സിൽവർ ലൈന്‍ പദ്ധതിയുടെ പേരിൽ തയ്യാറാക്കിയത്അഴിമതി പദ്ധതി രേഖ; മറുപടി പറയേണ്ടത് ഇന്ത്യൻ റെയിൽവേ

K-Rail-Slug-2.jpg
Share

കെ റെയിൽ സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ നടന്നത് വമ്പൻ അഴിമതിക്കുള്ള തയ്യാറെടുപ്പുകൾ ആണ്. ലോകത്തിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ ഇന്ത്യൻ റെയിൽവേയെ ഘട്ടം ഘട്ടമായി സ്വകാര്യവൽക്കരിക്കുന്ന നടപടികളാണ് കേന്ദ്രസർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ വേഗപാതയുടെ പേരിൽ പുതിയ കമ്പനികൾ രൂപീകരിച്ചാണ് റെയിൽവേ പല പ്രവൃത്തികളും നടത്തിവരുന്നത്. ഇങ്ങനെയാണ് കേരളത്തിൽ കേന്ദ്ര- സംസ്ഥാന പങ്കാളിത്തത്തോടെ കെ റെയിൽ കമ്പനി രൂപീകരിക്കപ്പെടുന്നത്. വിവിധ ഇടങ്ങളിലെ മേൽപ്പാല നിർമ്മാണം ഉൾപ്പെടെ ഏറ്റെടുത്തതായി രേഖകളിൽ ഉണ്ടെങ്കിലും പ്രധാന ലക്ഷ്യമായ സിൽവർ ലൈനിലേക്ക് കടക്കുകയായിരുന്നു കമ്പനി ആദ്യം ചെയ്തത്. ഇതിനായി വേഗയാത്രയുടെ പേരുപറഞ്ഞ് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ തത്വത്തിലുള്ള അംഗീകാരം നേടിയെടുത്തു. ഒറ്റപ്പെട്ട് നിൽക്കുന്ന, കൊച്ചുവേളിയിൽ തുടങ്ങി നെല്ലിക്കുന്നിൽ അവസാനിക്കുന്ന, കേരളത്തിൽ മാത്രമുള്ള ഒരു പാതയായി സിൽവർ ലൈനിനെ അവതരിപ്പിച്ച് സംസ്ഥാനത്തിന്റെ ഏറ്റവും വലിയ വികസന പദ്ധതിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യയുടെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു ഉപഭോഗ സംസ്ഥാനം എന്ന നിലയിൽ മറ്റ് സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കാനാകാത്ത ഒരു റെയിൽപാത എവ്വിധത്തിൽ ആയാലും കേരളത്തിൽ നോക്കുകുത്തിയാകും എന്ന വസ്തുത മറച്ചുവെച്ചാണ് സർക്കാർ വികസനവായ്ത്താരിയുമായി മുന്നോട്ട് പോയത്.


