ക്രിപ്‌റ്റോകറൻസി-ഡിജിറ്റൽ കൊള്ള: ഒരു വിശദീകരണം

download-1.jpg
Share

രാഷ്ട്രീയസമ്പദ്ശാസ്ത്ര വിദ്യാർത്ഥികൾക്കറിയാവുന്നതു പോലെ, യഥാർത്ഥ നേതാക്കൾ മറഞ്ഞിരിക്കുന്ന, അല്ലെങ്കിൽ അറിയപ്പെടാതിരിക്കുന്ന ഒരു ഗവണ്മെന്റിന്റെ രൂപമാണു ക്രിപ്റ്റോ കറൻസി. ഈ സൂചനകളെടുത്തും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ മുന്നേറ്റത്തെ ഉപയോഗപ്പെടുത്തിയും വ്യവസായ, വാണിജ്യ, ഓഹരിക്കമ്പോള രംഗങ്ങളിലെ വമ്പന്മാരും അധോലോക വില്ലന്മാരുമുൾപ്പടെയുള്ള, സംശയിക്കേണ്ടുന്ന പണമിടപാടുകാരുടെ ‘വിളഞ്ഞ’ ബുദ്ധി, സർക്കാരിന്റെയും കേന്ദ്ര ഏജൻസികളുടെയും നിയന്ത്രണങ്ങൾക്കു വെളിയിൽ നിലനില്ക്കുന്ന പുതിയൊരു സാമ്പത്തിക ക്രയവിക്രയ രീതി കണ്ടത്തിയിരിക്കുകയാണ്. അതാണ് ചുരുക്കത്തില്‍ ക്രിപ്റ്റോകറൻസി. അസംഖ്യം കമ്പ്യൂട്ടറുകളിൽ വിന്യസിക്കപ്പെട്ടിരിക്കുന്ന ഒരു ശൃംഖലയെ അടിസ്ഥാനമാക്കിയ ഡിജിറ്റൽ സ്വത്താണു ക്രിപ്റ്റോകറൻസി. ഇടപാടുകൾ പിടിക്കപ്പെടാതിരിക്കാൻ അതിന്റെ വികേന്ദ്രീകൃത ഘടന സഹായിക്കുന്നു.


കളളപ്പണമെന്നാൽ കണക്കിൽ കൊള്ളിക്കാത്ത പണമാണ് അഥവാ നികുതി കൊടുക്കാത്ത, വെളിപ്പെടുത്താത്ത പണമാണ്. അതു പേപ്പർ കറൻസിയായോ പേരുവെളിപ്പെടുത്താത്ത ബാങ്ക് അക്കൗണ്ടുകളിലോ കൈമാറ്റത്തിലൂടെയോ വില്പനയിലൂടെയോ ഉടൻ പണമാക്കിയെടുക്കാൻ പറ്റുന്ന ആസ്തികളായോ ആണു സൂക്ഷിക്കപ്പെടുന്നത്. അങ്ങേയറ്റം അഴിമതിഗ്രസ്ഥമായ നിലവിലുള്ള മുതലാളിത്ത വ്യവസ്ഥയിലെ അന്വേഷണ ഏജൻസികളും വിജിലൻസ് സംവിധാനങ്ങളും, മനഃസാക്ഷിയില്ലാത്ത വമ്പൻ വ്യവസായികളും ബിസിനസ്സുകാരും ബ്യൂറോക്രാറ്റുകളും ഭരണ നിർവ്വഹണ തലത്തിലെ ഉന്നതരും പ്രൊഫഷണലുകളുംബൂർഷ്വാ രാഷ്ട്രീയ നേതാക്കളും, കള്ളക്കടത്തുകാരുമൊക്കെ സമാഹരിച്ചിരിക്കുന്ന ഭീമമായ കള്ളപ്പണത്തോട് ഉദാസീന സമീപനം പുലർത്തുകയോ പങ്കാളിത്തമുള്ള കാഴ്ച്ചക്കാരായി നിലകൊള്ളുകയോ ചെയ്യുന്നു. കള്ളപ്പണമെന്നത് ‘കണ്ടുപിടിക്കാൻ പറ്റാത്ത’തല്ലെങ്കിലും ഈ വ്യവസ്ഥിതി അതിനെ പ്രോൽസാഹിപ്പിക്കുന്നു.
ഡിജിറ്റൽ സാമ്പത്തിക ക്രയവിക്രയം എന്നു വിളിക്കപ്പെടുന്ന, ഇന്റർനെറ്റ് ബാങ്കിങ്ങും ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് വഴിയുളള പണമിടപാടുകളും ഈ വ്യവസ്ഥയിൽ സാധുതയുള്ളവയാണ്. നേരേമറിച്ച് പുതുതായി കണ്ടുപിടിക്കപ്പെട്ടിരിക്കുന്ന ക്രിപ്റ്റോ കറൻസി ഈ വ്യവസ്ഥയ്ക്കു വെളിയിൽ ഡിജിറ്റലായി ബന്ധിക്കപ്പെട്ടിരിക്കുന്ന ഘടകങ്ങളിലാണു പ്രവർത്തിക്കുന്നത്.

