യുക്രൈൻ: സാമ്രാജ്യത്വ അധിനിവേശ താല്പര്യങ്ങളുടെ ഇര

download.jpg
Share

ഫെബ്രുവരി 24ന് രാവിലെ റഷ്യൻ സേന അയൽരാജ്യമായ യുക്രൈനുമേൽ സൈനിക ആക്രമണം നടത്തി. വൻനഗരങ്ങളിലും ചുറ്റുപാടുമുള്ള സൈനിക കേന്ദ്രങ്ങളും കേന്ദ്രീകരിച്ചാണ് ബോംബാക്രമണം നടത്തിയത്. ലോകമെമ്പാടുമുള്ള സമാധാന പ്രേമികൾ യുക്രൈനിലെ റഷ്യൻ സൈന്യത്തിന്റെ ഇടപെടലിനെയും ആക്രമണത്തെയും ശക്തമായി അപലപിച്ചു. യുക്രൈൻ കിഴക്കുഭാഗത്തുള്ള ഡോൺബാസ് മേഖലയിലെ ഡോൺടസ്ക് ജനകീയ റിപ്പബ്ലിക്കിനും ലൂഗാൻസ്ക്‌ ജനകീയ റിപ്പബ്ലിക്കിനും റഷ്യ അംഗീകാരം നൽകിയത് രണ്ട് ദിവസം മുമ്പാണ്. 2014ൽ നിലവിൽ വന്നതാണ് ഈ റിപ്പബ്ലിക്കുകൾ. ക്രിമിയയിലെ റഷ്യൻ അനുകൂലിയായ പ്രസിഡന്റ് യാനുക്കോവിച്ചിനെ അമേരിക്കൻ പിന്തുണയോടെ നടന്ന അട്ടിമറിയിലൂടെ പുറത്താക്കി അവരുടെ ആജ്ഞാനുവർത്തിയെ അധികാരമേൽപ്പിച്ചതിനെ തുടർന്ന് റഷ്യൻ സേന 2014ൽ ക്രിമിയ പിടിച്ചടക്കി. ഇതേതുടർന്നാണ് വിഘടിച്ചുപോയ മേൽപ്പറഞ്ഞ രണ്ട് മേഖലകളും റഷ്യൻ പിന്തുണയോടെ വിമതർ പിടിച്ചടക്കിയത്. ഈ രണ്ട് റിപ്പബ്ലിക്കുകളെയും നാറ്റോയോ അമേരിക്കൻ പിന്തുണയോടെ യുക്രൈനോ ആക്രമിച്ചാൽ അവരുടെ രക്ഷയ്ക്കായി സൈന്യത്തെ അയയ്ക്കുമെന്നും റഷ്യ പ്രഖ്യാപിച്ചിരുന്നു. ഉടനടിതന്നെ അമേരിക്കയും അവരുമായി ചങ്ങാത്തമുള്ള ചില യൂറോപ്യൻ രാജ്യങ്ങളും ഈ രണ്ട് റിപ്പബ്ലിക്കുകൾക്കുംമേൽ സാമ്പത്തിക ഉപരോധം അടിച്ചേൽപ്പിച്ചിരുന്നു. യഥാർത്ഥത്തിൽ കഴിഞ്ഞ രണ്ട് മാസക്കാലമായി അമേരിക്ക, റഷ്യ യുക്രൈനിൽ അധിനിവേശം നടത്തുമെന്ന് പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ അമേരിക്കയ്ക്കും റഷ്യയ്ക്കും ഇടയിൽ രമ്യമായ ഒരു നയതന്ത്ര പരിഹാരം ഉണ്ടാക്കുന്നതിനായി ഇരുകൂട്ടരുമായും അനുനയ ചർച്ചകൾ നടത്തിയിരുന്നു. ഇരു രാജ്യങ്ങളുമായി ചർച്ച നടത്തി പ്രശ്നം രമ്യമായി പരിഹരിക്കുമെന്നും പിരിമുറുക്കത്തിന് അയവുണ്ടാകുമെന്നുമുള്ള പ്രതീതി സൃഷ്ടിക്കപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ഇരുകൂട്ടരും സ്വീകരിച്ചിട്ടുള്ള അക്രമാസക്തമായ നിലപാട്, സാഹചര്യം കൂടുതൽ വഷളാക്കുകയും പ്രശ്നം സൈനികമായി പരിഹരിക്കാനുള്ള നീക്കങ്ങൾ ആരംഭിക്കുകയും ചെയ്തിരിക്കുന്നു.


