സിഎജി റിപ്പോർട്ട്: വെളിവാകുന്നത് അഴിമതിയില്‍മുങ്ങിക്കുളിച്ച ബിജെപി ഭരണത്തിന്റെ വികൃതമുഖം

cag-rafale.png
Share

വിവിധ ക്ഷേമപദ്ധതികള്‍ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട പല പദ്ധതികളിലും ഞെട്ടിപ്പിക്കുന്ന സാമ്പത്തിക ക്രമക്കേടുകളും പൊരുത്തക്കേടുകളും ഉള്ളതായി ആഗസ്റ്റ് 10ന് സിഎജി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വെളിവാക്കിയിരിക്കുന്നു. ഭരണസുതാര്യതയെക്കുറിച്ചുള്ള ചോദ്യങ്ങളും റിപ്പോര്‍ട്ട് ഉയര്‍ത്തിയിരിക്കുന്നു. മൂന്ന് സുപ്രധാന പദ്ധതികളിലാണ് ഫണ്ട് ദുരുപയോഗം ചൂണ്ടിക്കാട്ടപ്പെട്ടിട്ടുള്ളത്. ഗുരുതരമായ ഈ ആരോപണങ്ങള്‍ക്ക് ഒരു വിശദീകരണത്തിനും തയ്യാറാകാതെ പ്രധാനമന്ത്രി മോദി ദുരൂഹമായ മൗനം തുടരുന്നു.

ഇന്ത്യയുടെ ഭരണഘടനയുടെ 148-ാം വകുപ്പനുസരിച്ച് സ്ഥാപിതമായിട്ടുള്ള രാജ്യത്തെ പരമോന്നത ഓഡിറ്റിങ്ങ് സംവിധാനമാണ് കംപ്ട്രോളർ ആന്‍ഡ് ഓഡിറ്റർ ജനറല്‍ അഥവാ സിഎജി. കേന്ദ്രത്തിന്റെയോ സംസ്ഥാനത്തിന്റെയോ ഖജനാവില്‍നിന്നുള്ള സാമ്പത്തികസഹായത്തോടെ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളുടെയും അധികാരസ്ഥാനങ്ങളുടെയും സർക്കാർ കമ്പനികളുടെയും മറ്റ് കോർപ്പറേഷനുകളുടെയും, വരവുചെലവ് കണക്കുകള്‍ ബന്ധപ്പെട്ട നിയമങ്ങള്‍ക്കനുസരിച്ച് സിഎജി ഓഡിറ്റ് ചെയ്യുന്നു.
വിവിധ ക്ഷേമപദ്ധതികള്‍ ഉള്‍പ്പെടെ പ്രധാനപ്പെട്ട പല പദ്ധതികളിലും ക്രമക്കേടുകളും, ഭരണസുതാര്യതയെക്കുറിച്ചുള്ള ചോദ്യങ്ങളും, കഴിഞ്ഞ ആഗസ്റ്റ് 10ന് സിഎജി പാർലമെന്റില്‍ സമർപ്പിച്ച റിപ്പോർട്ട് വെളിവാക്കി. ആദ്യ ഭാഗത്തിൽ, താഴെപ്പറയുന്ന നാല് മന്ത്രാലയങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ അവർ സമർപ്പിച്ചു:


* റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം: ദക്ഷിണേന്ത്യയിലെ എൻഎച്ച്എഐയുടെ ടോൾ ഓപ്പറേഷൻ സംബന്ധിച്ച കംപ്ലയൻസ് ഓഡിറ്റ്
* റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം: ‘ഭാരത്‌മാല പരിയോജനയുടെ ഒന്നാം ഘട്ടം നടപ്പാക്കൽ’ എന്നതിനെക്കുറിച്ചുള്ള പെർഫോമൻസ് ഓഡിറ്റ്
* റെയിൽവേ മന്ത്രാലയം
* കേന്ദ്ര സർക്കാരിന്റെ അക്കൗണ്ടുകളുടെ സാമ്പത്തിക ഓഡിറ്റ്.
മൂന്ന് സുപ്രധാന പദ്ധതികളിൽ പൊതുഫണ്ട് ദുരുപയോഗം ചെയ്തതിലേക്കും സാമ്പത്തിക ക്രമക്കേടുകളിലേക്കും വെളിച്ചം വീശുകയും അതുവഴി പൊതുഭരണത്തിൽ സുതാര്യതയും ഉത്തരവാദിത്തവും വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും സർക്കാരിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. നിർണായകമായ ആ വെളിപ്പെടുത്തലുകൾ എന്തൊക്കെയാണെന്നും സിഎജി ചൂണ്ടിക്കാണിച്ചതെന്താണെന്നും നമുക്ക് നോക്കാം.