ക്രിപ്റ്റോകറൻസി എങ്ങനെയാണു
പ്രവർത്തിക്കുന്നത് ?

കമ്പ്യൂട്ടറുകൾക്കുള്ളിലെ ല ഡ്ജർ രേഖപ്പെടുത്തലുകളായി പ്രതിനിധാനം ചെയ്യപ്പെടുന്ന കല്പിതമായ (virtual) ടോക്കണുകളുടെ രൂപത്തിലുള്ള ഓൺലൈൻ പണമൊടുക്കൽ രീതി ക്രിപ്റ്റോകറൻസി വഴി സാധ്യമാകുന്നു. എലിപ്റ്റിക്കൽ കർവ് എൻക്രിപ്ഷൻ, പബ്ലിക് പ്രൈവറ്റ് കീ പെയേഴ്സ്, ഹാഷിംഗ് ഫംഗ്ഷൻ തുടങ്ങി സന്ദേശങ്ങളെ സുരക്ഷിതമാക്കാനുള്ള വിവിധ ഗോപ്യഭാഷാ സൂത്രങ്ങളെയാണ് (encryption algorithms ) ‘ക്രിപ്റ്റോ’ എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. കോയിൻ ബേസ്, കാഷ് ആപ്പ് തുടങ്ങിയ ക്രിപ്റ്റോ കൈമാറ്റത്തിലൂടെ ഏതൊരു നിക്ഷേപകനും ക്രിപ്റ്റോകറൻസി വാങ്ങാവുന്നതാണ്. ക്രിപ്റ്റോ ഇടപാടുകളുടെ ഡാറ്റയുടെ സമഗ്രത ഉറപ്പാക്കുന്ന സംഘാടന രീതികളായ ബ്ലോക്ക് ചെയിനുകൾ പല ക്രിപ്റ്റോ കറൻസികളുടേയും ഒഴിവാക്കാനാകാത്ത ഘടകങ്ങളാണ്. ഒരു സർവറോ കേന്ദ്രാധികാര സംവിധാനമോ ഇല്ലാത്തവിധം സമ്പൂർണ്ണമായും വികേന്ദ്രിതമാണ് ഇത്.


ഭാവിയിലെ ഇടപാടുകൾ സാധുതയുള്ളവയാണോ എന്നും ഇരട്ട വ്യയം വരുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നതിനായി ക്രിപ്റ്റോ കറൻസി ഉപയോഗിക്കാനാഗ്രഹിക്കുന്ന ഏതൊരു ഘടനയ്ക്കും എല്ലാ ഇടപാടുകളുടേയും ലിസ്റ്റ് ആവശ്യമാണ്. ക്രിപ്റ്റോ കറൻസിയുടെ വികേന്ദ്രിത സ്വഭാവം സൈദ്ധാന്തികമായി അവയെ സർക്കാരുകളുടെ നിരീക്ഷണത്തിനും ഇടപെടലിനും നിയന്ത്രണത്തിനുമുള്ള പതിവു നടപടിക്രമങ്ങളിൽനിന്ന് രക്ഷിക്കുന്നു. പരമ്പരാഗത നാണയങ്ങളെപ്പോലെ ക്രിപ്റ്റോകറൻസിയും അതിന്റെ ഏകകങ്ങളിലൂടെയാണ് മൂല്യം വെളിപ്പെടുത്തുന്നത്. ഉദാഹരണത്തിന് “എന്റെ കൈയ്യിൽ 2.50 രൂപയുണ്ട്” എന്നൊരാൾ പറയുന്നതു പോലെ “എന്റെ കൈയ്യിൽ 2.50 ബിറ്റ്കോയിനുണ്ട് ” എന്നും പറയാം. മിക്ക ക്രിപ്റ്റോകറൻസികളും ദേശീയസർക്കാരുകളുടെ നിയന്ത്രണങ്ങൾക്കുള്ളിൽ വരാത്തതായതിനാൽ അവ രാജ്യത്തിന്റെ ധനനയത്തിനു വെളിയിലുള്ള ബദൽ നാണയ- മാധ്യമങ്ങളോ സാമ്പത്തിക ഇടപാടുകളോ ആയി പരിഗണിക്കപ്പെടുന്നു. ക്രിപ്റ്റോ കറൻസിയുടെ ഉടമസ്ഥത ഗോപ്യഭാഷ (cryptography)യിലൂടെ മാത്രം തെളിയിക്കപ്പെടുന്നതാണ്.


