എല്ലാദിനങ്ങളും സ്ത്രീസമൂഹത്തിന് എപ്രകാരമായിരിക്കണം എന്നതിനെക്കുറിച്ച് ചിന്തിക്കുവാൻ സ്ത്രീസമൂഹ ത്തിനും പൊതുസമൂഹത്തിനും മാര്‍ച്ച് 8 അവസരമൊരുക്കുന്നു. എങ്ങനെയാണ് ജീവിതത്തെ നോക്കിക്കാണുകയും രൂപപ്പെടു ത്തുകയും ചെയ്യേണ്ടതെന്ന് വനിതാദിനം സ്ത്രീകളെ പ്രത്യേകിച്ചും ഓർമ്മപ്പെടുത്തുന്നു.
163 വർഷങ്ങൾക്കുമുമ്പ് , 1857 മാർച്ച് 8ന് ന്യൂയോർക്കിലെ തുണിമിൽ തൊഴിലാളികളായ സ്ത്രീകൾ തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങളും വോട്ടവകാശവുമുൾപ്പെടെ, സാമൂഹ്യ രഷ്ട്രീയ രംഗങ്ങളുമായി ബന്ധപ്പെട്ട നിരവധി ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് ആരംഭിച്ച പ്രക്ഷോഭണം ചരിത്രത്തിലെതന്നെ നാഴികക്കല്ലായി. ‘ലേബർ യൂണിയൻ ഓഫ് ടെക്‌സ്റ്റൈൽ വിമൻ വർക്കേഴ്‌സ്’ എന്ന സംഘടനയ്ക്ക് രൂപംനൽകിക്കൊണ്ട് യൂറോപ്പിലെയും അമേരിക്കയിലെയും സ്ത്രീതൊഴിലാളികൾ നിരന്തരം തെരുവിലണിനിരന്നു. എണ്ണമറ്റ പ്രതിസന്ധികളെയും പ്രതിബന്ധങ്ങ ളെയും നേരിട്ടുകൊണ്ട് സ്ത്രീകൾ നടത്തിയ ഈ പ്രക്ഷോഭങ്ങളാണ് ചരിത്രത്തിൽ സാർവ്വദേശീയ വനിതാദിനത്തിന് നാന്ദിയായത്.
1909ൽ സോഷ്യലിസ്റ്റ് പാർട്ടി ഓഫ് അമേരിക്കയുടെ മുൻകൈയിൽ ഒരു ദിനം വനിതകൾക്കായി നീക്കിവച്ചുകൊണ്ട് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. 1910 ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ നടന്ന രണ്ടാമത് സാർവ്വദേശീയ വനിതാ സമ്മേളനത്തിൽവച്ച് ജർമ്മൻ കമ്മ്യൂണിസ്റ്റ് പാർട്ടിനേതാവായിരുന്ന ക്ലാരാ സ്വെറ്റ്കിൻ സാർവ്വദേശീയ വനിതാ ദിനം എന്ന ആശയം മുന്നോട്ടുവച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചു. ലെനിൻ പങ്കെടുത്ത രണ്ടാം ഇന്റർനാഷണലും ഈ ആശയത്തെ സർവ്വാത്മനാ പിന്തുണച്ചു. സാർവത്രിക വോട്ടവകാശം, തൊഴിലിടങ്ങളിലെ സ്ത്രീപുരുഷ തുല്യത തുടങ്ങിയ ആവശ്യങ്ങളും പ്രസ്തുത സമ്മേളനം ചർച്ച ചെയ്തു. 1911 മുതൽ ഓസ്ട്രിയ, ഡെൻമാർക്ക്, ജർമ്മനി, റഷ്യ തുടങ്ങിയ രാജ്യങ്ങളിലായി ആരംഭിച്ച വനിതാദിനാചരണം ക്രമേണ എല്ലാ രാജ്യങ്ങളും ഏറ്റെടുത്തു. 