മധ്യപ്രദേശ് അസംബ്ലിയിലെ നാണംകെട്ട കുതിര കച്ചവടത്തിൽ ബിജെപി വിജയിച്ചിരിക്കുന്നു

images-9.jpeg
Share

ബൂർഷ രാഷ്ട്രീയത്തിന്റെ പ്രയോക്താക്കൾ മുതലാളിവർഗ്ഗ ഭരണം നിലനിർത്താനുള്ള പരിശ്രമത്തിൽ അങ്ങേയറ്റം അപലപനീയവും തരംതാണതുമായ ഏതുതരം എല്ലാത്തരം മാർഗങ്ങളും സ്വീകരിക്കുമെന്നത് ഒരു രഹസ്യമല്ല. മധ്യപ്രദേശിലെ ഇപ്പോഴത്ത നികൃഷ്ട കാഴ്ചകൾ ഇത് ഒരിക്കൽ കൂടി തുറന്നു കാട്ടിയിരിക്കുകയാണ്.

മധ്യപ്രദേശിൽ അധികാരത്തിലുണ്ടായിരുന്ന കോൺഗ്രസ് പാർട്ടി, മുതലാളിവർഗ്ഗത്തിന്റെ വിശ്വസ്ത പാദസേവകരാണെങ്കിൽപോലും, ആഭ്യന്തര കലഹങ്ങളുടെ ആധിക്യത്താൽ പരിതാപകരമായ അവസ്ഥയിലായിരുന്നു. ഭരണവർഗത്തോട് അത്രതന്നെ വിശ്വസ്ഥത പുലർത്തുന്ന, തങ്ങളുടെ പ്രത്യയശാസ്ത്ര ത്തെയും ആദർശത്തെയും കുറിച്ച് വീമ്പിളക്കുന്ന ബിജെപി ഈ സാഹചര്യം മുതലെടുത്തുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് സർക്കാരിനെ പുറത്താക്കി അധികാരത്തിലേറാൻ ഗൂഢാലോചന നടത്തി. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ തങ്ങൾക്ക് നഷ്ടപ്പെട്ട അധികാരം വീണ്ടെടുക്കാന്‍ നിയമസഭയിൽ ഭൂരിപക്ഷം നേടിയെടുക്കാനായി എംഎൽഎമാരെ വിലയ്ക്കെടുക്കുകയും മറ്റ് നെറികെട്ട മാർഗങ്ങൾ അവലംബിക്കുകയും ചെയ്തു.
മധ്യപ്രദേശിലെ ഏറ്റവും പ്രമുഖ കോൺഗ്രസ് നേതാക്കളിലൊരാളായ ജ്യോതിരാദിത്യ സിന്ധ്യയെ ബിജെപി ഉന്നംവെച്ചു. രണ്ടാഴ്ച മുമ്പുവരെ അദ്ദേഹം ബിജെപിയെ കടന്നാക്രമിക്കുന്നതിലും തന്റെ അന്നത്തെ പാർട്ടിയായ കോൺഗ്രസ്സിൽ പൂർണവിശ്വാസ മർപ്പിക്കുന്നതിലും വാചാലനായിരുന്നു. കോൺഗ്രസ്സ് സ്ഥാനാർഥിയായി നിയമസഭയിലേക്ക് രണ്ട് തവണ മത്സരിച്ചു ജയിക്കുകയും ഒരിക്കൽ കേന്ദ്ര മന്ത്രി സ്ഥാനം വഹിക്കുകയും ചെയ്ത സിന്ധ്യ ഇപ്പോൾ ഏറ്റവും നല്ല വാക്കുകൾ ഉപയോഗിച്ച് പറയുകയാണെങ്കിൽ ‘തരംപോലെ രൂപം മാറുന്നവൻ’ ആയിരിക്കുകയാണ്. ഒരു രാജ്യസഭാ സീറ്റ് സമ്മാനമായി നൽകിക്കൊണ്ട് സിന്ധ്യയെ പാർട്ടിയിൽ ചേർക്കുന്നതിൽ ബിജെപി വിജയിച്ചു.


