കേന്ദ്രബജറ്റ്: വസ്തുതകളും തിരിച്ചറിയേണ്ട യാഥാർത്ഥ്യങ്ങളും

Slug-1.jpg
Share

അടുത്ത അഞ്ച് വർഷംകൊണ്ട് രാജ്യത്തെ അഞ്ചുട്രില്ല്യൺ ഡോളറിന്റെ സമ്പദ്ഘടനയാക്കുമെന്ന മോഹനവാഗ്ദാനം നൽകിക്കൊണ്ടാണ്, ജൂലൈ അഞ്ചാം തീയതി, കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്. മുതലാളിത്ത സാമ്പത്തികശാസ്ത്ര വിശാരദന്മാരും മുതലാളിമാരുടെ സംഘടനകളും സർക്കാർ അനുകൂല മാധ്യമങ്ങളുമൊക്കെ, ബജറ്റിനെ ‘വളരെ പുരോഗമനപരം’, ‘ഭാവിയിലേക്കുള്ള ഉറച്ച വഴികാട്ടി’ എന്നൊക്കെ പാടിപ്പുകഴ്ത്തിയെങ്കിലും, അവരുടെതന്നെ ഹൃദയമിടിപ്പായ ഓഹരിക്കമ്പോളം ബജറ്റിനോട് തുടക്കത്തിൽ പ്രതികരിച്ചത് നിരാശയോടെയായിരുന്നു.

ബജറ്റിനുമുന്നോടിയായി പ്രസിദ്ധീകരിച്ച വാർഷിക സാമ്പത്തിക സർവേയിൽ രാജ്യത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്തന്നെ അടിവരയിട്ടുപറഞ്ഞത്, സ്വകാര്യ മൂലധനത്തിന്റെ നിർബാധമായ ഒഴുക്കുമാത്രമാണ് രാജ്യത്തിന്റെ വികസനത്തിനും തൊഴിൽസൃഷ്ടിക്കുമുള്ള ഒരേയൊരു വഴി എന്നതാണ്. എന്നിട്ടും മതിയായ അളവിൽ തങ്ങളെ പരിപോഷിപ്പിക്കുന്ന തരത്തിൽ നടപടികൾ ബജറ്റിലുണ്ടായില്ല എന്നതാണ് ഒരു വിഭാഗം മുതലാളിമാരുടെ പരാതി. കന്നിബജറ്റിൽ ജനപ്രീതി നേടാനുള്ള ചില പദ്ധതികളും പ്രഖ്യാപനങ്ങളും നടത്തിയ ധനമന്ത്രി, അടിമുടി ശക്തമായ സ്വകാര്യവൽക്കരണം എന്ന പ്രഖ്യാപിതലക്ഷ്യത്തോട് പൂർണമായും നീതി പുലർത്തിയില്ലെന്ന് ചിലർ അടക്കം പറയുന്നു.

ധനകാര്യമന്ത്രി തന്റെ ബജറ്റ് പ്രസംഗത്തിന്റെ നല്ലൊരുഭാഗം വിനിയോഗിച്ചത് കഴിഞ്ഞ മോദി സർക്കാർ നടപ്പാക്കിയ ജനക്ഷേമപദ്ധതികളുടെ ഗുണഫലങ്ങളെക്കുറിച്ച് വർണ്ണിക്കാനാണ്. അതിന്റെ തുടർച്ചയായി ഈ ബജറ്റും ‘വളർച്ചയും ഉൾക്കൊള്ളലും’ എന്ന ഇരട്ടലക്ഷ്യങ്ങളെ മുൻനിർത്തുന്നുവെന്ന് അവർ സമർത്ഥിക്കുന്നു. എല്ലാ വിഭാഗം ജനങ്ങളെയും, വിശേഷിച്ചും കർഷകരെയും സാധാരണക്കാരെയും പരിഗണിക്കുന്നതാണ് ബജറ്റ് എന്നും, ബജറ്റ് അനുകൂലികൾ അവകാശപ്പെടുന്നു. എന്നാൽ, ഇന്ത്യൻ സമ്പദ്ഘടന ഇന്നുനേരിടുന്ന നിർണായകമായ പ്രതിസന്ധികളെക്കുറിച്ച് ദുരൂഹമായ മൗനം പുലർത്തുന്നതാണ് ഈ ബജറ്റ് എന്നതല്ലേ യാഥാർത്ഥ്യം? രാജ്യം നേരിടുന്ന രൂക്ഷമായ തൊഴിലില്ലായ്മ, വ്യവസായ-കാർഷിക മേഖലകൾ നേരിടുന്ന മാന്ദ്യം, തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങൾ തികഞ്ഞ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. സാമ്പത്തിക സർവേയിലാകട്ടെ, ഈ പ്രശ്‌നങ്ങൾക്കെല്ലാമുള്ള ഒറ്റമൂലി വർധിച്ച സ്വകാര്യ മൂലധനനിക്ഷേപം മാത്രമാണെന്നാണ് പറയുന്നത്. മനോഹരവാഗ്ദാനങ്ങളും വാചാടോപവും കൊണ്ട് സാധാരണജനങ്ങളെ ആശയക്കുഴപ്പത്തിലാക്കി, അവരുടെ അവസാനതുള്ളി രക്തവും വിയർപ്പും ഊറ്റിയെടുത്ത്, സ്വകാര്യമൂലധനത്തിന്റെ തേർവാഴ്ച്ചക്കായി രാജ്യത്തെത്തന്നെ വലിച്ചെറിഞ്ഞ് കൊടുക്കാനുള്ള ഈ സർക്കാരിന്റെ നയത്തിന്റെ പ്രത്യക്ഷരൂപവും അതിന്റെ രൂപരേഖയും മാത്രമാണ് ഈ ബജറ്റ്.

തകരുന്ന ഇന്ത്യൻ  സാമ്പത്തികരംഗം

ഈ ബജറ്റ് അവതരിപ്പിക്കുമ്പോൾ എന്താണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥ? സർക്കാരും സാമ്പത്തികവിദഗ്ദ്ധരും കൊട്ടിഘോഷിക്കുന്ന വളർച്ചാനിരക്കിനെയും, ജിഡിപി പോലെയുള്ള സൂചകങ്ങളെയും മാറ്റിനിർത്തിക്കൊണ്ട് നമുക്ക് ഇന്ത്യയിലെ സാധാരണക്കാരന്റെ സാഹചര്യമെന്തെന്ന് പരിശോധിക്കാം. നടുവൊടിക്കുന്ന വിലക്കയറ്റംകൊണ്ട് ശരാശരി വരുമാനമുള്ള കുടുംബങ്ങൾപോലും ജീവിതം മുന്നോട്ടുനീക്കാനാവാതെ നരകിക്കുകയാണ്. ഉയരുന്ന ചെലവിനനുസരിച്ച് വരുമാനം വർദ്ധിക്കുന്നില്ലെന്ന് മാത്രമല്ല, ഉള്ള തൊഴിൽ തന്നെ ഇല്ലാതാകുന്നു. ഒരുവശത്ത് കാലാവസ്ഥ വ്യതിയാനവും, മറുവശത്ത് സർക്കാർ നയങ്ങളും ലാഭാർത്തി മൂത്ത കോർപ്പറേറ്റുകളുടെ കടന്നാക്രമണവും ഇന്ത്യൻ കർഷകന്റെ നട്ടെല്ലൊടിക്കുന്നു. ആയിരക്കണക്കിന് കർഷകർ കടബാധ്യതമൂലം ആത്മഹത്യയിൽ അഭയം പ്രാപിക്കുന്നു. കള്ളപ്പണം ഇല്ലാതാക്കാൻ എന്ന പേരിൽ കൊണ്ടു വന്ന നോട്ട് നിരോധനവും, പിന്നീട് അടിച്ചേൽപ്പിച്ച ജിഎസ്ടിയും, ചെറുകിടവ്യവസായത്തെയും വ്യാപാരികളെയും തകർത്തിരിക്കുന്നു. ജിഎസ്ടി എന്ന പിടിച്ചുപറിക്കുശേഷവും നികുതി വരുമാനം മുൻവർഷങ്ങളേക്കാൾ കുറയുന്നതായുള്ള കണക്കുകൾ പ്രതിഫലിപ്പിക്കുന്നത് വിപണിത്തകർച്ചയെയാണ്. 2019 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തികവർഷത്തിലെ നികുതി വരുമാനം, ഇടക്കാല ബജറ്റിൽ പ്രതീക്ഷിച്ചതിലും ഏറെ കുറവാണ്. ജിഡിപിയുടെ 0.9 ശതമാനത്തോളം വരും ഈ അന്തരം എന്നാണ് കണക്കുകൾ.
പ്രധാന വ്യവസായ മേഖലകളായ നിത്യോപയോഗ ഉൽപന്നങ്ങൾ, വാഹനവിപണി, കൂടാതെ റിയൽ എസ്റ്റേറ്റ് മേഖലയിൽപോലും വാണിജ്യമാന്ദ്യം പിടിമുറുക്കിയിരിക്കുന്നു. വാങ്ങാനാളില്ലാതെ പല ഉത്പന്നങ്ങളും കെട്ടിക്കിടക്കുകയാണെന്ന് പത്രങ്ങളുടെ ബിസിനസ്സ് പേജിലെ വാർത്തകൾ വ്യക്തമാക്കുന്നു. പ്രധാനമന്ത്രി ആവാസ് യോജന പോലെയുള്ള പദ്ധതികൾവഴി ഭവനനിർമാണ മേഖലയിൽ പുത്തനുണർവുണ്ടാക്കി, ഭവനരഹിതർ ഇല്ലാതാകുന്നു, എന്നതാണ് മോദിസർക്കാരിന്റെ അവകാശവാദം. ഇപ്പോഴത്തെ ബജറ്റിൽതന്നെ പറയുന്നു, ഒന്നരക്കോടിയോളം ഭവനങ്ങൾ ഈ പദ്ധതിയിലൂടെ നിർമ്മിച്ചു നൽകി, ഇനിയും 1.95 കോടി വീടുകൾകൂടി നിർമ്മിച്ചുനൽകും എന്ന്. പ്രധാനമന്ത്രി ആവാസ് യോജന അടക്കമുള്ള വായ്പ അധിഷ്ഠിത പദ്ധതികൾ സാമൂഹ്യക്ഷേമത്തിന്റെ മേലങ്കിയണിഞ്ഞ് അവതരിപ്പിക്കുന്നതിനു പിന്നിലെ കാപട്യങ്ങളിലേക്ക് സ്ഥലപരിമിതി മൂലം ഇവിടെ തത്ക്കാലം കടക്കുന്നില്ല. പക്ഷേ, രാജ്യത്തെ യഥാർത്ഥ ഭവനരഹിതരുടെയും, ഭൂരഹിതരുടെയും കൃത്യമായ കണക്കുകൾ, അവരെ കണ്ടെത്താനുള്ള മാനദണ്ഡം, ഇതുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ എന്നിവകൂടി സർക്കാർ ഇതോടൊപ്പം പറയേണ്ടതുണ്ട്. ലഭ്യമായ റിപ്പോർട്ടുകൾപ്രകാരം ഇന്ത്യയിലെ ഭവനരഹിതരുടെ എണ്ണം 17 കോടിയിലും അധികമാണ്. നാടോടികളും ഗോത്രവിഭാഗങ്ങളും തെരുവിൽ കഴിയുന്നവരും ഈ കണക്കുകളിൽ ഉൾപ്പെട്ടിട്ടില്ല. ഇതിൽ ബഹുഭൂരിപക്ഷവും ഭൂരഹിതരുമാണ്. കോർപ്പറേറ്റുകൾക്കുള്ള പിൻവാതിൽ സഹായം മാത്രം മുന്നിൽകണ്ട് രൂപകൽപ്പന ചെയ്ത ഇത്തരം കപടസാമൂഹ്യക്ഷേമ പദ്ധതികളിലൂടെ പാർപ്പിടപ്രശ്‌നത്തിന്റെ ഒരംശംപോലും പരിഹരിക്കപ്പെടുകയില്ല.

തൊഴിലില്ലായ്മ നിരക്കിൽ ഉണ്ടായിട്ടുള്ള ഭീമമായ വർധനയുടെ കണക്കുകൾ മൂടിവെക്കാൻ ഒന്നാം മോദിസർക്കാർ പരമാവധി ശ്രമിച്ചിരുന്നു. കണക്കിൽ വെള്ളം ചേർക്കാനും യഥാർത്ഥ കണക്കുകൾ മൂടിവെക്കാനുമുള്ള സർക്കാർ ശ്രമങ്ങളിൽ പ്രതിഷേധിച്ച് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിലെ രണ്ട് അംഗങ്ങൾ രാജി വെച്ചത് നാം ഓർക്കണം. പുറത്തുവന്ന കണക്കുകൾ പ്രകാരം 45 വർഷത്തെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ് രാജ്യം ഇന്ന് അഭിമുഖീകരിക്കുന്നത്. ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷന്റെ സർവേ ഫലങ്ങൾ അടിസ്ഥാനമാക്കി 6.1% എന്ന് കണക്കാക്കിയ തൊഴിലില്ലായ്മ നിരക്ക്, പക്ഷേ കേന്ദ്രസർക്കാർ അംഗീകരിക്കുന്നില്ല. ഇത് കണ്ടെത്തിയ രീതികളിൽ അപാകതയുണ്ടത്രെ. സെന്റർ ഫോർ മോണിറ്ററിങ്ങ് ഇന്ത്യൻ എക്കോണമി(CMIE) നൽകുന്ന കണക്കുപ്രകാരം 2019 ഫെബ്രുവരിയിൽ 7.2% ആയിരുന്നു തൊഴിലില്ലായ്മ. കണക്കുകൾ മാറ്റിവെക്കാം. വടക്കുകിഴക്കൻ-ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കൃഷിയും പരമ്പരാഗത തൊഴിലും ഉപേക്ഷിച്ച,് എന്തെങ്കിലുമൊരു ജോലിക്കായി മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറുന്നവരെക്കൊണ്ട് നിറയുകയാണ് തീവണ്ടികൾ. കഴിഞ്ഞ ഒരു ദശാബ്ദമായി തൊഴിൽ തെണ്ടിയുള്ള ഈ ദുരിതയാത്രയുടെ ഹൃദയഭേദകമായ കാഴ്ചയാണ് രാജ്യം നേരിടുന്ന തൊഴിൽരാഹിത്യത്തിന്റെ ഏറ്റവും കൃത്യമായ തെളിവ്. എഞ്ചിനീയറിങ്ങ് അടക്കമുള്ള ഉന്നതവിദ്യാഭ്യാസം പൂർത്തീകരിച്ചിട്ടും തൊഴിലിനായി അലയേണ്ടിവരുന്ന, തുച്ഛമായ വരുമാനത്തിന് കിട്ടുന്ന എന്തുജോലിയും സ്വീകരിക്കാൻ നിർബന്ധിതരാകുന്ന ലക്ഷങ്ങൾ വേറെ. സാമ്പത്തികസർവേയും കേന്ദ്രബജറ്റും പക്ഷേ തൊഴിലില്ലായ്മയെപറ്റി ഉരിയാടുന്നില്ല. തൊഴിൽ ലഭിക്കാത്തതിനു കാരണം തൊഴിലവസരങ്ങളുടെ കുറവല്ല, മറിച്ച് തൊഴിലന്വേഷകർക്ക് മതിയായ നൈപുണ്യം ഇല്ലാത്തതാണ് എന്നതാണ് ഒന്നാം മോദി സർക്കാർ നമ്മെ ഉദ്‌ബോധിപ്പിച്ചുകൊണ്ടിരുന്നത്. യുവാക്കളുടെ നൈപുണ്യവികസനത്തിനായി ഒരു സർക്കാർ വകുപ്പുതന്നെ ആരംഭിച്ചു. കോടിക്കണക്കിനുരൂപ ആ പേരിലും കഴിഞ്ഞ സർക്കാർ ചെലവഴിച്ചു. അതിന്റെ ബാക്കിപത്രമാണ് ഇപ്പോൾ പുറത്തുവിടാൻ നിർബന്ധിതമായ തൊഴിലില്ലായ്മ നിരക്കിലെ വർധനയുടെ കണക്കുകൾ. അവിടെയും യാഥാർത്ഥ്യം അംഗീകരിക്കാതെ പച്ചക്കള്ളം പ്രചരിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ എത്ര മൂടിവെക്കാൻ ശ്രമിച്ചാലും ഈ സത്യത്തെ മറച്ചുവെക്കാൻ സാധിക്കില്ല. കാരണം അപരിഹാര്യമായ മുതലാളിത്തപ്രതിസന്ധിയുടെ സൃഷ്ടിയായ തൊഴിലില്ലായ്മ പൊട്ടിത്തെറികളായി രാജ്യമെമ്പാടും ഉയരുകയാണ്.

