കെ റെയിൽ വിരുദ്ധ പ്രക്ഷോഭം: അചഞ്ചലമായ ജനാധിപത്യ പ്രക്ഷോഭത്തിലൂടെ മാത്രമേ നീതി സ്ഥാപിക്കാനാകൂ

SamaraJadha-5.jpg
Share

കെ റെയിൽ സിൽവർലൈൻ പദ്ധതിക്കുവേണ്ടി സ്വകാര്യഭൂമിയിൽ കല്ലിടുന്നതിനെതിരെ ചില വ്യക്തികൾ ഹൈക്കോടതിയിൽ കേസ് നൽകിയിരുന്നു. തുടർന്ന് അവരുടെ ഭൂമിയിൽ കല്ലിടുന്നത് വിലക്കിക്കൊണ്ട് സിംഗിൾ ബഞ്ച് വിധി പുറപ്പെടുവിച്ചു. അതിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ സിംഗിൾ ബഞ്ച് വിധി റദ്ദാക്കിക്കൊണ്ട്, ഡിവിഷൻ ബെഞ്ച് കല്ലിടൽ നടപടിക്കു അനുവാദം നൽകി. നിലവിലുള്ള സർവ്വേ ആന്റ് ബൗണ്ടറീസ് ആക്റ്റിന്റെ പിൻബലത്തിലാണ് കല്ലിടുന്നതെന്ന സർക്കാരിന്റെ വാദത്തെ കോടതി അംഗീകരിച്ചു. ഈ വിധി വന്നതോടെ കേരളത്തെ വിനാശത്തിലേക്ക് തള്ളി വിടുന്ന സിൽവർ ലൈൻ പദ്ധതിക്കെതിരെ കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിയും സാമ്പത്തിക-സാങ്കേതിക-പാരിസ്ഥിതിക വിദഗ്ദ്ധരും ഉയർത്തിയ എല്ലാ വാദഗതികളും തകർന്നടിഞ്ഞെന്നും പദ്ധതിക്ക് നിയമ സാധുത ലഭിച്ചുവെന്നും ഡിവിഷൻ ബഞ്ച് വിധി ചൂണ്ടിക്കാട്ടി കെ റെയിൽ സംഘം ചന്ദ്രഹാസമിളക്കി നടക്കുകയാണ്. വിധിയെ ആയുധമാക്കി സർക്കാരാകട്ടെ, വൻ പോലീസ് പടയെ നിയോഗിച്ചുകൊണ്ട് പാവപ്പെട്ട ജനങ്ങളെ ആക്രമിച്ചും ഭീഷണിപ്പെടുത്തിയും കല്ലിടാനായി കിണഞ്ഞുപരിശ്രമിക്കുകയാണ്. നിരായുധരായ പതിനായിരക്കണക്കിന് ജനങ്ങൾ ഒരു വശത്തും സർവ്വസന്നാഹങ്ങളോടെ പോലീസ് മറുവശത്തുമായി കേരളത്തെ സർക്കാർ ഒരു യുദ്ധക്കളമാക്കി മാറ്റിയിരിക്കുന്നു.
സത്യത്തിന്റെ അവസാനവാക്കെന്ന നിലയിൽ കോടതിയെ അവതരിപ്പിക്കാനും വിധി ചൂണ്ടിക്കാട്ടി സമരം അന്യായമാണെന്ന് സ്ഥാപിക്കാനും സിപിഐ(എം)ഉം അവർ നയിക്കുന്ന മുന്നണിയും അതിന്റെ കുഴലൂത്തുകാരും നടത്തുന്ന പരിശ്രമം പരമദയനീയം തന്നെ. തങ്ങൾക്ക് ഹിതകരമല്ലാത്ത വിധികൾ വരുമ്പോൾ ന്യായാധിപന്മാരെ ചീത്തവിളിക്കുകയും അനുകൂലമായ വിധികൾ ഉണ്ടാകുമ്പോൾ പെട്ടെന്ന് നിയമസംവിധാനത്തെ മഹത്വവൽക്കുകയും ചെയ്യുന്ന അങ്ങേയറ്റം മ്ലേഛമായ ഇരട്ടത്താപ്പിന്റെ വക്താക്കളായി സിപിഐ(എം) അധ:പതിച്ചിരിക്കുന്നു. താൽക്കാലികനേട്ടത്തിനുവേണ്ടി കോടതിവിധികളെ വെള്ളപൂശുന്ന നടപടി ദീർഘകാലാടിസ്ഥാനത്തിൽ ജനാധിപത്യഘടനയ്ക്കുതന്നെ ഏൽപ്പിക്കുന്ന ആഘാതം ഇക്കൂട്ടർക്ക് പിഗണനാവിഷയമല്ല. വിധി ചൂണ്ടിക്കാട്ടി ഇരകളായ സമര പോരാളികളെ നിരാശപ്പെടുത്തുകയും ശക്തമായ പോലീസ് നടപടിയിലൂടെ സാധാരണക്കാരെ ഭയപ്പെടുത്തുകയുമാണ് അവർ ലക്ഷ്യം വയ്ക്കുന്നത്. അതിലവർ വിജയിക്കുന്നില്ലെന്ന് മാത്രമല്ല, കല്ലിടലിനെതിരെയുള്ള ചെറുത്തുനിൽപ്പ് കേരളത്തിന്റെ മുക്കിനും മൂലയിലും ഇന്ന് ശക്തിയാർജ്ജിച്ച് കുതിക്കുകയാണ്.


