തുടങ്ങി വച്ചാല്‍ എത്ര കാലത്തേക്ക് വേണമെങ്കിലും സമരങ്ങള്‍ ഒഴിവാക്കാന്‍ മാനേജ്‌മെന്റിന് കഴിയും.സ്ഥിര സ്വഭാവമുള്ള തൊഴിലില്‍പോലും നിശ്ചിത കാല ജോലിക്കാരെ (ഫിക്സഡ് ടേം എംപ്ലോയീസ്) ഏര്‍പ്പെടുത്താന്‍ തൊഴിലുടമയ്ക്ക് നിയമപരമായിത്തന്നെയുള്ള അധികാരം ഈ നിയമത്തിലൂടെ ലഭിക്കുകയാണ്. ഇതിലൂടെ വിവിധ തൊഴില്‍ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്ന സ്ഥിരം തൊഴില്‍ എെന്നന്നേയ്ക്കുമായി അവസാനിപ്പിക്കുവാനും ഹയര്‍ ആന്റ് ഫയര്‍ സമ്പ്രദായം വ്യാപകമാക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.ട്രേഡ് യൂണിയന്‍ രൂപീകരിക്കുന്നതിനും പ്രവര്‍ത്തനം നടത്തുന്നതിനും നിരവധി വിലക്കുകള്‍ ഈ കോഡ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഒരു സ്ഥാപനത്തിലെ 51% തൊഴിലാളികളുടെ പിന്തുണ ഉറപ്പു വരുത്തുന്ന ട്രേഡ് യൂണിയനു മാത്രമേ തൊഴിലാളികളുടെ ഏജന്‍സിയായി പ്രവര്‍ത്തിക്കാന്‍ അവകാശമുള്ളൂ. കൂട്ട കാഷ്വല്‍ അവധി എടുക്കുന്നതില്‍ നിന്നും തൊഴിലാളികളെ വിലക്കുന്ന വ്യവസ്ഥയിലൂടെ സമരങ്ങളെ ഇല്ലാതാക്കാനും ശ്രമിക്കുന്നു. പണിമുടക്കിനേയോ സമരത്തേയോ സഹായിക്കുന്നവര്‍ക്കുമേല്‍ പിഴ ചുമത്താനും, നിയമ വിരുദ്ധമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പണിമുടക്കുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നവര്‍ക്കു പോലും ജയില്‍ ശിക്ഷ നല്‍കാനും പിഴ ചുമത്താനും ഈ കോഡില്‍ വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നു.പൊതു താല്‍പര്യത്തിന്റെ പേരു പറഞ്ഞ് ഒരു വ്യവസായസ്ഥാപനത്തെ നിയമ പരിധിയില്‍ നിന്നും ഒഴിവാക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുക, ആശുപത്രികള്‍, ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍, മതസംഘടനകളും മറ്റും നടത്തുന്ന സ്ഥാപനങ്ങള്‍ എന്നിവയെ വ്യവസായ സ്ഥാപനങ്ങളുടെ പരിധിയില്‍നിന്നും ഒഴിവാക്കുക, ലേബര്‍ ഇന്‍സ്പെക്ടര്‍മാരുടെ തസ്തിക ഇന്‍സ്പെക്ടര്‍ കം ഫെസിലിറ്റേറ്റര്‍ എന്നാക്കി മാറ്റുക, ഒരു വര്‍ഷമായിരുന്ന അപ്രന്റീസ്ഷിപ്പ് കാലാവധി തൊഴിലുടമയ്ക്ക് എത്ര കാലത്തേക്കു വേണമെങ്കിലും നീട്ടാവുന്നതാക്കി മാറ്റുക, വര്‍ക്കിംഗ് ജേര്‍ണലിസ്റ്റുകള്‍ക്ക് നിലവിലുണ്ടായിരുന്ന