കേരള പൊലീസ് ആക്ട് ഭേദഗതിജനാധിപത്യ ധ്വംസനത്തിന്റെ പുതിയ രൂപം

images.jpeg
Share

“നമ്മുടെ രാജ്യത്ത് പത്രസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് പ്രത്യേകനിയമമില്ലെന്ന് നമുക്കറിയാം. ഭരണഘടനയുടെ ആർട്ടിക്കിൾ 19(1) ന്റെ വ്യാഖ്യാനമാണ് അഭിപ്രായസ്വാതന്ത്ര്യം ഉറപ്പു വരുത്തുന്നത്. മാധ്യമങ്ങൾ ഈ സ്വാതന്ത്ര്യമാണ് അനുഭവിക്കുന്നത്. എന്തുകൊണ്ടാണ് ഈ സ്വാതന്ത്ര്യം നവമാധ്യമങ്ങൾക്ക് നിഷേധിക്കപ്പെടുന്നത്?” 2012-ൽ അഭിപ്രായസ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിനായി പ്രമേയം അവതരിപ്പിച്ചുകൊണ്ട്, അന്ന് രാജ്യസഭ എംപിയും ഇപ്പോൾ ദേശാഭിമാനി എഡിറ്ററും സിപിഐ(എം)ന്റെ സംസ്ഥാനനേതാവുമായ പി. രാജീവ്, പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ നിന്നെടുത്ത വാക്കുകളാണിത്. സമൂഹമാധ്യമങ്ങളിലൂടെ അഭിപ്രായം പ്രകടിപ്പി ച്ചതിന്റെ പേരിലും, അതിനെ ലൈക്കോ ഷെയറോ ചെയ്തതിന്റെ പേരിലും, രാജ്യത്തിന്റെ പല ഭാഗത്തും നിരവധി പേരെ അറസ്റ്റു ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹം പാർലമെന്റിൽ പ്രമേയം അവതരിപ്പിച്ചത്. ഇതേ ആർട്ടിക്കിൾ 19(1) ഉറപ്പു നൽകുന്ന അഭിപ്രായസ്വാതന്ത്ര്യം എന്ന മൗലികാവകാശത്തെയും, ജനാധിപത്യത്തിൽ എതിർസ്വരം ഉന്നയിക്കുവാനുള്ള അവകാശത്തിന്റെ പവിത്രതയെയും ഉയർത്തിപ്പിടിച്ചു കൊണ്ടാണ് 2015ൽ ശ്രേയ സിംഗാൾ കേസിൽ ജഡ്ജിമാരായ ചെലമേശ്വറും റോഹിങ്ടൺ നരിമാനും അടങ്ങിയ സുപ്രീം കോടതി ബഞ്ച്, ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിലെ വിവാദമായ 66(എ) വകുപ്പ് റദ്ദാക്കിയത്. അഭിപ്രായസ്വാതന്ത്ര്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും എതിരെ പ്രയോഗിക്കപ്പെടുന്ന രാജ്യദ്രോഹം, ക്രിമിനൽ മാനനഷ്ടം തുടങ്ങിയ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകൾ തന്നെ റദ്ദു ചെയ്യുമെന്ന്, 2019ലെ പൊതുതെരഞ്ഞെടുപ്പിൽ സിപിഐ(എം) പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇതേ സിപിഐ(എം) നേതൃത്വം നൽകുന്ന കേരളത്തിലെ എൽഡിഎഫ് സർക്കാർ, ഇപ്പോൾ കേരള പൊലീസ് ആക്ടിൽ 118(എ) എന്ന പുതിയ വകുപ്പു കൂട്ടിച്ചേർക്കുവാനുള്ള ഭേദഗതി ഓർഡിനൻസ് രൂപത്തിൽ കൊണ്ടുവരികയാണ്. സിപിഐ(എം)ന്റെ മുകളിൽ സൂചിപ്പിച്ച