ചികില്‍സാച്ചെലവ് കുത്തനെ ഉയരുന്നു : സൗജന്യ ആരോഗ്യപരിരക്ഷ കടങ്കഥയാകുന്നകേരളത്തിലെ പൊതുജനാരോഗ്യമേഖല

Medical_college_Gate_Thiruvananthapuram.jpg
Share

സര്‍ക്കാര്‍ സംവിധാനങ്ങള്‍ യൂസര്‍ ഫീ തത്വത്തിലേക്ക് മാറുകയും സൂപ്പര്‍ സ്പെഷ്യാലിറ്റികളും മള്‍ട്ടി സൂപ്പര്‍ സ്പെഷ്യാലിറ്റികളുമൊക്കെയായി വന്‍കിട സ്വകാര്യ ആശുപത്രികള്‍ കളം നിറയുകയും ചെയ്യുന്ന കാഴ്ച കേരളത്തില്‍ കണ്ടുതുടങ്ങിയിട്ട് അധികമായില്ല. അതിന് ആഗോളവത്ക്കരണത്തിന്റെ പഴക്കമേയുള്ളൂ. മുതലാളിത്ത സാമൂഹ്യക്രമം അഭിമൂഖീകരിക്കുന്ന സമസ്തരോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി എന്നനിലയില്‍ ആഗോളവത്ക്കരണം അവതരിപ്പിക്കപ്പെട്ടപ്പോള്‍ മുതല്‍ നടപ്പിലാക്കിവരുന്ന പരിഷ്‌കാരങ്ങളിലൂടെയാണ് വിദ്യാഭ്യാസ, ആരോഗ്യരംഗങ്ങള്‍ സ്വകാര്യസംരംഭകരുടെ കൈപ്പിടിയില്‍ അമര്‍ന്നത്.

സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രിയില്‍ മൂന്നോ നാലോ പതിറ്റാണ്ട് മുമ്പ് ലഭിച്ചിരുന്ന സേവനങ്ങളുടെ നിലവാരവും വൈപുല്യവും പരിമിതമായിരുന്നെങ്കിലും ചികില്‍സ ആവശ്യപ്പെട്ടുവരുന്ന മുഴുവന്‍ ജനങ്ങള്‍ക്കും സേവനങ്ങള്‍ സൗജന്യമായി നല്‍കുക എന്നതായിരുന്നു പൊതുജനാരോഗ്യരംഗം പിന്തുടര്‍ന്നിരുന്ന അടിസ്ഥാന നയസമീപനം. ഇതില്‍നിന്ന് വിഭിന്നമായി ആദ്യം ഒപി ടിക്കറ്റിന് ഒരു ചെറിയ ഫീസ് ഏര്‍പ്പെടുത്തി. അന്ന് കേരളത്തില്‍ അലയടിച്ച പ്രതിഷേധം ആര്‍ക്കും വിസ്മരിക്കാനാവില്ല. ശക്തമായ എതിര്‍പ്പുകാരണം മൂന്നിലേറെ തവണ അത് മാറ്റിവയ്‌ക്കേണ്ടിവന്നു. അതില്‍ പിരിഞ്ഞുകിട്ടിയ തുക ചെറുതായിരുന്നെങ്കിലും എല്ലാത്തരം സേവനങ്ങള്‍ക്കും ഫീസ് ഏര്‍പ്പെടുത്തുക എന്ന സമ്പ്രദായത്തോട് ജനങ്ങളെ ഇണക്കിയെടുക്കുക എന്ന ഗൂഢലക്ഷ്യം അതുനിറവേറ്റി.
നിര്‍ദ്ദോഷമായ ഒരു ലഘുഫീസ് എന്ന മട്ടില്‍ വന്ന്, പിന്നീട് പൊതുജനാരോഗ്യരംഗത്തെ മുഴുവന്‍ പിടിയിലമര്‍ത്തിയ യൂസര്‍ഫീസായി അത് മാറി. ഇടതും വലതുമൊക്കെ ചേര്‍ന്ന് ആശുപത്രി വികസന സമിതി ഉണ്ടാക്കി, കൗശലപൂര്‍വ്വം, നിയോലിബറല്‍ സാമ്പത്തിക നയത്തിന്റെ കെണിയില്‍ ജനങ്ങളെ പെടുത്തി. അങ്ങനെ കേരളത്തില്‍ സൗജന്യ ആരോഗ്യപരിരക്ഷ ഏതാണ്ട് പൂര്‍ണ്ണമായി അപ്രത്യക്ഷമായി. ബിപിഎല്‍ റേഷന്‍ കാര്‍ഡ്, ഇന്‍ഷ്വറന്‍സ് പോളിസി, കാരുണ്യ അംഗത്വം ഇങ്ങിനെ ഒട്ടനവധി മാനദണ്ഡങ്ങള്‍ കൊണ്ടുവന്ന് സൗജന്യചികില്‍സയുടെ യോഗ്യത നിര്‍ണ്ണയിച്ചുതുടങ്ങിയതോടെ സാധാരണജനങ്ങള്‍ക്ക് വലിയ തുക മുടക്കിയാലേ ചികില്‍സ ലഭിക്കൂ എന്ന സ്ഥിതിയായി. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയില്‍ സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യരംഗത്തുവന്ന ഏറ്റവും ആപല്‍ക്കരമായ ഈ നയവ്യതിയാനമാണ് കേരളത്തിന്റെ ആരോഗ്യരംഗം നേരിടുന്ന എല്ലാ പ്രശ്‌നങ്ങളുടെയും മൂലകാരണം.
ആഗോളവത്ക്കരണത്തിന്റെ ആദര്‍ശവാക്യംതന്നെ സ്വകാര്യവത്ക്കരണവും ഉദാരവത്ക്കരണവുമാണ്. അന്തർദ്ദേശീയ തലത്തിൽ ആഗോളകുത്തകകൾക്കിടയിൽ സമവായമുണ്ടാക്കി ഒന്നിനുപിന്നാലെ ഒന്ന് എന്ന നിലയിൽ നടപ്പിലാക്കിയ നയങ്ങൾ നിക്ഷേപരംഗത്തും ബൗദ്ധികസ്വത്തവകാശത്തിലുമെത്തിയപ്പോൾ ആരോഗ്യവും കുടിവെള്ളവും വിദ്യാഭ്യാസവും വൈദ്യുതിയുമെല്ലാം കച്ചവടച്ചരക്കായി.
അതിന്റെ പ്രത്യാഘാതമാണ് ഇന്ന് കേരളത്തിലെ സാധാരണക്കാരൻ ജീവതത്തിന്റെ സമസ്തമേഖലകളിലെയും പ്രതിസന്ധിയായി അനുഭവിക്കുന്നത്. ഈ നയങ്ങൾ ഒന്നൊന്നായി നടപ്പിലാക്കുന്നതിൽ കേന്ദ്രമെന്നില്ല, കേരളമെന്നില്ല മുന്നണികളെന്നോ രാഷ്ട്രീയ പാർട്ടികളെന്നോ ഭേദമില്ല. ആഗോളവത്ക്കരണത്തോട് ആർക്കും അയിത്തമില്ല എന്നുമാത്രമല്ല, വാരിപ്പുണരുകയുമാണ്.