റോഡ് ഗതാഗതവും ടോള്‍പിരിവ് സംവിധാനവും


ഡൽഹി മുതൽ ഗുരുഗ്രാംവരെയുള്ള ദ്വാരക എക്സ്പ്രസ് വേ പദ്ധതിയുടെ നിർമ്മാണച്ചെലവിൽ ഗുരുതരമായ ആശങ്കകൾ സിഎജി ഉയർത്തിക്കാട്ടുന്നു.
ഒരു കിലോമീറ്ററിന് 18.20 കോടി രൂപയായിരുന്നു ആദ്യം അനുവദിച്ചത്. എന്നാൽ പിന്നീട് ഈ ചെലവ് കിലോമീറ്ററിന് 250.77 കോടി രൂപയായി ഉയർന്നു. വിശദമായ പ്രോജക്ട് റിപ്പോർട്ട് ലഭ്യമല്ലെന്ന് സിഎജി കണ്ടെത്തി. കൂടാതെ, നേരത്തെ വിഭാവനം ചെയ്തിരുന്നില്ലാത്ത എട്ടുവരി എലിവേറ്റഡ് പാതയും ആറുവരി ക്രോസിങ് റോഡും നിർമ്മിക്കാനുള്ള തീരുമാനവും സംശയാസ്പദമാണ്. ഈ വമ്പിച്ച വർദ്ധനവിന്റെ ഗുണഭോക്താക്കള്‍ ആരാണ്?
അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻഎച്ച്എഐ) ടോൾ പ്രവർത്തനങ്ങൾ പരിശോധിച്ചപ്പോൾ, ടോൾ പ്ലാസ ചട്ടങ്ങൾ ലംഘിച്ച് അഞ്ച് ടോൾ പ്ലാസകളിൽനിന്ന് മൊത്തം 132.05 കോടി രൂപ യാത്രക്കാരിൽനിന്ന് പിരിച്ചെടുത്തതായി സിഎജി കണ്ടെത്തി. 2020 മേയ് മുതൽ 2021 മാർച്ച് വരെയുള്ള കാലയളവിൽ മൂന്ന് ടോൾ പ്ലാസകളിൽ ഫീസ് ഈടാക്കിയത് ‘ഭേദഗതി വരുത്തിയ ടോൾ ഫീ നിയമങ്ങളുടെ’ ലംഘനമാണ്. അതിനാൽ റോഡ് ഉപയോക്താക്കൾ കൊള്ളയടിക്കപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു. തമിഴ്‍‌നാട്ടിലെ പറനൂർ ടോൾ പ്ലാസയിലെ ഫീസ്, ബാധകമായ ഉപയോക്തൃഫീസിന്റെ 75% ആയി കുറയ്ക്കാൻ എൻഎച്ച്എഐ കാലതാമസം വരുത്തി. 2017-18നും 2020-21നും ഇടയിൽ യാത്രക്കാരിൽ നിന്ന് 22.10 കോടിരൂപ അധിക ടോൾ ഫീസ് ഈടാക്കാൻ ഇത് കാരണമായി. അതുപോലെ, ആന്ധ്രയിലെ മാടപം ടോൾ പ്ലാസയിൽ, പരിഷ്ക്കരിച്ച ഫീസ് ചട്ടങ്ങൾ അനുസരിച്ച്, നവീകരണ സമയത്ത് ഫീസ് പരിഷ്ക്കരിക്കരുത് എന്ന വ്യവസ്ഥ ലംഘിച്ചുകൊണ്ട് എൻഎച്ച്എഐ ഉപയോക്തൃ ഫീസ് വർഷംതോറും പരിഷ്കരിക്കുന്നു. ഇതിലൂടെ, 2018 ഓഗസ്റ്റ് മുതൽ 2021 മാർച്ചുവരെ രണ്ട് ടോൾ പ്ലാസകളിലെയും റോഡ് ഉപയോക്താക്കളിൽ നിന്ന് എൻഎച്ച്എഐ അനധികൃതമായി 7.87 കോടി രൂപ പിരിച്ചെടുത്തു.
മറുവശത്ത്, തമിഴ്‌നാട്ടിൽ ദേശീയപാത–44ല്‍ രണ്ട് സെക്ഷനുകള്‍ക്ക് വരുമാനം പങ്കിടാനുള്ള വ്യവസ്ഥകൾ ഇല്ലാത്തതിനാൽ 133.36 കോടി രൂപയുടെ വരുമാനം എൻഎച്ച്എഐക്ക് നഷ്ടപ്പെട്ടു. ഇവ എൻഎച്ച്എഐ നിർമ്മിച്ച് ടോൾ പിരിവിനായി സ്വകാര്യമേഖലയിൽപ്പെട്ട ബിഒടി (ബിൽഡ്, ഓപ്പറേറ്റ്, ട്രാൻസ്ഫർ ടോൾ) കൺസഷനറികൾക്ക് കൈമാറിയവയാണ്. അങ്ങനെ, നല്ലൊരു വിഭാഗം യാത്രക്കാർക്കും അധിക ടോൾ നൽകേണ്ടി വന്നപ്പോൾ, സ്വകാര്യ ടോൾ പിരിവ് കുത്തകകൾ വർധിച്ച വരുമാനം പോക്കറ്റിലാക്കിയത് ഖജനാവിനും നഷ്ടമായി. ടോൾ നിരക്കുകൾ, ടോളിംഗ് സംവിധാനങ്ങൾ, ഷാജഹാൻപൂർ-നീമ്രാന-ബെഹ്റോർ (ആർആർടിഎസ് എസ്എൻബി) റാപ്പിഡ് റെയിൽ ട്രാൻസിറ്റ് സിസ്റ്റം പോലെയുള്ള അടിസ്ഥാനസൗകര്യ പദ്ധതികൾ എന്നിവയും ആശങ്കാജനകമാണ്. കൂടാതെ, 1954ൽ നിർമ്മിച്ച ഒരു പാലത്തിന് വീണ്ടും ഉപയോക്തൃ ഫീസ് ‘ദേശീയപാത ഫീസ് രണ്ടാം ഭേദഗതി നിയമങ്ങൾ 2011’ ലംഘിച്ച് ഈടാക്കുന്നു. ഈ സംഭവങ്ങൾ റോഡ് ഗതാഗത മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുള്ള തികഞ്ഞ അശ്രദ്ധയുടെയും മേൽനോട്ടമില്ലായ്മയുടെയും സാക്ഷ്യമാണ്.


ഭാരത് മാല പരിയോജനയുടെ ഒന്നാംഘട്ടത്തിന്റെ നിർവ്വഹണം


2017 ഒക്ടോബറിൽ, സാമ്പത്തികകാര്യ കാബിനറ്റ് കമ്മിറ്റി(സിസിഇഎ) 74,942 കിലോമീറ്റർ ദൈർഘ്യമുള്ള ദേശീയ പാതകളുടെ വികസനത്തിനായി ‘ഭാരത്‌മാല പരിയോജന’ എന്ന പുതിയ സമഗ്രപരിപാടിക്ക് 5,35,000 കോടി രൂപയ്ക്ക് അംഗീകാരം നൽകി. രാജ്യത്തുടനീളമുള്ള ചരക്കുനീക്കത്തിന്റെയും ജനങ്ങളുടെയും ഗതാഗതം കാര്യക്ഷമമാക്കുക എന്നതാണ് പരിപാടിയുടെ പ്രാഥമിക പരിഗണന. 2023 മാർച്ച് 31 വരെ, പരിയോജനയുടെ ഒന്നാം ഘട്ടത്തിനായി (ബിപിപി-1) അനുവദിച്ച സിവിൽ ചെലവ് കിലോമീറ്ററിന് 23.89 കോടി രൂപയായി ഉയർന്നതായി സിഎജി പരാമർശിച്ചു. സിസിഇഎ അംഗീകരിച്ച, ഒരു കിലോമീറ്ററിന് 13.98 കോടി രൂപ എന്ന സ്ഥാനത്താണിത്. ഒരു കിലോമീറ്ററിന് 1.39 കോടി രൂപ സിസിഇഎ അംഗീകരിച്ചതിൽനിന്ന്, ഒരു കിലോമീറ്ററിന് 8.28 കോടി രൂപയാണ് നിർമാണത്തിന് മുമ്പുള്ള ചെലവ്. അതുപോലെ, 26,316 കിലോമീറ്റർ പദ്ധതി ദൈർഘ്യത്തിന് അനുവദിച്ച ചെലവ് 8,46,588 കോടി രൂപയാണ്. സിസിഇഎ അംഗീകരിച്ച ബിപിപി-1 പദ്ധതികളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത 32,839 കോടി രൂപ ചെലവ് വരുന്ന ഡൽഹി-വഡോദര എക്സ്പ്രസ് വേയ്ക്ക് ദേശീയപാത അതോറിട്ടി ബോർഡ് അംഗീകാരം നൽകിയതായും റിപ്പോർട്ട് കൂട്ടിച്ചേർത്തു. അതിനാൽ, ഈ അധിക അനുമതി ഏകപക്ഷീയവും അനിയന്ത്രിതവുമാണ്. ഇതിന് കൃത്യമായ വിശദീകരണം നൽകിയിട്ടില്ല. ഉയർന്ന ചിലവുള്ള എൻജിനീയറിങ് പ്രൊക്യുർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ(ഇപിസി) പദ്ധതികളിലോ പൂർണമായും ധനസഹായം നൽകുന്ന സർക്കാർ പദ്ധതികളിലോ സിസിഇഎ നിർദ്ദേശിച്ചിട്ടുള്ള മൂല്യനിർണ്ണയ, അംഗീകാര സംവിധാനത്തിലെ പോരായ്മകളും സിഎജി കണ്ടെത്തി. ചെലവ് അധികരിക്കുന്നതും കാര്യമായി സംഭവിക്കുന്നുണ്ട്.
പദ്ധതികൾ അനുവദിക്കുന്നതിൽ ടെൻഡർ പ്രോട്ടോക്കോൾ ലംഘിച്ച സംഭവങ്ങളും സിഎജി റിപ്പോർട്ടിൽ ഉയർന്നു. ഉദാഹരണത്തിന്, ചില കേസുകളിൽ, വിജയിച്ച ലേലക്കാരൻ ലേലവ്യവസ്ഥ പാലിക്കുന്നില്ല, അല്ലെങ്കിൽ വ്യാജരേഖകളുടെ അടിസ്ഥാനത്തിലാണ് ലേലക്കാരനെ തിരഞ്ഞെടുത്തത്. വിശദമായ പദ്ധതി റിപ്പോർട്ടുകളുടെ അഭാവത്തിലോ തെറ്റായ പദ്ധതി റിപ്പോർട്ടുകളോ ഉള്ള സാഹചര്യത്തിലാണ് പ്രവൃത്തികൾ അനുവദിച്ചത്. നടപ്പാക്കുന്ന ഏജൻസികൾ ആവശ്യമായ ഭൂമിയുടെ ലഭ്യത ഉറപ്പാക്കാതെ പദ്ധതികൾ നൽകുകയായിരുന്നു, ഇത് പദ്ധതികൾ ആരംഭിക്കുന്നതിനും പൂർത്തീക രിക്കുന്നതിനും കാലതാമസമുണ്ടാക്കുന്നു.
‘‘പ്രോജക്ടുകൾ സമര്‍പ്പിക്കുന്നതിൽ ഏജൻസികൾ വരുത്തിയ ക്രമക്കേടുകൾ കണ്ടെത്തിയ സംഭവങ്ങൾ, ടെൻഡർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളുടെ വ്യക്തമായ ലംഘനമാണ്. അതായത്, ടെണ്ടർ വ്യവസ്ഥ പാലിക്കാത്ത ബിഡ്ഡർ, അല്ലെങ്കിൽ തെറ്റായ രേഖകളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട ബിഡ്ഡർ, ഏതെങ്കിലും അംഗീകൃത പ്രോജക്ട് റിപ്പോർട്ടുകൾ ഇല്ലാതെ അല്ലെങ്കിൽ തെറ്റായ പ്രോജക്ട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രവൃത്തികൾ നൽകൽ എന്നിവ പോലുള്ളവ.’’ ഇങ്ങനെയാണ് സിഎജി ഉപസംഹരിക്കുന്നത്.


