കോവിഡ്-19 മഹാവ്യാധിയുടെ രാഷ്ട്രീയ പാഠങ്ങള്‍

Crowds-try-to-board-buses-out-of-the-capital-Delhi.jpg
Share

മേയ് മാസം പിന്നിടുമ്പോൾ കോവിഡ്-19 എന്ന മഹാവ്യാധിയുടെ വ്യാപനം ലോകമെമ്പാടും അതിവേഗതയിലാണ്. രോഗബാധിതരുടെ എണ്ണം ഏപ്രിൽ 28ന് മുപ്പത് ലക്ഷമായിരുന്നത് മേയ് 28 ആകുമ്പോൾ 58 ലക്ഷമായി ഉയർന്നിരിക്കുന്നു. മരണമാകട്ടെ മൂന്നരലക്ഷവും. യൂറോപ്യൻ ഭൂഖണ്ഡത്തിന്റെ പിറകെ തെക്കേ അമേരിക്കയിലും ആഫ്രിക്കൻ രാജ്യങ്ങളിലും ഭീതിജനകമാം വിധം രോഗം പടർന്നുപിടിക്കുകയാണ്. ഏപ്രിൽ മാസത്തിൽ ചിത്രത്തിലില്ലാതിരുന്ന ബ്രസീലും റഷ്യയും ഇപ്പോൾ രോഗവ്യാപനത്തിൽ അമേരിക്കയുടെ തൊട്ടുപിന്നിൽ രണ്ടും മൂന്നും സ്ഥാനത്ത് എത്തിയിരിക്കുന്നു. ഏഷ്യൻ രാജ്യങ്ങളിൽ രോഗവ്യാപനത്തിന്റെ വേഗത, യൂറോപ്പിനെക്കാളും തെക്കേ അമേരിക്കയെക്കാളും കുറവാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എങ്കിലും ഇൻഡ്യ, ഇറാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ട് കുതിക്കുകയാണ്.


ആഗോളവ്യാധിയായി കോവിഡ് -19 മാറുകയും അസാധാരണമായ സാമ്പത്തികത്തകർച്ചയ്ക്ക് അതിടയാക്കുകയും ചെയ്തിട്ടും മഹാമാരിയെ പരാജയപ്പെടുത്തുക എന്ന ഒരൊറ്റ ലക്ഷ്യത്തിലേക്ക് രാജ്യങ്ങളെ ഒന്നാകെ കോർത്തിണക്കി, അനുഭവങ്ങൾ പങ്കുവച്ച്, പ്രതിരോധ പ്രവർത്തനങ്ങൾക്കും ഗവേഷണപ്രയത്‌നങ്ങൾക്കും മാർഗ്ഗനിർദ്ദേശം നൽകി, മാനവരാശിക്ക് ഒന്നാകെ ആത്മവിശ്വാസം പകർന്നു നൽകി പ്രവർത്തിക്കേണ്ടുന്ന ഒരു ലോകനേതൃത്വത്തിന്റെ അഭാവമാണ് ഇന്ന് മനുഷ്യസ്‌നേഹികളെ ഏറ്റവും ആകുലപ്പെടുത്തുന്നത്. ഐക്യരാഷ്ട്ര സഭയെയും അതിന്റെ ആഗോള വേദികളെയും രംഗത്ത് കാണാനില്ല. സങ്കുചിതതാൽപ്പര്യങ്ങളാൽ നയിക്കപ്പെടുന്ന ചില വൻകിട രാഷ്ട്രങ്ങളുടെ സമ്മർദ്ദം ലോകാരോഗ്യ സംഘടനയെ ദുർബ്ബലമാക്കുന്നു. യൂറോപ്യൻ യൂണിയനിലെ അംഗങ്ങൾ പരസ്പരം പഴിചാരുന്നു. ഇതര രാജ്യങ്ങൾക്കുമേൽ ശകാരവർഷം ചൊരിഞ്ഞും വിഢ്ഢിത്തങ്ങൾ എഴുന്നള്ളിച്ചും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിവേകരാഹിത്യത്തിന്റെയും ജനവിരുദ്ധതയുടെയും ആൾരൂപമായി മാറിക്കഴിഞ്ഞ ജയ്ർ ബൊൽസനാരോ എന്ന ബ്രസീലിയൻ പ്രസിഡന്റ്.
സോഷ്യലിസ്റ്റ് ക്യൂബയും അപൂർവ്വം ചില രാജ്യങ്ങളുമൊഴികെ മറ്റെല്ലാവരുംതന്നെ കോവിഡാനന്തരമുള്ള വ്യാപാര-വ്യവസായ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി മുൻകൂറായിത്തന്നെ കരുക്കൾ നീക്കുകയാണ്. അതിനുള്ള മൽസരങ്ങളും സങ്കുചിത സമീപനങ്ങളുമാണ് നാം കാണുന്നത്. പരസ്പര സഹകരണത്തിന്റെയും സഹായത്തിന്റെയും ഏകോപനത്തിന്റെയും സ്ഥാനത്ത് വെല്ലുവിളികളും പഴിചാരലുകളും ശകാരവും സൃഷ്ടിക്കുന്നത് സാമ്രാജ്യത്വ-മുതലാളിത്തരാജ്യങ്ങളുടെ മൂലധന താൽപ്പര്യങ്ങളുടെ സംഘർഷം മാത്രമാണ്. ജനങ്ങൾ നിസ്സഹായരായി മരിച്ചുവീഴുമ്പോഴും ഈ ശക്തികളുടെ കഴുകൻ കണ്ണ് ലാഭക്കൂനകളിൽ മാത്രമാണ്. ഒരു ആഗോള നേതൃത്വം ഉയർന്നുവരാനാവാത്തവിധം മുതലാളിത്ത രാജ്യങ്ങൾ തമ്മിലുള്ള വൈരുദ്ധ്യം രൂക്ഷമായിരി ക്കുന്നു. കോവിഡിനു തൊട്ടുമുമ്പ് വ്യാപാര യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുകയായിരുന്നു എന്ന് ഓർക്കുക.


ഭരണനിർവ്വഹണരംഗത്തെ പിടിപ്പുകേട് തുറന്നു കാട്ടിയ
പ്രതിരോധ പ്രവർത്തനങ്ങൾ


ഏപ്രിൽ 17 വരെയുള്ള സ്ഥിതിഗതികൾ വിലയിരുത്തിക്കൊണ്ട് ഏപ്രിൽ ലക്കം യൂണിറ്റിയിൽ കോവിഡ് മഹാവ്യാധിയെ നേരിടുന്നതിൽ കേന്ദ്രസർക്കാരിനു സംഭവിച്ച വീഴ്ചകൾ ഞങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ പരാധീനതകൾ പരിഹരിക്കപ്പെടുമെന്നും ഏകോപിതവും സുഘടിതവുമായ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുമെന്നുള്ള പ്രതീക്ഷ അപ്പോഴും മറ്റെല്ലാവരെയുംപോലെ ഞങ്ങളും നിലനിർത്തി. ഖേദകരമെന്നു പറയട്ടെ നിരാശയും വേദനയും മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്.


ഞങ്ങൾ ആദ്യം ചൂണ്ടിക്കാട്ടിയതു പോലെ ജനുവരി 30നും മാർച്ച് 19നുമിടയിലുള്ള വിലപ്പെട്ട 48 ദിവസം കേന്ദ്രസർക്കാർ പാഴാക്കി. അതിനോടകം ഫലപ്രദമായി കോവിഡിനെ പ്രതിരോധിച്ചു മുന്നേറുന്നതിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയ ഒരു രാജ്യത്തിന്റെയും അനുഭവങ്ങൾ പഠിക്കാനോ അത് പകർത്താനോ സർക്കാർ ശ്രമിച്ചില്ല. പരമാവധി ടെസ്റ്റു ചെയ്യുക, രോഗബാധിതരെ കണ്ടെത്തുക, അവരെയും അവരുടെ പ്രൈമറി, സെക്കന്ററി കോന്റാക്ടുകളെയും സമ്പർക്ക വിലക്കിൽ നിലനിർത്തുക ഇതായിരുന്നു ആദ്യഘട്ടത്തിലെ 48 ദിവസത്തിനുള്ളിലും ഒന്നാം ലോക്ക് ഡൗണിലൂടെ ലഭിച്ച 21 ദിവസത്തിനുള്ളിലും ചെയ്യേണ്ടിയിരുന്ന ഏറ്റവും പ്രധാന കടമ. ഏപ്രിൽ 14ന് അവസാനിച്ച ഒന്നാം ലോക്ക് ഡൗൺ വേളയിൽ പരിശോധനയുടെ രംഗത്ത് കാര്യമായ ഒരു മുന്നേറ്റവും സൃഷ്ടിക്കാൻ കഴിഞ്ഞില്ല എന്നതും ഞങ്ങൾ നേരത്തെ ചൂണ്ടിക്കാട്ടിയിരു ന്നു. മെയ് 3ന് അവസാനിച്ച രണ്ടാംഘട്ട ലോക്ക് ഡൗണിന്റെ ഏറിയ പങ്ക് സമയത്തും ഇതേ സ്ഥിതി തന്നെയാണ് തുടർന്നത്.
കോവിഡ് പ്രതിരോധപ്രവർത്തന ങ്ങളുടെ മികവ് വിലയിരുത്താൻ സ്വീകരിക്കാവുന്നത് ഒരു ദശലക്ഷം ജനസംഖ്യയ്ക്ക് എത്ര ടെസ്റ്റ് നടക്കുന്നു എന്ന കണക്കാണ്. ഏപ്രിൽ 14ന് ഒന്നാം ലോക്ക് ഡൗൺ അവസാനിക്കുമ്പോൾ ഇൻഡ്യയുടെ ടെസ്റ്റ് പെർ മില്യൺ വെറും 168 മാത്രമായിരുന്നു. മെയ് 3ന് രണ്ടാം ലോക്ക് ഡൗൺ അവസാനിക്കുമ്പോൾ ഒരു ദശലക്ഷം ജനസംഖ്യയ്ക്ക് 764 ടെസ്റ്റ് മാത്രമേ രാജ്യത്തു ചെയ്യാൻ കഴിഞ്ഞുള്ളൂ. ഇതു വ്യക്തമാക്കുന്നത് ലോക്ക് ഡൗൺ തുടങ്ങി ആദ്യത്തെ 35 ദിവസത്തിനുള്ളിൽ പരിശോധനയുടെ രംഗത്ത് കൈവരിക്കേണ്ടിയിരുന്ന പുരോഗതി നമുക്ക് നേടാനായില്ല എന്നതാണ്. കോവിഡ് വ്യാപനം ഇത്രയും രൂക്ഷമാകാനുള്ള പ്രധാന കാരണങ്ങളിലൊന്നും അതുതന്നെയാണ്. നാലാം ഘട്ടത്തിന്റെ നിലവിലുള്ള വേളയിൽ നേടിയിട്ടുള്ള, പ്രതിദിനം ഒരു ലക്ഷം ടെസ്റ്റ് എന്നത് മേയ് 3നു മുമ്പുതന്നെ നമുക്ക് കൈവരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ രാജ്യത്തിന്റെ സ്ഥിതി ഇതാകുമായിരുന്നില്ല.