തകര്‍ന്നടിയുന്ന പൊതുജനാരോഗ്യ സംവിധാനങ്ങള്‍


കേരള മോഡൽ എന്ന് ഖ്യാതിനേടിയ കേരളത്തിലെ ആരോഗ്യരംഗത്തുനിന്ന് ഇന്ന് ഉയരുന്നത് അശുഭ സൂചനകളാണ്. പതിനെട്ടുവയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യസംരക്ഷണത്തിനുള്ള സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ഉറപ്പുവരുത്തുന്ന പദ്ധതിയായ ആരോഗ്യകിരണം പദ്ധതി പാളുന്നു എന്നതാണ് ഏറ്റവുമൊടുവിൽ കേൾക്കുന്ന വാർത്ത. രാഷ്ട്രീയ ബാലസ്വാസ്ഥ്യ കാര്യക്രമ പ്രകാരം ചികിത്സാസഹായം ലഭിക്കുന്ന മുപ്പതുരോഗങ്ങള്‍ക്ക് പുറമെയുള്ള എല്ലാരോഗങ്ങള്‍ക്കും ആരോഗ്യകിരണം പദ്ധതിയിലൂടെ എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ ചികിത്സാസഹായം ലഭിക്കുമെന്നും മരുന്നുകള്‍, പരിശോധനകള്‍, ചികിത്സകള്‍ എന്നിവ എല്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നും സൗജന്യമായി ലഭിക്കുമെന്നും, സർക്കാർ ആശുപത്രിയില്‍ ലഭ്യമല്ലാത്തവ ആശുപത്രിയുമായി എംപാനല്‍ ചെയ്തിട്ടുള്ള തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളില്‍നിന്നും തികച്ചും സൗജന്യമായി ലഭ്യമാക്കുമെന്നുമൊക്കെയുള്ള അവകാശവാദം വീൺവാക്കായി. ഇത് പ്രതിസന്ധിയിലാക്കുന്നത് നീണ്ടുനിൽക്കുന്ന ചികിത്സ ആവശ്യമുള്ള നൂറുകണക്കിന് കുഞ്ഞുങ്ങളെയാണ്. കോടിക്കണക്കിന് രൂപ സർക്കാർ കുടിശിക വരുത്തിയിരിക്കുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിക്കുന്നു എന്നതാണ് കാരണമായി ചൂണ്ടിക്കാണിക്കപ്പെ ടുന്നത്.
കേരളത്തിലെ നാൽപ്പതുശതമാനംവരുന്ന ദരിദ്രരും ദുര്‍ബലരുമായ കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപ ചികിത്സക്കായി കൊടുക്കുന്ന ആരോഗ്യ സംരക്ഷണ പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി അഥവാ കാസ്‌പും അവതാളത്തിലായിട്ട് ഏറെ നാളുകളായി. സർക്കാർ കുടിശിക വരുത്തിയിരിക്കുന്നതിനാൽ സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിക്കുന്നു എന്നതാണ് ഇവിടെയും കാരണം. കുടിശ്ശിക 350കോടിയോളം പിന്നിട്ടിരിക്കുന്ന സാഹചര്യത്തിൽ കേരള പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്മെന്റ് അസ്സോസിയേഷൻ കാസ്‌പിൽനിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ചു കഴിഞ്ഞു. അഞ്ചുവയസ്സിൽ താഴെ പ്രായമുള്ള ശ്രവണവൈകല്യമുള്ള കുട്ടികള്‍ക്ക് സൗജന്യ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയയും ഓഡിറ്ററി വെര്‍ബല്‍ ഹാബിലിറ്റേഷനും (എവിഎച്ച്) നല്‍കിവന്നിരുന്ന ശ്രുതിതരംഗം പദ്ധതിയും പേപ്പറിൽ ഒതുങ്ങുന്നു എന്നവാർത്തകളും വന്നുകൊണ്ടിരിക്കുന്നു. സർക്കാർ ഫണ്ട് ലഭ്യമാക്കാത്തതിനെത്തുടർന്ന് ശസ്ത്രക്രിയകൾപോലും അനന്തമായി മുടങ്ങുന്നു. പല കാരണങ്ങളാൽ രോഗികൾക്ക് ചികിത്സ മുടങ്ങുകയോ അനന്തമായി നീളുകയോ ചെയ്യുന്നു. എൻഡോസൾഫാൻ ദുരിതബാധിതർക്ക് കേരളത്തിന് പുറത്തുള്ള ആശുപത്രികൾ നൽകിവന്നിരുന്ന ചികിത്സയും ഏതാണ്ട് നിലച്ച മട്ടാണ്. അവിടെയും സർക്കാരിന്റെ അനാസ്ഥതന്നെ കാരണം. പാളിപ്പോയ മറ്റൊരു പരിഷ്ക്കരണമാണ് ആരോഗ്യ ഇൻഷ്വറൻസ്. സ്വകാര്യ ആശുപത്രികളിലെ കഴുത്തറപ്പൻ ചികിത്സയിലേയ്ക്കോ അതിനു പാങ്ങില്ലാത്തവൻ മരണത്തിലേയ്ക്കോപോലും തള്ളിവിടപ്പെടുന്ന ഒരു സാഹചര്യം കേരളത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇതിനൊക്കെപുെറമെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ ആശുപത്രികൾക്കുള്ളിൽ ആക്രമിക്കപ്പെടുന്ന സംഭവങ്ങളും വർദ്ധിക്കുന്നു.
ഈ വർഷം സെപ്റ്റംബർ വരെ കേരളത്തിൽ 55പേർ എലിപ്പനിമൂലവും 36പേർ ഡെങ്കിപ്പനി മൂലവും മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ഇതിനിടയിലാണ് നിപ വീണ്ടും ആശങ്ക ഉയർത്തിയത്. 2018മുതലുള്ള കണക്കെടുത്താൽ ഇതിനകം നാലുതവണ നിപ ബാധയുണ്ടായി. നിശ്ചിത ഇടവേളകളിൽ പകർച്ചവ്യാധികൾ ആവർത്തിക്കുന്നു. പകർച്ചവ്യാധി ഭീഷണിയുള്ള സ്ഥലങ്ങളിലൊന്നായാണ് ലോകാരോഗ്യസംഘടന കേരളത്തെ വിലയിരുത്തുന്നത്. ആവശ്യകയ്ക്കനുസരിച്ച് ഡോക്ടർമാരില്ല, നഴ്സുമാരില്ല, പാരാമെഡിക്കൽ സ്റ്റാഫില്ല, മറ്റ് ജീവനക്കാരില്ല അങ്ങനെ എണ്ണിപ്പറഞ്ഞു തീർക്കാവുന്നതല്ല കേരളത്തിലെ ആരോഗ്യരംഗത്തെ അനാരോഗ്യപ്രവണതകൾ. വൈദ്യശാസ്ത്രം അനുദിനം വികാസം പ്രാപിക്കുകയാണങ്കിലും അതിന്റെ പ്രയോജനം സാധാരണക്കാരിൽ എത്തുംവിധം സർക്കാർ സംവിധാനങ്ങൾ പുതുക്കപ്പെടുന്നില്ല. ഗതിയില്ലാതെ സർക്കാർ ആശുപത്രിയിലെത്തുന്നവരാകട്ടെ ആശുപത്രിക്കകത്ത് നെട്ടോടമോടി വലയുകയാണ്. വികസനസമിതികൾ എന്നപേരിലുണ്ടാക്കിയിരിക്കുന്ന പിരിവുകമ്പനിവക നിരവധി ചാർജ്ജുകൾവേറെ. ഒപി ടിക്കറ്റിനുമായി പത്തുരൂപ. റയിൽവേ റിസർവേഷൻ കൗണ്ടറിനെ അനുസ്മരിപ്പിക്കുംവിധം പിറ്റേന്നത്തെ ഒപിക്കുവേണ്ടി തലേന്നു രാത്രിതന്നെ വന്ന് ക്യൂവിൽനിൽക്കേണ്ട അവസ്ഥ. രോഗികളെയുംകൊണ്ട് വരുന്നവർ നാനാവശത്തേക്കും ഓടാൻതക്കവണ്ണം ആളുകളുടെ വലിയ സന്നാഹവും സംഘവുമായി വേണം വരാൻ. എല്ലാ പരിശോധനകളും പുറത്തേയ്ക്ക്. അകത്തുവല്ലപ്പോഴും കിട്ടുന്ന പരിശോധനകൾക്കാകട്ടെ പുറത്തേതുമായി വലിയ വില വ്യത്യാസമില്ലതാനും. വികസനത്തിന്റെ പേരുപറഞ്ഞ് അവശേഷിക്കുന്ന കെട്ടിടങ്ങൾകൂടെ പൊളിച്ചുകളയുന്നതാണ് ഇന്ന് ഒട്ടുമിക്ക സർക്കാർ ആശുപത്രികളിലും കണ്ടുവരുന്നത്. മറ്റുചിലയിടങ്ങളിലാകട്ടെ, കെട്ടിടങ്ങൾ യഥേഷ്ടം കെട്ടിപ്പൊക്കുന്നതല്ലാതെ ആവശ്യമായ ചികിത്സാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നില്ല. ഏതാണ്ട് തകർന്നടിയുന്നൊരു പൊതുജനാരോഗ്യസംവിധാനമാണ് ആഗോളവത്ക്കരണം മൂന്നുപതിറ്റാണ്ടു പിന്നിട്ടപ്പോൾ കേരളത്തിന്റെ കൈമുതൽ. സാധാരണക്കാരന് നീണ്ടുനിൽക്കുന്ന ചികിത്സ ആവശ്യമുള്ള രോഗങ്ങൾ വന്നാൽ സഹായാഭ്യർത്ഥനയുമായി തെരുവിലിറങ്ങുകയോ സാമൂഹ്യമാധ്യമങ്ങളിൽ കറങ്ങുകയോ അല്ലാതെ മാർഗ്ഗമില്ല. സുമനസ്സുകളുടെ സഹായത്തോടെ കണ്ടെത്തുന്ന പണമാകട്ടെ സ്വകാര്യആശുപത്രികളുടെ അക്കൗണ്ടുകളിലേയ്ക്കാണ് ഒഴുകുന്നത്. സർക്കാർ ആശുപത്രികളുടെ ജീർണത സ്വകാര്യസ്ഥാപനങ്ങളുടെ വളർച്ചയ്ക്ക് ഇടമൊരുക്കുന്നു. ലോകത്തിന് മുഴുവൻ മാതൃകയായിരുന്ന കേരളത്തിലെ പൊതുജനാരോഗ്യസംവിധാനം ഈ നിലയിലേയ്ക്ക് കൂപ്പുകുത്തിയത് എങ്ങനെയാണ്. പരിശോധിക്കപ്പെടേണ്ട വിഷയമാണിത്.