1917 മാർച്ച് 8ന് ‘പെട്രോഗ്രാഡ് വുമൺ ടെക്‌സ്റ്റൈൽ വർക്കേഴ്‌സി’ന്റെ ആഭിമുഖ്യത്തിൽ സ്ത്രീതൊഴിലാളികളുടെ വമ്പിച്ച റാലി നടന്നു. സാർചക്രവർത്തിയെ സ്ഥാനഭ്രഷ്ട നാക്കിയ വിപ്ലവത്തിന് ആക്കംപകർന്നതിൽ ഈ പ്രക്ഷോഭങ്ങൾക്ക് നിർണായക പങ്കുണ്ട്. തുടർന്ന് നടന്ന സോഷ്യലിസ്റ്റ് വിപ്ലവത്തിലൂടെ സ്ഥാപിതമായ ലോകത്തിലെ ആദ്യ തൊഴിലാളിവർഗ്ഗ ഭരണകൂടം മാർച്ച് 8 വനിതാദിനമായി പ്രഖ്യാപിച്ചു. 1975ൽ ഐക്യരാഷ്ട്ര സംഘടനയും മാർച്ച് 8 സാർവ്വദേശീയ വനിതാദിനമായി പ്രഖ്യാപിച്ചു. മാർച്ച് 8 സാർവ്വദേശീയതലത്തിൽ വനിതാദിനമായി ആചരിക്കപ്പെട്ടുപോരുന്നതിന്റെ ചരിത്രമിതൊക്കെയാണ്.
ഇന്ത്യയിൽ സ്ത്രീകളുടെ അവസ്ഥ
നമ്മുടെ നാടിനെ സംബന്ധിച്ചിടത്തോളം ഒരു ചടങ്ങിനപ്പുറത്തേയ്ക്ക് സാധാരണഗതിയിൽ വനിതാദിനാചരണം പോകാറില്ല. വർഷത്തിൽ ഒരുദിനം പേരിലെങ്കിലും വനിതകൾക്കായുണ്ട് എന്നത് അറിയാൻതന്നെ എല്ലാവർക്കും അവസരമില്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് സ്ത്രീകളുടെ സ്ഥിതി അത്ര കഠിനമാണ്.
‘സ്ത്രീകൾ സുരക്ഷിതരല്ലാത്ത ഇടങ്ങളിൽ ലോകത്ത് ഒന്നാംസ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത് എന്നാണ് ഫോബ്‌സ് മാഗസിൻ നടത്തിയ സർവേയുടെ റിപ്പോർട്ട്. അമേരിക്കയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യയിലേയ്ക്ക് സന്ദർശനത്തിനുപോകുന്ന സ്വന്തം രാജ്യത്തെ വനിതകൾക്കായി പ്രത്യേക നിർദ്ദേശങ്ങൾ ഇറക്കുന്നു. അന്തർദ്ദേശിയ തലത്തിൽ ഇതാണ് ഇന്ത്യയ്ക്കുള്ള ഖ്യാതി.
‘ബേഠീ ബഛാവോ’ ‘ബേഠീ പഠാവോ’ എന്ന് ഭരണാധികാരികൾ നിരന്തരം വായ്ത്താരിയിടുന്നുണ്ടെങ്കിലും ആയത് നടപ്പാക്കുന്നതിൽ അശേഷം താൽപര്യമില്ല. സ്ത്രീകൾക്കും പെൺകുട്ടികൾക്കുംനേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു എന്നതാണ് നിത്യേനയുള്ള റിപ്പോർട്ട്. ജോലിസ്ഥലങ്ങളിൽപ്പോലും തുല്യമായ പരിഗണനകളില്ല.
2013ലെ നാഷണൽ ക്രൈം റിക്കോർഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 24,923 ബലാത്സംഗകേസുകളാണ് 2012ൽ ഇന്ത്യയിൽ ഉണ്ടായത്. 2016ലെ കണക്കനുസരിച്ച് പ്രതിദിനം 106 ബലാത്സംഗകേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിൽ 40ശതമാനവും പ്രായപൂർത്തിയാകാ ത്ത പെൺകുട്ടികൾക്കുനേരെ നടന്ന ആക്രമണങ്ങളാണ്.