ലോകമുതലാളിത്ത വ്യവസ്ഥയുടെ ഭാഗമായ ഇന്ത്യയിലും ദൃശ്യമാകുന്നത്, മരണാസന്ന മുതലാളിത്തത്തിന്റെ രൂക്ഷമായ പ്രതിസന്ധിയുടെ ലക്ഷണങ്ങൾ തന്നെയാണ്. കൃത്രിമ കണക്കുകൾകൊണ്ടോ വ്യാജപ്രചാരണംകൊണ്ടോ മറച്ചുവയ്ക്കാനാവാത്തവിധം വ്യവസായ-വാണിജ്യ മാന്ദ്യം രാജ്യത്തിന്റെ സാമ്പത്തിക ചലനങ്ങളിൽ വളരെ വ്യക്തമായും ദൃശ്യമാണ്. പാർപ്പിട സമുച്ചയ നിർമ്മാണവും വിൽപ്പനയുമെന്ന ഒരൊറ്റരംഗത്തെ പ്രതിസന്ധി മാത്രം പരിശോധിച്ചാൽ നമുക്ക് പ്രശ്‌നത്തിന്റെ ആഴം മനസ്സിലാകും. രാജ്യത്തിന്റെ 30 നഗരങ്ങളിലായി വിൽക്കപ്പെടാതെ കിടക്കുന്ന ഫ്‌ളാറ്റുകളുടെ എണ്ണം ഭീമമായി വർദ്ധിച്ച് 13 ലക്ഷമായിരിക്കുന്നു. 17 കോടി ഭവനരഹിതരുള്ള രാജ്യത്താണ് ഈ സ്ഥിതിയെന്ന് ഓർക്കുക. നഗരങ്ങളിലെ ക്രയശേഷി കുത്തനെ ഇടിയുന്നതാണ് ഫ്‌ളാറ്റു വിൽപ്പന ഇത്രമേൽ കുറയാൻ കാരണം. ബാങ്കുകളിൽ നിന്നും ധനകാര്യസ്ഥാപനങ്ങളിൽനിന്നും ഭീമമായ വായ്പയെടുത്ത് ഈ രംഗത്ത് നിക്ഷേപം നടത്തിയ സ്വകാര്യ കമ്പനികൾ പലതും തകർന്നു. തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന്, കിട്ടാക്കടം വർദ്ധിച്ച് ബാങ്കുകൾ വൻപ്രതിസന്ധിയിലായി. ജപ്തിചെയ്ത ഫ്‌ളാറ്റുകൾ വില കുറച്ച് വിൽക്കാൻ ബാങ്കുകൾ തയ്യാറായിട്ടും വാങ്ങാൻ ഒരാളുപോലും വരുന്നില്ല. ചെറിയ ചില വ്യാത്യാസങ്ങളോടെയാണെങ്കിലും അമേരിക്കയിലെ സബ് പ്രൈം പ്രതിസന്ധിയുടെ വേറൊരു പതിപ്പായി ഇൻഡ്യയിലെ റിയൽ എസ്റ്റേറ്റ് തകർച്ച മാറുകയാണ്. കൃത്രിമമായി ഉണ്ടാക്കിയ റിയൽ എസ്റ്റേറ്റ് ബൂം ഒരു സോപ്പുകുമിളയായി പൊട്ടുന്നു.
നിർമ്മാണ മേഖലയിലെ പതിനായിരക്കണക്കിന് തൊഴിലാളികൾ തൊഴിൽരഹിതരായിരിക്കുന്നു. നിർമ്മാണ ഉൽപ്പന്നങ്ങളുടെ വിപണിയെയും അത് തകർത്തിരിക്കുന്നു. ഒരു പ്രതിസന്ധി മറ്റനേകം പ്രതിസന്ധികൾക്ക് ജന്മം നൽകുന്നതിനാൽ രാജ്യം പ്രതിസന്ധിയുടെ ഒരു ശൃംഖലയിൽ അകപ്പെട്ടിരിക്കുകയാണെന്നതാണ് യാഥാർത്ഥ്യം. ഇത്തരമൊരു സ്ഥിതിവിശേഷം മുതലാളിത്ത വ്യവസ്ഥയുടെ അനിവാര്യഫലം മാത്രമാണ്. ഇതിൽനിന്ന് കരകയറാൻ മുതലാളിത്തഭരണകൂടം നടത്തുന്ന പരിശ്രമങ്ങളുടെ ഭാഗമായി മാത്രമേ ബജറ്റുകളെയും കാണാനാവൂ. അതിനാൽ ജനങ്ങൾ അഭിമുഖീകരിക്കുന്ന ജീവിതയാതനകൾക്ക് എന്തെങ്കിലും ശാശ്വത പരിഹാരം ഭരണകൂടനടപടികൾവഴി ഉണ്ടാകുമെന്ന് യാഥാർത്ഥ്യബോധമുള്ളവർ പ്രതീക്ഷിക്കുന്നില്ല. ബജറ്റുൾപ്പടെയുള്ള ഭരണനടപടികളിൽ വ്യാമോഹം വളർത്തിക്കൊണ്ട് ജനങ്ങളെ കബളിപ്പിക്കാൻ മുതലാളിത്ത മാദ്ധ്യമങ്ങളുൾപ്പെടെയുള്ളവർ നടത്തുന്ന ശ്രമത്തെ തുറന്നുകാണിക്കുകയാണ് ഇന്നു നമ്മുടെമുമ്പിലുള്ള ദൗത്യം.

ബജറ്റ് എന്താണ്  നൽകുന്നത്?

വീണ്ടും അധികാരത്തിലേറിയ മോദിസർക്കാരിന്റെ ആദ്യബജറ്റിനെ സംബന്ധിച്ച്, എല്ലാ വിഭാഗം ജനങ്ങളിലും വളരെ പ്രതീക്ഷയും വ്യാമോഹവും സൃഷ്ടിക്കാൻ സർക്കാർതന്നെ വലിയ പ്രചാരവേല സംഘടിപ്പിച്ചിരുന്നു. മാധ്യമങ്ങളും ഈ ദിശയിൽ പ്രവർത്തിച്ചിരുന്നു. എന്നാൽ ബജറ്റ് വന്നതിനുശേഷം ബജറ്റിലുള്ള ജനാനുകൂലമായ എന്തെങ്കിലും ഒരു നടപടി ചൂണ്ടിക്കാട്ടാനും വിശദീകരിക്കാനും മാധ്യമങ്ങളും സർക്കാരിന്റെ കൂലിയെഴുത്തുകാരും വളരെയധികം പണിപ്പെടുന്നതാണ് നാം കണ്ടത്.
മണിക്കൂറുകൾ നീണ്ട ബജറ്റ് പ്രസംഗത്തിൽ, ഏതൊരു പൊതുബജറ്റിലും അവശ്യം അവതരിപ്പിക്കേണ്ടതായ അടിസ്ഥാന കണക്കുകളും സാമ്പത്തിക വിവരങ്ങളും കീഴ്‌വഴക്കങ്ങൾക്ക് വിരുദ്ധമായി ധനമന്ത്രി ഉൾപ്പെടുത്തിയില്ല. മുൻബജറ്റിലെ വരുമാനത്തിന്റെയും ചെലവിന്റെയും പൊതുകടത്തിന്റെയുമൊക്കെ ലക്ഷ്യങ്ങളും യഥാർത്ഥത്തിൽ കൈവരിച്ച നേട്ടങ്ങളും (Targets and Achievements) അടക്കമുള്ള കണക്കുകൾ ബജറ്റ് അവതരണത്തിന്റെ ഭാഗമായില്ല. അതൊക്കെ സഭയുടെ മേശപ്പുറത്തു വച്ച ബജറ്റ് രേഖകളിൽ മാത്രമാണ് കൂട്ടിച്ചേർത്തിരുന്നത്. അപ്രകാരം അവതരിപ്പിച്ച കണക്കുകളിലും വിവരങ്ങളിലും ഗുരുതരമായ പിശകുകൾ കടന്നുവന്നതായി മാധ്യമങ്ങൾ പിന്നീട് റിപ്പോർട്ട് ചെയ്യുകയുണ്ടായി. പാർലമെന്ററി സംവിധാനത്തെ ദുർബ്ബലപ്പെടുത്തുകയും അപ്രസക്തമാക്കുകയും ചെയ്തുവരുന്ന ബിജെപിയുടെ സമീപനത്തിന്റെ തുടർച്ച ഈ ബജറ്റവതരണത്തിലും അങ്ങിനെ പ്രകടമായി. (പിന്നീട് രാജ്യസഭയിൽ വെറും മൂന്നു ദിവസംകൊണ്ട് 17 ബില്ലുകൾ ചർച്ചകൂടാതെ പാസ്സാക്കിയ നടപടിയിലും ഇതേ സമീപനം തുടരുകയാണ്)