ജനസംഖ്യാനുപാതികമായി പരിശോധിച്ചാൽ ലോകത്ത് ടെസ്റ്റുകളുടെ എണ്ണത്തിൽ ഇന്നും ഏറ്റവും കുറഞ്ഞ നിരക്കുള്ള മൂന്നു രാജ്യങ്ങളിലൊന്ന് ഇൻഡ്യയാണ്. മേയ് 22ന് ഒരു ദശലക്ഷം ജനസംഖ്യയ്ക്ക് ആകെ ടെസ്റ്റുകളുടെ എണ്ണം 1973 ആയി ഉയർന്നിട്ടുണ്ട്. എന്നാൽ ഇത് ലോകത്ത് ഏറ്റവും താഴ്ന്ന നിരക്കുകളിൽ ഒന്നാണ്. സാമ്രാജ്യത്വ ഉപരോധത്തെയും ആഭ്യന്തരസംഘർഷങ്ങളെയും നേരിടുന്ന രാജ്യമായ ഇറാനിൽപ്പോലും പത്തുലക്ഷത്തിൽ 9108 പേരെ പരിശോധനയ്ക്ക് വിധേയമാക്കുന്നു. തുർക്കിയിൽ അത് 20,537 ആണ്. പാക്കിസ്ഥാന്റെ നിരക്കുപോലും മെയ് 22 വരെ ഇൻഡ്യയേക്കാൾ ഉയർന്നതായിരുന്നു. 67,619 പേരെ പരിശോധിക്കുന്ന പോർച്ചുഗലിന്റേതാണ് ഏറ്റവും ഉയർന്ന നിരക്ക്.
ലോക്ക് ഡൗണിന്റെ ആദ്യത്തെ രണ്ടുഘട്ടങ്ങളിലും ടെസ്റ്റു കിറ്റുകളും മറ്റു സുരക്ഷാ ഉപകരണങ്ങളും സമാഹരിക്കുന്നതിലും ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്നതിലും സംഭവിച്ചത് കനത്ത പരാജയമായിരുന്നു. ചൈനയിൽ നിന്നും പിപിഇ കിറ്റുകളും ടെസ്റ്റ് കിറ്റുകളും ഉടൻ വാങ്ങുമെന്ന വാർത്ത വന്നത് മാർച്ച് 30നായിരുന്നു(ഇക്കണോമിക് ടൈംസ്). ഈ വാർത്തയിൽ സൂചിപ്പിക്കുന്ന ഇറക്കുമതി നടന്നത് ഏപ്രിൽ 16-ാം തീയതിയാണ്. മാർച്ച് 30നും ഏപ്രിൽ 16നു മിടയിൽ ഇതല്ലാതെ നടന്ന മറ്റൊരു ഇറക്കുമതിയും നടന്നതായി നമുക്ക് അറിയാൻ കഴിഞ്ഞിട്ടില്ല. ഏപ്രിൽ 16നു ചൈനയിൽ നിന്നും 6.5 ലക്ഷം ടെസ്റ്റു കിറ്റുകൾ എത്തിയതിൽ 5.5 ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകളും 1 ലക്ഷം ആർഎൻഎ എക്‌സ്ട്രാക്ഷൻ കിറ്റുകളുമായിരുന്നു. ദൗർഭാഗ്യകരമെന്നു പറയട്ടെ ഈ കിറ്റുകളിൽ 95 ശതമാനവും ഉപയോഗശൂന്യമാണെന്നു കണ്ടെത്തിയതിനാൽ അവ ഉപയോഗിച്ചുള്ള പരിശോധന നിർത്തിവയ്ക്കാൻ ഐസിഎംആർ ഏപ്രിൽ 21ന് ആവശ്യപ്പെട്ടു. വളരെ വൈകി എത്തിച്ചേർന്ന ടെസ്റ്റ് കിറ്റുകൾ ശരിയായ പരിശോധനാഫലം നൽകില്ല എന്നുകൂടി വന്നപ്പോൾ രാജ്യമാസകലം ടെസ്റ്റ് സംവിധാനം സമ്മർദ്ദത്തിലായി. ഏപ്രിൽ 16നു മറ്റൊരു വാർത്ത കൂടി പ്രത്യക്ഷപ്പെട്ടു. കൊറോണ രോഗബാധ വ്യാപകമാകുന്നതിനാൽ ഇൻഡ്യ പിപിഇ കിറ്റുകളുടെയും ടെസ്റ്റു കിറ്റുകളുടെയും രൂക്ഷമായ ദൗർലഭ്യമാണ് നേരിടുന്നത്. അതിനാൽ ഇവ സമാഹരിക്കാൻ ആഗോള അന്വേഷണം ഊർജ്ജിതമാക്കി (ലൈവ് മിന്റ്-ഏപ്രിൽ 16). ഊർജ്ജിതമായ അന്വേഷണത്തിലേക്ക് കടക്കുന്നത് വളരെ വൈകിയാണെന്നു ഇതു വ്യക്തമാക്കുന്നു.
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡ്യയുമായി സഹകരിച്ച് ടെസ്റ്റ് കിറ്റുകൾ ഉൽപ്പാദിപ്പിക്കാൻ അനുമതി ലഭിച്ച പൂനെ ആസ്ഥാനമാക്കിയുള്ള മൈലാബ് ഡിസ്‌കവറി സൊലൂഷൻസിന് ഏപ്രിൽ ആദ്യവാരം ഉൽപ്പാദിപ്പിക്കാൻ കഴിഞ്ഞത് പ്രതിദിനം വെറും 20,000 എണ്ണം മാത്രമായിരുന്നു. തുടക്കത്തിൽ അത്രയുമേ ഉൽപ്പാദിപ്പിക്കാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ യുദ്ധസമാനമായ ആവശ്യകതയുടെ ഗൗരവം ഉൾക്കൊണ്ടു ഇഛാശക്തിയോടെ സർക്കാരിനു ഫെബ്രുവരിയിൽത്തന്നെ മതിയായ കൂടിയാലോചനകളും തയ്യാറെടുപ്പുകളും നടത്താൻ കഴിഞ്ഞിരുന്നെങ്കിൽ ഇന്നു കൈവരിച്ച പ്രതിദിനം 2 ലക്ഷം ടെസ്റ്റു കിറ്റുകളുടെ ഉൽപ്പാദനശേഷി എന്നത് ഏപ്രിൽ മാസത്തിൽത്തന്നെ കൈവരിക്കാൻ കഴിയുമായിരുന്നു. അങ്ങിനെയെങ്കിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിലെ നിർണ്ണായക ദിനങ്ങളിൽ പരമാവധി ടെസ്റ്റുകൾ നടത്താനും കഴിവതും വേഗം രോഗബാധിതരെ തിരിച്ചറിഞ്ഞ് അവരെ ഐസൊലേറ്റ് ചെയ്യുവാനും കഴിയുമായിരുന്നു.
ചികിൽസയിലുള്ള രോഗികളെ ഡിസ്ചാർജ്ജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ പുറപ്പെടുവിച്ചിരുന്ന മാർഗ്ഗനിർദ്ദേശങ്ങളിൽ ഇളവുകൾ നടപ്പിൽവരുത്തി മേയ് ഒമ്പതിന് പുതിയ ഉത്തരവ് ഇറക്കി. അഡ്മിറ്റ് ചെയ്ത് 14-ാം ദിവസവും 21-ാം ദിവസവും നടത്തുന്ന ടെസ്റ്റിലൂടെ നെഗറ്റീവ് ആണെന്നു കണ്ടാൽ മാത്രം ഡിസ്ചാർജ്ജ് ചെയ്താൽ മതിയെന്ന മുൻമാർഗ്ഗനിർദ്ദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം റദ്ദാക്കി. കഠിന രോഗലക്ഷണങ്ങൾ ഉള്ളവരെ മാത്രം ടെസ്റ്റ് ചെയ്താൽ മതിയെന്നതാണ് പുതിയ നിർദ്ദേശം. പുതിയ ഉത്തരവ് പറയുന്നത് ഇപ്രകാരമാണ്: ‘other catagories of patients-very mild, mild, presymptomatic and moderate cases NEED NOT BE TESTED’. അനുദിനം രോഗബാധിതരുടെ എണ്ണം പെരുകുമ്പോൾ, രോഗലക്ഷണങ്ങൾ ഇല്ലാത്ത രോഗബാധിതരുടെ എണ്ണം ഇൻഡ്യയിൽ 80 ശതമാനമാണെന്ന് ഐസിഎംആർ വ്യക്തമാക്കുമ്പോൾ ഇത്ര ഗുരുതരമായ ഒരു തീരുമാനം എടുക്കാൻ സർക്കാരിനെ നിർബ്ബന്ധിച്ചത് ടെസ്റ്റു കിറ്റുകളുടെയും പരിശോധന നടത്താനുള്ള സംവിധാനത്തിന്റെ ദൗർലഭ്യം മാത്രമാണ്. ഈ തീരുമാനത്തോട് പ്രതികരിച്ചുകൊണ്ട് ആൾ ഇൻഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് റെസിഡന്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീനിവാസ് രാജ്കുമാർ ഇപ്രകാരം പ്രസ്താവിച്ചു. ജനങ്ങളെ പരിശോധിക്കാതെ ഡിസ്ചാർജ്ജ് ചെയ്താൽ അതു സമൂഹത്തിൽ വൈറസ് വ്യാപനത്തിന് ഇടയാക്കും. കഴിഞ്ഞ 40 ദിവസമായി ആവശ്യത്തിന് ടെസ്റ്റിംഗ് സൗകര്യങ്ങൾ ക്രമീകരിക്കാതെ സർക്കാർ എന്തുചെയ്യുകയായിരുന്നു? സൂചനകൾ വ്യക്തമാക്കുന്നതുപോലെ 2 ലക്ഷമോ അതിലേറെയോ ഇൻഡ്യക്കാരെ കോവിഡിനു ബലി നൽകാൻ സർക്കാർ തയ്യാറെടുക്കുകയാണോ?