ആഗോളതലത്തിൽത്തന്നെ സ്ത്രീകൾക്കുനേരയുള്ള അതിക്രമങ്ങളിൽ മുൻനിരയിലാണ് ഇന്ത്യയുടെ സ്ഥാനം. 2016ൽ കോടതിയിൽ വിചാരണ കാത്തുകിടന്നത് 1,18,537 ബലാത്സംഗ കേസുകളാണ്. വർഷാവസാനമായപ്പോൾ കേസുകളുടെ എണ്ണം 1,33,813 ആയി. 12.5ശതമാനത്തിന്റെ വർദ്ധനവ്! 21 പേരാണ് സ്ത്രീധനത്തിന്റെ പേരിൽ നിത്യേന ഇന്ത്യയിൽ കൊല ചെയ്യപ്പെടുന്നത്. നാഷണൽ ക്രൈം റിക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം 2014-15 കാലയളവിൽ മാത്രം ദുരഭിമാനക്കൊലയിൽ 789ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായത്. 15 ലക്ഷത്തോളം പെൺകുട്ടികൾ പ്രായപൂർത്തിയെത്തുന്നതിന് മുമ്പ് വിവാഹിതരാകുന്നു, നമ്മുടെ നാട്ടിൽ. 63,407 കുട്ടികളെയാണ് 2016ൽ കാണാതെയായത്. ഒരുപക്ഷേ റിപ്പോർട്ട് ചെയ്യപ്പെടാതെപോയ സംഭവങ്ങൾ ഇതിലുമേറെയുണ്ടാകാം. പെൺഭ്രൂണഹത്യ, പെൺശിശുഹത്യ തുടങ്ങിയവയ്ക്കും കുറവൊന്നുമില്ല നമ്മുടെ നാട്ടിൽ. 2019 ജനുവരി 1 മുതൽ ജൂൺവരെയുള്ള ചുരുങ്ങിയ കാലയളവിനുള്ളിൽ 24,212 കേസുകളാണ് കുഞ്ഞുങ്ങൾക്കുനേരെയുണ്ടായ ആക്രമണങ്ങൾ രജിസ്റ്റർ ചെയ്തത്. ഒരു മാസത്തിൽ 4,000 കേസുകൾ, ഒരു ദിവസം 130 കേസുകൾ, അതായത് ഓരോ അഞ്ചുമിനിട്ടിലും ഒരു കേസ്! കുഞ്ഞുങ്ങളെപ്പോലും വെറുതെ വിടാത്ത നമ്മുടെ സമൂഹത്തിന്റെ നേർകാഴ്ചകളാണ് മേൽ പ്രസ്താവിച്ച കണക്കുകൾ.
300 ആസിഡ് ആക്രമണങ്ങളാണ് പ്രതിവർഷം നടക്കുന്നത്. 1.75 ലക്ഷം ഗാർഹിക പീഡനകേസുകളാണ് രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിൽനിന്നായി ഒരു വർഷം റിപ്പോർട്ട് ചെയ്തത്. വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്ന സ്ത്രീപീഡനകേസുകൾ 12,04,786! 9-ാം ക്ലാസ്സിലെത്തുന്നതി നുമുമ്പ് 30 ശതമാനം പെൺകുട്ടികളും കൊഴിഞ്ഞുപോകുന്നു. ഇതൊക്കെയാണ് ജനാധിപത്യ ഇന്ത്യയിലെ സ്ത്രീജീവിതങ്ങൾ. ഇവിടെയാണ് എല്ലാവർഷവും നാം വനിതാദിനം കൊണ്ടാടുന്നത്. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് വാതോരാതെ പ്രഘോഷിക്കുന്നത്.
