മാർക്സിസത്തിന്റെത് കാലത്തെ അതിജീവിക്കുന്ന പ്രമാണികത

ContactSheet-001_1.jpg
Share

മഹാനായ കാറൽ മാർക്സിന്റെ ഇരുന്നൂറാം ജന്മ വാർഷിക വേളയിൽ. ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ ‘ ഗ്രാൻമ ഇൻറർനാഷണലി’ൽ 2018 മെയ് 16 ന് സെർജിയോ അലൻഡ്രോ ഗോമസ് എഴുതിയ ലേഖനം മാർക്സിന്റെ 138 മത് അനുസ്മരണ ദിനം ആചരിക്കുന്ന ഈ വേളയിൽ, ഞങ്ങൾ പ്രസിദ്ധീകരിക്കുകയാണ്.

മാർക്‌സിന്റെ വിശകലനങ്ങളെ നിരാകരിക്കുന്ന പ്രചാരണങ്ങൾ കൊണ്ടുപിടിച്ച് നടക്കുമ്പോഴും കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് അത് മുന്നേറുകയാണ്. സാമ്പത്തിക പ്രതിസന്ധിയുണ്ടാകുന്ന ഘട്ടങ്ങളിലെല്ലാം മാർക്‌സിന്റെ കൃതികളുടെ വില്പന കുതിച്ചുയരുന്നു. മുതലാളിത്തത്തി ന്റെ പ്രവർത്തന പദ്ധതിയും അത് മാനവരാശിക്കുമേൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും സംബന്ധിച്ച് 19-ാം നൂറ്റാണ്ടിലെ ഈ ജർമ്മൻ തത്വചിന്തകനെപ്പോലെ ആഴത്തിൽ മനസ്സിലാക്കിയവർ അപൂർവ്വമാണ്. ഒരു ജീവിതം മുഴുവൻ സമർപ്പിച്ച് അദ്ദേഹം വികസിപ്പിച്ചെടുത്ത ആശയങ്ങൾ നിരാകരിച്ചുകൊണ്ടും അവയുടെ മരണമണി മുഴക്കിക്കൊണ്ടും സാമ്രാജ്യത്വ ശക്തികൾ തീവ്രമായ പ്രചാരണം നടത്തുമ്പോഴും കാലത്തെ അതിജീവിച്ച് നിലകൊള്ളുകയാണ് ആ ആശയങ്ങൾ. ലോകത്തെ മനസ്സിലാക്കാനുള്ള ഒരു രീതി എന്ന നിലയിൽ മാത്രമല്ല, ലോകത്തെ മാറ്റിത്തീർക്കാനുള്ള ഒരു ഉപാധി എന്ന നിലയിലും മാർക്‌സിസം അതിന്റെ സാധുത തെളിയിച്ചുകഴിഞ്ഞിരിക്കുന്നു.
മാർക്‌സ് ജനിച്ചിട്ട് രണ്ട് നൂറ്റാണ്ടു കൾ കഴിഞ്ഞ ഈ വേളയിൽ, 21-ാം നുറ്റാണ്ടിന്റെ ഭാഗധേയം നിർണയിച്ച അദ്ദേഹത്തിന്റെ പ്രവചനങ്ങളിൽ നിന്ന് 10 എണ്ണം ‘ഗ്രാൻമ ഇന്റർനാഷണൽ’ പ്രസിദ്ധീകരിക്കുകയാണ്.


