അയോധ്യയിലെ രാമക്ഷേത്ര നിർമാണം ഇന്ത്യ എങ്ങോട്ട്?

IMG_20200828_115209.jpg
Share

ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിൽ കറുത്ത ദിനങ്ങളിൽ ഒന്നായിട്ടാണ് 1992  ഡിസംബർ 6 അടയാളപ്പെടുത്തുന്നത്. ബി.ജെ.പിയുടെയും വിശ്വഹിന്ദു പരിഷത്തിന്റേയും നേതൃത്വത്തിൽ 450 വർഷം പഴക്കമുണ്ടായിരുന്ന ബാബറി മസ്ജിദ് തകർക്കപ്പെട്ടത് ആ ദിനത്തിലായിരുന്നു. ശ്രീരാമന്റെ ജൻമസ്ഥലത്ത് നിർമ്മിച്ച ക്ഷേത്രം തകർത്താണ് ബാബറി മസ്ജിദ് നിർമ്മിച്ചതെന്നായിരുന്നു അവർ മുന്നോട്ടുവച്ച വാദം. പക്ഷെ ചരിത്രരേഖകൾ ഒന്നു പോലും അവരുടെ വാദങ്ങളെ പിന്തുണച്ചിരുന്നില്ല. നമ്മുടെ രാജ്യത്ത് നിലനിന്നിരുന്ന നിയമവാഴ്ചയെ ദുർബ്ബലപ്പെടുത്തി, നിയമവിരുദ്ധമായി അരങ്ങേറിയ ഈ കിരാത നടപടിയെ തുടർന്നുണ്ടായ വർഗ്ഗീയ കലാപത്തിൽ 1000 ത്തിൽ അധികം പേർ വിവിധ സംസ്ഥാനങ്ങളിലായി കൊല്ലപ്പെട്ടു. വേട്ടയാടപ്പെട്ടതിൽ ബഹുഭൂരിപക്ഷവും ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട പാവപ്പെട്ട ജനങ്ങളായിരുന്നു.
വർഷങ്ങൾ നീണ്ടണ്ട നിയമ വ്യവഹാരത്തിന് വിരാമമിട്ട് സുപ്രീം കോടതി കഴിഞ്ഞ നവംബർ മാസത്തിൽ വിധി പറഞ്ഞു. ബാബറി മസജിദ് തകർത്തതിനെ നിയമവിരുദ്ധ പ്രവർത്തിയെന്ന് പരമോന്നത കോടതി ആ വിധിയിൽ വിമർശിച്ചു. കെട്ടിടത്തിനകത്തേക്ക് രാമവിഗ്രഹം കടത്തിയ നടപടിയും അത് തുറന്നു കൊടുത്ത നടപടിയും തെറ്റാണെന്ന് കോടതി അഭിപ്രായപ്പെട്ടു. പക്ഷെ നിയമ ലംഘകരെ ശിക്ഷിക്കുന്നതിനു പകരം ലോകത്തെവിടെയുമുള്ള ജനാധിപത്യ മതേതര വിശ്വാസികളെ അത്ഭുതപ്പെടുത്തി കൊണ്ടണ്ട് ആധുനിക നിയമ ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിനു വിരുദ്ധമായി- മത വിശ്വാസത്തെ രാജ്യത്തു നിലവിലിരിക്കുന്ന നിയമസംഹിതയ്ക്കും, ചരിത്രത്തിലധിഷ്ഠിതമായ തെളിവിനും മുകളിലായി വിശ്വാസത്തെ പ്രതിഷ്ഠിച്ചുകൊണ്ടു പള്ളി പൊളിച്ച സ്ഥലത്തു തന്നെ രാമക്ഷേത്രം നിർമ്മിക്കാൻ അനുവാദം നൽകുകയായിരുന്നു. ആർ എസ് എസ്, ബിജെപി സംഘങ്ങൾക്ക് ഏറെ ആഹ്‌ളാദം പകർന്നതായിരുന്നു ഈ വിധി. ആധുനിക ലോക രാഷ്ട്രങ്ങൾ അനുവർത്തിച്ചു പോരുന്ന നിയമ ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളെ ബലി കഴിക്കുന്നതും പുതിയ കീഴ് വഴക്കങ്ങൾ നിയമ രംഗത്ത് സൃഷ്ടിക്കുന്നതുമായിരുന്നു ഈ കോടതി വിധി. തെളിവിന് മുകളിലായി വിശ്വാസത്തെ പ്രതിഷ്ഠിക്കുകയെ ന്നത് ആധുനിക നിയമ കാഴ്ചപ്പാടിന് വിരുദ്ധമാണ്. വൈരുദ്ധ്യങ്ങൾ നിറഞ്ഞ ഈ വിധിയിലൂടെ പുറത്തുവന്നത് നമ്മുടെ ജുഡീഷ്യറി ഇന്നെത്തി നിൽക്കുന്ന അപകടകരമായ സ്ഥിതിവിശേ ഷമായിരുന്നു. അതിലുള്ള ആശങ്ക പ്രമുഖരായ നിയമജ്ഞരും, എഴുത്തുകാരും, സാമൂഹ്യ പ്രവർത്തകരും അപ്പോൾ തന്നെ പ്രകടിപ്പിക്കുകയുണ്ടായി.