നിയമപരമായതെന്തും നീതിയാകണമെന്നില്ല


സർക്കാർ ജനങ്ങൾക്കെതിരെ കൈക്കൊള്ളുന്ന ഏതൊരു നടപടിക്കും നിയമ പിൻബലമുണ്ട് എന്നത് വാദത്തിന് വേണ്ടി അംഗീകരിച്ചാൽത്തന്നെയും അവയെല്ലാം നീതിപരമാണോ എന്ന വളരെ പ്രസക്തമായ ഒരു പരിശോധന ഈ ഘട്ടത്തിൽ ആവശ്യമായിരിക്കുന്നു. സാഹചര്യം ഇത്രയും യുദ്ധസമാനമായിരിക്കെ കോടതി പറഞ്ഞത്, ഹർജിക്കാർ ഉന്നയിച്ച ആശങ്കകൾ നിയമപരമായി നിലനിൽക്കുന്നതല്ല എന്നാണ്. ഇവിടെ നിയമവും ന്യായവും മുഖാമുഖം വരുന്നു.’നിയമം, നീതി പ്രദാനം ചെയ്യുന്ന വാഹനമാണ്. എന്നാൽപോലും ദുരന്തപൂർണമായ സത്യമെന്തെന്നാൽ പലപ്പോഴും നിയമം നീതിയോട് മുഖംതിരിച്ചു നിൽക്കുമെന്ന് മാത്രമല്ല, ശത്രുതാപരമായും നിലകൊള്ളുന്നു’ എന്ന് ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ പറഞ്ഞത് ഇവിടെ പ്രസക്തമാണ്.


കെ റെയിൽ പദ്ധതിയെ കേരളം എതിർക്കുന്നത് നിയമപുസ്തകങ്ങൾ പരതി നോക്കിയല്ല; സൂര്യസമാനം തെളിച്ചമാർന്ന ന്യായയുക്തതയുടെ അടിസ്ഥാനത്തിലാണ്. ധനാർത്തിയും സമ്പന്നവർഗ താൽപര്യങ്ങളും പാർട്ടിക്കൂറും കൊണ്ട് ആന്ധ്യം ബാധിക്കാത്തവർക്കൊക്കെ അതിനെ സംബന്ധിച്ച് തീവ്രബോധ്യവുമുണ്ട്. പദ്ധതിക്കുവേണ്ടി കുടിയിറക്കപ്പെടുന്നവരുടെ ജീവിതനഷ്ടം പൂർണമായി പുനഃസ്ഥാപിക്കപ്പെടില്ലെന്ന്, ബഫർസോണുകളിൽ പെട്ടു പോകുന്നവരുടെ ജീവിതം എന്നന്നേക്കുമായി വഴിമുട്ടുമെന്ന്, പരിസ്ഥിതി നാശം കേരളത്തെ വാസയോഗ്യമല്ലാതാക്കി മാറ്റുമെന്ന്, സംന്തുലിത ഭൂപ്രകൃതി മാറി പ്രകൃതിദുരന്തങ്ങൾക്ക് വഴിയൊരുക്കുമെന്ന്, കടമെടുക്കുന്ന ഭീമമായ തുക ആർത്തിപെരുത്ത ചില മൂലധനശക്തികളുടെ കരങ്ങളിലെത്തുമെന്ന്, കടഭാരം കൊണ്ട് ശമ്പളവും പെൻഷനും ക്ഷേമ പ്രവർത്തനങ്ങളും നിലയ്ക്കുമെന്ന്, ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഭാവി വികസന സാധ്യതകളെല്ലാം ഇല്ലാതാക്കപ്പെടുമെന്ന് ചിന്താശേഷിയുള്ളവർക്കെല്ലാം പൂർണ ബോധ്യമുണ്ട്. ഈ ദുരന്ത സാധ്യതകൾ നിയമ ഗ്രന്ഥങ്ങളുടെ വകുപ്പുകളിലും ഉപവകുപ്പുകളിലുമൊന്നും എഴുതിചേർത്തിട്ടുണ്ടാവില്ല. നിയമമുണ്ടാക്കുന്ന നിയമസഭയിലൊ, നിയമത്തെ വ്യാഖ്യാനിക്കുന്ന കോടതി മുറികളിലൊ ഈ നഷ്ടം അനുഭവിക്കുന്നവരുടെ രോദനങ്ങൾ മുഴങ്ങാറില്ല.
സംസ്ഥാന സർക്കാരും ഇന്ത്യൻ റെയിൽവേയും ചേർന്ന് രൂപീകരിച്ചതെങ്കിലും തീർത്തും സ്വകാര്യസ്വഭാവമുള്ള ഒരു കമ്പനിയാണ് കെ റെയിൽ. അതിന് സർക്കാരിന്റെ ‘സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ’ എന്ന പദവി നൽകുകയും ചെയ്തു. സർക്കാർ സംവിധാനങ്ങളുടെ നിയമങ്ങളും ബാധ്യതകളും പരിശോധനകളും, നിയമനവ്യവസ്ഥകളും നിയന്ത്രണങ്ങളും ബാധകമല്ലാത്ത; എന്നാൽ സർക്കാരിന്റെ വകുപ്പുകളുമായി ബന്ധിപ്പിക്കപ്പെട്ട് സർക്കാരിന്റെ തന്നെ അധികാരാനുകൂല്യങ്ങൾ ലഭ്യമാകുന്ന സംവിധാനമാണിത്. പൊതു ധനകാര്യ കമ്പോളത്തിൽനിന്ന് ധനസമാഹരണം നടത്താനും സ്വകാര്യപങ്കാളിത്തം നേടാനും അതിന് അവകാശമുണ്ട്. പക്ഷേ ഇതുണ്ടാക്കുന്ന സാമ്പത്തിക ബാധ്യത മുഴുവൻ, സർക്കാരിന്റെ അതായത് ജനങ്ങളുടെ ബാധ്യത ആയി മാറുകയും ചെയ്യും. ഒടുവിൽ സർക്കാരിന്റെ കൈവശമുള്ള ഓഹരികൾ വിറ്റഴിച്ച് സ്വകാര്യമുതലാളിമാർക്ക് കൈമാറാനും നിയമ തടസ്സമൊന്നുമില്ല. ആഗോളവൽക്കരണ കാലത്ത് മൂലധന താല്പര്യങ്ങൾക്ക് സഹായിയായി പ്രവർത്തിക്കുകയും നികുതിപ്പണംകൊണ്ട് പടുത്തുയർത്തിയ ജനങ്ങളുടെ ആസ്തികൾ അവർക്ക് തീറെഴുതിനൽകുകയും അവർക്ക് ആവശ്യമായ സംരക്ഷണകവചമൊരുക്കുകയും, പക്ഷേ സർക്കാരിന്റെ നിയന്ത്രണങ്ങൾക്കും മേൽനോട്ടത്തിനും പുറത്തു നിൽക്കുകയും ചെയ്യുന്ന വഞ്ചനാത്മകമായ സംവിധാനത്തിന്റെ പേരാണ് ‘സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ’. അത്തരമൊന്നാണ് കേരളാ റെയിൽ ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് അഥവാ കെ റെയിൽ.