1 മൂലധനത്തിന്റെ സംയോജനവും കേന്ദ്രീകരണവും


മാർക്‌സ് തന്റെ വിഖ്യാത കൃതിയായ മൂലധനത്തിൽ, മുതലാളിത്ത സമൂഹത്തിലെ സമ്പത്തിന്റെ പുനരുൽ പാദനത്തെ നിർവ്വചിക്കുകയും അതിന്റെ സംയോജനത്തിനും കേന്ദ്രീകരണത്തിനുമുള്ള പ്രവണതകൾ പ്രവചിക്കുകയും ചെയ്തിട്ടുണ്ട്.
തൊഴിലാളികൾ കൂലിക്കുവേ ണ്ടി ചെയ്യുന്ന അ ദ്ധ്വാനത്തിന് പുറമേ നടത്തുന്ന അദ്ധ്വാനത്തിലൂടെ സൃഷ്ടിക്കപ്പെ ടുന്നതും മുതലാളിമാർ ലാഭമായി കവർന്നെടുക്കുന്നതുമായ മിച്ചമൂല്യത്തിന്റെ കുമിഞ്ഞുകൂടലാണ് സംയോജനത്തിലേയ്ക്ക് നയിക്കുന്നത്. പാപ്പരീകരണവും സാമ്പത്തിക പ്രതിസന്ധികളുംമൂലം വ്യക്തിഗത മൂലധനങ്ങൾ കൂടിച്ചേർന്നാണ് മൂലധനത്തിന്റെ കേന്ദ്രീകരണം സംഭവിക്കുന്നത്. സമ്പത്ത് പങ്കിടുന്ന ”കമ്പോളത്തിന്റെ അദൃശ്യ കരങ്ങങ്ങളു”ടെ ശക്തിയിൽ വിശ്വാസമർപ്പിക്കുകയും അതിന്റെ വക്താക്കളായിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം മാർക്‌സിന്റെ വിശകലനങ്ങൾ വിനാശഫലം ഉളവാക്കുന്നതാണ്.
21-ാം നൂറ്റാണ്ടിലെ മുതലാളിത്തത്തിന്റെ ഒരു സവിശേഷതയായി മാർക്‌സ് പ്രവചിച്ചത് സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് വർദ്ധിക്കുമെന്നതാണ്. 2017-ൽ ലോകത്താകെ സൃഷ്ടിക്കപ്പെ ട്ട സമ്പത്തിന്റെ 82 ശതമാനവും ഏറ്റവും സമ്പന്നരായ ഒരു ശതമാനത്തിന്റെ പോ ക്കറ്റിലേയ്ക്ക് പോയപ്പോൾ 370 കോടി ദരിദ്രരുടെ സമ്പത്തിൽ ഒരു വർദ്ധനയും ഉണ്ടായിട്ടില്ലെന്ന് ഓക്‌സ്ഫാമിന്റെ ഏറ്റവും പുതിയ പഠനം പറയുന്നു.


2 മുതലാളിത്തത്തിന്റെ
അസന്തുലിതാവസ്ഥയും
ചാക്രികമായ പ്രതിസന്ധികളും


സാമ്പത്തിക പ്രതിസന്ധി എന്നത് മുതലാളിത്ത വ്യവസ്ഥയുടെ എന്തെങ്കിലും പിശകല്ലെന്നും അതിന്റെ സഹജസ്വഭാവമാണെന്നും ആദ്യം മനസ്സിലാക്കിയവരിൽ ഒരാളായിരുന്നു കാള്‍ മാര്‍ക്സ്. ഇന്നും ഇതിൽനിന്ന് വ്യത്യസ്തമായ ആശയങ്ങൾക്കാണ് മേൽക്കൈ.
എന്തായാലും 1929ലെ ഓഹരി കമ്പോളത്തിന്റെ തകർച്ച മുതൽ 2007-08ലെ പ്രതിസന്ധി വരെയുള്ള കാര്യങ്ങൾ പരിശോധിക്കുമ്പോൾ, മാർക്‌സ് വിശദീകരിച്ചതുപോലെയുള്ള ഒരു പ്രക്രിയയാണ് മുതലാളിത്ത വ്യവസ്ഥ പിന്തുടരുന്നത് എന്ന് വ്യക്തമാണ്. അതുകൊണ്ടാണ് വാൾ സ്ട്രീറ്റിലെ സാമ്പത്തിക വിശാരദന്മാർപോലും പ്രതിസ
ന്ധിയുടെ പരിഹാരംതേടി മാർക്‌സിന്റെ കൃതികൾ പരതുന്നത്.