കേരളത്തിലെ ആരോഗ്യരംഗത്ത് ലോകബാങ്കിന്റെ കാൽവയ്പ്


ഘട്ടം ഘട്ടമായി വികാസം പ്രാപിച്ചു വന്നതാണ് കേരളത്തിലെ ആരോഗ്യമേഖല. ഒരു നൂറ്റാണ്ടിനുംമുമ്പ് കേരളത്തിൽ ആരംഭിച്ച വിദ്യാഭ്യാസപ്രക്ഷോഭവും അതിലൂടെ വികസിച്ചുവന്ന പൊതുവിദ്യാഭ്യാസവുമാണ് അതിന്റെ അടിത്തറ. വിദ്യാഭ്യാസത്തിലൂടെ സൃഷ്ടിക്കപ്പെട്ട ആരോഗ്യാവബോധവും ശുചിത്വബോധവും പൊതുവിദ്യാഭ്യാസമെന്നതുപോലെ പൊതുജനാരോഗ്യം എന്ന സങ്കൽപ്പത്തിനും ഇടയൊരുക്കി. ഐക്യകേരളം പിറക്കുന്നതിനുംമുമ്പ് കേരളത്തിൽ വിദ്യാലയങ്ങൾ ആരംഭിച്ചിരുന്നു എന്നതുപോലെ ഐക്യകേരളം പിറക്കുന്നതിന് മുമ്പുതന്നെ കേരളത്തിൽ ആതുരാലയങ്ങളും ആരംഭിച്ചിരുന്നു. പിന്നീട് സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള ആസൂത്രണത്തിലും സമ്പൂർണമായ ചുമതലയിലും ചെലവിലും അത് കാലാനുസൃതമായി വികാസം പ്രാപിച്ച് പോരുകയും ചെയ്തു. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾമുതൽ മെഡിക്കൽ കോളജുകൾവരെ നീളുന്ന ആരോഗ്യസ്ഥാപനങ്ങളുടെ ഒരു ശൃംഖലതന്നെ രൂപപ്പെട്ടു. അർപ്പിതമനസ്കരായ ആരോഗ്യപ്രവർത്തകർ വാർത്തെടുക്കപ്പെട്ടു. രോഗീശുശ്രൂഷ ഉദാത്തമായ മാനവികതയുടെ നിദർശനമായി. പ്രൊഫഷന്റെ ധാർമ്മികത അനേകരെ ആ മേഖലയിലേയ്ക്ക് ആകർഷിച്ചു. സുഘടിതവും സുശിക്ഷിതവുമായ ഒരു സംവിധാനം അങ്ങനെ സ്ഥാപിക്കപ്പെട്ടു. ശിശു മരണനിരക്ക്, മാതൃമരണനിരക്ക്, രോഗപ്രതിരോധം ഇവയിലെല്ലാം ലോകനിലവാരത്തോട് കിടപിടിക്കുംവിധം കേരളത്തിലെ പൊതുജനാരോഗ്യമേഖല ശ്രദ്ധേയമായി. പരിമിതികൾ പലതുണ്ടായിരുന്നുവെങ്കിലും സാധാരണക്കാർക്ക് െമച്ചപ്പെട്ട ചികിത്സ ലഭ്യമായിരുന്നു. ആരോഗ്യം വ്യവസായത്തിന്റെ പരിധിയിലായിരുന്നില്ല. സാമൂഹ്യക്ഷേമത്തിന്റെ പരിധിയിലായിരുന്നു.
കേരളത്തിലെ ആരോഗ്യരംഗം അടിമുടി പൊളിച്ചെഴുതപ്പെടുന്ന നയങ്ങൾ ആരംഭിച്ചത് ‘ആരോഗ്യകേരളം, ഐശ്വര്യകേരളം’ എന്ന പേരിൽ കേന്ദ്രാവിഷ്കൃതപദ്ധതിയായ എൻആർഎച്ച്എം നടപ്പിലാക്കിത്തുടങ്ങിയതോടെയാണ്. ഭീമമായ ലോകബാങ്ക് വായ്പയുടെ പിന്തുണയോടെ നടപ്പിലാക്കപ്പെട്ട എൻആർഎച്ച്എം, നിശ്ചിതമായി തീരുമാനിക്കപ്പെട്ടതും രൂപപ്പെടുത്തപ്പെട്ടതുമായ ഒരു സ്കീമിലൂടെ ആരോഗ്യരംഗത്തെ കമ്പോളമാക്കി വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യംവച്ചുള്ളതായിരുന്നു. വി.എസ്.അച്ചുതാനന്ദൻ കേരളത്തിന്റെ മുഖ്യമന്ത്രിയും പി.കെ.ശ്രീമതി ആരോഗ്യമന്ത്രിയുമായിരുന്ന സർക്കാരാണ് കേരളത്തിന്റെ സ്വന്തം പദ്ധതി എന്ന ഘോഷത്തോടെ ആരോഗ്യകേരളം ആരംഭിച്ചത്. മനുഷ്യന്റെ രോഗവും ദുരിതവും നിസ്സഹായതയും മരണവുംവരെ ചരക്കും കമ്പോളവുമാക്കി മാറ്റുന്ന എൻആർഎച്ച്എംന് കേരളത്തിലെ ഇടതുസർക്കാരിട്ട മൂടുപടമാണ് ആരോഗ്യകേരളം. ആരോഗ്യകേരളം പദ്ധതി വന്നതിനുശേഷം ആരോഗ്യരംഗത്തുണ്ടായ കാതലായ മാറ്റങ്ങൾ പരിശോധിച്ചാൽ ആഗോളവത്ക്കരണത്തിന്റെയും ലോകബാങ്കിന്റെയും എൻആർഎച്ച്എംന്റെയും തിട്ടൂരത്തിൽനിന്ന് പേരിലോ ഉള്ളടക്കത്തിലോ അൽപ്പംപോലും വ്യത്യാസമില്ല ഇതിന് എന്ന് വ്യക്തമാകും.