എന്നാൽ 2020ലെ വനിതാദിനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നവീനമായ അനുഭവമായിരുന്നു. വനിതാദിനത്തിന്റെ ചരിത്രത്തിന് നിരക്കുംവിധം ഇന്ത്യയിലെ സ്ത്രീകൾ തങ്ങളുടെ ശേഷിയും ശേമുഷിയും പ്രദർശിപ്പിച്ച് സമരപഥത്തിലായിരുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെയും ജനങ്ങളെയും വിഭജിക്കുന്ന പൗരത്വനിയമഭേദഗതിക്കെതിരെ രാജ്യമെമ്പാടും ഷഹീൻബാഗ് മോഡലുകൾ തീർക്കുകയായിരുന്നു. സ്വതന്ത്രഭാരതം ചരിത്രത്തിലെ ഏറ്റവും കഠിനമായ കാലത്തിലൂടെ കടന്നുപോകുമ്പോൾ അടുക്കളകളും അന്ത:പുരങ്ങളും വെടിഞ്ഞ് സ്ത്രീകൾ തെരുവിലിറങ്ങി. അവരുടെ പ്രതിഷേധം സഹജവും സ്വാഭാവികവുമായിരുന്നു.
2019 ഡിസംബർ 14 നാണ് ഷഹീൻ ബാഗിൽ സമരം ആരംഭിക്കുന്നത്. തുടക്കത്തിൽ അവർ ഏതാനുംപേരെ ഉണ്ടായിരുന്നുള്ളൂ. പത്തോ പതിനഞ്ചോ പേർ. പിറ്റേദിവസമാണ് ജാമിയ മിലിയയിലെ വിദ്യാർത്ഥികൾക്കുനേരെ നരനായാട്ട് നടന്നത്. സിഎഎയും എൻആർസിയും പിൻവലിക്കണം എന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയവരെയാണ് പോലീസ് തല്ലിച്ചതച്ചത്. നിരവധി വിദ്യാർത്ഥികൾക്ക് അതിക്രൂരമായ മർദ്ദനമേറ്റു. പെൺകുട്ടികളെയും വെറുതെ വിട്ടില്ല. രാജ്യമെമ്പാടും കനത്ത പ്രതിഷേധമുയർന്നു. വിദ്യാർത്ഥികൾ കലാലയങ്ങളും യൂണിവേഴ്‌സിറ്റികളും വിട്ടിറങ്ങി. തെരുവുകൾ പ്രക്ഷോഭത്താൽ തിളച്ചുമറിഞ്ഞു. തെരുവായ തെരുവുകളൊക്കെ മുദ്രാവാക്യങ്ങളാലും ദേശഭക്തി ഗാനങ്ങളാലും പ്രകമ്പനം കൊണ്ടു. ഈ പ്രതിഷേധ ങ്ങളുടെയെല്ലാം സിരാകേന്ദ്രമായി ഷഹീൻ ബാഗ് മാറി.
സമീപപ്രദേശത്തെ സാധാരണക്കാരും വീട്ടമ്മമാരുമായ സ്ത്രീകൾ ഷഹീൻബാഗിൽ ഒത്തുചേർന്നു. ഹിജാബും ബുർക്കയും പർദ്ദയും ധരിച്ചവരും കൈക്കുഞ്ഞുങ്ങളുമായി വന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. സ്ത്രീകൾ ആയിരങ്ങളായി തെരുവിൽ വരിക, രാപകൽ സമരമിരിക്കുക, വളരെ പുതുമയുള്ള കാഴ്ചകളായിരുന്നു അത്. എണ്ണമറ്റ പ്രതിബന്ധങ്ങളാണ് അവർക്ക് നേരിടേണ്ടിവന്നത്. പോലീസ്, ആർഎസ്എസ് ബിജെപി ഗുണ്ടകൾ, അപവാദ പ്രചാരണങ്ങൾ ഇതിനെയെല്ലാം ചങ്കൂറ്റത്തോടെയാണ് അവർ നേരിട്ടത്. ഗാർഹിക ഉത്തരവാദിത്തത്തോടൊപ്പമോ അതിലേറെയോ പ്രാധാന്യത്തോ ടെ സമരപ്രവർത്തനത്തെ അവർ മനസ്സിലാക്കി. ജനാധിപത്യത്തിന്റെ കാവൽക്കാരായി, തങ്ങളുടെയും വരുംതലമുറയുടെയും സുരക്ഷിതമായ ഭാവിക്കായി അവർ തെരുവിലൊരുമിച്ചു. ആത്മവിശ്വാസവും പ്രതീക്ഷയും ആവേശവും സമരോർജ്ജവും അവർ പ്രസരിപ്പിച്ചു. ഇതിൽ പ്രചോദിതരായി പുരുഷൻമാരും ആയിരങ്ങളായി അവരോടൊപ്പം ചേർന്നു. സ്ത്രീകളുടെ സുരക്ഷിതത്വം, വിലക്കയറ്റം, തൊഴിലില്ലായ്മ, ദാരിദ്ര്യം തുടങ്ങി ജനജീവിതത്തെ ബാധിക്കുന്ന നിരവധി വിഷയങ്ങളും ഇതോടൊപ്പം അവർ ഉയർത്തി.