ക്രിപ്റ്റോകറൻസിയുടെ ഉടമസ്ഥത മാറ്റുന്ന തരത്തിൽ ഇടപാടുകൾ നടത്താൻ കമ്പ്യൂട്ടർ സിസ്റ്റം സഹായിക്കുന്നു. തങ്ങളുടെ രാഷ്ട്രീയമായ സ്വാതന്ത്ര്യവും ഡാറ്റയുടെ തകർക്കാനാകാത്ത സുരക്ഷിതത്വവുംമൂലം ക്രിപ്റ്റോകറൻസി ഉപയാഗിക്കുന്നവർക്ക് ഇന്ത്യൻ രൂപയോ യുഎസ്ഡോളറോ പോലുള്ള പരമ്പരാഗതനാണയങ്ങൾ ഉപയോഗിക്കുന്നവർക്കും അവ നിലനിർത്തുന്ന സമ്പദ് വ്യവസ്ഥയ്ക്കുമുള്ളതിനേക്കാൾ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. ബിറ്റ്കോയിനാണ് ആദ്യത്തെ ക്രിപ്റ്റോ കറൻസി. അതേത്തുടർന്ന് എതേറിയം, ലൈറ്റ് കോയിൻ, കാർഡാനോ തുടങ്ങിയവയും വന്നു. ഡിജിറ്റലായ ആദ്യത്തെ ബദൽ നാണയം വരുന്നതിനു മുമ്പുതന്നെ ക്രിപ്റ്റോകറൻസി ഒരു സൈദ്ധാന്തിക നിർമ്മിതിയായി നിലനിന്നിരുവെന്ന് ഓർക്കേണ്ടതാണ്. അമേരിക്കൻ ഗോപ്യഭാഷാ വിദഗ്ദ്ധനായ (cryptographer) ഡേവിഡ് ഷോം, വെബ് അധിഷ്ഠിതമായ ആധുനിക രഹസ്യ കോഡിംഗ് രീതിയുടെ (encryption) കേന്ദ്ര ആശയമായ ‘മറയ്ക്കാനുള്ള’ കോഡിംഗ് സൂത്രങ്ങൾ (blinding algorithm) കണ്ടെത്തിയ 1980 കളുടെ ആദ്യകാലത്താണ് ക്രിപ്റ്റോകറൻസിയുടെ സാങ്കേതികാടിസ്ഥാനം രൂപം കൊള്ളുന്നത്. എന്നിരുന്നാലും ക്രിപ്റ്റോ കറൻസികൾ 2009-ലാണ് തുടങ്ങുന്നത്.

എവിടെയാണു ക്രിപ്റ്റോ കറൻസി ഉപയോഗിക്കുന്നത്?

ക്രിപ്റ്റോ കറൻൻസി ഇടപാടുകളുടെ അജ്ഞാത സ്വഭാവം ഒരുപാടു നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കിണങ്ങുന്നതാണ്. എന്നാൽ, അടിച്ചമർത്തൽ സ്വഭാവമുള്ള സർക്കാരുകൾക്കു കീഴിൽ പ്രവർത്തിക്കുന്ന പ്രക്ഷോഭകരുടേയും സർക്കാരിന്റെ ജനവിരുദ്ധത വെളിച്ചത്തു കൊണ്ടുവരുന്നവരുടേയും സ്വകാര്യതയ്ക്കു സമാനമായ സംരക്ഷണം ചൂണ്ടിക്കാട്ടി ക്രിപ്റ്റോ കറൻസിയുടെ വക്താക്കൾ അതിന്റെ അജ്ഞാത സ്വഭാവത്തെ പിന്തുണയ്ക്കുന്നു. ഇത്തരം വഞ്ചനാത്മകമായ വക്കാലത്തുകളുണ്ടെങ്കിൽക്കൂടി, വ്യക്തമായ കാരണങ്ങളാൽ കളളക്കടത്തുകാർ, കള്ളക്കച്ചവടക്കാർ, കള്ളപ്പണമിടപാടുകാർ, നികുതി വെട്ടിപ്പുകാർ, അതിർത്തി കടന്നു നിയമവിരുദ്ധ ചരക്കുകളുടെ വ്യാപാരം നടത്തുന്നവർ തുടങ്ങിയവരാണിതുപയോഗിക്കുന്നത്. അത്തരമമിടപാടുകൾക്ക് ഈ അജ്ഞാത സ്വഭാവം പ്രധാനമാണ്. 24 ദശലക്ഷം വരുന്ന ബിറ്റ്കോയിൻ മാർക്കറ്റ് ഉപയോക്താക്കൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു ക്രിപ്റ്റോകറൻസി ഉപയോഗിക്കുന്നതായി കണക്കാക്കിയിരിക്കുന്നു. ഈ ഉപയോക്താക്കൾ വർഷത്തിൽ 72 ബില്യൺ ഡോളർ മൂല്യം വരുന്ന 26 ദശലക്ഷം ഇടപാടുകൾ നടത്തുന്നതായും ആകമാനം 8 ബില്യൻ ഡോളർ മൂല്യമുള്ള ബിറ്റ് കോയിൻ കൈവശം വക്കുന്നുവെന്നും ഒരു റിപ്പോർട്ടു പറയുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ക്രിപ്റ്റോകറൻസിയിലുള്ള മൊത്തം നിക്ഷേപം ഏതാണ്ട് 93 ബില്യൺ ഡോളറിന്റേതാണെന്നും മറ്റൊരു മാധ്യമ റിപ്പോർട്ടു പറയുന്നു. 2017 മുതൽ 2021വരെ ക്രിപ്റ്റോകറൻസിയുടെ മൂല്യം 6100% അഥവാ 61 ഇരട്ടി വർദ്ധിച്ചിട്ടുണ്ട്. ഇക്കാലയളവിൽ യു.എസിൽ സ്ഥാവരസ്വത്തുക്കളുടെ മൂല്യത്തിലുളള വർദ്ധന കേവലം 22% മാത്രമാണ്. തങ്ങളുടെ കൈയ്യിലുള്ള പണം ചുരുങ്ങിയ സമയത്തിനുളളിൽ പലമടങ്ങായി വർദ്ധിപ്പിക്കുവാനുള്ള മാർഗ്ഗമന്വേഷിച്ചു കൊണ്ടിരിക്കുന്ന അതിസമ്പന്നരായ നിക്ഷേപകരിലെ ഒരു വലിയൊരു ഭാഗം ക്രിപ്റ്റോ കറൻസിയെ അതിനായി തിരഞ്ഞെടുത്തിരിക്കുന്നു. ക്രിപ്റ്റോ കറൻസിയുടെ വിപണിമൂല്യം അതിന്റെ നിയമവിരുദ്ധതയുടെ മുഖ്യംശവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ അതിലോ മറ്റേതെങ്കിലും അജ്ഞാതമായ ക്രിപ്റ്റോകറൻസിയിലോ നിക്ഷേപിക്കുന്നതിലെ ധാർമ്മികതയുടെമേൽ വലിയ ചോദ്യമുയരുന്നു.