വ്യക്തിപരമായ അഭിലാഷങ്ങളും അധികാരത്തിനോടുള്ള ആസക്തിയും കാരണമാണ് സിന്ധ്യ നിയമസഭയിൽ നിന്നും രാജിവെച്ചത്. ആറ് മന്ത്രിമാരുൾപ്പെടെ അസംതൃപ്തരായ 20-22 എംഎൽഎമാരെയും തന്നോടൊപ്പം കോൺഗ്രസിൽ നിന്ന് രാജിവെപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു. തത്ഫലമായി കോൺഗ്രസിന് ഭൂരിപക്ഷം ഇല്ലാതായി. അങ്ങിനെ കോൺഗ്രസ്സ് സർക്കാർ അട്ടിമറിക്കപ്പെട്ടു. ഉപതെരെഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളായി മത്സരിക്കാനുള്ള സാധ്യതയാണ് കോൺഗ്രസ്സിൽനിന്നും പുറത്തുവന്ന എംഎൽഎമാർക്ക് പ്രലോഭനമായതെന്നത് പ്രകടമാണ്. കലക്കവെള്ളത്തിൽ മീൻ പിടിച്ചുകൊണ്ട് അങ്ങേയറ്റം നികൃഷ്ടമായ പ്രവൃത്തികളിലൂടെ എംഎൽഎമാരുടെ എണ്ണം വർധിപ്പിച്ചുകൊണ്ട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുവാനായുള്ള ശ്രമത്തിലേർ പ്പെട്ടിരിക്കുകയായിരുന്നു ഇരു പാർട്ടികളും. കുതിരക്കച്ചവടത്തോടൊപ്പം തങ്ങളുടെ എംഎൽഎമാരെ എതിർ പാർട്ടി വശീകരിക്കുന്നത് തടയാനായി അവരെ റിസോർട്ടുകളിലോ സുഖവാസകേന്ദ്രങ്ങളിലോ താമസിപ്പിക്കുകയെന്ന ലജ്ജാകരമായ പ്രവൃത്തിയിലും ഇരു പാർട്ടികളും ഏർപ്പെടുകയുണ്ടായി. അവസാനം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുന്നതിന് മുൻപ് തന്നെ കോൺഗ്രസ് മുഖ്യമന്ത്രി രംഗം വിട്ടു.
എല്ലാ ജനാധിപത്യരീതികളും ധ്വംസിച്ചുകൊണ്ട് കുതിരക്കച്ചവടത്തിലും അതോടൊപ്പമുള്ള മറ്റ് അധാർമിക പ്രവൃത്തികളിലും ഏർപ്പെടുകയെന്നത് നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഒരു പുതുമയുള്ള കാര്യമല്ല..കഴിഞ്ഞ പാർലമെന്റ് തെരെഞ്ഞെടുപ്പു കാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ തൃണമൂൽ കോൺഗ്രസ്സ് നേതാക്കൾ താനുമായി ബന്ധം പുലർത്തുന്നു ണ്ടെന്ന് വീരവാദം മുഴക്കിയിരുന്നു. കുറച്ചുമാസങ്ങൾക്കുമുമ്പ് മാത്രമാണ് അർദ്ധരാത്രി രാഷ്ട്രപതി ഭരണം അവസാനിപ്പിച്ചുകൊണ്ട് ബിജെപിയിലെ ദേവേന്ദ്ര ഫഡ്നാവിസിന് മുഖ്യമന്ത്രിയായി അധികാരമേൽക്കാൻ ഗവർണർ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത സംഭവത്തിന് മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചത്. അതുപോലെയുള്ള ആസൂത്രിതമായ നീക്കങ്ങളിലൂടെ തെരെഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിച്ച പട്ടികയിൽ മണിപ്പൂർ, അരുണാചൽ, കർണാടക എന്നീ സംസ്ഥാനങ്ങളുമുണ്ട്. ബിജെപി വാഴ്ച ഇത്തരം ഹീനമായ കളികൾ സർവ്വവ്യാപിയും എളുപ്പമുള്ളവയുമായി മാറ്റിയിരിക്കുകയാണ്. പണം കൊടുത്തു സ്വാധീനിക്കുക, സിബിഐ അന്വേഷണത്തിന് വിധേയമാക്കികൊണ്ട് ഭീഷണിപ്പെടുത്തുക തുടങ്ങിയ ദുഷിച്ചതും അന്യായമായതുമായ പ്രവൃത്തികളിലൂടെ തങ്ങളുടെ പ്രതിയോഗികളെ ദുർബലമാക്കാനും സ്വയം ശക്തി പ്രാപിക്കാനും ബിജെപി കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്.


