2023 നവംബറില്‍ അഞ്ചുസംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയുണ്ടായി. ഇതില്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്ഗഢ് എന്നിവിടങ്ങളില്‍ ബിജെപി വിജയിച്ചു. തെലങ്കാനയില്‍ കോണ്‍ഗ്രസും മിസോറാമില്‍ പ്രാദേശിക പാര്‍ട്ടിയായ മിസോറാം പീപ്പിള്‍സ് ഫ്രണ്ടും അധികാരത്തില്‍വന്നു. ജനകീയ വിഷയങ്ങളൊന്നുംതന്നെ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായില്ല. മറിച്ച് ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ടുനേടാന്‍വേണ്ടി ഹിന്ദുത്വ അജണ്ടയുമായാണ് ബിജെപി തിരഞ്ഞെടുപ്പിന് ഇറങ്ങിയത്. കോണ്‍ഗ്രസ് ആകട്ടെ, ഇതേ അജണ്ട ഉപയോഗിച്ചാണ് ബിജെപിയെ പ്രതിരോധിക്കാന്‍ ശ്രമിച്ചത്.
ജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന അസംതൃപ്തിക്കിടയിലും ബിജെപി വലിയ നേട്ടമുണ്ടാക്കി എന്നത് കാണാതിരുന്നുകൂടാ. എന്നാൽ ഇത് വിശകലനം ചെയ്യുമ്പോഴും ബൂർഷ്വാ മാധ്യമങ്ങൾ ഹിന്ദുത്വവും ജാതിതിരിച്ചുള്ള കണക്കുകളുംതന്നെയാണ് അവലംബമാക്കിയത്. വമ്പൻ മുതലാളിത്ത കുത്തകകളുടെ വിശ്വസ്തരായ പാർട്ടികൾ ജനങ്ങളെ കബളിപ്പിക്കുന്നതിൽ വീണ്ടും വിജയിച്ചിരിക്കുന്നു എന്നതാണ് വാസ്തവം. അവരുടെ ജീവിതത്തെ ബാധിക്കുന്ന കാതലായ പ്രശ്നങ്ങളൊക്കെ ഈ തിരഞ്ഞെടുപ്പിൽ അവഗണിക്കപ്പെട്ടു. അസഹനീയമായ വിലക്കയറ്റം, തൊഴിലില്ലായ്മ, തൊഴിൽനഷ്ടം, കർഷകർക്ക് വിളകൾക്ക് മതിയായ വില ലഭിക്കാത്തത്, വിദ്യാഭ്യാസത്തിന്റെ വാണിജ്യവത്ക്കരണവും വർഗ്ഗീയവത്ക്കരണവും, അടിസ്ഥാന ആരോഗ്യസംവിധാനങ്ങൾപോലുമില്ലാത്തത്, വർദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വം, സാമൂഹ്യജീവിതത്തിന്റെ സമസ്തമേഖലകളെയും കാർന്നുതിന്നുന്ന അഴിമതി, സ്ത്രീകൾക്കുനേരെ നടക്കുന്ന അതിക്രമങ്ങൾ, ന്യൂനപക്ഷങ്ങൾക്കും മറ്റ് അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾക്കുംനേരെ നടക്കുന്ന ആക്രമണങ്ങൾ, ഞെട്ടിപ്പിക്കുന്ന സാംസ്കാരിക- സദാചാരത്തകർച്ച തുടങ്ങി ജനജീവിതത്തെ സംബന്ധിച്ച സുപ്രധാനമായ ഒട്ടേറെ വിഷയങ്ങൾ, ഒരു തിരഞ്ഞെടുപ്പില്‍ നിർബന്ധമായും പരിഗണിക്കപ്പെടേണ്ട വിഷയങ്ങൾ എല്ലാംതന്നെ മറച്ചുവച്ച് സൗജന്യങ്ങളും വാഗ്ദാനങ്ങളും നൽകി ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. ബിജെപിക്കും കോൺഗ്രസ്സിനുമിടയിലുള്ള ഒരുതരം ലേലം വിളിയായിരുന്നു ഈ തിരഞ്ഞെടുപ്പ്. ആർക്ക് കൂടുതൽ സൗജന്യങ്ങൾ നൽകി ജനങ്ങളെ പറ്റിക്കാം എന്ന മത്സരം. ഈ സൗജന്യങ്ങളെല്ലാംതന്നെ തിരിച്ച് പ്രത്യക്ഷമായും പരോക്ഷമായുമുള്ള നികുതികളായി വരുമെന്ന കാര്യം ജനങ്ങൾക്ക് അറിയില്ല. ശരിയായ ഒരു പ്രതിപക്ഷത്തിന്റെ അഭാവത്തിൽ കോൺഗ്രസ്സും ബിജെപിയുമല്ലാതെ ജനങ്ങൾക്കുമുമ്പിൽ മറ്റുവഴികളുമുണ്ടായിരുന്നില്ല.