3 വർഗ്ഗസമരം


കാൾ മാർക്‌സും ഫ്രെഡറിക് ഏംഗൽസും ചേർന്ന് 1848ൽ രചിച്ച കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പറയുന്നു: ”മനുഷ്യ സമൂഹങ്ങളുടെ ഇന്നുവരെയുള്ള ചരിത്രം വർഗ്ഗസമരങ്ങളുടെ ചരിത്രമാണ്” മാർക്‌സിസത്തിന്റെ ഏറ്റവും വിപ്ലവകരമായ കണ്ടത്തലുകളിൽ ഒന്നാണിത്.
ഈ സിദ്ധാന്തം പുറത്തുവന്നതോ ടെ ലിബറൽ മുതലാളിത്ത ആശയങ്ങൾ പ്രതിസന്ധിയിലായി. മാർക്‌സിനെ സംബന്ധിച്ചിടത്തോളം മുതലാളിത്ത ഭരണകൂടം എന്നത് ആധിപത്യം ചെലുത്തുന്ന വർഗ്ഗത്തിന് അതിന്റെ അധികാരവും മൂല്യങ്ങളുമൊക്കെ മറ്റ് വർഗ്ഗങ്ങളുടെമേൽ അടിച്ചേൽപിക്കാനുള്ള ഉപാധിയാണ്.
ഒന്നര നൂറ്റാണ്ട് പിന്നിടുമ്പോൾ, ആധിപത്യം ചെലുത്തുന്ന ഒരുശതമാനവും അതിന് വിധേയരാകേണ്ടിവരുന്ന 99ശതമാനവും തമ്മിലുള്ള സാമൂഹിക സംഘർഷങ്ങൾ മൂർച്ഛിച്ചിരിക്കുന്നു.


4 വ്യവസായത്തിലെ
കരുതൽ സേന


പരമാവധി ലാഭം ഉറപ്പാക്കാൻവേണ്ടി കൂലി പരമാവധി താഴ്ത്താൻ മുതലാളി ശ്രമിക്കുന്നു എന്നാണ് മാർക്‌സ് പറയുന്നത്. മുതലാളിയുടെ വ്യവസ്ഥകൾ അംഗീകരിക്കാൻ തയ്യാറാകാത്ത തൊഴിലാളിയുടെ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറായി മറ്റൊരു തൊഴിലാളി കാത്തുനിൽക്കുന്നുവെങ്കിൽ മാത്രമേ ഇത് സാദ്ധ്യമാകൂ. ഇവരെയാണ് ”വ്യവസായത്തിലെ കരുതൽ സേന” എന്ന് വിളിക്കുന്നത്.
19-ാം നൂറ്റാണ്ടുമുതൽ ഇന്നുവരെ, വിശേഷിച്ച് വികസിത രാജ്യങ്ങളിൽ, സാമൂഹ്യ സാഹചര്യങ്ങളിലും ട്രേഡ് യൂണിയൻ സമരങ്ങളിലുമൊക്കെ പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും കൂലി താഴ്ത്താനുള്ള ശ്രമങ്ങൾ മാത്രം ഒരു മാറ്റവുമില്ലാതെ ബിസിനസ്സ് രംഗത്ത് തുടരുകയാണ്.
20-ാം നൂറ്റാണ്ടിൽ, കുറഞ്ഞ കൂലിക്ക് കിട്ടുന്ന വിദഗ്ദ്ധ തൊഴിലാളികളെ ലക്ഷ്യംവച്ച്, യൂറോപ്പിലും അമേരിക്കയിലുമൊക്കെയുള്ള വൻകിട കമ്പനികൾ ഏഷ്യയിലേയ്ക്ക് മാറ്റി സ്ഥാപിക്കു ന്ന സ്ഥിതിയുണ്ടായി.
അടുത്തിടെ ഡൊണാൾഡ് ട്രംപിന്റേതുപോലെ ചില ഗവണ്മെന്റുകൾ ഇതുവഴിയുണ്ടാകുന്ന തൊഴിൽ നഷ്ടത്തെക്കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിലും വിലകുറഞ്ഞ അദ്ധ്വാനശേഷി ചൂഷണം ചെയ്യുകവഴി ഈ കമ്പനികൾക്ക് ഉയർന്ന വളർച്ചാനിരക്ക് നിലനിർത്താൻ കഴിഞ്ഞു എന്നതൊരു വസ്തുതയാണ്. വേതനം എത്രയായാലും, യഥാർത്ഥ വേതനം അഥവാ തൊഴിലാളികളുടെ വാങ്ങൽശേഷി കഴിഞ്ഞ മുപ്പത് വർഷമായി കുറഞ്ഞുവരികയാണെ ന്നത്രെ ആനുകാലിക പഠനങ്ങളൊക്കെ സൂചിപ്പിക്കുന്നത്.
എന്നുമത്രമല്ല, എക്‌സിക്യൂട്ടീവ് തലത്തിലുള്ളവരും താഴേക്കിടയിലുള്ള ജീവനക്കാരും തമ്മിലുള്ള വരുമാനത്തിലെ അന്തരവും വളരെ വലുതാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലമായി അമേരിക്ക പോലുള്ള രാജ്യങ്ങളിൽ തൊഴിലാളികളുടെ വേതനത്തിൽ യാതൊരു വർദ്ധനവും ഉണ്ടായിട്ടില്ലെന്നും എന്നാൽ എക്‌സിക്യൂട്ടിവ് തലത്തിലുള്ളവരുടെ ശമ്പളം 40 മുതൽ 110 ഇരട്ടിവരെ വർദ്ധിച്ചിട്ടുണ്ടെന്നും ‘ദി ഇക്കണോമിസ്റ്റി’ൽ വന്ന ഒരു ലേഖനം പറയുന്നു.