നിലവിൽ 2.7 ട്രില്യൺ ഡോളറിന്റെ സമ്പദ്ഘടനയായ ഇന്ത്യയെ, 2024-ഓടെ 5 ട്രില്യൺ ഡോളർ സമ്പദ്ഘടനയാക്കും എന്നതാണ് സർക്കാരിന്റെ പ്രധാന വാഗ്ദാനമായി അവതരിപ്പിക്കപ്പെടുന്നത്. അഞ്ച് ശതമാനത്തിൽ കവിയാത്ത പണപ്പെരുപ്പ നിരക്കും, വർഷം എട്ട് ശതമാനമോ അതിൽ കൂടുതലോ യഥാർത്ഥവളർച്ചാ നിരക്കും ഉണ്ടെങ്കിൽ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാനാവുകയുള്ളു. ഈ അളവിൽ ജിഡിപി വളരണമെങ്കിൽ വൻതോതിൽ നിക്ഷേപമുയരണം. എന്തുമാർഗ്ഗേനയും നിക്ഷേപം ഉയർത്താനുള്ള വഴികളുടെ അവതരണമാണ് ബജറ്റിന്റെ മുഖ്യ ഉള്ളടക്കം. ഇതിൽ സർക്കാരിന്റെ പങ്കെന്താണെന്ന് വളരെ വ്യക്തമാണ്. സർക്കാരിന് അധികം നിക്ഷേപം നടത്താൻ സാധ്യമല്ല, പകരം സ്വകാര്യ നിക്ഷേപകരിൽനിന്നും സാധ്യമായതിന്റെ പരമാവധി നിക്ഷേപം നേടിയെടുക്കണം. ഇതിന് വഴിയൊരുക്കുന്നതിന് ആവശ്യമായ, ഡിജിറ്റൽവൽക്കരണം അടക്കമുള്ള, അടിസ്ഥാനസൗകര്യങ്ങൾക്കായി, അടുത്ത 5 വർഷം കൊണ്ട് 100 ലക്ഷം കോടി രൂപയുടെ വികസനം സർക്കാർ നടത്തുമെന്ന വാഗ്ദാനമുണ്ട്. പ്രധാനപ്പെട്ട മേഖലകൾ അടക്കം സ്വകാര്യമൂലധനശക്തികൾക്ക് വിട്ടുകൊടുത്തുകൊണ്ട് സർക്കാർ പിൻവാങ്ങുന്നതിലൂടെ ഉണ്ടാകുന്ന വളർച്ചയുടെ നേട്ടങ്ങൾ, സാധാരണക്കാർക്കും, ഗ്രാമീണ-ചെറുകിട മേഖലയ്ക്കുമായി നൽകപ്പെടും എന്നതാണ് ബജറ്റിന്റെ പൊതുവാഗ്ദാനം. ഇതേ അരിച്ചിറങ്ങൽ സിദ്ധാന്തത്തിന്റെ (ഠൃശരസഹല ഉീംി ഋളളലര)േ മേന്മയും ആവശ്യകതയും പറഞ്ഞുകൊണ്ടാണ് സാമ്പത്തികസർവേ റിപ്പോർട്ടും ആരംഭിക്കുന്നത്. പൊതുകടം ജിഡിപിയുടെ 3.3% ആയി കുറച്ചു് കാണിക്കുവാനുള്ള വ്യഗ്രത വളരെ ദൃശ്യമാണ്. 2022-ഓടെ എല്ലാവർക്കും വൈദ്യുതി, 2024-ഓടെ എല്ലാ ഗ്രാമീണഭവനങ്ങളിലും ജലലഭ്യത തുടങ്ങിയ വാഗ്ദാനങ്ങളുമുണ്ട്. സ്റ്റാർട്ട് അപ്പുകളെ പ്രോൽസാഹിപ്പിക്കുവാനായി പുതിയ ടിവി ചാനൽ, സ്റ്റാർട്ട് അപ്പുകളിലുള്ള നിക്ഷേപങ്ങൾക്കു മേലുള്ള പരിശോധനകളുടെ ലഘൂകരണം, നിക്ഷേപങ്ങൾക്കുമേൽ ചുമത്തിയിരുന്ന ഏഞ്ചൽ ടാക്‌സ് ഒഴിവാക്കിയത് തുടങ്ങിയ നടപടികളുമുണ്ട്. കിട്ടാക്കടം കൊണ്ടും കോർപ്പറേറ്റുകളുടെ വൻകിട വായ്പകൾ എഴുതിത്തള്ളിയും രൂക്ഷമായ പ്രതിസന്ധിയിലായ പൊതുമേഖല ബാങ്കുകളിലേക്ക്, പൊതുഖജനാവിൽനിന്നും 70,000 കോടി രൂപയുടെ മൂലധനസഹായം ബജറ്റ് നീക്കിവെക്കുന്നു. കൂടാതെ നഷ്ടത്തിലായ ബാങ്കിങ്ങ്-ഇതര ധനകാര്യസ്ഥാപനങ്ങൾക്കും പൊതുഖജനാവിൽനിന്നും പരോക്ഷസഹായമുണ്ട്. പ്രതിരോധമേഖലക്കുള്ള നീക്കിയിരുപ്പ് 3.05 ലക്ഷം കോടിയാണ്. ബഹിരാകാശ ഗവേഷണരംഗത്ത് ഐഎസ്ആർഓയിലൂടെ കൈവരിച്ച നേട്ടങ്ങൾ വാണിജ്യവൽക്കരിക്കുവാൻ പുതിയ പൊതുമേഖല സ്ഥാപനം പ്രഖ്യാപിച്ചിട്ടുണ്ട്. ചെറുകിട കച്ചവടക്കാർക്കായി പുതിയ പങ്കാളിത്ത പെൻഷൻ പദ്ധതിയും പ്രഖ്യാപിച്ചിരിക്കുന്നു. വിദേശവിദ്യാർത്ഥികളെ ഇന്ത്യയിലേക്ക് ആകർഷിച്ചുകൊണ്ട്, രാജ്യത്തെ ഒരു വിദ്യാഭ്യാസ ഹബ് ആക്കി മാറ്റിയെടുക്കുന്നതിനുള്ള ‘സ്റ്റഡി ഇൻ ഇന്ത്യ’ പദ്ധതി, വിദ്യാഭ്യാസരംഗത്തെ സ്വകാര്യമുതൽ മുടക്കും അതിന്റെ വമ്പിച്ച വിപണനവുമാണ് ലക്ഷ്യമിടുന്നത്. ദേശീയ ഗവേഷണ ഫൗണ്ടേഷൻ, വൈദ്യുതവാഹനങ്ങളെ പ്രോൽസാഹിപ്പിക്കാൻ നികുതിയിളവുകൾ അടക്കമുള്ള നടപടികൾ, തുടങ്ങി പ്രഥമദൃഷ്ട്യാ ഭാവിയിലേക്ക് നോക്കുന്നതായി തോന്നിക്കുന്ന പ്രഖ്യാപനങ്ങളുമുണ്ട്. എന്നാൽ വാസ്തവത്തിൽ ഇവയ്ക്ക് ഓരോന്നിനും പിന്നിൽ വ്യക്തമായ മൂലധനതാത്പര്യങ്ങളുണ്ട്.

കർഷകരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കുമെന്ന മുൻ മോദി സർക്കാരിന്റെ വാഗ്ദാനം ഇവിടെയും ആവർത്തിക്കുന്നു. എന്നാൽ അതിനുവേണ്ട ഒരു നടപടിക്രമവും ബജറ്റിൽ അവതരിപ്പിക്കുന്നില്ല. വനിത സ്വയംസഹായ സംഘങ്ങളെ രാജ്യമൊട്ടാകെ പ്രോൽസാഹിപ്പിക്കുക, ഓരോ സംഘത്തിലും ഒരാൾക്ക് മുദ്ര വായ്പ ലഭ്യമാക്കുക, തുടങ്ങിയ വാഗ്ദാനങ്ങൾ മൈക്രോഫിനാൻസ് ഇടപാടിന്റെ കൊള്ള വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാൻ, കൃഷിയിടങ്ങളിൽ വൈദ്യുതോൽപാദനം പോലെയുള്ള കൃഷിയേതര വഴികളും തേടും എന്നും ബജറ്റ് പറയുന്നു. ഭൂവുടമകളായ ‘കർഷകർക്ക്’ വർഷം 6000 രൂപ നേരിട്ട് പണമായി നൽകുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ എന്ന പദ്ധതി തുടരും. മത്സ്യബന്ധന മേഖലക്കായി പ്രത്യേക വകുപ്പ് ആരംഭിച്ച ഈ സർക്കാരിന്റെ ബജറ്റിൽ അവർക്കായി പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന എന്ന പദ്ധതിയും പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.
ആകെ 27,86,349 കോടി രൂപയുടെ ചെലവാണ് ബജറ്റിൽ കണക്കു കൂട്ടുന്നത്. ഇനി ഇതിനെല്ലാമുള്ള വരുമാനം എങ്ങനെ കണ്ടെത്തുന്നു? 19,62,761 കോടി രൂപയുടെ റവന്യൂ വരവും, കമ്പോളവായ്പയുൾപ്പടെ 6,52,702 കോടി രൂപയുടെ പൊതുകടം അടക്കം, 8,23,588.42 കോടി രൂപയുടെ മൂലധനവരവുമാണ് ബജറ്റിൽ പ്രതീക്ഷിക്കുന്നത്. 16,49,582 കോടിയുടെ നികുതി വരുമാനം പ്രതീക്ഷിക്കുന്നു. റിസർവ് ബാങ്കിൽ നിന്നും പ്രതീക്ഷിക്കുന്ന വർധിച്ച ഡിവിഡന്റ് അടക്കം, 1,63,528 കോടിയാണ് ലാഭവിഹിതമായി പൊതുമേഖലയിൽനിന്നും ഈ വർഷം പ്രതീക്ഷിക്കുന്നത്. അതേ സമയം തന്നെ, പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നതിലൂടെ 1,05,000 കോടി രൂപ നേടുന്നതിൽ ബജറ്റ് പ്രതീക്ഷയർപ്പിക്കുന്നു. പൊതുമേഖല സ്ഥാപനങ്ങളെ കഴിയുന്നത്ര വിറ്റഴിക്കുന്നതു കൂടാതെ, അവശേഷിക്കുന്നവയുടെ ഭൂമിയടക്കമുള്ള ആസ്തികളുംകൂടി വിൽക്കണമെന്ന് ഉപദേശിക്കുന്ന സാമ്പത്തിക സർവേ ഇവിടെ ചേർത്തുവായിക്കണം. അങ്ങനെ സർക്കാരിന്റെതന്നെ നടപടികളാൽ തകർന്നുകൊണ്ടിരിക്കുന്ന റെയിൽവെ, ബിഎസ്എൻഎൽ, എംടിഎൻഎൽ, എച്ച്എഎൽ, പ്രസാർ ഭാരതി, തുടങ്ങിയ ചെറുതും വലുതുമായ സ്ഥാപനങ്ങൾകൂടി ഉൾക്കൊള്ളുന്ന അതേ പൊതുമേഖലയിൽനിന്നുമാണ് ഇത്തവണത്തെ ബജറ്റിൽ വർധിച്ച ലാഭവിഹിതം പ്രതീക്ഷിക്കുന്നതെന്നതാണ് വിരോധാഭാസം.
വിദേശത്ത് സർക്കാരിന്റെ കടപത്രങ്ങൾ വിറ്റഴിക്കുന്നതാണ് സർക്കാർ പ്രതീക്ഷിക്കുന്ന മറ്റൊരു ധനാഗമമാർഗം. ആഭ്യന്തരവിപണിയിൽ നിന്നും ഏറ്റവും അധികം കടം വാങ്ങുന്നത് നിലവിൽ സർക്കാരാണ്. അതിലൊരുഭാഗം വിദേശത്തേക്കു മാറ്റുന്നതിലൂടെ, ആഭ്യന്തര സ്വകാര്യനിക്ഷേപകർക്ക് കൂടുതൽ വായ്പ ലഭ്യമാകുമെന്നതാണ് സർക്കാർ ഇതിനു കാണുന്ന ഗുണഫലം. ഇത് വളർച്ചയെ പ്രോൽസാഹിപ്പിക്കുമത്രെ. ബജറ്റ് ചെലവിൽ 6,60,471 കോടി രൂപയും വായ്പയുടെ പലിശക്കായി നിലവിൽ മാറ്റിവെക്കേണ്ടിവരുന്ന (ആരോഗ്യമേഖലയ്ക്കുള്ള നീക്കിയിരുപ്പ് വെറും 64,999 കോടിയും വിദ്യാഭ്യാസത്തിന് 94,854 കോടിയുമാണെന്ന് ഓർക്കണം) സർക്കാരാണ് വർധിച്ച പലിശബാധ്യത വരുന്ന വിദേശകടപത്രങ്ങൾക്കുപിന്നാലെ പോകുന്നത്. ഇതിനുപിന്നിൽ വിദേശ-സ്വദേശ മൂലധനകുത്തകകളുടെ താത്പര്യം മാത്രമാണെന്നത് വ്യക്തമാണ്.