പ്രഖ്യാപിതനയത്തിനു വിരുദ്ധമായി, സുപ്രീം കോടതി നേരത്തേ റദ്ദാക്കിയ കേരള പൊലീസ് ആക്ട് 118(ഡി) എന്ന കരിനിയമത്തെ, കൂടുതൽ ഭീഷണമായ പുതിയ രൂപത്തിൽ പുനരവതരിപ്പിക്കുകയാണ് ഈ ഓർഡിനൻസിലൂടെ. സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകൾക്കു നേരേയുള്ള അതിക്രമങ്ങൾ വർധിക്കുന്നത് തടയാനാണ് ധൃതി പിടിച്ചുള്ള ഈ നിയമനിർമ്മാണം എന്ന് സർക്കാർ പറയുന്നു. നേരത്തേയുണ്ടായിരുന്ന വകുപ്പുകൾ സുപ്രീം കോടതി റദ്ദാക്കിയതിനാൽ ഇത്തരം കേസുകളിൽ മതിയായ ഇടപെടൽ നടത്താൻ പൊലീസിനാകുന്നില്ല എന്ന് സർക്കാർ വാദിക്കുന്നു. ഇതിനായി കേന്ദ്രസർക്കാർ നിയമനിർമ്മാണം നടത്താൻ തയ്യാറാകാത്തതിനാൽ ഇങ്ങനെയൊരു നിയമം നിർമ്മിക്കാൻ സംസ്ഥാനം നിർബന്ധിതമായി എന്നും അവർ വിശദീകരിക്കുന്നു. നമോ ടിവി എന്ന ഓൺലൈൻ ചാനൽ നടത്തിയ വിദ്വേഷപ്രചരണത്തിന്റെ പേരിലുള്ള കേസിൽ, (ശ്രീജ പ്രസാദ് സ്റ്റേറ്റ് ഓഫ് കേരള) കുറ്റാരോപിതയ്ക്കു ജാമ്യം നൽകി 2020 മേയിൽ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ, സമൂഹമാധ്യമങ്ങളിലൂടെ വർധിച്ചു വരുന്ന വിദ്വേഷപ്രചാരണങ്ങൾക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും നിർദ്ദേശം നൽകിയിരുന്നു. കൂടാതെ അടുത്തിടെ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും അവർക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അശ്ലീലപ്രചാരണം നടത്തിയ വ്യക്തിയും തമ്മിലുണ്ടായ സംഭവങ്ങൾ പോലെയുള്ളവയും ഇത്ര വേഗത്തിൽ ഇങ്ങനെയൊരു നിയമം നിർമ്മിക്കാനുള്ള കാരണമായെന്നും സർക്കാർ പറയുന്നു.

എന്താണ് പുതിയ പോലീസ് ആക്റ്റ് ഭേദഗതി

ഒരു വ്യക്തി, മറ്റൊരു വ്യക്തിയുടെ യശസ്സിനെ ഭീഷണിപ്പെടുത്തുകയോ തകർക്കുകയോ അപകീർത്തപ്പെടുത്തുകയോ ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ ഏതെങ്കിലും വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിർമ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താൽ, അയാൾക്ക് അഞ്ചു വർഷം തടവോ, 10,000 രൂപ പിഴയോ, രണ്ടും കൂടിയോ ശിക്ഷിക്കുന്നതിനുള്ള വ്യവസ്ഥയാണ് കൂട്ടിച്ചേർക്കുന്ന വകുപ്പിലുള്ളത്. നേരത്തേ ഉണ്ടായിരുന്ന 118(ഡി) വകുപ്പിൽ നിന്നും ഇതിനു ഗൗരവതരമായ ചില വ്യത്യാസങ്ങൾ വന്നിട്ടുണ്ട്. ഒന്ന്, ഇത് സമൂഹമാധ്യമം എന്നതിൽ ഒതുങ്ങുന്നില്ല. ഏതു രീതിയിൽ അഭിപ്രായം പ്രകടിപ്പിച്ചാലും ഈ വകുപ്പിനെ വ്യാഖ്യാനിച്ച് കേസെടുക്കാൻ പറ്റും. രണ്ട്, പുതിയ വകുപ്പനുസരിച്ച് കേസെടുക്കാൻ ഒരു പരാതിക്കാരന്റെ ആവശ്യമില്ല. പൊലീസ് ഉദ്യോഗസ്ഥന് പ്രസ്തുത ഉള്ളടക്കം അപകീർത്തികരമാണെന്ന് തോന്നിയാൽ സ്വമേധയാ കേസെടുക്കാം. മൂന്ന്, ഇത് ജാമ്യം കിട്ടാത്ത വകുപ്പാണ്. അതായത്, ഒരു വ്യക്തി ഒരു അഭിപ്രായപ്രകടനം നടത്തിയാൽ, അത് സമൂഹമാധ്യമമോ, പത്രവാർത്തയോ ലേഖനമോ എന്തുമായിക്കൊള്ളട്ടെ, അത് ആരുടെയെങ്കിലും യശസ്സിനെ അപകീർത്തിപ്പെടുത്തുന്നു, തകർക്കുന്നു എന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥനു തോന്നിയാൽ, ആ വ്യക്തിക്കെതിരെ കേസെടുത്ത് ജാമ്യം നൽകാതെ അറസ്റ്റ് ചെയ്യാൻ അധികാരം നൽകുന്നു എന്നു സാരം. ഇത് നിയമത്തിന്റെയും നീതിയുടേയും അടിസ്ഥാനതത്വങ്ങൾക്ക് എത്രത്തോളം വിരുദ്ധമാണെന്ന് ജനാധിപത്യബോധമുള്ള ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. യശസ്സിനെ അപകീർത്തിപ്പെടുത്തുക, തകർക്കുക എന്നിവയ്ക്ക് നിയമപരമായി കൃത്യമായ നിർവ്വചനമില്ല. അധികാരികൾക്ക് അവരുടെ വ്യക്തിപരമായ ബോധ്യത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ഇത്തരം വകുപ്പുകൾ തെറ്റായി വ്യാഖ്യാനിച്ച് ദുരുപയോഗം ചെയ്യാം. ഇത് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനത്തിനു തന്നെ വിരുദ്ധമാണ്. ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെ തന്നെ ലംഘനമാണ്. ഇതേ നീതിബോധം ഉയർത്തിപ്പിടിച്ചു കൊണ്ടു തന്നെയാണ് 2015-ൽ ഐടി ആക്ട് 66 (എ), കേരള പൊലീസ് ആക്ട് 118 (ഡി) എന്നീ വകുപ്പുകൾ സുപ്രീം കോടതി റദ്ദാക്കിയത്. ഇതേ നീതിബോധം ഉയർത്തിപ്പിടിക്കുന്ന ന്യായാധിപന്മാർ, ഇക്കാരണത്താലാണ് സമാനമായ വകുപ്പുകളുടെ ദുരുപയോഗത്തിനെതിരേ ഇന്നും വിധികൾ പുറപ്പെടുവിക്കുന്നത്. നിലവിൽതന്നെ, കേരള പൊലീസ് ആക്ട് 120(ഒ) പോലെയുള്ള നിയമങ്ങൾ ദുരുപയോഗപ്പെടുത്തി രാഷ്ട്രീയ വിമർശനങ്ങൾക്കെതിരെ പോലും കേസെടുക്കുന്നു. എന്നിട്ടും സുപ്രീം കോടതി ഒരിക്കൽ റദ്ദാക്കിയ മേൽപ്പറഞ്ഞ കരിനിയമങ്ങൾ തന്നെ പുതിയ രൂപത്തിൽ, കൂടുതൽ കഠിനശിക്ഷയോടെ, ജാമ്യം ലഭിക്കാത്ത, പൊലീസിന് സ്വമേധയാ കേസെടുക്കാവുന്ന തരത്തിൽ കൂടുതൽ ജനാധിപത്യവിരുദ്ധമായി നടപ്പാക്കുകയാണ്.