ആധുനിക സാങ്കേതിക വിദ്യയുടെ ദുരുപയോഗം

ആധുനിക ശാസ്ത്രത്തിലെ വിഗ്രഹഭഞ്ജകമായ ചില കണ്ടുപിടുത്തങ്ങൾ ആറ്റംബോമ്പും മറ്റു് ആണവായുധങ്ങളും പോലുള്ള സർവ്വനാശകാരികളായ ആയുധങ്ങൾ നിർമ്മിക്കാനായി അധാർമ്മികമായി ഉപയോഗിക്കപ്പെട്ടതുപോലെ, നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ നേട്ടങ്ങളുണ്ടാക്കുന്നതിനായി സാങ്കേതിക വിദ്യയിലെ മുന്നേറ്റം ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ തിളങ്ങുന്ന ഉദാഹരണമാണ് ക്രിപ്റ്റോകറൻസി. ഉദാഹരണത്തിന്, ആണവ ശക്തിയുടെ കണ്ടുപിടുത്തം മഹത്തായ ഒരു ശാസ്ത്രീയ നേട്ടമാണെന്നും മനുഷ്യസമൂഹത്തിന്റെ വികാസത്തിനും മുന്നേറ്റത്തിനുമായി ഉപയോഗിക്കപ്പെടേണ്ടതാണെന്നുമുള്ള കാര്യത്തിൽ എതിരഭിപ്രായമില്ല. എന്നാലതിനു പകരം ലോകത്തിനുമേൽ കൂട്ടക്കുരുതിയും സംഹാരവും സർവ്വനാശവും അഴിച്ചുവിട്ടു കൊണ്ട് അപരിമേയമായ ആണവ ശക്തിയെ ദുരുപയോഗം ചെയ്തതു യുഎസ് സാമ്രാജ്യത്വമാണ് എന്നു നമുക്കറിയാം. വിവരസാങ്കേതിക മേഖലയിലാകട്ടെ, മറ്റുപയോക്താക്കളുടെ പ്രൊഫൈലിൽ നുഴഞ്ഞുകയറുകയും അവരുടെ ഇന്റർനെറ്റ് അക്കൗണ്ടിൽ വ്യാജ ഉള്ളടക്കങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്ന ഹാക്കിംഗ് ഇന്നു സർവ്വസാധാരന്നമായിരിക്കുന്നു. വൻ തോതിലുള്ള സൈബർ ആക്രമണങ്ങളുടെ എണ്ണവും ചെറുതല്ല.