ഈ സമരവേദികളിൽ ഊട്ടിയുറപ്പിക്കപ്പെട്ടത് സൗഹൃദവും സാഹോദര്യവുമാണ്. ശിരസ്സുയർത്തി തോളുരുമ്മി ഭേദങ്ങളേതുമില്ലാതെ മനുഷ്യൻ ഒരുമിക്കുന്നയിടങ്ങളായി സമരവേദികൾ മാറി. ജീവിതം സമരമാണെന്നും സമരംതന്നെയാണ് ജീവിതം എന്നും ഷഹീൻ ബാഗ് ഓർമ്മപ്പെടുത്തി. ഇന്ത്യയെമ്പാടുമുളള സുമനസ്സുകളുടെ അകമഴിഞ്ഞ ആദരവും പിന്തുണയും നിർല്ലോഭം ഒഴുകിയെത്തി. പഞ്ചാബിൽനിന്നുവന്ന് ആഴ്ചകളോളം സമരക്കാർക്ക് ഭക്ഷണം ഉറപ്പാക്കിയ സിക്ക് സഹോദരന്മാരും അതിനായി സ്വന്തം സമ്പാദ്യം വിൽക്കുന്ന യുവവ്യവസായിയും നിത്യേന ഷഹീൻബാഗിന് പിന്തുണയുമായി എത്തുന്ന അനേകായിരങ്ങളുമെല്ലാം മനുഷ്യർ തമ്മിലുള്ള സഹജമായ സ്‌നേഹസൗഹാർദ്ദങ്ങളുടെ പ്രഘോഷണമായി. അദ്ധ്യാപകരും ശാസ്ത്രജ്ഞരും ചരിത്രകാരന്മാരും ഡോക്ടർമാരും നിയമജ്ഞരും എഴുത്തുകാരും പത്രപ്രവർത്തകരും സാമൂഹിക-പൗരാവകാശ പ്രവർത്തകരും സിനിമാ പ്രവർത്തകരും നോബൽ സമ്മാനം വരെയുള്ള അന്താരാഷ്ട്ര പുരസ്‌കാരം നേടിയവരുമൊക്കെയടങ്ങുന്ന ബുദ്ധിജീവി സമൂഹം സാധാരണക്കാരോടും കർഷകരോടും തൊഴിലാളികളോടും ചേർന്നുനിന്നുകൊണ്ട് സർക്കാരിന്റെയും പോലീസിന്റെയും ഗുണ്ടകളുടെയും കണ്ണുരുട്ടലുകളെ തെല്ലും വകവയ്ക്കാതെ പ്രക്ഷോഭണത്തെ മുന്നോട്ട് കൊണ്ടുപോകുവാൻ സഹായിച്ചു. മരംകോച്ചുന്ന മഞ്ഞ് വകവയ്ക്കാതെ കൈക്കുഞ്ഞുങ്ങളുമായി അമ്മമാർ, വീൽചെയറിൽ വയോധികർ, സമരത്തിന് നേതൃത്വം നൽകുന്ന 