പൊതു ധനം ധൂർത്തടിച്ചുകൊണ്ട്, വലിയ പ്രചരണ കോലാഹലങ്ങളോടെയാണ് പള്ളി പൊളിച്ച സ്ഥലത്തു തന്നെ ആഗസ്റ്റ് 5 ന്, രാമക്ഷേത്രം നിർമ്മിക്കുന്നതിനുള്ള ഭൂമിപൂജ അരങ്ങേറിയത്. ഭരണഘടനാപരമായി രാജ്യത്തെ മതേതര, ജനാധിപത്യ നിയമ സംഹിതയെ സംരക്ഷിക്കാൻ ബാദ്ധ്യതപ്പെട്ട പ്രധാനമന്ത്രി തന്നെ എല്ലാ മതേതര ജനാധിപത്യ കീഴ്വഴക്കങ്ങളെയും ലംഘിച്ചുകൊണ്ട്, നേരിട്ടു തന്നെ ഈ ഭൂമി പൂജയിൽ പങ്കാളിയായി. എല്ലാവിധ മതവിശ്വാസങ്ങളോടും നിഷ്പക്ഷത പാലിക്കാൻ ബാധ്യതപ്പെട്ട പ്രധാനമന്ത്രി ഒരു പ്രത്യേക മതത്തിന്റെ തീവ്രപ്രയോക്താവായി പ്രത്യക്ഷത്തിൽ തന്നെ മാറുന്നുവെന്നത് നിലവിലുള്ള ഭരണഘടനയുടെ തത്വങ്ങൾക്ക് വിരുദ്ധവും, കീഴ് വഴക്കങ്ങളുടെ ലംഘനവുമാണ്. ഇവിടെയാണ് രാജ്യം നേരിടുന്ന ഭീഷണമായ അപകടം പതിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ നേട്ടങ്ങളിൽ മാത്രം അഭിരമിക്കുന്ന പ്രതിപക്ഷ പാർട്ടികൾ ക്ഷേത്ര നിർമ്മാണത്തെ സ്വാഗതം ചെയ്തതും, ജനാധിപത്യ സംവിധാനത്തിന്റെ നിലനിൽപ്പിനാവശ്യമായ മതേതരത്വത്തെ സംരക്ഷിക്കേണ്ട അവരുടെ കടമകൾ മനപൂർവമായോ, അല്ലാതെയോ മറന്നു പോയതുവഴി നാമമാത്രമായെങ്കിലും നിലനിന്നിരുന്ന മതേതരത്വം അന്യാധീനമാക്കപ്പെട്ടു. ‘ജനാധിപത്യം അനാഥമാക്കപ്പെട്ടതിന്റെ ഭീഷണമായ ആഘോഷം’ എന്നാണ് ഇന്ത്യയിൽ അറിയപ്പെടുന്ന ഒരു കവി ആഗസ്റ്റ് 5 സംഭവത്തെ വിശേഷിപ്പിച്ചത്.
ചരിത്രത്തിൽ കഴിഞ്ഞുപോയ സംഭവങ്ങളെ ആധുനിക സമൂഹം വിലയിരുത്തുന്നത് ശാസ്ത്രീയമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. ഒരു നിശ്ചിത സാമൂഹ്യക്രമം പുതിയ ഒന്നിലേക്ക് മാറുന്നതോടെ പഴയ നിയമങ്ങൾ, രാഷ്ട്രീയ രൂപങ്ങൾ, സമ്പദ്ഘടന, മൂല്യസങ്കൽപ്പങ്ങൾ എല്ലാം മാറി മറിയുന്നു. പുതിയ സമൂഹത്തിന് അനുരോധമായ രാഷ്ട്രീയം, നിയമം, സാമ്പത്തിക രൂപങ്ങൾ എല്ലാം ആവിർഭവിക്കുന്നു. പഴയ നീതിബോധത്തിന്റെ സ്ഥാനത്ത് പുതിയ നീതിബോധമായിരിക്കും പുതിയ സമൂഹത്തിലെ മനുഷ്യരെ നയിക്കുന്നത്. മനുഷ്യൻ ചരിത്രത്തിന്റെ സൃഷ്ടിയാണ്. പുതിയ സമൂഹത്തിന്റെ നീതിബോധം ഉയർന്നതായതുകൊണ്ട്, ആ നീതിബോധത്തിന്റെ മാനദണ്ഡമനുസരിച്ച് പഴയ സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ പലതും നമുക്ക് തെറ്റായി തോന്നാം. അന്നത്തെ സമൂഹത്തിന്റെ നീതിബോധമെന്തായിരുന്നോ, അതിന്റെയടിസ്ഥാനത്തിലാണ് പഴയ സമൂഹത്തെ വിലയിരുത്തേണ്ടത്. ഉദാഹരണം, മദ്ധ്യകാല ഇന്ത്യയിലെ ആചാരങ്ങൾ, ലിംഗ ബന്ധങ്ങൾ, സ്വത്തവകാശങ്ങൾ, കുറ്റവിചാരണ ഇവയെല്ലാം ഇന്നത്തെ നിയമസംഹിതയനുസരിച്ച് പലതും കുറ്റകരമാണ്. പക്ഷെ, അന്നത്തെ സമൂഹത്തിൽ നിലനിന്നിരുന്ന നിയമ മനുസരിച്ച് അവയെല്ലാം അക്കാലഘട്ടത്തിലെ ശരികളായിരുന്നു. മദ്ധ്യകാലഘട്ടത്തിൽ രാജാക്കന്മാർ നടത്തിയ പടയോട്ടങ്ങളും പിടിച്ചെടുക്കലുകളും അക്കാലത്തെ രാഷ്ട്രീയ നീതിബോധത്തിന്റെ ധാരണയെന്തായിരുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ്  പരിശോധിക്കേണ്ടത്. പടയോട്ടങ്ങളിൽ അന്തർഹിതമായിരുന്നത് രാഷ്ട്രീയവും സാമ്പത്തികവുമായ താല്പര്യങ്ങളായിരുന്നു. മുസ്ലീം രാജാക്കന്മാർ ഹിന്ദു ക്ഷേത്രങ്ങൾ കൊള്ളയടിക്കുകയും തകർക്കുകയും ചെയ്തത് മതതാല്പര്യങ്ങളുമായി ബന്ധപ്പെടുത്തുകയും മതവൈരമായി