2020 മേയ് 8ന്റെ എഡിറ്റോറിയലിൽ ദ് ഹിന്ദു ഇപ്രകാരം എഴുതി: ലോക്ക് ഡൗൺ ആവശ്യമായിരുന്നിരിക്കാം. എന്നാൽ അതു പര്യാപ്തമല്ല. വൈറസിന്റെ വ്യാപനത്തെ ഗണനീയമായ നിലയിൽ പിടിച്ചുകെട്ടിയ രാജ്യങ്ങൾക്കിടയിലെ പൊതുമുദ്രാവാക്യം വ്യാപനത്തിന്റെ മധ്യേയുള്ള ടെസ്റ്റിംഗും സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തലുമാണ്. കേവലം സമൂഹപരിശോധനയിലൂടെയും നിരീക്ഷണത്തിലൂടെയുമാണ് തെക്കൻ കൊറിയ പോലുള്ള രാജ്യങ്ങൾക്ക് ഗ്രാഫിനെ ഋജുവാക്കാൻ (flattening the curve) കഴിഞ്ഞത്. രാജ്യത്തിന് അനിശ്ചിതമായി അതിന്റെ പ്രവർത്തനങ്ങൾ ലോക്ക് ഡൗൺ ചെയ്യുന്നത് താങ്ങാനാവില്ല. ടെസ്റ്റുകൾ പരമാവധി ഊർജ്ജിതമാക്കുക, പൊതുജനാരോഗ്യ സംവിധാനത്തിന്റെ അടിസ്ഥാന ഘടനയെ ശക്തിപ്പെടുത്തുക, രോഗബാധയ്ക്കും ആഘാതത്തിനുമിരയാകുന്നവരെ സംരക്ഷിക്കുക ഇവയാണ് ഇൻഡ്യയ്ക്കു മുമ്പിലുള്ള ഏറ്റവും അനുയോജ്യമായ പാത. ഈ രാജ്യത്തെ മാധ്യമങ്ങളും ആരോഗ്യവിദഗ്ദ്ധരും ഒരുപോലെ ആവശ്യപ്പെടുന്നത് രണ്ടു കാര്യങ്ങളാണ്. ടെസ്റ്റുകളുടെ എണ്ണം പരമാവധി വർദ്ധിപ്പിക്കുക, ആരോഗ്യപ്രവർത്തകർക്ക് മതിയായ സുരക്ഷാ ഉപകരണങ്ങൾ നൽകുക. ഈ അടിസ്ഥാന ആവശ്യകതകളുടെ രംഗത്ത് സമയോചിതമായ നടപടികൾ സ്വീകരിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടുവെന്ന് വസ്തുതകൾ തെളിയിക്കുന്നു.


കള്ളക്കണക്കുകൾ നിരത്തി സര്‍ക്കാര്‍ പരാജയം മറയ്ക്കുന്നു

രോഗത്തെ പ്രതിരോധിക്കുന്ന ദൗത്യത്തിൽ വിജയമാണെന്നു സ്ഥാപിക്കാൻ വ്യത്യസ്ത കണക്കുകൾ ദിനംപ്രതി പുറത്തുവിട്ട് മുഖം രക്ഷിക്കാൻ ശ്രമിക്കുകയാണ് സർക്കാർ. ആദ്യഘട്ടത്തിൽ രോഗികളുടെ എണ്ണം ഇരട്ടിയാകാനെടുക്കുന്ന ദിവസങ്ങളുടെ ദൈർഘ്യം വർദ്ധിക്കുകയാണെന്നായിരുന്നു സർക്കാരിന്റെ അവകാശവാദം. പിന്നീട്, അതിനെക്കുറിച്ച് അവതരിപ്പിക്കാനേ ആവാത്തവിധം കാര്യങ്ങൾ കൈവിട്ടു. ഇപ്പോൾ രോഗം ഭേദമാകുന്നവരുടെ ശതമാനമാണ് അവതരിപ്പിക്കുന്നത്. (ഇൻഡ്യയുടെ റിക്കവറി റേറ്റ് 41.55 ശതമാനമാണ്) അക്കാര്യത്തിലും അവകാശവാദത്തിന് യഥാർത്ഥത്തിൽ നിലനിൽപ്പില്ല. ആദ്യമായി കോവിഡ് പ്രതിസന്ധിയെ അഭിമുഖീകരിച്ച ചൈനയുടെ റിക്കവറി റേറ്റ് 95.6 ശതമാനമാണെന്ന് ഓർക്കുക. റിക്കവറി റേറ്റിന്റെ കാര്യത്തിൽ അമേരിക്കയും ഫ്രാൻസുമൊഴികെ ഏതാണ്ട് എല്ലാ രാജ്യങ്ങളും 60 ശതമാനത്തിനു മുകളിലുള്ള നിലയാണ് കാണിക്കുന്നത്. ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം കുറയുന്നു, രോഗബാധിത ജില്ലകളുടെ എണ്ണം കുറയുന്നു തുടങ്ങിയ കണക്കുകൾ ഇപ്പോൾ നിരത്തുന്നില്ല; കാരണം അതെല്ലാം ഇപ്പോൾ അന്തമില്ലാതെ വർദ്ധിക്കുകയാണ്. അതതുസമയത്തെ അനുകൂലമായ ചില കണക്കുകൾ എടുത്തുകാട്ടി, മികവുറ്റ പ്രതിരോധപ്രവർത്തനമാണ് നടത്തുന്നതെന്ന് സ്ഥാപിക്കാൻ ദയനീയമായി ശ്രമിക്കുകയാണ് കേന്ദ്രസർക്കാർ.
യഥാർത്ഥത്തിൽ, ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിനുമുമ്പ് സാവകാശം വർദ്ധിക്കാൻ തുടങ്ങിയ രോഗികളുടെ എണ്ണം, നാലാം ഘട്ടം ലോക്ക് ഡൗൺ അവസാനിക്കാറാകുമ്പോൾ പ്രതിദിനം 6000 രോഗികളെന്ന നിലയിൽ കുത്തനെ ഉയരുകയാണ്. കഴിഞ്ഞ ഏപ്രിൽ 24ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ യോഗത്തിൽ കോവിഡ് മാനേജുമെന്റിനായുള്ള എപേവ്ഡ് കമ്മിറ്റി ഒന്നാം ഗ്രൂപ്പിന്റെ തലവൻ ഡോ.വി.കെ.പോൾ മെയ് 16 ആകുമ്പോൾ ഇൻഡ്യയിൽ കോവിഡ് കേസുകൾ പൂജ്യമാകുമെന്ന് ഗ്രാഫ് വരച്ചുകാട്ടി സ്ഥാപിച്ചിരുന്നു. എന്നാൽ ഇതേ മെയ് 16നായിരുന്നു ഇൻഡ്യയിൽ അന്നുവരെയുള്ളതിൽ വച്ചേറ്റവും ഉയർന്ന എണ്ണം കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടത്. സർക്കാർ നടത്തുന്ന പ്രചാരണത്തിന്റെ ആധികാരികതയും സത്യസ്ഥിതിയും മനസ്സിലാക്കാൻ ഈയൊരൊറ്റ ഉദാഹരണം മതിയാകും.
ലോകത്ത് ഏറ്റവും കുറഞ്ഞ മരണനിരക്കുള്ളത് (2.9 ശതമാനം) ഇൻഡ്യയിലാണെന്ന വസ്തുതാവിരുദ്ധമായ അവകാശവാദം മേയ് 27ന്റെ പത്രങ്ങളിൽ സർക്കാരിന്റെ അറിയിപ്പായി അച്ചടിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ ഇൻഡ്യയെക്കാൾ മരണനിരക്ക് കുറവുള്ള 49 രാജ്യങ്ങൾ ലോകത്തുണ്ട്. മൂന്നര ലക്ഷം രോഗബാധിതരുള്ള റഷ്യയിൽ 1.02 ശതമാനം മാത്രമാണ് മരണനിരക്ക്. ഇൻഡ്യയുടെ മരണനിരക്കിനേക്കാൾ കുറവാണ് അയൽരാജ്യങ്ങളായ പാക്കിസ്ഥാനിലും(2.07 ശതമാനം) ബംഗ്ലാദേശിലും (1.41 ശതമാനം) ശ്രീലങ്കയിലും (0.85 ശതമാനം). ഉയർന്ന നിലയിൽ രോഗബാധയുണ്ടായിട്ടുള്ള മറ്റൊരു ഏഷ്യൻ രാജ്യമായ സൗദി അറേബ്യയിൽ മരണനിരക്ക് 0.53 ശതമാനം മാത്രമാണ്. മരണനിരക്കിന്റെ കാര്യത്തിലും യാഥാർത്ഥ്യത്തിന് നിരക്കാത്ത അവകാശവാദങ്ങൾ അവതരിപ്പിക്കുകയാണ് സർക്കാർ. യഥാർത്ഥത്തിൽ ഇൻഡ്യയുടെ മരണനിരക്ക് ആശ്വാസത്തിനു വക നൽകുന്ന കാര്യം തന്നെയാണ്. അതോടൊപ്പംതന്നെ നാം മനസ്സിലാക്കേണ്ടുന്ന വസ്തുത കോവിഡിന്റെ ഔദ്യോഗിക മരണനിരക്ക് മൂന്നു ശതമാനത്തിനും ആറു ശതമാനത്തിനുമിടയിലാണ് എന്നതാണ്. മരണനിരക്കിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ രാജ്യങ്ങളിൽ നിന്നു രാജ്യങ്ങളിൽ വ്യത്യസ്തമായിരിക്കും. വൃദ്ധർ രോഗബാധിതരായാൽ മരണനിരക്ക് വളരെ ഉയരുമെന്ന് ഇറ്റലിയും സ്‌പെയിനും തെളിയിച്ചുകഴിഞ്ഞു. ആയതിനാൽ മരണനിരക്കിനെ മാത്രം അടിസ്ഥാനപ്പെടുത്തി ഒരു രാജ്യത്തിന്റെ മികവിനെയോ പരാജയത്തെയോ വിലയിരുത്താനാവില്ല.