80 വയസ്സും പിന്നിട്ട മഹതികൾ, സിഖ് സഹോദരങ്ങൾ ഒരുക്കിയിരിക്കുന്ന ‘ലങ്കർ’ അടപ്പിച്ച് പാത്രങ്ങളും അടുപ്പുകളും ഗോതമ്പുമാവും പോലീസ് എടുത്തുകൊണ്ടുപോയപ്പോൾ രായ്ക്ക്‌രാമാനം പോയതെല്ലാം തങ്ങളുടെ വീടുകളിൽനിന്നു സമാഹരിച്ചു നൽകിയ സമീപവാസികൾ, ആക്രമിക്കുവാൻ ലാത്തിയോങ്ങുന്ന പോലീസിന് പുഞ്ചിരിച്ചുകൊണ്ട് പൂക്കൾ നൽകുന്ന പെൺകുട്ടി, ഉന്നംപിടിച്ച നിറതോക്കുമായി ക്രുദ്ധനായെത്തുന്ന അക്രമിക്കുനേരെ നിർഭയനായി നടന്നടുക്കുന്ന ചെറുപ്പക്കാരൻ, ഷഹീൻ ബാഗിലെ സമരപന്തലിൽ സാവിത്രിബായ് ഫുലെയുയടെയും ഫാത്തിമ ഷെയ്ക്കിന്റെയും പേരിൽ പ്രവർത്തിച്ചിരുന്ന ലൈബ്രറി, കുട്ടികൾക്കായി പ്രവർത്തിച്ചു വന്ന സമാന്തര വിദ്യാലയം അങ്ങനെ നവ്യമായ ഒട്ടനവധി മുഹൂർത്തങ്ങളും അനുഭൂതികളും സമ്മാനിച്ചു ഷഹീൻബാഗിലെ പ്രക്ഷോഭം.
നാലുമാസം പ്രായമുള്ള ജഹാൻ എന്ന കുഞ്ഞിന്റെ മരണം സമരത്തിനിടയിലെ സങ്കടമായി മാറി. ജഹാനും സഹോദരങ്ങളും മാതാപിതാക്കളും സമരവേദിയിലെ സ്ഥിരസാന്നിദ്ധ്യമാ യിരുന്നു. കർത്തവ്യബോധം മറക്കാത്ത അമ്മ, കുഞ്ഞിന്റെ മരണശേഷം ദിവസങ്ങൾക്കുള്ളിൽ സമരപ്പന്തലിൽ തിരികെ എത്തി. ജഹാൻ എന്ന നൊമ്പരത്തെയും ആവേശവും ഇച്ഛാശക്തിയുമാക്കി പരിവർത്തനപ്പെടുത്തുന്ന, വേദനയെ കർത്തവ്യബോധമാക്കിമാറ്റുന്ന അമ്മമാർ നൽകുന്ന പ്രതീക്ഷ ചെറുതല്ല. അതെ, നമ്മുടെ നാട് ഇന്ന് സാക്ഷ്യം വഹിക്കുന്നത് ഇതൊക്കെയാണ്.