ഇങ്ങനെയുള്ള സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളുകൾ, മിഷനുകൾ തുടങ്ങിയവ ഇന്ന് സർക്കാരിന്റെ ഏതാണ്ടെല്ലാ വകുപ്പുകളിലും ആവിർഭവിക്കുകയും ക്രമേണ നിലവിലുള്ള സർക്കാർ സംവിധാനങ്ങളെ വിഴുങ്ങുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നു. കിഫ്ബി, എൻആർഎച്ച്എം, എസ്.എസ്.എ, നവകേരളമിഷൻ തുടങ്ങിയവ ഇത്തരത്തിൽ ആഗോളവൽക്കരണ തത്ത്വങ്ങൾക്കനുസരിച്ച് രൂപീകരിക്കപ്പെട്ടിട്ടുള്ള സംവിധാനങ്ങളാണ്. ഈ സത്വങ്ങളൊക്കെ ഇങ്ങനെ പ്രവർത്തിക്കുന്നത് ഏതെങ്കിലുമൊക്കെ നിയമങ്ങളുടെ പിൻബലത്തിലാണ്. അതൊക്കെ പാസാക്കുന്നതാകട്ടെ ജനങ്ങൾ തെരഞ്ഞെടുത്ത് അയയ്ക്കുന്ന പ്രതിനിധികളും. ഈ നിയമങ്ങൾ യഥാർത്ഥ ജനേശ്ചയെ പ്രതിഫലിപ്പിക്കുന്നു ണ്ടോ എന്ന് എവിടെ പരിശോധിക്കപ്പെടുന്നു? ചർച്ച പോലുമില്ലാതെ അപ്പം ചുടുന്നതുപോലെ പാസായി പോകുന്നവയാണ് പല നിയമങ്ങളുമെന്ന് നമ്മൾ പതിവായി കാണുന്നു. ഇങ്ങനെ ആവിർഭവിക്കുന്ന നിയമങ്ങളെ വ്യാഖ്യാനിക്കുക മാത്രമാണ് കോടതികളുടെ ചുമതല. ജനാനുകൂല നീതിബോധമുള്ള കോടതി അപൂർവ്വമായെങ്കിലും ജനങ്ങളുടെ പക്ഷത്തു നിന്ന് നിയമങ്ങൾ വ്യാഖ്യാനിച്ച് വിധി പുറപ്പെടുവിക്കാറുണ്ട് എന്നത് കാണാതെ പോകുന്നില്ല. പക്ഷെ കോടതികൾ നിയമബദ്ധമാണ്. അതാണതിന്റെ പരിധിയും പരിമിതിയും.


നീതിയെ പ്രതിനിധാനം ചെയ്യുന്ന ജനങ്ങളുടെ ഡിമാന്റുകളിൽ തീർപ്പ് കൽപ്പിക്കാൻ കോടതികൾക്കാവില്ല


