റെയിൽവേ സ്വകാര്യവത്കരണം അടിച്ചേല്‍പ്പിക്കുന്ന സാമ്പത്തിക ഭാരവും ദുരിതയാത്രയും

railway-station-647_060717054639.jpeg
Share

2023 ആഗസ്റ്റ് 6ന്, 508 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തറക്കല്ലിട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുകയുണ്ടായി, “ഓരോ യാത്രക്കാരനും ഓരോ പൗരനും റെയിൽവേ യാത്ര സുഖകരവും ആസ്വാദ്യകരവുമാക്കുക എന്നതാണ് ഇപ്പോൾ രാജ്യത്തിന്റെ ലക്ഷ്യം. ട്രെയിനുകൾ മുതൽ സ്റ്റേഷനുകൾവരെ മികച്ച അനുഭവങ്ങൾ നൽകാനുള്ള ശ്രമങ്ങൾ നടക്കുന്നു. പ്ലാറ്റ്ഫോമുകൾക്ക് മികച്ച ഇരിപ്പിടങ്ങളും നല്ല കാത്തിരിപ്പ് മുറികളും നിർമ്മിക്കപ്പെടുന്നു.” എന്നാൽ പ്രധാനമന്ത്രിയുടെ അവകാശവാദങ്ങൾക്കപ്പുറത്ത് യാഥാർത്ഥ്യം എന്താണ്? 2023 ജൂൺ 2നാണ് രാജ്യത്തെ നടുക്കിയ ബാലസോർ ട്രെയിനപകടം നടന്നത്. അഞ്ഞൂറോളം യാത്രക്കാർ കൊല്ലപ്പെട്ട ആ ദുരന്തം ക്ഷണിച്ചു വരുത്തിയതാരാണ്? ഷാലിമാർ – ചെന്നൈ കൊറമാണ്ഡൽ എക്സ്പ്രസ്സും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ച് കുറച്ചു നിമിഷങ്ങൾക്കകം ബംഗളൂരു- ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് അപകടത്തിൽപ്പെട്ട ട്രെയിനുകളുടെ മുകളിലേയ്ക്ക് ഇടിച്ചുകയറുന്നു. അപകടം സിഗ്നൽ തകരാറിനാൽ സംഭവിച്ചതാണെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന്റെ പ്രസ്താവന ഉണ്ടായി. കുറച്ച് ദിവസങ്ങൾക്കുശേഷം അന്വേഷണം സിബിഐ യ്ക്ക് വിടുകയും മൂന്ന് റെയിൽവേ ഉദ്യോഗസ്ഥര്‍ അറസ്റ്റിലാകുകയും ചെയ്തു. ഇന്ത്യൻ റെയിൽവേയിൽ എന്തുകൊണ്ട് നിരന്തരം അപകടങ്ങൾ ഉണ്ടാകുന്നു എന്നതിന്റെ വസ്തുതാന്വേഷണത്തിലേയ്ക്ക് ആരും കടന്നു ചെന്നില്ല. അങ്ങനെയൊരന്വേഷണം ആത്യന്തികമായി റെയിൽവേ മന്ത്രാലയത്തിലും കേന്ദ്ര സർക്കാരിലുമാകും എത്തിച്ചേരുക. 2023 ഫെബ്രുവരി 9ന്, ബാലസോറിലെ ഗുരുതരമായ സിഗ്നൽ തകരാറിനെ സംബന്ധിച്ച് സൗത്ത്-വെസ്റ്റേൺ സോൺ ചീഫ് ഓപ്പറേറ്റിംഗ് മാനേജർ റെയിൽവേ മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ആ റിപ്പോർട്ട് സമ്പൂർണമായും അവഗണിക്കപ്പെട്ടു.


