ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ വിമോചന പ്രസ്ഥാനമായ സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ(കമ്മ്യൂണിസ്റ്റ്) ഈ യുഗം ദർശിച്ച സമുന്നത മാർക്സിസ്റ്റ് ദാർശനികരിൽ ഒരാളായ സഖാവ് ശിബ്ദാസ് ഘോഷിന്റെ നേതൃത്വത്തിൽ രൂപംകൊണ്ടിട്ട് 2021 ഏപ്രിൽ 24ന് 73 വർഷം പൂർത്തിയാകുകയാണ്. ഇന്ത്യൻ മുതലാളിത്ത വ്യവസ്ഥ മരണാസന്നമായ ഘട്ടത്തിലെത്തിയതുമൂലം ജനങ്ങൾക്കുമേലുള്ള ചൂഷണവും അടിച്ചമർത്തലും അതീവ ഗുരതരമായിരിക്കുകയാണ്. ജീവിതപ്രശ്നങ്ങൾ രൂക്ഷമാക്കുന്ന സാമ്പത്തിക നയങ്ങളും അടിസ്ഥാന അവകാശങ്ങൾപോലും നിഷേധിക്കുന്ന രാഷ്ട്രീയ നിലപാടുകളും അവശേഷിക്കുന്ന നന്മകളെപ്പോലും കെടുത്തുന്ന സാംസ്കാരിക സമീപനങ്ങളും ഒരു ഫാസിസ്റ്റ് വാഴ്ചയിലേയ്ക്ക് രാജ്യത്തെ കൊണ്ടെത്തിക്കുകയാണ്. സമൂഹത്തിൽ അടിസ്ഥാനപരമായ പരിവർത്തനം സാദ്ധ്യമാക്കിയെടുത്തുകൊണ്ടേ രാജ്യത്തെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കാൻ കഴിയു. ജനങ്ങളുടെ രാഷ്ട്രീയ-ധാർമ്മിക നിലവാരമുയർത്തിയും അവരുടെ സമരങ്ങളും പ്രക്ഷോഭങ്ങളും വളർത്തിയെടുത്തും ഈ മഹത്തായ ചരിത്രദൗത്യം പൂർത്തീകരിക്കാനുള്ള നിരന്തര പരിശ്രമത്തിൽ മുഴുകിയിരിക്കുകയാണ് നമ്മുടെ പാർട്ടി. മഹാനായ തൊഴിലാളിവർഗ്ഗ ആചാര്യൻ സഖാവ് ശിബ്ദാസ് ഘോഷിന്റെ അമൂല്യമായ പാഠങ്ങൾ നമ്മുടെ പ്രയാണപഥത്തിൽ എപ്പോഴും വെളിച്ചംവിതറുന്നു. പാർട്ടി രൂപംകൊണ്ടിട്ട് 73 വർഷങ്ങൾ പിന്നിടുന്ന ഈ വേളയിൽ അദ്ദേഹം നൽകിയ മാർഗ്ഗനിർദ്ദേശങ്ങളും ആശയങ്ങളും ഉൾക്കൊള്ളാനും സ്വാംശീകരിക്കാനുമുള്ള സമരം ശക്തിപ്പെടുത്താൻ പാർട്ടി ആഹ്വാനം ചെയ്യുന്നു.
രാജ്യം, രാജ്യതാല്പര്യം എന്നൊക്കെ പൊതുവെ പറയുന്നവർ നമ്മുടെ സമൂഹം വർഗ്ഗവിഭജിതമാണെന്ന യാഥാർത്ഥ്യം മറച്ചുവയ്ക്കുകയാണെന്ന് സഖാവ് ഘോഷ് നിരീക്ഷിച്ചു. എല്ലാ സമ്പത്തും കൈയടക്കിവച്ചിരിക്കുന്ന, ഉല്പാദനത്തെയാകെ നിയന്ത്രിക്കുന്ന, അധികാരം കൈയാളുന്ന മുതലാളി വർഗ്ഗവും അതിന് വിധേയമായിരിക്കുന്ന, എല്ലാ സമ്പത്തും സൃഷ്ടിക്കുന്ന, എന്നാൽ എല്ലാ നേട്ടങ്ങളും നിഷേധിക്കപ്പെടുന്ന തൊഴിലാളിവർഗ്ഗവും എന്ന നിലയിലാണ് സമൂഹം വിഭജിതമായിരിക്കുന്നത്. ഈ രണ്ട് വിഭാഗങ്ങളുടെയും താല്പര്യം പരസ്പര വിരുദ്ധമാണെന്നിരിക്കെ, രാജ്യതാല്പര്യം എന്ന് പറയുമ്പോൾ, ഇതിൽ ഏത് വിഭാഗത്തിന്റെ താല്പര്യമാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കേണ്ടതുണ്ട്. ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ താല്പര്യത്തെയാണ് അധികാരിവർഗ്ഗം ഉയർത്തിപ്പിടിക്കുന്നതെങ്കിൽ കരിനിയമങ്ങളിലൂടെ അവരുടെ അവകാശങ്ങളെല്ലാം കവർന്നെടുക്കേണ്ടതില്ല, ഗവൺമെന്റിന്റെ ചെയ്തികളെ വിമർശിക്കുന്നവരെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തേണ്ടതില്ല, ദാരിദ്ര്യവും തൊഴിലില്ലായ്മയും പെരുക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തേണ്ടതില്ല, അറിവും സംസ്കാരവും നിഷേധിച്ച് ജനങ്ങളെ അന്ധകാരത്തിൽ തളച്ചിടേണ്ടതുമില്ല. ഭരണവർഗ്ഗം പ്രതിനിധാനം ചെയ്യുന്നത് ഒരുപിടിവരുന്ന അതിസമ്പന്നരെയാണ് എന്ന് വ്യക്തം. അധികാരികൾ അവരുടെ ദാസ്യവേല ചെയ്യുന്നതുകൊണ്ടാണ് അവരുടെ സമ്പത്ത് കുമിഞ്ഞുകൂടുന്നത്.
നമ്മുടെ രാജ്യത്ത് ബിജെപി, കോൺഗ്രസ് പോലുള്ള മുതലാളിവർഗ്ഗ പാർട്ടികൾ മാത്രമല്ല, ഇടതെന്ന് അവകാശപ്പെടുന്ന സിപിഐ(എം), സിപിഐ പാർട്ടികളും വർഗ്ഗവിവക്ഷ കൂടാതെ രാജ്യതാല്പര്യമെന്ന് ഉരുവിട്ടുകൊണ്ട് ജനങ്ങളെ വഞ്ചിക്കുന്നു എന്നത് ഏറെ ഖേദകരമാണ്. ജനങ്ങളെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്താൽ പ്രചോദിപ്പിച്ച്, ഒരു അജയ്യ സമരശക്തിയാക്കി മാറ്റിയെടുക്കേണ്ടത് ഇന്ന് അടിയന്തര പ്രാധാന്യമർഹിക്കുന്നു. നാടിനുവേണ്ടി മുൻകാലങ്ങളിൽ നടന്ന ധീരോദാത്തമായ പോരാട്ടങ്ങൾ ഈ കർത്തവ്യ നിർവ്വഹണത്തിൽ നമുക്ക് കരുത്ത് പകരുമെന്നും സഖാവ് ശിബ്ദാസ് ഘോഷ് ഓർമ്മിപ്പിക്കുന്നു.