രോഗപ്രതിരോധത്തിന്റെ രംഗത്ത് ഏറ്റവും പ്രധാനമായ ടെസ്റ്റിംഗിന്റെ കാര്യത്തിൽ രാജ്യത്തിന്റെ സ്ഥാനമെന്തെ ന്നു നമ്മൾ ചർച്ച ചെയ്തു. ആരോഗ്യപ്രവർത്തകർക്ക് സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കുകയെന്ന പരമപ്രധാനമായ കടമയുടെ നിർവ്വഹണത്തിലും സർക്കാർ പരാജയപ്പെടുകയാണുണ്ടായത്. വിതരണം ചെയ്യുന്ന സുരക്ഷാ ഉപകരണങ്ങളുടെ എണ്ണത്തിന്റെ കണക്ക് അവതരിപ്പിക്കുന്നതുകൊണ്ടു മാത്രം ഈ രംഗത്ത് നേട്ടം സൃഷ്ടിച്ചു വെന്ന് പറയാനാവില്ല. രാജ്യത്തിന്റെ ആകെ ആവശ്യകത എത്രയാണെന്നും അതിന്റെ എത്ര ശതമാനം വിതരണം ചെയ്യാൻ കഴിഞ്ഞുവെന്നുമാണ് ജനങ്ങളോട് പറയേണ്ടുന്നത്. ‘മൂലധനനിക്ഷേപ സാധ്യതകൾ പഠിക്കുന്ന സർക്കാതിര സ്ഥാപനം തയ്യാറാക്കിയ Invest India Report പ്രകാരം ഇൻഡ്യയ്ക്ക് ഏറ്റവും കുറഞ്ഞത് ഉയർന്ന ഇനം 38 ദശലക്ഷം മാസ്‌കും 62 ലക്ഷം പിപിഇ കിറ്റും ഉടൻ വേണം’ (റോയ്‌ട്ടേഴ്‌സ്- ഏപ്രിൽ 16) ഇത് ആധികാരികമാണെങ്കിൽ, ഈ സംഖ്യയുടെ എത്ര ശതമാനം സർക്കാർ വിതരണം ചെയ്തിട്ടുണ്ടാകുമെന്ന് അറിയാൻ കഴിഞ്ഞാൽ ഈ രംഗത്ത് നേട്ടം കൈവരിക്കാനായോ എന്ന് സ്ഥിരീകരിക്കാൻ കഴിയും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ജോയ്ന്റ് സെക്രട്ടറി ലവ് അഗർവാൾ ഏപ്രിൽ 9ന്, ‘പിപിഇ കിറ്റിന്റെ ഉൽപ്പാദനത്തിനായി തദ്ദേശീയമായ 20 കമ്പനികളെ ബന്ധപ്പെട്ടിട്ടുണ്ട.് 1.7 കോടി പിപിഇ കിറ്റിന് ഓർഡർ നൽകി. ആരോഗ്യപ്രവർത്തകർക്ക് എല്ലാം പിപിഇ കിറ്റ് വേണമെന്ന ഒരു ഭയം ജനിച്ചിട്ടുണ്ട്. എല്ലാവർക്കും സുരക്ഷാ ഉപകരണങ്ങൾ വേണമെന്നില്ല. അവ യുക്തിഭദ്രമായി ഉപയോഗിക്കണം. ഒരു ദിവസത്തേക്ക് N95 മാസ്ക് ഒരെണ്ണം മതി..’(എൻഡി റ്റിവി, ഏപ്രിൽ 9) എന്ന് പ്രസ്താവിച്ചിരുന്നു. ഈ പ്രസ്താവനയുടെ സൂചനയെന്താണ്? സുരക്ഷാ ഉപകരണങ്ങൾക്ക് ദൗർലഭ്യം നേരിടുന്നു എന്നുതന്നെയാണ് ഇത് വ്യക്തമാക്കുന്നത്. ആരോഗ്യപ്രവർത്തകർ ആവശ്യപ്പെടുന്ന എണ്ണം സുരക്ഷാ ഉപകരണങ്ങൾ ലഭ്യമല്ല എന്നതിനാലാണ് ബ്യൂറോക്രാറ്റ് മാത്രമായ ഒരാൾ പിപിഇ എല്ലാവരും ഉപയോഗിക്കേണ്ടതില്ല എന്ന് ഉപദേശിക്കുന്നത്. ഈ പ്രസ്താവന ഗൗരവതരമായ മറ്റൊരു കാര്യം കൂടെ വെളിവാക്കുന്നു. ഒന്നാം ലോക്ക് ഡൗൺ അവസാനിക്കാൻ വെറും 5 ദിവസം അവശേഷിക്കുമ്പോൾ മാത്രമാണ് 20 തദ്ദേശീയ ഉൽപ്പാദകരെ ബന്ധപ്പെട്ടിട്ടുള്ളത്. തദ്ദേശീയ ഉൽപ്പാദക ഉറവിടങ്ങളിൽ നിന്നു സുരക്ഷാ ഉപകരണങ്ങൾ ലഭിച്ചുതുടങ്ങിയിട്ടില്ല! 1.7 കോടി പിപിഇക്ക് ഓർഡർ നൽകിയിട്ടേയുള്ളൂ. അതും എത്തിയിട്ടില്ല! രാജ്യത്തിന്റെ പല ഭാഗത്തും സുരക്ഷാഉപകരണങ്ങൾക്കുവേണ്ടി ഡോക്ടർമാരുൾപ്പടെ ആരോഗ്യപ്രവർത്തകർ നെട്ടോട്ടമോടുകയായിരുന്നു. ചില ആശുപത്രികളുടെ മുമ്പിൽ ആരോഗ്യപ്രവർത്തകർ സുരക്ഷാഉപകരണങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് സമരം നടത്തേണ്ടിവരികപോലുമുണ്ടായി.
മേയ് രണ്ടാം വാരം രാജ്യത്തുടനീളം കാണുന്ന ദൃശ്യം ഡോക്ടർമാരുൾപ്പടെയുള്ള ആരോഗ്യപ്രവർത്തകർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചിരിക്കു ന്നുവെന്നതായിരുന്നു. ദില്ലിയിൽ മാത്രം വ്യത്യസ്ത ആശുപത്രികളിലെ നിരവധി ഡോക്ടർമാരുൾപ്പടെ 350ഓളം ആരോഗ്യപ്രവർത്തകർ മഹാവ്യാധി പിടിപെട്ട് ചികിൽസയിലാണ്. ദില്ലി സർക്കാരിന്റെ ഡോ.ബാബാ സാഹിബ് അംബേദ്കർ ആശുപത്രിയിലെ നിരവധി ഡോക്ടർമാരുൾപ്പടെ 106 ആരോഗ്യപ്രവർത്തകർ രോഗബാധിതരായി. ജഹാംഗീർപുരിയിലെ ബാബു ജഗജീവൻ റാം മെമ്മോറിയൽ ആശുപത്രിയിലെ 74 പേർ, മാക്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ 33 പേർ, ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജിലെ 12 പേർ, ദില്ലി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ 25 പേർ എന്നിങ്ങനെ രോഗബാധിതരുടെ എണ്ണത്തിന്റെ ലിസ്റ്റ് നീളുകയാണ്. ഈ ആശുപത്രികളിലെ നൂറുകണക്കിന് മറ്റു ജീവനക്കാർക്ക് ക്വാറന്റൈനിൽ പോകേണ്ടിയും വന്നു. ഇവയിൽ ഏറിയ പങ്കും സർക്കാർ ആശുപത്രികളാണ്, പലതും കൊറോണ ചികിൽസ നടത്തുന്ന ആതുരാലയങ്ങളുമാണ്. രോഗബാധയെത്തുടർന്ന് ഏതാനും ചില ആശുപത്രികളുടെ പ്രവർത്തനം നിർത്തി വയ്‌ക്കേണ്ടിയുംവന്നു.
ദില്ലിയിലെയും രാജ്യത്തെയും അതിസങ്കീർണ്ണമായ രോഗബാധയുടെ നിർണ്ണായക സാഹചര്യത്തിൽ ഇത്രയുമധികം ആരോഗ്യപ്രവർത്തകർ സേവനരംഗത്തുനിന്ന് വിട്ടുനിൽക്കാൻ ഇടയാക്കിയതിൽ മറ്റുള്ളവയോടൊപ്പമോ അതിലുമേറെയോ കാരണമായിട്ടുള്ളത് സുരക്ഷാഉപകരണങ്ങളുടെ അഭാവമാണ്. ഈ സാഹചര്യം ചികിൽസാ സംവിധാനത്തിന്റെമേൽ സൃഷ്ടിക്കുന്ന സമ്മർദ്ദം വളരെവലുതാണ്. കാര്യങ്ങൾ കൈവിട്ടുപോകുന്നതിൽ ഇക്കാരണങ്ങളെല്ലാം ഗൗരവതരമായ പങ്കു വഹിക്കുന്നു. ചികിൽസ ഉറപ്പാക്കാൻ രാജ്യം മുഴുവൻ ആരോഗ്യപ്രവർത്തകർ ഉറക്കമൊഴിഞ്ഞ് കഠിനാദ്ധ്വാനം ചെയ്യുമ്പോൾ സംരക്ഷിക്കാൻ ഒരു പഴുതുമില്ലാത്ത നടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെട്ട സർക്കാരാണ് അവരുടെ തലയ്ക്കുമുകളിൽ പുഷ്പവൃഷ്ടി നടത്താൻ കോടികൾ ചെലവഴിക്കുന്നത്. സുരക്ഷാ ഉപകരണങ്ങൾ ലഭ്യമല്ലാത്തതിനാൽ ചില ഡോക്ടർമാർ മഴക്കോട്ടും ഹെൽമറ്റും ബദലായി ഉപോയഗിക്കുന്നുവെന്ന വാർത്ത നിരവധി അന്തർദ്ദേശീയ മാധ്യമങ്ങളിൽ ചിത്രങ്ങൾ സഹിതം വരികയുണ്ടായി. ബീഹാർ സംസ്ഥാനം 5 ലക്ഷം പിപിഇ കിറ്റുകൾ ആവശ്യപ്പെട്ടിട്ട് ലഭിച്ചത് വെറും 4000 എണ്ണം മാത്രമെന്ന റിപ്പാർട്ടും പുറത്തുവന്നത് ഏപ്രിൽ ഒമ്പതിനാണ്. മുംബൈയിൽ 1300 പോലീസുകാർക്ക് ഡ്യൂട്ടിക്കിടയിൽ രോഗബാധയുണ്ടായിരിക്കുന്നു. മതിയായ മുൻകരുതലുകൾ ലഭ്യമാക്കാതെയും വേണ്ടത്ര ധാരണ നൽകാതെയും പോലീസ് സേനയെ ഡ്യൂട്ടിക്ക് അയച്ചതുകൊണ്ടു മാത്രമാണ് ഇത്രയുമധികം പേർക്ക് രാഗബാധയുണ്ടായത്.
നേരിടേണ്ടി വരുന്ന യുദ്ധ സമാനമായ സാഹചര്യത്തിന്റെ മുഴുവൻ ഗൗരവവും മുൻകൂട്ടി ഉൾക്കൊണ്ട് മികവാർന്ന പ്രൊഫഷനൽ വൈഭവത്തോടെ ഫെബ്രുവരിയിൽത്തന്നെ വൻതോതിൽ ടെസ്റ്റ് കിറ്റുകളും സുരക്ഷാ ഉപകരണങ്ങളും വെന്റിലേറ്ററുകളും സമാഹരിക്കാനും പൊതുജനാരോഗ്യസംവിധാനത്തെ അടിമുടി സജ്ജീകരിക്കാനും കഴിഞ്ഞിരുന്നെങ്കിൽ ഇന്ന് നമ്മുടെ രാഷ്ട്രം നേരിടുന്ന പ്രതിസന്ധിയെ വലിയൊരളവിൽ മറികടക്കാൻ കഴിയുമായിരുന്നു. സർക്കാരിന്റെ പൂർണ്ണ സജ്ജമായ ഒരു സംവിധാനത്തിന്റെ പിൻബലം തങ്ങൾക്കുണ്ടെന്ന് ബോധ്യമായാൽ അത് ആരോഗ്യപ്രവർത്തകർക്കു നൽകുന്ന ആത്മവിശ്വാസം വളരെ വലുതാകുമായിരുന്നു. ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ജനുവരി 30നാണ്. ഫെബ്രുവരി പതിനൊന്നിന് വീണ്ടും മുന്നറിയിപ്പു നൽകി. എന്നാൽ കേന്ദ്രസർക്കാർ ഡൊണാൾഡ് ട്രംപിനെ സ്വീകരിക്കുന്നതിന്റെയും മധ്യപ്രദേശിൽ കോൺഗ്രസ്സ് സർക്കാരിനെ അട്ടിമറിയ്ക്കുന്നതിന്റെയും ഗുജറാത്തിൽ രാജ്യസഭാ തെരഞ്ഞെടുപ്പിനു വേണ്ടി കൂറുമാറ്റം സംഘടിപ്പിക്കുന്നതിന്റെയും തിരക്കിലായിരുന്നു. ഫെബ്രുവരിയിലും മാർച്ചിലും കാര്യമായി പ്രായോഗിക തലത്തിൽ ഒന്നും ചെയ്തില്ല. ചില മന്ത്രിതല യോഗങ്ങളും സർക്കാർ ഉത്തരവുകളും ജനതാ കർഫ്യൂവും ലോക്ക് ഡൗണുമല്ലാതെ. മെയ് മൂന്നാം വാരത്തോടെ ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം 1 ലക്ഷത്തിലെത്തിയത് നേട്ടമാണെങ്കിലും അപ്പോഴേക്കും കാര്യങ്ങൾ നിയന്ത്രണം വിട്ടിരുന്നു. എന്തുകൊണ്ടാണ് മാർച്ചുമാസത്തിൽത്തന്നെ ധാരാവിയിൽ പൂൾ ടെസ്റ്റും റാൻഡം ടെസ്റ്റുമുൾപ്പടെ വൻതോതിൽ ടെസ്റ്റുകൾ നടത്താൻ സർക്കാരിനു കഴിയാതെപോയത്? ഇന്ന് മുംബൈ രോഗബാധയുടെ ഭീതികേന്ദ്രമായി മാറിയതിൽ ധാരാവി വലിയൊരു പങ്കുവഹിക്കുന്നു.