ഏതാണ്ട് ഇരുനൂറിലേറെ സ്ഥലങ്ങളിലാണ് ഷഹീൻബാഗ് മാതൃകയിൽ സമരമരങ്ങേറിയത്. കൽക്കത്തയിൽ പാർക് സർക്കസ്, പൂനയിൽ ഖോണ്ടുവ, മുംബൈയിൽ ആസാദ് മൈതാൻ, ഹൈദരാബാദ് ധർണ ചൗക്, ബാംഗ്ലൂരിൽ ടൗൺഹാൾ, അലാഹബാദിൽ റോഷൻ ബാഗ്, പാട്‌നയിൽ സബ്‌സി ബാഗ്, കാൺപൂരിൽ ചമൻ ഗഞ്ച്, ഗയയിൽ ശാന്തിബാഗ്, രാജസ്ഥാനിലെ കോട്ടയിൽ ഈദ് ഗ്രൗണ്ട്, ലക്‌നൗവിൽ ക്ലോക്ഗ്രൗണ്ട്, ചെന്നൈയിൽ മറീന ബീച്ച്, തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് നടയിലെ വിദ്യാർത്ഥി കൂട്ടായ്മ തുടങ്ങിയവ ഇവയിൽ ചിലതുമാത്രം. ഡൽഹിയിൽ ജന്തർമന്ദർ ഉൾപ്പെടെ എട്ട് സ്ഥലങ്ങളിലാണ് ഷഹീൻ ബാഗ് മാതൃകയായിരിക്കുന്നത്. ഷഹീൻ ബാഗില്‍നിന്ന് പ്രചോദനമുൾക്കൊണ്ട് രാജ്യത്ത് ഇതിനകം 96,000 വമ്പൻ പ്രകടനങ്ങൾ നടന്നതായാണ് റിപ്പോർട്ടുകൾ.
മതേതര മൂല്യങ്ങളുയർത്തിപ്പിടിച്ച് ജനാധിപത്യ മുദ്രാവാക്യങ്ങളുമായി ലക്ഷക്കണക്കിന് സ്ത്രീകൾ രാപകൽ, അനിശ്ചിതമായി സമരരംഗത്ത് അണിനിരക്കുക എന്നത് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആദ്യമാണ് സംഭവിക്കുന്നത്. സ്വാതന്ത്ര്യസമരകാലത്തെ അനുസ്മരിപ്പിക്കുംവിധം ചലനാത്മകവും സജീവവുമായ സാമൂഹ്യ അന്തരീക്ഷം. നേതാജിയും ഭഗത് സിംഗും ഖുദിറാംബോസും മഹാത്മാഗാന്ധിയും, സാവിത്രി ബായ് ഫൂലെ, മാഡം കാമ, കനകലത, പ്രീതിലത, ദുർഗ്ഗാദേവി അങ്ങനെ നിരവധി മഹാരഥന്മാർ അനശ്വരമാക്കിയ ആ കാലഘട്ടത്തെ നാം ഇന്ന് നെഞ്ചേറ്റുവാങ്ങുകയാണ്.
കത്വയും ഉന്നാവയും ഡോ.പ്രിയങ്കയും വാളയാറുമൊക്കെ നൊമ്പരപ്പെടുത്തിക്കൊണ്ടേയിരിക്കുമ്പോൾ, മനുഷ്യൻ എന്ന നിലയിൽ നമ്മുടെ കടമകളും കർത്തവ്യങ്ങളും ഈ പെൺകുഞ്ഞുങ്ങൾ സദാ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുമ്പോൾ, ഏതുസമയവും വേട്ടയാടപ്പെട്ടേക്കാവുന്ന ഒരു ഇരയുടെ മാനസിക ഭാവങ്ങളോടെ, സ്വന്തം ശരീരത്തെ സംരക്ഷിക്കുവാൻ ഭയപ്പെട്ട്, തലകുനിച്ച്, അബലയും വിവശയുമായി ഒതുങ്ങിക്കൂടുകയല്ല, ആയിരങ്ങളായി പതിനായിരങ്ങളും ലക്ഷങ്ങളുമായി തെരുവിൽ അണിനിരക്കുകയാണ് പ്രശ്‌നപരിഹാരത്തിനുള്ള പോംവഴി എന്ന് ഇന്ത്യയിൽ പൗരത്വനിയമഭേദഗതിക്കെതിരെ സമരരംഗത്തണിനിരന്നുകൊണ്ട് സ്ത്രീകൾ കാണിച്ചുതന്നു. അഭിവാദ്യങ്ങൾ. മോചനവും സ്വാതന്ത്ര്യവും പൊരുതിനേടേണ്ടതാണ്, ദാനമായി ആർക്കും അത് ലഭിക്കില്ല.