യുക്രൈൻ സാമ്രാജ്യത്വ ഗൂഢപദ്ധതിയുടെ താവളം


പ്രതിവിപ്ലവത്തിലൂടെ സോവിയറ്റ് യൂണിയൻ തകർന്നതുവഴി നിലവിൽവന്ന യുക്രൈൻ എന്ന മുതലാളിത്ത രാജ്യം ഏറെക്കാലമായി സാമ്രാജ്യത്വ കരുനീക്കങ്ങളുടെയും സന്നാഹങ്ങളുടെയും കേളിരംഗമാണ്. സോവിയറ്റ് യൂണിയനിൽ അംഗമല്ലാതായ നാൾമുതൽ പ്രകൃതിവിഭവങ്ങളും കാർഷികവിളകളുംകൊണ്ട് സമ്പന്നമായ യുക്രൈനുമേൽ നിയന്ത്രണം കയ്യടക്കാനും മേധാവിത്വം സ്ഥാപിക്കാനും അമേരിക്കൻ സാമ്രാജ്യത്വം പരിശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനേക്കാളുപരി റഷ്യ, ബലാറസ്, റുമേനിയ, സ്ലോവാക്യ, ഹംഗറി, കരിങ്കടൽ, അസോവ് കടൽ എന്നിവയുമായി അതിർത്തി പങ്കിടുന്ന യുക്രൈന്റെ തന്ത്രപ്രാധാന്യം വളരെ വലുതാണ്. യുക്രൈൻ എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും കാര്യത്തിൽ സമ്പന്നമല്ലെങ്കിലും റഷ്യയിൽനിന്നും കാസ്പിയൻ കടലിൽനിന്നും യൂറോപ്പിലേയ്ക്കും മറ്റ് രാജ്യങ്ങളിലേയ്ക്കും കയറ്റി അയക്കുന്ന എണ്ണയും പ്രകൃതിവാതകവും കൊണ്ടുപോകുന്ന പ്രധാനപ്പെട്ടൊരു മേഖലയാണ് ഈ രാജ്യം. സോവിയറ്റ് സോഷ്യലിസത്തിന്റെ സംഭാവനയായ അങ്ങേയറ്റം വികസിതമായ അടിസ്ഥാനഘടനയും, വിലകുറഞ്ഞതും ഉയർന്ന വിദ്യാഭ്യാസ നിലവാരമുള്ളതും സുസജ്ജവുമായ തൊഴിൽസേനയും യുക്രൈനിൽ ഉണ്ട് എന്ന പ്രത്യേകതയുമുണ്ട്. അതുകൊണ്ടുതന്നെ പെന്റഗൺ ഭരണകർത്താക്കളുടെയും അമേരിക്കൻ കോർപ്പറേറ്റുകളുടെയും ബഹുരാഷ്ട്ര കുത്തകകളുടെയും പാശ്ചാത്യ സാമ്രാജ്യത്വ രാജ്യങ്ങളിലെ വൻകിട ബിസിനസ് ഗ്രൂപ്പുകളുടെയുമൊക്കെ കഴുകൻകണ്ണുകൾ യുക്രൈനുമേൽ പതിഞ്ഞിട്ട് മൂന്നു പതിറ്റാണ്ടുകളായി. നാറ്റോയിൽ അംഗമാക്കി യുക്രൈനെ തളച്ചിട്ടുകൊണ്ട് വരുതിയിലാക്കാൻ അമേരിക്കൻ സാമ്രാജ്യത്വം ഭ്രാന്തമായ ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരുന്നത്. കിഴക്കൻ യൂറോപ്പിലെ മുൻ സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ മുതലാളിത്ത പുനഃസ്ഥാപനം ഫലപ്രാപ്തിയിലെത്തിക്കാനായി അവയിൽ ഒട്ടുമിക്ക രാജ്യങ്ങളെയും നാറ്റോയിൽ അംഗമാക്കിക്കഴിഞ്ഞു. എന്നാൽ സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ തകർച്ചയ്ക്കുശേഷം ഒരു വമ്പൻ സാമ്രാജ്യത്വ ശക്തിയായി ക്രമേണ ഉയർന്നുവരികയും സമാനമായ സാമ്പത്തിക രാഷ്ട്രീയ താൽപര്യങ്ങൾ പേറുകയും ചെയ്യുന്ന റഷ്യ ഒരു കടുത്ത പ്രതിയോഗിയായി നിലയുറപ്പിച്ചിരിക്കുന്നതിനാൽ യുക്രൈൻ പൂർണമായും വരുതിയിലാക്കാൻ അമേരിക്കൻ സാമ്രാജ്യത്വത്തിന് കഴിഞ്ഞിട്ടില്ല. എന്നാൽ പട്ടാള അട്ടിമറി, വിമതനീക്കം, ആജ്ഞാനുവർത്തികളെ അധികാരത്തിൽ അവരോധിക്കൽ തുടങ്ങി ലഭ്യമായ മാർഗ്ഗങ്ങളൊക്കെ അവർ ഈ ലക്ഷ്യം നേടുന്നതിനായി അവലംബിച്ചുകൊണ്ടിരുന്നു. മറുവശത്ത് യുക്രൈനെ വശത്താക്കുന്നതിനുവേണ്ടി റഷ്യൻ സാമ്രാജ്യത്വവും, അനുനയത്തിന്റെയും ഭീഷണിയുടെയും അടവുകളൊക്കെ പയറ്റിക്കൊണ്ടിരുന്നു. യൂറോപ്യൻ യൂണിയനുമായി ഒരു സഹകരണകരാർ ഒപ്പിടുന്നതിന് അന്ന് പ്രസിഡന്റ് ആയിരുന്ന വിക്ടർ യാനുകോവിച്ച് വിസമ്മതിച്ചതോടെയാണ് കുഴപ്പങ്ങൾ ആരംഭിക്കുന്നത്. 2013 നവംബർ 21ന് റഷ്യയ്ക്ക് അനുകൂലമായി സ്വീകരിച്ച ഈ നിലപാട് യൂറോപ്യൻ യൂണിയൻ അനുകൂലികളിൽ പ്രതിഷേധം വളരാൻ ഇടയാക്കി. യൂറോപ്യൻ യൂണിയൻ അനുകൂലികളും റഷ്യൻ അനുകൂലികളും തമ്മിൽ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടു. യുക്രൈൻ ഒരു ആഭ്യന്തര യുദ്ധത്തിന്റെ വക്കത്തെത്തി. ഫെബ്രുവരിയിൽ യാക്കോവിച്ച് ക്രിമിയയിലേക്ക് നാടുവിട്ടു. തുടർന്ന് റഷ്യയിൽ അഭയം തേടുകയും ചെയ്തു. അടുത്തവർഷം പാർലമെന്റ് അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി. 2019ല്‍ അസാന്നിധ്യത്തിലും അദ്ദേഹത്തിന്റെമേൽ വഞ്ചനാകുറ്റം ചുമത്തുകയും ജയിൽശിക്ഷ വിധിക്കുകയും ചെയ്തു. കുത്തക മാധ്യമങ്ങൾ ഈ സംഘർഷത്തെ ജനാധിപത്യവും അഴിമതിയും തമ്മിലും, ദേശീയവാദികളുടെ പശ്ചിമ യുക്രൈനും, ഭൂരിപക്ഷവും റഷ്യൻ ഭാഷ സംസാരിക്കുന്നവരുടെ കിഴക്കൻ യുക്രൈനും തമ്മിലുമുള്ള ഏറ്റുമുട്ടലായി ചിത്രീകരിച്ചു. എന്നാൽ യുക്രൈനുമേൽ ആധിപത്യം സ്ഥാപിക്കുന്നതിനു വേണ്ടി പരസ്പരം മത്സരിക്കുന്ന രണ്ട് സാമ്രാജ്യത്വ ചേരികൾ തമ്മിലുള്ള സംഘർഷത്തിന്റെ രാഷ്ട്രീയ പ്രതിഫലനമാണ് യഥാർത്ഥത്തിൽ യുക്രൈനിൽ കണ്ടത്. 2004ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യാനുകോവിച്ചിനെതിരെ നാറ്റോ പക്ഷപാതിയായ യൂഷ്ചെങ്കോയെ അമേരിക്കൻ-യൂറോപ്യൻ മുതലാളിമാർ പിന്തുണച്ചപ്പോഴും തുടർന്ന് യാനുകോവിച്ച് ഭരണകാലയളവിൽ കൈക്കൊണ്ട നിലപാടിലുമൊക്കെ ഈ വൈരം പ്രകടമായിരുന്നു. മറുവശത്ത് യാനുകോവിച്ച് റഷ്യൻ പക്ഷത്തേയ്ക്ക് ചാഞ്ഞു. എന്തായാലും മുതലാളിത്ത പുനഃസ്ഥാപനം നടന്ന നാൾമുതൽ യുക്രൈൻ ജനത വർദ്ധമാനമായ അടിച്ചമർത്തലിന് ഇരയായിക്കൊണ്ടേയിരുന്നു. അതോടൊപ്പം യാനുകോവിച്ച് ഭരണകാലത്ത് ആഭ്യന്തരകാര്യങ്ങളിലുള്ള റഷ്യൻ ഇടപെടലും ആധിപത്യമനോഭാവവും ജനങ്ങളിൽ കടുത്ത അസംതൃപ്തി ഉണ്ടാക്കുകയും വലിയ ജനകീയ പ്രക്ഷോഭങ്ങൾക്ക് വഴിവെക്കുകയും ചെയ്തു. ജനങ്ങളുടെ ഈ അസംതൃപ്തി മുതലെടുത്ത് യൂഷ്ചെങ്കോ ഗ്രൂപ്പ് ഒടുവിൽ 2004 ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയം നേടി. അന്നുമുതൽ ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കുകയും ജനങ്ങൾ തമ്മിൽ തുറന്ന ഏറ്റുമുട്ടലുകളുണ്ടാകുകയും രാജ്യത്തിന്റെ കെട്ടുറപ്പുപോലും അപകടത്തിലാകുകയും ചെയ്തു. ഇതാണ് യൂറോമെയ്ഡൻ സംഭവം എന്നപേരിലറിയപ്പെടുന്ന പ്രതിഷേധകൊടുങ്കാറ്റുകൾക്ക് വഴിവെച്ചത്.


ക്രിമിയ സംഭവം


കിഴക്കൻ യൂറോപ്പിലെ, കരിങ്കടലിന്റെ വടക്കൻ തീരത്തുള്ള ഒരു ഉപദ്വീപായ ക്രിമിയയിൽ നടന്ന സംഭവവികാസങ്ങളും ഇതോടൊപ്പം ചർച്ച ചെയ്യേണ്ടതുണ്ട്. ക്രിമിയയിൽ 24 ലക്ഷം ജനങ്ങളാണുള്ളത്. ഇവരിൽ ഭൂരിപക്ഷവും റഷ്യൻ വംശജരാണ്. കൂടാതെ യുക്രൈൻകാരും ക്രിമിയക്കാരായ ടാട്ടാർ വംശജരുമായ ന്യൂനപക്ഷ വിഭാഗങ്ങളും ഉണ്ട്. ക്രിമിയൻ ഓട്ടോണമസ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന പേരിൽ ഈ ഉപദ്വീപ് 1921ൽ പുനഃസംഘടിപ്പിക്കപ്പെട്ടു. പിന്നീട് ഇതിന് ഓട്ടോണമസ് പദവി നഷ്ടമാകുകയും സോവിയറ്റ് യൂണിയന്റെ ഒരു ഭാഗമായി തുടരുകയും ചെയ്തു. 1954ല്‍ ഇത് യുക്രൈന് നൽകി. യുക്രൈൻ റഷ്യയുടെ ഭാഗമായ പെരിയസ്ലാവ് ഉടമ്പടിയുടെ മുന്നൂറാം വാർഷികവേളയിലാണ് ഈ കൈമാറ്റമുണ്ടാകുന്നത്. സോവിയറ്റ് യൂണിയന്റെ ദുഃഖകരമായ പതനത്തെ തുടർന്ന് 1991ല്‍ യുക്രൈൻ സ്വതന്ത്രരാജ്യം ആവുകയും 1954 മുതൽ അതിന്റെ ഭാഗമായിരുന്ന ക്രിമിയ സോവിയറ്റ് അനന്തര യുക്രൈന്റെ ഭാഗമാവുകയും ചെയ്തു. അന്നുമുതൽ ഭൂരിപക്ഷം വരുന്ന റഷ്യൻ വംശജർ യൂറോപ്യൻ യൂണിയൻ-നാറ്റോ അനുകൂലികളായ ഗവൺമെന്റിനോട് വിയോജിക്കുകയും റഷ്യയോട് ചേരണം എന്ന ആശയം ബലപ്പെടുകയും ചെയ്തു. 2014ല്‍ റഷ്യ ഈ വിഘടനവാദികളെ പിന്തുണക്കുകയും റിപ്പബ്ലിക് ഓഫ് ക്രിമിയ, ഫെഡറൽ സിറ്റി ഓഫ് സെവാസ്താപോൾ എന്നിങ്ങനെ രണ്ട് ഭരണപ്രദേശങ്ങൾ ഉടലെടുക്കുകയും ചെയ്തു. അന്തർദേശീയമായി ഇവ രണ്ടും യുക്രൈന്റെ ഭാഗമായിട്ടാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഒരു സ്ഥിരം സംഘർഷമേഖലയായി ഇതു മാറി. റഷ്യൻ അനുകൂലികളും യുക്രൈൻ അനുകൂലികളും നിരന്തരം ഏറ്റുമുട്ടിക്കൊണ്ടിരുന്നു. ഭൂരിപക്ഷം വരുന്ന റഷ്യൻ പക്ഷപാതികൾ യുക്രൈൻ ഫാസിസ്റ്റുകൾക്കെതിരെ നിലയുറപ്പിച്ചപ്പോൾ യുക്രൈൻ പക്ഷപാതികൾ ക്രിമിയയെ നിയമവിരുദ്ധമായി കൈയടക്കിയതിനെതിരെ നിലകൊണ്ടു. ഭൂരിപക്ഷക്കാരായ റഷ്യൻ അനുകൂല നിയമ നിർമാതാക്കൾ 2014 മാർച്ച് 16ന് ഒരു ജനഹിതപരിശോധന നടത്തണമെന്ന് വാദിച്ചപ്പോൾ യുക്രൈനിലെ പാശ്ചാത്യ സാമ്രാജ്യത്വ ശക്തികളുടെ പിന്തുണയുള്ള പുതിയ ഗവൺമെന്റ് ആ നീക്കം ന്യായീകരിക്കാനാവാത്തത് എന്നുപറഞ്ഞ് തള്ളിക്കളഞ്ഞു. അങ്ങനെ യുക്രൈൻ ജനത സാമ്രാജ്യത്വ മുതലാളിത്ത ശക്തികളുടെയും അവരുടെ ക്രൂരമായ അധികാര വടംവലിയുടെയും ഇടയിൽപ്പെട്ട് ശ്വാസം മുട്ടി. തുടർന്നുണ്ടായ സംഭവങ്ങൾ സാഹചര്യം കൂടുതൽ വഷളാക്കി. റഷ്യൻ കൈകടത്തലിനെതിരെ കോലാഹലം ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ സാമ്രാജ്യത്വം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയും ‘ജനാധിപത്യപ്രക്രിയയ്ക്ക് തുരങ്കം വെക്കുന്നവരെ’ ഭീഷണിപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നു. ഇവർ നഗ്നമായി യുക്രൈന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയും ആജ്ഞകൾ പുറപ്പെടുവിക്കുകയും ചെയ്തുകൊണ്ടിരുന്നു.