വൻകിട കോർപ്പറേറ്റുകൾക്കുവേണ്ടി മുകളിൽപ്പറഞ്ഞ ലക്ഷ്യങ്ങൾ നിറവേറ്റാനിടയാക്കുംവിധം ആഗോളവൽക്കരണത്തിന്റെ പുതിയ നിയമങ്ങൾ നിർമ്മിക്കുന്നതിന് ഭരണം കൈയ്യാളിയിട്ടുള്ള എല്ലാ കക്ഷികളും ഒരേ മനസ്സോടെ നിലപാടെടുത്തിട്ടുണ്ട്. വിധി പുറപ്പെടുവിക്കാൻ കോടതികൾ മാനദണ്ഡമാക്കുന്നത് ഈ നിയമങ്ങളാണെന്നിരിക്കെ നീതി എങ്ങിനെ പുലരും? അതിനാൽ ജനകീയസമരങ്ങൾ മുന്നോട്ടുവയ്ക്കുന്ന ഡിമാന്റുകളിൽ തീർപ്പുകൽപ്പിക്കാനായി കോടതികളിൽ യുദ്ധം ചെയ്യുന്നത് വ്യർത്ഥമായ പ്രവൃത്തിയാണ്. പ്രതികൂലമായ വിധികൾ വരുന്നതോടെ നിയമപരമായ നിലനിൽപ്പില്ലാത്ത ഒന്നായി സമരം മാറുകയും ഭരണകൂട ശക്തികൾക്ക് സമരത്തെ കൂടതൽ ശക്തമായി അടിച്ചമർത്താൻ വഴിതെളിയുകയും ചെയ്യും. ഇപ്പോൾ കെ റെയിൽ കല്ലിടലിൽ നാം കാണുന്നത് ഈ സ്ഥിതിവിശേഷമാണ്. അവിടംകൊണ്ടും അത് അവസാനിക്കില്ല. പ്രതികൂലവിധികൾ, വേണ്ടത്ര രാഷ്ട്രീയധാരണ ഇല്ലാത്ത സാധാരണമനുഷ്യരിൽ നിരാശ പടർത്താനും അതു സമരത്തിന്റെ വീറിനെയും ഉശിരിനെയും കെടുത്തിക്കളയാനും ഇടയാക്കും. ചുരുക്കത്തിൽ കോടതി മുറികളിലെ പോരാട്ടം ജനങ്ങൾക്ക് നീതി ഉറപ്പാക്കാനുള്ള ഒരേയൊരു മാർഗ്ഗമെന്ന നിലയിൽ കാണുന്നതും അങ്ങിനെ പ്രചരിപ്പിക്കുന്നതും ആത്യന്തികമായി ജനതാൽപ്പര്യം സംരക്ഷിക്കാൻ സഹായിക്കില്ല.


നിയമസംവിധാനം ആഗോളവൽക്കരണനയങ്ങളുടെ ഉറച്ച സംരക്ഷകരായി മാറുന്നു


കോടതിവിധികളിലൂടെ ഇൻഡ്യയിൽ നിറവേറ്റപ്പെടുന്ന നീതി എത്രത്തോളമാണ്? പ്രത്യേകിച്ചും ആഗോളവൽക്കരണത്തിന്റെയും നവലിബറൽ നയങ്ങളുടെയും കാലത്ത്. നീതിയുടെ പക്ഷത്തുനിന്ന് ചിന്തിക്കുന്ന ഏവരെയും ഞെട്ടിപ്പിക്കുന്നവിധം നിയമങ്ങളെ മൂലധന താല്പര്യങ്ങൾക്കനുസൃതമായി വ്യാഖ്യാനിച്ചു കൊണ്ടുള്ള വിധികൾ സമീപകാലത്തായി നമ്മുടെ കോടതി സൗധങ്ങളിൽ നിന്ന് പുറത്തുവരുന്നത് നാം കാണുന്നു. യാതൊരു തയ്യാറെടുപ്പിനും ഇടകൊടുക്കാതെ നരേന്ദ്രമോദി പ്രഖ്യാപിച്ച ലോകത്തെ ഏറ്റവും നിഷ്ഠുരമായ ലോക്ക് ഡൗണിനെത്തുടർന്ന് വരുമാനം നഷ്ടപ്പെട്ട തൊഴിലാളികൾ പട്ടിണിയെ നേരിട്ടപ്പോൾ അവരുടെ ശമ്പളം വെട്ടിക്കുറയ്ക്കരുതെന്ന് കേന്ദ്രസർക്കാർ ഉത്തരവിട്ടു. ആത്മാർത്ഥത തീരെയില്ലാത്തതിനാൽ സ്വന്തം ഉത്തരവ് നടപ്പാക്കാൻ സർക്കാർ യാതൊരു നടപടിയുമെടുത്തില്ല. ഉത്തരവ് മരവിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുതലാളിമാർ ഫയൽചെയ്ത കേസിൽ അവർക്ക് അനുകൂലമായി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചു. പണി ചെയ്യുന്ന തൊഴിലാളിക്ക് ശമ്പളം നൽകണമെന്ന നിയമം നിലനിൽക്കുന്ന ഒരു രാജ്യത്ത്, പ്രസ്തുത നിയമം നടപ്പാക്കുന്നതിൽ വീഴ്ച ഉണ്ടാകരുതെന്ന് നിഷ്‌കർഷിച്ച ഉത്തരവ് മരവിപ്പിച്ചു! അതും രാജ്യത്തിന്റെ പരമോന്നത കോടതി! ലോക്ക്ഡൗൺ വേളയിൽ നിസ്സഹായരും പരിഭ്രാന്തരുമായ തൊഴിലാളികളും കുടുംബങ്ങളും ജീവനും ജീവിതവും നിലനിർത്താനായി നൂറുകണക്കിന് കിലോമീറ്ററുകൾ അകലെയുള്ള സ്വന്തം ഗ്രാമങ്ങളിലേക്ക് കാൽനടയായി സഞ്ചരിച്ചു. വഴിയിൽ നിരവധി തൊഴിലാളികൾ പിടഞ്ഞുവീണു മരിച്ചു. അതൊന്നും കോടതിയുടെ മനസ്സ് അലിയിച്ചില്ല. മറിച്ച് അവർ മുതലാളിയുടെ വരുമാന നഷ്ടത്തെപ്പറ്റി കദനപ്പെടുകയായിരുന്നു.