റെയിൽവേ മന്ത്രാലയം


2021-22 കാലയളവിൽ റെയിൽവേ മന്ത്രാലയത്തിന്റെ മൊത്തം ചെലവ് 35.19 ശതമാനവും മൂലധനച്ചെലവിൽ 22.61 ശതമാനവും വർധിച്ചതായി സിഎജി റിപ്പോർട്ടിൽ പറയുന്നു. അനുവദിച്ച ബജറ്റായ 57,626.20 കോടി രൂപയേക്കാൾ 7,778.43 കോടി രൂപയുടെ അധികച്ചെലവാണ് റെയിൽവേയ്ക്ക് ഉണ്ടായത്. ‘‘മുൻ സിഎജി ഓഡിറ്റ് റിപ്പോർട്ടുകളിൽ ചൂണ്ടിക്കാണിച്ചിട്ടും അനുമതിയില്ലാത്ത ചെലവുകൾ കുറയ്ക്കാൻ മന്ത്രാലയം ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് വ്യക്തമാണ്.”റിപ്പോര്‍ട്ട് പറയുന്നു.
2017നും 2021നും ഇടയിൽ നടന്ന റെയിൽവേ അപകടങ്ങളും സിഎജി വിശകലനം ചെയ്തിട്ടുണ്ട്. 2017ലെ മൊത്തം അപകടങ്ങളിൽ 69% കേസുകളും പാളം തെറ്റിയതുമായി ബന്ധപ്പെട്ടതാണെന്ന് അവർ കണ്ടെത്തി. പാളംതെറ്റുന്നതിന് കാരണമായ പ്രധാന ഘടകം ‘‘ട്രാക്ക് അറ്റകുറ്റപ്പണി”(171 കേസുകൾ), തുടർന്ന് ‘‘അനുവദനീയമായ പരിധിക്കപ്പുറമുള്ള ട്രാക്ക് പാരാമീറ്ററുകള്‍”(156 കേസുകൾ) എന്നിവയുമായി ബന്ധപ്പെട്ടതാണെന്നും നിരീക്ഷിക്കുന്നു. ‘തത്ഫലമായുണ്ടാകുന്ന’ തീവണ്ടി അപകടങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ, ബാലസോറിൽ അടുത്തിടെ കണ്ടതുപോലുള്ള പാളംതെറ്റലും കൂട്ടിയിടികളും മൂലമുണ്ടാകുന്ന അപകടങ്ങള്‍ 80ശതമാനമാണ്. വീഴ്ച വരുത്തുന്ന വ്യക്തികളുടെ മേലേക്ക് മാത്രം ബാധ്യത മാറ്റാനുള്ള സർക്കാരിന്റെ ശ്രമത്തിന്റെ സ്ഥാനത്ത്, സിഎജിയുടെ ഡാറ്റയും നിഗമനങ്ങളും ഈ പ്രശ്നം സ്ഥാപനപരമാണെന്ന് സൂചിപ്പിക്കുന്നു: ‘‘ഒഴിവുകള്‍ നികത്താതെയും നാമമാത്രമായ ഔട്ട്സോഴ്സിംഗ് ഉപയോഗിച്ചും ഇന്ത്യൻ റെയിൽവേ അറ്റകുറ്റപ്പണികൾ കൈകാര്യം ചെയ്തുവരുന്നു. സുരക്ഷാ വിഭാഗത്തിൽ മതിയായ ജീവനക്കാരെ നിയമിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും അത് അറ്റകുറ്റപ്പണിയുടെ ഗുണനിലവാരത്തെ ബാധിക്കുമെന്നും ഇത് വെളിപ്പെടുത്തുന്നു.”
കഴിഞ്ഞ ജനുവരിയിൽ രാജ്യസഭയിൽ ഒരു നക്ഷത്രചിഹ്നമിട്ട ചോദ്യത്തിന് റെയിൽവേ മന്ത്രിയുടെ മറുപടി പ്രകാരം ഇന്ത്യൻ റെയിൽവേയിൽ, 2022 ഡിസംബർ 1 വരെ 18 സോണുകളിലായി വ്യാപിച്ചുകിടക്കുന്ന 3.12 ലക്ഷം നോൺ-ഗസറ്റഡ് തസ്തികകൾ രാജ്യത്തുടനീളം ഒഴിഞ്ഞുകിടക്കുന്നു. ഇന്ത്യൻ റെയിൽവേയില്‍ ജീവനക്കാരുടെ ക്ഷാമം മൂലം, നിലവിലുള്ള നിരവധി ജീവനക്കാർക്ക് ഓവർടൈം ജോലി ചെയ്യേണ്ടി വരുന്നുവെന്നും, നിരവധി ടിക്കറ്റ് ബുക്കിംഗ് ജാലകങ്ങള്‍ പ്രവർത്തന രഹിതമാകുന്നതിനാല്‍ നീണ്ട വരികൾക്കും തിരക്കിനും ഇടയാക്കുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാറുണ്ട്. ട്രാക്ക് മെയിന്റനൻസ്, റാക്ക് ഫിറ്റ്നസ്, സീനിയർ-ജൂനിയർ സെക്ഷൻ എൻജിനീയർമാർ, ഗ്യാങ്മാൻമാർ, ടെക്നീഷ്യൻമാർ എന്നിങ്ങനെ സുരക്ഷാ വിഭാഗത്തിൽ 50,000 മുതൽ 75,000 വരെ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. റെയിൽവേ ഉദ്യോഗസ്ഥരാകട്ടെ, അവരുടെമേല്‍ മൊത്തത്തിലുള്ള പ്രവർത്തനങ്ങളുടെ വലിയ സമ്മർദ്ദം ഉണ്ടെന്നും, അവരുടെ ഗ്രൗണ്ട് ജീവനക്കാർക്ക് ട്രാക്കുകൾ പരിശോധിക്കാൻ ദിവസവും എട്ട് മുതൽ പത്ത് കിലോമീറ്റർ വരെ സഞ്ചരിക്കേണ്ടിവരുമെന്നും സമ്മതിക്കുന്നു. ‘‘ഞങ്ങള്‍ക്ക് പകരം വരാന്‍ സ്റ്റാഫില്ലാത്തതിനാൽ 16 മണിക്കൂർ വരെ ഞാൻ ഇരട്ട ഷിഫ്റ്റിൽ ജോലി ചെയ്യുന്നു. ജീവനക്കാരുടെ കുറവ് കാരണം എനിക്ക് പഠിക്കാൻ അവധിയെടുക്കാൻ കഴിഞ്ഞില്ല”, മുംബൈയിലെ സെൻട്രൽ റെയിൽവേ ടിക്കറ്റ് ബുക്കിംഗ് ഓഫീസിലെ 29കാരനായ ഒരു ജീവനക്കാരൻ മാധ്യമങ്ങളോട് പറഞ്ഞതാണിത്.


നികത്താത്ത ഒഴിവുകൾ രാജ്യത്തിന്റെ റെയില്‍ ഗതാഗത ശൃംഖലയുടെ മൊത്തത്തിലുള്ള പ്രവർത്തനത്തിനും കാര്യക്ഷമതയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. അവ നിലവിലുള്ള ജീവനക്കാരിൽ അധിക സമ്മർദ്ദം ചെലുത്തുക മാത്രമല്ല, യാത്രക്കാർക്ക് സുരക്ഷിതമായ സേവനങ്ങൾ നിരാകരിക്കുകയും ചെയ്യുന്നു. എന്നിട്ടും, ഇത്രയധികം വിപുലീകരണ പദ്ധതികൾ ഏറ്റെടുത്തിട്ടും പുതിയ അതിവേഗ ട്രെയിനുകൾ അവതരിപ്പിച്ചിട്ടും, സുരക്ഷയ്ക്ക് ഉൾപ്പെടെ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിന് ധനമന്ത്രാലയം നിരോധനം ഏർപ്പെടുത്തിയിരിക്കുന്നു. മറുവശത്ത്, ട്രാക്ക് മെയിന്റനൻസ്, സിഗ്നലിംഗ് സിസ്റ്റങ്ങളുടെ അറ്റകുറ്റപ്പണികൾ, ഓവർഹെഡ് ഉപകരണങ്ങളുടെ മെയിന്റനൻസ് ജോലികൾ എന്നിവയെല്ലാം ലാഭാധിഷ്ഠിതരായ വിവിധ സ്വകാര്യ കരാറുകാർക്ക് ഔട്ട്സോഴ്സ് ചെയ്യുന്നു. ഔട്ട്സോഴ്സ് ചെയ്ത് വരുന്ന ജീവനക്കാർക്ക് ഒരു ഉത്തരവാദിത്തവും കാണിക്കേണ്ട കാര്യമില്ലയെന്നത് ചിലപ്പോൾ ഗുരുതരമായ പ്രത്യാഘാതങ്ങ ളിലേക്ക് നയിക്കുന്നു, കൂടാതെ ഒരു ഉത്തരവാദിത്തമോ ബാധ്യതയോ ഇല്ലാത്ത ജീവനക്കാർ പലപ്പോഴും ജോലിയില്‍ കുറുക്കുവഴി രീതികൾ അവലംബിക്കുന്നു. കൂടാതെ, മുൻഗണനേതര മേഖലകൾക്കുള്ള ഫണ്ടുകളുടെ ഉപയോഗം പല മേഖലകളിലും 25% വരെ ഉയർന്നു, സിഎജി റിപ്പോർട്ട് പറയുന്നു. റെയിൽവേ പ്രവർത്തനത്തിന്റെ അപകടകരമായ ഉൾക്കഥയാണിത്.
റെയിൽവേ നവീകരണത്തിലും റെയിൽവേ യാത്രയുടെ സുരക്ഷയിലും ഒട്ടേറെ കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നാണ് സർക്കാർ ഏറെക്കാലമായി അവകാശപ്പെടുന്നത്. ദുരന്തത്തിന് ഉത്തരവാദികളായവർക്ക് ഏറ്റവും കടുത്ത ശിക്ഷ നൽകുമെന്ന് പ്രധാനമന്ത്രി മോദിതന്നെ പറഞ്ഞിട്ടുണ്ട്. റെയിൽവേ സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ (പിഎംഒ) അവകാശവാദങ്ങളുമായി തീവണ്ടി പാളം തെറ്റലുകളെക്കുറിച്ചുള്ള സിഎജി റിപ്പോർട്ട് പൊരുത്തപ്പെടുന്നില്ല.