യുക്രൈന്റെ ആഭ്യന്തര പ്രശ്നങ്ങൾ


2014 ഫെബ്രുവരിയിൽ യൂറോമെയ്ഡൻ പ്രതിഷേധങ്ങൾ കൊടുമ്പിരിക്കൊള്ളുകയും ഭയങ്കരമായ ഏറ്റുമുട്ടലുകളും വെടിവയ്പ്പുംമറ്റും ഉണ്ടാകുകയും യാനുകോവിച്ചിന്റെ റഷ്യൻ അനുകൂല ഗവൺമെന്റ് പുറത്താക്കപ്പെടുകയും ചെയ്തു. പുതിയൊരു അമേരിക്കൻ അനുകൂല ഗവൺമെന്റ് അധികാരമേറ്റു. ഇത് കേവലം ഒരു ഏകാധിപത്യ ഗവൺമെന്റിനെതിരായ ജനങ്ങളുടെ കലാപം ആയിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഇത് ജനാധിപത്യം സ്ഥാപിക്കാനുള്ള പ്രക്ഷോഭം എന്ന നിലയിലും വിലയിരുത്താനാവില്ല. അമേരിക്കൻ സാമ്രാജ്യത്വവും അവരുടെ പിണിയാളുകളും അവർക്ക് ഓശാന പാടുന്ന മാധ്യമങ്ങളുമൊക്കെ ലോകത്തെ അങ്ങനെ ധരിപ്പിക്കാനാണ് ശ്രമിച്ചത്. ഇറാഖിലോ അഫ്ഗാനിസ്ഥാനിലോ ലിബിയയിലോ സിറിയയിലോ എവിടെയുമാകട്ടെ, ഭരണമാറ്റം സ്ഥാപിച്ചെടുക്കാൻ വേണ്ടിയുള്ള നീക്കങ്ങളെ ജനാധിപത്യത്തിനുവേണ്ടിയുള്ള മുറവിളിയായിട്ടാണ് ചിത്രീകരിക്കുക. അയൽരാജ്യമായ യുക്രൈനിലെ റഷ്യൻ വംശജരെ രക്ഷിക്കാനെന്നപേരിൽ നടത്തിയ അനാവശ്യമായ സൈനിക ഇടപെടലിനെതിരായ ജനങ്ങളുടെ സ്വാഭാവികമായ പ്രതികരണം എന്ന നിലയിലുമല്ല ഈ പ്രക്ഷോഭം ഉയർന്നുവന്നത്. റഷ്യയെ ലക്ഷ്യംവെച്ച് നാറ്റോ നടത്തുന്ന അക്രമോത്സുകമായ നീക്കങ്ങളും പടിപടിയായുള്ള മുന്നേറ്റവും റഷ്യയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായിരുന്നു എന്നതൊരു വസ്തുതയാണ്. സത്യത്തിൽ എണ്ണ സമ്പന്നമായ ഗൾഫ് മേഖലയിലും സിറിയയിലുമൊക്കെ തിരിച്ചടി ഏറ്റുവാങ്ങിക്കൊണ്ട് നാണംകെട്ട് പിന്മാറേണ്ടിവന്ന അമേരിക്കൻസാമ്രാജ്യത്വം അവരുടെ അധീശത്വപദ്ധതികളുമായി കിഴക്കൻ യൂറോപ്പിലേയ്ക്ക് ചുവടുമാറ്റാൻ ശ്രമിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. മറുവശത്ത്, സിറിയയിലെ അസദ് ഗവൺമെന്റിന് അമേരിക്കൻ അധിനിവേശത്തെ വിജയകരമായി തടഞ്ഞുനിർത്താൻ സൈനിക സഹായം നൽകിയ റഷ്യ അതിൽനിന്ന് നേട്ടം ഉണ്ടാക്കുകയും സ്വന്തം കരുത്തിലും ശേഷിയിലും കൂടുതൽ ആത്മവിശ്വാസം കൈവരിക്കുകയും ചെയ്തു. അങ്ങനെ കുറെ കാലമായിട്ട് രണ്ട് പ്രമുഖ സാമ്രാജ്യത്വശക്തികൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നു കൊണ്ടിരിക്കുകയാണ്. പരസ്പരം മത്സരിക്കുന്ന രണ്ട് സാമ്രാജ്യത്വ ചേരികളുടെ താൽപ്പര്യാർത്ഥം യുക്രൈനിൽ നടക്കുന്ന നിരന്തരമായ ഈ ആഭ്യന്തരയുദ്ധത്തിൽ ഏകദേശം 14,000 നിരപരാധികളുടെ വിലപ്പെട്ട ജീവൻ നഷ്ടമായി എന്നതാണ് ഏറ്റവും വേദനാജനകമായ വസ്തുത.


അമേരിക്കൻ സാമ്രാജ്യത്വവും ജർമ്മനി, ഫ്രാൻസ് തുടങ്ങിയവർ നയിക്കുന്ന യൂറോപ്യൻ വമ്പന്മാരും ഒരുവശത്തും റഷ്യൻ സാമ്രാജ്യത്വം മറുവശത്തുമായി നിലയുറപ്പിച്ചിട്ടുള്ള സാമ്രാജ്യത്വ മുതലാളിത്ത ലോകത്തെയാകെ ആകർഷിക്കാൻ പോന്നത്ര ആഴം യുക്രൈൻ പ്രതിസന്ധിക്കുണ്ട് എന്നത് വ്യക്തമാണല്ലോ. പാശ്ചാത്യ സാമ്രാജ്യത്വ ശക്തികൾ ഒരു ഭാഗത്തും ഒരു സാമ്രാജ്യത്വ ശക്തിയായി പരിണമിച്ചുകഴിഞ്ഞ റഷ്യ മറുഭാഗത്തുമായി ഉടലെടുത്ത, ”ശീതയുദ്ധ” കാലയളവിനുശേഷം അവർ അഭിമുഖീകരിക്കുന്ന, ഏറ്റവും വലിയ പ്രതിസന്ധിയാണിത്. 2004ലെ പ്രതി വിപ്ലവത്തിലൂടെ ഒരു സാമ്രാജ്യത്വ ശക്തിയായി മാറിക്കഴിഞ്ഞ ചൈന നേരിട്ട് സംഘർഷത്തിൽ പങ്കാളിയല്ലെങ്കിലും അവരുടെ ഉറച്ച പിന്തുണ റഷ്യൻ സാമ്രാജ്യത്വത്തിനുണ്ട്. മറ്റൊരു സാമ്രാജ്യത്വ രാജ്യമായ ഇന്ത്യ അമേരിക്കൻ ചേരിയുടെയോ റഷ്യയുടെയോ പക്ഷം ഇതുവരെ പിടിച്ചിട്ടില്ല. ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിൽ റഷ്യയ്ക്ക് എതിരായി വോട്ട് ചെയ്യുന്നതിൽനിന്ന് ഇന്ത്യ വിട്ടുനിന്നു. റഷ്യയോട് യുദ്ധം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുക മാത്രമാണ് ചെയ്തത്. ഭാവിയിൽ സാമ്പത്തിക രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതിനായി ഇരുകൂട്ടരോടും വിലപേശാനുള്ള സാധ്യത നിലനിർത്താനാണ് ഈ സമദൂരം പാലിക്കൽ. യുക്രൈൻ ഏതായാലും സാമ്രാജ്യത്വ ശക്തികൾ തമ്മിലുള്ള വൈരുദ്ധ്യത്തിന്റെയും യുദ്ധാഭിമുഖ്യമനോഘടനയില്‍നിന്ന് ഉടലെടുക്കുന്ന ഗൂഢനീക്കങ്ങളുടെയും രംഗവേദി ആയി തുടരുകയാണ്.