മനുഷ്യത്വരഹിതമായ തൊഴിൽ സാഹചര്യങ്ങൾ കാരണം ഹരിയാനയിലെ മാരുതി മാനേജ്‌മെന്റിനെതിരായ തൊഴിലാളികളുടെ സമരത്തിനിടയിലെ തീപിടുത്തത്തിൽ ഒരാൾ മരണപ്പെട്ടതിന്റെ കുറ്റം തൊഴിലാളികൾക്ക് മേൽ ചാർത്തി 148 തൊഴിലാളികളെ ജാമ്യം നിഷേധിച്ച് മൂന്നരവർഷത്തോളം ജയിലിലടയ്ക്കുകയും 18 തൊഴിലാളി നേതാക്കളെ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കുകയുമുണ്ടായി. ജാമ്യം നിഷേധിച്ചു കൊണ്ട് പുറപ്പെടുവിച്ച വിധിയിൽ പറഞ്ഞത്, ജാമ്യം നൽകിയാൽ തൊഴിൽ സമരങ്ങൾ കാരണം വിദേശ നിക്ഷേപകർ ഇന്ത്യയിൽ പണം മുടക്കാൻ തയ്യാറാവില്ല എന്നാണ്.
ജീർണിച്ച ഈ വ്യവസ്ഥിതിയുടെ എല്ലാ എടുപ്പുകളും മലിനമാകുന്നത് പോലെ ജുഡീഷ്യറിയും അപചയത്തെ നേരിടുന്നതാണ് നാം കാണുന്നത്. അതിന്റെ പുഴുക്കുത്തുകൾ പുറത്ത് വിളിച്ചു പറയുന്നത് ന്യായാധിപസഭകളിലെ ഏറ്റവും പ്രമുഖർ തന്നെയാണ്. അധികാര വർഗ്ഗത്തിന് വേണ്ടി വിധി പറയുന്നതിന് പ്രതിഫലമായി പദവികൾ ഏറ്റുവാങ്ങുന്നതിൽ യാതൊരു ജാള്യതയും ഇന്നു കാണുന്നില്ല. ഭരണവർഗ്ഗത്തിന്റെ, മൂലധനശക്തികളുടെ താൽപര്യാർത്ഥം വരുന്ന നിയമങ്ങൾ മുകളിൽനിന്ന് കെട്ടിയിറക്കപ്പെടുന്നവയാണ്. ദേശീയ വിദേശീയ കോർപ്പറേറ്റ് ഉപശാലകളിൽ നിന്നും അവർക്കുവേണ്ടി ചിന്തിക്കുന്ന വരേണ്യ പണ്ഡിതന്മാരിൽ നിന്നും ഉടലെടുത്തു സർക്കാർ ഭരണയന്ത്രത്തിലൂടെ, ‘നിയമനിർമ്മാണസഭ’കളിലൂടെ നാടിന്റെ നിയമ സഞ്ചയത്തിൽ ചേർക്കപ്പെടുന്ന പുതിയ നിയമങ്ങളെല്ലാം അതിധനികർക്കുവേണ്ടി മാത്രമുള്ളവയാണ്. കാർഷിക നിയമങ്ങളും തൊഴിൽ കോഡുകളുമൊക്കെ അങ്ങനെ വന്നതാണ്.
നിയമങ്ങളുടെ വർഗപരമായ ഉള്ളടക്കം തുറന്നു കാട്ടിക്കൊണ്ട് ഈ യുഗത്തിലെ സമുന്നതനായ മാർക്‌സിസ്റ്റ് ദാർശനികൻ സഖാവ് ശിബ്ദാസ് ഘോഷ് പറഞ്ഞു, ‘ഒരു വർഗ്ഗവിഭജിത സമൂഹത്തിൽ നിയമം ഭരണവർഗ താല്പര്യങ്ങളെ കാത്തുസൂക്ഷിക്കാൻ ബാധ്യതപ്പെട്ടിരിക്കുന്നു. അതിനാൽ നിയമം എല്ലാവർക്കും തുല്യമാണ് എന്ന അവകാശവാദം യഥാർഥത്തിൽ ജനങ്ങളുടെ മുന്നിൽ നിയമങ്ങളുടെ സ്വഭാവത്തെ മറച്ചുവയ്ക്കാനുള്ള തട്ടിപ്പ്തന്ത്രം മാത്രമാണ്. ദുർബലർക്കും ആലംബഹീനർക്കുംഅടിച്ചമർത്തപ്പെടുന്നവർക്കും അധ്വാനിക്കുന്നവർക്കും അനുകൂലമായി നിയമം ചമക്കപ്പെടുമ്പോൾ മാത്രമേ തുല്യനീതി പുലരൂ. വിഖ്യാതനായ ഫ്രഞ്ച് സാഹിത്യകാരൻ അനറ്റോൾ ഫ്രാൻസ് പരിഹാസത്തിൽ മുക്കി പറഞ്ഞു, ‘നിയമം അതിന്റെ പ്രൗഢമായ തുല്യനീതിയാൽ, ധനികനെയും ദരിദ്രനെയും പാലത്തിനടിയിൽ കിടന്നുറങ്ങുന്നതിലും തെരുവിൽ യാചിക്കുന്നതിലും ഭക്ഷണം മോഷ്ടിക്കുന്നതിലും നിന്നു ഒരേപോലെ വിലക്കുന്നു’.
പോലീസ് സംവിധാനവും കോടതി വ്യവസ്ഥയും ദരിദ്രനും ധനികനും വച്ചു നീട്ടുന്ന ഇരട്ട നീതിയുടെ വേർതിരിവും നമ്മൾ കാണുന്നുണ്ട്. നിയമ പുസ്തകങ്ങളിൽ അധ്വാനിക്കുന്ന ദുർബലന് അനുകൂലമായി നിലവിലുള്ള നിയമങ്ങൾ ഫലപ്രദമായി നടപ്പാക്കാറില്ല. തൊഴിൽ നിയമങ്ങളുടെ കാര്യം നമുക്കറിയാം. ഈയൊരു പരിപ്രേക്ഷ്യത്തിലാണ് സഖാവ് ശിബ്ദാസ് ഘോഷിന്റെ പ്രസിദ്ധമായ പാഠം പ്രസക്തമാകുന്നത്. അദ്ദേഹം പറഞ്ഞു, ‘ചൂഷണാധിഷ്ഠിതമായ ഒരു സാമൂഹിക വ്യവസ്ഥയിൽ നിയമപരമായതെല്ലാം എല്ലായ്‌പ്പോഴും നീതിപരമോ ധാർമ്മികമോ മാനുഷികമോ ആവണമെന്നില്ല. അതുപോലെ നിയമത്തിന്റെ ദൃഷ്ടിയിൽ നിയമവിരുദ്ധമായതെല്ലാം അനീതിപരമോ അധാർമികമോ മനുഷ്യത്വരഹിതമോ ആവണമെന്നില്ല’.