ചിത്രീകരിക്കുകയും ചെയ്യുന്നവർ, ഇന്ത്യയിൽ ഹിന്ദു രാജാക്കന്മാർ ഹിന്ദു ക്ഷേത്രങ്ങൾ തകർത്ത കാര്യം പറയാറേയില്ല. തങ്ങളുടെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് അത് ഉതകില്ലായെന്നതുകൊണ്ടാകാം. നാം ഒരു കാര്യം മനസ്സിലാണം. ക്ഷേത്രം, പള്ളി, ബുദ്ധ ജൈന വിഹാരങ്ങൾ ഇവയെല്ലാം കേവലം ആരാധന കേന്ദ്രങ്ങൾ മാത്രമായിരുന്നില്ല; അത്  ഭരിക്കുന്ന രാജാവിന്റെ അധികാരത്തിന്റെ ഔന്നത്യത്തെയും പ്രൗഢിയെയും കൂടി പ്രതിഫലിപ്പിക്കുന്നവ കൂടിയായിരുന്നു. ഒരു രാജാവ് മറ്റൊരു രാജാവിന്റെ മേൽ വിജയം നേടുമ്പോൾ തന്റെ ദ്വിഗ്വിജയം അടയാളപ്പെടുത്തുന്നത് പലപ്പോഴും കീഴടക്കപ്പെട്ട രാജാവിന്റെ അഭ്യുദയകാംക്ഷിത്വത്തിന്റെ പ്രതീകമായ ക്ഷേത്രം തകർത്തു കൊണ്ടായിരുന്നു. ചരിത്രത്തിൽ നിന്ന് നിരവധി ഉദാഹരണങ്ങൾ  ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണം, പത്താം നൂറ്റാണ്ടിന്റെ ആരംഭത്തിൽ രാഷ്ട്രകൂട രാജാവ് ഇന്ദ്രൻ മൂന്നാമൻ പ്രതിഹരന്മാരെ പരാജയപ്പെടുത്തിയപ്പോൾ കൽപ്പയിലെ ഒരു പ്രതിഹര ക്ഷേത്രവും തകർക്കുകയുണ്ടായി. ഈ നടപടിയി ലൂടെ രാഷ്ട്രകൂട രാജാവ് തന്റെ വിജയം അടയാളപ്പെടുത്തുകയായിരുന്നു. മാൾവയിലെ പരമാര രാജാവ് ശുഭതവർമ്മൻ,  ചാലൂക്യന്മാർ ജൈനന്മാർക്കു വേണ്ടി പണിത ക്ഷേത്രങ്ങ ളും അറബികൾക്കായി തീർത്ത പള്ളികളും നശിപ്പിക്കുകയുണ്ടായി. കാശ്മീരി രാജാവ് ക്ഷേത്രങ്ങൾ കൊള്ളയടിക്കുന്നതിനെപ്പറ്റിയും ഹർഷദേവൻ എന്ന രാജാവ് ഇത്തരം കൊള്ളകൾക്കു മേൽനോട്ടം വഹിക്കുന്നതിനായി ഒരു ഉദ്യോഗസ്ഥനെ നിയമിക്കുന്നതിനെപ്പറ്ററിയുമുള്ള വിവരണങ്ങൾ രാജതരംഗിണിയുടെ കർത്താവായ കൽഹണൻ എഴുതുന്നുണ്ട്. ഇതെല്ലാം മദ്ധ്യകാലഘട്ടത്തിന്റെ മാത്രം രാഷ്ട്രീയ നീതീകരണമായിരുന്നു. ചില ക്ഷേത്രങ്ങൾ അളവറ്റ സ്വത്തിന്റെ കേന്ദ്രങ്ങളായിരുന്നു. ഈ സമ്പത്തിൽ ഒരു ഭാഗം കച്ചവടത്തിലും മറ്റും നിക്ഷേപിച്ചിരുന്നതിന്റെ  തെളിവുകൾ ചരിത്രരേഖകളിൽ കാണാം. ഈ സ്വത്തുക്കൾ കൊള്ളയടിക്കുകയെന്ന ലക്ഷ്യവും  പടയോട്ടങ്ങൾ നടത്തുന്ന രാജാക്കന്മാർക്കുണ്ടായിരുന്നു. ആരാധനാലയങ്ങൾ നശിപ്പിക്കുന്നതും കൊള്ളയടിക്കുന്നതും ഇന്ത്യൻ  ഉപഭൂഖണ്ഡത്തിൽ മാത്രമായി നടന്ന സംഭവമല്ല. അക്കാലത്ത് ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള സമൂഹങ്ങളിൽ രാജാക്കന്മാരുടെ പടയോട്ടങ്ങളും കൊള്ളയടികളും നടന്നിട്ടുണ്ട്. മധ്യേഷ്യയിലെ മുസ്ലീം പള്ളികളൊക്കെ മംഗോളിയർ പടയോട്ടത്തിൽ നശിപ്പിക്കപ്പെട്ടു. സ്പാനിഷ് ആക്രമണകാരികൾ മെക്‌സിക്കോയിലും, ഗ്വാട്ടിമാലയിലും തദ്ദേശവാസികളുടെ ആരാധനാ സ്ഥലങ്ങളായ പിരമിഡുകളുടെ മുകൾ ഭാഗം തകർത്ത് അവിടെ ക്രിസ്ത്യൻ പള്ളികൾ നിർമ്മിച്ചു. മധ്യകാലഘട്ടത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന്റെ സാമാന്യ സ്വഭാവമാണ് ഇതിൽ നിന്നെല്ലാം നാം വായിച്ചെടുക്കേണ്ടത്. മറിച്ച് ആ കാലഘട്ടത്തിന്റെ ചരിത്രത്തെ നിനലനിന്നിരുന്ന സാമൂഹ്യസാഹചര്യവുമായി ബന്ധപ്പെടുത്തി, വസ്തുനിഷ്ഠമായി മനസ്സിലാക്കുന്നതിനു പകരം ഇവയ്‌ക്കെല്ലാം മതപരമായ വ്യഖ്യാനങ്ങൾ നൽകുന്നവരുടെ ലക്ഷ്യം ചരിത്ര സംഭവങ്ങളെ വക്രീകരിച്ചുകൊണ്ട് തങ്ങളുടെ സങ്കുചിതമായ രാഷട്രീയ ലക്ഷ്യം നേടുകയെന്നതാണ്.