1996ൽ ഇറങ്ങിയ ‘ഫ്രം പ്ലാൻ ടു മാർക്കറ്റ്’ എന്ന ലോകബാങ്കിന്റെ വികസനരേഖയാണ് അടിത്തറ. 2005ൽ മൻമോഹൻസിംഗ് പ്രധാനമന്ത്രിയായിരുന്ന സമയത്താണ് എൻആർഎച്ച്എം ആരംഭിച്ചത്. അതുവരെ ആരോഗ്യരംഗം കൺകറന്റ് ലിസ്റ്റിലാണ് ഉൾപ്പെടുത്തപ്പെട്ടിരുന്നത്. എന്നാൽ എൻആർഎച്ച്എമ്മിനെ കുടിയിരുത്തിക്കൊ ണ്ടുള്ള ധാരണാപത്രത്തിൽ കേരളം ഒപ്പിട്ടതിനെത്തുടർന്ന് ആരോഗ്യരംഗത്ത് കേരളത്തിന് തനത് ആസൂത്രണങ്ങൾ സാധിക്കാതെ വന്നു. എൻആർഎച്ച്എമ്മിന് ആരോഗ്യവകുപ്പിനോടോ, ഇതിനകം വികസിച്ചുവന്നതും പലതട്ടുകളിലായി വിന്യസിക്കപ്പെട്ടിരുന്നതുമായ സർക്കാർ സംവിധാനങ്ങളോടോ കടപ്പാടുണ്ടായിരുന്നില്ല. എന്നാൽ തിരിച്ച് ഉണ്ടായേ മതിയാകൂതാനും. അതോടൊപ്പം നിലവിലുള്ള സർക്കാർ സംവിധാനങ്ങൾക്ക് സമാന്തരമായി മറ്റൊരു സംവിധാനം തന്നെ രൂപപ്പെടുത്തി സർക്കാർ സംവിധാനങ്ങളെ നോക്കുകുത്തികളാക്കി. ആരോഗ്യവകുപ്പിലെ ജീവനക്കാരെ ഉപയോഗപ്പെടുത്തി സംസ്ഥാന മിഷനും ജില്ലാമിഷനുമെല്ലാം സർക്കാർ ആരോഗ്യവകുപ്പ് രൂപീകരിച്ചുകൊടുത്തു.
2005മുതൽ 2012വരെ നീണ്ടുനിൽക്കുന്ന പദ്ധതിയായി വിഭാവനം ചെയ്യപ്പെട്ടിരുന്ന എൻആർഎച്ച്എംൽ കേന്ദ്രസർക്കാരിന്റെ പരിഗണനയിലുണ്ടായിരുന്ന പതിനെട്ട് സംസ്ഥാനങ്ങളിൽ ആദ്യം കേരളം ഉണ്ടായിരുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. കേരളം അങ്ങോട്ട് ചെന്ന് വാങ്ങിച്ച പദ്ധതിയാണിത്. ഘടനാപരമായ പൊളിച്ചെഴുത്താണ് ഉന്നമെങ്കിലും ആ പൊളിച്ചെഴുത്തിന് ലോകബാങ്ക് മുടക്കാൻ തയ്യാറായിരിക്കുന്ന ഭീമമായ പണത്തിലായിരുന്നു കേരളത്തിലെ ഇടതുസർക്കാരിന്റെ കണ്ണ്. ലോകബാങ്കിന്റെ കാശുവാങ്ങി എങ്ങനെയാണോ ഇ.കെ.നായനാരുടെ സർക്കാർ കേരളത്തിലെ പുകൾപെറ്റ വിദ്യാഭ്യാസക്രമത്തെ ലോകബാങ്കിനും ആഗോളകുത്തകകൾക്കും അടിയറവച്ചത് അതിന്റെ തനിയാവർത്തനമാണ് ആരോഗ്യരംഗത്തും സംഭവിച്ചത്. എൻആർഎച്ച്എംന്റെ നടത്തിപ്പിനായി വിഎസ് അച്ചുതാനന്ദന്റെ കേരളസർക്കാരും കേന്ദ്രസർക്കാരുംതമ്മിൽ ധാരണാപത്രം ഒപ്പിട്ടു. കേന്ദ്രസർക്കാരിന്റെ ഒരു പദ്ധതി നടപ്പിലാക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ധാരണാപത്രം ഒപ്പിടുന്നത് വിചിത്രമായി തോന്നുന്നില്ലേ. കാരണം മറ്റൊന്നല്ല, ഇത് കേന്ദ്രസർക്കാരിന്റെ തനത് പദ്ധതി അല്ല. കേന്ദ്രവും ലോകബാങ്കുമായി ധാരണയിലെത്തി നടപ്പിലാക്കുന്ന പദ്ധതിയാണ്. കാശുമുടക്കുന്നത് ലോകബാങ്കാണ്. ആ പദ്ധതിയിൽ കക്ഷിചേരുന്നതിനുള്ള ധാരണയാണ് സംസ്ഥാന സർക്കാർ ഒപ്പിട്ട് നേടിയത്.