നമ്മുടെ നാട്ടിൽ തിരഞ്ഞെടുപ്പുകൾ സ്വതന്ത്രവും നീതിപൂർവകവുമല്ലാതായിട്ട് കാലങ്ങളായിരിക്കുന്നു. പണം, കൈയൂക്ക്, മാധ്യമങ്ങൾ, ഭരണസംവിധാനം എന്നിവചേർന്ന് എല്ലാതലത്തിലും യഥാർത്ഥ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്നു. കുത്തകകൾ നിയന്ത്രിക്കുന്ന മാധ്യമങ്ങൾ തുടക്കത്തിൽത്തന്നെ തിരഞ്ഞെടുപ്പ് വാർത്തകളെ നിയന്ത്രിക്കുന്നു. മുതലാളിത്ത പാർട്ടികൾമാത്രം ജനങ്ങൾക്കുമുമ്പിൽ അവതരിപ്പിക്കപ്പെടുന്നു. പണം ഉപയോഗിച്ച് വോട്ടുകൾ മൊത്തമായി വിലയ്ക്കുവാങ്ങുന്നു. അതുകഴിയാത്തിടത്ത് ക്രിമിനലുകളെയും ഉദ്യോഗസ്ഥ സംവിധാനങ്ങളെയും ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു. ഇങ്ങനെ ജനഹിതം ഒട്ടും പ്രകടിപ്പിക്കാൻ അവസരം ഇല്ലാത്ത തിരഞ്ഞെടുപ്പുകളാണ് നടക്കുന്നത്. ബൂർഷ്വാ താൽപര്യം പേറുന്ന രണ്ട് പ്രധാന പാർട്ടികളെ മാത്രമാണ് മാധ്യമങ്ങൾ ഉയർത്തിക്കാണിക്കുക. വേറെ ആരൊക്കെ തിരഞ്ഞെടുപ്പിൽ ഉണ്ടെന്നോ അവരുടെ കാഴ്ചപ്പാടുകൾ എന്തെന്നോ അറിയാനുള്ള അവസരം ജനങ്ങൾക്കു ലഭിക്കുന്നില്ല. നിഷ്‌പക്ഷമായി വിഷയങ്ങളെ വിശകലനംചെയ്ത് വോട്ടുചെയ്യാൻ ജനങ്ങളെ അനുവദിക്കുന്നില്ല. ഇതുകൂടാതെയാണ് ബൂത്ത് പിടിച്ചെടുക്കലും കള്ളവോട്ടും മറ്റ് അട്ടിമറികളും. ഇങ്ങനെയാണോ ഒരു ജനാധിപത്യസംവിധാനത്തിൽ തിരഞ്ഞെടുപ്പുകൾ നടക്കേണ്ടത്?