നോർഡ് സ്ട്രീം 2 പദ്ധതി


സാമ്രാജ്യത്വ-സാമ്രാജ്യത്വ വൈരുദ്ധ്യത്തെ കൂടുതൽ ദൃഢീകരിച്ച് യുദ്ധഭീഷണിവരെ കൊണ്ടെത്തിക്കാൻ കാരണമാകുന്ന മറ്റൊരു പ്രബലമായ പ്രശ്‌നമുണ്ട്. ഹൈഡ്രോളിക് ഫ്രാക്ച്ചറിംഗ് അഥവാ ഫ്രാക്കിംഗ് എന്ന, ഭൂമിക്കടിയിലുള്ള പാറകൾക്കകത്ത് അങ്ങിയിട്ടുള്ള ഇന്ധനത്തിനായി വാതകങ്ങൾ ഖനനം ചെയ്യുന്ന രീതിയുെട വരവോടെ യുഎസ് എണ്ണ-പ്രകൃതിവാതക മേഖലയിലെ വൻശക്തിയായി മാറി. ഫ്രാക്കിംഗ് ഖനനരീതി ഭൂഗർഭ ജലത്തെ വിഷമയമാക്കുകയും ഭൂചലനസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്നതിനാൽ പരിസ്ഥിതിവാദികൾ അതിനെ രൂക്ഷമായി എതിർക്കുകയാണ്. പക്ഷെ യുഎസിന്റെ പ്രകൃതിവാതക ഉല്പാദനത്തിന്റെ ഭൂരിഭാഗവും ഫ്രാക്കിംഗ് വഴിയാണ്. ഇങ്ങനെ ഉല്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തെ ശേഖരിച്ച് സൂക്ഷിക്കുന്നതിനും കടത്തുന്നതിനും -162 ഡിഗ്രി സെൽഷ്യസിലേക്ക് അതിനെ തണുപ്പിക്കുന്നു. അപ്പോഴത് ദ്രവീകൃത പ്രകൃതിവാതകമായി മാറുന്നു. വാതകാവസ്ഥയിലുള്ളതിലും അറുനൂറിൽ ഒന്നായി അതിന്റെ വ്യാപ്തി ചുരുങ്ങുന്നു. ഈ ദ്രാവകം എൽഎൻജി കാര്യേഴ്‌സ് എന്ന പ്രത്യേക ഭീമൻ ടാങ്കറുകളിലാക്കി, യൂറോപ്പിലെ പ്രത്യേക എൽഎൻജി ടെർമിനലുകളിലേക്ക് കപ്പലിൽ അയക്കുന്നു. എൽഎൻജിയെ ദ്രവീകൃതാവസ്ഥയിൽനിന്നും തിരികെ വാതകാവസ്ഥയിലെത്തിച്ച് ഉയർന്ന മർദ്ദത്തിൽ പൈപ്പുകളിലൂടെ കടത്തുന്നു. ഫ്രാക്കിംഗ് സാങ്കേതികവിദ്യയുടെ പ്രയോഗത്തിലൂടെ ലോകത്ത് ദ്രവീകൃത പ്രകൃതിവാതകത്തിന്റെ ഏറ്റവും വലിയ കയറ്റുമതിക്കാരായി യുഎസ് മാറി. ലോകത്ത് പ്രകൃതിവാതകത്തിന്റെ ഏറ്റവും വലിയ ഉല്പാദകർ എന്ന സ്ഥാനവും റഷ്യയിൽനിന്നും യു എസ് നേടിയെടുത്തു. യുഎസിലെ എണ്ണ-പ്രകൃതിവാതക ഭീമന്മാരും അവരുടെ വിധേയരായ ബൂർഷ്വാ നേതാക്കളും, ദ്രവീകൃത പ്രകൃതിവാതകം സ്വീകരിക്കുന്നതിനുള്ള തങ്ങളുടെ ശേഷി വർധിപ്പിക്കുന്നതിനായി യൂറോപ്യൻ രാജ്യങ്ങൾക്കുമേൽ നിരന്തര സമ്മർദ്ദം ചെലുത്തുകയായിരുന്നു. തങ്ങളുടെ അധിക ആഭ്യന്തര ഉല്പാദനത്തെ ലാഭകരമായി ഒഴിവാക്കാൻ സഹായകരമായ വിധത്തിൽ, എൽഎൻജി കരുതിവെക്കേണ്ടത് ഊർജ്ജ സുരക്ഷയുടെ പ്രശ്‌നമാക്കി അവർ വരുത്തിത്തീർക്കുന്നു. വാങ്ങുന്നത് യുഎസിലേക്ക് മാറുമ്പോൾ, യുഎസ് വിലനിർണ്ണയത്തിൽ എല്ലാ യൂറോപ്യൻ സമ്പദ്‌വ്യവസ്ഥകൾക്കും ആശ്രയിക്കേണ്ടിവരും. പക്ഷെ, യുഎസിന്റെ തൊണ്ടയിൽ കുടുങ്ങിയ മുള്ളുപോലെ നിന്നത് 1230 കിലോമീറ്റർ നീളത്തിലുള്ള നോർഡ് സ്ട്രീമെന്ന പ്രകൃതിവാതക പൈപ്പ്‌ലൈൻ പദ്ധതിയാണ്. റഷ്യയിൽനിന്നും ജർമ്മനിയുടെ ബാൾട്ടിക് കടൽത്തീരംവരെ ബാൾട്ടിക് കടലിനടിയിലൂടെ പോകുന്ന പൈപ്പ്‌ലൈനാണിത്. നേരത്തെയുണ്ടായിരുന്ന നോർഡ് സ്ട്രീം പൈപ്പ്‌ലൈനിന് സമാന്തരമായി അതിന്റെ ശേഷിയെ ഇരട്ടിയാക്കിക്കൊണ്ട്, അതായത് പ്രതിവർഷം 110 ശതകോടി ക്യുബിക് മീറ്റർ വാതകം കൊണ്ടുപോകാവുന്ന തരത്തിലാണിത് വരുന്നത്. ഇത് റഷ്യയുടെയും ജർമ്മനിയുടെയും ഒരു സംയുക്ത ഊർജ്ജ പദ്ധതിയായിട്ടാണ് വരുന്നതും, ഇപ്പോൾ പൂർത്തിയായിരി ക്കുന്നതും. നിലവിൽ തങ്ങൾക്കാവശ്യമുള്ള പ്രകൃതിവാതകത്തിന്റെ 35% ജർമ്മനി റഷ്യയിൽനിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ജർമ്മനിയുടെ മുൻചാൻസലർ ഏംഗലാ മെർക്കൽ ചിന്തിച്ചത്, നോർഡ് സ്ട്രീം 2 വരുമ്പോൾ, കൂടുതൽ റഷ്യൻ വാതകം യുക്രൈൻ വഴിയുള്ള കടത്ത് സൗകര്യങ്ങൾ ഒഴിവാക്കിക്കൊണ്ട് ബാൾട്ടിക് കടലിനടിയിലൂടെ നേരിട്ട് ജർമ്മനിയിലെത്തിക്കാനുള്ള വഴിതുറക്കുമെന്നാണ്. അങ്ങനെവന്നാൽ റഷ്യയിൽനിന്ന് കിട്ടേണ്ട ഏകദേശം രണ്ട് ശതകോടി ഡോളറിന്റെ കടത്തുകൂലി യുക്രൈന് ഉപേക്ഷിക്കേണ്ടിവരും. യുഎസ് ഭരണാധികാരികൾ ഭയപ്പെട്ടത്, ഈ തുക നഷ്ടമാകുന്നത്, തങ്ങളുടെ പാവഭരണം നിലവിലുള്ള രാജ്യത്തെ കൂടുതൽ അസ്ഥിരമാക്കുമെന്നാണ്. ഈ പുതുതായി സ്ഥാപിച്ച പൈപ്പ്‌ലൈൻ വാതകവിതരണം ഇരട്ടിയാക്കാനിരിക്കുകയായിരുന്നു.