റെയിൽവേയില്‍ 3.5 ലക്ഷം ജീവനക്കാരുടെ കുറവുണ്ടെന്ന് നിരവധി സംഘടനകൾ പലപ്പോഴായി ചൂണ്ടിക്കാണിച്ചതും അവഗണിയ്ക്കപ്പെട്ടു. അതിൽ തന്നെ 1.57 ലക്ഷം ഒഴിവുകൾ മെക്കാനിക്കൽ, എഞ്ചിനിയറിംഗ് വിഭാഗത്തിലാണ്. ട്രെയിൻ ഓടിക്കുവാൻ ആവശ്യത്തിന് ലോക്കോ പൈലറ്റുമാർഇല്ല. ലോക്കോ പൈലറ്റുമാർക്ക് കൃത്യമായ വിശ്രമസമയം ലഭിക്കുന്നില്ലെങ്കിൽ യാത്രക്കാരുടെ ജീവനാണ് അപകടത്തിലാകുന്നത്. 2019 മുതൽ 2023 വരെയുള്ള കാലയളവിൽ 162 ട്രെയിനപകടങ്ങൾ ഉണ്ടായി. പതിനാറ് കൂട്ടിയിടിയും 118 പാളം തെറ്റലും ഉൾപ്പെടെയാണിത്. ജീവനക്കാരുടെ അപര്യാപ്തതയെ സംബന്ധിച്ച് ആൾ ഇന്ത്യാ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ പലവട്ടം സമരം നടത്തുകയും അധികാരികളെക്കണ്ട് പരാതി ബോധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, പരിഹാരം മാത്രം അകലെയാണ്.


നരേന്ദ്രമോദി ഭരണം സ്വകാര്യവത്കരണത്തിന്റെ സകലമാന വഴികളും തുറന്നിട്ടിരിക്കുന്നു. എൽഐസി, എയർ ഇന്ത്യ, റോഡുകൾ, വിമാനത്താവളങ്ങൾ തുടങ്ങി ഇന്ത്യയിലെ നവരത്ന ലിസ്റ്റിൽ പെടുന്ന പൊതുമേഖലാ സ്ഥാപനങ്ങളടക്കം വിറ്റഴിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മുൻ സർക്കാരുകളും സ്വകാര്യവത്കരണത്തിന്റെ പാതയിലൂടെത്തന്നെയാണ് സഞ്ചരിച്ചതെങ്കിലും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ ഭരണം സകലസീമകളും ലംഘിച്ച് പൊതുമേഖലാ സ്ഥാപനങ്ങളെ കോർപ്പറേറ്റുകൾക്ക് കൈമാറുന്നു.
2014ൽ, കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയ ഉടൻ ഇന്ത്യൻ റെയിൽവേയുടെ സ്വകാര്യവത്കരണം ലക്ഷ്യമിട്ടുകൊണ്ട് ഒരു പഠനക്കമ്മീഷനെ നിയോഗിക്കുകയുണ്ടായി. നീതി ആയോഗ് അംഗമായ ബിബേക് ദേബ്റോയ് അധ്യക്ഷനായ പ്രസ്തുത കമ്മീഷൻ 2015 ജൂൺ 12ന് കേന്ദ്രസർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ആ റിപ്പോർട്ട് ഇന്ത്യൻ റെയിൽവേയുടെ സ്വകാര്യവത്കരണത്തിന്റെ ബ്ലൂപ്രിന്റായിരുന്നു. ബിബേക് ദേബ്റോയ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള സ്വകാര്യവത്കരണ നടപടികളാണ് ഇപ്പോൾ റെയിൽവേയിൽ നടക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ റെയിൽവേ, ഇന്ത്യൻ റെയിൽവേ ആണെന്നതിനാൽ തന്നെ പ്രത്യേക റെയിൽവേ ബജറ്റ് നിലവിലുണ്ടായിരുന്നു. രാജ്യത്തെ ഗതാഗതത്തെ സംബന്ധിച്ച്, ചരക്കുനീക്കത്തെ സംബന്ധിച്ച് അത്രമേൽ പ്രധാനമാണ് ഇന്ത്യൻ റെയിൽവേ എന്നതിനാലായിരുന്നു മുൻകാല ഗവൺമെന്റുകൾ പ്രത്യേക റെയിൽവേ ബജറ്റുകൾ അവതരിപ്പിച്ചിരുന്നത്. എന്നാൽ, ബിബേക്ദേബ്‌ റോയ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം നരേന്ദ്രമോദി സർക്കാർ അതു നിർത്തലാക്കിക്കൊണ്ട് റെയിൽവേയുടെ സവിശേഷ പ്രാധാന്യത്തെ ഇല്ലാതാക്കി. പിന്നീട് യൂണിയൻ ബജറ്റിൽ റെയിൽവേയ്ക്ക് അനുവദിയ്ക്കുന്ന തുകയിൽ വൻതോതിൽ കുറവ് വരുത്തുകയും ചെയ്തു. 11 ലക്ഷം ജീവനക്കാരുള്ളത് 7 ലക്ഷമാക്കി കുറയ്ക്കണമെന്ന നിർദ്ദേശവും ദ്രുതഗതിയിൽ നടപ്പിലാക്കപ്പെടുന്നു. ഒഴിവുള്ള തസ്തികകളിൽ 50% റദ്ദാക്കിക്കഴിഞ്ഞു. ഇതോടൊപ്പം സാമൂഹ്യവും സാമ്പത്തികവുമായി അടിച്ചമർത്തപ്പെട്ട വിവിധ സാമുദായിക വിഭാഗങ്ങളിൽ പെട്ടവർക്ക് റെയിൽവേ ജോലികളിൽ ലഭ്യമായിരുന്ന സംവരണവും നഷ്ടമായി. സ്വകാര്യവത്ക്കരണത്തിന്റെ ഫലമായുണ്ടാവുന്ന ഏറ്റവും വലിയ ദുരന്തം തൊഴിലവസരങ്ങളും തൊഴിൽ സുരക്ഷയും തൊഴിൽ സംവരണവും നഷ്ടപ്പെടുന്നു എന്നതാണ്. അതോടൊപ്പം റെയിൽവേ സാധാരണ മനുഷ്യർക്ക് അപ്രാപ്യമാവുകയും ചെയ്യും. 2021ൽ റെയിൽവേയിലുണ്ടായിരുന്ന 90,000 തസ്തികകൾ വെട്ടിക്കുറച്ചു. സ്ഥിര നിയമനം സമ്പൂർണമായി ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. നൂറുശതമാനം വിദേശനിക്ഷേപം വേണമെന്നും നിർമ്മാണ യൂണിറ്റുകൾ സ്വകാര്യവത്കരിക്കണമെന്നും പാസഞ്ചർ ട്രെയിനുകളുടെ നടത്തിപ്പ് സ്വകാര്യ കമ്പനികളെ ഏൽപ്പിക്കണമെന്നും കമ്മിറ്റി ശുപാർശ ചെയ്തു. കേന്ദ്രസർക്കാർ ആ ജനവിരുദ്ധ നിർദ്ദേശങ്ങളൊന്നൊഴിയാതെ നടപ്പിലാക്കുകയാണ്.