ജില്ലാമിഷൻ രൂപീകരിക്കേണ്ടത് എങ്ങനെ, ജില്ലാ സൊസൈറ്റിയുടെ ചട്ടങ്ങൾ, വ്യവസ്ഥകൾ എന്തൊക്കെ, പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ കീഴിൽ ജില്ലാതല പ്ലാനിംഗും പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കാനും വികേന്ദ്രീകരണം നടപ്പിലാക്കാനുമുള്ള നടപടികൾ സംസ്ഥാന സർക്കാർ കൈക്കൊള്ളണം, കമ്മ്യൂണിറ്റി ഹെൽത്ത് ഇൻഷ്വറൻസ് നടപ്പിലാക്കാൻ ഈ കരാർപ്രകാരം സംസ്ഥാന സർക്കാർ ബാധ്യസ്ഥമാണ്..ഇങ്ങനെ പോകുന്നു കരാറിലെ വ്യവസ്ഥകൾ. ലോകബാങ്ക് ഇറക്കിയിരിക്കുന്ന രേഖകൾ പരിശോധിച്ചാൽ കേന്ദ്രസർക്കാർ ലോകബാങ്കുമായി ഉണ്ടാക്കിയിരിക്കുന്ന കരാറാണ് സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും തമ്മിലുളള ധാരണാപത്രത്തിലുമുള്ളത് എന്ന് വ്യക്തമാകും.
ആരോഗ്യമേഖലയുടെ ഘടന അഴിച്ചുപണിയുന്നതിലായിരുന്നു എൻആർഎച്ചംന്റെ കണ്ണ്. അധികാരം വികേന്ദ്രീകരിച്ച് താഴെത്തലത്തിലേയ്ക്ക് എത്തിക്കൽ, പഞ്ചായത്തീരാജ് സ്ഥാപനങ്ങളെ പങ്കാളികളാക്കൽ, മെഡിക്കൽ എഡ്യൂക്കേഷൻ, പൊതുജനാരോഗ്യ നടത്തിപ്പ്, പരമ്പരാഗതവൈദ്യത്തെ ഉൾച്ചേർക്കൽ, ആരോഗ്യരംഗത്ത് പണംമുടക്കലിന്റെ പുതിയ സംവിധാനങ്ങൾ സൃഷ്ടിക്കൽ തുടങ്ങിയ നടപടികളിലൂടെയാണ് ഈ ഘടനാപരമായ മാറ്റംകൊണ്ടുവരേണ്ടത് എന്ന് എൻആർഎച്ച്എംന്റെ ആമുഖത്തിൽ പറയുന്നുണ്ട്.
പൊളിച്ചടുക്കലിന്റെ ആദ്യഘട്ടം ആശുപത്രികൾ ത്രിതലപഞ്ചായത്തുകളെ ഏൽപ്പിക്കുക എന്നതായിരുന്നു. ഇത് എൻആർഎച്ച്എംന്റെ നിബന്ധനയായിരുന്നു. കേരളത്തിലെ സർക്കാർ ആശുപത്രികൾ ജില്ലാ, ബ്ലോക്, ഗ്രാമപഞ്ചായത്തുകളുടെ കീഴിലേയ്ക്ക് മാറിക്കഴിഞ്ഞു. സംസ്ഥാന സർക്കാർ ആരോഗ്യരംഗത്ത് മുതൽമുടക്കുന്ന സാഹചര്യം ഒഴിവാക്കിയെടുക്കുക എന്നതാണ് ഇതിന്റെ താൽപര്യം. ബൃഹത്തായ ഒരു പൊതുജനാരോഗ്യസംവിധാനത്തിന്റെ നിയന്ത്രണവും ആസൂത്രണവും പരിപാലനവും സദാ നിർവഹിക്കാനുള്ള കാര്യശേഷിയും സാമ്പത്തിക ശേഷിയും പഞ്ചായത്തുകൾക്ക് ഉണ്ടോ. തുടക്കത്തിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായി പഞ്ചായത്തുകൾക്ക് ഭീമമായ തുകനൽകി പരിശീലനമെന്ന പേരിൽ ചില കെട്ടുകാഴ്ചകൾ നടത്തി, സർക്കാർ ആശുപത്രികളിൽ പുത്തൻ കെട്ടിടങ്ങൾ പണിയുന്നു, ടൈലിടുന്നു, കരാർ അടിസ്ഥാനത്തിൽ സ്റ്റാഫിനെ നിയമിക്കുന്നു അങ്ങനെ തുടക്കത്തിൽ ഉയർന്നേക്കാമായിരുന്ന ആശങ്കകളും എതിർപ്പുകളും കാശിറക്കി മറികടന്നു.
‘ആശ'(അക്രെഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ്)മാരുടെ രംഗപ്രവേശമായിരുന്നു മറ്റൊരു പുതുമ. ആരോഗ്യരംഗവുമായി എന്തെങ്കിലും മുൻപരിചയമോ ബിഎസ് സി, എഎൻഎം, ജിഎൻഎം തുടങ്ങിയ എന്തെങ്കിലും നഴ്സിംഗ് കോഴ്സുകളോ പാസ്സായവരല്ല ആശമാർ. ജനങ്ങളെ പൊതുജനാരോഗ്യവകുപ്പുമായി ബന്ധപ്പെടുത്തുന്ന ഇടനിലക്കാരിയാണെങ്കിലും ആശ ആരോഗ്യവകുപ്പിന്റെ ഔപചാരിക ജീവനക്കാരിയല്ല, ശമ്പളമില്ല, ഓണറേറിയം മാത്രം. പണിക്കു് കുറവൊന്നുമില്ല, എന്നാൽ പ്രതിഫലമില്ല. നാമമാത്രമായ പരിശീലനമേ ഉള്ളുവെങ്കിലും അലോപ്പതി മരുന്നുകുറിക്കാനുള്ള അവകാശമുണ്ട്. അംഗീകാരമുള്ള കോഴ്സുകൾ പാസ്സായ നിരവധി ആളുകൾ തൊഴിലില്ലാതെ നിൽക്കുമ്പോഴാണ് ആശമാരെക്കൊണ്ട് ശമ്പളമില്ലാതെ ഈ ജോലി ചെയ്യിക്കുന്നത്. ക്വാളിഫിക്കേഷനുള്ള ആളുകളാകുമ്പോൾ കൂലികൊടുക്കണമല്ലോ. പഞ്ചായത്തിനാണ് ആശയെ നിയമിക്കുന്നതിനുള്ള അധികാരം. ജനങ്ങളുടെ നിസ്സഹായാവസ്ഥയും തൊഴിലില്ലായ്മയും മുതലെടുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ആരോഗ്യവകുപ്പിൽ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ടും ചെയ്യുന്ന പണിക്ക് കൂലി ആവശ്യപ്പെട്ടും ആശമാർ നിരന്തരമായി സമരം ചെയ്യേണ്ടിവരുന്നു എന്നതാണ് ഇന്നത്തെ സാഹചര്യം.
“ആസൂത്രണത്തിന്റെയും ബഡ്ജറ്റിംഗിന്റെയും നടത്തിപ്പിന്റെയും ചുമതല ജില്ലകൾക്കായിരിക്കും, ജലവിതരണം, സാനിറ്റേഷൻ, ശുചിത്വം, പോഷകാഹാരം തുടങ്ങിയ മേഖലകളിൽ ജില്ലാതല ഹെൽത്ത് പ്ലാനായിരിക്കും അടിസ്ഥാന പ്രവർത്തന യൂണിറ്റ്, ബന്ധപ്പെട്ട വകുപ്പുകളെ ജില്ലാഹെൽത്ത് മിഷന്റെ ഭാഗമാക്കി കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കും.” ഇത് എൻആർഎച്ച്എംന്റെ രേഖയിലെ വാചകങ്ങളാണ്. എങ്ങനെയാണ് ആരോഗ്യകേരളത്തിന്റെ ഭാഗമായി നടക്കുന്ന പരിഷ്ക്കാരങ്ങളിലും ഇതുതന്നെ സംഭവിക്കുന്നത്. ആരോഗ്യരംഗത്ത് ചിരപ്രതിഷ്ഠിതമായ സ്ഥാപനങ്ങളുടെ സ്ഥാനത്ത് വില്ലേജ് ഹെൽത്ത് സാനിറ്റേഷൻ സമിതി, ആശുപത്രി വികസനസമിതി, ജില്ലാ ഹെൽത്ത് മിഷൻ ഒക്കെ സ്ഥാപിതമായത് എങ്ങനെയാണ്? ഡ്രഗ് വെയർ ഹൗസുകളുടെ സ്ഥാനം മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡ് കൈവശപ്പെടുത്തിയത് എങ്ങനെയാണ്? ആർദ്രം മിഷൻ, ജനനി സുരക്ഷായോജന, രാഷ്ട്രീയ സ്വാസ്ഥ്യ ബാല്യകാര്യക്രമം തുടങ്ങി ആകർഷകമായ പേരുകളെല്ലാം എൻആർഎച്ച്എംന്റേതാണ്. എൻആർഎച്ച്എംഉം എൻയുഎച്ച്എംഉം കാലാവധി പൂർത്തിയാക്കി ഇപ്പോൾ എല്ലാം എൻഎച്ച്എംന്റെ കീഴിലാണ്. ആരോഗ്യവകുപ്പ് എങ്ങനെയാണ് നാഷണൽ ഹെൽത്ത് മിഷൻ ആയത്. ഇങ്ങനെ വളരെ ദുരൂഹമായും രഹസ്യമായും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കാര്യങ്ങളാണ് കേരളത്തിലെ ആരോഗ്യരംഗത്തെ പ്രതിസന്ധിയിലാക്കുന്നത്. ഇതിനൊക്കെ മറുപടി പറയാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ട്. ഈ മാറ്റങ്ങൾ ആര് എവിടെ തീരുമാനിക്കുന്നു എന്നതും വിശദമാക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ട്. ഈ പരിഷ്ക്കാരങ്ങളൊന്നുംതന്നെ കേരള നിയമസഭയിൽ ചർച്ചചെയ്തിട്ടോ, നിയമസഭയുടെ അംഗീകാരത്തോടെയോ നടപ്പിലാക്കുന്ന പദ്ധതികളല്ല. മെഡിക്കൽ കമ്മ്യൂണിറ്റിയുടെപോലും അംഗീകാരമില്ല.
ജീവൻ രക്ഷാ ഔഷധങ്ങളുടെ വിലവർദ്ധനവാണ് മറ്റൊരു പ്രധാന പ്രശ്നം. എല്ലാ മരുന്നുകൾക്കും വില വർദ്ധിച്ചിരിക്കുന്നു. മരുന്ന് നിർമ്മാണം സമ്പൂർണമായും സ്വകാര്യമേഖലയിലാണ് നടക്കുന്നത്. ഗവേഷണങ്ങളും സ്വകാര്യമേഖലയിലാണ് നടന്നുപോരുന്നത്. പേറ്റന്റ് നിയമഭേദഗതിയാണ് വിലവർദ്ധനവിന്റെ മറ്റൊരു കാരണം. മൻമോഹൻസിംഗിന്റെ കാലത്താണ് പ്രക്രിയ പേറ്റന്റ് ആയിരുന്നത് ഉൽപ്പന്ന പേറ്റന്റ് എന്ന നിലയിലേയ്ക്ക് മാറ്റിക്കൊണ്ട് പാർലമെന്റ് നിയമം പാസ്സാക്കിയത്. ഇടതുപക്ഷം വിപ്പുകൊടുത്താണ് നിയമഭേദഗതിക്ക് അനുകൂലമായി സ്വന്തം അംഗങ്ങളെക്കൊണ്ട് വോട്ടുചെയ്യിച്ചത് എന്നതും ചരിത്രമാണ്.