എയർ ഇന്ത്യയെ വിറ്റഴിക്കണമെന്ന് തീരുമാനിക്കുന്ന ബജറ്റ്, വ്യോമയാന മേഖലയെ വിദേശനിക്ഷേപത്തിനായി തുറന്നിടാൻ ശുപാർശ ചെയ്യുന്നു. ഏകബ്രാൻഡ് ചില്ലറ വിൽപന, മാധ്യമങ്ങൾ, ഇൻഷുറൻസ് എന്നീ മേഖലകളിലും വിദേശനിക്ഷേപം വർധിപ്പിക്കും. റെയിൽവെ ആണ് വൻതോതിൽ സ്വകാര്യവൽക്കരിക്കാൻ പോകുന്ന മറ്റൊരു മേഖല. പാസഞ്ചർ തീവണ്ടി സർവീസുകൾ ഒന്നൊന്നായി സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള നടപടികൾ ഇപ്പോൾ ആരംഭിച്ചിരിക്കുന്നു. തീവണ്ടിസ്റ്റേഷനുകളുടെ നടത്തിപ്പ് സ്വകാര്യമേഖലക്കു തീറെഴുതുന്ന നടപടികൾ മുന്നേതന്നെ ആരംഭിച്ചിരുന്നു. തൊഴിലാളികൾക്ക് എന്തെങ്കിലും പരിഗണന നൽകുന്ന നിലവിലെ തൊഴിൽനിയമങ്ങൾ അപ്പാടെ മാറ്റിക്കൊണ്ട് നാല് തൊഴിൽ കോഡുകൾ കൊണ്ടുവന്ന് നിക്ഷേപക സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കണമെന്ന് ബജറ്റ് ശുപാർശ ചെയ്യുന്നു. തൊഴിലാളിക്ഷേമത്തിനുപകരം മുതലാളിമാരുടെമാത്രം താത്പര്യം പരിഗണിക്കുന്നതാവും ഇവ എന്നത് സുവ്യക്തമാണ്. ഇതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.
സ്വർണം ഇറക്കുമതി അടക്കം നിരവധി ഉൽപ്പന്നങ്ങൾക്ക് ചുങ്കം വർധിപ്പിച്ചിട്ടുണ്ട്. പുസ്തകങ്ങളുടെയും പത്രക്കടലാസിന്റെയും തീരുവ വൻതോതിൽ വർധിപ്പിച്ചത് ഇവിടെ എടുത്തുപറയേണ്ടതാണ്. അറിവിനോടും അക്ഷരത്തോടും ഈ സർക്കാരിനെ നയിക്കുന്ന കക്ഷിയുടെ കാഴ്ച്ചപ്പാട് മാത്രമല്ല ഇതിൽ കാണാനാവുന്നത്. കഴിഞ്ഞ മോദിസർക്കാരിന്റെ വിമർശകരായിരുന്ന പത്രങ്ങളോടും സ്വതന്ത്ര പ്രസിദ്ധീകരണങ്ങളോടുമുള്ള ഭീഷണി എന്ന രാഷ്ട്രീയവശംകൂടി ഇതിൽ കാണാവുന്നതാണ്.

വാഗ്ദാനങ്ങൾക്കും വാചകകസർത്തിനും അപ്പുറമുള്ള യാഥാർത്ഥ്യമെന്ത്?