ബിജെപിയും പത്തുവർഷത്തെ സ്വേച്ഛാധിപത്യഭരണവും
പത്തുവർഷത്തെ ബിജെപി ഭരണം ജനജീവിതം നരകതുല്യമാക്കിയിരിക്കുന്ന അവസ്ഥയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മുതലാളിത്തം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ മുമ്പുമുണ്ടായിരുന്നു. ബിജെപി ഭരണത്തിൽ അവ രൂക്ഷമായി. ഇതിൽനിന്ന് പുറത്തുകടക്കണമെന്ന് ജനങ്ങൾക്ക് ആഗ്രഹമുണ്ട്. ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ ഭരണത്തിനെതിരെ രാജ്യത്ത് പലയിടത്തും ചെറുതും വലുതുമായ ജനകീയ പ്രക്ഷോഭണങ്ങൾ വളർന്നുവരികയുണ്ടായി. വിലക്കയറ്റത്തിനെതിരെ, ഇന്ധനവിലവർദ്ധനവിനെതിരെ, എൻആർസി, സിഎഎ, എൻപിഎ എന്നിങ്ങനെയുള്ള കരിനിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെതിരെ, ജനാധിപത്യത്തെത്തന്നെ വളരെ ആസൂത്രിതമായി ഇല്ലാതെയാക്കുന്ന നടപടികൾക്കെതിരെയെല്ലാം ജനങ്ങൾ തെരുവിലിറങ്ങുകയുണ്ടായി. എന്നാൽ കോവിഡ് മഹാവ്യാധിയും അതിനോടനുബന്ധിച്ച് നടപ്പിലാക്കിയ സമ്പൂർണ ലോക്ഡൗണും ജനങ്ങളെ പുറത്തിറങ്ങാൻ അനുവദിച്ചില്ല. ജനകീയ പ്രക്ഷോഭങ്ങളെ ഇത് പ്രതികൂലമായി ബാധിച്ചു. ഈ സാഹചര്യം ഗവൺമെന്റ് മുതലെടുക്കുകയും ചെയ്തു. കൂടുതൽ ജനവിരുദ്ധമായ പലനിയമങ്ങളും ഇക്കാലത്ത് നടപ്പിലാക്കി. ദേശീയ വിദ്യാഭ്യാസനയം 2020, ലേബർകോഡുകൾ, വൈദ്യുതി ബിൽ 2022, കാർഷിക നിയമങ്ങൾഎന്നിവയെല്ലാം ഇക്കാലത്താണ് അവർ ദ്രുതഗതിയിൽ പാസ്സാക്കിയെടുത്തത്. ഇതൊക്കെ ബിജെപി ഭരണത്തിനെതിരെ ശക്തമായ ജനവികാരം ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഇന്ത്യൻ മുതലാളിത്തത്തിന്റെ വിശ്വസ്ത പാർട്ടി എന്ന നിലയിൽ ബിജെപി അധികാരത്തിൽ തിരിച്ചുവരേണ്ടത് മുതലാളിവർഗ്ഗത്തിന്റെ ആവശ്യമായിരുന്നു. ജനങ്ങൾക്കിടയിൽ വെറുപ്പ് വിതച്ച്, വർഗ്ഗീയ വികാരങ്ങൾ ഇളക്കിവിട്ട് ഹിന്ദു വോട്ടുബാങ്ക് ഏകീകരിക്കാനും അതുവഴി ബിജെപിയുടെ വിജയം ഉറപ്പാക്കാനും അവർക്ക് സാധിച്ചു. ഈ വർഗ്ഗീയ രാഷ്ട്രീയത്തെ ഫലപ്രദമായി ചെറുക്കാൻ ആരുമുണ്ടായിരുന്നില്ല.