മഹാവ്യാധി സൃഷ്ടിച്ച മനുഷ്യദുരന്തത്തെ നേരിടുന്നതിൽ കേന്ദ്രസർക്കാർ പൂർണ്ണമായും പരാജയപ്പെട്ടു

ഭരണനിർവ്വഹണ രംഗത്തെ കാര്യശേഷി ശരാശരി നിലവാരത്തിൽ നിലനിർത്തിയാൽപ്പോലും ഇപ്രകാരമൊരു പ്രതിസന്ധിയെ നേരിടാനാവില്ല എന്നിരിക്കെയാണ് കേന്ദ്രസർക്കാർ അതിലും താഴേക്കുപോയിരിക്കുന്നത്. ഓരോ മിനിറ്റും ഓരോ മണിക്കൂറും നിർണ്ണായകമായ യുദ്ധമാണിത്. രോഗവ്യാപനത്തിന്റെ തോത് അത്രയുമേറെ വേഗതയിലുള്ളതാണ്. ഓരോ നടപടിയും വസ്തുനിഷ്ഠമായ പരിശോധനയ്ക്കും കാര്യാലോചനയ്ക്കും വിധേയമാക്കേണ്ടതുണ്ട്. ഒരു വിധ പശ്ചാത്തലവുമൊരുക്കാതെ, ഒരു തയ്യാറെടുപ്പുമില്ലാതെയാണ് ഒന്നാം ലോക്ക് ഡൗൺ പ്രഖ്യാപിച്ച തെന്ന് രാജ്യത്തെ മാധ്യമങ്ങളും ആരോഗ്യ-സാമ്പത്തിക വിദഗ്ദ്ധരും ഒരു പോലെ അഭിപ്രായപ്പെടുന്നു. സർക്കാരിന്റെ കുഴലൂത്തുകാർക്കും നീതി ആയോഗ് പോലുള്ള ഏജൻസികൾക്കുമല്ലാതെ മറ്റാർക്കും വ്യത്യസ്തമായ അഭിപ്രായമില്ല. കോവിഡ് പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ സഹജമായിത്തന്നെ ഒരു ഭൗതികസാഹചര്യവുമില്ലാത്ത, പരമദരിദ്രരായ, രോഗവാഹകരും അല്ലാത്തവരുമായ ലക്ഷക്കണക്കിന് കുടിയേറ്റത്തൊഴിലാളികൾ കഴിഞ്ഞ 60 ദിവസമായി തെരുവുകളിലും ട്രക്കുകളിലും ബസ്സുകളിലുമാണ്. രോഗവ്യാപനത്തിന്റെ തോതിനെ വൻതോതിൽ ഉയർത്താൻ സാധ്യതയുള്ള ഈ സ്ഥിതിവിശേഷം സർക്കാരിന്റെ ആസൂത്രണമില്ലായ്മയുടെയും സർവ്വോപരി മനുഷ്യത്വരാഹിത്യത്തിന്റെയും സൃഷ്ടിയാണ്. സർക്കാരിന്റെ കണക്കിൽ 8 കോടി വരുന്ന ഈ പട്ടിണിപ്പാവങ്ങളെ ഒന്നുകിൽ അവരുടെ ഗ്രാമങ്ങളിലെ ത്തിക്കാൻ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിനുമുമ്പുതന്നെ നടപടികൾ സ്വീകരിക്കണമായിരുന്നു. അല്ലെങ്കിൽ ഭക്ഷണവും കുടിവെള്ളവും പണവും പാർപ്പിടവും ആരോഗ്യപരിരക്ഷയും നൽകി സുരക്ഷിതമായി കഴിഞ്ഞുകൂടാൻ മനുഷ്യോചിതമായ സംവിധാനം ഒരുക്കണമായിരുന്നു. പതിനായിരക്കണക്കിനു വിദ്യാഭ്യാസസ്ഥാപനങ്ങളും ആയിരക്കണക്കിനു ഹാളുകളും പാർപ്പിടസൗകര്യങ്ങളും ആരാധനാലയലങ്ങളും ലോക്ക് ഡൗൺ കാലത്തു ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇവയെല്ലാം ഉപയോഗപ്പെടുത്തി ഇൻഡ്യയുടെ അതിബൃഹത്തായ സൈനികശക്തിയുടെ സഹായത്തോടെ നിർദ്ധനരായ കുടിയേറ്റത്തൊഴിലാളികൾക്ക് സാധാരണമനുഷ്യജീവിതം ഉറപ്പാക്കാൻ കഴിയുമായിരുന്നു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ പൂർണ്ണമായും പരാജയപ്പെട്ടു.
ഇപ്പോൾ മഹാരാഷ്ട്രയിലും ഗുജറാത്തിലും രോഗം സാമൂഹ്യവ്യാപനത്തിന്റെ തലത്തിലേക്ക് എത്തിയപ്പോഴാണ് ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകൾ ഏർപ്പെടുത്തി കുടിയേറ്റത്തൊഴിലാളികളെ അവരവരുടെ സംസ്ഥാനങ്ങളിലേക്ക് എത്തിക്കാൻ തീരുമാനിച്ചത്. രോഗവാഹകരാകാനുള്ള സാധ്യത പതിന്മടങ്ങ് ഉയർന്നതിനുശേഷം ഇവർ യാത്രചെയ്യുന്നതിനേക്കാൾ എത്രയോ അപകടരഹിതമായിരുന്നു ലോക്ക് ഡൗൺ പ്രഖ്യാപിക്കാതെ മാർച്ച് അവസാനവാരം ഇവരെ യാത്രചെയ്യാൻ അനുവദിച്ചിരുന്നെങ്കിൽ. അന്നാകട്ടെ സാധാരണ നിലയുള്ള ട്രെയിൻ സർവ്വീസുകൾ നിലനിൽക്കുന്നുണ്ടായിരുന്നു. അവശ്യമെങ്കിൽ സ്‌പെഷ്യൽ ട്രെയിനുകളും ഓടിക്കാൻ കഴിയുമായിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ഈ തൊഴിലാളികളെയും സാധാരണജനങ്ങളോടും അവരവർ കഴിയുന്നിടങ്ങളിൽ തുടരുക എന്നാവശ്യപ്പെടുമ്പോൾ എത്ര ദിനങ്ങളിലേക്കു അതു വേണ്ടിവരുമെന്ന് സർക്കാർ ചിന്തിച്ചിരുന്നോ? ഏറിയാൽ ഒരാഴ്ച മാത്രം പിടിച്ചുനിൽക്കാനുള്ള സാമ്പത്തികഭദ്രതയേ ഈ തൊഴിലാളികൾക്കുള്ളൂ എന്ന് മനസ്സിലാക്കാൻ സർക്കാരിനു കഴിയാതെ പോയതെന്തുകൊണ്ടാണ്? ഈ പട്ടിണിപ്പാവങ്ങൾക്ക് രണ്ടു മാസം പിടിച്ചുനിൽക്കാൻ കഴിയുമെന്നും അതിനുശേഷം കോവിഡ് ബാധ കുറയുമെന്നും അപ്പോൾ ഇവർക്ക് പണിയിൽ തിരികെപ്രവേശിക്കാൻ കഴിയുമെന്നാണോ സർക്കാർ കണക്കുകൂട്ടിയത്? 2 മാസത്തിനുള്ളിൽ രോഗത്തിന്റെ തോത് കുറയുമെന്ന് സർക്കാർ വിലയിരുത്തിയിട്ടുണ്ടെങ്കിൽ അറിവില്ലായ്മയുടെ ഒന്നാന്തരം ഉദാഹരണമായി അതിനെ കാണണം. അപ്രകാരം വിലയിരുത്തിയിട്ടില്ലെങ്കിൽ കുടിയേറ്റത്തൊഴിലാളികൾക്ക് അനിശ്ചിതമായി അവർ താമസിക്കുന്ന സ്ഥലങ്ങളിൽ തുടരാൻ കഴിയുമെന്ന നിഗമനത്തിലെത്തണം. അതാകട്ടെ യാഥാർത്ഥ്യബോധം തരിമ്പുമില്ലാത്ത നിഗമനമാണുതാനും. ഇതെല്ലാം പരിഗണിക്കുമ്പോൾ വ്യക്തമാകുന്ന കാര്യം സർക്കാർ ഒന്നും ചിന്തിച്ചിരുന്നില്ല എന്നുതന്നെയാണ്. തീർത്തും നിരുത്തരവാദപരമായാണ് സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ച തെന്ന് ഇത് വ്യക്തമാക്കുന്നു.
നിരന്തരമായ അഭ്യർത്ഥനയെത്തുടർന്ന് ഒടുവിൽ ശ്രമിക് ട്രെയിൻ ഏർപ്പെടുത്തിയപ്പോൾ അതിൽ കയറിപ്പറ്റണമെങ്കിൽ കുടിയേറ്റത്തൊഴിലാളികൾ ടിക്കറ്റ് ചാർജ്ജ് ഒടുക്കണെന്ന വാർത്ത കേട്ട് രാജ്യം അക്ഷരാർത്ഥത്തിൽ ഹൃദയമുരുകുകയും പ്രതിഷേധിക്കുകയും ചെയ്തു. പ്രസ്തുത തീരുമാനം പിൻവലിക്കാൻ ഈ നിമിഷം വരെയും റെയിൽവേയോ സർക്കാരോ തയ്യാറായിട്ടില്ല.