തിരഞ്ഞെടുക്കപ്പെട്ട ആളുകളുടെ കമ്പ്യൂട്ടറുകളും സ്മാർട്ട് ഫോണുകളും ഹാക്ക് ചെയ്ത് അവരുടെ സ്വകാര്യതയിലേക്കു നുഴഞ്ഞുകയറാനും അവരുടെ നീക്കങ്ങളും ആശയവിനിമയങ്ങളും ചോർത്തിയെടുക്കാനും പെഗസസ് പോലുള്ള സ്പൈവെയറുകൾ ഉപയോഗിക്കുന്നു എന്ന ഒടുവിലത്തെ വെളിപ്പെടുത്തലുകളും ഇതു തന്നെ തെളിയിക്കുന്നു. ലക്ഷ്യം വയ്ക്കപ്പെട്ട ചില വ്യക്തികളുടേയും സംഘടനകളുടേയും മേൽ നിരീക്ഷണം നടത്തുന്നതിനും അവരുടെ കമ്പ്യൂട്ടറുകളിലും സ്മാർട്ട് ഫോണുകളിലും വ്യാജ ഇ-മെയിൽ സന്ദേശങ്ങൾ സ്ഥാപിച്ച് അവരുടെമേൽ കുറ്റാരോപണം നടത്തുന്നതിനുമുള്ള ഉപകരണമെന്ന നിലയിൽ, ഒരു ഇസ്രായേൽ കമ്പനി സൃഷ്ടിച്ച സ്പൈവെയർ സർക്കാരുകൾക്കു മാത്രമാണു വില്പന നടത്തിയതെന്ന കാര്യവും നാം ശ്രദ്ധിക്കേണ്ട താണ്. എതിരാളികളുടെയും വിയോജിക്കുന്നവരുടെയും ഓരോ നീക്കവും അറിയാനും സൂക്ഷിക്കുന്നതിനും പങ്കുവക്കുന്നതിനുമായി ഇന്ത്യാഗവണ്മെന്റും ഈ സ്പൈവെയർ വാങ്ങിയതായി ആരോപിക്കപ്പെട്ടിട്ടുണ്ട്. നിയമപരമായ സാമ്പത്തിക ഇടപാടുകളെ നിരീക്ഷിക്കുന്ന സംവിധാനങ്ങളിൽ നിന്നു ഗൂഢമായി രക്ഷപ്പെടുകയും അതുവഴി വ്യവസ്ഥയെ വികലമാക്കുകയും ചെയ്തു കൊണ്ട്, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കു ക്ഷതമേല്പിക്കാൻ ശ്രമിക്കുന്നതിനാൽ ക്രിപ്റ്റോ കറൻസിയും പതുങ്ങിയിരുന്ന് ഉപദ്രവമേൽപിക്കുന്ന ഒന്നാണ്. ‘സാമൂഹികമായി ഉപകാരപ്രദമായ കർത്തവ്യ’മൊന്നുമില്ലാത്തതിനാൽ ഡിജിറ്റൽ കറൻസി നിയമവിരുദ്ധമായ ഒന്നാണെന്ന് നോബൽ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ ജോസഫ് സ്റ്റിഗ്ലിസ് നിരീക്ഷിച്ചിട്ടുണ്ട്. ” കൃത്രിമത്തിനുള്ള സാധ്യതയും നോട്ടപ്പിഴയുടെ അഭാവവും കൊണ്ടു മാത്രമാണ് ബിറ്റ് കോയിൻ വിജയിക്കുന്നത്, ” അദ്ദേഹം കൂട്ടിച്ചേർക്കുന്നു. “ഉയർന്നു വരികയും പിന്നെ താണുപോകുകയും ചെയ്യുന്നതിനാൽ കുറേപ്പേർക്ക് ആവേശകരമായ കുറേ സമയം കൊടുക്കുന്ന ഒരു കുമിളയാണിത് ” എന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

മരിച്ചു കൊണ്ടിരിക്കുന്ന മുതലാളിത്തം ക്രിപ്റ്റോ കറൻസിയെ പ്രോൽസാഹിപ്പിക്കുന്നു

എന്നിട്ടും, ക്രിപ്റ്റോകറൻസി പല സാമാജ്യത്വ- മുതലാളിത്ത രാജ്യങ്ങളിലും ഔദ്യോഗികാംഗീകാരം നേടിയെടുത്തിരിക്കുന്നു. സമാനമായ മൂല്യത്തിൽ, യഥാർത്ഥ നാണയത്തിലേക്കു മാറ്റിയെടുക്കാവുന്ന, അഥവാ യഥാർത്ഥ നാണയത്തിനു പകരമായുപയോഗിക്കാവുന്ന നാണയമാണ് ക്രിപ്റ്റോകറൻസി എന്നു നിർവ്വചിച്ച യു.എസ് ട്രഷറി വകുപ്പ് 2013 മുതൽ ബിറ്റ് കോയിനെ സംബന്ധിക്കുന്ന മാർഗ്ഗരേഖകൾ പുറപ്പെടുവി ക്കുന്നുണ്ട്. യൂറോപ്യൻ യൂണിയൻ ബിറ്റ്കോയിനേയും മറ്റു ക്രിപ്റ്റോ കറൻസികളേയും ക്രിപ്റ്റോ സ്വത്തായി അംഗീകരിക്കുന്നു. യൂറോപ്യൻ യൂണിയനകത്ത് ബിറ്റ്കോയിൻ ഉപയോഗം നിയമവിരുദ്ധമല്ല. ജപ്പാനിലും ആസ്ട്രേലിയയിലും സ്ഥിതിയിതാണ്.
ഏതാനും വമ്പൻ വികസിത സാമ്രാജ്യത്വ- മുതലാളിത്ത രാഷ്ട്രങ്ങളിൽ ബിറ്റ് കോയിൻ സ്വീകരിക്കപ്പെടുമ്പോൾ അനവധി അവികസിത രാജ്യങ്ങളിൽ അതിന്റെ വികേന്ദ്രിത സ്വഭാവവും അസ്ഥിരതയും സംശയത്തോടെ വീക്ഷിക്കപ്പെടുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി ഉപയോഗിക്കുന്നതിൽ ഉത്ക്കണ്ഠപ്പെടുന്നതോടൊപ്പം തങ്ങളുടെ സമ്പദ് വ്യവസ്ഥയ്ക്കു ഭീഷണിയാണതെന്നും ചില രാജ്യങ്ങൾ കരുതുന്നുണ്ട്. കുറേ രാജ്യങ്ങൾ ഡിജിറ്റൽ നാണയത്തെ അപ്പാടെ നിരോധിച്ചിട്ടുണ്ട്. മറ്റു ചിലവ വ്യാപാരത്തിനും ഉപയോഗത്തിനുമുള്ള ബാങ്കിംഗ്, സമ്പത്തിക വ്യവസ്ഥകളുടെ പിന്തുണ നിർത്തലാക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.