മർദ്ദകഭരണകൂടങ്ങൾ നിർമ്മിച്ച നിയമങ്ങളെ അവർതന്നെ വ്യാഖ്യാനിച്ച് മർദ്ദിതരെ അടിച്ചമർത്തുകയാണ് എല്ലാക്കാലത്തെയും ‘നീതി’


കാലം മുന്നേറുമ്പോൾ ഒരുകാലത്ത് പുരോഗമനപരമായിരുന്ന നിയമങ്ങൾ തന്നെ പിന്തിരിപ്പനായി മാറാം. ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട എത്രയോ നിയമങ്ങൾ പിന്നീടൊരു കാലത്ത് ജുഗുപ്‌സാവഹമായി വീക്ഷിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യനെ അടിമയാക്കി വച്ചതും, അവനെ യഥേഷ്ടം കൊന്നതും, ഒരു വിഭാഗത്തിന് മാറുമറയ്ക്കാൻ അനുവാദമില്ലാതിരുന്നതും, വഴിനടക്കാൻ അനുവദിക്കാതിരുന്നതും വിദ്യ നിഷേധിച്ചതുമെല്ലാം അതത് കാലത്തു നിലവിലിരുന്ന ചട്ടങ്ങൾക്കനുസൃതമായിരുന്നു. ഭൂമിയെല്ലാം രാജാവിന്റെയും ജന്മിയുടെയും കൈവശമിരുന്നത് നിയമപരമായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ അടക്കിഭരിച്ചതും നമ്മുടെ സമ്പത്ത് കൊള്ളയടിച്ചതും കർക്കശമായ വാക്കുകളിൽ എഴുതപ്പെട്ട ഏതെങ്കിലുമൊക്കെ നിയമത്തിന്റെ പിൻബലത്തിലായിരുന്നു. അവയെയൊക്കെ ചോദ്യം ചെയ്തവരെ ശിക്ഷിച്ചു കൊന്നതും തടങ്കലിൽ ഇട്ടതും നിയമത്തിലെ വകുപ്പുകൾ പ്രകാരമായിരുന്നു. ന്യൂറംബർഗ് വിചാരണയിൽ നാസികളുടെ കൊടുംപാതകങ്ങൾക്ക് നേതൃത്വം കൊടുത്തവർ വാദിച്ചത്, ജർമനിയിൽ അന്ന് നിലവിലുണ്ടായിരുന്ന നിയമങ്ങൾ അനുസരിക്കുക മാത്രമേ അവർ ചെയ്തുള്ളൂ എന്നാണ്. ഭരണവർഗ്ഗത്തിന്റെ മർദ്ദനമുറകളുടെ പ്രതീകങ്ങളായിരുന്ന നിയമങ്ങളെയെല്ലാം പിഴുതെറിഞ്ഞതും സംഘടിതമായ ജനമുന്നേറ്റങ്ങളിലൂടെയാണ്. പഴയ നിയമങ്ങൾ ജനവിരുദ്ധവും അധാർമികവും അന്യായവുമായി മാറുമ്പോഴാണ് പുതിയ നീതിസാരങ്ങളുടെ അടിസ്ഥാനത്തിൽ പുതിയ നിയമങ്ങൾ ഉടലെടുക്കുന്നത്. ജനങ്ങൾക്കാണ് പഴയനിയമങ്ങൾ റദ്ദ് ചെയ്യാനും പുതിയവ സൃഷ്ടിക്കാനുമുള്ള അവകാശം. ജന താല്പര്യത്തെ ഹനിക്കുന്ന നിയമങ്ങൾ വിചാരണ ചെയ്യപ്പെടുന്നതും പുതിയ നിയമങ്ങൾ സൃഷ്ടിക്കുവാനുള്ള മുറവിളി ഉയരുന്നതും കോടതി മുറികളിലല്ല, തെരുവുകളിലാണ്.


ഈയവസരത്തിൽ സഖാവ് ശിബ്ദാസ് ഘോഷിന്റെ പാഠങ്ങൾ ഓർക്കാം. അദ്ദേഹം പറഞ്ഞു, ‘ നിയമം അധ്വാനിക്കുന്നവരുടെ താല്പര്യങ്ങൾക്ക് പ്രതിബന്ധമായി മാറുകയാണെങ്കിൽ അതിനെ പിന്തുണയ്ക്കുന്നതിന് പകരം നിയമത്തിനെതിരെ നിലകൊണ്ടുപോലും അവർ മാനുഷികനീതി ഉയർത്തിപ്പിടിക്കണം. ആവശ്യമെങ്കിൽ നിയമത്തെ തിരുത്തുവാൻ സർക്കാരിനെ നിർബന്ധിതമാക്കണം.’