സർക്കാർ വാദങ്ങളുടെ കാപട്യം

സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകൾക്കുനേരേ വർധിച്ചു വരുന്ന അതിക്രമങ്ങൾക്കെതിരേയാണ് ഈ പുതിയ നിയമം എന്നു സർക്കാർ പറയുന്നു. പക്ഷേ, ഈ പുതിയ നിയമത്തിൽ എവിടെയാണ് കൃത്യമായി സ്ത്രീസംരക്ഷണത്തിനുള്ള നിർവ്വചനം? ഇത് വളരെ പൊതുവായ ഒരു നിയമമാണ്. സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങളുടെ മറയിൽ മറ്റു പലതുമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്നത് വ്യക്തം. ഈ ഭേദഗതി സമൂഹമാധ്യമത്തിന്റെ രംഗത്ത് മാത്രം ഒതുങ്ങുന്നതല്ല. ഏതൊരു മാധ്യമവും ഇതിന്റെ പരിധിയിൽ വരുന്ന രീതിയിലാണ് ഇതിന്റെ ഘടന ചിട്ടപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ അടക്കം അരങ്ങേറുന്ന അതിക്രമങ്ങളിൽ ശക്തമായ നടപടികളെടുക്കാൻ പര്യാപ്തമായ നിയമങ്ങൾ നിലവിൽ തന്നെ ഇവിടെയുണ്ട്. ഇവിടെ പ്രശ്‌നം നിയമത്തിന്റെ അഭാവമല്ല. ഇത്തരം കേസുകളിൽ പൊലീസിന്റെ നിഷ്‌ക്രിയത്വവും പലപ്പോഴും ബോധപൂർവ്വം തന്നെ വരുത്തുന്ന വീഴ്ചകളുമാണ്. പല നിയമവിദഗ്ദ്ധരും ഇതിനോടകം ഇക്കാര്യങ്ങൾ വ്യക്തമാക്കിയതാണ്. ഭാഗ്യലക്ഷ്മിയുടെ അനുഭവം തന്നെയെടുക്കാം. തങ്ങൾക്കെതിരേയുള്ള സൈബർ അധിക്ഷേപം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ അവർ പൊലീസിൽ പരാതിപ്പെട്ടിരുന്നു. പക്ഷേ പൊലീസ് യാതൊരു നടപടിയുമെടുത്തിരുന്നില്ല. ഇവിടെ നിയമത്തിന്റെ അഭാവമായിരുന്നില്ല പ്രശ്‌നം. ഇത് ഒറ്റപ്പെട്ട സംഭവവുമല്ല. തങ്ങൾക്ക് അഹിതമായ വാർത്തകൾ കൊടുത്തു എന്ന പേരിൽ പ്രമുഖരായ വനിത മാധ്യമപ്രവർത്തകർക്കുപോലും സിപിഐ(എം) അനുഭാവികളുടെ കടുത്ത സൈബർ അധിക്ഷേപം നേരിടേണ്ടി വന്നപ്പോൾ പൊലീസും സിപിഐ(എം)ഉം എന്തു സമീപനം സ്വീകരിച്ചു? സ്ത്രീകൾ നൽകുന്ന ഇത്തരം പരാതികളിൽ പലപ്പോഴും ഗുരുതരമായ അലംഭാവമാണ് സംസ്ഥാന പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. ഇത്തരം കേസുകളുടെ ഭാഗമായുള്ള നടപടിക്രമങ്ങൾ തന്നെ സ്ത്രീകൾക്കു വലിയ പീഡനമായി മാറുന്നു. നിവൃത്തിയില്ലാതെ പലരും അപമാനം സഹിച്ചു പിൻവാങ്ങുന്നു. ഇതാണ് യാഥാർത്ഥ്യമെന്നിരിക്കെ, ഇത്തരം കേസുകളിൽ സർക്കാരും പൊലീസും എടുക്കുന്ന നിരുത്തരവാദപരമായ സമീപനത്തിൽ നിന്നും ഇരയെ ദ്രോഹിക്കുന്ന നടപടികളിൽ നിന്നും പിൻവാങ്ങുകയാണ് വേണ്ടത്. സ്ത്രീകളെ സംരക്ഷിക്കണമെന്ന് ആത്മാർത്ഥമായി സർക്കാർ ആഗ്രഹിക്കുന്നുവെങ്കിൽ പോലീസിനെ ജനാധിപത്യവൽക്കരിക്കുകയാണ് ചെയ്യേണ്ടത്. കേന്ദ്രസർക്കാർ നിയമം നിർമ്മിക്കാത്തതിനാൽ തങ്ങൾ കൊണ്ടുവരുന്നു എന്നതൊക്കെ എത്ര ബാലിശമായ വാദമാണെന്നു മനസ്സിലാക്കാൻ, സർക്കാരും അതിനെ നയിക്കുന്ന സിപിഐ(എം)ഉം തങ്ങളുടെ തന്നെ പ്രഖ്യാപിതനയങ്ങൾ ഒരാവർത്തി നോക്കിയാൽ മതിയാകും.