5 ഫിനാൻസ് മൂലധനത്തിന്റെ
നിഷേധാത്മക പങ്ക്


മൂലധന കേന്ദ്രീകരണ പ്രക്രിയ യിൽ ഉള്ളടങ്ങിയിട്ടുള്ള ചൂഷണപദ്ധതി വിശദമാക്കവെ, ഫിനാൻസ് മൂലധനത്തിന്റെ പങ്ക് മാർക്‌സ് എടുത്തുപറയുന്നുണ്ട്. സമ്പദ്ഘടനയിൽ അത് നേരിട്ട് ഭൗതികമായ ഒരു ഇടപെടൽ നടത്തുന്നില്ല. പ്രോമിസറി നോട്ട്, ബോണ്ട് തുടങ്ങിയ ഉപാധികളിലൂടെ പരോക്ഷമായാണ് അത് സമ്പദ്ഘടനയിൽ സ്വാധീനം ചെലുത്തുന്നതെന്നും അദ്ദേഹം വിശദമാക്കുന്നു.
സമ്പദ്ഘടനയുടെ ഈ രംഗത്ത് ഇന്ന് ഉണ്ടായിട്ടുള്ള വികാസം അദ്ദേഹത്തിന്റെ കാലത്ത് സങ്കല്പിക്കാൻപോലും കഴിയുന്നതല്ല. സാമ്പത്തിക ഇടപാടുകൾ ഇന്ന് പ്രകാശ വേഗതയിലാണ് നടക്കുന്നത്. കമ്പ്യൂട്ടർ രംഗത്തും മറ്റുമുണ്ടായ വികാസത്തോടാണ് ഇത് കടപ്പെട്ടിരിക്കുന്നത്. ”സബ് പ്രൈം” പോലെയുള്ള സങ്കീർണമായ സാമ്പത്തിക പ്രവർത്തനങ്ങളും ഊഹക്കച്ചവടപരമായ ഇടപാടുകളുമൊക്കെ ഇന്ന് വിപുലമായിട്ടുണ്ട്. എന്നാൽ 2007-08ൽ ഈ രംഗത്തുണ്ടായ പ്രതിസന്ധി മാർക്‌സിന്റെ ആശങ്കകൾ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു.