വിജയം വരിച്ച ജനകീയമുന്നേറ്റങ്ങളെല്ലാം കോടതിയുടെ തിട്ടൂരങ്ങളെ തള്ളിക്കളഞ്ഞു


കർഷകമാരണ നിയമങ്ങളെ പിൻവലിക്കാനായി രാജ്യത്തെ കർഷകർ പൊരുതിയത് നിരവധി നിയമങ്ങളെ ലംഘിച്ചുകൊണ്ടായിരുന്നു. നിയമപരമായ നിരോധനാജ്ഞകളെയും രാജ്യദ്രോഹകുറ്റം ആരോപിക്കപ്പെട്ടതിനെയുമെല്ലാം നേരിട്ടായിരുന്നു കർഷകസമരം മുന്നേറിയത്. ഭരണമുതലാളി വർഗത്തിന്റെ കടുത്ത താൽപര്യങ്ങളെ സംരക്ഷിക്കുന്ന നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടതിനാൽ നൂറുകണക്കിന് ജീവൻ സമരവേദിയിൽ ബലിനൽകേണ്ടിവന്നു. കോടതിയുടെ എത്രയോ വിധികൾ സമരത്തിനെതിരെ വന്നു. ‘ഞങ്ങൾ കോടതിയിൽ ഹർജി നൽകിയിട്ടില്ല, അതിനാൽ വിധികൾ ഞങ്ങൾക്ക് സ്വീകാര്യവുമല്ല’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് കോടതി ഇടപെടലുകളെ കർഷകർ അവജ്ഞയോടെ തള്ളിക്കളഞ്ഞു. നിയമങ്ങളെ ഒന്നരവർഷത്തേക്ക് മരവിപ്പിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചപ്പോൾ തങ്ങൾ നിയമങ്ങൾ മരവിപ്പിക്കാനല്ല, പിൻവലിപ്പിക്കാനാണ് സമരം ചെയ്യുന്നതെന്ന് കർഷകർ തിരിച്ചടിച്ചു. ഒടുവിൽ കോടതിവിധികളെ കർഷകർ മാനിക്കില്ലെന്നും മരണം വരിച്ചാൽ പോലും പിൻ വാങ്ങില്ലെന്നും ഉറച്ച ബോധ്യം കോടതിക്ക് വന്നതോടെ നടപ്പാക്കാനാവാത്ത വിധികൾ പുറപ്പെടുവിക്കുന്നതിൽ നിന്ന് കോടതികളും പിൻവാങ്ങുകയാണുണ്ടായത്.