റെയിൽവേ ബോർഡ്‌ ചെയർമാൻ വിനോദ് കുമാർയാദവ് പ്രഖ്യാപിച്ചത് 109 റൂട്ടുകളിലെ 151 ട്രെയിനുകളും 50 റെയിൽവേ സ്റ്റേഷനുകളും സ്വകാര്യവത്ക്കരിക്കുമെന്നാണ്. 2017 മെയ് 24 ന് രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിൻ സർവ്വീസ് ആരംഭിച്ചു.ഡൽഹി-ലക്നൗ റൂട്ടിൽ തേജസ് എക്സ്പ്രസ് എന്ന പേരിലാണത് ഓടിത്തുടങ്ങിയത്. സാധാരണ എക്സ്പ്രസ് ട്രെയിനുകളിലെ സ്ലീപ്പർ ക്ലാസ് നിരക്കിനേക്കാൾ കുറഞ്ഞത് 900 രൂപയുടെ വർദ്ധനവാണ് സ്വകാര്യ ട്രെയിനുകളിലുള്ളത്. സ്വകാര്യ ട്രെയിനുകളിലെ ടിക്കറ്റ് നിരക്ക് ഓപ്പറേറ്റർമാർക്ക് നിശ്ചയിക്കാം എന്നതാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. അങ്ങനെയാകുമ്പോൾ ട്രെയിൻ യാത്രയെന്നത് സാധാരണക്കാരന് തികച്ചും അപ്രാപ്യമാകുമെന്നത് തർക്കമറ്റ കാര്യമാണ്.
63,974 കിലോമീറ്റർ നീളമുള്ള ഇന്ത്യൻ റെയിൽവേ രാജ്യത്തെ ജനങ്ങളുടെ പ്രധാന യാത്രാമാർഗ്ഗമാണ്. വളരെക്കുറഞ്ഞ ചാർജ്ജിന് യാത്ര ചെയ്യാമെന്നതാണ് ട്രെയിനുകൾ സാധാരണ ജനങ്ങൾക്ക് സ്വീകാര്യമായതിന്റെ പ്രധാനകാരണം. എന്നാൽ, സാധാരണക്കാർ ആശ്രയിച്ചു പോന്ന പാസഞ്ചർ ട്രെയിനുകളടക്കം പലതും ഇല്ലാതാക്കപ്പെടുകയാണ്. കോവിഡിന്റെ പേരുപറഞ്ഞ് നിർത്തലാക്കിയ പാസഞ്ചർ ട്രെയിനുകൾ ഇനിയും പുനഃസ്ഥാപിക്ക പ്പെട്ടിട്ടില്ല. മറ്റു ട്രെയിനുകളിലെ ജനറൽ, സ്ലീപ്പർ കോച്ചുകളിലെ എണ്ണം വൻതോതിലാണ് വെട്ടിയ്ക്കുറയ്ക്കുന്നത്. പുതുതായി നിർമ്മിച്ച കോച്ചുകളിൽ 70 ശതമാനവും എസിയാണ്. പുതിയ 875 വന്ദേഭാരത് ട്രെയിനുകൾ കൂടി സർവ്വീസ് ആരംഭിക്കുമെന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്. ജനശതാബ്ദി, രാജധാനി ട്രെയിനുകൾ നിർത്തലാക്കുവാൻ ലക്ഷ്യമിട്ടാണ് വന്ദേഭാരത് പ്രഖ്യാപിച്ചത് എന്ന് റെയിൽവേ മന്ത്രി തന്നെ വെളിപ്പെടുത്തുകയുണ്ടായി. അങ്ങനെ രാജ്യത്തെ അഭിമാനസ്തംഭമായ ഇന്ത്യൻ റെയിൽവെയെ കോർപ്പറേറ്റുകൾക്ക് കൈമാറുവാനുള്ള നീക്കത്തിന് മോദിഭരണത്തിൽ ഗതിവേഗം വർദ്ധിക്കുകയാണ്.