യാതൊരു പഠനവും നടത്താതെ പദ്ധതി പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയ റെയിൽവേ ബോർഡ് രാജ്യത്ത് നിലവിലുള്ള റെയിൽവേ എൻജിനീയറിങ് കോഡിനെ തന്നെ അട്ടിമറിക്കുകയായിരുന്നു. ശക്തമായ സമ്മർദ്ദങ്ങൾക്കൊടുവിൽ ഗത്യന്തരമില്ലാതെ സംസ്ഥാന സർക്കാർ തന്നെ പുറത്തുവിട്ട വിശദപദ്ധതി രേഖ (ഡിപിആർ) ഈ അഴിമതികൾ തുറന്നുകാട്ടുന്നതാണ്. കള്ളക്കണക്കുകൾ നിരത്തി പദ്ധതിച്ചെലവ് വൻതോതിൽ കുറച്ചുകാട്ടിയും വരുമാനം പെരുപ്പിച്ചെഴുതിയും പടച്ചുണ്ടാക്കിയതാണ് പുറത്തുവന്ന ഡിപിആർ. ഇത്തരമൊരു ബൃഹദ് പദ്ധതിക്ക് അവശ്യം പൂർത്തിയാക്കേണ്ട ഭൂപ്രകൃതി സർവ്വേ (Topographical Survey), ഭൂഘടന പരമായസർവ്വേ (Geographical Survey), ഭൂ സ്വഭാവ സർവ്വേ (Geotechnical Survey), ജല ശാസ്ത്ര പരമായ സർവ്വേ (Hydrological Survey), സാമൂഹിക ആഘാത പഠനം (Social Impact Assessment), ഗതാഗത സർവ്വേ (Traffic Survey) എന്നിവയൊന്നും കൃത്യമായി പൂർത്തീകരിച്ചിട്ടില്ല. എന്നു മാത്രമല്ല പദ്ധതിയുടെ അലൈൻമെന്റ് തയ്യാറാക്കിയിരിക്കുന്നത് ഗൂഗിൾ എർത്ത് എന്ന ആപ്ലിക്കേഷന്റെ മാത്രം സഹായത്തോടെയാണ് എന്നത് അതീവ ഗൗരവതരമാണ്. കേരളം വർഷങ്ങൾക്കുമുമ്പ് തള്ളിക്കളഞ്ഞ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കുവേണ്ടി തയ്യാറാക്കിയ യാതൊരു അടിസ്ഥാനവുമില്ലാത്ത കണക്കുകളാണ് യാത്രക്കാരുടെ എണ്ണം സൂചിപ്പിക്കാൻ കെ റെയിൽ ഉപയോഗിച്ചിരിക്കുന്നത്.
ഇക്കാര്യങ്ങളെല്ലാം വസ്തുതാപരമായി ബോധ്യമുള്ള റെയിൽവേ ബോർഡ് തുടരുന്നതാകട്ടെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നടപടികളാണ്. കണക്കിലെ പിശകുകൾ എപ്പോൾ തിരുത്തും, പഠനങ്ങൾ ആര് നടത്തും എന്ന തരത്തിൽ ചോദ്യങ്ങൾ ഉയർത്തിയും റെയിൽവേ ഭൂമിയുമായി ബന്ധപ്പെട്ട കത്തിടപാട് നടത്തിയും നടപടികൾ വലിച്ചുനീട്ടുകയാണ്. നിലവിലെ റെയിൽവേയുടെ 3, 4 പാതകളുടെ പേരിൽ തത്വത്തിലുള്ള അംഗീകാരം നേടിയശേഷം, നിലവിലെ ബ്രോഡ്ഗേജിൽനിന്ന് വ്യത്യസ്തമായ സ്റ്റാന്റേർഡ് ഗേജ് സ്വീകരിച്ചതു മുതൽ കെ റെയിലിന്റെ എല്ലാ നടപടികളും റെയിൽവേ എഞ്ചിനീയറിംഗ് കോഡിന് വിരുദ്ധമാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി തത്ത്വത്തിലുള്ള അംഗീകാരം (In Principle Approval) പിൻവലിക്കാൻ എല്ലാ സാധ്യതകളും ഉണ്ടായിരിക്കെയാണ് റെയിൽവേ ബോർഡിന്റെ കള്ളക്കളി.


പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് ഫെഡറൽ തത്വങ്ങൾ എല്ലാം കാറ്റിൽപറത്തി ഇടപെടുന്ന കേന്ദ്ര ബിജെപി സർക്കാരിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നതാണ് കെ റെയിലിനോടുള്ള സമീപനം. സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ എന്ന പേരിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ രൂപീകരിച്ച കമ്പനിയാണ് കെ റെയിൽ. സിൽവർ ലൈൻ പദ്ധതിയിൽ കേന്ദ്രസർക്കാറിന്റെ വിഹിതം റെയിൽവേ ഭൂമിയാണ് എന്നും പദ്ധതി സംസ്ഥാന സർക്കാരിന്റേതാണ് എന്നും കേന്ദ്രം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിയുടെ പൊള്ളത്തരങ്ങളും അപ്രായോഗികതയും വിളിച്ചുപറഞ്ഞു അതിശക്തമായ ജനകീയ പ്രക്ഷോഭം കേരളത്തിൽ നടക്കുന്നതും ക്രൂരമായ പോലീസ് നടപടികളെ പോലും ചെറുത്ത് സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പെടെ തെരുവിലിറങ്ങി പദ്ധതി പ്രവർത്തനങ്ങ ളെയും സംസ്ഥാന സർക്കാരിന്റെ വെല്ലുവിളിയെയും നേരിട്ടതും ഏവർക്കും അറിവുള്ളതാണ്. പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ല എന്ന് കേരളത്തില്‍നിന്നുള്ള കേന്ദ്ര സഹമന്ത്രി ഉൾപ്പെടെ ബിജെപി നേതാക്കളെല്ലാം ഇടയ്ക്കിടെ പ്രസ്താവന ഇറക്കുകയും ചെയ്യുന്നുണ്ട്. അലൈൻമെന്റ് പ്രദേശത്ത് താമസിക്കുന്ന പതിനായിരക്കണക്കിന് കുടുംബങ്ങളും, കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരള ജനത ഒന്നാകെയും ദുരിതത്തിലായിരിക്കുമ്പോഴും ഈ പദ്ധതിക്കായി കേന്ദ്രത്തിൽ നടക്കുന്ന ഇടപെടലുകൾ ദുരൂഹത ഉയർത്തുന്നതാണ്. രാഷ്ട്രീയമായി ഇരുപക്ഷത്ത് നിൽക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കെ റെയിലിന്റെ കാര്യത്തിൽ എല്ലാം മറന്ന് മുന്നോട്ടുപോകാനുള്ള ശ്രമങ്ങൾ തുടരുന്നത് ഇതിനുപിന്നിലുള്ള അഴിമതിയുടെ വ്യാപ്തിയും സ്വാധീനവും വ്യക്തമാക്കുന്നതാണ്.
ആവശ്യമായ യാതൊരു പഠനവും നടത്താതെ വ്യാജമായി തയ്യാറാക്കിയ ഡിപിആർ തള്ളിക്കളയുന്നതിനുപകരം മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നത് എന്തിനെന്ന് റെയിൽവേ ബോർഡാണ് വ്യക്തമാക്കേണ്ടതെന്ന് മുൻ റെയിൽവേ ചീഫ് എൻജിനീയർ അലോക് കുമാര്‍ വർമ്മ അഭിപ്രായപ്പെട്ടു. സംസ്ഥാന കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിച്ച സെമിനാറിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. പദ്ധതി തള്ളിക്കളയുന്നതിന് റെയിൽവേ ബോർഡിൽ സമ്മർദ്ദം ചെലുത്താൻ കൂടുതൽ ശക്തമായ ജനകീയ പ്രക്ഷോഭമാണ് ആവശ്യം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതുജനങ്ങളെ ഉൾപ്പെടെ അണിനിരത്തി സമിതി നടത്തുന്ന പോരാട്ടത്തെ അഭിനന്ദിച്ച അദ്ദേഹം വിജയം വരെ ഒപ്പമുണ്ടാകും എന്ന് ഉറപ്പുനൽകി. ഈ സമരം കേവലം കെ റെയിൽ പദ്ധതിക്കെതിരായി മാത്രമല്ല, സാധാരണക്കാരന്റെ യാത്രാ മാർഗത്തെ തകർത്ത് അതിസമ്പന്നർക്കായി മാത്രം പദ്ധതികൾ ഒരുക്കുകയും റെയിൽവേയെ സ്വകാര്യവൽക്കരിക്കുകയും ചെയ്യുന്ന നീക്കങ്ങൾക്ക് എതിരാണ് എന്നും അദ്ദേഹം പറഞ്ഞു. സമിതി സംസ്ഥാന രക്ഷാധികാരി എം.ടി.തോമസ് മോഡറേറ്റർ ആയിരുന്നു. സംസ്ഥാന കമ്മിറ്റി അംഗവും പരിസ്ഥിതി പ്രവർത്തകനുമായ ചന്ദ്രാംഗദൻ മാടായി ക്രോഡീകരണം നടത്തി. സംസ്ഥാന ചെയർമാൻ എം .പി.ബാബുരാജ്, പരിസ്ഥിതി പ്രവർത്തകരായ ശ്രീധർ രാധാകൃഷ്ണൻ, സി.ജയരാമൻ, മുൻ എംഎൽഎ ജോസഫ് എം.പുതുശ്ശേരി, പ്രൊഫ.കുസുമം ജോസഫ്, ജനറൽ കൺവീനർ എസ്.രാജീവൻ, രക്ഷാധികാരി കെ.ശൈവപ്രസാദ്, ശരണ്യ രാജ്, നസീർ ന്യൂജല്ല തുടങ്ങിയവർ സംസാരിച്ചു.

Share this post

scroll to top