കേന്ദ്രസർക്കാർ കണക്കുകളുടെ ഓഡിറ്റ്


സിഎജി കണ്ടെത്തിയത്: ‘‘2020 മാർച്ച് 31 വരെ, മൊത്തം കുടിശ്ശികയുള്ള പബ്ലിക് അക്കൗണ്ട് ബാധ്യതകൾ 8,79,325 കോടി രൂപയാണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ ചെറുകിട സമ്പാദ്യത്തിന്റെയും പ്രൊവിഡന്റ് ഫണ്ടിന്റെയും 5,74,881 കോടി രൂപയും, മറ്റ് ബാധ്യതകളുടെ അക്കൗണ്ടിൽ 3,04,444 കോടി രൂപയും ഉൾപ്പെടുന്നു. പക്ഷേ ഇതില്‍, എൻഎസ്എസ്എഫിന്റെ (നാഷണൽ സ്മോൾ സേവിംഗ്സ് ഫണ്ട്) പ്രത്യേക സംസ്ഥാന ഗവൺമെന്റ് സെക്യൂരിറ്റികളില്‍ നടത്തിയ 4,40,438 കോടി രൂപയുടെ നിക്ഷേപവും സർക്കാർ സ്ഥാപനങ്ങളിലെ 3,66,546 കോടി രൂപ നിക്ഷേപവും പോസ്റ്റ് ഓഫീസ് ഇൻഷ്വറൻസ് ഫണ്ടുമായി ബന്ധപ്പെട്ട 82,963 കോടി രൂപയും എൻഎസ്എസ്എഫിലെ സഞ്ചിത കമ്മിയും(1,09,462 കോടിരൂപ) ഉള്‍പ്പെടുന്ന 9,99,409 കോടി രൂപയുടെ ബാധ്യതകൾ ഉൾപ്പെട്ടിട്ടില്ല.” മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കുടിശ്ശികയുള്ള പബ്ലിക് അക്കൗണ്ട്സ് ബാധ്യതകൾ പരിശോധനയ്ക്ക് വിധേയമാക്കേണ്ട പ്രഖ്യാപിത കണക്കിന്റെ ഇരട്ടിയിലധികം വരും. കൂടാതെ, സിഎജിയുടെ കണക്കനുസരിച്ച്, ‘‘യഥാർത്ഥ റവന്യൂ കമ്മി ബജറ്റ് എസ്റ്റിമേറ്റ് ഘട്ടത്തിലും പുതുക്കിയ എസ്റ്റിമേറ്റ് ഘട്ടത്തിലും യഥാക്രമം 37.43 ശതമാനവും 33.36 ശതമാനവും കവിഞ്ഞു. അതുപോലെ, ബജറ്റ് എസ്റ്റിമേറ്റ് ഘട്ടവും പുതുക്കിയ എസ്റ്റിമേറ്റ് ഘട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ യഥാർത്ഥ ധനക്കമ്മി യഥാക്രമം 2,43,970 കോടി രൂപയും 1,69,001 കോടി രൂപയും കൂടുതലാണ്.”
കേന്ദ്രബജറ്റുകളിൽ നൽകിയിരിക്കുന്ന കണക്കുകൾ കൃത്യമല്ലെന്നും സർക്കാർ കമ്മി പരാമർശിച്ചതിനേക്കാൾ വളരെ കൂടുതലാണെന്നും വ്യക്തമാണ്. വലിയ കടമെടുപ്പുകൾക്ക് പുറമെ (2023 മാർച്ച് 31ന് 155.8 ലക്ഷം കോടി രൂപയോളം സർക്കാർ കടമെടുത്തതായി കണക്കാക്കപ്പെട്ടിരുന്നു), ഈ കമ്മി നികത്തുന്നതിന് അധിക കറൻസി നോട്ടുകൾ അച്ചടിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കണം. ഇത് പണപ്പെരുപ്പം ഉയർത്താന്‍ കാരണമായിട്ടുണ്ട്. അങ്ങനെയാണെങ്കിൽ, സർക്കാർ ജനങ്ങളിൽ നിന്ന് സത്യം മറച്ചുവെക്കുകയാണ്. അനുചിതമായ അക്കൗണ്ടിംഗിന്റെ ഉദാഹരണങ്ങൾ ഉൾപ്പെടെയുള്ള മറ്റ് നിരവധി കണ്ടെത്തലുകൾ വേറെയുമുണ്ട്.


അയോധ്യ പദ്ധതിയിലെ ക്രമക്കേടുകള്‍


ഏറെ കൊട്ടിഘോഷിക്കുന്ന അയോധ്യ പദ്ധതിപോലും ക്രമക്കേടുകളും സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളും നിറഞ്ഞതാണെന്ന് സിഎജി കണ്ടെത്തിയിട്ടുണ്ട്. ഗുപ്തർ ഘട്ട് വികസനത്തിനായി നടത്താത്ത പ്രവൃത്തികൾക്ക് കരാറുകാർക്ക് ക്രമവിരുദ്ധമായി പണം നൽകിയതായി സിഎജി കണ്ടെത്തി. ‘‘അയോധ്യയിലെ ഗുപ്തർ ഘട്ടിലെ ജോലികൾ 14 ലോട്ടുകളായി തുല്യവലുപ്പത്തിൽ വിഭജിക്കുകയും വിവിധ സ്വകാര്യ കരാറുകാർക്ക് പ്രവൃത്തികൾ നൽകുകയുംചെയ്തു. എന്നാൽ, കരാറുകാർ വാഗ്ദാനംചെയ്ത സാമ്പത്തിക ബിഡ്ഡുകളുടെയും നിരക്കുകളുടെയും താരതമ്യ വിശകലനം നടത്തുന്നതിൽ നിർവ്വഹണ ഏജൻസി (ജലസേചന വകുപ്പ്) വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ല. പകരം അവർ സമാന സ്വഭാവമുള്ള പ്രവൃത്തികൾ ഒരേ കരാറുകാർക്ക് നൽകുകയും ചെലവ് വ്യത്യസ്ത നിരക്കിൽ നൽകുകയും ചെയ്തു. ഇതിലൂടെ 19.13 ലക്ഷം രൂപ ലാഭിക്കുന്നതിൽ പരാജയപ്പെട്ടു”, എന്ന് റിപ്പോർട്ട് പറയുന്നു. രജിസ്റ്റർ ചെയ്യാത്ത കരാറുകാർക്ക് പണം നൽകിയതായും യുപിയിലെ അയോധ്യ വികസന പദ്ധതിയിൽ ആരോപണമുണ്ട്. സിഎജി അവരുടെ പ്രസ്താവനയിൽ വസ്തുതകള്‍ ചുരുക്കുന്നില്ല: ‘‘സെന്റേജ് ചാര്‍ജ്, ജിഎസ്‌ടി, ലേബർ സെസ് എന്നിവയിലേക്ക് നൽകേണ്ട യഥാർത്ഥതുക വിലയിരുത്തുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. അങ്ങനെ, ചെലവിന്റെ തെറ്റായ എസ്റ്റിമേറ്റ് കാരണം 6.07 കോടി രൂപ അധികമായി അനുവദിച്ചു… ഇത് കൂടാതെ വീണ്ടും 3.98 കോടി രൂപയും അധികമായി അനുവദിച്ചു. അങ്ങനെ, പ്രവൃത്തികളുടെ അനുവദിച്ച ചെലവിനത്തില്‍ 3.86 കോടി രൂപ അധികമായി കണക്കാക്കി.”
റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്: ‘‘സ്കീം മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, പദ്ധതി നിരീക്ഷിക്കുന്നതിനും സമയബന്ധിതമായി നടപ്പിലാക്കുന്നതിനുമായി സംസ്ഥാന സർക്കാർ ഒരു സംസ്ഥാന തല മോണിറ്ററിംഗ് കമ്മിറ്റിയെ (എസ്എൽഎംസി) നിയോഗിക്കണം. എന്നാൽ, പദ്ധതി അനുവദിച്ച തീയതിയില്‍നിന്നും രണ്ടുവർഷത്തെ കാലതാമസത്തിനുശേഷമാണ് കമ്മിറ്റി രൂപീകരിച്ചത്. കൂടാതെ, 2021 ഫെബ്രുവരിക്കുമുമ്പ് ഒരു പുരോഗതി റിപ്പോർട്ടും ടൂറിസം മന്ത്രാലയത്തിലേക്ക് അയച്ചിട്ടില്ല. അതിനുശേഷം സാമ്പത്തികവും ഭൗതികവുമായ പുരോഗതി റിപ്പോർട്ടുകൾ ടൂറിസം മന്ത്രാലയത്തിലേക്ക് പ്രതിമാസ അടിസ്ഥാനത്തിൽ അയച്ചിട്ടില്ല.”
അതിനാൽ, അയോധ്യ പദ്ധതിക്കായി സർക്കാർ അനുവദിച്ച ഫണ്ട് ദുരുപയോഗം ചെയ്യുകയോ കൊള്ളയടിക്കുകയോ ഭരണകക്ഷിയുമായി അടുപ്പമുള്ള കരാറുകാർക്ക് കൈമാറുകയോ ചെയ്തിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.