അഞ്ചു വർഷംകൊണ്ട് അഞ്ചുലക്ഷം കോടി ഡോളറിന്റെ സമ്പദ്ഘടന എന്ന മോഹനവാഗ്ദാനം കൊണ്ട് മറയ്ക്കാവുന്നതല്ല യാഥാർത്ഥ്യം. അസമത്വം കൊടികുത്തി വാഴുന്ന ഈ രാജ്യത്ത്, 130 കോടിയുടെ ജനസംഖ്യക്ക് അഞ്ചു ലക്ഷം കോടിയുടെ ജിഡിപി എന്നത് സമ്പന്നതയുടെ അല്ല ദാരിദ്ര്യത്തിന്റെ ലക്ഷണമാണ്. പ്രതിശീർഷ ജിഡിപി സംഖ്യയാണ് ജനസംഖ്യാനുപാതികമായി കൂടുതൽ വ്യക്തമായ ചിത്രം നൽകുക. ജിഡിപി കണക്കിൽ ലോകത്തെ ആറാമത്തെ സമ്പദ്ഘടന എന്ന് മുതലാളിത്തഭരണകൂടം ഊറ്റം കൊള്ളുമ്പോഴും, പ്രതിശീർഷ ജിഡിപിയുടെ അടിസ്ഥാനത്തിൽ നോക്കിയാൽ ലോകത്ത് 145-ാം സ്ഥാനത്തു മാത്രമാണ് ഇന്ത്യ.
എന്നാൽ എത്രയൊക്കെ വാചകകസർത്തുകൾ നടത്തിയിട്ടും ബജറ്റ് വിഭാവനം ചെയ്യുന്ന വലിയ ലക്ഷ്യങ്ങൾ എത്രത്തോളം സാധ്യമാണ് എന്നതിനെക്കുറിച്ച് സാമ്പത്തികവിദഗ്ദ്ധർതന്നെ ആശങ്കപ്പെടുന്നു. പ്രത്യേകിച്ചും, ആഗോളവും ആഭ്യന്തരവുമായ സാമ്പത്തികമാന്ദ്യത്തിൽനിന്നും കരകയറുന്നതിന്റെ ലക്ഷണങ്ങൾ തീർത്തും അകലെയായ സമ്പദ്ഘടനയിൽ, ജിഎസ്ടിക്കുശേഷം നികുതിപിരിവ് പ്രതീക്ഷകളിൽ തുടരുന്ന ഇടിവുകൂടി കണക്കിലെടുക്കുമ്പോൾ, ലക്ഷ്യങ്ങൾ നേടുന്നതിനാവശ്യമായ സാമ്പത്തികവരുമാനം കണ്ടെത്താൻ എങ്ങനെ സാധിക്കും എന്നതാണ് ചോദ്യം. അങ്ങനെ വരുമ്പോൾ സാമൂഹ്യക്ഷേമത്തിന്റെ മേലങ്കിയണിഞ്ഞ് അവതരിപ്പിക്കുന്ന പദ്ധതികളൊക്കെ വെറും വാഗ്ദാനങ്ങൾ മാത്രമായി അവശേഷിക്കും. മാത്രവുമല്ല, മോദി സർക്കാർ അവതരിപ്പിച്ച സാമൂഹ്യക്ഷേമ പദ്ധതികളെല്ലാംതന്നെ ഒന്നുകിൽ ഇൻഷുറൻസ് അല്ലെങ്കിൽ വായ്പ അധിഷ്ഠിത പദ്ധതികൾ മാത്രമാണെന്നത് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ, സർക്കാർ ചെലവിൽ പൊതുപണവും സാധാരണക്കാരന്റെ കൈയിൽ അവശേഷിക്കുന്ന ചില്ലിത്തുട്ടുകളും സമാഹരിച്ചെടുത്ത്, സാമ്പത്തികമൂലധന-കോർപ്പറേറ്റ് ശക്തികളുടെ താലത്തിൽ നിക്ഷേപിക്കുന്ന വഞ്ചന മാത്രമാണ് ഇത്തരം പദ്ധതികളെല്ലാം എന്നതല്ലേ സത്യം? കർഷകരെ വഞ്ചിക്കുന്ന വിള ഇൻഷുറൻസ് പദ്ധതി തന്നെ ഉദാഹരണം.
ഇതേ ഭരണകൂടനയം തന്നെയാണ് ഈ ബജറ്റിലും പ്രതിഫലിക്കുന്നത്. സാധാരണക്കാരനോടുള്ള പരിഗണന എന്ന വ്യാജമേലങ്കിയണിഞ്ഞ്, പൊതുമുതലും, ഇതേ സാധാരണക്കാരനെതന്നെ ഞെക്കിപ്പിഴിഞ്ഞെടുക്കുന്ന പൊതുപണവും കോർപ്പറേറ്റ് ശക്തികൾക്ക് അടിയറ വെക്കുന്ന പ്രക്രിയയുടെ ഒരു രൂപരേഖ മാത്രമാണ് ഈ ബജറ്റ്. രൂക്ഷമായ വിലക്കയറ്റവും, കുതിച്ചുയരുന്ന തൊഴിലില്ലായ്മയും, ആത്മഹത്യയിലേക്കുവരെ കർഷകരെ തള്ളിവിടുന്ന കടുത്ത കാർഷികപ്രതിസന്ധിയും നേരിട്ട് നട്ടംതിരിയുന്ന, രാജ്യത്തെ ഇടത്തരക്കാരടക്കമുള്ള അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക്, ഈ ബജറ്റ് നൽകിയ ഒരു കടുത്ത ദ്രോഹമുണ്ട്. അന്താരാഷ്ട്രതലത്തിൽ ക്രൂഡോയിൽ വില കുറയുമ്പോഴും പെട്രോളിയം ഉൽപ്പന്നങ്ങളുടെ ചില്ലറ വില രാജ്യത്ത് കുറച്ചില്ലെന്നുമാത്രമല്ല, ദിനേന വർധിപ്പിച്ച്, ജനത്തെ പിഴിഞ്ഞൂറ്റി കൊള്ളലാഭം നേടുകയും, തദ്വാരാ സാർവത്രികമായ വിലക്കയറ്റം സൃഷ്ടിക്കുകയുമാണ് ഇത്ര നാളും എണ്ണക്കമ്പനികൾ ചെയ്തുകൊണ്ടിരുന്നത്. അതിനവരെ കയറൂരിവിട്ട് ആ കൊള്ളലാഭത്തിന്റെ പങ്ക് കൈപ്പറ്റുകയായിരുന്നു ഗവൺമെന്റ്. ഇത്തവണത്തെ ബജറ്റിൽ, ഈ ദ്രോഹത്തിന്റെ കടിഞ്ഞാൺ സർക്കാർ നേരിട്ട് ഏറ്റെടുത്തിരിക്കുന്നു. പെട്രോളിനും ഡീസലിനുംമേൽ പ്രത്യേക അധികനികുതിയായി ഒരു രൂപ വീതവും, റോഡ്-അടിസ്ഥാനസൗകര്യ സെസ്സായി ഒരു രൂപയും ചുമത്താനുള്ള നിർദ്ദേശം നടപ്പാക്കപ്പെടുന്നു. ഈ അധികവില എങ്ങനെ രാജ്യത്തെ സാധാരണക്കാരനെ ബാധിക്കും എന്നത് വിശദീകരിക്കേണ്ട ആവശ്യംതന്നെയില്ല. ഇറാൻ പ്രതിസന്ധിയുടെ വെളിച്ചത്തിൽ അന്താരാഷ്ട്രതലത്തിൽ ക്രൂഡോയിൽ വിലയിൽ വലിയ ചാഞ്ചാട്ടം പ്രതീക്ഷിക്കുമ്പോളാണ്, മുന്നേക്കൂട്ടി സർക്കാരിന്റെ ഈ ഇരുട്ടടി. എന്നാൽ, കേവലമായ രണ്ട് രൂപ വിലവർധന മാത്രമല്ല യഥാർത്ഥത്തിൽ ഇത്. പ്രയോഗത്തിൽ ഇനിയും 5 രൂപ വരെ പെട്രോളിനും ഡീസലിനും ഈ അധികനികുതി ചുമത്തുവാനുള്ള നിയമപരമായ അനുമതിയാണ് വാസ്തവത്തിൽ ബജറ്റിലൂടെ സർക്കാരിന് ലഭ്യമാവുക. ആദ്യം രണ്ട് രൂപ; ശേഷമുള്ളത് പിന്നീട് ആവശ്യമുള്ളപ്പോൾ ചുമത്താം. നിലവിലെ സാഹചര്യത്തിൽ സാധാരണക്കാരനുമേൽ ഇതെത്ര കൊടിയ ദ്രോഹമാണെന്ന് കൂടുതൽ പറയേണ്ടതില്ല. 30,000 കോടിയാണ് ഇങ്ങനെ സാധാരണക്കാരനെ പിഴിഞ്ഞ് നേടാമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നത്. ഇത് ഉപയോഗിക്കുന്നതോ, കോർപ്പറേറ്റ് കടങ്ങൾ എഴുതിത്തള്ളി പ്രതിസന്ധിയിലായ ബാങ്കുകൾക്ക് വീണ്ടും കോർപ്പറേറ്റ് വായ്പകൾ അനുവദിക്കാനുള്ള മൂലധനസഹായമായും, കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചതിലുള്ള നഷ്ടം നികത്താനുമാണ്, എന്നതല്ലേ യാഥാർത്ഥ്യം?

സാധാരണക്കാർ, വിശേഷിച്ചും ഇടത്തട്ടുകാർ ഏറെ പ്രതീക്ഷയർപ്പിച്ചത് ആദായനികുതി ഘടനയിൽ വരുത്തുന്ന മാറ്റങ്ങളിലായിരുന്നു. കാലങ്ങളായി പണപ്പെരുപ്പത്തോടും മാറിയ സാമ്പത്തികസാഹചര്യങ്ങളോടും നീതിപുലർത്താതെ നിലകൊള്ളുന്ന ആദായനികുതി ഘടനയാണ് രാജ്യത്തുള്ളത്. എന്നാൽ ഇത്തവണത്തെ ബജറ്റിലും ഇതിൽ മാറ്റം വരുത്തിയിട്ടില്ല. പകരം കണ്ണിൽ പൊടിയിടുന്ന ചില പരിഷ്‌കാരങ്ങൾ മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇപ്പോഴും 2.5 ലക്ഷത്തിനു മേലുള്ള വരുമാനത്തിൽ തന്നെയാണ് നികുതി ആരംഭിക്കുന്നത്. 20000 രൂപ മാസവരുമാനമുള്ളവർ നിയമപരമായി ആദായ നികതി ഒടുക്കേണ്ടവരായിത്തുടരുന്നുവെന്ന് സാരം. (അഞ്ചു ലക്ഷത്തിൽ താഴെയാണ് മൊത്തവരുമാനമെങ്കിൽ അടക്കേണ്ട നികുതി റിബേറ്റിൽ തട്ടിക്കിഴിക്കുമെന്നു മാത്രം) ഈ രാജ്യത്ത് ഇരുപതിനായിരം രൂപയ്ക്ക് എന്തു മൂല്യമാണുള്ളത്. രൂക്ഷമായ വിലക്കയറ്റവും പണപ്പെരുപ്പവും കാരണം ജീവൻ നിലനിർത്താനാവശ്യമായ ഭക്ഷ്യവസ്തുക്കൾപോലും വാങ്ങാൻ തികയാത്ത 20000 രൂപ, ആദായനികുതിയുടെ മാനദണ്ഡമാണത്രെ! ഈ പരിമിത വരുമാനമുള്ള ഒരു പൗരനും നികുതിഭാരം ചുമക്കാൻപോന്ന ആദായമുള്ളയാളായിട്ടാണ് സർക്കാർ കാണുന്നത്. അധികമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ആനുകൂല്യങ്ങൾ വൈദ്യുത വാഹനങ്ങൾ വാങ്ങുന്നവർക്കും, പുതിയ വീടുകൾ വാങ്ങിക്കുന്നവർക്കും നൽകുമത്രെ! എത്ര പ്രഹസനമാണെന്നു നോക്കൂ. സാധാരണക്കാരന് താങ്ങാവുന്ന വിലയിൽ വൈദ്യുത സ്‌ക്കൂട്ടറുകൾ പോലും രാജ്യത്ത് ലഭ്യമായി തുടങ്ങിയിട്ടുണ്ടോ? ഭവനമേഖലയിലെ അവസ്ഥയെക്കുറിച്ച് നാം തുടക്കത്തിൽ ചർച്ച ചെയ്തിരുന്നു. റിട്ടേൺ ഫയൽ ചെയ്യുന്ന സാങ്കേതികപ്രക്രിയ എളുപ്പമാക്കിയാലോ, പാൻ നമ്പരിനുപകരം ആധാർ കൊണ്ടുവന്നാലോ എന്ത് വ്യത്യാസമാണ് സാധാരണ നികുതിദായകന്റെ ജീവിതാവസ്ഥയിലുണ്ടാവുക? പ്രയോഗത്തിൽ ആദായനികുതിയിലും സാധാരണക്കാരന് യാതൊരു ആശ്വാസവും ഈ ബജറ്റിൽ നിന്നുണ്ടാകുന്നില്ല. സാധാരണക്കാരന്റെ ക്രയശേഷി കൂടുതൽ ദുർബലമാകുന്നു എന്നതാണ് ഇതിന്റെ മറുവശം.