പൊലീസിന്റെ മനോഭാവവും സർക്കാരിന്റെ പൊലീസ് നയവും

ഇത്തരം കരിനിയമങ്ങളിലൂടെ കൂടുതൽ അധികാരം നൽകിയാൽ നമ്മുടെ പൊലീസ് അത് ദുരുപയോഗം ചെയ്യില്ല എന്ന് എന്താണ് ഉറപ്പുള്ളത്? ഈ സർക്കാർ അധികാരമേറിയതിനു ശേഷംമുള്ള ചിത്രം മാത്രം പരിശോധിക്കാം. ഏറ്റുമുട്ടൽ കൊലകൾ അടക്കം നിർവ്വഹിക്കാനുള്ള തങ്ങളുടെ ശേഷി, കേരളത്തിലും പൊലീസ് മാവോയിസ്റ്റു വേട്ട എന്ന പേരിൽ തെളിയിച്ചു കഴിഞ്ഞു. പൊലീസിനെതിരെ ഫോറൻസിക് തെളിവുകൾ അടക്കം പുറത്തു വന്നിട്ടും എന്തു നടപടി ഈ ഇടതുപക്ഷ സർക്കാർ സ്വീകരിച്ചു? പൊലീസ് മർദ്ദനം ലോക്കപ്പിൽ മാത്രം ഒതുങ്ങുന്നില്ല. ഹെൽമറ്റ് വേട്ട എന്ന പേരിൽ എത്രയോ സാധാരണക്കാർ ഈ കോവിഡ് കാലത്തും അപമാനിക്കപ്പെടുന്നു. കൊല്ലം ജില്ലയിൽ, ഹെൽമറ്റ് ഇല്ലായിരുന്നു എന്നതിന്റെ പേരിൽ ഒരു വയോധികനെ ചെറുപ്പക്കാരനായ ഒരു എസ്‌ഐ മർദ്ദിക്കുന്നതിന്റെ ദൃശ്യത്തിനു നമ്മൾ സാക്ഷ്യം വഹിച്ചതാണ്. ഇയാൾ സർവ്വീസിൽ കയറി പരിശീലന കാലാവധിപോലും പൂർത്തിയാക്കിയിരുന്നില്ല. ജനങ്ങളുടെ മേൽ കൈത്തരിപ്പു തീർക്കാനുള്ള അവകാശമായി കാക്കിവേഷത്തെ കരുതുന്ന ഇത്തരക്കാരുടെ എണ്ണം നമ്മുടെ സേനയിൽ നിരവധി, ഇവർക്കെതിരേ നടപടിയല്ല, സംരക്ഷണമാണ് ഉണ്ടാകുന്നതെന്നു കാണാം. ന്യായമായ ജനകീയ സമരത്തെ അടിച്ചമർത്താൻ പോയി കൊച്ചു കുട്ടിയെപോലും നിർദ്ദയം തല്ലിച്ചതച്ച ഒരു ഐപിഎസ് ഉന്നതനെതിരേ, ആ കുട്ടിയുടെ മൊഴി ഉണ്ടായിട്ടും എന്തു നടപടി എടുത്തു? സാധാരണക്കാരനെ ഏത്തമിടുവിച്ചു കൊണ്ട് ഇത്തരം ജനവിരുദ്ധർ ഭരണകൂടത്തിനു പ്രിയപ്പെട്ട വരായി കാക്കിയുടെ തണലിൽ ഇപ്പോഴും പരിലസിക്കുന്നില്ലേ? മുഖ്യ മന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വിമർശനം ഉന്നയിച്ചതിന് മുൻപില്ലാത്തവണ്ണം കേസുകൾ എടുക്കുന്നില്ലേ? അതിനുള്ള ആവേശം എന്തുകൊണ്ട് സാധാരണക്കാരായ സ്ത്രീകൾ നൽകുന്ന സമാനപരാതികളിൽ കാണിക്കുന്നില്ല? ഓണത്തെ, വാമനജയന്തി ആക്കി ഭിന്നിപ്പ് വളർത്താൻ വർഗ്ഗീയശക്തികൾ ശ്രമിക്കുമ്പോൾ കണ്ടില്ലെന്നു നടിച്ച സർക്കാരും പൊലീസും, ഓണത്തെക്കുറിച്ച് കന്യാസ്ത്രീ കൂടിയായ ഒരു