മുതലാളിത്തതിന്റെ ആരംഭദശയിൽ പാർലമെൻററി ജനാധിപത്യം ഒരു വ്യവസ്ഥ എന്ന നിലയിൽ നിലവിൽ വന്ന സമയത്തു് ഇത്തരം രീതികളൊന്നും ഉണ്ടായിരുന്നില്ല. അക്കാലത്തു ബൂർഷ്വാ രാഷ്ട്രീയത്തിൽ പോലും അതികായന്മാരായ നേതാക്കൾ തങ്ങളുടെ സ്വഭാവഗുണംകൊണ്ടും സദാചാര-നൈതിക നിലവാരംകൊണ്ടും ജനങ്ങളുടെ അഗാധമായ ആദരവും വിശ്വാസവും പിടിച്ചുപറ്റിയിരുന്നു. അക്കാലത്തു ഏതെങ്കിലുമൊരു ബൂർഷ്വാ-പെറ്റി ബൂർഷ്വാ പാർലമെന്ററി പാർട്ടിയുടെ സ്ഥാനാർത്ഥിത്വത്തിൽ ഒരാൾ ജനപ്രതിനിധിയായി നിയമനിർമാണ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ ആ പാർട്ടിയോട് അയാൾ കൂറുപുലർ ത്തണം എന്നത് നിഷ്‌കര്‍ഷിക്കപ്പെട്ടിരുന്നു.
പക്ഷെ ഇന്ന് മുതലാളിത്തത്തിന്റെ ജീർണാവസ്ഥയിൽ, മൂല്യങ്ങളും സദാചാരവും നൈതികതയും അങ്ങേയറ്റം ക്ഷയിച്ചിരിക്കുന്ന സമയത്തു ബൂർഷ്വാ രാഷ്ട്രീയവും ജീർണതയുടെ പടുകുഴിയിൽ വീണിരിക്കുകയാണ്. അപകൃഷ്ടമായ രാഷ്ട്രീയ താല്പര്യങ്ങളാലും അവസരവാദത്താലും നിയന്ത്രിക്കപ്പെടുന്നവരും, പ്രധാനമായും പണത്തോടും അധികാരത്തോടുമുള്ള അത്യാർത്തിയാൽ നയിക്കപ്പെടുന്നവരുമായ ബൂർഷ്വാ രാഷ്ട്രീയക്കാർ ഒരിക്കൽ മഹത്തായതെന്ന് ഗണിച്ചിരുന്ന രാഷ്ട്രീയത്തെ കളങ്കപ്പെടുത്തിയിരിക്കുന്നു. അതിനാൽ ഇന്ന് ഭരിക്കുന്ന കുത്തകകളുടെ വിശ്വസ്ത പാദസേവകരായി ബൂർഷ്വാ പാർലമെന്ററി രാഷ്ട്രീയത്തിൽ തഴച്ചുവളരുന്ന രാഷ്ട്രീയക്കാർ അധികാരശക്തികളോടൊപ്പം നിൽക്കാൻവേണ്ടി കളം മാറുന്നതിൽ ഒരു മനഃസാക്ഷിക്കുത്തും അനുഭവിക്കുന്നില്ല. രാജ്യത്തെല്ലായിടത്തും ഇതാണ് അവസ്ഥ. മധ്യപ്രദേശിലെ ഇപ്പോഴത്തെ പ്രക്ഷുബ്ധമായ രാഷ്ട്രീയസാഹചര്യം ഇതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ്. അധികാരത്തിനും പണത്തിനും വേണ്ടി മത്സരിക്കുന്ന ഇത്തരത്തിലുള്ള പാർട്ടികളിലെ നേതാക്കളുടെ അവസരവാദപരവും