കുടിയേറ്റത്തൊഴിലാളികളെയും തൊഴിൽ നഷ്ടപ്പെട്ടവരെയും
പൂർണ്ണമായും കൈവെടിഞ്ഞ ഉത്തേജക പാക്കേജ്

പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജ് ധനമന്ത്രി നിർമ്മലാ സീതാരാമൻ മേയ് 14 മുതൽ 5 ഘട്ടമായാണ് വിശദീകരിച്ചത്. ആദ്യം പ്രഖ്യാപിച്ച (മാർച്ച് 26) പാക്കേജിന്റെ 1.7 ലക്ഷം കോടിയുടെ തുക കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് 20.9 ലക്ഷം കോടി തികച്ചിട്ടുള്ളത്. ഈ തുക ഇൻഡ്യയുടെ ജി.ഡി.പിയുടെ 10 ശതമാനമാണെന്ന് ഗണിതപ്രകാരം ശരിയാണെങ്കിലും പ്രയോഗത്തിൽ കേന്ദ്രഖജനാവിൽ നിന്ന് ചെലവഴിക്കുന്നത് വെറും 2 ശതമാനം മാത്രമാണെന്ന് സാമ്പത്തികവിദഗ്ദ്ധരെല്ലാം ഒരു പോലെ ചൂണ്ടിക്കാട്ടുന്നു. അതുമാത്രവുമല്ല ലോക്ക് ഡൗൺ വഴി ഏറ്റവും തകർന്ന സാധാരണതൊഴിലാളികൾക്കും കുടിയേറ്റത്തൊഴിലാളികൾക്കും പട്ടിണിപ്പാവങ്ങൾക്കും നേരിട്ടുപ്രയോജനപ്പെടുന്നതായി വിദൂരമായെങ്കിലും പരിഗണിക്കാവുന്ന തുക ജിഡിപിയുടെ ഒരു ശതമാനം മാത്രമേ വരൂ എന്ന് നീക്കിവച്ചിട്ടുള്ള വിഹിതം പരിശോധിച്ചാൽ വ്യക്തമാകും. ആദ്യം പ്രഖ്യാപിച്ച 1.7 ലക്ഷം കോടിയിൽ സാധാരണജനങ്ങൾക്കായി നീക്കിവച്ച തുഛമായ തുകയെ ദേശീയ പ്രമുഖനായ പത്രപ്രവർത്തകൻ പി.സായ്‌നാഥ് വിശേഷിപ്പിച്ചത് ‘അശ്ലീല’മെന്നാണ്. ജൻധൻ അക്കൗണ്ടുള്ള സ്ത്രീകൾക്ക് പ്രതിമാസം 500 രൂപാ(!) വീതം 3 മാസത്തേക്ക്, തൊഴിലുറപ്പു പദ്ധതിയിൽ പണിയെടുക്കുന്നവർക്ക് പ്രതിമാസം 20 രൂപയുടെ(!) വർദ്ധനവ്, എല്ലാവർക്കും 5 കിലോ അരിയും 1 കിലോ ധാന്യവും ഇതായിരുന്നു പ്രഖ്യാപനം. നിലവിൽ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള കിസാൻ യോജന പദ്ധതിയുടെ 2000 രൂപ മെയ് മാസത്തിൽ നൽകേണ്ടത് ഏപ്രിൽ മാസത്തിൽ നൽകും(ഇത് കോവിഡ് വ്യാധി സൃഷ്ടിച്ച സാമ്പത്തികത്തകർച്ചയെ പരിഗണിച്ചുള്ളതല്ല). വരുമാനത്തിന്റെ എല്ലാ ഉറവിടവും അടഞ്ഞുപോയ പാവപ്പെട്ട തൊഴിലാളിക്കു നൽകുന്ന സാമ്പത്തിക സഹായമാണ് മുകളിൽ സൂചിപ്പിച്ചിട്ടുള്ളത്. രാജ്യത്തെ 65 കോടി ദരിദ്രരിൽ (ലോകബാങ്കിന്റെ പുതിയ കണക്കുപ്രകാരം) എത്രപേർക്കാണ് ജൻധൻ അക്കൗണ്ടുള്ളത്? ഉള്ളവർക്ക് ലഭിക്കുന്ന 500 രൂപ തൊഴിലാളിയെ അപമാനിച്ചും പരിഹസിച്ചും നൽകുന്ന പിച്ചക്കാശു മാത്രമാണ്.
മാർച്ച് 14നു പ്രഖ്യാപിച്ചു തുടങ്ങിയ 20 ലക്ഷം കോടിയുടെ ആത്മനിർഭർ ഭാരത് പാക്കേജിൽ തൊഴിൽ നഷ്ടപ്പെട്ടവർക്കും കുടിയേറ്റത്തൊഴിലാളിക്കും ഒരു ചില്ലിത്തുട്ടുപോലും നേരിട്ടുപണം നൽകുന്നതിനായി നീക്കിവച്ചില്ല. രാജ്യം മുഴുവൻ ഒറ്റക്കെട്ടായി ഉയർത്തിയ ആവശ്യം അതായിരുന്നു. മുഴുപ്പട്ടിണിക്കാർക്കുള്ള ആശ്വാസമെന്ന നിലയിൽ മാത്രമല്ല തകർന്നടിഞ്ഞ സാമ്പത്തികവ്യവസ്ഥയുടെ ചലനത്തിന് അത് അനിവാര്യമാണ് എന്നതിനാലുമാണ് ഈ ആവശ്യം ഉയർന്നുവന്നത്. ഏറ്റവും ന്യായമായ ഈ ആവശ്യം പരിഗണിക്കാൻ കേന്ദ്രസർക്കാർ തയ്യാറായതേയില്ല. 8 കോടി കുടിയേറ്റത്തൊഴിലാളികൾക്ക് 5 കിലോ അരിയും 1 കിലോ കടലയും 2 മാസത്തേക്കു നൽകുമെന്നതാണ് ആത്മനിർഭർ പദ്ധതിയിൽ വ്യക്തമാക്കിയിട്ടുള്ളത്. ഈ ഭക്ഷ്യവസ്തുക്കളുടെ മൂല്യം വെറും 250 രൂപയേ വരൂ. അതായത് 20.9 ലക്ഷം കോടി രൂപയിൽ ഒരു കുടിയേറ്റത്തൊഴിലാളിക്കു ലഭിക്കുന്നത് 250 രൂപാ മാത്രമായിരിക്കും. തൊഴിലുറപ്പ് പദ്ധതിയ്ക്കായി 40,000 കോടി അധികം നീക്കിവയ്ക്കുമെന്ന് 20 ലക്ഷം കോടിയുടെ പദ്ധതിയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. മടങ്ങിവരുന്ന കുടിയേറ്റത്തൊഴിലാളികൾ സ്വന്തം ഗ്രാമത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ചേരുമ്പോൾ ഈ ആനുകൂല്യം ലഭിക്കുമെന്നാണ് വാഗ്ദാനം. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി രാജ്യത്തു നിലനിൽക്കുമ്പോൾത്തന്നെ ലക്ഷോപലക്ഷം തൊഴിലാളികൾ ഈ പദ്ധതിയുടെ ഭാഗമാകാതെ നഗരങ്ങളിലേക്ക് തൊഴിൽ തേടി പലായനം ചെയ്തതിന്റെ ഒരേയൊരു കാരണം ഈ പദ്ധതിപ്രകാരം ലഭിക്കുന്ന കൂലി പരമതുഛമാണെന്നതും കൂലി വളരെ വൈകിയേ ലഭിക്കൂ എന്നതും തൊഴിൽ ഉറപ്പില്ല എന്നതുമാണ്. അഴിമതിയും കാര്യക്ഷമതയില്ലായ്മയുംകൊണ്ട് രാജ്യം മുഴുവൻ ഈ പദ്ധതി താറുമാറായ നിലയിലാണ് ഇന്നുള്ളത്. അതിലേക്ക് അനുവദിക്കപ്പെടുന്ന 40,000 കോടി രൂപ എപ്രകാരമാണ് കുടിയേറ്റത്തൊഴിലാളിയുടെ കൈവശമെത്തുക?