കടുത്ത ഹിന്ദുത്വവും മൃദുഹിന്ദുത്വവും
അധികാരത്തിലേറാനും അത് നിലനിർത്താനും രാംമന്ദിർ വിഷയം ഉയർത്തിക്കാട്ടി ഹിന്ദുവികാരം ഇളക്കിവിടുന്നതും ന്യൂനപക്ഷങ്ങൾക്കെതിരായി വെറുപ്പ് വളർത്തിയെടുക്കുന്നതും കാലങ്ങളായി ബിജെപി അനുവർത്തിച്ചുവരുന്ന തന്ത്രമാണ്. പാർലമെന്റ് തിരഞ്ഞെടുപ്പ് അടുക്കുംതോറും ഇത് വർദ്ധിച്ചുവരുന്നതും കാണാം. എന്നാൽ കോൺഗ്രസ് ഇതിനെ നേരിടുന്നത് യഥാർത്ഥ ഹിന്ദുത്വം തങ്ങളുടേതാണ് എന്ന മുദ്രാവാക്യം ഉയർത്തിയാണ്. അടച്ചിട്ടിരുന്ന ബാബറി മസ്ജിദ് രാമപൂജയ്ക്കായി തുറന്നുകൊടുത്തത് രാജീവ് ഗാന്ധിയാണ് എന്നവർ അഭിമാനത്തോടെ മധ്യപ്രദേശിൽ പ്രചരിപ്പിച്ചു. ഇത്രയുംകാലം ഈ വിഷയം ചർച്ച ചെയ്യാതെ കോൺഗ്രസ് ഒഴിഞ്ഞുമാറുകയായിരുന്നു. ബിജെപിയും മോദിയും അമ്പലങ്ങൾ കയറിയിറങ്ങുമ്പോൾ, രാഹുൽ ഗാന്ധിയടക്കമുള്ള കോൺഗ്രസ് നേതാക്കളും അതുതന്നെ ചെയ്തു. കമൽനാഥ് സന്യാസിമാരുടെ റാലികൾ സംഘടിപ്പിച്ചു. ഹിന്ദുവികാരം അനുകൂലമാക്കാൻ ഹിന്ദുനേതാക്കളെ കൂട്ടുപിടിച്ചു. ആരാണ് യഥാർത്ഥ ഹിന്ദു എന്ന കാര്യത്തിൽ കോൺഗ്രസും ബിജെപിയും മത്സരിക്കുകയായിരുന്നു. കോൺഗ്രസിന്റെയും ബിജെപിയുടെയും റാലികൾ തിരിച്ചറിയാൻ പ്രയാസമായി. വാക്കിലോ പ്രവൃത്തിയിലോ ഒരു വ്യത്യാസവും ഉണ്ടായിരുന്നില്ല. എന്നാൽ കോൺഗ്രസ് വർഗ്ഗീയ രാഷ്ട്രീയം കളിക്കുമ്പോൾ അതിൽനിന്ന് കൂടുതൽ നേട്ടമുണ്ടാക്കിയത് ബിജെപിയാണ്.
കോൺഗ്രസിന്റെ വഞ്ചന
ബാബ്റി മസ്ജിദ് തകർത്തതുമുതലാക്കി ബിജെപി ഇന്ത്യൻ രാഷ്ട്രീയത്തിൽ പിടിമുറുക്കുന്നതിനുമുമ്പ് ഇന്ത്യൻ മുതലാളിത്തത്തിന്റെ വിശ്വസ്ത പാർട്ടി കോൺഗ്രസ് ആയിരുന്നു. മതേതരമെന്ന് ഭാവിക്കുമ്പോഴും വിവിധ മതവിഭാഗങ്ങളെ പ്രീണിപ്പിച്ച് അവർ വോട്ടുബാങ്കുകൾ സൃഷ്ടിച്ചിരുന്നു. എല്ലാമതങ്ങളെയും പ്രോത്സാഹിപ്പിക്കുന്നത് മതേതരത്വമല്ല. അങ്ങനെയൊരു രാഷ്ട്രത്തെ വേണമങ്കിൽ ബഹുമത രാഷ്ട്രമെന്ന്പറയാം. കോൺഗ്രസ് ഭരണകാലത്ത് രാജ്യത്തിന്റെ പലഭാഗങ്ങളിലും വർഗ്ഗീയ കലാപങ്ങൾ നടന്നിരുന്നു. മതന്യൂനപക്ഷങ്ങൾ വലിയ അതിക്രമങ്ങൾക്കിരയായി. ഭഗൽപൂർ കലാപം, ആസാമിലെ നെല്ലിയിൽ നടന്ന വംശഹത്യ, 1984ലെ സിഖ് വിരുദ്ധ കലാപം എന്നിവ അവയിൽ ചിലതുമാത്രമാണ്. ബാബ്റി മസ്ജിദ് തകർത്തതിനെത്തുടർന്ന് വർഗ്ഗീയ കലാപങ്ങൾ നടക്കുമ്പോൾ അധികാരത്തിലിരുന്നത് കോൺഗ്രസ് ആണ്. ഭൂരിപക്ഷ, ന്യൂനപക്ഷ വിഭാഗങ്ങളെ തരംപോലെ പ്രീണിപ്പിച്ച് അവർ രാഷ്ട്രീയനേട്ടം ഉണ്ടാക്കിക്കൊണ്ടിരുന്നു.