ജർമ്മനിയിലെ റഗുലേറ്റർമാർ നൽകേണ്ട അവസാന സെർട്ടിഫിക്കേഷനായി അവർ കാത്തിരിക്കുകയായിരുന്നു. ജർമ്മനിക്കും ഇതുവരെ ഇതൊരു വാണിജ്യപദ്ധതി മാത്രമായിരുന്നു. പക്ഷെ ഇപ്പോൾ, യുഎസ് സമ്മർദ്ദത്തിനാലാകാം, കിഴക്കൻ യുക്രൈനിലെ വിട്ടുപോയ രണ്ടുപ്രദേശങ്ങൾക്ക് റഷ്യ ഔദ്യോഗിക അംഗീകാരം നൽകി അവിടേയ്ക്ക് സൈന്യത്തെ അയച്ചതിനുശേഷം, പദ്ധതിക്കുള്ള അനുമതി തടഞ്ഞുവച്ചിരിക്കുകയാണ്. മതിയായ പുനരുപയോഗ ഊർജ്ജസ്രോതസ്സുകൾ ലഭ്യമാകുന്നതുവരെ കൽക്കരിയിൽനിന്നും ആണവോർജ്ജത്തിൽ നിന്നുമുള്ള ഊർജ്ജോല്പാദന പരിവർത്തനത്തിനായി ഈ പൈപ്പ്‌ലൈൻ ജർമ്മനിക്ക് അത്യാവശ്യമാണ്. അവസാന ആറ് ആണവോർജ്ജ പ്ലാന്റുകളിൽ മൂന്നെണ്ണവും ജർമ്മനി ഇപ്പോൾ അടച്ചുപൂട്ടി. ഇപ്പോഴത്തെ ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് പറഞ്ഞത്: ‘അടുത്തിടെയുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ നോർഡ് സ്ട്രീം 2-മായി ബന്ധപ്പെട്ട സാഹചര്യവും വീണ്ടും വിലയിരുത്തേണ്ടതുണ്ട്. അത് വളരെ സാങ്കേതികമായി തോന്നാമെങ്കിലും പൈപ്പ്‌ലൈനിന്റെ അനുമതി നിർത്തുന്നതിന് ആവശ്യമായ ഭരണനടപടിയാണിത്.’ അതായത് ഒരു സ്തംഭനാവസ്ഥ ഉണ്ടായിരിക്കുന്നു. വാസ്തവത്തിൽ, യൂറോപ്പിനുവേണ്ട പ്രകൃതിവാതകത്തിന്റെ മൂന്നിലൊന്നും മറ്റ് പൈപ്പ്‌ലൈനുകളിലൂടെ റഷ്യതന്നെ നൽകുന്നതാണ്. വടക്കേ അമേരിക്കയിൽനിന്നും ഇറക്കുമതി ചെയ്യുന്നതിനേക്കാളും യൂറോപ്യൻ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം, ചെലവുകുറവും പരിസ്ഥിതിക്ക് മെച്ചവും, നേരിട്ടും ഉള്ള മാര്‍ഗം റഷ്യയിൽനിന്നും പൈപ്പ്‌ലൈനുകൾ നിർമ്മിക്കുന്നതാണ്. പക്ഷെ യുഎസ് കോർപ്പറേഷനുകൾക്ക് തങ്ങളുടെ ദ്രവീകൃത പ്രകൃതിവാതകം യൂറോപ്പിലോ ഏഷ്യയിലോ മറ്റിടങ്ങളിലോ കൊണ്ടുവന്നിറക്കേണ്ടതുണ്ട്. പെന്റഗൺ ഭരണാധികാരികൾ ഭയക്കുന്നത്, ജർമ്മനിക്കും യൂറോപ്പിനുംമേൽ സ്വാധീനം ചെലുത്തുന്നതിന് റഷ്യ നോർഡ് സ്ട്രീം 2 ഒരു ആയുധമായി ഉപയോഗിക്കുമെന്നാണ്. കൂടാതെ ഹൈഡ്രോളിക് ഫ്രാക്ചറിംഗ് വഴി ഖനനംചെയ്യുന്ന കൂടുതൽ വിലയുള്ള പ്രകൃതിവാതകം വിൽക്കാനുള്ള ഭീമൻ യുഎസ് ഊർജ്ജ കോർപ്പറേഷനുകളുടെ ശേഷി ഇത് വെട്ടിക്കുറക്കുമെന്നും അവർ പേടിക്കുന്നു. മേഖലയിൽ സാമ്പത്തികവും ഭൗമരാഷ്ട്രീയപരവുമായ നേട്ടം സ്വന്തമാക്കുന്നതിൽനിന്ന് അതവരെ തടയും. അതുകൊണ്ട്, യുഎസ് സാമ്രാജ്യത്വം ഈ പദ്ധതിയെ തകിടംമറിക്കുന്നതിന് ഓരോ ഘട്ടത്തിലും ശ്രമിച്ചുകൊണ്ടിരുന്നു. തങ്ങളുടെ ആഭ്യന്തര മിച്ച പ്രകൃതിവാതകം യൂറോപ്പിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കയറ്റിയയ്ക്കാനുള്ള സാധ്യതയെ തടയുന്ന തരത്തിൽ റഷ്യയുമായോ ചൈനയുമായോ കൂടുതൽ അടുക്കാനുള്ള ഏതൊരു യൂറോപ്യൻ പദ്ധതിയെയും തുരങ്കംവയ്ക്കാൻ അവർ ഭ്രാന്തമായി ശ്രമിക്കും. റഷ്യ യുക്രൈനെതിരെ നീങ്ങുകയാണെങ്കിൽ പൈപ്പ്‌ലൈനിന്റെ ഭാവി അപകടത്തിലാകുമെന്ന് പരസ്യമായി പ്രസ്താവിക്കാൻ ജർമ്മനിക്കുമേൽ യുഎസിന്റെയും സഖ്യശക്തികളുടെയും സമ്മർദ്ദമുണ്ടായിരുന്നു. വാസ്തവത്തിൽ യുക്രൈനിൽ അധിനിവേശം നടത്താനുള്ള റഷ്യൻ പദ്ധതിയെക്കുറിച്ചുള്ള ഭയപ്പെടുത്തുന്ന വിവരവുമായി ദിനവും യുഎസ് നൽകുന്ന മുന്നറിയിപ്പുക ളാണ് രണ്ടുമാസമായി മാദ്ധ്യമങ്ങളിൽ നിറയുന്നത്. യുക്രൈൻ അതിർത്തിയിൽ റഷ്യ 1,50,000 സൈനികരെ വിന്യസിച്ചതായുള്ള യുഎസ് ഇന്റലിജൻസിന്റെ വിവരം വാർത്താ തലക്കെട്ടുകളിലൂടെ വന്നുകൊണ്ടിരുന്നു. ഇത് വ്യക്തമായും ചൂണ്ടിക്കാണിക്കുന്നത് യുഎസ് സാമ്രാജ്യത്വത്തെ സംബന്ധിച്ചിടത്തോളം റഷ്യയും ചൈനയുമായുള്ള യൂറോപ്പിന്റെ കച്ചവടം വളരുന്നത് തടയണമെങ്കിൽ ഒരു യുദ്ധഭീഷണിതന്നെ വേണമായിരുന്നു.

മറുവശത്ത്, പ്രകൃതിവാതക കമ്പോളം വികസിപ്പിക്കുന്നതിനുള്ള ആഗോള മത്സരത്തിൽ, ഈ പദ്ധതി നടപ്പായില്ലെങ്കിൽ റഷ്യക്ക് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനായില്ല എന്നുവരും. അവർക്കും ഭീമമായ സൈനികശക്തിയും വികസിതമായ ആണവായുധങ്ങളുമുണ്ട് അതുകൊണ്ട് യുഎസിന്റെ യുദ്ധഭീഷണിക്കുമുന്നിൽ അവർ മുട്ടുമടക്കില്ല. തന്നെയുമല്ല, ഇന്നത്തെ ആഗോള സാഹചര്യത്തിലെ സൈനികശക്തിയുടെ ബലാബലത്തിൽ ഒരു വൻശക്തിക്കും വൻതോതിലുള്ള യുദ്ധത്തിൽ പങ്കെടുക്കുന്നത് എളുപ്പമല്ല. അതുകൊണ്ട് പ്രാദേശികതലത്തിലുള്ള സൈനിക നടപടികളാണ് ശക്തമായ വിലപേശൽ തന്ത്രമായി ഉപയോഗിക്കാനാവുക. യുഎസ് അനുകൂലിയായ യുക്രൈൻ പ്രസിഡന്റ് വ്‌ളാഡിമർ സെലെൻസ്‌കി നോർഡ് സ്ട്രീം 2നെ ഒരു അപകടകാരിയായ രാഷ്ട്രീയ ആയുധമായി ഇതിനകം വിശേഷിപ്പിച്ചുകഴിഞ്ഞു. നാറ്റോ അനുകൂല സർക്കാരിൽ സമ്മർദ്ദം സൃഷ്ടിക്കുവാനാകും, ആക്രമോത്സുകമായ സൈനിക നടപടി റഷ്യ നടപ്പാക്കുന്നത്. അവർക്കും യൂറോപ്പിലെ ഇന്ധനക്കച്ചവടത്തിന്റെ നേട്ടം നഷ്ടപ്പെടുത്താനാകില്ല. തുടർന്ന് യുദ്ധ നടപടികളിലേക്ക് ഇരുരാജ്യങ്ങളും കടന്നു. മുന്നറിയിപ്പുകൾ പോലെതന്നെ സംഘർഷം മുഴുവൻ യുദ്ധമായി മാറുകയും, റഷ്യയുടെ കടന്നാക്രമണവും യുക്രൈനിന്റെ പ്രതിരോധവും ലോകത്തെ സമാധാനകാംക്ഷികളായ ജനങ്ങളുടെ മനസ്സിൽ കരിനിഴൽ വീഴ്ത്തി ഇപ്പോഴും തുടരുന്നു. ഇന്ത്യയിൽനിന്നുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികളടക്കം അനവധി വിദേശ പൗരന്മാരും യുക്രൈൻ നഗരങ്ങളിൽ ബോംബുകൾക്കും ഷെല്ലാക്രമണങ്ങൾക്കും നടുവിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു.


പ്രതീക്ഷിച്ചതുപോലെതന്നെ, യുഎസ് റഷ്യയുടെ സൈനിക നടപടിയെ അധിനിവേശം എന്നാണ് വിശേഷിപ്പിക്കുന്നത്. തങ്ങളുടെ സഖ്യകക്ഷികളോടൊപ്പം അവർ റഷ്യക്കെതിരെ ഒന്നനുപിറകെ ഒന്നായി ഉപരോധങ്ങൾ ഏർപ്പെടുത്തുന്നു. നോർഡ് സ്ട്രീം 2 വാതക പൈപ്പ്‌ലൈൻ നിർമ്മിക്കുന്ന കമ്പനിക്കെതിരെയും ഉപരോധം ഏർപ്പെടുത്താൻ യുഎസ് പ്രസിഡന്റ് അമാന്തിച്ചില്ല.