വേജ് ബോര്‍ഡ് അടക്കമുള്ള അവകാശങ്ങളും നിയമങ്ങളും എടുത്തുകളഞ്ഞുകൊണ്ട് അവരെ വര്‍ക്കര്‍ കാറ്റഗറിയിലാക്കുക, തൊഴിലിടങ്ങളിലെ അപകടങ്ങള്‍ക്ക് തൊഴിലാളിക്ക് നഷ്ടപരിഹാരം നല്കുന്നതില്‍നിന്നും തൊഴിലുടമയെ ഒഴിവാക്കുക തുടങ്ങിയ ദൂരവ്യാപകമായ രീതിയില്‍ തൊഴിലാളിവര്‍ഗ്ഗ താല്പര്യം ഹനിക്കുന്ന വ്യവസ്ഥകള്‍ ഈ കോഡില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.ഒക്യുപേഷണല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്റ് വര്‍ക്കിംഗ് ക‍ണ്ടീ ഷന്‍സ് കോഡ്, ഫാ ക്ടറീസ് ആക്ട് 1948, മൈന്‍സ് ആക്ട് 1951, ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ആക്ട് 1996, പ്ലാന്റേഷന്‍സ് ലേബര്‍ ആക്ട് 1951, കോണ്‍ട്രാക്ട് ലേബര്‍ (റഗുലേഷന്‍ ആന്റ് അബോളിഷന്‍) ആക്ട് 1970, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ആക്ട് 1961 തുടങ്ങിയ 14 കേന്ദ്ര നിയമങ്ങള്‍ക്ക് പകരം കൊണ്ടു വന്നതാണ്. സ്ത്രീകളെ ക്കൊണ്ട് ഏത് തൊഴില്‍ സ്ഥാപനങ്ങളിലും എല്ലാത്തരം ജോലിയിലും വൈകുന്നേരം 7 മണിമുതല്‍ രാവിലെ 6 മണി വരെ ജോലി ചെയ്യിപ്പിക്കുന്നതിന് നിയമപരമായി തൊഴിലുടമയ്ക്ക് ഈ കോഡില്‍ അവകാശം നല്‍കുന്നുണ്ട്.സാമൂഹ്യ സുരക്ഷാ കോഡ് (സോഷ്യല്‍ സെക്യൂരിറ്റി കോഡ് 2020), ഇ.പി.എഫ് ആന്റ് എം.പി ആക്ട് 1952, ഇ.എസ്.ഐ.സി ആക്ട് 1948, മെറ്റേണിറ്റി ബനിഫിറ്റ് ആക്റ്റ് 1961, പേമെന്റ് ഓഫ് ഗ്രാറ്റ്വുവിറ്റി ആക്ട് 1972, എംപ്ലോയീസ് കോമ്പന്‍സേഷന്‍ ആക്ട് 1923 തുടങ്ങിയ 9 കേന്ദ്ര തൊഴില്‍ നിയമങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഉള്ളതത്രെ. തൊഴിലാളി ക്ഷേമ പദ്ധതികളിലേക്ക് പുതിയ ചില തൊഴില്‍ വിഭാഗങ്ങളെ കൂടി ഇതില്‍ ചേര്‍ത്തിട്ടുണ്ട്. ഗിഗ് വര്‍ക്കേഴ്‌സ്, പ്ലാറ്റ് ഫോം വരി‍ക്കേഴ്‌സ് എന്ന പേരിലെല്ലാം അറിയപ്പെടുന്ന തൊഴിലാളികള്‍ക്കുവേണ്ടി സോഷ്യല്‍ സെക്യൂരിറ്റി ഫണ്ട് സ്വരൂപിക്കണമെന്ന് ഇതില്‍ പറയുന്നുണ്ട്. ഓണ്‍ ലൈന്‍ പ്ലാറ്റ് ഫോമുകള്‍ ഉപയോഗിച്ച് സാധനങ്ങളും സര്‍വ്വീസ്സുകളും പ്രദാനം ചെയ്യുന്ന ജോലിയിലേര്‍പ്പെട്ട ഇത്തരം തൊഴിലാളികളുടെ എണ്ണം ആഗോളതലത്തില്‍തന്നെ നാള്‍ക്കുനാള്‍ പെരുകുകയാണ്. ഇന്ത്യയില്‍ ഇത്തരം തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം 1.5 കോടി വരുമെന്നാണ് അസ്സോച്ചം റിപ്പോര്‍ട്ടില്‍ പറയുന്നത്.