ജനാധിപത്യ ധ്വംസനത്തിന്റെ കാര്യത്തിലും കോൺഗ്രസ് ഒട്ടും പുറകിലായിരുന്നില്ല. അടിയന്തരാവസ്ഥയുടെ കറുത്ത നാളുകൾ ആർക്ക് മറക്കാൻ സാധിക്കും? ജനാധിപത്യസമരങ്ങളെല്ലാം അധികാരത്തിന്റെ ഉരുക്ക് മുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തപ്പെട്ടു. അഭിപ്രായസ്വാതന്ത്ര്യംപോലും നിഷേധിക്കപ്പെട്ടു. എസ്‌മ, മിസാ, എൻഎസ്എ, യുഎപിഎ, അഫ്‌സ്‌പ തുടങ്ങിയ കരിനിയമങ്ങളൊക്കെ കോൺഗ്രസ് കൊണ്ടുവന്നതാണ്. ഇപ്പോഴിതാ ഹിന്ദുത്വ വേഷം കെട്ടാനും തയ്യാറായിരിക്കുന്നു. മതേതരത്വത്തിന്റെ കണികയെങ്കിലും ഇവരിലുണ്ടോ? മതേതരത്വമെന്നാൽ കേവലം മതസഹിഷ്ണുതയല്ല. രാജ്യവ്യവഹാരങ്ങളിൽനിന്നും മതത്തെ അകറ്റിനിർത്തലാണ്. ബിജെപിയുടെ വർഗ്ഗീയ തന്ത്രങ്ങൾ അതേപോലെ പയറ്റിയാണോ വർഗ്ഗീയതയെ പരാജയപ്പെടുത്തേണ്ടത്. ഇവരുടെ ചെയ്തികൾ ബിജെപിയുടെ വർഗ്ഗീയ രാഷ്ട്രീയത്തിന് കൂടുതൽ സ്വീകാര്യത നൽകുകയല്ലേ ചെയ്യുന്നത് ?
കോൺഗ്രസിന് മതേതരപട്ടം ചാർത്തിക്കൊടുക്കുന്ന സിപിഐയും സിപിഐ(എം)ഉം
1970കാലത്ത് സിപിഐ(എം) കോൺഗ്രസിനെ വിശേഷിപ്പിച്ചത് സെമിഫാസിസ്റ്റുകൾ എന്നായിരുന്നു. ഇതേ കോൺഗ്രസിനെയാണ് അവരിപ്പോൾ മതേതരമെന്ന് വിശേഷിപ്പിക്കുന്നത്. അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ കോൺഗ്രസും പ്രാദേശിക പാർട്ടികളും ചേർന്ന് ഇന്ത്യ എന്ന ഒരു സഖ്യത്തിന് രൂപംനൽകിയിരിക്കുന്നു. സിപിഐ(എം)ഉം കൂട്ടാളികളും ഈ സഖ്യത്തിൽ ചേർന്നിട്ടുണ്ട്. എവ്വിധവും പാർലമെന്റിൽ കുറച്ചു സീറ്റുകൾ നേടുകയാണ് അവരുടെ ലക്ഷ്യം. വർഷങ്ങളായി ഭരിച്ചിരുന്ന കേരളത്തിലും ബംഗാളിലും അവർക്ക് പാർലമെന്റ് സീറ്റുകൾ മുഴുവനായി നഷ്ടപ്പെട്ടപ്പോൾ, അൽപമെങ്കിലും ആശ്വാസമായത് ഡിഎംകെയുടെ സഹായത്തോടെ തമിഴ് നാട്ടിൽ രണ്ടു സീറ്റുലഭിച്ചതാണ്. ഈ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അവർക്ക് സീറ്റ് നൽകാൻ കോൺഗ്രസ് തയ്യാറായില്ല. എന്നാലും എപ്പോഴെങ്കിലും എന്തെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിൽ കോൺഗ്രസിന്റെ പിന്നാലെ കൂടിയിരിക്കുകയാണ് അവർ. പാർലമെന്റിൽ സീറ്റുലഭിച്ചാലേ നിലനിൽപ്പുള്ളൂ എന്നാണ് മാർക്സിസ്റ്റുകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇക്കൂട്ടർ ധരിച്ചിരിക്കുന്നത്. ലാഭംകൊയ്യുന്നത് അധികാരമോഹികളാണ്. നഷ്ടം ജനങ്ങൾക്കും.