ജനക്ഷേമ പദ്ധതികൾ


കൂടാതെ, ആയുഷ്മാൻ ഭാരത്-പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (പിഎംജെഎവൈ) ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ നടത്തിപ്പിലെ ക്രമക്കേടുകൾ സിഎജി കണ്ടെത്തി. പദ്ധതിയുടെ ഡാറ്റാബേസിൽ മരിച്ചതായി രേഖപ്പെടുത്തിയ 3,446 രോഗികളുടെ ചികിത്സയ്ക്കായി ആകെ 6.97 കോടി രൂപ വിതരണം ചെയ്തിരുന്നു. പരിശോധനകൾ നിലവിലുണ്ടെന്ന് അവകാശപ്പെട്ടിട്ടും, സംവിധാനത്തിന്റെ പ്രയോഗത്തിലും നിയന്ത്രണ നടപടികളിലും ഉള്ള ബലഹീനതകൾ ഓഡിറ്റ് തുറന്നുകാട്ടി. പിഎംജെഎവൈയുടെ 7.5 ലക്ഷം ഗുണഭോക്താക്കൾ 99999999999, 8888888888, 9000000000 എന്നിങ്ങനെ ഏതെങ്കിലും ഒറ്റ സെൽ ഫോൺ നമ്പറിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും സിഎജി തിരിച്ചറിഞ്ഞു. കുംഭകോണത്തിലൂടെയോ അഴിമതിയിലൂടെയോ മോഷണം നടത്തുന്നില്ലെങ്കിൽ ഇത് എങ്ങനെ സംഭവിക്കും? ഇതെങ്ങനെ അധികാരികളുടെ ശ്രദ്ധയിൽപ്പെടാതെ പോകും? അതുമാത്രമല്ല. ചികിത്സയ്ക്കിടെ മരണമടഞ്ഞ 88,000ത്തിലധികം രോഗികളുടെ പേരിൽ പുതിയ ക്ലെയിമുകൾ നൽകുകയും പണം വിതരണം ചെയ്യുകയും ചെയ്തു. ആ പണം എവിടെ പോയി? ആരാണ് അത് വിഴുങ്ങിയത്? ആരുടെ പ്രേരണയാല്‍ അല്ലെങ്കിൽ ആരുടെ സഹായത്താലാണ് അത് ചെയ്തത്? 2.25 ലക്ഷം കേസുകളിൽ, ‘ശസ്ത്രക്രിയ’യുടെ തീയതി ഡിസ്ചാർജ് ചെയ്ത തീയതിയേക്കാൾ വൈകിയാണ്. അതുപോലെ, പിഎംജെഎവൈയുടെ ഡാറ്റാബേസിൽ 1.57 ലക്ഷം യുണീക് ഐഡികൾ ഒന്നിലധികം തവണ പ്രത്യക്ഷപ്പെട്ടു.
ഗുണഭോക്താക്കളെ മുൻകൂട്ടി തിരിച്ചറിയുന്നതിനുള്ള ഒരു നിശ്ചിത നടപടിക്രമത്തിന്റെയും ഐഇസി (വിവരം, വിദ്യാഭ്യാസം, ആശയവിനിമയം) പ്രവർത്തനങ്ങളുടെയും അഭാവം ദേശീയ സാമൂഹിക സഹായ പരിപാടിയുടെ (എൻഎസ്എപി) പരിധിയിൽ നിന്ന് അർഹരായ ഗുണഭോക്താക്കൾ പുറത്താകുന്നതിനും അല്ലെങ്കില്‍ ഉള്‍പ്പെടുന്നതില്‍ കാലതാമസം ഉണ്ടാകുന്നതിനും ഗുണഭോക്താക്കളുടെ സാർവത്രിക കവറേജ് ഉണ്ടാകാതിരിക്കുന്നതിനും ഇടയാക്കിയതായി ഓഡിറ്റ് കൂട്ടിച്ചേർത്തു. മാത്രമല്ല, ദേശീയ സാമൂഹിക സഹായ പദ്ധതിക്ക് കീഴിലുള്ള ആസൂത്രിത ഐഇസി പ്രവർത്തനങ്ങൾ വിഭാവനം ചെയ്തതുപോലെ ഏറ്റെടുത്തിട്ടില്ല. മന്ത്രാലയത്തിന്റെ മറ്റ് പദ്ധതികളുടെ പ്രചാരണത്തിനായി 2.83 കോടി രൂപ വകമാറ്റി ചെലവഴിച്ചു. അതിനാൽ, ദേശീയ സാമൂഹിക സഹായ പദ്ധതിയുടെ സഹായം കിട്ടേണ്ടിയിരുന്ന ഗുണഭോക്താക്കൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ള ഐഇസി പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കഴിഞ്ഞില്ല. കൂടാതെ, 19 സംസ്ഥാനങ്ങൾക്കായി ഓരോ ജില്ലയിലും അഞ്ച് പ്രചാരണ ബോർഡുകള്‍ വെയ്ക്കുന്ന ഗ്രാമ സമൃദ്ധി, സ്വച്ഛ് ഭാരത് പഖാവാഡ എന്നിങ്ങനെ മന്ത്രാലയത്തിന്റെ വിവിധ പദ്ധതികളുടെ പ്രചാരണ സാമഗ്രികൾക്കായി 2.44 കോടി രൂപയുടെ ഭരണാനുമതിയും ചെലവ് അനുമതിയും (ആഗസ്റ്റ് 2017) ലഭിച്ചു. ‘‘പ്രസ്തുത ക്യാമ്പയ്‌നിനുള്ള ഫണ്ട് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംഎൻആർഇജിഎസ്) പ്രകാരം ലഭ്യമാണെന്ന് പ്രസ്താവിക്കുകയും അതേ തലത്തിൽ വിനിയോഗിക്കുന്നതിന് ബന്ധപ്പെട്ട അധികാരി അംഗീകാരം നൽകുകയും ചെയ്തു; എന്നിരുന്നാലും, സോഷ്യൽ സെക്യൂരിറ്റി വെൽഫെയർ-എൻഎസ്എപി പദ്ധതികളിൽ നിന്നാണ് യഥാർത്ഥത്തിൽ ഫണ്ട് ചെലവഴിച്ചതെന്ന് ഓഡിറ്റ് നിരീക്ഷിച്ചു”- സിഎജി റിപ്പോർട്ട് വെളിപ്പെടുത്തി. വാർദ്ധക്യകാല പെൻഷൻ പദ്ധതികൾ ഉൾപ്പെടുന്ന എൻഎസ്എപിയിൽ നിന്ന് കേന്ദ്രഗ്രാമവികസന മന്ത്രാലയം മറ്റ് ചില പദ്ധതികൾ പരസ്യപ്പെടുത്തുന്നതിനായി പണം വകമാറ്റിയതെങ്ങനെയെന്ന് സിഎജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീണ്, ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന എന്നീ പദ്ധതികളുടെ പരസ്യം മാത്രമാണ് വർക്ക് ഓർഡറിൽ പരാമർശിച്ചിരിക്കുന്നത്. അല്ലാതെയുള്ള എൻഎസ്എപിയുടെ സ്കീമുകളൊന്നും വർക്ക് ഓർഡറിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇത് നിർദ്ദിഷ്ട മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനമാണ്, മാത്രമല്ല വ്യാജരേഖ ചമയ്ക്കുന്നതിന് തുല്യവുമാണ്. അതിനാൽ, സാമ്പത്തിക പഴുതുകളും പൊതുപണം ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളും തടയുന്നതിന് മേൽനോട്ട രീതികൾ വർധിപ്പിക്കേണ്ടതിന്റെ അടിയന്തര ആവശ്യകത റിപ്പോർട്ട് ഊന്നിപ്പറഞ്ഞു.