6 കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന
ഡിമാന്റ്


റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും മറ്റുമുള്ള വാണിജ്യ പരസ്യങ്ങൾ 19-ാം നൂറ്റാണ്ടിന് പരിചിതമായിരുന്നില്ല. ഇന്റർനെറ്റിലൂടെ, വ്യക്തിയിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്ന പരസ്യങ്ങളുടെ കാര്യം പറയാനുമില്ല. എന്നാൽ, ജനങ്ങൾക്കിടയിൽ അന്യവൽക്കരണവും കൃത്രിമമായ ഡിമാന്റും സൃഷ്ടിക്കാനു ള്ള മുതലാളിത്ത വ്യവസ്ഥയുടെ ശേഷിയെക്കുറിച്ച് മാർക്‌സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
”ഉല്പന്നങ്ങൾ വർദ്ധിക്കുന്നതിനനുസരിച്ച് ഡിമാന്റും കൂടിയേ തീരൂ. അത് കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്നു. ഇതിനായി അസ്വാഭാവികവും സാങ്കല്പികവും നിർദ്ദയവുമായൊരു ആസക്തിക്ക് മനുഷ്യരെ വിധേയരാക്കുന്നു.” 150 വർഷങ്ങൾക്ക് മുമ്പാണ് മാർക്‌സ് ഇത് പ്രവചിച്ചത്. ഇന്ന് സെൽഫോണുകൾ ഏതാനും മാസങ്ങൾക്കുള്ളിൽ കാലഹരണപ്പെടുന്നു. ഏറ്റവും പുതിയ മോഡൽ വാങ്ങിക്കേണ്ടത് അനിവാര്യമാണെന്ന് ഉപയോക്താക്കളെ പരസ്യങ്ങൾ ബോദ്ധ്യപ്പെടുത്തുന്നു. ഗൃഹോപകരണ ങ്ങളാകട്ടെ, കുറച്ചുനാൾ ഉപയോഗിച്ചുകഴിയുമ്പോൾ കേടാകുമെന്നും പുതിയത് വാങ്ങിക്കേണ്ടിവരുമെന്നും ഉറപ്പാകുംവിധമാണ് നിർമ്മിച്ചിട്ടുള്ളത്.


7 ആഗോളീകരണം


മാർക്‌സും ഏംഗൽസും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ എഴുതി: ”ഉല്പന്നങ്ങൾക്ക് നിരന്തരം വികസിക്കുന്ന കമ്പോളം ആവശ്യമാണെന്ന വസ്തുത മുതലാളിവർഗ്ഗത്തെ ഭൂലോകം മുഴുവൻ അലയാൻ നിർബന്ധിതരാക്കുന്നു. അതിന് എല്ലായിടത്തും കൂടുകൂട്ടണം, എല്ലായിടത്തും തമ്പടിക്കണം, എല്ലായിടത്തും ബന്ധങ്ങൾ ഉണ്ടാക്കണം.”
കമ്പോളത്തിന്റെ ആഗോളീകരണവും അതേത്തുടർന്ന് ഉപഭോഗ സംസ്‌കാരം അടിച്ചേല്പിക്കപ്പെടുന്നതും എത്ര കൃത്യമായിട്ടാണ് അവർ ചിത്രീകരിച്ചിരിക്കുന്നതെന്ന് നോക്കൂ.


8 കുത്തകകളുടെ പ്രാമുഖ്യം


ഈ പ്രവണതയോടൊപ്പംതന്നെ ബഹുരാഷ്ട്ര കുത്തകകളും നിലവിൽവന്നു. മൽസരം നിലനിൽക്കുന്നതിനാൽ ഉടമസ്ഥതയുടെ ബഹുത്വവും നിലനിൽക്കുമെന്നായിരുന്നു പരമ്പരാഗത ഉദാര മുതലാളിത്ത സങ്കല്പം. എന്നാൽ ബലവാൻ അതിജീവിക്കും എന്ന തത്വപ്രകാരം വലിയ മൂലധനത്തോട് ചേരുകയേ ചെറിയവയ്ക്ക് നിവർത്തിയുള്ളൂ എന്ന് മാർക്‌സ് മുൻകൂട്ടിക്കണ്ടു. കമ്പോളത്തിലെ പ്രവണത വിശകലനം ചെയ്തുകൊണ്ടാണ് അദ്ദേഹം ഈ നിഗമനത്തിൽ എത്തിയത്.
മാർക്‌സിന്റെ വിലയിരുത്തൽ സാധൂകരിക്കുംവിധം വൻകിട മാദ്ധ്യമങ്ങൾ, ടെലിഫോൺ, എണ്ണ കുത്തകകൾ തുടങ്ങിയ മേഖലകളിലൊക്കെ ഈ പ്രവണത ഇന്ന് ദൃശ്യമാണ്.