കേരളത്തിൽ സർവ്വീസ് നടത്തുന്ന സാധാരണ ട്രെയിനുകളിൽ സൂചി കുത്താനിടമില്ലാത്ത തിരക്കാണ്. തിരക്ക് കാരണം ആളുകൾ തലചുറ്റി വീഴുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ദിവസവും ജോലിയ്ക്കും പഠനത്തിനും പോകുന്നവർക്ക് ട്രെയിൻ യാത്ര ദുരിതപൂർണ്ണമായി തീർന്നിരിക്കുന്നു. പാസഞ്ചർ ട്രെയിനുകൾ നിർത്തലാക്കിയതും മറ്റു ട്രെയിനുകളിലെ ജനറൽ കംമ്പാർട്ടുമെന്റുകൾ വെട്ടിക്കുറച്ചതുമാണ് ട്രെയിൻ യാത്ര ദുരിതമായി മാറിയതിന് കാരണം. കോവിഡിന് മുൻപ് സർവ്വീസ് നടത്തിക്കൊണ്ടിരുന്ന നിരവധി പാസഞ്ചർ ട്രെയിനുകളാണ് നിർത്തലാക്കിയത്. 50 കിലോമീറ്റർ സഞ്ചരിക്കുവാൻ 10 രൂപ മാത്രമുണ്ടായിരുന്നത് എക്സ്പ്രസ് ട്രെയിനിൽ 30 രൂപയാണ്. മാത്രമല്ല, വന്ദേഭാരതിനു വേണ്ടി പല ട്രെയിനുകളും പിടിച്ചിടുമ്പോൾ യാത്രികർക്ക് കൃത്യസമയത്ത് എത്താനാവാത്ത സാഹചര്യവും സൃഷ്ടിക്കപ്പെടുന്നു. അപ്പോൾ, യാത്രക്കാർ നേരത്തെ പുറപ്പെടുന്ന ട്രെയിനുകളെ ആശ്രയിക്കേണ്ടി വരുന്നതും തിരക്ക് വർദ്ധിപ്പിക്കുന്നതിന് ഇടവരുത്തുന്നു. എന്നാൽ, വന്ദേഭാരത് എക്സ്പ്രസിന് സർവ്വീസ് ആരംഭിച്ച ആദ്യ ദിവസങ്ങളിൽ തിരക്കുണ്ടായിരുന്നെങ്കിലും ഇപ്പോൾ നിരവധി സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്‌. വലിയ ചാർജ്ജു കൊടുത്തുമാത്രം യാത്ര ചെയ്യാവുന്ന ട്രെയിനുകൾ ആരംഭിക്കുമ്പോൾ സാധാരണക്കാരുടെ ആശ്രയമായ ട്രെയിനുകളെ തകർക്കുകയാണ് ചെയ്യുന്നത്.
സ്വകാര്യവത്കരണത്തിന്റെ മുന്നോടിയായി ടിക്കറ്റ് നിരക്കിലും വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. യാത്രക്കാരുടെ തിരക്കു വർദ്ധിക്കുമ്പോൾ നിരക്ക് കൂടുന്ന ഡൈനാമിക് പ്രൈസിംഗും റെയിൽവേ നടപ്പാക്കുന്നു. പ്ലാറ്റുഫോമുകളിലെ സൗജന്യ വെയിറ്റിംഗ് റൂമുകൾ നിർത്തലാക്കിക്കൊണ്ട്, പണം കൊടുത്താൽ മാത്രം ഉപയോഗിക്കാവുന്ന എസി വെയിറ്റിംഗ് റൂമുകൾ എല്ലായിടത്തും സ്ഥാപിക്കപ്പെടുന്നു. പാർക്കിംഗ് കേന്ദ്രങ്ങളിൽ വൻതുക ഈടാക്കിയുള്ള കൊള്ളയും സ്റ്റേഷനുകളിൽ നടക്കുന്നുണ്ട്.സാധാരണക്കാരെ എങ്ങനെ പിഴിയാം എന്നതിനെ സംബന്ധിച്ച ഗവേഷണത്തിലാണ് ഇന്ത്യൻ റെയിൽവേയെന്നാണ് ഇതിൽ നിന്നെല്ലാം മനസിലാകുന്നത്.