വിളപ്പിൽശാല സമരത്തിലും സമാനമായ സാഹചര്യമാണ് നമ്മൾ കണ്ടത്. ശുദ്ധവായു ശ്വസിക്കാനുള്ള അവകാശത്തിനുവേണ്ടി നിലവിലുള്ള നിയമങ്ങളെ ലംഘിച്ചുകൊണ്ടു തന്നെയായിരുന്നു വിളപ്പിശാല ജനത നീണ്ട 11 വർഷം സമരം ചെയ്തത്. പ്രാദേശിക കോടതി മുതൽ സുപ്രീംകോടതി വരെ നിലവിലുള്ള നിയമങ്ങൾ വ്യാഖ്യാനിച്ചുകൊണ്ട് സമരത്തിനെതിരെ വിധികൾ പുറപ്പെടുവിച്ചു. പക്ഷേ മനുഷ്യോചിതമായ ജീവിതത്തിനു വേണ്ടി മരിക്കാൻ പോലും തയ്യാറായ ഒരു ജനതയ്ക്ക് മുന്നിൽ നിയമപരമെങ്കിലും അന്യായമായ കോടതി വിധികളുടെ മുനയൊടിഞ്ഞു. സംഘടിതമായ ജനേശ്ചയിൽ പ്രകടിതമായ തീവ്രമായ ന്യായത്തിന്റെ പ്രകാശം ഒടുവിൽ കോടതികൾക്കും അംഗീകരിക്കേണ്ടിവന്നു. തുടർന്ന് സമരത്തിന്റെ ഡിമാന്റിനനുകൂലമായ വിധികൾ പുറപ്പെടുവിക്കേണ്ടി വന്നതും ചരിത്രത്തിൽ വ്യക്തമായി അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു.
കെ റെയിൽ പദ്ധതിയെ കുഴിച്ചുമൂടാൻ ജനങ്ങൾക്ക് മുമ്പിലുള്ള ഒരേയൊരു മാർഗ്ഗം പ്രക്ഷോഭത്തിന്റേതുമാത്രമാണ്. കോടതിവിധികൾ പിന്തുണച്ചതിനാലും സഹായിച്ചതിനാലും വിജയം നേടാൻ കഴിഞ്ഞ ഒരു സമരവും നമുക്ക് മുമ്പിലില്ല. മറിച്ച് കരുത്താർജ്ജിച്ച് മുന്നേറുന്ന ജനകീയപ്രക്ഷോഭങ്ങളുടെ നിശ്ചയദാർഢ്യത്തെ അംഗീകരിച്ചകൊണ്ട്, പ്രക്ഷോഭങ്ങ ളോടൊപ്പം നിൽക്കാൻ കോടതികളെ നിർബ്ബന്ധിതമാക്കിത്തീർക്കുകയാണ് വേണ്ടത്. കോടതികളെ നീതിയുടെ പക്ഷത്ത് ഉറപ്പിച്ച് നിർത്താനും പ്രക്ഷോഭം ഒന്നുമാത്രമാണ് മാർഗ്ഗം.
കെ-റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെയുള്ള പ്രതിഷേധവും ചെറുത്തുനിൽപ്പും പ്രസരിപ്പിക്കുന്നത് ജനാധിപത്യ പ്രക്രിയയുടെ സൗരഭ്യമാണ്. തങ്ങളുടെ മുൻതലമുറകളുടെ അധ്വാനഫലം സംരക്ഷിക്കാനും ഭാവിതലമുറയുടെ നിലനിൽപ്പിനു വേണ്ടിയുമാണ് ഈ സമരദൗത്യത്തിൽ മുഴുകുന്നത് എന്ന തികഞ്ഞ ബോധ്യത്തോടെയാണ് സമരസേനാനികൾ നിലകൊള്ളുന്നത്. ഊതിവീർപ്പിച്ച സമരം, ദുർബല പ്രതിഷേധം എന്നൊക്കെ സിപിഐ(എം) സംസ്ഥാനസമ്മേളനം വിഷേഷിപ്പിച്ച കെ റെയിൽ വിരുദ്ധ സമരത്തെ നേരിടാൻ, ഒരു ചെറിയ ഗ്രാമത്തിൽ കല്ലിടാൻ എന്തിനാണ് ഇത്രയും വലിയ പോലീസ്‌നിര? ശത്രു രാജ്യത്തെ കീഴ്‌പ്പെടുത്താനെന്നവണ്ണം വൻ പോലീസ് പടയുടെ അകമ്പടിയോടെ സ്വന്തം കിടപ്പാടത്തിനുമുകളിൽ അധികാരത്തിന്റെ, അഹന്തയുടെ കല്ലടയാളം സ്ഥാപിക്കുവാൻ വരുമ്പോൾ നിർഭയമായി, നിശ്ചയദാർഢ്യത്തോടെ നേരിടുന്ന വീട്ടമ്മമാരും വൃദ്ധരും കുട്ടികളുമടക്കമുള്ള സമരസേനാനികളുടെ ദളങ്ങൾ അനുദിനം വർദ്ധിച്ചു വരികയാണെന്നത് ആത്യന്തിക വിജയത്തിന്റെ സൂചനയാണ്. കല്ലിടലിനെതിരായ പ്രതിരോധം നിരവധിയായ പോർമുഖങ്ങളിൽ ഒന്ന് മാത്രമാണ്. അതിനാൽ കേരളമാകെ കല്ലിട്ടാൽ ചെറുത്തുനിൽപ്പ് അവസാനിച്ചതായി സർക്കാർ കരുതേണ്ട. നിങ്ങളുടെ ഓരോ കാൽവെപ്പിലും പ്രതിരോധമുണ്ടാകും. സത്യത്തിന്റെ പക്ഷത്ത് കേവലം ഭൂമി നഷ്ടപ്പെടുന്നവർ മാത്രമല്ല, കേരളമൊന്നാകെയാണ് നിലകൊള്ളുന്നത്.

പദ്ധതി നടത്തിപ്പിനായി ആവിഷ്‌കരിക്കുന്ന എല്ലാ നടപടിക്രമങ്ങൾക്കും നിയമങ്ങൾ പടച്ചു വച്ചിട്ടുണ്ടെങ്കിലും അത് കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വിഘ്‌നം വരുത്തും എന്നതിനാൽ ആ കൊടിയ അന്യായത്തെ ചെറുക്കാൻ കേരളീയർക്കൊന്നാകെ ധാർമ്മിക ബാധ്യതയുണ്ട്. കേരളത്തെ സ്വച്ഛന്ദമായ, മനുഷ്യവാസയോഗ്യമായ ഇടമാക്കി നിലനിർത്താൻ വേണ്ടി നടത്തുന്ന സമരമാണിത്. സമര ശക്തിയാൽ സത്യവും നീതിയും സ്ഥാപിച്ചെടുക്കാൻ വേണ്ടി നടത്തുന്ന പോരാട്ടമാണിത്. തെരഞ്ഞെടുക്കാൻ ഒന്നിലധികം മാർഗ്ഗങ്ങളില്ലാത്ത ഒരു വേദിയാണിത്. സാമൂഹ്യപ്രവർത്തകനും ഗായകനുമായ ബോബ് മാർലി പറഞ്ഞതുപോലെ ‘ലോകത്തെ കെട്ടതാക്കാൻ ദൃഢനിശ്ചയം ചെയ്തവർ വിശ്രമിക്കാതെ പ്രവർത്തിക്കുമ്പോൾ നമുക്ക് വിശ്രമിക്കുവാൻ അവകാശമില്ല.’
കേരളം വേണോ, കെ റെയിൽ വേണോ എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു.കേരളത്തെ സംരക്ഷിക്കാൻ ഉശിരും നീതി ബോധവുമുള്ള കേരളീയർ നിവർന്നുനിന്ന് പോരാടി കൊണ്ടിരിക്കും. വിജയം വരെ അത് തുടരുകയും ചെയ്യും. ഈ വിനാശ പദ്ധതിയെ എതിർത്ത് പരാജയപ്പെടുത്തുകയെന്നത് വ്യക്തിയുടെയും സമൂഹത്തിന്റെയും സമീപ- വിദൂര ഭാവികളെ സംബന്ധിച്ച് ചിന്തയും കരുതലുമുള്ള ഏതൊരു പൗരന്റെയും ധാർമിക ചുമതലയാണ്.

Share this post

scroll to top