9 മുതലാളിത്തം പ്രകടമാക്കുന്ന
ആത്മഹത്യാപരമായ പ്രവണത


കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ മുതലാളിത്തത്തെ വിശകലനം ചെയ്യവെ, ”ഇന്ന് ഖരമായിരിക്കുന്നതെല്ലാം നാളെ ഉരുകുകയും അന്തരീക്ഷത്തിൽ ലയിക്കുകയും ചെയ്യും.” എന്നൊരു ഉജ്ജ്വലമായ പ്രയോഗമുണ്ട്. മുതലാളിത്തത്തിന്റെ ക്രിയാത്മകവും വിനാശകരവുമായ വശങ്ങൾ മാർക്‌സും ഏംഗൽസും മനസ്സിലാക്കിയിരുന്നു. എന്ത് വിലകൊടുത്തും ഉല്പാദനക്ഷമത വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നത് ഉല്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും മേഖലകളിൽ മനുഷ്യത്വരഹിതവും വിനാശകരവുമായ ഫലങ്ങൾ ഉളവാക്കുമെന്ന് അവർ നിരീക്ഷിച്ചു.
ഭൂമിയുടെ നിലനിൽപ്പുതന്നെ ഈ വിനാശകരമായ പ്രവണതമൂലം ഇന്ന് അപകടത്തിലായിരിക്കുകയാണ്. അമേരിക്കൻ പ്രസിഡന്റിനെ പോലുള്ളവർ നിഷേധിക്കുമെങ്കിലും ആഗോളതാപനം മനുഷ്യജീവിതത്തിൽ മാരകമായ പ്രത്യാഘാതം സൃഷ്ടിക്കുന്നു വെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യമാണ്.


10 തൊഴിലാളിവർഗ്ഗത്തിന്റെ
വിപ്ലവക്ഷമത


മുതലാളിത്ത വ്യവസ്ഥയുടെ വൈരുദ്ധ്യങ്ങൾ വിശകലനം ചെയ്തതുവഴിയല്ല, കമ്മ്യൂണിസത്തെ ആധാരമാക്കി ഒരു പുതിയ സമൂഹം കെട്ടിപ്പടുക്കാൻ ആഹ്വാനം ചെയ്തതുവഴിയാണ് മാർക്‌സ് ചരിത്രത്തെ ഏറ്റവും മഹത്തരമായി സ്വാധീനിച്ചത്. അടിച്ചമർത്തലിൽനിന്നും അസമത്വത്തിൽനിന്നും ശാശ്വതമായ മോചനം സ്വയം നേടിയെടുക്കാൻ തൊഴിലാളിവർഗ്ഗത്തിന് കഴിയും എന്ന അദ്ദേഹത്തിന്റെ വിലയിരുത്തൽ ഇരുപതാം നൂറ്റാണ്ടിനെ ഇളക്കിമറിക്കുകയും റഷ്യ, ചൈന, വിയറ്റ്‌നാം, ക്യൂബ തുടങ്ങി നിരവധി രാജ്യങ്ങളിലെ വിപ്ലവങ്ങൾക്ക് പ്രചോദനമരുളുകയും ചെയ്തു. തൊഴിലാളിവർഗ്ഗം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന അദ്ദേഹത്തിന്റെ ആഹ്വാനം 21-ാം നൂറ്റാണ്ടി ലും അങ്ങേയറ്റം പ്രസക്തമാണ്.

Share this post

scroll to top