ആരോഗ്യ ഇൻഷ്വറൻസ്


ഇനിമേല്‍ പൗരന് ചികില്‍സ നല്‍കേണ്ടത് സര്‍ക്കാരിന്റെ ചുമതലയല്ല, ആരോഗ്യം അവനവന്റെമാത്രം ചുമതലയാണ് എന്ന പൊതുബോധം സൃഷ്ടിച്ചുകൊണ്ടാണ് രോഗമെന്ന ദുരിതാവസ്ഥയെ വിപണിയാക്കുന്ന ശക്തികള്‍ രംഗപ്രവേശം ചെയ്തത്. ആരോഗ്യ ഇന്‍ഷ്വറന്‍സ് അത്തരമൊരു ബിസിനസ് രംഗമാണ്. ഇന്ത്യയിൽ ആരോഗ്യ ഇൻഷ്വറൻസ് വലിയ പ്രചാരം നേടിയ വിപണിയായിരുന്നില്ല. വികസിത രാജ്യങ്ങളിൽ ഈ രംഗത്ത് കുത്തകകൾക്കാണ് ആധിപത്യം. ആരോഗ്യ ഇന്‍ഷ്വറന്‍സ് ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എൻആർഎച്ച്എം നടപ്പാക്കിയത്. ‘പൊതുസ്വകാര്യ പങ്കാളിത്തം’ എൻആർഎച്ച്എംന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഭാവിയില്‍ പിടിപെട്ടേക്കാവുന്ന രോഗത്തെക്കുറിച്ചുള്ള ഭയം, അതിനുവേണ്ടിവരുന്ന ഭീമമായ ചികില്‍സാ ചിലവിനെ സംബന്ധിച്ച ഭീതി തുടങ്ങിയവമൂലം ആശങ്കയിലാകുന്ന ജനങ്ങള്‍ ആരോഗ്യ ഇന്‍ഷ്വറന്‍സില്‍ അഭയം പ്രാപിക്കാൻ നിർബന്ധിതരാകുന്നു.
ഇതിലൂടെ ആരോഗ്യമേഖലക്കുവേണ്ടി സര്‍ക്കാര്‍ ചിലവഴിക്കേണ്ടുന്ന തുകയുടെ ഗണ്യമായൊരു പങ്ക് വര്‍ഷംതോറും സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികളുടെ പക്കലെത്തുന്നു. സര്‍ക്കാര്‍ ഫണ്ടുനല്‍കി, സർക്കാർ ആശുപത്രികളിൽ സൗജന്യ ചികില്‍സ ഉറപ്പാക്കേണ്ടതിനു പകരം സര്‍ക്കാരാശുപത്രിയിലെ ചികില്‍സയ്ക്ക് ഒരു സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനി വഴി സര്‍ക്കാര്‍ ഫണ്ട് എത്തിക്കുന്ന വിചിത്രമായ പദ്ധതിയാണിത്. 2008ൽ ആരംഭിച്ച ‘രാഷ്ട്രീയ സ്വാസ്ഥ്യ ബിമാ യോജന’ അല്ലെങ്കില്‍ ആര്‍എസ്ബിവൈ ആണ് ഇതിൽ ആദ്യത്തേത്. കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ മന്ത്രാലയമാണ്‌ ആര്‍എസ്ബിവൈ ആരംഭിച്ചത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബിപിഎല്‍) കുടുംബങ്ങള്‍ക്ക് ആരോഗ്യ ഇൻഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കാൻ എന്നുപറഞ്ഞാണ് ഇത് രൂപവത്ക്കരിച്ചത്. 2018ൽ 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് പ്ലാനുകൾ നൽകുന്ന ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതികളിലൊന്നെന്നും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതെന്നുമൊക്കെയുള്ള ഘോഷവുമായി പിഎംജെഎവൈ പ്രഖ്യാപിക്കപ്പെട്ടു. ‘ആയുഷ്മാൻ ഭാരത് യോജന’ അഥവാ പ്രധാനമന്ത്രി ജന ആരോഗ്യ യോജന. രാജ്യത്തെവിടെയും എംപാനൽ ചെയ്ത ഏതെങ്കിലും ആശുപത്രികളിൽ ആരോഗ്യ സേവനങ്ങൾ ലഭിക്കാൻ ഉപയോഗിക്കാമെന്നും മോഹിപ്പിച്ചു.
കേരളത്തിൽ ആരോഗ്യകേരളം പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇൻഷ്വറൻസ് കടന്നുവരുന്നത്. കേരളത്തിലും തൊഴിൽവകുപ്പും തൊഴിൽവകുപ്പിന്റെ കീഴിൽ രൂപീകരിച്ച ‘ചിയാക്കു’മാണ് ആരോഗ്യ ഇൻഷ്വറൻസ് ആദ്യം കൈകാര്യം ചെയ്തിരുന്നത്. കേരളത്തിൽ, സർക്കാർ നടപ്പിലാക്കിയ ചിസ്, ചിസ് പ്ലസ്, എസ് ചിസ്, കേന്ദ്രസർക്കാരിന്റെ പദ്ധതിയായ ആർഎസ്ബിവൈ ഇവയ്ക്ക് പകരമായാണ് കാരുണ്യ സുരക്ഷാപദ്ധതിയായി രംഗപ്രവേശം ചെയ്തിരിക്കുന്നത്. എല്ലാ ആരോഗ്യപദ്ധതികളും ഒരു കുടക്കീഴിൽ എന്നതാണ് കാസ്‌പിന്റെ ആശയം. അന്യസംസ്ഥാന തൊഴിലാളികൾക്ക് ‘ആവാസ് ‘, സർക്കാർ ജീവനക്കാർക്ക് ‘മെഡിസെപ്പ്’, കൂടാതെ ഇന്‍ഷ്വറന്‍സ് ബിസിനസ്സിനെ പ്രോത്സാഹിപ്പിക്കാന്‍ വേറേയും പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നണ്ട്. ഇന്‍ഷ്വറന്‍സ് കമ്പനികളെ സംബന്ധിച്ചിടത്തോളും കാര്യമായ മുതല്‍ മുടക്കില്ലാതെ ലഭിക്കുന്ന വലിയനേട്ടങ്ങളാണ് ഇത്തരം പദ്ധതികളുടെ ആകർഷണീയത. ഇൻഷ്വറൻസിന്റെ പരിധിയിൽ വരുന്ന ആശുപത്രികൾ, രോഗങ്ങൾ എല്ലാം മുൻകൂട്ടി നിർണയിക്കപ്പെടുന്നു. ഇൻഷ്വറൻസ് തുക കൊടുക്കുന്ന കാര്യത്തിൽ കമ്പനികൾ പിശുക്കുകാണിക്കുന്നതുകൊണ്ട് മതിയായ ചികിത്സ രോഗികൾക്ക് ലഭിക്കാതെ വരുന്നു. കേരളത്തിലെ ആരോഗ്യ ഇൻഷ്വറൻസിന്റെ ചുമതല ഏൽപ്പിച്ചിരിക്കുന്നത് റിലയൻസിനെ ആണ്. നിലനിൽപ്പുതന്നെ അവതാളത്തിലായിരിക്കുന്ന റിലയൻസ് എങ്ങനെയാണ് ഇൻഷ്വറൻസ് തുക നൽകുന്നത്. റിലയൻസിന്റെ സ്ഥാനത്ത് ഇപ്പോൾ ഓറിയന്റൽ ഇൻഷ്വറൻസ് ആണ്.