സങ്കുചിതവുമായ താല്പര്യങ്ങൾ തമ്മിലുള്ള വൈരുധ്യമായും ചെറുതും വലുതുമായ കോർപ്പറേറ്റ് ഹൗസുകൾ തമ്മിലുള്ള വൈരുധ്യമായുമാണ് ഇതിനെ നാം കാണേണ്ടത്. ഇവിടെ കൂട്ടിച്ചേർക്കപ്പടേണ്ട മറ്റൊരു കാര്യമെന്തെന്നാൽ പാവനമെന്ന് പറയപ്പെടുന്ന ബൂർഷ്വാ പാർലമെന്ററി രാഷ്ട്രീയത്തിൽ ജനപ്രതിനിധികൾ വിശ്വാസവഞ്ചന ചെയ്താൽ അവരെ തിരിച്ചുവിളിക്കാൻ ജനങ്ങൾക്ക് അധികാരമില്ല എന്നതാണ്. സോഷ്യലിസത്തിൽ ഈ വ്യവസ്ഥ നിലവിലുണ്ടായിരുന്നു.
എല്ലാ ജനാധിപത്യ മര്യാദകളെയും മൂല്യങ്ങളെയും ചവിട്ടിമെതിക്കുന്ന, രാഷ്ട്രീയത്തിലെ ഈ അധഃപതനം അതിയായ വൈഷമ്യമുളവാക്കുന്നതാണ്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ എന്നീമേഖലകളില്‍ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിൽ ഈ ബൂർഷ്വാ പാർട്ടികൾ പരാജയപ്പെടുന്നുവെന്ന് മാത്രമല്ല ഏത് ഘട്ടത്തിലും അവർ മുതലാളി വർഗ്ഗത്തിന്റെ പാദസേവകരും, പണത്തിനും അധികാരത്തിനും വേണ്ടി എത്രമാത്രം അധഃപതിക്കാനും മടിയില്ലാത്തവരുമാണ്. ഈ കാര്യം മനസ്സിലാക്കാൻ നേരായി ചിന്തിക്കുന്ന എല്ലാ പൗരൻമാരോടും, പുരോഗമന ചിന്താഗതിക്കാരോടും വിദ്യാർത്ഥികളോടും യുവാക്കളോടും അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ വിപ്ലവ പാർട്ടിയായ എസ്‌യുസിഐ(സി) അഭ്യർത്ഥിക്കുന്നു.

അധഃപതിച്ച ബൂർഷ്വാ പാർലമെന്ററി രാഷ്ട്രീയത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്നും ജനങ്ങളെ മോചിപ്പിച്ചുകൊണ്ട് അവരെ നീറുന്ന ജീവിതപ്രശ്‌നങ്ങൾ മുൻനിർത്തിയു ള്ള പ്രക്ഷോഭണങ്ങളിൽ അണിനിരത്തണമെന്ന് ഈ സാഹചര്യരം നമ്മളോട് ആവശ്യപെടുന്നു. വിപ്ലവരാഷ്ട്രീയത്തെ ശക്തിപ്പെടുത്തിക്കൊണ്ടു ജീർണിച്ച മുതലാളിത്ത വ്യവസ്ഥയെ തകർത്തെറിയുക എന്നതാവണം ഈ പ്രക്ഷോഭണങ്ങളുടെ അന്തിമമായ ലക്ഷ്യം.

Share this post

scroll to top