പഴയ ഫ്യൂഡൽ രാജവാഴ്ചയുടെ കാലഘട്ടം അവസാനിക്കുന്നതോടുകൂടി അന്നത്തെ സമൂഹത്തെ നയിച്ചിരുന്ന നീതിബോധവും അസ്തമിക്കുന്നു. പഴയ സമൂഹം ചരിത്രപരമായി കാലഹരണപ്പെടുന്നതോടുകൂടി അത് സൃഷ്ടിച്ച സദാചാര, നിയമ, ധാർമ്മികനീതിബോധവും ചരിത്രത്തിന് വഴിമാറുന്നു. പഴയ ക്ഷേത്രങ്ങളും, പള്ളികളും, പഴയ സമൂഹത്തിന്റെ കലാസാംസ്‌കാരിക നിർമ്മിതികളും എടുപ്പുകളുമെല്ലാം പുതിയ സമൂഹത്തിന്റെ  പൊതു പൈതൃകസ്വത്തായി മാറുന്നു. അങ്ങനെയാണ് അവയെല്ലാം സംരക്ഷിക്കപ്പെടേണ്ട ചരിത്ര സ്മാരകങ്ങളായി മാറുന്നത്. ആധുനിക കാലഘട്ടത്തിൽ ഒരു രാജ്യത്തും ഒരു ചരിത്ര സ്മാരകവും ഏതെങ്കിലും ഒരു മത വിഭാഗത്തിന്റേതു മാത്രമായി കാണുന്നില്ല. ഇന്ത്യയിലെ എല്ലാ ചരിത്ര സ്മാരകങ്ങളും രാഷ്ട്രത്തിന്റെ പൊതുസ്വത്താണ്. ബാബറി മസ്ജിദിന്റെ നിലയും അതായിരുന്നു. അത്തരമൊരു ചരിത്ര സ്മാരകം തകർത്ത് അവിടെ പുതിയ രാമക്ഷേത്രം പണിയുന്നതിന്റെ യുക്തി ആധുനിക നീതിബോധത്തിന്റേതല്ല. അന്യമതവിദ്വേഷവും വെറിയും കൃത്രിമമായ സൃഷ്ടിക്കപ്പെടുന്ന മതാഭിമാനവും അടിസ്ഥാനമാക്കിയ ഫാസിസ്റ്റ് മനോഘടനയിലാണ് ഈ തകർക്കലിന്റെ വേരുകൾ ഉള്ളത്. ‘പഴയ തെറ്റുകൾ തിരുത്തുക’ എന്ന വർത്തമാനകാല മുദ്രാവാക്യം  ചരിത്രപരമായി അസംബന്ധമാണ്. അത് മുന്നോട്ടു വയ്ക്കുന്നവരുടെ ലക്ഷ്യം സാമൂഹ്യ പുരോഗതിയല്ല.
മോദി ഭരണത്തിന്റെ രണ്ടാമൂഴത്തിൽ, ആർ എസ് എസ്, ബിജെപി നേതൃത്വം അതിസമർത്ഥമായി, വളരെ വേഗത്തിൽ തങ്ങളുടെ അജണ്ടകൾ ഒരോന്നായി നടപ്പാക്കുകയാണ്. അവരുടെ ലക്ഷ്യങ്ങളൊന്നും തന്നെ പാവപ്പെട്ട ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടതല്ല. കർഷക ആത്മഹത്യയ്ക്ക് പരിഹാരമോ, യുവാക്കൾ ഇന്നഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മയുടെ പ്രശ്‌ന പരിഹാരമോ, നാടും വീടും ഉപേക്ഷിച്ച് തൊഴിൽ തേടി അലയുന്ന പ്രവാസി തൊഴിലാളികൾക്കുള്ള ആശ്വാസ നടപടികളോ ഒന്നും ഈ ഹിന്ദുത്വ വാദികളുടെ പരിഗണനാ വിഷയമേ അല്ല. മറിച്ച് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയി ലകപ്പെട്ടിരിക്കുന്ന ഇന്ത്യയിലെ കോർപ്പറേറ്റ് മൂലധനത്തിന്റെ ലാഭവും അവരുടെ മുന്നോട്ടുള്ള കുതിപ്പും സുഗമമാക്കു കയെന്നതാണ് അവരുടെ കർമ്മപരിപാടി. അതുകൊണ്ടാണ് ഈ മഹാമാരിയുടെ കാലത്തും, പര്യാപ്തമായ ചികിത്സ കിട്ടാതെ പാവപ്പെട്ട ജനങ്ങൾ മരിക്കുമ്പോഴും മുതലാളിമാരുടെ നിർദ്ദയമായ ചൂഷണത്തിനു വഴിയൊരുക്കുന്നതിനായി രാജ്യത്ത് നിലവിലുള്ള തൊഴിൽ നിയമങ്ങൾ റദ്ദുചെയ്യുന്നത്. രാജ്യത്തിന്റെ പൊതുസമ്പത്തായ എണ്ണപ്പെട്ട പൊതുമേഖല സ്ഥാപനങ്ങളും, പ്രകൃതിസമ്പത്തും കുത്തക മുതലാളിമാർക്ക് കൈമാറുന്നത് നാം കാണുന്നു.