ഈ പ്രഖ്യാപനം പാഴ്‌വാക്കുമാത്രമായി മാറുമെന്നുറപ്പാണ്. ഏറ്റവും നിരുത്തരവാദപരമായും പിടിപ്പുകെട്ടും ഭരിക്കുന്ന ലോകത്തെ ചില രാജ്യങ്ങളിൽപ്പോലും പ്രഖ്യാപിച്ച ഉത്തേജകപാക്കേജിൽ വലിയ തുകകൾ ജനങ്ങൾക്ക് നേരിട്ടുകൈമാറുന്നതിനായി നീക്കിവച്ചിരുന്നു. മനുഷ്യത്വത്തിന്റെ ലാഞ്ചനപോലുമില്ലാത്ത അമേരിക്കയിൽപ്പോലും തൊഴിൽ നഷ്ടപ്പെട്ടവർക്ക് നീക്കിവച്ചിട്ടുള്ള തുക പ്രതിശീർഷം 2000 ഡോളറാണ്. ഫ്രാൻസും ജർമ്മനിയും നൽകുന്നതും ജീവിതം നിലനിർത്താൻ സഹായകരമായ ഭേദപ്പെട്ട തുകകളാണ്. ഏറ്റവും ദരിദ്രർ തിങ്ങിപ്പാർക്കുന്ന നമ്മുടെ രാജ്യത്തെ ജനങ്ങൾക്ക് മുകളിൽ സൂചിപ്പിച്ച പ്രഖ്യാപനങ്ങളല്ലാതെ നേരിട്ടു പണം കൈമാറുന്ന ഒരുവിധ പദ്ധതിയും ആത്മനിർഭർ ഭാരതിൽ ഉണ്ടായിരുന്നില്ല.
20 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജിലെ സാമ്പത്തികപ്രഖ്യാപനങ്ങൾ മുഴുവൻ ഒരു വായ്പാമേളയുടെ അറിയിപ്പുമാത്രമായിരുന്നു. ആകെ പ്രഖ്യാപിച്ചിട്ടുള്ള തുകയിൽ 8100 കോടി രൂപയാണ് നേരിട്ട് സർക്കാർ ഖജനാവിന്റെമേൽ ബാധ്യതയായി വരുന്നതെന്ന ഒരു കണക്ക് ചില വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു(ദി ഹിന്ദു, 21 മെയ് 2020). അത് അനുവദിച്ചിട്ടുള്ളതാകട്ടെ Social Sector Infrastructureൽ സ്വകാര്യനിക്ഷേപം വർദ്ധിപ്പിക്കാനുള്ള viability gap funding 30 ശതമാനമായി ഉയർത്തുന്നതിനുവേണ്ടിയാണ്. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപനങ്ങൾക്ക് (MSME) 3 ലക്ഷം കോടി രൂപയുടെ വായ്പാ പ്രഖ്യാപനം ഉൾപ്പടെയുള്ള ഒട്ടുമിക്ക പ്രഖ്യാപനങ്ങൾ ലളിതവ്യവസ്ഥകളിലൂടെയും മാർഗ്ഗങ്ങളിലൂടെയും മൂലധന ലഭ്യത ഉറപ്പാക്കി സപ്ലൈയുടെ വശത്തെ മുന്നോട്ടു നീക്കുക എന്നതാണ് പാക്കേജിന്റെ ആകമാന ലക്ഷ്യം. പണലഭ്യതയുടെ കുറവ് (liquidity crunch) എന്ന പ്രശ്‌നം അവർ ഉൽപ്പാദകരുടെ ഭാഗത്തുമാത്രമേ കാണുന്നുള്ളൂ. ഖജനാവിന് ഒരു ബാധ്യതയും വരുത്താതെ, ഒരു ഈടും വാങ്ങാതെ പണലഭ്യത ഉറപ്പാക്കാൻ അവർ നിർദ്ദേശിച്ചിരിക്കുന്നത് ബാങ്കുകളോടും ഇതര ധനകാര്യസ്ഥാപനങ്ങളോടുമാണ്. എത്ര ചെറുകിട-ഇടത്തരം ഉൽപ്പാദകർ വീണ്ടും വായ്പ വാങ്ങാൻ മുതിരുമെന്നത് കാത്തിരുന്ന് കാണുകതന്നെ വേണ്ടിവരും. വിപണി നിശ്ചലമായിരിക്കുന്നുവെന്നതാണ് അടിസ്ഥാനപ്രതിസന്ധി. അത്തരമൊരു അനിശ്ചിതത്വത്തിന്റെ വേളയിൽ വായ്പയിലൂടെ പണലഭ്യത ഉറപ്പാക്കി ഉൽപ്പാദനത്തിലൂടെ സപ്ലൈയുടെ വശത്തേക്ക് എത്രപേർ ആശങ്കയില്ലാതെ ഇറങ്ങും?
ഇതിനോടകം വമ്പിച്ച പ്രതിസന്ധിയെ നേരിടുന്ന ബാങ്കുകളെ ഇതെങ്ങിനെ ബാധിക്കും എന്നത് നിശ്ചയമായും പ്രവചിക്കാൻ കഴിയും. വായ്പ നൽകുന്ന ഒരു ബാങ്കും തിരിച്ചടവ് പ്രതീക്ഷിക്കേണ്ടതില്ല. ഈ പാക്കേജു തന്നെയായിരിക്കും അതിന്റെ കാരണങ്ങളിലൊന്ന്. ജനങ്ങളുടെ ക്രയശേഷി താൽക്കാലികമായെങ്കിലും ഉയർത്തി, മുതലാളിത്ത യുക്തിപ്രകാരമെങ്കിലും ഡിമാന്റിനെ വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നില്ലെങ്കിൽ എവിടെയാണ് ഉൽപ്പാദനമേഖലയിൽ ഉത്തേജനമുണ്ടാവുക?
കോവിഡിനുമുമ്പുതന്നെ ജിഡിപി 5 ശതമാനത്തിൽ നിന്നും 4.1 ശതമാനത്തിലേക്കു കൂപ്പുകുത്തിയിരുന്നു. ആട്ടൊമൊബൈൽ വ്യവസായം തുടങ്ങി പാർലേ ബിസ്‌കറ്റ് കമ്പനിവരെ വിപണി പ്രതിസന്ധിയിൽ ആടിഉലയുകയായിരുന്ന വേളയിലാണ് മഹാവ്യാധിയുടെ ആഘാതമുണ്ടായിട്ടുള്ളത്. കോവിഡിനെത്തുടർന്ന് വരുമാനം നഷ്ടപ്പെട്ട കോടിക്കണക്കിനു തൊഴിലാളികൾ ക്രയശേഷി ചുരുങ്ങി, വിപണിയുടെ ഭാഗമേ അല്ലാതായി മാറിക്കഴിഞ്ഞു. പരിമിതമായ ഉണ്ടായിരുന്ന ശമ്പളംപോലും കോവിഡിന്റെ മറയിൽ എല്ലാ സ്വകാര്യകമ്പനികളും വെട്ടിക്കുറച്ചു. 5 സംസ്ഥാന സർക്കാരുകൾ ആരോഗ്യപ്രവർത്തകരുൾപ്പെടയുള്ള ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു. കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്ന ഡി.എ 2021 വരെ റദ്ദാക്കി. വിലപേശി ഇതൊക്കെ തിരികെ വാങ്ങാൻ സഹായകരമായ തൊഴിൽ നിയമങ്ങളെല്ലാം ഓർഡിനൻസിലൂടെ കുഴിച്ചുമൂടി. 14 കോടി ജനങ്ങൾക്ക് തൊഴിൽ നഷ്ടപ്പട്ടതായി ദ് സെന്റർ ഫോർ മോനിറ്ററിംഗ് ഇൻഡ്യൻ ഇക്കണോമിയുടെ പഠനം വ്യക്തമാക്കുന്നു.
രാജ്യാന്തരവിപണിയിൽ പെട്രോളിന്റെ വിലയിടിഞ്ഞതു വഴി ജനങ്ങൾക്കു ലഭിക്കുമായിരുന്ന സാമ്പത്തികാശ്വാസം എക്‌സൈസ് നികുതി അതിഭീമമായി വർദ്ധിപ്പിച്ച് ജനങ്ങൾക്ക് നിഷേധിച്ചു. തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറയ്ക്കരുതെന്ന കേന്ദ്രസർക്കാരിന്റെ ഉത്തരവിനെതിരെ സ്വകാര്യ ഉൽപ്പാദകരുടെ സംഘടന ഹർജി നൽകിയപ്പോൾ, അത് അംഗീകരിച്ചുകൊണ്ട്, ശമ്പളം നൽകാൻ സ്വകാര്യ കമ്പനികളുടെമേൽ ബലം പ്രയോഗിക്കരുതെന്ന് സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. തൊഴിലാളികളുടെ വരുമാനം ഉറപ്പാക്കാൻ ബാധ്യസ്ഥമായ നീതിപീഠവും അവരെ കൈയൊഴിഞ്ഞു. ഇനി എങ്ങിനെയാണ് ഡിമാന്റിന്റെ വശം ശക്തിപ്പെടുന്നതെന്ന് മുതലാളിത്തത്തിന്റെ കുഴലൂത്തുകാർ പറയട്ടെ. അടിയന്തരമായി വിപണിയെ ചലിപ്പിക്കാനുള്ള നടപടികൾ – ജനങ്ങളുടെ കൈവശം പണം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ വലിയ തകർച്ചയിലേക്ക് രാജ്യം പതിക്കുമെന്നതിൽ ഒരു സംശയവും വേണ്ട. ഡിമാന്റില്ലാതെ സപ്ലൈ ശക്തിപ്പെടുത്താമെന്ന മോദി സർക്കാരിന്റെ പുതിയ സിദ്ധാന്തം രാജ്യത്തെ വിനാശത്തിലേക്കാണ് നയിക്കുന്നത്. ഉൽപ്പാദകരുടെ പണലഭ്യതയുടെ കുറവിനെക്കുറിച്ച് ആശങ്കപ്പെടുന്ന സർക്കാർ സാധാരണ ജനങ്ങളുടെ കീശ തീർത്തും കാലിയായിരിക്കുന്നുവെന്നത് പരിഗണിക്കുന്നതേയില്ല. സാധാരണജനങ്ങൾക്ക് ഒരണപോലും നൽകാൻ തയ്യാറില്ലാത്ത സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള 20 ലക്ഷം കോടിയുടെ ആത്മനിർഭർ പാക്കേജ് രാജ്യത്തിന്റെ ഉൽപ്പാദനവ്യവസ്ഥയ്ക്ക് ഒരു ഉത്തജനവും നൽകില്ല.