രാജ്യത്തെ തൊഴിലാളിവര്‍ഗ്ഗം തലമുറകളായി ഇഞ്ചോടിഞ്ച് പൊ രുതി സ്ഥാപിച്ച തൊഴിലവകാശങ്ങളും നിയമ പരിരക്ഷയും ബി.ജെ.പി യുടെ മോദി സര്‍ക്കാര്‍ തികച്ചും നിസ്സാരമായി, പാര്‍ലമെന്റില്‍ ഗൗരവമായ ഒരു ചര്‍ച്ചയ്ക്ക് പോലും ഇട നല്‍കാതെ അട്ടിമറിച്ചു കൊണ്ട് ലേബര്‍ കോഡുകളാക്കി മാറ്റിയത് കോര്‍പ്പറേറ്റുകളുടെ വര്‍ഗ്ഗ താല്‍പ്പര്യം മാത്രം പരിഗണിച്ചുള്ളതാണെന്ന് പ്രത്യക്ഷത്തില്‍തന്നെ കാണാവുന്നതാണ്.

പൊതുമേഖലയുടെ സ്വകാര്യവത്കരണം

ഈ പണിമുടക്കിനാധാരമായ മറ്റൊരു കാര്യം, പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഗവര്‍ണ്മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും സ്വകാര്യവല്‍ക്കരണമാണ്. ജനങ്ങളുടെ പൊതു സ്വത്തായ, തൊഴിലാളികളുടെ അദ്ധ്വാനം കൊണ്ട് കെട്ടിപ്പടുത്ത, ഇന്ത്യന്‍ റെയില്‍വെ, ബി.പി.സി.എല്‍, വൈദ്യുതി മേഖല, കല്‍ക്കരി ഖനനം, എയര്‍ ലൈന്‍സ്, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, ആയുധ നിര്‍മ്മാണ രംഗം, ബഹിരാകാശ ഗവേഷണ മേഖല, ബാങ്ക്, ഇന്‍ഷൂറന്‍സ് തുടങ്ങിയവയെല്ലാം സ്വകാര്യകുത്തകകളുടെ കൈകളില്‍ എത്തിക്കുന്ന നടപടി മോദി സര്‍ക്കാര്‍ അതിവേഗമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ അടിസ്ഥാന മേഖലകളില്‍ ജോലിചെയ്യുന്നവരുടെ അവകാശങ്ങളും താല്‍പ്പര്യങ്ങളും ഹനിക്കപ്പെടുമെന്ന് മാത്രമല്ല, രാജ്യത്തെ അഭ്യസ്തവിദ്യരായ കോടിക്കണക്കിന് യുവാക്കളുടെ തൊഴില്‍ സ്വപ്നത്തെ തകര്‍ക്കുകയും ചെയ്യുകയാണ്. ഒരു രാഷ്ട്രമെന്ന നിലയില്‍ സ്വരുക്കൂട്ടിയ ഭൗതിക സ്വത്തുക്കളത്രയും ഏതാനും കുത്തകകള്‍ക്ക് തീറെഴുതി കൊടുക്കാന്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷംകൊണ്ട് മാത്രം ഒരു സര്‍ക്കാരിന് അധികാരമുണ്ടോ? പ്രധാനമന്ത്രിയുടെ ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതിയുടെ പൊള്ളത്തരം മനസ്സിലാക്കാന്‍ ഇതൊന്നുതന്നെ ധാരാളം മതിയാകും.