മെഡിക്കൽ വിദ്യാഭ്യാസരംഗത്തെ പ്രതിസന്ധി


പൊതുജനാരോഗ്യരംഗം മാത്രമല്ല, മെഡിക്കൽവിദ്യാഭ്യാസരംഗവും ഇന്ന് ചെലവേറിയതായി മാറിയിരിക്കുന്നു. പ്രൊഫഷന്റെ ധാർമ്മികതയെത്തന്നെ ചോദ്യം ചെയ്യുംവിധമാണ് കോഴ്സുകൾക്ക് ഫീസ് ഏർപ്പെടുത്തിയിരിക്കുന്നത്. വൈദ്യശാസ്ത്രത്തിന്റെയും ശാസ്ത്രമേഖലയുടെയും വളർച്ചയും വികാസവും ഒഴിവാക്കിക്കൊണ്ട് മിത്തിലേയ്ക്കും പുരാണങ്ങളിലേയ്ക്കും പിന്തിരിഞ്ഞു നടക്കുംവിധമുള്ള ഉള്ളടക്കങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് മെഡിക്കൽവിദ്യാഭ്യാസരംഗവും പൊളിച്ചെഴുതപ്പെടുകയാണ്. 2019ൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയെ(എംസിഐ) പൂർണമായും ഇല്ലാതാക്കിക്കൊണ്ട് നാഷണൽ മെഡിക്കൽ കമ്മീഷൻ(എൻഎംസി) നിലവിൽ വന്നു. മെഡിക്കൽ വിദഗ്ദ്ധർ ആണ് ഇതുവരെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ കാര്യങ്ങൾ തീരുമാനിച്ചതെങ്കിൽ എൻഎംസിയിൽ 80% അംഗങ്ങളും സർക്കാർ നോമിനികളാണ്. യൂണിവേഴ്സിറ്റി പരീക്ഷയുടെ പ്രാധാന്യത്തെ ഇല്ലാതാക്കികൊണ്ടും മെഡിക്കൽ പഠനത്തെ ഒബ്െജക്‌ടീവ് മാതൃകയിലുള്ള ഒരു പരീക്ഷക്കുവേണ്ടിയുള്ള പഠനം മാത്രമാക്കി ചുരുക്കിക്കൊണ്ടും നെക്സ്റ്റ് പരീക്ഷ ഉൾപ്പെടുത്തിയിരിക്കുന്നു. ആയുഷിനെ ആധുനിക വൈദ്യശാസ്ത്ര പഠനത്തിലേക്ക്‌ ഉൾചേർക്കുന്നു, യോഗ പഠനം നിർബന്ധമാക്കുന്നു, ആയുഷ് പോസ്റ്റിങ് ഹൗസ് സർജൻസി കാലയളവിൽ നടപ്പിലാക്കുക, കമ്മ്യൂണിറ്റി ഹെൽത്ത്‌ പ്രൊവൈഡേഴ്സിന് കുറച്ചു മാസത്തെ ട്രെയിനിങ് നൽകികൊണ്ട് മരുന്നുകുറിക്കാനുള്ള അവസരം നൽകുക, മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഹിപ്പോക്രാറ്റിക് പ്രതിജ്ഞക്ക് പകരം ചരക ശപഥം മതിയെന്ന് തീരുമാനിക്കുക, മെഡിക്കൽ കരിക്കുലത്തിൽ ഇതുവരെ നിലനിന്നിരുന്ന രീതി മാറ്റി ആദ്യ വർഷം ആദ്യ മാസം ഫൌണ്ടേഷൻ കോഴ്സ് എന്ന പേരിൽ യോഗയും ഇംഗ്ലീഷും സ്പോർട്സുമൊക്കെ പഠിപ്പിക്കാൻ നിർദ്ദേശിക്കുക, ഇംഗ്ലീഷ് ഭാഷ മെഡിക്കൽ പഠനത്തിന് ഒരു ആവശ്യകതയല്ലാതാക്കുക, ടെക്സ്റ്റ്ബുക്കുകൾ പ്രാദേശിക ഭാഷയിലേക് വിവർത്തനം ചെയ്യുക അങ്ങനെ പോകുന്നു എൻഎംസിയുടെ നിർദ്ദേശങ്ങൾ. ആധുനിക വൈദ്യശാസ്ത്രത്തിന്റെ കണ്ടെത്തലുകളെയും വികാസത്തെയും പടിക്ക് പുറത്താക്കുംവിധം വൈദ്യവിദ്യാഭ്യാസം പൊള്ളയും കാമ്പുകെട്ടതുമാക്കുന്നതും ഗുരുതരവും ദൂരവ്യാപകവുമായ പ്രത്യാഘാത ങ്ങൾക്ക് ഇടവരുത്തുന്നതുമായ നീക്കങ്ങളാണ് ഇവ.


പരിഹാരമെന്ത്?


ഇത്രത്തോളം ക്രമീകരണങ്ങ ളുടെയും ചുറ്റിവളയലിന്റെയും ആവശ്യമില്ല. ജനങ്ങളുടെ ആരോഗ്യപരിപാലനത്തിന് നിരക്കുംവിധം ആവശ്യമുള്ളത്ര സർക്കാർ ആശുപത്രികൾ സ്ഥാപിക്കുക. ആവശ്യത്തിന് ഡോക്ടർമാരെയും നഴ്സുമാരുൾപ്പെടെ മറ്റ് ജീവനക്കാരെയും നിയമിക്കുക, അനുദിനം വളർന്നുകൊണ്ടിരിക്കുന്ന വൈദ്യശാസ്ത്രത്തിന്റെ മികവുകൾ ജനങ്ങൾക്കു ലഭ്യമാക്കുവാൻ നൂതനചികിത്സാസംവിധാനങ്ങൾ ആശുപത്രികളിൽ ഏർപ്പെടുത്തുക, ആരോഗ്യപരിപാലനത്തെ സംബന്ധിക്കുന്ന അവബോധം ജനങ്ങളിൽ എത്തിക്കാൻ സ്കൂൾതലം മുതൽതന്നെ ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തുക, അതിനാവശ്യമായ സ്റ്റാഫിനെ നിയമിക്കുക, ശാരീരിക-മാനസിക ആരോഗ്യം നിലനിർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ആവശ്യമായ പൊതുസംവിധാനങ്ങൾ ഒരുക്കുക, സ്കൂളുകളിൽ ജിംനേഷ്യങ്ങൾ, പൊതുകളിസ്ഥലങ്ങൾ, പാർക്കുകൾ, പാർക്കുകളിൽ വ്യായാമത്തിന് സംവിധാനങ്ങൾ ഒരുക്കുക ഇതൊക്കെയാണ് പൊതുജനാരോഗ്യത്തെ ഗൗരവമായി കാണുന്ന ഒരു ജനാധിപത്യസർക്കാർ ചെയ്യേണ്ടത്. എന്നാല്‍ നിസ്സാരമായി ചെയ്യാവുന്നത് എന്ന് ഏതൊരാള്‍ക്കും തോന്നുന്ന ഈ നടപടികള്‍ക്ക് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ മുതിരാത്തത് ആഗോളവത്ക്കരണത്തിന്റെ പദ്ധതികള്‍ക്കനുസൃതമായ പൊളിച്ചടുക്കലാണ് ആരോഗ്യരംഗത്ത് ഇക്കൂട്ടര്‍ നടപ്പിലാക്കുന്നത് എന്നതുകൊണ്ടാണ്. ആഗോളവത്ക്കരണ നയങ്ങള്‍ ഉപേക്ഷിക്കാതെ അതിസമ്പന്നര്‍ ഒഴികെയുള്ള സാമാന്യജനങ്ങളുടെ ആരോഗ്യപരിചരണം ഒരു മരീചികയാകുകയേ ഉള്ളൂ.
എംബിബിഎസും നഴ്സിങ്ങും പാരമെഡിക്കൽ കോഴ്സുകളും പാസ്സായി ഓരോ വർഷവും പുറത്തുവരുന്ന പതിനായിരങ്ങൾ തൊഴിലുതേടി നടക്കുകയും രാജ്യം വിടുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇന്ന് നിയമനങ്ങളുടെമേൽ അപ്രഖ്യാപിത നിരോധനം നിലനിർത്തിയിരിക്കുന്നതും സർക്കാർ സംവിധാനങ്ങളെ ക്ഷയിപ്പിച്ചെടുക്കുക എന്ന ലോകബാങ്ക് നിബന്ധനയുടെ ഭാഗമാണ്. ആരോഗ്യരംഗത്ത് 1964ലെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും നിലനിൽക്കുന്നത്. ഇപ്പോഴത്തെ ആവശ്യത്തിന് നിരക്കുംവിധത്തിൽ സ്റ്റാഫ് പാറ്റേൺ മാറ്റേണ്ടതുണ്ട്. ആരോഗ്യവും ആരോഗ്യപരിപാലനവും ജനങ്ങളുടെ അവകാശമാണ്. അത് മനസ്സിലാക്കിക്കൊണ്ട് ആരോഗ്യരംഗത്തെ കൊള്ളയ്ക്കെതിരെ ജനങ്ങളും ഉണരേണ്ടിയിരിക്കുന്നു. അതിബൃഹത്തായ ജനകീയ പ്രക്ഷോഭത്തിലൂടെയല്ലാതെ ഈ പ്രശ്നങ്ങൾ പരിഹരിക്കുക സാധ്യമല്ല.

Share this post

scroll to top