സമ്പന്നർക്കുമേൽ കൂടുതൽ നികുതി ഏർപെടുത്തുന്നു എന്നാണ് സർക്കാരും ബിജെപിയും വീമ്പിളക്കുന്നത്. രണ്ടുകോടിക്കും അഞ്ചുകോടിക്കും ഇടയിൽ വാർഷികവരുമാനമുള്ളവർ ഒടുക്കേണ്ട സർച്ചാർജ് 3 ശതമാനവും, അഞ്ചുകോടിക്കുമേൽ വരുമാനമുള്ളവരുടെ അധികനികുതി 5 ശതമാനവും വെച്ച് വർധിപ്പിച്ചിട്ടുണ്ട്. കൂടാതെ വർഷം ഒരു കോടി രൂപക്കുമേൽ ബാങ്ക് അക്കൗണ്ടിൽനിന്നും പിൻവലിക്കുന്നവർക്ക്, തുകയുടെ 2% ഉറവിടത്തിൽ നികുതി ചുമത്തും. പക്ഷേ ഇവിടെയും നാം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. രാജ്യത്തെ ജനസംഖ്യയിൽ എത്ര ശതമാനം പേരാണ് കൃത്യമായി നികുതി ഒടുക്കുകയും റിട്ടേൺ ഫയൽ ചെയ്യുകയും ചെയ്യുന്നത്? അത് കൃത്യമായും ശമ്പളവരുമാനക്കാരും, അല്ലെങ്കിൽ രേഖാമൂലം വരുമാനം ഉണ്ടാക്കുന്നവരുമാണ്. അതിൽത്തന്നെ, ഈ രണ്ടുകോടിക്കു മേൽ നികുതിവിധേയവരുമാനം രേഖപ്പെടുത്തുന്നവർ ആകെ ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെയാണ്.

ഈ നിർദേശങ്ങൾ ചൂണ്ടിക്കാട്ടി സമ്പന്നർക്കുമേൽ കൂടുതൽ നികുതി ചുമത്തി എന്ന് പറയുന്നതിൽ യാതൊരു അർത്ഥവുമില്ല. രാജ്യത്തെ ഏറ്റവും വലിയ സമ്പന്നരൊന്നും ഏറ്റവും വലിയ ആദായനികുതിദായകരുടെ പട്ടികയിൽപെടുന്നില്ല എന്നതാണ് നഗ്നമായ യാഥാർത്ഥ്യം. ആദായവും സമ്പത്തും രണ്ടും രണ്ടാണെന്ന് നാം മനസ്സിലാക്കണം. ഇവിടെ യഥാർത്ഥ സമ്പന്നന് ഈ പുതിയ നികുതികളെ പേടിക്കേണ്ടി വരുന്നില്ല. മറിച്ച്, അവരുടെ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് നികുതി ഇളവ് വാരിക്കോരി നൽകുന്നു. ആദായനികുതിസ്ലാബുകളിൽ തരിമ്പും മാറ്റം വരുത്താൻ തയ്യാറാകാത്ത ഭരണകൂടം, 400 കോടിവരെ വിറ്റുവരവുള്ള കമ്പനികളുടെ കോർപ്പറേറ്റ് നികുതി 30-ൽ നിന്നും 25 ശതമാനമാക്കി കുറച്ചിരിക്കുന്നു. ഇതിനോടകം നടന്നുവരുന്നതുപോലെതന്നെ, വൻകിട കമ്പനികൾക്കും തങ്ങളുടെ സ്ഥാപനങ്ങളെ വിഭജിച്ചുകൊണ്ട് ഈ നികുതിയിളവ് നേടിയെടുക്കാം. മൂലധനശക്തികൾക്ക് തങ്ങളുടെ അധികമൂലധനം നിക്ഷേപിക്കുവാനുള്ള പുത്തൻ മാർഗമായ സ്റ്റാർട്ട് അപ്പ് സ്ഥാപനങ്ങളിലെ നിക്ഷേപങ്ങൾക്കു മേലും നികുതിയിളവുകൾ നൽകുന്നു. കള്ളപ്പണത്തിനെതിരേ യുദ്ധം ചെയ്യുന്നുവെന്ന് പറയുന്ന സർക്കാർതന്നെ, ആഗോളതലത്തിൽ കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള പ്രധാനമാർങ്ങളിൽ ഒന്നായ സ്റ്റാർട്ട് അപ്പ് നിക്ഷേപങ്ങൾക്കു മേലുള്ള അനാവശ്യനിയന്ത്രണങ്ങളും പരിശോധനകളും ലഘൂകരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. വിദേശനിക്ഷേപ പരിധികളും നിയന്ത്രണങ്ങളും ഒഴിവാക്കുന്നു. ഇവിടെ യഥാർത്ഥത്തിൽ ആരുടെ താത്പര്യങ്ങളാണ് സർക്കാർ സംരക്ഷിക്കുന്നത്? ഏത് സമ്പന്നർക്കാണ് ബജറ്റ് ഭീഷണിയാകുന്നത്? പാവപ്പെട്ടവരെയും ദുർബലരെയുംകുറിച്ച് ആശങ്കപ്പെടുന്നതായി നടിച്ചുകൊണ്ട്, സമ്പന്നരുടെയും കോർപ്പറേറ്റുകളുടെയും താത്പര്യങ്ങൾ നിറവേറ്റിക്കൊടുക്കുന്ന ദാസ്യവേലയല്ലേ, ഇന്ത്യയിലെ മുതലാളിവർഗത്തിന്റെ ഏറ്റവും വിശ്വസ്തസേവകരായ ബിജെപി സർക്കാരിന്റെ ഈ ബജറ്റ് നിർവഹിക്കുന്നത്? മോഹനവാഗ്ദാനങ്ങൾക്കും പൊള്ളയായ പ്രഖ്യാപനങ്ങൾക്കും പ്രചാരവേലകൾക്കുമപ്പുറം, തങ്ങളുടെ ജീവിതത്തെ തകർക്കുന്ന കാതലായ പ്രശ്‌നങ്ങളൊക്കെ കൗശലപൂർവം ഒഴിവാക്കി, കൂടുതൽ ദുരിതത്തിലേക്ക് തങ്ങളെ തള്ളിനീക്കുന്ന ഒന്നു മാത്രമാണ് ഈ ബജറ്റ് എന്നത,് സാധാരണജനങ്ങൾ തിരിച്ചറിയേണ്ടേ? ഈ വസ്തുനിഷ്ഠയാഥാർത്ഥ്യം ഉൾക്കൊണ്ടുകൊണ്ട്, ബജറ്റിന് പിന്നിലെ യഥാർത്ഥ വർഗതാത്പര്യം മനസ്സിലാക്കുകയാണ്, ഇവിടെ അധ്വാനിച്ചു ജീവിക്കുന്ന ഓരോ പൗരനും ചെയ്യേണ്ടത്.