വൈദ്യുതി (ഭേദഗതി) ബില്‍ 2020 പാര്‍ലമെന്റില്‍ പോലും വെക്കാതെയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. പല സംസ്ഥാനങ്ങളും ഈ ബില്ലിനെ ശക്തമായി എതിര്‍ത്തിട്ടും വൈദ്യുതി മേഖല സ്വകാര്യവല്‍ക്കരിക്കാനുള്ള വെപ്രാളത്തിലാണ് സര്‍ക്കാര്‍. നിലവിലുള്ള വൈദ്യുതി ജീവനക്കാരുടെ ഭാവി പുത്തന്‍ ഫ്രാഞ്ചൈസികള്‍ക്ക് പന്താടാന്‍ സര്‍ക്കാര്‍ വിട്ടു കൊടുത്തിരിക്കുകയാണ്. യു.പി യില്‍ ഇതിനെതിരെ അവിടത്തെ തൊഴിലാളികളും എഞ്ചിനിയര്‍മാരും നടത്തിയ വീറുറ്റ സമരത്തെത്തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് താല്‍ക്കാലികമായെങ്കിലും പിന്മാറേണ്ടി വന്നു. ഇത് രാജ്യമാകെയുള്ള സമരങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്.ഈ പണിമുടക്കിനോടനുബന്ധിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി മുന്നോട്ട് വച്ച 7 ഇന ഡിമാന്റ് പത്രികയില്‍ ഒന്നാമതായുള്ളത്, ആദായ നികുതിദായകരല്ലാത്ത എല്ലാ കുടുംബത്തിനും പ്രതിമാസം 7500 രൂപ അവരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നാണ്. പ്രതിമാസം 10 കിലോ ഭക്ഷ്യധാനം സൗജന്യമായി നല്‍കുക, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വേതനം വര്‍ദ്ധിപ്പിച്ച് വര്‍ഷത്തില്‍ 200 ദിനമാക്കുകയും നഗരങ്ങളില്‍ കൂടി നടപ്പാക്കുകയും ചെയ്യുക, പൊതുമേഖലകളുടെയും ഗവര്‍ണ്മെണ്ട് ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കുക, കര്‍ഷക ദ്രോഹ നിയമങ്ങളും തൊഴിലാളി വിരുദ്ധ കോഡുകളും പിന്‍വലിക്കുക, കേന്ദ്ര സര്‍വ്വീസ്സ് -പൊതുമേഖലാ ജീവനക്കാര്‍ക്കുമേല്‍ നടത്തുന്ന നിര്‍ബ്ബന്ധിത പിരിച്ചുവിടല്‍ അവസാനിപ്പിക്കുക, എല്ലാവര്‍ക്കും പെന്‍ഷന്‍ നല്കുകയും പുതിയ പെന്‍ഷന്‍ പദ്ധതിക്കു പകരം മുന്‍ പദ്ധതി പുനഃസ്ഥാപിക്കുകയും ചെയ്യുക തുടങ്ങിയവയാണ് മറ്റു ഡിമാന്റുകള്‍. ലോകത്തെ പ്രമുഖ സാമ്പത്തിക വിദഗ്ദ്ധരും സാമൂഹ്യശാസ്ത്രജ്ഞരും എല്ലാം ആവശ്യപ്പെടുന്നതാണ് ജനങ്ങളുടെ കൈകളില്‍ പണമെത്തിക്കണമെന്നത്. തകര്‍ന്ന സമ്പദ്‌വ്യവസ്ഥയെ തെല്ലെങ്കിലും ചലിപ്പിക്കാന്‍ അതിനാകുമെന്നവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, മോദി സര്‍ക്കാര്‍ ഇതൊന്നും കേട്ട ഭാവമില്ല. മുതലാളിത്ത ലോകം അപരിഹാര്യമായ പ്രതിസന്ധിയിലാണ.