സ്വകാര്യവൽക്കരണത്തിന്റെ അന്തംവിട്ട പ്രയാണം

ഉത്തജക പാക്കേജിന്റെ ഭാഗമായി മാർച്ച് 17നു പ്രഖ്യാപിച്ച നടപടികൾ, അതീവ തന്ത്രപ്രധാനമായ മേഖലകളുടെ അടിമുടിയുള്ള സ്വകാര്യവൽക്കരണത്തിന്റെ നയപ്രഖ്യാനമായിരുന്നു. വമ്പിച്ച എതിർപ്പിനെ നേരിടേണ്ടി വരുമെന്നറിയാവുന്നതിനാൽ കൊറോണ ഉപയോഗപ്പെടുത്തി ഓർഡിനൻസ് റൂട്ട് സ്വീകരിച്ചുകൊണ്ട് പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത് അഭിയാൻ പാക്കേജ് രാജ്യത്തെ ഒന്നാകെ വിൽക്കുന്ന കർമ്മപരിപാടിയാണ്. യഥാർത്ഥത്തിൽ ഒരു സാമ്പത്തിക പാക്കേജല്ല, വ്യവസായ പരിഷ്‌കാരങ്ങളുടെ ഒരു നയരേഖയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സ്വാശ്രയഭാരതമെന്ന ഈ പദ്ധതിയിൽ ഏറ്റവും പ്രധാനമായത് ആട്ടോമാറ്റിക് റൂട്ട് പ്രകാരമുള്ള പ്രതിരോധവ്യവസായ രംഗത്തേക്കുള്ള വിദേശനിക്ഷേപം 49 ശതമാനത്തിൽ നിന്നും 74 ശതമാനമായി ഉയർത്തി എന്നതാണ്. കാല് സ്വയം തല്ലിയൊടിച്ചതിനുശേഷം സ്വന്തം കാലിൽ നിൽക്കുമെന്നു വീമ്പിളക്കുന്ന വിദ്യ എത്ര അപഹാസ്യമാണ്. കൽക്കരി ഖനന രംഗത്തു വരുമാനം പങ്കിടൽ വ്യവസ്ഥപ്രകാരം വാണിജ്യ ഖനനം അനുവദിക്കുകയും സ്വകാര്യ കമ്പനികള്‍ക്ക് പര്യവേഷണം നൽകാൻ അനുമതി നൽകുകയും ചെയ്തു. ധാതുക്കളുടെ ഖനനം നടത്താൻ 500 ഖനന ബ്ലോക്കുകൾ ലേലം ചെയ്യാനും തീരുമാനിച്ചു. രാജ്യത്തിന്റ വിലപ്പെട്ട കൽക്കരിയുടെയും അപൂർവ്വ ധാതുക്കളുടെയും കണക്കറ്റ സമ്പത്ത് വിറ്റു കോടികളുടെ ലാഭം സൃഷ്ടിക്കാൻ മുതലാളിമാർക്ക് പാത തെളിക്കുകയാണ് സർക്കാർ. സിവിൽ ഏവിയേഷൻ രംഗത്ത്, എയർ സ്‌പേസ് ഉപയോഗിക്കുന്നതിലുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്യും.
സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാൻ ആറു വിമാനത്താവളങ്ങൾ ഉടൻ ലേലം ചെയ്യുക, 12 വിമാനത്താവളങ്ങളിൽ 13,000 കോടിയുടെ സ്വകാര്യനിക്ഷേപം ക്ഷണിക്കുക എന്നിവയാണ് ഈ രംഗത്തെ പ്രധാനമായ മറ്റു തീരുമാനങ്ങൾ. ബാഹ്യാകാശ ഗവേഷണരംഗവും സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കും. അന്യഗ്രഹ പര്യവേഷണവും ബാഹ്യാകാശ യാത്രയുമൊക്കെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആണവോർജ്ജ മേഖലയിൽ മെഡിക്കൽ ഐസോടോപ്പിന്റെ ഉൽപ്പാദനത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കും. കേന്ദ്ര ഭരണപ്രദേശങ്ങളിലെ വൈദ്യുതി സംരംഭങ്ങളും വിതരണവും സ്വകാര്യവൽക്കരിക്കും. സ്വകാര്യമൂലധന ശക്തികൾക്ക് രാജ്യത്തിന്റെ അവശേഷിക്കുന്ന അഭിമാനകരവും വിലപ്പെട്ടതുമായ സമ്പത്തുകൾ യഥേഷ്ടം കൊള്ളയടിക്കാൻ എല്ലാത്തരം നിയന്ത്രണങ്ങളും എടുത്തുകളയുകയാണ് സർക്കാർ. ഇതിനെല്ലാം പുറമെ ഭക്ഷ്യോൽപ്പന്നങ്ങളുൾപ്പടെയുള്ള കാർഷികോൽപ്പന്നങ്ങൾ വാങ്ങി സൂക്ഷിക്കുന്നതിനും വിറ്റഴിക്കുന്നതിനും ഉണ്ടായിരുന്ന എല്ലാ നിയന്ത്രണങ്ങളും പിൻവലിക്കും. ഇനിമേൽ കോർപ്പറേറ്റ് ശക്തികൾക്ക് കാർഷികോൽപ്പാദന മേഖലകളിൽ നിന്ന് എത്ര അളവിൽ ശേഖരിക്കാനും സൂക്ഷിക്കാനും വില ഭീമമായി ഉയർത്താൻ ലക്ഷ്യമിട്ടുകൊണ്ട് പിടിച്ചുവയ്ക്കാനും ഏറ്റവും ഉയർന്ന വിലയ്ക്ക് വിൽക്കാനുമുണ്ടായിരുന്ന നിയമപരമായ എല്ലാ തടസ്സങ്ങളും നീക്കിക്കൊടുത്തു. ജനങ്ങളുടെ ഭക്ഷണവും ജീവനും മേലിൽ കേർപ്പറേറ്റു ശക്തികളുടെ കരങ്ങളിൽ അമരും. കൂടിയ വില നൽകി ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ ശേഷിയില്ലാത്ത പാവപ്പെട്ടവർ കൂട്ടത്തോടെ പട്ടിണി കിടന്നു ചത്തൊടുങ്ങും. നാട് അത്തരമൊരു വിപര്യത്തിലേക്കാണ് നീങ്ങുന്നത്.
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി യുടെ പരിഹാരമെന്ന നിലയിലാണല്ലോ സ്വകാര്യമുതലാളിമാർക്ക് ഇത്രയധികം ഉപഹാരം നൽകിയിട്ടുള്ളത്. കോവിഡാനന്തര പ്രതിസന്ധിയുടെ പരിഹാരം അവിടെ നിൽക്കട്ടെ. ഈ കോവിഡ് വേളയെ തരണം ചെയ്യുന്നതിൽ സ്വകാര്യമൂലധന ശക്തികൾ എന്തുപങ്കാണ് വഹിച്ചിട്ടുള്ളത്? രാജ്യത്തിന്റെ സമ്പത്തും അടിസ്ഥാന സൗകര്യങ്ങളും യഥേഷ്ടം ഉപയോഗിച്ച് കണക്കറ്റ സമ്പത്ത് കുന്നുകൂട്ടിയിട്ടുള്ള ഈ ശക്തികൾ ഈ ദേശീയ പ്രതിസന്ധിയുടെ വേളയിൽ നിർലോഭമായ സഹായങ്ങൾ എന്തെങ്കിലും നൽകിയിരുന്നോ? ഉൽപ്പാദന-സർവ്വീസ് രംഗങ്ങളിൽ കഴിയുന്നത്ര സ്വകാര്യമുതലാളിമാർ വരുന്നതാണ് ജനങ്ങൾക്ക് ഗുണകരമാവുക എന്നത് കോവിഡ് കാലം പ്രത്യേകമായി തെളിയിച്ചോ? ഇല്ല എന്നു മാത്രമല്ല, യഥാർത്ഥത്തിൽ ഇതിനു നേർവിപരീതമായ അനുഭവവും പാഠവുമാണ് കോവിഡിന്റെ ഈ ദുരന്തകാലം നമുക്ക് നൽകിയത്.
ഇൻഡ്യയിൽ 93 ശതമാനം ആശുപത്രികൾ, 64 ശതമാനം കിടക്കകൾ തുടങ്ങിയവ സ്വകാര്യ മുതലാളിമാരുടെ ഉടമസ്ഥതയിലാണുള്ളത്. 80 ശതമാനം ഡോക്ടർമാർ സ്വകാര്യ മേഖലയിലാണ് പണിയെടുക്കുന്നത്. വളരെ നിർണ്ണായകമായ ഈ പ്രതിസന്ധിയുടെ വേളയെ നേരിടുന്നതിൽ അപൂർവ്വം ചിലവ ഒഴികെ, രാജ്യത്തെ സ്വകാര്യ ആശുപത്രികൾ ബഹുഭൂരിപക്ഷവും ഒരു സേവനവും നൽകാൻ തയ്യാറായില്ല. രാജ്യം ഇത്രമേൽ ഒരു വിഷമഘട്ടത്തെ അഭിമുഖീകരിക്കുമ്പോൾ അവർ നിർവ്വികാരമായി, കാഴ്ചക്കാരായി നോക്കി നിൽക്കുകയാണ്. വളരെ ഉയർന്ന ഫീസ് വാങ്ങി രോഗപരിശോധന നടത്താൻ അനുമതി നേടിയ സ്വകാര്യ ലാബുകളും ആശുപത്രികളും ആ കച്ചവടം നന്നായി നടത്തുന്നുണ്ട്. ഈ സ്വകാര്യമുതലാളിമാരെയാണ് ജനങ്ങളുടെ ചെലവിൽ തേനും പാലും നൽകി കേന്ദ്രസർക്കാർ ഊട്ടുന്നത്.

ജനങ്ങൾ ജനാധിപത്യ ജാഗ്രതയോടെ നിലകൊള്ളുക

കോവിഡിനെ മറയാക്കി കൊടിയ ജനദ്രോഹനയങ്ങളും നടപടികളുമാണ് ഒന്നിനു പിറകെ മറ്റൊന്നായി വന്നുകൊണ്ടിരിക്കുന്നത്. തൊഴിലാളികൾക്കെതിരെയും പൗരാവകാശപ്രവർത്തകർക്കുനേരെയും ജനാധിപത്യ സമരപ്രവർത്തകർക്കു നേരെയും ഭരണകൂട വേട്ടയാണ് നടക്കുന്നത്. (പ്രസ്തുത ആക്രമണങ്ങളെ സംബന്ധിക്കുന്ന വിശദമായ പ്രതിപാദനങ്ങൾ ഈ ലക്കത്തിൽ ചേർത്തിട്ടുണ്ട്) ജനാധിപത്യക്രമത്തിന്റെ അനിവാര്യഘടകമായ പ്രതിപക്ഷപ്രവർത്തനവും ജനങ്ങളുടെ സംഘടിതമായ ജനാധിപത്യപ്രവർത്തനങ്ങളും കോവിഡ് പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ കാരണം പൂർണ്ണമായും വിലക്കപ്പെട്ടിരിക്കുകയാണ്. സാധാരണനിലയിലുള്ള കോടതി പ്രവർത്തനങ്ങൾ പോലും അസാധ്യമായിരിക്കുന്നു. ഭരണകൂടത്തിനും അതിനെ നയിക്കുന്നവർക്കും മാത്രം പ്രവർത്തിക്കാൻ പറ്റുന്ന ഒരു സാഹചര്യത്തിൽ ഉഭയചർച്ചകളിലൂടെ മാത്രം തീരുമാനിക്കേണ്ടുന്ന നിർണ്ണായക നയനടപടികളിൽനിന്നും ജനാധിപത്യമര്യാദയുടെ അടിസ്ഥാനത്തിൽ സർക്കാർ വിട്ടുനിൽക്കുകയാണ് ചെയ്യേണ്ടത്. തൊഴിലാളികളുടെ പ്രവൃത്തി സമയം 12 മണിക്കൂറാക്കുന്നതും പ്രതിരോധ വ്യവസായ രംഗത്തേക്ക് 74 ശതമാനം വിദേശമൂലധനം അനുവദിക്കുന്നതും ഒരു കൂടിയാലോചനയുമില്ലാതെ ഏകപക്ഷീയമായി തീരുമാനിക്കാവുന്ന കാര്യമാണോ? എതിർക്കാനുള്ള സാഹചര്യം നിരോധിക്കപ്പെട്ടിരിക്കുമ്പോൾ അതിനെ അവസരമാക്കി മാറ്റുകയല്ല, മറിച്ച് എല്ലാ ജനാധിപത്യകക്ഷികൾക്കും അവരുടെ പങ്ക് നിർവ്വഹിക്കുവാനുള്ള അവകാശം അംഗീകരിക്കുകയും അനുവദിക്കുകയുമാണ് നിശ്ചയമായും ചെയ്യേണ്ടത്. അതിനു സർക്കാർ തയ്യാറാല്ലെന്നു മാത്രമല്ല, വിയോജിപ്പിന്റെ ശബ്ദങ്ങളെ അമർച്ച ചെയ്യുകയുമാണ്.
സർക്കാർ ഏർപ്പെടുത്തുന്ന ക്വാറന്റൈൻ സംവിധാനത്തിന് ഫീസ് നൽകണമെന്ന് പ്രവാസികളോട് കേരള സർക്കാർ നിർദ്ദേശിച്ചിരിക്കുന്നു.
സ്വകാര്യ ആശുപത്രികളിൽ ചെയ്യുന്ന കോവിഡ് പരിശോധനയുടെ ഫീസിന്റെ പരിധി കേന്ദ്രസർക്കാർ എടുത്തുകളഞ്ഞതായി ഞെട്ടിപ്പിക്കുന്ന വാർത്ത ഇപ്പോൾ പുറത്തുവന്നിരിക്കു ന്നു. വിയോജിപ്പുള്ളവരും വ്യത്യസ്ത അഭിപ്രായമുള്ളവരും പ്രതിരോധ മാർഗ്ഗനിർദ്ദേശമുള്ളതിനാൽ എതിർപ്പുരേഖപ്പെടുത്താതെ, നിശബ്ദമായി അംഗീകരിക്കണമെന്നാണ് സർക്കാരുകളുടെ നിലപാട്. കേരളത്തിലെ എൽഡിഎഫ് സർക്കാരും ഇതേ പാതയിൽത്തന്നെയാണ്. എല്ലാ പ്രതിരോധ നിർദ്ദേശങ്ങളും പാലിച്ചുകൊണ്ട് കേന്ദ്രസർക്കാരിന്റെ ഓഫീസിന്റെ മുമ്പിൽ കുടിയേറ്റത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ ഉയർത്തി പ്രതിഷേധിച്ച എസ്.യു.സി.ഐ(സി) പ്രവർത്തകർക്കുമേൽ പിണറായി സർക്കാരിന്റെ പോലീസ് വ്യാപകമായി കേസ് എടുക്കുകയുണ്ടായി. ഇത് അടിയന്തരാവസ്ഥയ്ക്കു സമാനമായ അവസ്ഥയാണ്. ജനങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ പല മടങ്ങ് വർദ്ധിച്ചിരിക്കുന്ന ഇത്തരമൊരു സാഹചര്യത്തിൽ പ്രബുദ്ധമായ നിതാന്ത ജാഗ്രതയോടെ നിലകൊള്ളണമെന്നും അനുകൂലമായ അന്തരീക്ഷത്തിൽ പ്രസ്തുത ജാഗ്രതയെ ശക്തമായ ജനകീയ പ്രക്ഷോഭമാക്കി വളർത്തണമന്നും ജനങ്ങളോടും തൊഴിലാളികളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Share this post

scroll to top