‘ഇന്ത്യ’സഖ്യം ബിജെപിയെ ചെറുക്കുമോ?
കോൺഗ്രസ് ഈ തിരഞ്ഞെടുപ്പിൽ സിപിഐ(എം)നെന്നല്ല, സഖ്യകക്ഷികൾക്കൊന്നും സീറ്റ് നൽകാൻ തയ്യാറായില്ല. തെലങ്കാനയിൽ സിപിഐയ്ക്ക് ഒരു സീറ്റ് നൽകിയതാണ് അപവാദം. മാത്രമല്ല, കോൺഗ്രസുമായി കേരളത്തിൽ സിപിഐ(എം)ന് ഒന്നിക്കാനാകില്ല. ബംഗാളിൽ സിപിഐ(എം)ഉം റ്റിഎംസിയും പരസ്പരം എതിർക്കുകയാണ്. പലതവണ യോഗം ചേർന്നെങ്കിലും സമവായത്തിലെത്താൻ ഇന്ത്യാസഖ്യത്തിന് കഴിഞ്ഞിട്ടില്ല. ഇതുചൂണ്ടിക്കാട്ടിയാണ് തങ്ങളില്ലാതെ ഒരു സ്ഥിരഭരണം ഇവിടെ സാധ്യമല്ലെന്ന് ബിജെപി വാദിക്കുന്നത്. വിദ്യാസമ്പന്നരെപ്പോലും ഈ പ്രചാരണം സ്വാധീനിക്കുന്നുണ്ട്.
സർക്കാർ മാറുന്നതിലൂടെ മാത്രം ജനങ്ങളുടെ മോചനം സാധ്യമാകില്ല
ജനങ്ങൾക്കുമേലുള്ള ചൂഷണത്തിനും അടിച്ചമർത്തലിനും അന്ത്യംകുറിക്കാൻ ഇത്തരം തട്ടിക്കൂട്ട് സഖ്യങ്ങൾക്ക് കഴിയുമോ? അവരുടെ നയങ്ങൾ ബിജെപിയിൽനിന്നും വ്യത്യസ്തമായിരിക്കുമോ? എല്ലാസഖ്യങ്ങളും ഇന്ത്യയിലെ മുതലാളിവർഗ്ഗത്തെ സേവിക്കാൻ പ്രതിജ്ഞാബദ്ധരായിരിക്കു ന്നിടത്തോളം നയങ്ങൾ തമ്മിൽ കാതലായ വ്യത്യാസമൊന്നും ഉണ്ടാകില്ല. അപ്പോൾ ബിജെപിയെ ചെറുക്കാനുള്ള വഴിയെന്താണ്? ജനകീയ സമരങ്ങളിൽനിന്നും വർഗ്ഗബഹുജനപ്രക്ഷോഭണങ്ങളിൽനിന്നും ഊർജ്ജം ഉൾക്കൊണ്ടുകൊണ്ട് വളർന്നുവരുന്ന ഒരു ഇടതുപക്ഷ സമരമുന്നണിക്കുമാത്രമേ ബിജെപിക്ക് തടയിടാൻ സാധിക്കുകയുള്ളൂ. അതൊരു തിരഞ്ഞെടുപ്പ് മുന്നണിയല്ല. അതിന്റെ കരുത്ത് എംപിമാരുടെയോ എംഎൽഎമാരുടെയോ എണ്ണത്തിലുമല്ല. മറിച്ച്, ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തുന്ന