് ലോക മുതലാളിത്തത്തിന്റെ ഭാഗമായ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയും കടുത്ത പ്രതിസന്ധിയി ലകപ്പെട്ട് വഴിമുട്ടി നില്‍ക്കുകയാണ്. ഇതിനെ മറികടക്കാനുള്ള വൃഥാപരിശ്രമത്തില്‍ ഇന്ത്യന്‍ മുതലാളി വര്‍ഗ്ഗം എല്ലാ ഹീന തന്ത്രങ്ങളുമെടുത്ത് പയറ്റുകയാണ്. ആഗോള സാമ്രാജ്യത്വത്തിന്റെ തന്ത്രങ്ങള്‍ക്ക് ചുവടൊപ്പിച്ചുകൊണ്ടു തന്നെയാണിത് ചെയ്യുന്നത്. ബി.ജെ.പി നയിക്കുന്ന മോദി സര്‍ക്കാരിലൂടെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നയങ്ങളത്രയും ഈ കുത്തക താല്‍പ്പര്യം മുന്‍നിര്‍ത്തി യുള്ളതാണ്. എല്ലാ മുന്‍ സര്‍ക്കാരുകളും ഇതേ മുതലാളിവര്‍ഗ്ഗ താല്‍പര്യം സംരക്ഷിച്ചുകൊണ്ടുള്ള ഭരണം തന്നെയാണ് നടത്തിയിട്ടുള്ളത്. സര്‍ക്കാരുകള്‍ മാറിക്കൊണ്ടിരിക്കും. അത്, കോണ്‍ഗ്രസ്സിന്റെയോ, ബി.ജെ.പി യുടെയോ, മൂന്നാമതൊന്നിന്റെയോ നേതൃത്വത്തിലുള്ളതാകാം. എന്നാല്‍ അപ്പോഴും, രാജ്യത്തിന്റെ യഥാര്‍ത്ഥ ഭരണചക്രം തിരിക്കുന്ന മുതലാളിവര്‍ഗ്ഗ ഭരണകൂടം മാറുന്നില്ല. അതിനെ മാറ്റുമ്പോള്‍ മാത്രമേ തൊഴിലാളികളും കര്‍ഷകരും അനുഭവിക്കുന്ന ചൂഷണത്തിന് അറുതിയുണ്ടാകൂ. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും തൊഴിലും ആരോഗ്യപരിരക്ഷയും ഭക്ഷണവും പാര്‍പ്പിടവും തടസ്സമില്ലാതെ നല്‍കാന്‍ മതിയായ വിഭവശേഷിയുള്ള ഒരു രാജ്യമാണ് നമ്മുടേത്. ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള മുതലാളിത്ത ഉല്പാദന വ്യവസ്ഥ ഒന്നു മാത്രമാണ് ഇതിന് തടസ്സം. സ്വതന്ത്ര ഇന്ത്യയില്‍ ജനങ്ങളുടെ ഇക്കാലമത്രയുമുള്ള അനുഭവം ഇത് ശരിവെക്കുന്നതാണ്.ജനങ്ങള്‍ അവരുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന മുന്നേറ്റത്തിന് തയ്യാറാകുക തന്നെ ചെയ്യും. അതിനെ മുന്‍കൂട്ടി തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇന്നത്തെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. എ ന്നാല്‍, എക്കാലത്തേക്കും അതിനെ തടഞ്ഞുനിര്‍ത്താന്‍ അവര്‍ക്കാവില്ല. വസ്തുനിഷ്ഠ ആവശ്യകതയുടെ അനിവാര്യതയെന്നോണം അത്തരം മുന്നേറ്റങ്ങള്‍ ഉണ്ടായേ തീരൂ.