ബിജെപി നേതാക്കളും സർക്കാരുമെല്ലാം മര്യാദാപുരുഷോത്തമന്മാർ!


പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ ക്യാബിനറ്റ് സഹപ്രവർത്തകരും, അഴിമതിക്കും വഞ്ചനയ്ക്കും പൊതുപണം ധൂർത്തടിക്കുന്ന തിനും എതിരെ നില്‍ക്കുന്ന കളങ്കമില്ലാത്തവരും കുരിശുയുദ്ധക്കാരു മായി പലപ്പോഴും സ്വയം അവതരിപ്പിക്കുന്നു. അഴിമതിക്കും ഫണ്ട് ദുരുപയോഗത്തിനും പ്രോത്സാഹനം നൽകുന്ന പ്രതിപക്ഷത്തെയും വിമതരെയും അവർ എപ്പോഴും വിമർശിക്കുന്നു. വാസ്തവത്തിൽ, ഭരണകക്ഷിയായ ബിജെപിയുടെയും സർക്കാരിന്റെയും അനുബന്ധമായി, അല്ലെങ്കിൽ കൂട്ടിലിട്ട തത്തകളായി മാറിയ സിബിഐയും ഇഡിയും, പ്രതിപക്ഷ നേതാക്കളുടെ അഴിമതിയും പണക്കൊഴുപ്പും അന്വേഷിക്കുന്നതില്‍ ഇടയ്ക്കിടെ ഏർപ്പെടുന്നുമുണ്ട്. എന്നാൽ സർക്കാരിന്റെ തന്നെ വിവിധ വകുപ്പുകളിൽ കണ്ടെത്തിയ അപാകതകളും സംശയാസ്പദമായ ഇടപാടുകളും ഇതേ ഏജൻസികള്‍ എന്തുകൊണ്ട് അന്വേഷിക്കുന്നില്ല?
കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് മുൻ ബിജെപി സർക്കാരിലെ മന്ത്രിമാർ കരാറുകാരിൽനിന്ന് 40% കമ്മിഷന് പണം ആവശ്യപ്പെട്ടതായി ആരോപണം ഉയർന്നിരുന്നു. എന്നാൽ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഒരിക്കലും തങ്ങളുടെ വിധേയരായ അന്വേഷണ ഏജൻസികളുടെ സഹായത്തോടെ ഇത് അന്വേഷിക്കാൻ മെനക്കെട്ടില്ല. ഇപ്പോൾ സിഎജിയുടെ ഞെട്ടിക്കുന്ന കണ്ടെത്തലുകളില്‍ തെളിയുന്ന എണ്ണിയാലൊടുങ്ങാത്ത പോരായ്മകൾ, ഫലങ്ങളുടെ മാനദണ്ഡങ്ങൾ പാലിക്കാത്തത്, ടെൻഡർ ബിഡ്ഡിംഗ് പ്രക്രിയയുടെ വ്യക്തമായ ലംഘനം, വമ്പിച്ച സാമ്പത്തിക കെടുകാര്യസ്ഥത എന്നിവയിലൂടെ, ബിജെപി തന്നെ ക്രമക്കേടുകള്‍ അനുവദിച്ചു കൊടുക്കുകയും സാമ്പത്തിക മാനദണ്ഡങ്ങൾ യഥേഷ്ടം ലംഘിക്കുകയും ചെയ്യുന്നു എന്നതിൽ സംശയമുണ്ടോ? ‘തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല’ എന്ന, തെരഞ്ഞെടുപ്പിനു മുമ്പുള്ള ജനപ്രിയ മുദ്രാവാക്യം അർത്ഥമാക്കുന്നത്, താൻ അഴിമതിക്കാരനാകില്ല, മറ്റുള്ളവരെ അഴിമതി ചെയ്യാൻ അനുവദിക്കില്ല എന്നായിരുന്നു. എന്നാല്‍ എല്ലാ മേഖലകളിലും അഴിമതി കൊടികുത്തിവാഴുന്നു എന്നതാണ് സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്രയിലെ മുന്‍ സർക്കാരിലെ നിരവധി മന്ത്രിമാർ വമ്പൻ അഴിമതികളിൽ ഏർപ്പെട്ടതിന്റെ പേരിൽ ആരോപണങ്ങള്‍ നേരിട്ടവരാണ്. കർണാടകയിലെ മുൻ ബിജെപി മുഖ്യമന്ത്രിയായിരുന്ന ബി.എസ്.യെദ്യൂരപ്പയുടെ അഴിമതി ആരോപണങ്ങൾ ബിജെപിയെ വളരെയധികം പിടിച്ചുകുലുക്കി, അദ്ദേഹത്തെ സസ്പെൻഡ് ചെയ്യുകയും പുറത്താക്കുകയും ചെയ്തു. അന്തരിച്ച അരുൺ ജെയ്റ്റ്ലിയുടെ പേര് ഡൽഹി ആൻഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ (ഡിഡിസിഎ) അഴിമതിയിൽ ഉയർന്നുവന്നപ്പോൾ, അന്തരിച്ച സുഷമ സ്വരാജ്, ലളിത് മോദിയുടെ ഐപിഎൽ കേസിൽ പ്രതിപക്ഷത്തിന്റെ വിമർശനത്തിന്റെ ചൂട് നേരിട്ടു. മുൻ ഗുജറാത്ത് ബിജെപി മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലിന്റെ മകളും ബിജെപി അംഗവുമായ അനാർ പട്ടേൽ, തന്റെ പങ്കാളികളുടെ റിസോർട്ടുകൾക്കായി ചുളുവിലയ്ക്ക് ഭൂമി സ്വന്തമാക്കിയെന്നാണ് ആരോപണം. അനാറിന്റെ ബിസിനസ് പങ്കാളികളായ ദക്ഷേഷ് ഷായ്ക്കും അമോൽ ശ്രീപാൽ ഷേത്തിനും 250 ഏക്കർ സ്ഥലം ചതുരശ്ര മീറ്ററിന് 15 രൂപ നിരക്കിൽ റിസോർട്ടുകൾ നിർമ്മിക്കാൻ അനുവദിച്ചതായി റിപ്പോർട്ടുണ്ട്. ലളിത് മോദി – ഖനന അഴിമതികളിൽ മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ പേര് ഉയർന്നിരുന്നു.