സമരക്കമ്മറ്റികളിൽ ആയിരിക്കും. ബിജെപിയുടെയും, കോൺഗ്രസ് ഉൾപ്പെടെയുള്ള മറ്റ് പാർട്ടികളുടെയും ഫാസിസ്റ്റ് സ്വേച്ഛാധിപത്യ ഭരണത്തെ രാഷ്ട്രീയമായി പരാജയപ്പെടുത്താൻ അത്തരമൊരു യഥാർത്ഥ ഇടതുപക്ഷ സമരരാഷ്ട്രീയത്തിന് മാത്രമേ സാധിക്കൂ. സമരത്തിന്റെ ഭാഗമായി ഇത്തരമൊരു സഖ്യത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാം. എന്നാൽ തിരഞ്ഞെടുപ്പ് നേട്ടം മാത്രം ലക്ഷ്യമാക്കുന്ന സഖ്യമാകരുത് അത്. ബിജെപിയെ അധികാരത്തിൽനിന്ന് മാറ്റുന്നതുകൊണ്ടുമാത്രം രാജ്യമാകെ പടർന്നിരിക്കുന്ന ജാതീയതയുടെയും വർഗ്ഗീയതയുടെയും വിഷം ഇല്ലാതാകുന്നില്ല. ജനങ്ങളെ ഈ വിപത്തിൽനിന്ന് മോചിപ്പിച്ചെടുക്കാനുള്ള സുദീർഘമായ ഒരു പ്രത്യയശാസ്ത്ര സമരം അതിന് ആവശ്യമാണ്. ജനങ്ങളെ വിഭജിക്കുന്ന എല്ലാ സങ്കുചിതത്വങ്ങളും ചൂഷണവ്യവസ്ഥയെ ചെറുക്കാൻവേണ്ടി ഒന്നിക്കുന്നതിൽനിന്ന് ജനങ്ങളെ തടയാൻ മുതലാളിത്തം സൃഷ്ടിക്കുന്നതാണ്. ബഹുജനസമരങ്ങളിലൂടെ ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തിയാൽ മാത്രമേ ബിജെപി പടർത്തുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിന് തടയിടാൻ കഴിയൂ.
ഇത്തരമൊരു വിശാല ഇടതുപക്ഷ ഐക്യത്തിനുവേണ്ടി നമ്മുടെ പാർട്ടി വർഷങ്ങളായി ശ്രമിച്ചുവരികയാണ്. നിരവധി തവണ ഇക്കാര്യം സിപിഐ, സിപിഐ(എം) നേതാക്കളെ അറിയിച്ചു. തിരഞ്ഞെടുപ്പ് നേട്ടം ലാക്കാക്കി മുതലാളിത്ത പാർട്ടികളുമായി ഉണ്ടാക്കുന്ന സഖ്യത്തിനുപകരം, യഥാർത്ഥ ഇടതുപക്ഷ ലൈനിൽ ജനങ്ങളുടെ സമരൈക്യം കെട്ടിപ്പടുക്കാൻ നാം പലതവണ അഭ്യർത്ഥിച്ചു. എന്നാൽ അവർ പ്രതികരിച്ചില്ല.