ബജറ്റ് സാധാരണ  ജനങ്ങളുടെ ജീവിത  പ്രതിസന്ധി രൂക്ഷമാക്കും

ബജറ്റിന് പിന്നിലെ മുതലാളിത്തവർഗ താത്പര്യം വളരെ വ്യക്തമാണ്. അങ്ങനെയുള്ളപ്പോഴും ജനങ്ങൾക്ക് താത്കാലികമായെങ്കിലും എന്തെങ്കിലും ആശ്വാസം നൽകാനുള്ള ആത്മാർത്ഥമായ നടപടികൾ ഒന്നും അതിലില്ല എന്നതും വെളിപ്പെട്ടിരിക്കുന്നു. മറിച്ച്, സാധാരണ ജനങ്ങളോടും ഗ്രാമീണ-കർഷക വിഭാഗങ്ങളോടും ഒപ്പം നിൽക്കുന്നു എന്ന വ്യാജമുഖംമൂടി അണിഞ്ഞ്, യഥാർത്ഥത്തിൽ അവരുടെ ജീവിതത്തിൽ കൂടുതൽ തീ കോരിയിടുന്ന നടപടികളാണ് ബജറ്റിലുള്ളത്. ആരുടെ വളർച്ചയാണ്, ആരുടെ ഉൾക്കൊള്ളലാണ് ഭരണകൂടതാത്പര്യം എന്നത് പകൽപോലെ വ്യക്തമാണ്.
തൊഴിലില്ലായ്മയെക്കുറിച്ച് മിണ്ടുന്നില്ല എന്നുമാത്രമല്ല, തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുതകുന്ന ഒരു പദ്ധതിയും ബജറ്റിലില്ല. പൊതുമേഖലയിൽ നേരിട്ട് കൂടുതൽ നിക്ഷേപം നടത്തി തൊഴിലവസരങ്ങൾ വർധിപ്പിക്കാനല്ല സർക്കാർ ശ്രമിക്കുന്നത്. മറിച്ച്, ഉള്ള പൊതുമേഖലയെത്തന്നെ ഇല്ലാതാക്കാനാണ്; സർക്കാരിന്റെ മൂലധനനിക്ഷേപം മുതലാളിവർഗ താത്പര്യത്തിനനുസരിച്ചുമാത്രം വിനിയോഗിക്കുവാനാണ്. നിലവിലുള്ള സ്ഥിരം തൊഴിലുകൾ കൂടി ഇല്ലാതാക്കുന്ന തൊഴിൽ നിയമഭേദഗതികൾ നടപ്പിൽ വരുത്തുമ്പോൾ എന്ത് തൊഴിൽ സുരക്ഷയാണ് രാജ്യത്ത് ബാക്കിയുണ്ടാവുക? ആദായനികുതിഘടനയിൽ കാലോചിതമായ മാറ്റം വരുത്തി, തലതിരിഞ്ഞ ജിഎസ്ടി സമ്പ്രദായം അവസാനിപ്പിച്ച്, ജനങ്ങളുടെ ക്രയശേഷിയിൽ എന്തെങ്കിലും മെച്ചമുണ്ടാക്കാനാണോ ബജറ്റ് ലക്ഷ്യം വെച്ചത്? അല്ല എന്നു മാത്രമല്ല, ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന പെട്രോൾ-ഡീസൽ വിലവർധനയിലൂടെ, ഉള്ള ക്രയശേഷി കൂടി ഇല്ലാതാക്കുന്നു. പ്രഖ്യാപനങ്ങൾക്കും വാഗ്ദാനങ്ങൾക്കുമപ്പുറം, ദുരിതമനുഭവിക്കുന്ന കർഷകരുടെയോ സാധാരണക്കാരന്റെയോ ജീവിതത്തെ നേരിട്ട് സ്പർശിക്കുന്ന നടപടികളൊന്നുമില്ല. ഒരു വിഭാഗം കർഷകർക്ക് 6000 രൂപ വീതം നൽകുന്നതുകൊണ്ട് രാജ്യത്തെ കാർഷികമേഖലയോ കർഷകന്റെ ജീവിതമോ പ്രശ്‌നരഹിതമാകുന്നില്ല. തങ്ങൾ കൂടുതൽ പ്രാധാന്യം നൽകുന്നത്, രാജ്യത്തെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ജീവിതദുരിതത്തിന് ആശ്വാസം നൽകുന്നതിനോ, തൊഴിൽ നൽകുന്നതിനോ, സാധാരണക്കാരന്റെ ക്രയശേഷി വർധിപ്പിക്കുന്ന നടപടികൾക്കോ അല്ല എന്ന് സർക്കാർ സ്ഥാപിക്കുകയാണ് ഈ ബജറ്റിലൂടെ. പകരം, സ്വകാര്യമൂലധനത്തിന്റെ വളർച്ചക്കായി വഴിയൊരുക്കുന്നതിനും, പൊതുവിഭവങ്ങൾ കോർപ്പറേറ്റുകളുടെ ലാഭക്കൊതിക്കായി വിട്ടുനൽകുന്നതിനും, സ്വകാര്യമൂലധനത്തിന്റെ മുന്നിലെ എല്ലാ തടസ്സങ്ങളും നീക്കിക്കൊടുക്കുന്നതിനുമാണ് പ്രാധാന്യം, എന്ന് ഉറക്കെ പറയുകയാണ് ഈ ബജറ്റും സാമ്പത്തികസർവേ റിപ്പോർട്ടും. ഇതാണ് യാഥാർത്ഥ്യം.
എന്നാൽ എത്രയൊക്കെ ശ്രമിച്ചാലും മുതലാളിത്തത്തിന്റെ ഈ വിശ്വസ്ത സേവകർക്ക്, മരണാസന്ന മുതലാളിത്തത്തെ അതിന്റെതന്നെ സൃഷ്ടിയായപ്രതിസന്ധിയിൽ നിന്നും കരകയറ്റാനാകില്ല. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് പുകഴ്ത്തുന്ന അരിച്ചിറങ്ങൽ സിദ്ധാന്തം ഒരു തികഞ്ഞ പരാജയമാണെന്നും, സമൂഹത്തിൽ സാമ്പത്തിക അസമത്വം വർദ്ധിപ്പിക്കാനും, അതിലൂടെ ഗുരുതരമായ സാമൂഹികപ്രശ്‌നങ്ങൾ സൃഷ്ടിക്കാനും മാത്രമേ അത് ഉതകിയുള്ളു എന്നും, ഇന്ന് പല മുതലാളിത്ത സാമ്പത്തികശാസ്ത്രജ്ഞർപോലും സമ്മതിക്കുന്നു. വൻതോതിലുള്ള സ്വകാര്യ-വിദേശനിക്ഷേപം മാത്രം ആശ്രയം എന്ന മട്ടിൽ നമ്മുടെ ഭരണകൂടം നയം രൂപീകരിക്കുമ്പോൾ, പല മുതലാളിത്തരാജ്യങ്ങളും കമ്പോളപ്രതിസന്ധിയുടെ തീക്ഷ്ണതയിൽ, ആഗോളവൽക്കരണത്തെ ഉപേക്ഷിച്ച് തീവ്രദേശീയവൽക്കരണത്തെ പുൽകുന്ന കാഴ്ച്ചയാണ് കാണാനാവുക. ഈ അനിശ്ചിതാവസ്ഥയിൽ, എങ്ങനെയും കൊള്ളലാഭമുണ്ടാക്കിയെടുക്കാൻമാത്രം കാംക്ഷിക്കുന്ന മുതലാളിത്ത കുത്തകകൾക്ക് അടിയറ വെക്കാനുള്ളതാണോ നമ്മുടെ സമ്പദ്‌വ്യവസ്ഥ? കൂടുതൽ പ്രതിസന്ധിയിലേക്ക് രാജ്യത്തെ തള്ളിവിടുകയും, ജനജീവിതത്തെ കൂടുതൽ ദുരിതത്തിലാക്കുകയും ചെയ്യുകയെന്നതാവില്ലേ അതിന്റെ അനന്തരഫലം? അത് അറിയാത്തവരല്ല സർക്കാരും മുതലാളിത്തലോകവും. പക്ഷേ മുതലാളിത്തവർഗത്തിന്റെ ഈ വിശ്വസ്തദാസന്മാരിൽനിന്ന് മറിച്ചൊന്നുമ പ്രതീക്ഷിക്കാനില്ല.
മധുരവാക്കുകളിലും വാഗ്ദാനങ്ങളിലും മയങ്ങി വഞ്ചിതരാകാതിരിക്കണമെങ്കിൽ യാഥാർത്ഥ്യം നാം തിരിച്ചറിയണം. ബജറ്റിനെ സംബന്ധിച്ച് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടി കേന്ദ്രക്കമ്മിറ്റി പുറപ്പെടുവിച്ച പ്രസ്താവനയിൽനിന്നും ഞങ്ങൾ ആവർത്തിക്കട്ടെ: ബിജെപിയെ പോലുള്ള ഭരണവർഗത്തിന്റെ രാഷ്ട്രീയ കാര്യസ്ഥന്മാർ വാചാടോപവും കണക്കിലെ കസർത്തുകളും കൊണ്ട് ഈ ബജറ്റിനെ വെള്ളപൂശുമ്പോൾ, രൂക്ഷമായിക്കൊണ്ടിരിക്കുന്ന മുതലാളിത്ത പ്രതിസന്ധിയുടെ കെടുതികൾ മുഴുവൻ ഏറ്റുവാങ്ങേണ്ടി വരുന്ന, അധ്വാനിച്ചു ജീവിക്കുന്ന ജനവിഭാഗങ്ങൾ, ഇതിന്റെ മാരകമായ അനന്തരഫലങ്ങൾ തിരിച്ചറിഞ്ഞ്, തങ്ങൾക്കുമേൽ പതിക്കാനിരിക്കുന്ന വർദ്ധിതമായ സാമ്പത്തിക ആക്രമണങ്ങളെ സംഘടിതമായി ചെറുക്കാൻ തയ്യാറാകേണ്ടതുണ്ട്.

Share this post

scroll to top