രാജ്യത്തെ അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളും ബഹുജനങ്ങളും അസംതൃപ്തരും രോഷാകുലരുമാണ്. അവരുടെ ജീവിതം നാള്‍ക്കുനാള്‍ അരക്ഷിതവും അസ്സഹനീയവുമാക്കി മാറ്റുകയാണ് ഭരണാധികാരികള്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ബീഭത്സമായ ആക്രമണങ്ങളും, ജാതിയുടെയും മതത്തിന്റെയും പേരില്‍ പാവങ്ങള്‍ മര്‍ദ്ദിക്കപ്പെടുന്നതും, സത്യം വിളിച്ചു പറയുന്നതിന്റെ പേരില്‍ എഴുത്തുകാരും ബുദ്ധിജീവികളും വേട്ടയാടപ്പെടുന്നതും രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിത്യസംഭവങ്ങളായി മാറുന്നത് ഭീതിയോടെ മാത്രമേ വീക്ഷിക്കാന്‍ കഴിയൂ. ജനങ്ങളുടെ നിരാശ്രയത്വം, നിരാശയിലേക്കും നിഷ്‌കൃയത്വത്തിലേക്കും പോയാല്‍ അത്, ഭരണാധികാരികള്‍ക്കാണ് നേട്ടം. മറിച്ച് ഒരു യഥാര്‍ത്ഥ മനുഷ്യനായി തന്നെ ജീവിക്കണമെന്ന നിശ്ചയദാര്‍ഢ്യമാണാവശ്യം. മനുഷ്യനായി ജീവിക്കാന്‍ അനീതിക്കതിരെ പൊരുതിയേ തീരു എന്ന യാഥാര്‍ത്ഥ്യം ജനങ്ങള്‍ കൂടുതല്‍ കൂടുതല്‍ തിരിച്ചറിയുന്നുണ്ട്. കഴിഞ്ഞ പൊതുപണിമുടക്കില്‍ 20 കോടി തൊഴിലാളികള്‍ പണിമുടക്കിയെന്നാണ് കണക്ക്. ഈ നവംബര്‍ 26ന് നടക്കുന്ന പൊതു പണിമുടക്ക് ഇന്ത്യന്‍ ജനതയുടെ അടക്കിനിര്‍ത്തിയ നാനാവിധ പ്രതിഷേധം അണപൊട്ടിയൊഴുകുന്ന ഐതിഹാസികമായ പണിമുടക്കാകുമെന്ന് ഉറപ്പാണ്. ഈ പണിമുടക്കില്‍, തൊഴിലാളികളും കര്‍ഷകരും തോളോട് തോള്‍ ചേര്‍ന്ന് അണിനിരക്കുകയാണ്. വ്യവസായ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, നിര്‍മ്മാണതൊഴിലാളികള്‍, വൈദ്യുതി ജീവനക്കാര്‍, മോട്ടോര്‍ ട്രാ ന്‍സ്‌പോര്‍ട്ട് തൊഴിലാളികള്‍, കശുവണ്ടി തൊഴിലാളികള്‍, മത്സ്യതൊഴിലാളികള്‍, സ്‌കീം വര്‍ക്കേഴ്‌സ്, ഗാര്‍ഹിക തൊഴിലാളികള്‍, തെരുവ് കച്ചവടക്കാര്‍ തുടങ്ങി എല്ലാ സംഘടിത-അസംഘടിത മേഖലാ തൊഴിലാളികളും വിവിധ സ്ഥാപനങ്ങളിലെയും ഡിപ്പാര്‍ട്ടുമെന്റുകളിലെയും ജീവനക്കാരും തൊഴിലാളികളും നവംബര്‍ 26ന് പൊതുപണിമുടക്കില്‍ പങ്കെടുക്കും. ഒരു അനിശ്ചിതകാല ദീര്‍ഘ സമരത്തിലേക്കുള്ള ചുവടു വയ്പ്പാണ് ഈ പണിമുടക്ക്. ഒരു ചെറുവിഭാഗം വരുന്ന കുത്തക ള്‍ക്കുവേണ്ടി രാജ്യത്തെ ജനങ്ങളുടെ ജീവിതം പാടെ ശിഥിലമാക്കുന്ന മോദി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ പിന്‍വലിക്കും വരെയുള്ള ചിട്ടയാര്‍ന്നതും ഉശിരാര്‍ന്നതുമായ പ്രക്ഷോഭത്തിന് തയ്യാറാകാന്‍ അദ്ധ്വാനിക്കുന്ന എല്ലാജനവിഭാഗങ്ങളോടും ആഹ്വാനം ചെയ്യുന്നു.

Share this post

scroll to top