സോഷ്യലിസത്തിലെ വർണ്ണാഭമായ ഉയർച്ചയിൽനിന്നും മുതലാളിത്തത്തിലെ പതനത്തിലേക്ക്


1922ൽ സോവിയറ്റ് യൂണിയനിൽ ചേർന്നതിനുശേഷം ധാതുസമ്പുഷ്ടമായ ഒരു പിന്നാക്ക കാർഷികമേഖല എന്നതിൽനിന്നും ഒരു ഭീമൻ വ്യവസായശക്തിയായി യുക്രൈൻ പരിവർത്തനപ്പെടുകയായിരുന്നു. സോവിയറ്റ് യൂണിയനിലെ ആസൂത്രിത സോഷ്യലിസ്റ്റ് സമ്പദ്ഘടനയാണ് ഇത് സാദ്ധ്യമാക്കിയത്. യുഎസ്എസ്ആറിൽ റഷ്യ കഴിഞ്ഞാൽ രണ്ടാമത് ഏറ്റവും വ്യവസായവൽകൃതമായ സംസ്ഥാനമായി യുക്രൈൻ മാറി. അത് ചൂഷണമുക്തമായ ആസൂത്രിത സോഷ്യലിസ്റ്റ് സമ്പദ്ഘടനയായിരുന്നു. അതുകൊണ്ടുതന്നെ കമ്പോള പ്രതിസന്ധികളിൽനിന്നും മുക്തമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുണ്ടായ വിവരണാതീതമായ നാശനഷ്ടങ്ങളിൽനിന്നും വീണ്ടും ഉയർന്നുവരാനും യുക്രൈനെ സഹായിച്ചതും മറ്റൊന്നുമല്ല. യുഎസ്എസ്ആറിലെ സോഷ്യലിസത്തിന്റെ തകർച്ചയ്ക്കുശേഷം യുക്രൈൻ അടക്കമുള്ള അംഗരാജ്യങ്ങൾ റഷ്യയിൽനിന്നും വിട്ടുമാറുകയും റഷ്യയെപ്പോലെതന്നെ സ്വന്തംനിലയിൽ ബൂർഷ്വാഭരണം സ്ഥാപിക്കുകയും ചെയ്തു. ആ സമയത്ത് റഷ്യ കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്‌സ്(സിഐഎസ്) രൂപീകരിച്ചു കൊണ്ട് സ്വന്തം സാമ്രാജ്യത്വ മോഹങ്ങളോടെ ആ ബൂർഷ്വാ രാഷ്ട്രങ്ങളെ സ്വന്തം മേൽക്കോയ്മയ്ക്ക് കീഴിൽ നിർത്താൻ ശ്രമിച്ചു. മറ്റുള്ളവരെപ്പോലെ യുക്രൈനും സ്വന്തം മുതലാളിത്ത താല്പര്യങ്ങൾക്കായി സിഐഎസിൽ അംഗമായി. അക്കാലത്ത് യുഎസോ പാശ്ചാത്യ സാമ്രാജ്യത്വ ശക്തികളോ റഷ്യയുടെ നീക്കത്തെ എതിർത്തില്ല. പക്ഷെ കാലം കടന്നുപോയപ്പോൾ റഷ്യയോട് അടുപ്പം സൂക്ഷിക്കുമ്പോൾതന്നെ തങ്ങളുടെ വേഗത്തിലുള്ള മുതലാളിത്ത വികസനത്തിനായി യുക്രൈൻ യുഎസിനോടും മറ്റ് പാശ്ചാത്യ സാമ്രാജ്യത്വ ശക്തികളോടും അടുപ്പത്തിലായി.


മഹാനായ സ്റ്റാലിന്റെ നിര്യാണത്തിനും, സോവിയറ്റ് യൂണിയന്റെയും സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും നേതൃത്വം തിരുത്തൽവാദികൾ കയ്യടക്കിയതിനും ശേഷം കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞു. ക്രൂഷ്‌ചേവിന്റെ നേതൃത്വം തിരുത്തൽവാദ ലൈനാകും പിന്തുടരുകയെന്ന് ആർക്കും തിരിച്ചറിയാനാകാതിരുന്ന അക്കാലത്ത്, എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ സ്ഥാപക ജനറൽ സെക്രട്ടറിയും ഉന്നതനായ മാർക്‌സിസ്റ്റ് നേതാവും ആചാര്യനുമായ സഖാവ് ശിബ്‍ദാസ് ഘോഷാണ് 1956ൽ തന്നെ, ‘സ്റ്റാലിനെയും അദ്ദേഹത്തിന്റെ പ്രാമാണ്യത്തെയും അപകീർത്തിപ്പെടുത്തുന്നതിന്റെ മറവിൽ തിരുത്തൽവാദത്തിന്റെ മലവെള്ളപ്പാച്ചിലാണ് തുറന്നുവിടുകയെന്ന്’ മുന്നറിയിപ്പ് തന്നതാണ്. തീർച്ചയായും ഇത് സത്യമാണെന്ന് തെളിഞ്ഞു. സോഷ്യലിസ്റ്റ് ലൈൻ അനുസരിച്ചുള്ള വികസനത്തിന് പകരം തിരുത്തൽവാദ നേതൃത്വം ദിശ തിരിക്കുകയും അനുബന്ധമായ തിന്മകൾ സമ്പദ് വ്യവസ്ഥയുടെയും സമൂഹത്തിന്റെയും എല്ലാ തലങ്ങളിലും വെളിപ്പെടുകയും ചെയ്തു. 1965 മുതൽ യുക്രൈനിലെ വ്യവസായ വളർച്ച കുറയുകയും അവസാനം നിശ്ചലമാവുകയും ചെയ്തു. യുക്രൈനിലെ സമ്പദ്‌വ്യവസ്ഥ, സോവിയറ്റ് തകർച്ചയ്ക്ക് ശേഷമുള്ള വർഷങ്ങളിൽ കൂടുതൽ ഗുരുതരമായി ചുരുങ്ങി. സോഷ്യലിസത്തിൽനിന്നും മുതലാളിത്ത ത്തിലേക്കുള്ള പരിവർത്തനം ജനസംഖ്യയുടെ ഭൂരിഭാഗംപേർക്കും ദുരിതവും തകർച്ചയും മാത്രമാണ് സമ്മാനിച്ചത്. 25% ജനങ്ങളും ദാരിദ്ര്യത്തിലേക്ക് വലിച്ചെറിയപ്പെട്ടു. ഗ്രാമീണ യുക്രൈനിലെ നല്ലൊരുപങ്ക് പൗരരും സ്വന്തം ഭക്ഷണം സ്വയം കൃഷിചെയ്‌തെടുത്തും പലപ്പോഴും രണ്ടിലധികം ജോലികൾ മാറിമാറി ചെയ്തും, കൈമാറ്റ വ്യവസ്ഥയിലൂടെ അവശ്യവസ്തുക്കൾ വാങ്ങിയുമൊക്കെയാണ് നിലനിന്നത്. ജീവിതമാർഗ്ഗം തേടി 60 ദശലക്ഷം യുക്രൈൻകാർ വിദേശത്തേക്ക് പോയെന്നാണ് റിപ്പോർട്ടുകൾ. മരണനിരക്ക് അതിവേഗം ഉയർന്നു. സാധാരണ ജനങ്ങൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കാനുള്ള അവസരം അപ്രത്യക്ഷമായി.


2008ലെ സാമ്പത്തിക പ്രതിസന്ധി യുക്രൈനെയും ബാധിച്ചു. വിദേശ സഹായംകൂടാതെ ഒരിക്കൽ വികസിച്ച രാജ്യത്തിന് ഐഎംഎഫ് അനുവദിച്ച 1650 കോടി ഡോളറിന്റെ ലജ്ജാകരമായ വായ്പകൊണ്ട് മുന്നോട്ട് പോകേണ്ടിവന്നു. 1990കളിലെ പണപ്പെരുപ്പത്തിന്റെ അത്യധികം ഉയർന്ന നിരക്കുകൾ, 1993ൽ ലോകത്ത് ഒരു കലണ്ടർ വർഷത്തെ ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്കിന്റെ റെക്കോഡിലേക്കാണ് യുക്രൈനെ തള്ളിവിട്ടത്. സോഷ്യലിസത്തെ തകർത്ത് യുക്രൈനിൽ നിലവിൽവന്ന മുതലാളിത്ത ഭരണം, മുതലാളിത്ത ലോകത്ത് മറ്റെല്ലായിടത്തുമുള്ളതുപോലെ അവിടുത്തെയും ജനങ്ങളുടെ ജീവിതത്തിൽ പ്രതിസന്ധിയുണ്ടാക്കി. ജനങ്ങളുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും കൈകാര്യംചെയ്യാൻ സർക്കാരിന് കഴിയില്ലായിരുന്നു. ഇത് ബഹുജനങ്ങൾക്കിടയിൽ വമ്പിച്ച രോഷം സൃഷ്ടിച്ചു. ജനങ്ങൾക്ക് മതിയായ രാഷ്ട്രീയ അവബോധം ഇല്ലാതിരുന്നതിനെ മുതലെടുത്തുകൊണ്ട് വംശീയവും ഭാഷാപരവുമായ സംഘർഷങ്ങളും സ്പർദ്ധകളും നിരന്തരം ആളിക്കത്തിച്ചു. ജനങ്ങളെ നയിക്കുന്നതിനുള്ള ശരിയായ വിപ്ലവനേതൃത്വം ഉണ്ടായിരുന്നില്ല. ഇതെല്ലാംതന്നെ രാജ്യത്തെ പിന്തിരിപ്പൻ ശക്തികൾക്ക് മുന്നണിയിലേക്ക് വരാനും സാമ്രാജ്യത്വ കഴുകൻമാർക്ക് തങ്ങളുടെ താത്പര്യങ്ങൾ നടത്തിയെടുക്കാൻ വളക്കൂറുള്ള മണ്ണ് കണ്ടെത്താനും, മാറ്റം വരുത്താനെന്ന പേരിൽ പാശ്ചാത്യ സാമ്രാജ്യത്വ തിട്ടൂരങ്ങൾക്കുമുന്നിൽ പൂർണ്ണ വിധേയത്വം ഉണ്ടാക്കിയെടുക്കാനാണ് സഹായിച്ചത്. ഒരിക്കൽ സോവിയറ്റ് യൂണിയന്റെ ഭാഗമെന്ന നിലയിൽ തോളോട് തോൾചേർന്ന് സോഷ്യലിസ്റ്റ് നിർമ്മാണം അരക്കിട്ടുറപ്പിക്കാൻ അധ്വാനിച്ച റഷ്യയിലെയും യുക്രൈനിലെയും ജനങ്ങളെ, സോഷ്യലിസം തകർന്നതിനുശേഷമുള്ള സാമ്രാജ്യത്വ ഗൂഢാലോചനയിലൂടെ പരസ്പരം തോക്ക് ചൂണ്ടിനിൽക്കുന്ന അവസ്ഥയിലെത്തിച്ചിരിക്കുന്നുവെന്നതാണ് കൂടുതൽ വേദനാകരമായിരിക്കുന്നത്.