2014ൽ ബിജെപി അധികാരത്തിൽവന്നയുടനെ സിപിഐ, സിപിഐ(എം), ആർഎസ് പി, ഫോർവേഡ് ബ്ലോക്, സിപിഐ(എംഎൽ) എന്നിവരോട് ചേർന്ന് ഒരു ഇടതുപക്ഷ ഐക്യത്തിന് രൂപം കൊടുത്തിരുന്നു. തുടക്കത്തിൽ അവർ താൽപര്യം കാണിക്കുകയും സംയുക്തമായി ചില സമരപരിപാടികൾ നടത്തുകയും ചെയ്തു. എന്നാൽ, രണ്ടുവർഷത്തിനകം ബംഗാൾ തിരഞ്ഞെടുപ്പ് വന്നപ്പോൾ അവർ ഈ സഖ്യത്തിൽനിന്ന് ഏകപക്ഷീയമായി പിൻമാറി കോൺഗ്രസുമായി സഖ്യമുണ്ടാക്കി. ആ ഇടതു സമരമുന്നണി തുടർന്ന് പോയിരുന്നുവെങ്കിൽ ബിജെപിക്കെതിരെ ശക്തമായ ഒരു യഥാർത്ഥ പ്രതിപക്ഷമായി പ്രവർത്തിക്കാനും അവരെ തുറന്നു കാണിക്കാനും സാധിച്ചേനെ. അത്തരമൊരു സഖ്യത്തിന് തയ്യാറാകണമെന്ന് ഇടതുസംഘടനകളോട് നാം വീണ്ടും അഭ്യർത്ഥിക്കുകയാണ്.
സഖാവ് ലെനിന്റെ പാഠം ഇവിടെ പ്രസക്തമാണ്. “ഏതാനും വർഷങ്ങൾകൂടുമ്പോൾ നടക്കുന്ന ബൂർഷ്വാതിരഞ്ഞെടുപ്പ്, ബൂർഷ്വാസിയിലെതന്നെ ഏതുവിഭാഗമാണ് ജനങ്ങളെ അടിച്ചമർത്തേണ്ടത് എന്ന് തീരുമാനിക്കാനുള്ളതാണ്. ബൂർഷ്വാ ഭരണഘടനയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന രാജഭരണത്തിൽ മാത്രമല്ല, അവരുടെ ഏറ്റവും ജനാധിപത്യപരമായ റിപ്പബ്ലിക്കുകളിൽപ്പോലും ഇതുതന്നെയാണ് നടക്കുന്നത്.” എന്ന് അദ്ദേഹം പഠിപ്പിച്ചു. (ഭരണകൂടവും വിപ്ലവവും) 1952മുതൽ നമ്മുടെ നാട്ടിൽ നടക്കുന്നത് ഇതുതന്നെയാണ്. കോൺഗ്രസും ബിജെപിയും പ്രാദേശിക പാർട്ടി സഖ്യങ്ങളും ഇവിടെ മാറിമാറി അധികാരത്തിൽവന്നിട്ടുണ്ട്. പക്ഷെ ജനങ്ങളുടെ ദുരിതത്തിന് ഒരു അറുതിയുമുണ്ടായിട്ടില്ല. പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും ദിനംപ്രതി കൂടിവന്നിട്ടേയുള്ളൂ. മുതലാളിത്ത സംവിധാനം നിലനിൽക്കുന്നിടത്തോളം കാലം ഒരു തിരഞ്ഞെടുപ്പുകൊണ്ടും ഇതൊന്നും മാറാൻ പോകുന്നില്ല.
ജനങ്ങളുടെ മോചനത്തിന് ഈചൂഷണമുതലാളിത്ത വ്യവസ്ഥ തകർക്കപ്പെടണം. അതിന് വിപ്ലവരാഷ്ട്രീയം ശക്തിപ്പെടണം. അത് സധ്യമാകുന്നതുവരെ ഒരു യഥാർത്ഥ ഇടതുപക്ഷ നേതൃത്വത്തിൻ കീഴിൽ വർഗ്ഗബഹുജനസമരങ്ങൾ വളർത്തിയെടുക്കണം. ഈ വസ്തുത തിരിച്ചറിയണമെന്ന് ഇടതുപാർട്ടികളുടെ പ്രവർത്തകരോടും അനുഭാവികളോടും അധ്വാനിച്ച് ജീവിക്കുന്ന മുഴുവൻ ജനങ്ങളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.