യുപിയിലെ ജനങ്ങള്‍ക്ക് വേണ്ടത് ക്ഷേത്രമല്ല, ആശുപത്രിയാണ്. ജനങ്ങള്‍ക്കുവേണ്ടത് ജീവിതോപാധികളാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംവേണ്ടത് സുരക്ഷിതമായി ജീവിക്കാനും പ്രാഥമിക ആവശ്യങ്ങളെങ്കിലും നിര്‍വ്വഹിക്കാനുമുള്ള അവസരമാണ്. ലോക്ഡൌണിന്റെ തുടക്കത്തില്‍ പണിയിടങ്ങളില്‍നിന്ന് കാല്‍നടയായി സ്വന്തംഗ്രാമങ്ങളിലേയ്ക്ക് യാത്രയായവരില്‍ നല്ലൊരുപങ്കും യുപി നിവാസികളായിരുന്നു. രാമക്ഷേത്രവും വര്‍ഗ്ഗീയതയും വയറുനിറയ്ക്കില്ല എന്ന പരമാര്‍ത്ഥം സ്വന്തം ജീവിതംകൊണ്ട് തിരിച്ചറിഞ്ഞവര്‍ക്ക് പണിയന്വേഷിച്ച് ഇന്ത്യയുടെ നാനാഭാഗങ്ങളിലേയ്ക്കും യാത്രയാകാതെ തരമില്ലായിരുന്നു. കോവിഡ് മൂലം രണ്ട് മന്ത്രിമാര്‍തന്നെ യുപിയില്‍ മരണമടഞ്ഞു. കോവിഡ് രോഗികള്‍ റോഡില്‍ മരിച്ചുവീഴുന്ന വാര്‍ത്തകളും യുപിയില്‍നിന്നുവന്നു. സ്ത്രകീള്‍ക്കും കുഞ്ഞുങ്ങള്‍ക്കുംനേരെയുള്ള അതിക്രമങ്ങളുടെ ബീഭത്സമായ വാര്‍ത്തകള്‍ക്ക് അറുതിയേതുമില്ല. ഇങ്ങനെപോകുന്നു യുപിയുടെ സാമൂഹ്യസാംസ്കാരിക നിലവാരം. ഇവിടെ ജനങ്ങള്‍ക്കുവേണ്ടത് ക്ഷേത്രമല്ല, മനുഷ്യനെപ്പോലെ ജീവിക്കാനുള്ള ഉപസ്ഥിതിയാണ്. സര്‍ക്കാര്‍  ഈ കോവിഡ് കാലം വലിയ ജനാധിപത്യ ധ്വംസനത്തിന്റെ കാലമായി മാറിയിരിക്കുന്നു. നിരവധി പ്രമുഖ മനുഷ്യാവകാശ പ്രവർത്തകരേയും എഴുത്തുകാരേയും, സാമൂഹ്യ പ്രവർത്ത കരേയും അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരിക്കുകയാണ്. സിഎഎ എന്‍ആര്‍സി സമരക്കാര്‍ക്കുനേരെയുളള വേട്ടയാടല്‍ തുടരുന്നു.
പരിമിതമായിപ്പോലും നിലനിൽക്കുന്ന മതേതര ജനാധിപത്യ സംവിധാനത്തെ ഇല്ലായ്മ ചെയ്തുകൊണ്ടു മാത്രമെ ആർഎസ്എസ്-ബിജെപി നേതൃത്വത്തിന് തങ്ങൾ വിഭാവനം ചെയ്യുന്ന ഒരിന്ത്യയെ കെട്ടിപ്പടുക്കാനാകൂ. അതിലേക്കുള്ള  ആസൂത്രിത നീക്കമാണ് രാമക്ഷേത്ര നിർമ്മാണവും, പൗരത്വ ഭേദഗതി നിയമവും, കാശ്മീരിന്റെ സംസ്ഥാന പദവി എടുത്തു കളഞ്ഞതുമെല്ലാം. തങ്ങളുടെ പ്രതിലോമ അജണ്ടണ്ട നടപ്പാക്കുന്നതിനായുള്ള രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ് അവർ നിർമ്മിച്ചെടുത്തിരിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയം. രാഷ്ട്രീയവും ഭൂരിപക്ഷ മത വർഗ്ഗീയതയും കൂട്ടിക്കലർത്തിക്കൊണ്ടുള്ള ഒരു ഫാസിസ്റ്റ് പ്രത്യയശാസ്ത്രം സ്ഥാപിച്ചെടുക്കു ന്നതിനുവേണ്ടി ദേശീയത, ദേശ സ്‌നേഹം, മതം, ചരിത്രം, പാരമ്പര്യം ഇവയ്‌ക്കെല്ലാം പുതിയ വ്യഖ്യാനങ്ങൾ നൽകുന്നു. യഥാർത്ഥ ചരിത്ര വസ്തുതകൾക്ക് ഒട്ടും നിരക്കുന്നതല്ല ഈ വ്യാഖ്യാനങ്ങളൊന്നും തന്നെ.