സാമ്രാജ്യത്വ രാജ്യങ്ങൾ തമ്മിലുള്ള വൈരുദ്ധ്യത്തിനിടയിലെ വെറും കരുക്കളാണ് ഇപ്പോൾ യുക്രൈൻ ജനത


വർദ്ധിച്ചുവരുന്ന അതിരൂക്ഷമായ കമ്പോളപ്രതിസന്ധിയും മാന്ദ്യവും പുതിയ കമ്പോളങ്ങൾ അന്വേഷിക്കാൻ സാമ്രാജ്യത്വ ശക്തികളെ നിർബന്ധിതമാക്കുന്നു. സോഷ്യലിസ്റ്റ് കമ്പോളങ്ങളൊന്നും അവശേഷിക്കാത്ത ഏകധ്രുവ ലോകമായിട്ടുപോലും അവർ കമ്പോളം തിരയുന്നു. കൂടുതൽ കൂടുതൽ രാജ്യങ്ങളെ തങ്ങളുടെ വരുതിയിൽ കൊണ്ടുവരാൻ അവർ ശ്രമിക്കുന്നു. ഇത്തരത്തിൽ യുക്രൈന്റെ കമ്പോളത്തെയും അവർ ലക്ഷ്യം വയ്ക്കുന്നു. അതേസമയംതന്നെ പ്രതിവിപ്ലവത്തെ തുടർന്ന് പ്രാരംഭദശയിലുണ്ടായിരുന്ന അനിശ്ചിതത്വത്തിനു ശേഷം സ്വന്തം അധീശത്വം ദൃഡീകരിച്ച റഷ്യൻ മുതലാളിവർഗ്ഗവും സ്വന്തം സ്വാധീനമേഖല വിശാലമാക്കാനുള്ള മേധാവിത്വമോഹങ്ങൾ വച്ചു പുലർത്തുകയാണ്.


കമ്പോളം പിടിച്ചെടുക്കാനും സ്വാധീനമേഖല വിപുലീകരിക്കുവാനും വേണ്ടി മാത്രമാണ് റഷ്യൻ സാമ്രാജ്യത്വവും യൂറോപ്യൻ യൂണിയനും യുഎസ് സാമ്രാജ്യത്വവും തമ്മിലുള്ള ഈ സംഘർഷമെന്നത് സുവ്യക്തമാണ്. ലോകത്തെ മറ്റേതൊരു മുതലാളിത്ത രാജ്യത്തുമെന്നതു പോലെ ക്രൂരമായ മുതലാളിത്ത ചൂഷണവും അടിച്ചമർത്തലും കൊണ്ട് പിച്ചിച്ചീന്തപ്പെട്ട്, അതോടൊപ്പം സ്വന്തം സങ്കുചിതമായ സാമ്പത്തിക രാഷ്ട്രീയ താൽപര്യങ്ങൾ നടത്തിയെടുക്കാൻ ലക്ഷ്യംവെച്ച് സാമ്രാജ്യത്വശക്തികൾ കുത്തിത്തിരുപ്പു ണ്ടാക്കി വളർത്തിയെടുക്കുന്ന സംഘർഷങ്ങളും കലാപങ്ങളും കൊണ്ട് വലഞ്ഞ യുക്രൈനിലെ സാധാരണ ജനങ്ങൾ ഇന്നിപ്പോൾ അധികാര കിടമത്സരങ്ങളിൽ ഏർപ്പെടുന്ന കൊള്ളക്കാരുടെയും ചട്ടമ്പികളുടെയും കയ്യിലെ വെറും കരുക്കളായി മാറിയിരിക്കുകയാണ്. പക്ഷേ ആ രാജ്യത്തെ മുതലാളിത്ത ഭരണാധികാരികളോ റഷ്യൻ ഭരണാധികാരികൾ അടക്കമുള്ള സാമ്രാജ്യത്വ കഴുകന്മാരോ യുക്രൈൻ ജനതയുടെ കഷ്ടതകളെ തരിമ്പെങ്കിലും ഗൗനിക്കുന്നില്ല
വ്യവസ്ഥിതിയുടെ കൂടപ്പിറപ്പായ വ്യാധികൾ; വിലക്കയറ്റം, പട്ടിണി, തൊഴിലില്ലായ്മ സാമ്പത്തിക മാന്ദ്യം തുടങ്ങിയവകൊണ്ട് അടയാളപ്പെടുത്തപ്പെട്ട അഭൂതപൂർവ്വമായ സാമ്പത്തിക പ്രതിസന്ധികളെ നേരിട്ട് കൊണ്ടിരിക്കുമ്പോൾ സാമ്രാജ്യത്വശക്തികളാവട്ടെ യുദ്ധപിരിമുറുക്കം കൂട്ടിയും ദേശീയഭ്രാന്ത് കുത്തിപ്പൊക്കിയും അടിച്ചമർത്തപ്പെട്ട ജനതയുടെ ശ്രദ്ധ വ്യതിചലിപ്പിക്കുകയാണ്. യഥാർത്ഥത്തിൽ ജനങ്ങളുടെ വർദ്ധിച്ചു വരുന്ന കഷ്ടപ്പാടിലും പരസ്പരവിശ്വാസക്കുറവിലും വിരോധങ്ങളിലും മേലാണ് അവർ പുഷ്ടിപ്പെടുന്നത്. സമ്പദ്‌വ്യവസ്ഥയുടെ സൈനികവൽക്കരണത്തിലേക്കാണ് അവർ കൂടുതലായി ചെന്നെത്തിക്കൊണ്ടിരിക്കുന്നത്. സാമ്രാജ്യത്വശക്തികൾ തമ്മിലുള്ള ഈ സംഘർഷത്തിൽ ആര് നേടിയാലും ആര് തോറ്റൊടുങ്ങിയാലും അതുവഴി ജനങ്ങളുടെ കഷ്ടപ്പാട് കൂടുകയേയുള്ളൂ. മറിച്ച്, ദേശീയ-വംശീയ സംഘർഷങ്ങൾ നിലനിർത്തും. ഈ മേഖലയിൽ യുദ്ധ പിരിമുറുക്കത്തിന്റെ തീവ്രത കൂടും. ജനങ്ങളെ കൂടുതൽ കൂടുതൽ കഷ്ടതകളിലേക്ക് തള്ളിവിടും. പേപിടിച്ച കമ്മ്യൂണിസ്റ്റ് വിരോധികളും റഷ്യൻ വിരുദ്ധരും ജൂത വിരുദ്ധ ഫാസിസ്റ്റ് ശക്തികൾ പോലും അധികാരത്തിലെത്തുന്നതോടെ സോഷ്യലിസത്തോട് ആഭിമുഖ്യമുള്ളവരുൾപ്പെടെയുള്ള പുരോഗമന ജനാധിപത്യ മനസ്ഥിതിയുള്ള തൊഴിലാളി വിഭാഗത്തിന് നിഷ്ഠൂരമായ അടിച്ചമർത്തലുകളെ നേരിടേണ്ടി വരുമെന്നത് ഉറപ്പാണ്. അതിന്റെ അശുഭകരമായ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. യുഎസ് സാമ്രാജ്യത്വം പുരോഗമന ജനാധിപത്യ ബോധമുള്ള ജനവിഭാഗങ്ങൾക്കെതിരെ, അവരുടെ കുൽസിത പദ്ധതിയുടെ ശത്രുക്കൾ എന്ന് മുദ്രകുത്തി സദാ വിഷം ചീറ്റിക്കൊണ്ടിരിക്കുകയാണ്
യുക്രൈന്‍ പ്രതിസന്ധി പുതിയൊരു സാഹചര്യത്തിലുള്ള ലോക മുതലാളിത്ത- സാമ്രാജ്യത്വ പ്രതിസന്ധിയുടെ പ്രതിഫലനമല്ലാതെ മറ്റൊന്നുമല്ല. യുക്രൈനിലെ മുതലാളിവർഗത്തിനുള്ളിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷവും മത്സരവും ജനങ്ങളുടെ താൽപര്യങ്ങളുമായി തീർത്തും പൊരുത്തപ്പെടുന്നില്ല എന്നാണ് ഇത്തരമൊരു സാഹചര്യത്തിൽ യുക്രൈനിലെ രാജ്യസ്നേഹികളായ ജനങ്ങൾ ഇപ്പോൾ ബോധ്യപ്പെടേണ്ടത്.കാരണം ഈ രണ്ട് വിഭാഗങ്ങളുമാണ് അവരുടെ തൊഴിലാളിവർഗ്ഗ ഭരണകൂടത്തെ തകർത്തു മുതലാളിത്തത്തെ പുനഃസ്ഥാപിച്ചത്.
യുഎസും സഖ്യകക്ഷികളും, അതേപോലെ റഷ്യൻ സാമ്രാജ്യത്വവും കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ യുക്രൈനിലെ ഏതെങ്കിലുമൊരു ബൂർഷ്വ നേതാവിനെ പിന്തുണയ്ക്കുകയാണ്. യുഎസ് സാമ്രാജ്യത്വം ആഗോള തലത്തിൽ പ്രയോഗിക്കുന്ന അതേവിധത്തിൽ റഷ്യൻ തന്നെ സാമ്രാജ്യത്വ ഭരണാധികാരികളും അവരുടെ സ്വാധീനമേഖല വിപുലീകരിക്കുക എന്ന ലക്ഷ്യംവെച്ച് നടത്തിയ നീക്കമാണ് അവരുടെ സായുധ അധിനിവേശത്തിൽ കലാശിച്ചത് എന്നത് ലോകത്തെങ്ങുമുള്ള സമാധാനകാംക്ഷികളായ ജനങ്ങൾക്ക് വളരെ നന്നായി മനസ്സിലാവും.