പാവപ്പെട്ട കുടുംബങ്ങൾക്ക് കിലോഗ്രാമിന് ഒരു രൂപയ്ക്ക് അരി നൽകുമെന്ന് വീമ്പിളക്കിയ ബിജെപി നേതൃത്വത്തിലുള്ള അന്നത്തെ ഛത്തീസ്ഗഡ് സർക്കാർ പൊതുവിതരണ സമ്പ്രദായത്തിന് കീഴിൽ ഗുണനിലവാരം കുറഞ്ഞ അരിയും അയോഡൈസ്ഡ് ഉപ്പും വിതരണം ചെയ്തതായി 2015 മാർച്ചിൽ സിഎജി കണ്ടെത്തിയിരുന്നു. ചീഞ്ഞളിഞ്ഞ സാധനങ്ങൾ വാങ്ങിയതിൽ 35,000 കോടിയിലധികം രൂപയുടെ തട്ടിപ്പു നടത്തിയെന്നും കൈക്കൂലി സ്വീകരിച്ചതായും ആരോപണമുയർന്നിരുന്നു. ഒരു മുനിസിപ്പാലിറ്റി ജീവനക്കാരനിൽ നിന്ന് കണ്ടെടുത്ത ഡയറിയിൽ, ഛത്തീസ്ഗഢ് സാമ്പത്തിക കുറ്റകൃത്യ വിഭാഗം സമർപ്പിച്ച കുറ്റപത്രത്തിൽ പേരുള്ള വിവിധ സർക്കാർ ഉദ്യോഗസ്ഥർ, മന്ത്രിമാർ, എംഎൽഎമാർ, നിരവധി ഉന്നത വ്യക്തികൾ എന്നിവർക്ക് കോടികളുടെ കൈക്കൂലി ലഭിച്ച കണക്കുകള്‍ കൈകൊണ്ട് എഴുതിയിരുന്നു. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാജസ്ഥാൻ ബിജെപി 3.4 ലക്ഷം കോടി രൂപയുടെ അഴിമതി നടത്തിയെന്ന ആരോപണം വന്നിരുന്നു. അഴിമതിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട 40ലധികം ആളുകള്‍ ദുരൂഹമായി മരണപ്പെട്ട, മധ്യപ്രദേശിലെ 36,000 കോടി രൂപയുടെ വ്യാവസായിക് പരീക്ഷാ മണ്ഡല്‍(വ്യാപം) കുംഭകോണവും പുറത്തുവന്നിരുന്നു. ഭരണകക്ഷിയായ ബിജെപിയും നേതാക്കളും ഉൾപ്പെട്ട ഈ കേസുകളിലൊന്നും ഒരു അന്വേഷണം പോലും നടന്നിട്ടില്ല. കുംഭകോണങ്ങൾ, അഴിമതി, വഞ്ചന, കൊള്ളയടിക്കൽ എന്നിവയിൽ അവരുടെ പങ്കാളിത്തം എത്ര വലുതാണെങ്കിലും ശിക്ഷാ നടപടികളിൽ നിന്ന് രക്ഷപ്പെടുന്നു. പിഎം കെയേഴ്സ് ഫണ്ട്, കള്ളപ്പണം വെളുപ്പിക്കലിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.
ഭരിക്കുന്ന മുതലാളിത്തം അതിന്റെ ഘടനയ്ക്ക് ചുറ്റും അഴുകിയ വ്രണങ്ങളുമായി മരണക്കിടക്കയിൽ ശ്വാസം മുട്ടുകയാണ് എന്നതാണ് സത്യം. അതിനാൽ, ബിജെപി, കോൺഗ്രസ്, പ്രാദേശിക ബൂർഷ്വാ പാര്‍ട്ടികൾ, സോഷ്യൽ ഡെമോക്രാറ്റുകൾ– എന്നിങ്ങനെ മുതലാളിത്തത്തെ സേവിക്കാൻ ഉദ്ദേശിക്കുന്ന ആർക്കും അഴിമതി ചെയ്യാതിരിക്കാനാവില്ല. അതിനാൽ, ഇന്ത്യൻ രാഷ്ട്രീയത്തിലും ഭരണ സംവിധാനത്തിലും അഴിമതി എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു. അഴിമതി, ലളിതമായി വിശദീകരിച്ചാല്‍, സാമ്പത്തികനേട്ടങ്ങള്‍ക്കോ, അധികാരം, പ്രതാപം തുടങ്ങിയ സങ്കുചിതവും വിഭാഗീയവുമായ വ്യക്തിഗത നേട്ടങ്ങൾക്കോ വേണ്ടി മറ്റുള്ളവരെ വഞ്ചിക്കുകയോ അവരില്‍നിന്നും തട്ടിയെടുക്കുകയോ ചെയ്തുകൊണ്ട്, മനഃപൂർവം ദുഷ്‍പ്രവൃത്തികളിൽ മുഴുകുകയും, നിയമങ്ങളും തത്വങ്ങളും സമ്പ്രദായങ്ങളും ലംഘിക്കുകയും ചെയ്യുന്നതാണ്. ഭരണത്തിന്റെയും അധികാരത്തിന്റെയും ഉന്നത തലത്തിൽ കുതിച്ചുയരുന്ന അനിയന്ത്രിതമായ അഴിമതി ജനജീവിതത്തെ അങ്ങേയറ്റം വിനാശകരമായി ബാധിക്കുന്നുവെന്ന് പറയാതെ വയ്യ. സാമ്പത്തികമായും സാമൂഹികമായും ധാർമ്മികമായും സാംസ്കാരികമായും ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് സാധാരണക്കാരായ അധ്വാനിക്കുന്ന ജനങ്ങളാണ്.
നിർഭാഗ്യവശാൽ, ജനമുന്നേറ്റങ്ങളുടെ സമ്മർദ്ദം ക്ഷയിച്ചതോടെ, നിക്ഷിപ്ത താൽപ്പര്യങ്ങളുടെ കരങ്ങള്‍ക്ക് യാതൊരു തടസ്സവുമില്ലാതെ അഴിമതി നടത്തുന്നതിനായി വാതിലുകള്‍ തുറന്നു. മുതലാളിത്തവിരുദ്ധ വിപ്ലവപ്രസ്ഥാനത്തിന് ഉതകുന്ന ഉയർന്ന തൊഴിലാളിവർഗ്ഗ ധാർമ്മികതയിലും സംസ്കാരത്തിലും നീതിബോധത്തിലും അധിഷ്ഠിതമായ സംഘടിതവും സുസ്ഥിരവും ശക്തവുമായ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ഒരു പ്രവാഹത്തിന് മാത്രമേ ഈ കുത്തൊഴുക്കിനെതിരെ ഫലപ്രദമായ പ്രതിരോധം തീർക്കാനാകൂ എന്ന് ഞങ്ങള്‍ ഒരിക്കൽ കൂടി ആവർത്തിക്കുന്നു. അഴിമതിയിലും, ഒപ്പം ദുഷിച്ച അധാർമിക പ്രവർത്തനങ്ങളിലും ശിക്ഷാഭീതിയില്ലാതെ ഏർപ്പെടാനുള്ള ശക്തരും സ്വാധീനമുള്ളവരുമായ വിഭാഗങ്ങളുടെ ആർത്തിക്ക് കടിഞ്ഞാണിടേണ്ടതുണ്ട്. വിപ്ലവത്തിലൂടെ മുതലാളിത്തത്തെ അട്ടിമറിക്കുന്നതുവരെ, ഇങ്ങനെയൊരു ബഹുജനമുന്നേറ്റത്തിനും, അതിന്റെ സ്വാധീനത്താല്‍ വളർന്നുവികസിക്കുന്ന ചിന്താധാരയുടെ അന്തരീക്ഷത്തിനും മാത്രമേ, പൊട്ടിപ്പുറപ്പെടുന്ന അഴിമതികൾക്കും കുംഭകോണങ്ങൾക്കുമെതിരെ ഫലപ്രദമായി പ്രതിരോധം തീർക്കാനാവൂ.

Share this post

scroll to top