കോളനി പൂർവ ഇന്ത്യയിൽ ജനങ്ങൾ ഒരിക്കലും മതാടിസ്ഥാനത്തിൽ വേർതിരിഞ്ഞ് സംഘർഷമുണ്ടാക്കിയതിന്റേതായ ചരിത്രമില്ല. പതിനെട്ടാം നൂറ്റാണ്ടിൽപോലും ഇന്ത്യൻ സമൂഹത്തിൽ മതത്തേക്കൾ ജാതിക്കായിരുന്നു പ്രാമുഖ്യം. ജാതി, തൊഴിൽ, ഭാഷ, വിഭാഗം, പ്രദേശം എന്നീ ഘടകങ്ങളെ മാനദണ്ഡമാക്കിയായിരുന്നു ഒരാളുടെ സ്വത്വം നിർണ്ണയിക്കപ്പെട്ടിരുന്നത്. ഇന്ത്യൻ സമൂഹത്തെ മതാടിസ്ഥാനത്തിൽ വേർതിരിച്ച് പറയാൻ തുടങ്ങിയത് ബ്രിട്ടീഷ് കൊളോണിയൽ ചരിത്രകാരന്മാരായിരുന്നു. ഇസ്ലാംമത പ്രചാരകർ ഇന്ത്യയിലേക്ക് എത്തിയതോടെ ഹിന്ദു മതവും, ഇസ്ലാം മതവും തമ്മിൽ സംഘർഷങ്ങൾ ആരംഭിക്കുകയും അങ്ങനെ മതാടിസ്ഥാനത്തിൽ ജനങ്ങൾ വേർതിരിഞ്ഞു എന്നൊക്കെയുള്ള വ്യാഖ്യാനങ്ങൾ ബ്രിട്ടീഷ് കൊളോണിയൽ ചരിത്രകാരന്മാരുടേതാണ്. അവരാണ് ഇന്ത്യൻ ചരിത്രത്തെ മതാടിസ്ഥാനത്തിൽ ഘട്ടങ്ങളായി വേർതിരിച്ച് പറയാനാരംഭിച്ചത്. 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഹിസ്റ്ററി ഓഫ് ബ്രിട്ടീഷ് ഇന്ത്യയുടെ രചനയിൽ ജെയിംസ് മിൽ ആണ് ആദ്യമായി ഹിന്ദു സംസ്‌കാരം, മുസ്ലീം സംസ്‌കാരം, ബ്രിട്ടീഷ് കാലഘട്ടം എന്നിങ്ങനെ വേർതിരിച്ചത്. ഏതെങ്കിലുമൊരു മതത്തെ അടിസ്ഥാനമാക്കിയുള്ള ഏകാത്മകമായൊരു ഭാരതീയ സംസ്‌കാരം ഇന്ത്യയുടെ പ്രാചീന ഭൂതകാലത്തിലോ, പിൽക്കാല ചരിത്ര ഘട്ടങ്ങളിലൊ ഇവിടെ നിലനിന്നിരുന്നില്ല. ജാതി വ്യവസ്ഥയും ജാതീയമായ മർദ്ദനവും ശക്തമായിരുന്ന ബ്രിട്ടീഷ് കാലഘട്ടത്തിന് മുമ്പുള്ള ഇന്ത്യയിൽ, ഇന്നു നാം വിവക്ഷിക്കുന്ന ഏകാത്മകമായൊരു ഹിന്ദുമതം ഒരിക്കലും നിലനിന്നിരുന്നില്ല; ശൈവം, വൈഷ്ണവം, ശാക്തേയം, മറ്റ് ആരാധനാരീതികൾ എന്നിവയെല്ലാമാണ്  അന്നുണ്ടായിരുന്നത്. ഇവയെല്ലാം ഒരു നിശ്ചിത കാലഘട്ടത്തിൽ സ്വതന്ത്രമായി വികസിച്ചുവന്നവയാണ്. ബ്രിട്ടീഷ് ഭരണാധികാരികളാണ് ഇവയെയെല്ലാം ഒരൊറ്റ മതത്തിന്റെ ലേബലിൽ, സെമിറ്റിക് മതങ്ങളുമായി തുലനം ചെയ്ത് ഹിന്ദുമതമെന്നൊരു ഏകാത്മക ഔദ്യോഗിക മതസങ്കല്പം രൂപപ്പെടു ത്തിയത്. ഒരോ മതത്തിൽപ്പെട്ടവരെ വേർതിരിച്ചു കണക്കെടുക്കുന്ന രീതി ബ്രിട്ടീഷ് കാലഘട്ടത്തിന് മുൻപ് ഇന്ത്യയിൽ ഉണ്ടായിരുന്നില്ല. 1872 ൽ ബ്രിട്ടീഷ് ഭരണകൂടം ആദ്യമായി ഇന്ത്യയിൽ നടപ്പിലാക്കിയ കനേഷുമാരിയിൽ ഒരോ വ്യക്തിയും അവരുടെ മതം വെളിപ്പെടുത്തണമായിരുന്നു. അങ്ങനെയാണ് ഒരു ഏകാത്മക ഔദ്യോഗിക ഹിന്ദുമതം രൂപപ്പെടുന്നത്.