അധ്യാപിക തന്റെ അഭിപ്രായം സമൂഹമാധ്യമത്തിൽ പ്രസിദ്ധീകരിച്ചപ്പോൾ, ഇതേ വർഗ്ഗീയശക്തികളുടെ പരാതിയിൽ ഉടനടി കേസെടുത്തു. അവരെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി, സംഘപരിവാർ ശക്തികൾ അവരെ ഭീഷണിപ്പെടുത്തി മാപ്പു പറയിച്ച,് അതിന്റെ വീഡിയോ എടുത്തു പരസ്യമാക്കി അവരെ അപമാനിച്ചപ്പോൾ, ഇതേ പൊലീ സ് അതിന് കൂട്ടുനിന്നില്ലേ? അങ്ങേയറ്റം നിയമവിരുദ്ധമായ ഈ പ്രവൃത്തിയിൽ സഹായിച്ചവർക്കെതിരേ എന്തു നടപടിയെടുത്തു? കേരള പൊലീസ്, സംഘപരിവാർ ശക്തികളുടെ താളത്തിനനുസരിച്ച് തുള്ളിയ സംഭവങ്ങളിൽ ഒന്നു മാത്രമാണിത്. മധ്യപ്രദേശിൽ രണ്ടു ദളിത് കുഞ്ഞുങ്ങളെ സവർണ്ണജാതിക്കാർ കൊലപ്പെടുത്തി എന്ന പത്രവാർത്തയെ അധികരിച്ച് എഴുതിയ ഒരു കവിത സമൂഹമാധ്യമത്തിൽ ഷെയർ ചെയ്തതിന്റെ പേരിൽ ആ വ്യക്തിക്കെതിരെ കാടാമ്പുഴ പൊലീസ് സ്റ്റേഷനിൽ കേസെടുത്തിരുന്നു. മതവികാരം വ്രണപ്പെടുത്തി എന്ന പേരിൽ ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പ് 153, കേരള പൊലീസ് ആക്ട് വകുപ്പ് 120 (ഒ) എന്നീ കടുത്ത ചാർജ്ജുകളാണ് പൊലീസ് അവിടെ ചുമത്തിയത്. തികച്ചും ജനാധിപത്യവിരുദ്ധമായ ഈ പൊലീസ് നടപടിയെ കേരള ഹൈക്കോടതി തിരുത്തിയത് കഴിഞ്ഞ വർഷമാണ്. അതേസമയം തന്നെ, ഇതേ പൊലീസ് വാളയാറിൽ രണ്ടു കുഞ്ഞുങ്ങളുടെ കൊലപാതകത്തിൽ എന്തു നടപടി സ്വീകരിച്ചു എന്നതു നമ്മൾ കണ്ടതാണ്. അലൻ-താഹ കേസ് അടക്കം അന്യായമായി യുഎപിഎ ചുമത്തുന്നത് കേരളം സാക്ഷ്യം വഹിച്ചതാണ്. ഈ വിഷയങ്ങളിലൊക്കെ നിർലജ്ജം പൊലീസിനെ നിരന്തരം ന്യായീകരിക്കുന്ന, വകുപ്പിന്റെ ചുമതലക്കാരൻ കൂടിയായ മുഖ്യമന്ത്രിയെ സംസ്ഥാനം കാണുകയാണ്. യുഎപിഎ (UAPA) വിഷയത്തിൽ അദ്ദേഹം തന്റെ പാർട്ടി ജനറൽ സെക്രട്ടറിയുടെ വാക്കുകൾ തള്ളി, പൊലീസ് ഭാഷ്യത്തിന് അംഗീകാരം കൊടുത്തില്ലേ? വരാപ്പുഴയിലെ ശ്രീജിത്തും, ഇടുക്കിയിലെ രാജ്കുമാറുമടക്കം എത്രയോ ജീവനുകൾ പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് കേരളത്തിലെ പൊലീസിന്റെ കൈകളിൽ പൊലിഞ്ഞു? എന്തു നടപടിയെടുത്തു? സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾ മാത്രം അടിസ്ഥാനമാക്കി, അതിനനുസരിച്ച് ജനങ്ങളെ ഭയപ്പെടുത്തി അടിച്ചമർത്താനും, പ്രതിഷേധങ്ങളെ മുളയിലേ നുള്ളാനുമുള്ള ശക്തിയാക്കി മാത്രം പൊലീസിനെ നിലനിർത്തുക എന്നതാണ് എൽഡിഎഫ് സർക്കാരിന്റെ പൊലീസ് നയം. ഇപ്രകാരം ജനാധിപത്യവിരുദ്ധതയുടെ മാത്രം ചരിത്രമുള്ള കേരള പോലീസിന്റെ കരങ്ങളിലേക്ക് പോലീസ് ആക്റ്റിന്റെ പുതിയ ഭേദഗതിയും കൂടി ലഭിച്ചാൽ സംസ്ഥാനത്തെ സാധാരണപൗരന്മാരെ കാത്തിരിക്കുന്നത് അതിഭീഷണമായ ഒരു സാഹചര്യമായിരിക്കുമെന്നതിൽ ഒരു സംശയവുമില്ല.

മാധ്യമസ്വാതന്ത്ര്യത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും ഹനിക്കുന്ന പുതിയ വകുപ്പ് ജനാധിപത്യവിരുദ്ധം

വ്യക്തമല്ലാത്ത നിയമങ്ങളുപയോഗിച്ച് ഇന്ത്യയിൽ വ്യാപകമായി മനുഷ്യാവകാശങ്ങൾ ഹനിക്കുന്നുവെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ സമിതി മേധാവി ഒക്‌ടോബർ 20ന് ചൂണ്ടിക്കാട്ടിയിരുന്നു. ബിജെപി, കോൺഗ്രസ്, തൃണമൂൽ, കേരളത്തിലെ സിപിഐ(എം) ആരുതന്നെ നയിക്കുന്ന സർക്കാരുകളാകട്ടെ ജനാധിപത്യധ്വംസനത്തിൽ പരസ്പരം മത്സരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. ജനാധിപത്യധ്വംസനത്തിന്റെ ഇതേ സമീപനം തന്നെയാണ് എൽഡിഎഫ് സർക്കാരിന്റെ പുതിയ ഓർഡിനൻസിലും പ്രതിഫലിക്കുന്നത്. സർക്കാരും സിപിഐ(എം)ഉം അടുത്തിടെയായി മാധ്യമങ്ങൾക്കെതിരേ എടുത്തുകൊണ്ടിരിക്കുന്ന സമീപനം കൂടി ഇതിനോട് ചേർത്തു കാണണം. മാധ്യമപ്രവർത്തകരെയും സാധാരണ പൗരന്മാരെയും ഭീഷണിപ്പെടുത്തി, വിയോജിപ്പിന്റെ ശബ്ദങ്ങളെ അമർച്ച ചെയ്യാൻ പുതിയ കരിനിയമം സർക്കാരിന്റെ കൈകളിൽ ബലമുള്ള ആയുധമായി മാറും. വ്യവസ്ഥാപിത മാധ്യമങ്ങൾ മാത്രമല്ല, സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവരും തങ്ങളുടെ താത്പര്യങ്ങൾക്കു വിധേയരായിരിക്കണം, തങ്ങൾക്കെതിരെ ശബ്ദിക്കാൻ ധൈര്യപ്പെടരുത് എന്ന് ഭരണകൂടവും മുതലാളിത്തവും ആഗ്രഹിക്കുന്നു. എസ്റ്റാബ്ലിഷ്‌മെന്റിനോട് താദാത്മ്യപ്പെട്ടു കഴിഞ്ഞ സിപിഐ(എം) മുതലാളിത്തത്തിന്റെ കാര്യക്ഷമതയുള്ള