എന്തിനാണത്? സർക്കാരുകളുടേയും കേന്ദ്ര അധികാര സ്ഥാപനങ്ങളുടേയും നിയന്ത്രണങ്ങൾക്കു പുറത്തു നിലകൊള്ളുന്ന, പ്രത്യക്ഷത്തിൽത്തന്നെ സൂക്ഷ്മമായി സംരക്ഷിക്കപ്പെടുന്ന, ഒളിഞ്ഞ ഈ സമാന്തര സാമ്പത്തിക ഇടപാടുകൾ അംഗീകൃതമായ ഇടപാടുകളായി ഈ വമ്പൻ രാജ്യങ്ങൾ അംഗീകരിക്കുന്നതെന്തിനാണ്? കാരണം, മുതലാളിത്തം അതിന്റെ ജീർണ്ണവും മരണോന്മുഖവുമായ അവസ്ഥയിൽ പിന്തിരിപ്പൻ സ്വഭാവവും അമിതാധികാര പ്രവണതയും പ്രദർശിപ്പിക്കുക മാത്രമല്ല, മറിച്ച് സാമ്പത്തിക രംഗത്ത് എല്ലാത്തരം നിയമവിരുദ്ധ , ക്രമവിരുദ്ധ പ്രവർത്തനങ്ങളേയും കുറ്റകൃത്യങ്ങളേ പ്പോലും സംരക്ഷിക്കുന്ന ഒന്നായി മാറുകയും ചെയ്തിരിക്കുന്നു
അതുകൊണ്ട്, ജനങ്ങളെ പരമാവധി ചൂഷണം ചെയ്തുകൊണ്ട് പരമാവധി ലാഭം നേടിയെടുക്കുക എന്ന ലക്ഷ്യം നേടാൻ ഒന്നിനുപുറകേ ഒന്നായി നയങ്ങളാവിഷ്ക്കരിക്കുമ്പോൾത്തന്നെ ഭരണ കുത്തകകളും ബഹുരാഷ്ട കമ്പനികളും തങ്ങളുടെ ദാസ്യത്തിലുളള സർക്കാരുകളോട് ജനവിരുദ്ധ സാമ്പത്തിക, ധനനയങ്ങൾ ആവിഷ്ക്കരിക്കാൻ ആജ്ഞാപിക്കുകയും തങ്ങൾക്കും ആശ്രിതർക്കും പണം കൊയ്തെടുക്കാനുളള പുത്തൻ മേഖലകൾ തേടുകയും ചെയ്യുന്നു. ബൂർഷ്വാ സാമ്പത്തിക ചിന്തകർ മുൻകാലത്തു നിർദ്ദേശിച്ച സാമ്പത്തിക ചിട്ടകളും രീതികളും വികലമാക്കുന്നതിൽ അവർ യാതൊരു വൈഷമ്യവും കാണിക്കാതിരിക്കുകയും ജനതാല്പര്യത്തെ ബലി കൊടുത്തു കൊണ്ട് ഏതു ഹീനമാർഗ്ഗവും സ്വീകരിക്കുകയും ചെയ്യുന്നു. ക്രിപ്റ്റോകറൻസിക്കു സാധുത നൽകുന്നത് ഇതിനു തെളിവാണ്.