‘ഹിന്ദു’ എന്ന പദത്തിന്റെ ഉത്ഭവം ഭൂമിശാസ്ത്രപരമാണ്. എ.ഡി ഒന്നാം സഹസ്രാബ്ദത്തിന്റെ ആരംഭത്തിൽ ഹിന്ദു എന്ന പദം പ്രയോഗത്തിലില്ലാ യിരുന്നു. ആ പദത്തിന്റെ പ്രയോഗം എ.ഡി. എട്ടാം നൂറ്റാണ്ടിനു ശേഷം സിന്ധുവിനപ്പുറം പാർത്തിരുന്ന ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ നിവാസികളെ പരാമർശിച്ചുകൊണ്ട് അറബികൾ ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് വ്യാപകമാകുന്നത്. വളരെ കാലത്തിനു ശേഷമാണ് അതിന് മതപരമായൊരു അർത്ഥം കൈവരുന്നത്. സെമിറ്റിക് മതങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ തദ്ദേശീയ മതങ്ങളുടെയെല്ലാം അനുയായികളെ ഒന്നാകെ സൂചിപ്പിക്കാൻ പാകത്തിൽ ആ പദത്തിന് മതപരമായൊരു വ്യാപതി കൈവന്നു. പതിനാലാം നൂറ്റാണ്ടു മുതലാണ് വിജയനഗര രാജാക്കന്മാരിലൊരാൾ ‘ഹിന്ദുരായ സുരത്രാണ’ എന്ന് സ്വയം വിശേഷിപ്പിക്കുന്നത്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ രാജാവ് മുസ്ലീംങ്ങളിൽ നിന്ന് തങ്ങളെ വേർതിരിച്ചു കാണിക്കാൻ ഹിന്ദു എന്ന പദം പ്രയോഗിക്കുന്നത്. പുറത്തുള്ളവർ ഇന്ത്യാക്കാരെപ്പറ്റി പൊതുവെ പ്രയോഗിച്ചിരുന്ന ഒരു ഭൂമിശാസ്ത്രനാമം അങ്ങനെ  ആന്തരികവൽക്കരിക്കപ്പെട്ടു. അപ്പോഴും ബ്രാഹ്മണരെയും, ശൂദ്രനെയും, തൊട്ടുകൂടാത്തവരെയുമെല്ലാം ചേർത്ത് ഹിന്ദു മതത്തിലെ തുല്യ അംഗങ്ങളായി പരിഗണിക്കുകയെന്നത് ഉപഭൂഖണ്ഡത്തിൽ നിലനിന്നിരുന്ന മതബോധത്തിന് അന്യമായിരുന്നു. ബ്രാഹ്മണ വിഭാഗങ്ങൾക്ക് അത് തീർച്ചയായും അരോചകമായിരിന്നുതാനും. ഇന്ന് ആർ എസ് എസ് അവകാശപ്പെടുന്നതു പോലെ ഒരു ഹിന്ദുമത സ്വത്വബോധം ഇന്ത്യയുടെ പ്രാചീന കാലഘട്ടങ്ങളിലൊന്നും ഇവിടെ നിലനിന്നിരുന്നില്ല. ഇന്നത്തെ ഹിന്ദു വിഭാഗങ്ങൾ എന്നവകാശപ്പെടുന്നവരുടെ പൂർവ്വികർ തങ്ങളുടെ മതത്തെ തിരിച്ചറിഞ്ഞത്  ശൈവം, വൈഷ്ണവം, ഭാഗവതം, പാശുപതം എന്നിങ്ങനെയുള്ള വിഭാഗങ്ങളുടെ സ്വത്വബോധത്തിലൂടെയാണ്. അതായത് എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരൊറ്റ മതത്തിന്റേതായിരുന്നില്ലായെന്ന് ചുരുക്കം. ഇന്ത്യയുടെ പുരാതന ഗ്രന്ഥങ്ങളായ വേദങ്ങൾ, ഉപനിഷത്തുകൾ, ഇതിഹാസങ്ങളായ രാമായണം, മഹാഭാരതം എന്നിവയിലൊന്നും ഹിന്ദു മതത്തെക്കുറിച്ചുള്ള പരാമർശമോ എന്തിന് ഹിന്ദു എന്ന പരാമർശമോ പോലും നമ്മുക്ക് കാണാനാവില്ല. പ്രാചീന കാലത്ത് വൈദിക ബ്രാഹ്മണമതവും, ശ്രമണമതങ്ങളും (ബുദ്ധ ജൈന മതങ്ങൾ) നിലനിന്നിരുന്നു. ഹിന്ദുമതമെന്ന് ഇന്ന് നാം വിവക്ഷിക്കുന്നൊരു മതം അന്ന് നിലവിലില്ലായിരുന്നതുകൊണ്ടാണ് ഈ പ്രാചീന ഗ്രന്ഥങ്ങളി ലൊന്നും ഇങ്ങനെയൊരു പരാമർശം ഇല്ലാതെ പോയത്.
ആധുനിക കാലഘട്ടത്തിൽ, ഭരണഘടനാപരമായി മതേതര ജനാധിപത്യ ഭരണവും അതിന്റെ അടിസ്ഥാനത്തിലുള്ള നിയമവാഴ്ചയും നിലനിന്നിരുന്ന ഒരു രാജ്യത്താണ് ബാബറി മസ്ജിദ് പോലൊരു ചരിത്ര സ്മാരകം നിയമവിരുദ്ധമായി ഇല്ലായ്മ ചെയ്യപ്പെട്ടത്. അവിടെ പുതിയൊരു രാമക്ഷേത്രം പണിയുന്നതിലെ നീതിയും, ചരിത്ര സാംഗത്യവും ഇതിനോടകം തന്നെ ലോകത്തെ ജനാധിപത്യവിശ്വാസികളാൽ ഒന്നടങ്കം ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. ഏത് വിശ്വാസത്തിൽപ്പെട്ടവർക്കും അവരുടെ ആരാധനാലയങ്ങൾ പണിയാൻ ഇന്ത്യയിൽ അവകാശമുണ്ട്. പക്ഷെ, ഇവിടെ മധ്യകാലഘട്ടത്തിലെ തെറ്റുതിരുത്തുകയാണെന്ന വ്യാജേന ആർ എസ് എസ് അവരുടെ രാഷ്ട്രീയ ലക്ഷ്യം നടപ്പിലാക്കിയെടുക്കുകയാണ്. അതിന് ഇന്ത്യയിലെ പാവപ്പെട്ട ഹിന്ദു മതവിശ്വാസികളുടെ താല്പര്യവുമായി യാതൊരു ബന്ധവുമില്ലെന്ന കാര്യം നാം മനസ്സിലാക്കണം. ഇന്ത്യയുടെ മതേതര ജനാധിപത്യ ഘടനയ്ക്ക് ഏൽക്കുന്ന ഒരോ തിരിച്ചടിയും ആത്യന്തികമായി ബാധിക്കുക ഇന്ത്യയിലെ എല്ലാ വിഭാഗത്തിലുമുള്ള  സാധാരണ ജനങ്ങളെയായിരിക്കും. ഒരു രാജ്യത്ത്  ജനാധിപത്യ മതേതര അന്തരീക്ഷം പുലർന്നാൽ മാത്രമെ, അവിടെ സാമൂഹ്യ സാംസ്‌കാരിക വൈജ്ഞാനിക മേഖകളിലുൾപ്പെടെയുള്ള പുരോഗതി സാധ്യമാവുകയുള്ളു. ജനങ്ങളുടെ  കഷ്ടപ്പാടുകൾ പരിഹരിക്കുന്നതിനു വേണ്ടിയുള്ള പ്രക്ഷോഭ ങ്ങൾ സംഘടിപ്പിക്കാനും അതിൽ അണിനിരക്കുവാനും മതേതര ജനാധിപത്യ അന്തരീക്ഷം ആവശ്യമാണ്. നമ്മുടെ രാജ്യത്ത് നാമമാത്രമായെങ്കിലും നിലനിൽക്കുന്ന മതേതര ജനാധിപത്യത്തിന്റെ അവശിഷ്ടങ്ങൾ മോദി ഭരണത്തിൽ സമ്പൂർണമായും തുടച്ചു നീക്കപ്പെടുകയാണ്.