ഇന്ത്യയിലെ ചരക്കുനീക്കത്തിന്റെ 80 ശതമാനവും റെയിൽവേ വഴിയാണ്. റെയിൽവേ, കുത്തകകളുടെ കൈകളിലെത്തിയാൽ ചരക്കുനീക്കത്തിന് വൻതുക നൽകേണ്ടി വരും. അത് ഭീകരമായ വിലക്കയറ്റത്തിന് ഇടവരുത്തും. ഇന്ത്യൻ റെയിൽവേ പൊതുമേഖലയിൽ, കൂടുതൽ സേവനതൽപ്പരതയോടെ നിലനിൽക്കേണ്ടത് രാജ്യമെമ്പാടുമുള്ള സാധാരണ ജനങ്ങളുടെ ആവശ്യമാണ്. തൊഴിലാളികളുടെ അദ്ധ്വാനത്തിലൂടെ പടുത്തുയർത്തിയ ഇന്ത്യൻ റെയിൽവേ എന്ന വിഖ്യാതമായ പൊതുമേഖലാ സ്ഥാപനത്തെ കോർപ്പറേറ്റുകൾക്ക് കൈമാറുന്നത് തടയുക എന്നതാണ് അടിയന്തര ആവശ്യം. റെയിൽവേയിലെ ട്രേഡ് യൂണിയനുകളും യാത്രക്കാരും ശക്തമായ പ്രക്ഷോഭം വളർത്തിയെടുത്താൽ മോദി സർക്കാരിന്റെ സ്വകാര്യവത്ക്കരണ നടപടികൾക്ക് തടയിടാൻ സാധിക്കും.

Share this post

scroll to top