ബിജെപി നേതൃത്വത്തിലുള്ള ഇന്ത്യാ സർക്കാരിന്റെ
ഇരട്ടത്താപ്പ്

ഇന്ത്യൻ ഭരണ കുത്തകകളെയും ബിജെപി നേതൃത്വത്തിലുള്ള ഇപ്പോഴത്തെ സർക്കാരിനെപ്പോലുള്ള അവരുടെ സംരക്ഷകരെയും സംബന്ധിച്ച് ഇതു ശരിയാണ്. ആദ്യകാലത്ത് ജനങ്ങളെ കബളിപ്പിക്കുന്നതിനായി ക്രിപ്റ്റോ ഇടപാടുകൾ നിരോധിക്കുമെന്നു ബി.ജെ.പി സർക്കാർ വീമ്പു പറഞ്ഞിരുന്നു. കേന്ദ്ര ധനമന്ത്രിയായിരുന്ന പരേതനായ അരുൺ ജയ്റ്റ്ലി ക്രിപ്റ്റോകറൻസിയെ നിയമസാധുതയുള്ള നാണയമായി അംഗീകരിക്കില്ല എന്ന് 2017 ഡിസംബറിൽ പറഞ്ഞിരുന്നു (Money Control 01.12.17). ബിറ്റ്കോയിനുമായി ഇടപെടുന്നതിലെ അപകടസാദ്ധ്യതയെക്കുറിച്ചു റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയും ഇടയ്ക്കിടെ മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ അരുൺ ജയ്റ്റ്ലി 15 ദിവസത്തിനുള്ളിൽത്തന്നെ തന്റെ സ്വരം മയപ്പെടുത്തുകയും പാർലമെന്റിൽ ഇങ്ങനെ പ്രസ്താവിക്കു കയും ചെയ്തു. “ബിറ്റ് കോയിനെ സംബന്ധിച്ച നിയന്ത്രണപരവും നിയമപരവുമായ ആഗോളഘടനയെക്കുറിച്ചു പഠിക്കുന്നതിനും ഇന്ത്യയിലും ആഗോള തലത്തിലും ബിറ്റ് കോയിന്റെ സ്ഥിതിസംബന്ധിച്ച വിലയിരുത്തലിനും ബിറ്റ്കോയിൻ നിയന്ത്രണത്തിനുളള രൂപരേഖ തയ്യാറക്കുന്നതിനും മറ്റുമായി സാമ്പത്തിക കാര്യവകുപ്പ് ഒരു വിഷയാന്തര സമിതിയെ നിയോഗിച്ചിരിക്കുന്നു”. കമ്മിറ്റി റിപ്പോർട്ടു സമർപ്പിച്ചു, റിപ്പോര്‍ട്ട് സർക്കാരിന്റെ പരിഗണനയിലുമാണ് (Zee Bis 02.01.18). ക്രിപ്റ്റോ കറൻസി നമ്മുടെ യുവാക്കള നശിപ്പിക്കും എന്നു പ്രധാനമന്ത്രി തന്നെ കഴിഞ്ഞ നവംബറിൽ പറഞ്ഞിട്ടുണ്ട് (BBC 12.12.21). പക്ഷേ മുതലാളിത്ത ആഗോളവൽക്കരണത്തിൽ ഭരണക്കുത്തകകളുടേയും ബഹുരാഷ്ട്ര കമ്പനികളുടേയും ആജ്ഞ ധിക്കരിക്കുവാൻ അവരുടെ രാഷ്ട്രീയ കാര്യകർത്താക്കൾക്കും പിണിയാളുകൾക്കും കഴിയില്ല. എന്നാൽ, ജനാധിപത്യത്തെ തകിടം മറിക്കുന്നതിനുപകരം അതിനെ ശക്തിപ്പെടുത്തുന്നതിനായി ക്രിപ്റ്റോ കറൻസി പോലെയുള്ള ഉയർന്നു വരുന്ന സാങ്കേതികവിദ്യകൾക്ക് ആഗോള മാനദണ്ഡങ്ങൾ രൂപികരിക്കണമെന്ന് ഒരു മലക്കം മറിച്ചിലിലൂടെ, അതേ ബി.ജെ.പി പ്രധാനമന്ത്രി തന്നെ കഴിഞ്ഞ ഡിസംബർ 17ന് ആഹ്വാനം ചെയ്യുകയുമുണ്ടായി. യു.എസ് പ്രസിഡണ്ട് ജോ ബൈഡൻ ആതിഥ്യം വഹിച്ച ജനാധിപത്യത്തിനു വേണ്ടിയുള്ള ഉച്ചകോടിയെ ഓൺലൈനായി അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി മോഡി ഇങ്ങനെ പറഞ്ഞു. “ജനാധിപത്യത്തെ തകിടം മറിക്കുന്നതിനു പകരം അതിനെ ശക്തിപ്പെടുത്തുന്നതിനായി സാമൂഹിക മാധ്യമങ്ങളും ക്രിപ്റ്റോ കറൻസികളും പോലുള്ള ഉയർന്നു വരുന്ന സാങ്കേതിക വിദ്യകൾക്കും നമ്മൾ ആഗോള മാനദണ്ഡങ്ങൾ രൂപികരിക്കേ ണ്ടതുണ്ട്” (ഹിന്ദുസ്ഥാൻ ടൈംസ് 19.12.21).


ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഇങ്ങനെ പറഞ്ഞു “നമ്മൾ ദേശീയതലത്തിൽ ചിന്തിക്കുമ്പോൾത്തന്നെ, നിങ്ങളുടെ ക്രിപ്റ്റോകറൻസിയോ സാങ്കേതിക വിദ്യയാൽ നടത്തപ്പെടുന്ന പണമിടപാടുകളോ ഡാറ്റാസുരക്ഷിതത്വമോ ആകട്ടെ ആ ഡാറ്റ ധാർമികമായി ഉപയാേഗിക്കപ്പെടുമെന്നുറപ്പാക്കുന്നതിനു വേണ്ടി, സാങ്കേതിക വിദ്യയുടെ ചലനത്തെ നിരീക്ഷിക്കുന്നതിനായി ആഗോള തലത്തിലുള്ള സംവിധാനങ്ങൾ ഉണ്ടാകേണ്ടതുണ്ട്” (മേൽ സൂചന). ഇപ്പോൾ ക്രിപ്റ്റോ കറൻസിയെക്കുറിച്ച് പുനഃസംഘടിപ്പിക്കപ്പെട്ട ഒരു ബിൽ, മന്ത്രിസഭയുടെ അംഗീകാരത്തിനുശേഷം പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ക്രിപ്റ്റോ കറൻസിെക്കതിരേ കടുത്ത എതിർപ്പുയർത്തിയിരുന്ന ആർ.ബി.ഐ ഇപ്പോൾ “അതിന്റെ ഔദ്യോഗികമായ ഡിജിറ്റൽ കറൻസിയുടെ രൂപികരണത്തിനുളള ചട്ടക്കൂട് സൃഷ്ടിക്കണമെന്ന” നിലയിലെത്തിയിരിക്കുന്നു എന്നതു രസകരമാണ്.
ഈയിടെ പ്രധാനമന്ത്രി മോഡിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്കു ചെയ്യപ്പെടുകയും ബിറ്റ്കോയിനെ നിയമസാധുതയുള്ള നാണയമായി ഇന്ത്യ അംഗീകരിച്ചുവെന്നും എല്ലാ പൗരന്മാർക്കും അതു വിതരണം ചെയ്യുമെന്നുമുള്ള സന്ദേശം പ്രത്യക്ഷപ്പെടുകയും ചെയ്തത് എല്ലാവർക്കുമറിവുള്ളതാണല്ലോ. എത്ര കനത്ത സുരക്ഷാ ഭിത്തിയേയും മറികടക്കാൻ കഴിയുന്ന രീതിയിൽ ശക്തമാണ് ഹാനികരമായ വിവരസാങ്കേതിക വിദ്യാ സങ്കേതങ്ങളും അതു കൈകാര്യം ചെയ്യുന്നവരും എന്നിതു കാണിക്കുന്നു. ഈ കുറ്റവാളികൾ നമ്മുടെ സാമ്പത്തികരംഗത്ത് ആധിപത്യമുറപ്പിച്ചാൽ എന്താണു സംഭവിക്കുകയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കള്ളപ്പണത്തിന്റെ കൂമ്പാരങ്ങൾ ഉണ്ടാകുന്നതിനെപ്പറ്റിയും ക്രമപ്പെടുത്ത പ്പെട്ട സാമ്പത്തിക പ്രവർത്തനങ്ങ ളെ ശിഥിലമാക്കുകയും സാമ്പത്തികാസമത്വം വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഓഹരിക്കമ്പോളത്തിലെ ചിന്താശൂന്യമായ ഊഹക്കച്ചവടത്തെപ്പറ്റിയും മാത്രമേ ഇത്രകാലം സാധാരണക്കാർക്ക് ഉത്ക്കണ്ഠപ്പെടേണ്ടതുണ്ടായിരുന്നുള്ളൂ. ഇപ്പോൾ ക്രിപ്റ്റോകറൻസി മറ്റൊരു വേവലാതിയായി മാറിയിരിക്കുന്നു. ശരിയാണ്, അത്തരം സങ്കീർണ്ണമായ ക്രിപ്റ്റോകറൻസി ഇടപാടുകൾ സാധാരണക്കാർക്കു മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതും അവയെ കണ്ടെത്താനുള്ള മാർഗ്ഗങ്ങൾ തന്നെ വിരളവുമാണ്.


യഥാർത്ഥത്തിൽ ഭരണവർഗ്ഗത്തിനും വേണ്ടതതുതന്നെയാണ് – കൊളളയ്ക്കായുള്ള തങ്ങളുടെ തന്ത്രങ്ങൾ പ്രാവർത്തിക മാക്കാനുതകുന്ന ജനങ്ങളുടെ അറിവില്ലായ്മ. ബോധമുള്ള ജനവിഭാഗങ്ങളുടെ പ്രത്യേകിച്ച്, മുതലാളിത്ത ഗൂഢാലോചനയെ തുറന്നു കാട്ടി അതിനെ വിപ്ലവത്തിലൂടെ തൂത്തെറിയാനുള്ള ഉത്തരവാദിത്വമേറ്റെടുത്തിരിക്കുന്നവരുടെ ചുമതലയാണ് മുതലാളിത്തത്തിന്റേയും അതിന്റെ സംരക്ഷകരുടേയും കുടില പദ്ധതികളേയും ദുഷ്ടമായ ഉപജാപങ്ങളേയും മറനീക്കിക്കാണിക്കുക എന്നത്.

Share this post

scroll to top