നടത്തിപ്പുകാരായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നതിന്റെ വ്യക്തമായ തെളിവുകളിലൊന്നാണ് പുതിയ ഓർഡിനൻസ്. രാജ്യമൊട്ടാകെയും ലോകമൊട്ടാകെയും ഇന്ന് സമാനമായ രീതിയിൽ ജനങ്ങളുടെ അടിസ്ഥാന ജനാധിപത്യ അവകാശങ്ങളും, അഭിപ്രായസ്വാതന്ത്ര്യവും, പ്രതിഷേധിക്കാനുള്ള അവകാശവും കവർന്നെടുക്കുവാനുള്ള പല തരത്തിലുള്ള ശ്രമങ്ങൾ നടക്കുകയാണ്. ജനങ്ങളെ സത്യം അറിയിക്കുകയും, ജനകീയപ്രശ്‌നങ്ങൾ ചർച്ചയാക്കുകയും ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ ഏതുവിധേനയും തടയുക എന്നതും എല്ലാ മുതലാളിത്ത ഭരണകൂടങ്ങളുടെയും മുഖമുദ്രയായിക്കഴിഞ്ഞിരിക്കുന്നു. യുഎസിലും, ചൈനയിലും, ഇന്ത്യയിലും ഒക്കെ ഇന്ന് വളരെ വ്യക്തമായി ഇത് ദൃശ്യമാണ്. യുപിയിൽ മാധ്യമപ്രവർത്തകർക്കെതിരേ യുഎപിഎ ചുമത്തി കേസെടുക്കുന്നതിലും, കേരളത്തിൽ അവരെ ഭീഷണിപ്പെടുത്തുന്നതിനു പിന്നിലും, ഒരേ ഭരണകൂടതാത്പര്യം തന്നെയാണ് ഒളിഞ്ഞിരിക്കുന്നത്. മാധ്യമങ്ങളോടും ജനാധിപത്യ അവകാശങ്ങളോടും സ്വീകരിക്കേണ്ടുന്ന ഇടതുപക്ഷ സമീപനമല്ല സർക്കാരിനെ നയിക്കുന്ന സിപിഐ(എം) അനുവർത്തിക്കുന്നത്. ഒരു യഥാർത്ഥ ഇടതുപക്ഷ സർക്കാർ, തങ്ങൾക്കു ലഭ്യമായ പരിമിതമായ അധികാരമുപയോഗിച്ചും ജനങ്ങൾക്കൊപ്പം, ജനകീയ സമരങ്ങൾക്കൊപ്പം, തൊഴിലാളിവർഗ്ഗ രാഷ്ട്രീയത്തിനൊപ്പം, നിലകൊള്ളണം. ജനാധിപത്യബോധം വളർത്താനും, ജനാധിപത്യ അവകാശങ്ങളും അഭിപ്രായസ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവും സംരക്ഷിക്കുവാനും അത്തരമൊരു സർക്കാർ നിലകൊള്ളണം. കേരളത്തിൽ ഭരണം കൈയാളുന്ന സിപിഐ(എം)നും സിപിഐക്കും എന്തെങ്കിലും ഇടതുപക്ഷമൂല്യങ്ങളോ ജനാധിപത്യബോധമോ അവശേഷിച്ചിട്ടു െങ്കിൽ, അതു തെളിയിക്കേണ്ട സമയമാണിത്. ഇടതുപക്ഷമേലങ്കിയണിഞ്ഞുകൊണ്ട് മൂലധനശക്തികൾക്കു പാദസേവ ചെയ്യുന്നത് അവസാനിപ്പിക്കണം. അതിനവർ തയ്യാറാകുന്നില്ലെങ്കിൽ, അത് ഈ രാജ്യത്തെ ഇടതുപക്ഷ മുന്നേറ്റത്തോടും, ജനാധിപത്യപ്രക്ഷോഭങ്ങളോടും, ജനങ്ങളോട് ആകെത്തന്നെയും ചെയ്യുന്ന മാപ്പർഹിക്കാത്ത അപരാധമായി നാളെ ചരിത്രം വിലയിരുത്തും.

Share this post

scroll to top