മുതലാളിത്ത- സാമ്രാജ്യത്വ ചേരിയും സോഷ്യലിസ്റ്റ് ചേരിയും തമ്മിലുള്ള വൈരുദ്ധ്യം ഒരിക്കലും ഒരിടത്തുമുള്ള യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള കാരണമായിരുന്നില്ല എന്നത് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. നേരെമറിച്ച് ലെനിൻ ചൂണ്ടിക്കാട്ടിയതു പോലെ “സാമ്രാജ്യത്വം യുദ്ധം സൃഷ്ടിക്കുന്നു”. എത്രതന്നെ പരിമിതികൾ ഉണ്ടായിരുന്നെങ്കിലും അതിശക്തമായ സോഷ്യലിസ്റ്റ് ചേരി നിലവിലിരുന്നപ്പോൾ അത് സാമ്രാജ്യത്വ കുതന്ത്രങ്ങൾക്കെതിരെ യുള്ള നെടുങ്കോട്ട പോലെ നിലകൊണ്ടു. പക്ഷേ അതിന്റെ അഭാവത്തിലിന്ന് സാമ്രാജ്യത്വ ശക്തികളുടെ യുദ്ധത്തിനു വേണ്ടിയുള്ള മുറവിളി അനിയന്ത്രിതമായിരിക്കുന്നു.


കഷ്ടപ്പെടുന്ന യുക്രൈന്‍ ജനതയ്ക്കുള്ള പോംവഴി


പ്രതിവിപ്ലവത്തിലൂടെ ആനയിക്കപ്പെട്ട മുതലാളിത്ത ഭരണത്തിന് യാതൊരു പ്രശ്നങ്ങളിൽ നിന്നും ഒരു ചൂഷണത്തിൽ നിന്നും ആശ്വാസമേകാനാവില്ലെന്ന സത്യം അധ്വാനിക്കുന്ന യുക്രൈന്‍ജ നത ഈ സാഹചര്യത്തിൽ നന്നായി മനസ്സിലാക്കണം. മറിച്ചായാൽ കമ്പോളം പിടിച്ചെടുക്കാനായി പോരടിക്കുന്ന യുദ്ധവെറിയന്മാരായ രണ്ടു സാമ്രാജ്യത്വശക്തികളുടെ ഇടയിൽപെട്ട് കൂടുതൽ ഞെരിഞ്ഞമരുകയേയുള്ളൂ. സോഷ്യലിസത്തിന്റെ പതനത്തോടെ എന്താണ് നഷ്ടപ്പെട്ടതൊന്നും മാർക്സിസം-ലെനിനിസത്തിന്റെ അമൂല്യമായ പാഠങ്ങളിൽ നിന്ന് തെന്നിമാറിയപ്പോൾ സംഭവിച്ച അനന്തരഫലങ്ങൾ എത്രമാത്രം നാശകാരിയായി എന്നും അനുഭവത്തിലൂടെ പലരും ഇപ്പോൾ മനസ്സിലാകുന്നുണ്ട്. യഥാർത്ഥ സോഷ്യലിസത്തിന് മാത്രമേ ജനങ്ങളുടെ ശരിയായ ബദൽ ആവാനാവു എന്നത് അർത്ഥശങ്കക്ക് ഇടയില്ലാത്ത വണ്ണം തെളിയിക്കപ്പെട്ടിരിക്കുന്നു. സോഷ്യലിസത്തിന്റെ മേലങ്കിയണിഞ്ഞ തിരുത്തൽവാദത്തിനോ മുതലാളിത്തസാമ്രാജ്യത്വത്തിനോ ജനങ്ങളെ ചൂഷണത്തിൽ നിന്നും അനൈക്യത്തിൽനിന്നും വിവേചനത്തിൽനിന്നും അടിച്ചമർത്തലിൽനിന്നും മോചിപ്പിക്കാനാവില്ല. അതിനാൽ ലക്ഷ്യം ഒന്നേയുള്ളൂ മുതലാളിത്തത്തെ തൂത്തെറിയുക. അതോടൊപ്പം ഈ സാമ്രാജ്യത്വനീചന്മാരെ വലിച്ചെറിയുക. അതിനായവർ ജനവിരുദ്ധ ശക്തികളെ ഒറ്റപ്പെടുത്തണം. ശക്തമായ ഒരു വിപ്ലവം നേതൃത്വത്തിന് ജന്മം നൽകണം. അതവരുടെ താല്പര്യങ്ങളും അവകാശങ്ങളും ഉയർത്തിപ്പിടിക്കുകയും, തൊഴിലാളിവർഗ്ഗ ഐക്യദാർഢ്യത്തിൽ വിളളലുണ്ടാക്കാനായി ഭാഷാപരവും പ്രാദേശികവുമായ വേർതിരിവുകളെ കൊണ്ടുവരുന്ന ബൂർഷ്വ പദ്ധതികളെ വിഫലമാക്കുകയും ചെയ്യും. ഒരിക്കലവർ അവിഭാജ്യഘടകമായിരുന്ന മുൻകാല സോവിയറ്റ് റഷ്യയിലെ സമാധാനകാംക്ഷികളായ ജനങ്ങളുമായി സൗഹാർദ്ദപൂർണമായ കുടുംബാംഗങ്ങളെ പോലെ ഐക്യപ്പെട്ട ബന്ധം പുനസ്ഥാപിക്കാൻ അവർ ശ്രമിക്കും. തീർച്ചയായും അവർക്ക് രക്ഷാകർത്താവോ മേൽക്കോയ്മയോ ആവശ്യമില്ല.


യുക്രൈനെ കൈവയ്ക്കരുത് എന്ന് റഷ്യൻ പ്രസിഡന്റ് പുട്ടി നോട് ആവശ്യപ്പെട്ടുകൊണ്ട് യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തി മോസ്കോയുടെയും പെട്രോഗ്രാഡിന്റെയും തെരുവുകളിൽ ആയിരങ്ങൾ അണിനിരന്നുവെന്നത് ഹൃദയസ്പർശിയായ വാർത്തയായിരുന്നു. യുദ്ധവെറിയന്മാരായ സാമ്രാജ്യത്വശക്തികൾ ക്കെതിരെയുള്ള അധ്വാനിക്കുന്നവരുടെ ഐക്യദാർഢ്യം ഒരു രജതരേഖയാണ്. യുക്രൈനെതിരെയുള്ള സൈനിക ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതോടൊപ്പം സമാധാനകാംക്ഷികളായ ജനങ്ങളും അതോടൊപ്പം ലോകമാകെയും യുഎസ് സാമ്രാജ്യത്വശക്തികൾക്കും അവരുടെ സഖ്യശക്തികൾക്കുമെതിരെ ശബ്ദമുയർത്തുകയും നാറ്റോയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുകയും വേണം.


റഷ്യയെ പ്രതിരോധിക്കുന്ന തിന്റെ പേരിലോ യുഎസ് സാമ്രാജ്യത്തിന്റെയോ മറ്റേതെങ്കിലും സാമ്രാജ്യത്വ ശക്തിയുടെയോ ഹസ്തങ്ങളിൽ പെട്ടു പോകാതെ യുക്രൈന്‍ ജനത സ്വയം സൂക്ഷിക്കണം. മാർക്സിസം-ലെനിനിസത്തെയും അതിന്റെ വികസിതവും സമ്പുഷ്ടവുമായ വിധത്തിൽ മാർക്സ്-എംഗൽസ്- ലെനിൻ സ്റ്റാലിൻ-മാവോ സേതുങ് എന്നീ ആചാര്യന്മാരുടെ അർഹനായ പിൻഗാമിയുമായ സഖാവ് ശിബ്ദാസ് ഘോഷ് നൽകിയ പാഠങ്ങളുടെയും അടിസ്ഥാനത്തിൽ വീണ്ടും നടത്തുന്ന ഒരു വിപ്ലവ സമരത്തിലൂടെ മാത്രമേ അവരുടെ പിതൃഭൂമിയിൽ സോഷ്യലിസം കൊണ്ടുവരാനും അതുവഴി അവരുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താനുമാവൂ.

Share this post

scroll to top