ആധുനിക ഇന്ത്യയെ രൂപപ്പെടു ത്തിയത് ഇന്ത്യൻ നവോത്ഥാനവും സ്വാതന്ത്ര്യ സമര പ്രസ്ഥാനവുമാണ്. ഈ പ്രസ്ഥാനങ്ങളി ലൊന്നും ആർഎസ്എസ് പങ്കെടുത്തിരുന്നില്ല. അന്നവർ ബ്രിട്ടീഷ് വാഴ്ചയ്‌ക്കെതിരെ വളർന്നു വന്ന ദേശീയ പ്രസ്ഥാനത്തി നുതന്നെ എതിരായിരുന്നു.  
ഇന്ത്യയുടെ മതേതരത്വത്തെ സമ്പൂർണ്ണമായി തകർക്കുന്ന പൗരത്വഭേദഗതിനിയമവും ദേശീയ പൗരത്വ രജിസ്റ്ററും വന്നുകഴിഞ്ഞു. ഇത് ഫാസിസ്റ്റ് ജർമ്മനിയിൽ കൊണ്ടുവന്ന 1935 ലെ ന്യൂറെംബർഗ് നിയമങ്ങളുടെ ഒരിന്ത്യൻ പതിപ്പാണെന്ന് പറയാം. പൗരത്വ രേഖകളും, പാരമ്പര്യ രേഖകളും ഉള്ളവർക്ക് മാത്രമായി ജർമ്മൻ പൗരത്വം പരിമിതപ്പെടുത്തിയ നിയമമായിരുന്നു അത്. കാശ്മീർ ജനത ഒരു വർഷമായി തടവറയിലാണ്. കേന്ദ്ര സർക്കാർ അവിടെ നിയമ ലംഘനങ്ങളുടെ പരമ്പര തുടരുകയാണ്. ജനങ്ങളുടെ ജീവിത ദുരിതം വർദ്ധിപ്പിച്ചുകൊണ്ടു സമ്പദ്ഘടനയും തകരുകയാണ്. കാശ്മീരി ജനതയോട്  ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അവിടെ സംസ്ഥാന പദവിയും ജനാധിപത്യവും പുനസ്ഥാപിക്കുന്നതിനു വേണ്ടി എല്ലാ പ്രതിപക്ഷ രാഷ്ട്രീയ സംഘടനകളും നേതാക്കളും കാശ്മീർ ജനതയ്ക്കായി തെരുവിലിറങ്ങണം. ഇന്ത്യയുടെ ഫെഡറൽ സമ്പ്രദായവും മതേതര ശാസ്ത്രീയ വിദ്യാഭ്യാസവും  തകർന്നടിയുകയാണ്. നമ്മുടെ സങ്കൽപ്പത്തിലെ മതേതര ജനാധിപത്യ ഇന്ത്യ വളരെ വേഗം അസ്തമിക്കുന്നു. നമ്മുടെ രാജ്യം സമ്പൂർണ ഫാസിസത്തിലേക്കുള്ള പാതയിലാണ്. സമ്പൂർണ ഫാസിസം വന്നു കഴിഞ്ഞാൽ മനുഷ്യനെന്ന പേരിനർഹമായ വളരെ കുറച്ചുപേര്‍മാത്രമേ അവശേഷിക്കുകയുള്ളൂ എന്ന വാക്കുകൾ മഹാനായ മാർക്‌സിസ്റ്റ് ആചാര്യനും നമ്മുടെ പാർട്ടിയുടെ സ്ഥാപക ജനറൽ സെക്രട്ടറിയുമായ സഖാവ് ശിബ്ദാസ് ഘോഷിന്റേതാണ്. അതിനാൽ ഫാസിസത്തിനെതിരായ പോരാട്ടം മനുഷ്യനെന്ന നിലനിൽപ്പിനായുള്ളതാണ്. ഈ പോരാട്ടത്തെ അത്രമേൽ ഗൗരവത്തോടെ പരിഗണിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

റഫറൻസ്:

1. ആദിമ ഇൻഡ്യാ ചരിത്രം-റൊമീലാ ഥാപ്പർ 2. Religion in Indian History-Edited by Irfan Habib 3. റിബൽ സുൽത്താന്മാർ-മനു എസ്. പിള്ള 4. വർഗ്ഗീയത ഇൻഡ്യയിൽ-ഡോ.കെ.എൻ.പണിക്കർ 5. A history of ancient and early medieval India – Dr. Upinder Singh

Share this post

scroll to top